Article POLITICS

ആത്മഹത്യചെയ്ത പെണ്‍കുട്ടി ഒരു മുന്നറിയിപ്പുതന്നെയാണ്


പട്ടിണിമൂലം ഒരാദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്തതായി വന്ന വാര്‍ത്ത പൂര്‍ണമായും ശരിയല്ലെന്ന് പലരുടെയും അന്വേഷണ റിപ്പോര്‍ട്ടുകള്‍ സാമൂഹിക മാധ്യമങ്ങളിലും മറ്റുമായി പുറത്തുവന്നിരിക്കുന്നു. തല്‍ക്കാലം ഒരാശ്വാസം തരുന്ന വാര്‍ത്തയാണിത്. ഇന്നലെയുണ്ടായ വലിയ ക്ഷോഭങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും ഒരു ശമനം. ഒരു പക്ഷെ, ഇന്നലെ ആ സന്നിഗ്ധതയിലാണ് ഞാനൊരു കുറിപ്പെഴുതിയത്. എങ്കിലും ഏതറിവിലും ആ പ്രതികരണത്തിലെ തുറിച്ചു നില്‍ക്കുന്ന യാഥാര്‍ത്ഥ്യം കുറിപ്പു പിന്‍വലിക്കുന്നതില്‍നിന്നും എന്നെ വിലക്കുന്നു. താല്‍ക്കാലികമായ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളവര്‍ എന്നോടു പരിഭവിച്ചേക്കും. അവര്‍ ക്ഷമിക്കട്ടെ.

ശ്രുതിമോളുടേത് സ്വന്തമായി ഭൂമിയുള്ള ആദിവാസി കുടുംബമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപ്പോള്‍ ആ പെണ്‍കുട്ടി എഴുതിയെന്നു പറയുന്ന ആത്മഹത്യാകുറിപ്പിന്റെ പൊരുളെന്താണ്? തീര്‍ച്ചയായും ആ കുറിപ്പ് പൂര്‍ണമായും പ്രസിദ്ധീകരിക്കേണ്ടതുണ്ട്. അതുസംബന്ധിച്ച് അന്വേഷണവും വേണം. വീട്ടില്‍ ദാരിദ്ര്യമില്ലാതിരുന്നിട്ടും കുട്ടിക്ക് ഭക്ഷണം കിട്ടാതിരുന്ന സാഹചര്യമുണ്ടായോ? അത്തരം തടസ്സങ്ങള്‍ കോളനികളില്‍ സാധാരണമാണോ? അതോ ആ കുറിപ്പില്‍ എഴുതിയെന്നു പറയുന്ന വിശപ്പ് അവാസ്തവമാണോ? ആദിവാസി കോളനികളില്‍നിന്നുള്ള വാര്‍ത്തകളാവുമ്പോള്‍ വെള്ളം തൊടാതെ വിഴുങ്ങാനാവില്ല. പേരാവൂരിന്റെ സമീപ പ്രദേശത്തെ കോളനികളില്‍ ജീവിതം അത്ര സുഖകരമല്ലെന്ന് നേരത്തേയും വാര്‍ത്തകളുണ്ടായിരുന്നു. മാലിന്യ നിക്ഷേപത്തില്‍നിന്ന് ഭക്ഷണം കണ്ടെത്തുന്ന വാര്‍ത്ത വന്നത് സമീപകാലത്താണ്. അവിടെയുള്ള സാമൂഹിക പ്രവര്‍ത്തകര്‍ നടത്തിയ സര്‍വ്വേയില്‍ കോളനികളില്‍ ദാരിദ്ര്യം നിലനില്‍ക്കുന്നതായി കണ്ടെത്തിയിട്ടുമുണ്ട്. ഈ സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ആത്മഹത്യാ വാര്‍ത്ത വിശ്വസനീയമായിത്തീരുന്നത്.

ഇപ്പോഴത്തെ വാര്‍ത്ത ഒരു പത്രത്തിന്റെ സ്വകാര്യ താല്‍പ്പര്യവുംകൂടി കലര്‍ന്നതാണെന്ന് വരാം. തെരഞ്ഞെടുപ്പ് സന്ദര്‍ഭമായതിനാല്‍ അതിന് രാഷ്ട്രീയോപയോഗവും കാണും. എന്നാല്‍ ആദിവാസി കോളനികളില്‍ പട്ടിണി മരണമോ എന്ന് ആശ്ചര്യപ്പെടാനൊന്നും കാരണമില്ല. അത് തികച്ചും സാധാരണമായ കാര്യം മാത്രമാണ്. പലപ്പോഴും രോഗം വന്നു മരിക്കുന്നതുപോലും മതിയായ ഭക്ഷണത്തിന്റെ കുറവുമൂലമാണ്. ഇത്തരം വാര്‍ത്തകള്‍ നമ്മെ വല്ലാതെ ഞെട്ടിച്ചിട്ടുണ്ടാവില്ല എന്നു മാത്രം. കോടഞ്ചേരി പത്തിപ്പാറ ട്രൈബല്‍ കോളനിയിലെ ചാന്തന്റെ ഭാര്യ പാറ്റ പട്ടിണി കിടന്നു മരിച്ചിട്ട് ഏഴുമാസമായില്ല. അവശനിലയില്‍ മെഡിക്കല്‍ കോളേജിലെത്തിയ ശേഷമായിരുന്നു മരണം. അതുകൊണ്ട് അത് രേഖയില്‍ പെടുകയും ചെയ്തു.

മൂന്നു വര്‍ഷത്തിനിടെ മുപ്പതിലേറെ ശിശു മരണം അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലുമായി നടന്നു. പോഷകാഹാരക്കുറവാണ് മരണകാരണമെന്ന് ഗവണ്‍മെന്റ് അംഗീകരിക്കുന്നു. 2013 ജൂലായില്‍ നിയമസഭയില്‍ എസ് ശര്‍മയുടെ ചോദ്യത്തിന് വകുപ്പു മന്ത്രി നല്‍കിയ മറുപടിയില്‍ എട്ട് ആദിവാസിയൂരുകളില്‍ മെയ് ജൂണ്‍ മാസങ്ങളില്‍ മാത്രം എട്ടു മരണങ്ങളുണ്ടായി എന്നു തുറന്നു പറയുന്നു. 1036 പട്ടിക വര്‍ഗ കുട്ടികള്‍ പോഷകാഹാരക്കുറവുമൂലമുള്ള രോഗം കാരണം ചികിത്സയിലായെന്നും മന്തി പറഞ്ഞു. ദാരിദ്ര്യത്തിന് ഔദ്യോഗികമായി രേഖപ്പെടുത്താവുന്ന പദമാണ് പോഷകാഹാരക്കുറവ് എന്നേ കരുതേണ്ടൂ. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ആദിവാസിയൂരുകളിലുണ്ടായ പത്തു മരണങ്ങള്‍ നിയമസഭയെ പിടിച്ചുലച്ചിരുന്നു. സൗജന്യ അരി നല്‍കിയും അന്വേഷണം പ്രഖ്യാപിച്ചും രക്ഷപ്പെടുകയായിരുന്നു കരുണാകരന്‍ ഗവണ്‍മെന്റ്. നവലിബറല്‍ പരിഷ്‌ക്കാരങ്ങളുടെ രണ്ടരപ്പതിറ്റാണ്ട് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാക്കിയതേയുള്ളു.

മക്കിയാട് പെരിഞ്ചേരി കോളനിയിലെ ഇരുപത്തിമൂന്നുകാരന്‍ ബാബുവിന്റെ മരണവും കണിയാമ്പറ്റ ഒന്നാം വാര്‍ഡില്‍ നെല്ലിയമ്പം കുറുമ കോളനിയിലെ മുപ്പത്തിയാറുകാരി പാഞ്ചാലിയുടെ മരണവും ഭക്ഷണവും മരുന്നും കിട്ടാതെയായിരുന്നു. രണ്ടും സംഭവിച്ചത് രണ്ടു വര്‍ഷം മുമ്പാണ്. മിക്കവാറും നാല്‍പതു വയസ്സായിരിക്കുന്നു മിക്ക ആദിവാസി വിഭാഗങ്ങളിലും ശരാശരി ആയുര്‍ദൈര്‍ഘ്യം. അവര്‍ക്കു കൂടി അവകാശപ്പെട്ട പ്രകൃതി വിഭവങ്ങളില്‍നിന്നും ജീവിത സാഹചര്യങ്ങളില്‍നിന്നും അവരെ അകറ്റിയതാരാണ്? പൊതു സമൂഹത്തിന് അതിനു മറുപടി പറയേണ്ടതില്ലേ?

ആദിവാസികള്‍ക്കു വേണ്ടി വലിയ ഫണ്ടു നീക്കിവെക്കുന്നില്ലേ? സൗജന്യ ഭക്ഷണമോ അരിയോ നല്‍കുന്നില്ലേ? ഊരുകളിലേക്ക് സാമൂഹിക സേവകരെ നിയോഗിച്ചിട്ടില്ലേ? ഗവണ്‍മെന്റ് എത്രയേറെ കരുണയോടെയാണ് അവരെ പാലിക്കുന്നത് എന്നെല്ലാമുള്ള അനുഭാവപൂര്‍ണമായ വാക്കുകള്‍ കേള്‍ക്കുന്നുണ്ട്. അവര്‍ക്കെന്തിനാണ് നമ്മുടെ കരുണ? അവരുടേതുകൂടിയല്ലേ ഈലോകവും അതിലെ അധികാരങ്ങളും. ഭൂമിയും ജീവിതവും തട്ടിപ്പറിച്ചവര്‍ അവരോടു കരുണകാട്ടുകയാണു പോലും! ദാനങ്ങളുടെ വീമ്പിളക്കലുകള്‍ പരിഹാസ്യമാണ്. ഭൂമിക്കു വേണ്ടി നടന്ന സമരങ്ങള്‍ എത്രയേറെയാണ്. എന്തു നല്‍കി അവര്‍ക്ക്? വിജയമല്യക്ക് ദാനം നല്‍കാന്‍ ഭൂമിയുണ്ട്. കായലോ വയലോ വനമോ മലയോ പതിച്ചു നല്‍കുന്നുണ്ട് ധനാഢ്യര്‍ക്ക്. സംരക്ഷണം ലഭിക്കുന്നുണ്ട് കയ്യേറ്റക്കാര്‍ക്ക്. ആദിവാസികള്‍ക്ക് അനുഭാവമല്ല അവകാശപ്പെട്ട ഭൂമിയും ജീവിതവുമാണ് ലഭിക്കേണ്ടത്.

ശ്രുതിമോളുടെ ആത്മഹത്യ പട്ടിണിമൂലമല്ലെന്ന് ശ്രുതിയുടെ അച്ഛനുതന്നെയും അവകാശപ്പെടാം. എന്നാല്‍ അതുകൊണ്ട് ആദിവാസി ഊരുകളുടെ നില ഭദ്രമാകുന്നില്ല. അവര്‍ക്ക് അവകാശപ്പെട്ടത് നല്‍കാതിരിക്കാന്‍ അവിടെ പട്ടിണി മരണങ്ങളില്ലെന്ന വ്യാഖ്യാനങ്ങള്‍ക്കു ശേഷിപോരാ. പുറന്തള്ളപ്പെടുകയും ഒരളവില്‍ വംശനാശത്തിലേക്കുതന്നെ എടുത്തെറിയപ്പെടുകയും ചെയ്യുന്ന വിഭാഗങ്ങളാണവ. നമ്മുടെ ജനാധിപത്യം അവരുടെകൂടി ആധിപത്യമാണെന്ന് തെളിയിക്കേണ്ടതുണ്ട്.
ശ്രുതിമോള്‍ ആത്മഹത്യചെയ്തത് പട്ടിണിമൂലമാണെന്നോ അങ്ങനെയല്ലെന്നോ സ്ഥാപിക്കുന്നതുകൊണ്ടു നാമെന്താണ് അര്‍ത്ഥമാക്കുന്നത്? ആ ആലോചനകള്‍ ആദിവാസികളെ മുന്നില്‍ കണ്ടുള്ളതല്ല. ഭരണകൂടത്തെയും അതിന്റെ രാഷ്ട്രീയ സേവകരെയും ഉദ്യോഗസ്ഥ വൃന്ദത്തെയും അനുമോദിക്കുകയോ ആക്ഷേപിക്കുകയോ മാത്രമാവുന്നു ലക്ഷ്യം. പകരം ഒരു ജനതയെ പ്രാന്തങ്ങളിലേക്ക് തള്ളി അവര്‍ക്കതു മതി അത്രയേ വേണ്ടൂ എന്ന് തൃപ്തിപ്പെടുന്ന സാമാന്യബോധത്തെ സന്തോഷിപ്പിക്കുകയുമാവാം. പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും എളുപ്പം വഴങ്ങുന്ന സാമാന്യബോധത്തിനപ്പുറമാണ് കീഴാള യാഥാര്‍ത്ഥ്യം.

കുടിവെള്ളവും ഭക്ഷണവും പാര്‍പ്പിടവും തൊഴിലും ഭൂവുടമസ്ഥതയും വിദ്യാഭ്യാസവും ആരോഗ്യവും ഉറപ്പാക്കിയ ശേഷം മതി ആകാശത്തേക്ക് കുതിക്കുന്ന കൂറ്റന്‍ വികസന പദ്ധതികളെന്ന് അവരുടെ ജീവിതം വിളിച്ചു പറയുന്നുണ്ട്. അത്രയും നിര്‍വ്വഹിക്കാനാവാത്ത ഘട്ടത്തില്‍ ഏതൊരു ജനവിഭാഗത്തിന്റെ ജീവിതവും ദരിദ്രംതന്നെയാണ്. ആ പെണ്‍കുട്ടി പട്ടിണികൊണ്ടല്ല മരിച്ചത് എന്ന കണ്ടെത്തല്‍ നിങ്ങളുടെ കോര്‍പറേറ്റ് വികസന സ്വപ്നങ്ങള്‍ക്കും കടന്നുകയറ്റങ്ങള്‍ക്കുമുള്ള അംഗീകാരമാകുന്നില്ല. ഈ ലോകത്തോട് കലഹിച്ചു കടന്നുകളഞ്ഞ പെണ്‍കുട്ടി അവളുടെ എന്തെല്ലാമോ നാം പിടിച്ചു പറിച്ചതാണെന്നെങ്കിലും നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. അതൊരു കുറ്റവിചാരണതന്നെയാണ്. എരിഞ്ഞൊടുങ്ങുന്ന ജനതയില്‍ ഒരുവള്‍ ഒരു മുഴക്കത്തോടെ ആളിയമരാന്‍ നിശ്ചയിക്കുമ്പോള്‍ അതിനൊരു മുന്നറിയിപ്പിന്റെ ഗൗരവമുണ്ടെന്ന് ഇപ്പോഴും ഞാന്‍ കരുതുന്നു.

23 ഏപ്രില്‍ 2016

ഇന്നലെ ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണം

വിശപ്പ് സഹിക്കവയ്യാതെ നമ്മുടെ കേരളത്തില്‍ ഒരു പതിനഞ്ചുകാരി ആത്മഹത്യ ചെയ്തതായി വാര്‍ത്ത വന്നിരിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ പഞ്ചായത്തിലാണ് സംഭവം. കേളകം സെന്റ്തോമസ് ഹയര്‍ സെക്കന്ററി സ്കൂളിലെ ഒമ്പതാം ക്ലാസുകാരി ശ്രുതിമോളാണ് ജീവനൊടുക്കിയത്.

ലജ്ജിക്കണം മലയാളികളാകെ. വലിയ വലിയ വികസന പദ്ധതികളും ക്ഷേമപ്രവര്‍ത്തനങ്ങളും നടത്തിയെന്ന് അവകാശപ്പെടുന്നവര്‍ തെരുവുകളില്‍ വാഗ്വാദം തുടരുകയാണ്. ജനസേവനത്തിന്റെയും നിയമ നിര്‍മാണങ്ങളുടെയും അവകാശവാദങ്ങള്‍ മുഴങ്ങുന്നു. കേരളത്തില്‍ ദാരിദ്ര്യമെവിടെയെന്ന് ആശ്ചര്യപ്പെടുന്നു. പുതു കേരളം മധ്യോപരി വര്‍ഗങ്ങളുടെ കാഴ്ച്ചക്കും മോഹക്കാഴ്ച്ചക്കും അനുസരിച്ച് നിര്‍മിച്ചുതരാമെന്ന് കരാറെഴുതുന്നു.

ഒരാദിവാസിപ്പെണ്‍കുട്ടി വികസനത്തിന്റെ വെള്ളച്ചുമരില്‍ രക്തംകൊണ്ടെഴുതിയിരിക്കുന്നു. ഭക്ഷണം കഴിച്ചിട്ട് ഏറെ നാളായെന്ന്. ഇനിയും എനിക്കത് സഹിക്ക വയ്യെന്ന്. വികസനത്തമ്പുരാന്മാര്‍ ക്ഷമിക്കുമോ ആവോ. എല്ലാവര്‍ക്കും അവകാശപ്പെട്ട വിഭവങ്ങളും അവസരങ്ങളും കവര്‍ന്നെടുത്ത് നീരുറ്റി കൊന്നുകളഞ്ഞതാണ് നിങ്ങള്‍ ശ്രുതിമോളെ. വികസനമെന്ന വാക്ക് നിങ്ങള്‍ ചെയ്ത കുറ്റത്തെ മായ്ച്ചുകളയില്ല.

ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്ന ഭരണകൂടവും ജനസംരക്ഷകരെന്നു നടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിചാരണ ചെയ്യപ്പെടണം. കുടിവെള്ളവും ഭക്ഷണവും പാര്‍പ്പിടവും തൊഴിലും ഭൂവുടമസ്ഥതയും എല്ലാവര്‍ക്കും ഉറപ്പാക്കിയ ശേഷമുള്ള വികസനമേ നമുക്കു വേണ്ടൂ. മഹാഭൂരിപക്ഷത്തെ ഉന്മൂലനം ചെയ്തു ചുരുക്കം ചിലര്‍ നേടുന്ന വികസന നേട്ടങ്ങളെ നമുക്കു വെറുക്കാതെ വയ്യ.

തെരഞ്ഞെടുപ്പു കാര്‍ണിവലുകളുടെ ബഹളങ്ങള്‍ക്കിടെ ആരുമിത് കേള്‍ക്കാനിടയില്ല. ഒരു പെണ്‍കുട്ടിയുടെ ജീവിതമെഴുതിയത് പതുക്കെയാണെങ്കിലും കേരളത്തെ പൊള്ളിക്കാതിരിക്കില്ല. രോഹിത് വെമുലയുടെയും മുന്നില്‍ ശ്രുതിമോള്‍ നയിക്കുന്നുണ്ട് നാളെയുടെ പ്രക്ഷോഭം.

22 ഏപ്രില്‍ 2016

2 അഭിപ്രായങ്ങള്‍

  1. സാര് എഴുതിയത് വളരെ ശരിയാണ്. മാറി മാറി വരുന്ന സര്ക്കാരുകള് കോടികള് ആദിവാസി ക്ഷേമത്തിനുവേണ്ടി മാറ്റി വെക്കുന്നു എന്നു പറയുന്നു. കേരളത്തില് അഞ്ചു വര്ഷം കഴിഞ്ഞു സര്ക്കാരുകള് മാറി മാറി വരുന്നു, എന്നിട്ടും ആദിവാസികളുടെ സ്ഥിതിക്ക് ഒരുമാറ്റവും ഇല്ല. കീറിപറിഞ്ഞ കൂരകളില് അവര്് താമസിക്കുന്നു. ആത്മഹത്യചെയ്തകുട്ടിയുടെ വീട്ടില് കയറിചെന്ന് ഏഷ്യാനെറ്റ് ഷൂട്ട് ചെയ്തവാര്ത്തയില് നിന്ന് വിശപ്പ് കൊണ്ടെല്ല മരണം സംഭവിച്ചതെന്ന് അവര് വിധിയെഴുതുന്നു. ഏഷ്യാനെറ്റ് ആയതിനാല് മുഴുവനായും വിശ്വസിക്കാനുമാവുന്നില്ല. വീടിനുളളില് സ്ഥിതിഗതികള് സന്പന്നമാണ് എന്ന് തെളിയിക്കുവാനുള്ള വ്യഗ്രത ഏഷ്യാനെറ്റ് റിപ്പോര്ട്ട് കണ്ടെപ്പോള് തോന്നി. സൈക്കിള് വാങ്ങിയാലും മകളെ ട്യൂഷനു പറഞ്ഞയച്ചാലും വീട്ടില് പട്ടിണിയില്ല എന്നതാണ് അര്ത്ഥമെന്ന് അവര് പറയാതെ പറഞ്ഞിരിക്കുന്നു. അച്ഛനും അമ്മയും ജോലിക്കു പോകുന്നു എന്ന് പറയുന്നു. അവര് ചെയ്യുന്ന ജോലിയെന്താണ്..തോട്ടം തൊഴിലാളികള്ക്ക് ലഭിക്കുന്നത് തുച്ഛമായ വരുമാനമാണെന്ന് നമുക്കറിയാം.

    Like

  2. ശ്രുതിമോളുടെ ആതമഹതിയ, രോഹിതിന്റെ ജാതി എന്തെല്ലാം investigative topics . Evide investigative journalisthinte koombu adanjittilla ennu vicharikkam. Panamayil ninnu Bachane ozhivaakkan moolyadhishtitha pathra pravarthakar pedappadu pedukayanu.

    Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )