Article POLITICS

ദുഷ്പ്രഭുപ്പുലയാടികള്‍ പാര്‍ക്കുമിപ്പുരയ്ക്കിടിവെട്ട് കൊള്ളട്ടെ

FactsaboutRich082613_1

തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നേയുള്ളു. സ്ഥാനാര്‍ത്ഥികളുടെ അവസാന പട്ടിക പുറത്തു വന്നില്ലെങ്കിലും ഏറ്റുമുട്ടുന്ന രാഷ്ട്രീയ നിലപാടുകള്‍ പുറത്തുവന്നുകഴിഞ്ഞു. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഊഴം വച്ചു നടത്തിയ കേരളജാഥകള്‍ മാനിഫെസ്റ്റോയുടെ പ്രാഥമിക പ്രഖ്യാപനങ്ങളായിരുന്നു. പൊതുവില്‍ എല്ലാവരും തള്ളിക്കളയുന്നുണ്ട് അഴിമതിയെ. അക്രമ രാഷ്ട്രീയത്തെ. പരിസ്ഥിതി നശീകരണത്തെ. വിലക്കയറ്റത്തെ. മനുഷ്യാവകാശ ലംഘനങ്ങളെ.

അത്ഭുതം തോന്നുന്നതെന്ത്? മേല്‍പ്പറഞ്ഞവയെ തള്ളിപ്പറയേണ്ടി വന്നത് അതൊക്കെ നമ്മുടെ സമൂഹത്തില്‍ സജീവമായി നിലനില്‍ക്കുന്നതുകൊണ്ടുതന്നെ. എല്ലാം പെരുകുകയാണ്. എഴുത്തും പ്രസംഗവും പ്രകടനവുമെല്ലാം അവയ്‌ക്കെതിരെയാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എന്തു പിഴച്ചു? ജനങ്ങള്‍ക്കിടയിലെ പെരുകുന്ന ജീര്‍ണതകളെയും അക്രമ വാസനകളെയും അകറ്റാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുകയാണവര്‍. മാധ്യമങ്ങള്‍ രൂപപ്പെടുത്തിയെടുത്ത ചില സാമാന്യധാരണകളുണ്ട്. അഴിമതിക്കു കാരണം യു എന്ന മുന്നണി. അക്രമ രാഷ്ട്രീയത്തിനു കാരണം എല്‍ എന്ന മുന്നണി. അസഹിഷ്ണുതക്കും വര്‍ഗീയ ലഹളക്കും കാരണം ബി എന്ന മുന്നണി.

ഇനി നമുക്കാണ് ജോലി. തെരഞ്ഞെടുക്കേണ്ടത് ഇതില്‍നിന്നാണ്. ഇതിലേതു വേണം. അല്ലെങ്കില്‍ ഒഴിവാക്കേണ്ടത് ഏതെല്ലാമാണ്? നാട്ടരങ്ങുകളും പോര്‍ക്കളങ്ങളും ഉറക്കമില്ലാതെ അന്വേഷിക്കുകയാണ്. ഇതിലേതാവും ജനങ്ങള്‍ക്കു പത്ഥ്യം?! ഓരോ മുന്നണിക്കും ചാര്‍ത്തിക്കിട്ടിയ പട്ടം അവരായിട്ട് സ്വീകരിച്ചണിഞ്ഞതല്ല. ഇതരര്‍ നിര്‍ബന്ധപൂര്‍വ്വം അണിയിച്ചതാണ്. അതിന് സാധൂകരണമായി ഒട്ടേറെ ഉദാഹരണങ്ങളും അവര്‍ക്കു ചൂണ്ടിക്കാണിക്കാനുണ്ടാവും. ഇങ്ങനെ അരുതായ്മകളുടെ കാരണക്കാരായി അന്യോന്യം ചൂണ്ടുന്നവര്‍ ഒരു കാര്യത്തില്‍ ഒരേ അഭിപ്രായം പങ്കുവെക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച നിലപാടാണത്. വികസിപ്പിക്കാതെ വിശ്രമമില്ല എന്നാണ് എല്ലാവരും ഒറ്റ സ്വരത്തില്‍ പറയുന്നത്.

വിശാലമായ നിരത്തുകള്‍, അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, അന്താരാഷ്ട്ര തുറമുഖങ്ങള്‍, ഇന്‍ഫോ പാര്‍ക്കുകള്‍, അതിവേഗ തീവണ്ടിപ്പാത, വാതകവാഹിനിക്കുഴലുകള്‍, സ്വകാര്യ സ്വയംഭരണ സര്‍വ്വകലാശാലകള്‍, വൈഫൈ തെരുവുകള്‍, കച്ചവട ഔഷധാലയങ്ങള്‍, രോഗികളെ വിറ്റുണ്ണുന്ന ആശുപത്രികള്‍, പരിധിയില്ലാത്ത ഭൂവിനിമയവും വിനിയോഗവും…ഇങ്ങനെ നീണ്ടുപോകുന്നുണ്ട് വികസനക്കാഴ്ച്ചകള്‍. നിക്ഷേപകരേ ഇതു വഴി വരൂ എന്ന ഊഴമിട്ടുള്ള സ്വാഗതഗാനമാണ് എല്ലാ പാര്‍ട്ടി ആപ്പീസുകളിലും മുഴങ്ങുന്നത്. നിയമങ്ങളെ ഭയക്കേണ്ട. ഭൂ/കാര്‍ഷിക പരിഷ്‌ക്കരണ നിയമവും ചട്ടങ്ങളും പഴയ തെറ്റാണ്. അതു ഞങ്ങള്‍ മാറ്റാം. വിദ്യാഭ്യാസ നിയമം വേറൊരു പിശക്. പിന്നെ തെറ്റുകളുടെ നിരതന്നെയുണ്ടെന്ന് സമ്മതിക്കുന്നു. നീര്‍ത്തട സംരക്ഷണ നിയമം, പരിസ്ഥിതി നിയമം, തൊഴില്‍ സുരക്ഷാ നിയമം, മിനിമം വേജസ് നിയമം, മലിനീകരണ നിയന്ത്രണ നിയമം എന്നിങ്ങനെ ഏറെയുണ്ടവ. നിക്ഷേപകരുടെ താല്‍പ്പര്യാര്‍ത്ഥം എല്ലാം മാറ്റാം. കോര്‍പറേറ്റ് മൂലധന മൂര്‍ത്തികളാണ് ദൈവങ്ങള്‍. സാംഷ്ടാംഗം പ്രണമിക്കുകയാണ് മുന്നണികളും അധികാരബദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും.

ജനങ്ങള്‍ക്ക് സ്വത്തിനും ജീവനും സംരക്ഷണം നല്‍കുമെന്നാണ് മുമ്പൊക്കെ തെരഞ്ഞെടുപ്പു വേളകളില്‍ പ്രസംഗിച്ചു കേട്ടിട്ടുള്ളത്. ഇപ്പോഴാരും അങ്ങനെയൊരുറപ്പു നല്‍കുന്നില്ല. ധനമുതലാളിമാരുടെ കഴുകന്‍ കണ്ണില്‍ പെട്ടാല്‍ നിങ്ങളുടെ സ്വത്ത് നിങ്ങളുടെതല്ലാതാവും. രാഷ്ട്രീയാധികാരത്തിന് അവര്‍ക്കൊപ്പമേ നില്‍ക്കാനാവൂ. അതാണ് വികസനത്തിന്റെ തത്വം. ജനാധിപത്യം അത്രത്തോളമേ ജനങ്ങളുടേതാവുന്നുള്ളു. ജീവന്റെ സുരക്ഷയും എങ്ങനെ ഉറപ്പു പറയും? ഏതു നിമിഷവും പുറന്തള്ളപ്പെടാവുന്ന മനുഷ്യരെ ദൈവം രക്ഷിക്കട്ടെ. അധികാരത്തിന് വികസനമാണ് ലക്ഷ്യം. അത് കൊണ്ടുവരുന്ന ദൈവങ്ങളാണ് കോര്‍പറേറ്റുകള്‍. അദാനിയെ നമിക്കുന്നു, അംബാനിയെ നമിക്കുന്നു മല്യയെ നമിക്കുന്നു, യൂസഫലിയെ രവിപിള്ളയെ കൊച്ചുകൊച്ചു തമ്പുരാക്കന്മാരെ എല്ലാം നമിക്കുന്നു.

അവര്‍ക്കു നികത്താനാണ് വയലുകള്‍, വെട്ടിപ്പിടിക്കാനാണ് കാടുകള്‍, കോരിയെടുക്കാനാണ് സമുദ്രം, കുതിച്ചുയരാനാണ് ആകാശം, നുള്ളിയെറിഞ്ഞു രസിക്കാനാണ് നാട്ടുകാര്‍. അവരുടെ ആഗ്രഹങ്ങളാണ് തെരഞ്ഞെടുപ്പില്‍ നമ്മുടെ വോട്ടുകളാവേണ്ടത്. അവരുടെ പ്രതിനിധികളെയാണ് നാം തെരഞ്ഞെടുക്കേണ്ടത്. എല്ലാവരും അതിവിദഗ്ധരായിട്ടുണ്ട്. അഴിമതി, ചട്ടലംഘനം, അക്രമം, കൊള്ള, കൊല, അസഹിഷ്ണുത, വംശഹത്യ…… കോര്‍പറേറ്റ് ധനക്കോയ്മാ മത്സരങ്ങളിലൂടെ സാധൂകരിക്കപ്പെടുന്ന ആപത്തുകള്‍ക്കു കീഴ്‌പ്പെടാന്‍ വോട്ടു ചെയ്യുവിന്‍!

ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യതപ്പെട്ട ജനാധിപത്യ ഭരണകൂടത്തിന് അതു കഴിയുന്നില്ലെങ്കില്‍ , നിലവിലുള്ള നിയമങ്ങള്‍ തേജസ്സറ്റ് മുഖം കുനിച്ചു നില്‍ക്കുന്നുവെങ്കില്‍ ആ സമൂഹം ഭരണകൂട അക്രമങ്ങളുടെ ഇരകളാവുന്നു. തൊഴിലെടുത്തു ജീവിക്കുന്നവര്‍ തൊഴിലിടങ്ങളില്‍നിന്നും കിടപ്പാടങ്ങളില്‍നിന്നും പുറന്തള്ളപ്പെടുന്നുവെങ്കില്‍ മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനങ്ങളാണ് അരങ്ങേറുന്നത്. ജനാധിപത്യത്തില്‍ അടിസ്ഥാന പരിഗണന ജനങ്ങള്‍ക്കാവണം. മാനുഷിക മൂല്യങ്ങള്‍ക്കു മേല്‍ ദയാരഹിതമായ ധനവിനിമയ മൂല്യങ്ങള്‍ അധികാരമാളുമ്പോള്‍ രാജ്യത്തെ അനീതി തീണ്ടുകയാണ്. ജനാധിപത്യരാഷ്ട്രീയകാലം അസ്തമിക്കുകയാണ്. അഴിമതിയും കൊള്ളയും കൊലയും ഇതര മനുഷ്യാവകാശ ലംഘനങ്ങളും അധികാരബദ്ധ മത്സരങ്ങളുടെ ഉപലബ്ധികളാണ്. കളങ്കിതമായ ആ ലീലകളില്‍ ഏര്‍പ്പെടുന്നവരെല്ലാം കുറ്റക്കാര്‍തന്നെ.

മുമ്പൊക്കെ ബദല്‍ എന്ന സ്വപ്നം നല്‍കിപ്പോന്നത് ഇടതുപക്ഷമാണ്. പുറന്തള്ളപ്പെടുന്നവരുടെകൂടെ അവരുണ്ടായിരുന്നു. തിരസ്‌കൃതര്‍ക്കു ഭൂമിയും നീതിയും ലഭിക്കാന്‍ നടത്തിയ പോരാട്ടമാണ് അവരെ വളര്‍ത്തിയത്. മുതലാളിത്തമല്ല സോഷ്യലിസമായിരുന്നു അവരുടെ മുദ്രാവാക്യം. ദൗര്‍ഭാഗ്യവശാല്‍ കീഴാളരുടെയും പുറന്തള്ളപ്പെടുന്നവരുടെയും അതിജീവന സമരങ്ങളില്‍ വ്യവസ്ഥാപിത ഇടതുപക്ഷമില്ല. എന്നിട്ടും കോര്‍പറേറ്റ് അധിനിവേശ ഭീകരതയും ഫാസിസ്റ്റ് വിവേചന ഭീകരതയും തകര്‍ത്താടുമ്പോഴും ഒരു വലിയ സമൂഹത്തിന്റെ ഭയവും പ്രതീക്ഷയും നിറഞ്ഞ കണ്ണുകള്‍ രാജ്യത്തെ ഇടതുപക്ഷത്തിനും സാമൂഹിക ഇടതുപക്ഷത്തിനും നേരെ തുറന്നിരിപ്പുണ്ട്. ഞങ്ങളൊപ്പമുണ്ട് എന്നു പറഞ്ഞുവെങ്കിലോ എന്നൊരു പ്രതീക്ഷയാവണം അവര്‍ക്ക്. ജനകീയ ചെറുത്തുനില്‍പ്പുകളോട് അനുഭാവപൂര്‍ണമായ നിലപാടെടുക്കാനാവാത്ത ഇടതുപക്ഷം ഇടതുപക്ഷമാവുകയില്ല. കോര്‍പറേറ്റുകളുടെ ദാനത്തിനും സൗമനസ്യത്തിനും കാത്തിരിക്കുന്നവര്‍ക്ക് മനുഷ്യരെപ്പോലെ നിവര്‍ന്നു നില്‍ക്കാനോ വരുംതലമുറയോട് നീതി പുലര്‍ത്താനോ സാധ്യമല്ല. കോര്‍പറേറ്റ് വികസനത്തെ തള്ളി ജനപക്ഷ വികസനം അംഗീകരിക്കാതെ തുറന്നിരിക്കുന്ന കണ്ണുകളില്‍ ശാന്തി വരുത്താന്‍ ആര്‍ക്കുമാവില്ല.

കോര്‍പറേറ്റ് ധനാഢ്യ വിഭാഗങ്ങളുടെ കാര്യസ്ഥന്മാര്‍ ജനങ്ങള്‍ക്കു നേരെയുള്ള കൊള്ളയും കൊലയും ആനന്ദപൂര്‍ണമായ ഒരനുഷ്ഠാനംപോലെ നിര്‍വ്വഹിക്കും. അവരെന്താണ് ചെയ്യുന്നതെന്ന് അവരെന്തിനറിയണം? അവിടെ കൊടികളുടെ നിറങ്ങള്‍ മായുന്നു. കോടികളുടെ കിലുക്കം മാത്രം. അന്യോന്യം തുണയ്ക്കുന്ന ജനശത്രുക്കള്‍ മാത്രമായി ഈ അധികാരമൂര്‍ത്തികളെ നാം ഇനിയും തിരിച്ചറിയാനിരിക്കുന്നേയുള്ളു.

13 ഏപ്രില്‍ 2016

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )