Article POLITICS

രാത്രികള്‍ക്കൊപ്പം വരൂ : ഫ്രാന്‍സില്‍നിന്നൊരു സമരാഹ്വാനം

up all night 3

ഫ്രാന്‍സിലും ഏപ്രില്‍ മാസത്തിന് ചൂടു കൂടുതലാണ്. ഫ്രാന്‍സില്‍നിന്നു വരുന്ന ഏറ്റവും പുതിയ വാര്‍ത്തകളില്‍ പ്രക്ഷോഭങ്ങളുടെ ചൂടുണ്ട്. ഏപ്രില്‍ മാസാരംഭത്തില്‍ യുവാക്കളുടെ നേതൃത്വത്തില്‍ രാത്രികളെ സര്‍ഗാത്മകമാക്കുന്ന അപ് ആള്‍ നൈറ്റ് എന്നപേരിലുള്ള പുതിയൊരു സമരോത്സവമാണ് നഗരങ്ങളില്‍ അരങ്ങേറുന്നത്. തൊഴിലാളി വിരുദ്ധമായ തൊഴില്‍ നിയമ പരിഷ്‌ക്കാരങ്ങള്‍ക്ക് എതിരായാണ് പ്രധാനമായും യുവാക്കള്‍ തെരുവിലിറങ്ങിയിരിക്കുന്നത്. പാരീസിലാരംഭിച്ച സമരം അമ്പതോളം നഗരങ്ങളിലേക്കാണ് പടര്‍ന്നിരിക്കുന്നത്. നഗരങ്ങളിലെ പ്രധാന ചത്വരങ്ങള്‍ നൂറുകണക്കിന് സമരോത്സാഹികള്‍ കീഴ്‌പ്പെടുത്തിയിരിക്കുകയാണ്. ഒക്യുപ്പൈ വാള്‍സ്ട്രീറ്റിനെയും 1968ലെ ഫ്രഞ്ച് യുവജന മുന്നേറ്റത്തെയും അനുസ്മരിപ്പിക്കുന്ന ചരിത്രമുന്നേറ്റമായി അതു മാറുന്നു.

സാമൂഹികമാറ്റമുണ്ടായേ തീരൂ എന്ന മുദ്രാവാക്യം മുഴങ്ങുന്നു. പകല്‍ മുഴുവന്‍ തൊഴിലെടുക്കുന്നവര്‍, തൊഴിലിന് അലയുന്നവര്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ പലവിധം ആളുകളാണ് രാത്രികളെ സ്വന്തമാക്കി ചര്‍ച്ചകളും സംവാദങ്ങളും കലാവിഷ്‌ക്കാരങ്ങളും പ്രതിഷേധറാലികളും ഒക്കെയായി തുടര്‍ച്ചയായ പതിനാലു ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നത്. മാര്‍ച്ച് 31ന് തൊഴില്‍ നിയമ പരിഷ്‌ക്കാരത്തിനെതിരെ പാരീസില്‍ നടന്ന പ്രതിഷേധത്തിനു ശേഷം പിരിഞ്ഞുപോകാന്‍ വിസമ്മതിച്ച ചില പ്രക്ഷോഭകാരികളാണ് നഗരരാത്രികളെ കീഴ്‌പ്പെടുത്താനാരംഭിച്ചത്. ഇപ്പോഴത് ബല്‍ജിയത്തിന്റെയും സ്‌പെയിനിന്റെയും അതിര്‍ത്തിയിലെ നഗരങ്ങളില്‍പ്പോലും വലിയ പ്രകമ്പനം സൃഷ്ടിക്കുന്നു. ബ്രസ്സല്‍സിന്റെ തെരുവുകളിലേക്കും പ്രകടനം കടന്നുകഴിഞ്ഞു. രാത്രികള്‍തോറും നിറഞ്ഞുണരുന്ന സമരവീര്യം ഫ്രാന്‍സിലെ ഗവണ്‍മെന്റിന് അക്ഷരാര്‍ത്ഥത്തില്‍ ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചിരിക്കുന്നു.

ഫ്രാന്‍സില്‍ തൊഴില്‍രഹിതരുടെ വളര്‍ച്ച ഇരുപത്തഞ്ച് ശതമാനമായിരിക്കുന്നു. നവലിബറല്‍ നയങ്ങളുടെ കടന്നുവരവാണ് ഉള്ള തൊഴിലാളികളെപ്പോലും പുറന്തള്ളുന്ന അവസ്ഥയുണ്ടാക്കിയത്. തൊണ്ണൂറ്റൊമ്പതു ശതമാനമെന്ന ദരിദ്രപക്ഷത്തെ ശക്തിപ്പെടുത്താനുതകുന്ന നിയമ പരിഷ്‌ക്കാരങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ തൊഴില്‍മേഖലയാകെ അസ്വാസ്ഥ്യം വിതച്ചിരിക്കുന്നു. തുടര്‍ച്ചയായ സമരങ്ങളും രാഷ്ട്രീയാന്വേഷണങ്ങളും എല്ലായിടത്തും സജീവമാണ്. പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നമ്മുടെ നാട്ടിലെന്നപോലെ ആഗോളവത്ക്കരണ ശക്തികളുമായി സന്ധിചെയ്യുന്ന സാഹചര്യം പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ രൂപപ്പെടാനുള്ള നിലമൊരുക്കിയിട്ടുണ്ട്. സ്‌പെയിനില്‍ പാബ്ലോ ഇഗ്ലേസ്യാസിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട പെഡമോസിനെപ്പോലെയുള്ള സാമൂഹിക ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പിറവിയും വളര്‍ച്ചയും യൂറോപ്പിലെങ്ങും വ്യാപിക്കാനാണ് സാധ്യത. രാത്രികള്‍തോറും ഉണര്‍ന്നിരിക്കുന്ന പ്രക്ഷോഭകാരികള്‍ പറയുന്നത് പുതിയ സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ്.

2011ല്‍ സ്‌പെയിനിലെ മാഡ്രിഡിലുണ്ടായ പതിനായിരക്കണക്കിന് ആളുകള്‍ അണിചേര്‍ന്ന മഹാപ്രക്ഷോഭത്തില്‍നിന്നാണ് ഫ്രഞ്ച് യുവാക്കള്‍ ആവേശമുള്‍ക്കൊള്ളുന്നത്. അഴിമതിക്കും അസമത്വത്തിനുമെതിരായ പ്രക്ഷോഭമായിരുന്നു അത്. മുപ്പതോളം ബുദ്ധിജീവികളുടെയും മുന്‍ തൊഴിലാളി സംഘടനാ നേതാക്കളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ 2014ല്‍ പെഡമോസ് എന്ന രാഷ്ട്രീയ മുന്നേറ്റം സ്‌പെയിനില്‍ രൂപപ്പെടാനിടയാക്കിയത് ആ പ്രക്ഷോഭമായിരുന്നു. അതേ ദിശയിലാണ് ഇപ്പോള്‍ ഫ്രാന്‍സിലെ രാത്രിസമരവും നീങ്ങുന്നത്. രണ്ടു വര്‍ഷം കൊണ്ട് പെഡമോസ് ആര്‍ജ്ജിച്ച വിജയങ്ങള്‍ അവരെ പ്രചോദിപ്പിക്കുന്നു.

തൊഴിലാളിവിരുദ്ധ നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ ആരംഭിച്ചതാണെങ്കിലും രാത്രിമുന്നേറ്റം എല്ലാ സമരങ്ങളുടെയും കൂടിയിരിപ്പും അന്യോന്യാശ്ലേഷവുമായി കരുത്താര്‍ജ്ജിക്കുകയാണ്. സമരങ്ങളെ ഒന്നിപ്പിക്കുക എന്നത് പ്രധാന അജണ്ടയായി മാറിയിട്ടുണ്ട്. വരുന്ന സംഘങ്ങളോരോന്നും വിപ്ലവഗാനങ്ങളാലപിക്കുന്നു. പുലരുംവരെ സൂപ്പോ സാന്‍വിച്ചോ കഴിച്ച് നീണ്ട സംവാദങ്ങളും ആലോചനകളും നടത്തുന്നു. തൊഴിലാളികളും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കലാകാരന്മാരും പെന്‍ഷന്‍കാരും ഒരു പൊതുവേദി കണ്ടെത്തിയിരിക്കുന്നു. തൊഴില്‍ സുരക്ഷാ നിയമങ്ങള്‍, തൊഴിലില്ലായ്മ, വിവിധരാജ്യങ്ങളിലെ വേതന വ്യവസ്ഥകള്‍, ഭക്ഷ്യ പ്രതിസന്ധി, ഭവന പ്രശ്‌നം, അഭയാര്‍ത്ഥി പ്രശ്‌നം, പരിസ്ഥിതി പ്രശ്‌നങ്ങള്‍, പാനമ പേപ്പേഴ്‌സ് എന്നിങ്ങനെ ചര്‍ച്ചാവിഷയങ്ങള്‍ ഏറെയുണ്ട്. നഗരരാത്രികള്‍ അന്വേഷണത്തിന്റെ ജനകീയമുന്നേറ്റങ്ങളിലേക്കാണ് ഉണരാന്‍ കൊതിക്കുന്നത്. ഏതെങ്കിലും ഒരു സംഘടയുടെ ആഹ്വാനമില്ലാതെ, ആരുടെയെങ്കിലും സമ്മര്‍ദ്ദമില്ലാതെ, മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ ഗൗനിക്കാതെ ജനങ്ങള്‍ നഗരചത്വരങ്ങളിലേക്ക് ഒഴുകിയെത്തുന്നത് അധികാരികളെ അസ്വസ്ഥമാക്കുന്നു. ലോകത്തെ അത് അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു.

വലിയ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ടാണ് ഹോളന്റെയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റനുകൂലമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഗവണ്‍മെന്റ് അധികാരത്തിലെത്തിയത്. തൊഴിലില്ലായ്മ മുതല്‍ കാലാവസ്ഥാ വ്യതിയാനം വരെയുള്ള പ്രശ്‌നങ്ങളോട് യാഥാര്‍ത്ഥ്യപൂര്‍ണമായ നിലപാട് സ്വീകരിക്കാന്‍ അവര്‍ക്കു സാധിച്ചില്ല. ഒരിക്കല്‍ ഇടതുപക്ഷത്തെ വ്യാമോഹിപ്പിച്ച മുദ്രാവാക്യങ്ങളില്‍നിന്ന് ഹോളന്റെ ഗവണ്‍മെന്റ് പിറകോട്ടുപോയി. നവലിബറല്‍ സാമ്പത്തിക കൗശലങ്ങള്‍ക്ക് കീഴ്‌പ്പെടുന്ന അനുഭവമാണ് കണ്ടതെന്ന് പ്രക്ഷോഭകാരികളായ യുവാക്കള്‍ കുറ്റപ്പെടുത്തുന്നു.

ഓരോ ദിവസത്തെയും പരിപാടികള്‍ മുന്‍കൂട്ടി വലിയ ബോര്‍ഡില്‍ എഴുതിവെക്കുന്നുണ്ട്. ജനകീയ കമ്മറ്റികളാണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. മുദ്രാവാക്യങ്ങളെഴുതാന്‍ കവികളുടെ സംഘംതന്നെയുണ്ട്. സര്‍ഗാത്മകമായിരിക്കണം സമരമെന്ന നിര്‍ബന്ധം പ്രകടമാണ്. ആയുധമെടുത്ത പോരാട്ടമല്ല, പക്ഷെ മാറ്റി മറിക്കുന്ന പോരാട്ടമാണ് എന്നാണ് ഈ സാമൂഹിക ഇടതുപക്ഷ മുന്നേറ്റം സ്വയം വിശേഷിപ്പിക്കുന്നത്.

പ്രധാനമന്ത്രി മാന്വല്‍ വാള്‍സ് പുതിയ പ്രഖ്യാപനങ്ങഴുമായി സമരത്തെ തണുപ്പിക്കാന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നാനൂറ് മില്യന്‍ യൂറോയുടെ പുതിയ സാമ്പത്തിക സഹായ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അരാഷ്ട്രീയരെന്ന് ഏറെ മുദ്രയടിക്കപ്പെട്ട യുവജന വിദ്യാര്‍ത്ഥി വിഭാഗങ്ങള്‍ നിലവിലുള്ള രാഷ്ട്രീയ പ്രതിസന്ധിയെ മുറിച്ചു കടക്കാനും പുതിയ മുന്നേറ്റം രൂപപ്പെടുത്താനും എടുക്കുന്ന മുന്‍കൈ ഗവണ്‍മെന്റിനെ ഞെട്ടിച്ചുവെന്നത് വാസ്തവം. 1968ന്റെ ഓര്‍മ്മ വലിയ രാഷ്ട്രീയ വേലിയേറ്റമുണ്ടാക്കാന്‍ പര്യാപ്തമാവുമെന്നും ഗവണ്‍മെന്റ്് ഭയപ്പെടുന്നു. ഇതാണ് പുതിയ ആനുകൂല്യ പ്രഖ്യാപനങ്ങളിലേക്ക് അവരെ പ്രേരിപ്പിക്കുന്നത്.

നവലിബറല്‍ നയങ്ങളും കോര്‍പറേറ്റ് ധനകേന്ദ്രീകരണവും ലോകത്തെങ്ങുമുള്ള ജനതയെ ഏറെക്കുറെ സമാനമായ സമരപാതകളിലൂടെയാണ് നയിക്കുന്നത്. അധികാരബദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എല്ലായിടത്തും സ്‌ഫോടനാത്മകമായ വര്‍ത്തമാനത്തെ നേരിടാനാവാതെ സ്തംഭിച്ചു നില്‍ക്കുകയാണ്. പുതിയ തലമുറ സമരങ്ങളും മുന്നേറ്റങ്ങളും അനിവാര്യമായ പരീക്ഷണങ്ങളിലൂടെ ശക്തിപ്പെടുകതന്നെയാണ്. ഫ്രാന്‍സിലെയും സ്‌പെയിനിലെയും അനുഭവങ്ങള്‍ നമ്മോട് എന്തോ പറയുന്നത് എനിക്ക് അവ്യക്തമായി കേള്‍ക്കാം. നിങ്ങള്‍ക്കോ?

15 ഏപ്രില്‍ 2016

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )