Article POLITICS

നിയമപാലകരേ, പോക്‌സോ ആദിവാസി വിരുദ്ധ നിയമമല്ല

 

pocso 1


കുട്ടികള്‍ക്കു നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകളാണ് 2007ല്‍ കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിലുള്ളത്. 53.22 ശതമാനം കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതായാണ് കണ്ടെത്തല്‍. അതില്‍ 52.94 ശതമാനം ആണ്‍കുട്ടികളും 47.06 ശതമാനം പെണ്‍കുട്ടികളുമാണ്. അഞ്ചു വര്‍ഷത്തിനു ശേഷം കുട്ടികളുടെ നേരെയുള്ള ലൈംഗികാതിക്രമം തടയാന്‍ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്റ്റ് (പോക്‌സോ) 2012ല്‍ ലോകസഭ പാസാക്കി. അന്താരാഷ്ട്ര തലത്തില്‍തന്നെ കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തണമെന്ന സമ്മര്‍ദ്ദം ഉയര്‍ന്നിരുന്നു. ഇതു പ്രകാരം എല്ലാ ജില്ലകളിലും പ്രത്യേക കോടതികള്‍ സ്ഥാപിക്കാനും ഉയര്‍ന്ന പരിഗണനയോടെ ഇത്തരം കേസുകളില്‍ വിധിപറയാനും സാഹചര്യമുണ്ടായി.

ഏതു നിയമത്തെയുമെന്നപോലെ പോക്‌സോ നിയമത്തെയും ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ കണ്ടെത്താനായിരുന്നു അധികാരികള്‍ക്കു താല്‍പ്പര്യം. കേരളത്തില്‍ ആദിവാസി സമൂഹമാണ് ഇതിന്റെ പേരില്‍ ഏറെ പീഡിപ്പിക്കപ്പെടുന്നത്. ഗോത്രാചാര പ്രകാരം വയസ്സറിയിച്ച പെണ്‍കുട്ടികള്‍ ചെറുക്കന്റെ കൂടെ താമസിച്ചു തുടങ്ങുന്ന രീതിയുണ്ട്. അവര്‍ക്കിടയിലെ വിവാഹരീതി അങ്ങനെയാണ്. ഗര്‍ഭിണിയായി ആശുപത്രിയിലെത്തുന്ന ബാലികമാരുടെ ഭര്‍ത്താക്കന്മാരെ ബലാല്‍സംഗക്കേസെടുത്ത് ശിക്ഷിക്കാന്‍ വലിയ താല്‍പ്പര്യമാണ് അധികൃതര്‍ പ്രകടിപ്പിക്കുന്നത്. പത്തും ഇരുപതും വര്‍ഷത്തേക്കാണ് തടവ്ശിക്ഷ. പുതിയ നിയമത്തെ സംബന്ധിച്ച് സാക്ഷര സമൂഹത്തിനുപോലും വേണ്ടത്ര ധാരണയില്ലെന്നിരിക്കെ ആദിവാസികള്‍ക്കിടയില്‍ അവര്‍ ശീലിച്ചുപോന്ന ആചാരത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെടുന്നതിന് എന്തു ന്യായമുണ്ട്. ആവശ്യമായ ആശയപ്രചാരണമോ ബോധവത്ക്കരണമോ നടത്തിയല്ലാതെ ആദിവാസി സമൂഹങ്ങളിലെ യുവാക്കളെ തടവറയില്‍തള്ളാനും കുടുംബങ്ങളെ അനാഥരാക്കാനും കാണിക്കുന്ന ഔത്സുക്യത്തിന് നിയമപാലനമെന്നോ നീതി നിര്‍വ്വഹണമെന്നോ പേരു വിളിക്കാനാവില്ല.

വയനാട് മീനങ്ങാടി അയ്യപ്പമൂല പണിയക്കോളനിയിലെ ഇരുപത്തിയൊന്നു വയസ്സുകാരന്‍ ബാബുവിന് നാല് ജീവപര്യന്തവും നാല്‍പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. നാലു ജീവപര്യന്തം ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്ന കാരുണ്യവുമുണ്ട്. പിഴയടച്ചില്ലെങ്കില്‍ വര്‍ഷംകൂടി തടവനുഭവിക്കണം. ഒരു വര്‍ഷക്കാലം വിചാരണത്തടവുകാരനായി കഴിഞ്ഞ ശേഷം സെപ്തംബറിയായിരുന്നു വിധി. വിചാരണയില്‍ ഭാര്യയും കുടുംബവുമെല്ലാം അനുകൂലമായി മൊഴി നല്‍കിയിട്ടും ഫലമുണ്ടായില്ല. ബാബു ചുരുങ്ങിയത് പതിമൂന്നു വര്‍ഷം ജയിലില്‍ കഴിയണം. ഭാര്യും പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞും പുറത്ത് അനാഥരായി അലയണം. വയനാട് ജില്ലയില്‍ മാത്രം ഇരുപതു പേരാണ് ഇങ്ങനെ ജയിലുകളില്‍ കഴിയുന്നത്. മാനന്തവാടിയില്‍ എട്ടും വൈത്തിരിയില്‍ പന്ത്രണ്ടും പേര്‍. തങ്ങള്‍ എന്തു തെറ്റാണ് ചെയ്തതെന്ന് അവര്‍ക്കു മനസ്സിലാകുന്നില്ല. ഗോത്രാചാരം അനുസരിച്ചു ജീവിക്കുന്നത് കുറ്റമായിത്തീരുന്നു. പ്രായം സംബന്ധിച്ച രേഖകള്‍പോലും ഇല്ലാത്തവരാണ് അവരിലേറെയും.

പരിഷ്‌കൃതമെന്ന് മേനി നടിക്കുന്ന സമൂഹങ്ങള്‍ക്കകത്ത് ബാലവിവാഹം പെരുകുകയാണ്. ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ വിവാഹിതരാകുന്നത് സാധാരണമായിരിക്കുന്നു. മലപ്പുറം ജില്ലയില്‍ മാത്രം 2015ല്‍ നൂറിലേറെ വിവാഹങ്ങളാണ് ചൈല്‍ഡ് ലൈനില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. ഇക്കഴിഞ്ഞ മൂന്നു മാസത്തിനുള്ളിലാവട്ടെ പതിനേഴ് ബാലവിവാഹങ്ങള്‍ മലപ്പുറം ജില്ലയില്‍ നടന്നതായി ചൈല്‍ഡ്‌ലൈന്‍ രേഖയില്‍ പറയുന്നു.(മാതൃഭൂമി ദിനപത്രം 7 ഏപ്രില്‍ 2016 ). മറ്റു ജില്ലകളിലും സമാന സാഹചര്യം നിലനില്‍ക്കുന്നു. പക്ഷെ എവിടെയും ബാലവിവാഹത്തിന് പൊലിസ് കേസില്‍ ആരെങ്കിലും ശിക്ഷിക്കപ്പെട്ടതായി അറിവില്ല. വയനാട്ടില്‍ മാത്രം അധികാരികളുടെ നീതിബോധം ഇങ്ങനെ ആദിവാസികള്‍ക്കെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിന്റെ പൊരുളെന്താണാവോ?

പോക്‌സോ നിയമം വന്ന ശേഷം അമ്പതിനായിരത്തോളം കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2015 മാര്‍ച്ച് വരെ 45,498 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി വനിതാ ശിശു ക്ഷേമ മന്ത്രി മേനകാഗാന്ധി ലോകസഭയെ അറിയിച്ചിരുന്നു. നമ്മുടെ സംസ്ഥാനത്താവട്ടെ, ആയിരത്തഞ്ഞൂറിലേറെ കേസുകളാണ് 2015ല്‍ രേഖപ്പെടുത്തിയത്. 2014ല്‍ അത് ആയിരത്തി നാനൂറോളം വരും. ഇവയില്‍ വിചാരണ തീര്‍ന്നത് പത്തു ശതമാനത്തോളം മാത്രം. അതില്‍ ഏറ്റവും ശ്രദ്ധേയമായ കേസാണ് പള്ളിമേടയിലെ പീഢനവുമായി ബന്ധപ്പെട്ടത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് പാസ്റ്റര്‍ സനില്‍ കെ ജയിംസിനു 40 വര്‍ഷം തടവുശിക്ഷയാണ് തൃശൂര്‍ ഒന്നാം അഡിഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ പി സുധീര്‍ വിധിച്ചത്. പോക്‌സോ നിയമത്തിന്റെ പ്രസക്തിയും പ്രാധാന്യവും നിഴലിക്കുന്നതാണ് ഈ വിധി..

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക ചൂഷണവും അതിക്രമവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേസുകളുടെയും നടപടികളുടെയും കാര്യത്തിലും കണക്കു ഭദ്രമാക്കാന്‍ അധികൃതര്‍ നിര്‍ബന്ധിക്കപ്പെടുന്നുണ്ട്. പോക്‌സോ നിയമത്തിന്റെ 28 ാം ഉപ വകുപ്പ് ജില്ലകള്‍തോറും കോടതികള്‍ സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. പബ്‌ളിക് പ്രൊസിക്യൂട്ടര്‍മാരെ വെയ്ക്കാനും സംസ്ഥാനം ജാഗ്രത കാണിക്കണമെന്ന് നിയമം അനുശാസിക്കുന്നു. പ്രായപൂര്‍ത്തിക്കു മുമ്പുള്ള വിവാഹം ശിക്ഷാര്‍ഹമാകുന്നു. ഉഭയ സമ്മതപ്രകാരമാണെങ്കിലും അത്തരം സാഹചര്യത്തിലുള്ള ലൈംഗിക ബന്ധം അതിക്രമമായേ കാണുന്നുള്ളു. ബാല വിവാഹം പെരുകുന്ന സന്ദര്‍ഭത്തില്‍ അതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ ഗവണ്‍മെന്റിനാവുകയില്ല. അതേസമയം നാട്ടിലെ മാന്യന്മാരെ കോടതി കയറ്റാന്‍ വയ്യതാനും. അപ്പോള്‍ കേസുകളുടെ എണ്ണം തികയ്ക്കാന്‍ ആദിവാസികളും അധകൃതരുമാവാം.

അവസാനത്തെ അത്താണിയായ നീതിന്യായ സംവിധാനങ്ങള്‍പോലും കീഴാള സമൂഹങ്ങളെ കൈവിടുകയാണ്. അറസ്റ്റിലാകുന്ന ഭര്‍ത്താക്കന്മാരെ ജാമ്യത്തിലെടുക്കാന്‍ കഴിയാതെ ഉഴന്നോടുകയാണ് ആദിവാസി യുവതികള്‍. നികുതിയടച്ച രശീതി വേണമെങ്കില്‍ സ്വന്തമായി ഭൂമിയോ സര്‍ക്കാര്‍ ജോലിയോ വേണം. അത്രയും യോഗ്യതയുണ്ടായിരുന്നെങ്കില്‍ അവരെത്തേടി നിയമം പിറകെ എത്തില്ലായിരുന്നു. അനുതാപത്തോടെ അവരെ ജാമ്യത്തിലെടുക്കാന്‍ ചെല്ലുന്ന സാമൂഹ്യപ്രവര്‍ത്തകരെ അധികാരികള്‍ ഭയപ്പെടുത്തി ഓടിക്കുകയാണ്. ഊരും പേരുമില്ലാത്ത ആദിവാസികളെ എന്തു ധൈര്യത്തിലാണ് നിങ്ങള്‍ ജാമ്യത്തിലെടുക്കുന്നത്? ജയിലില്‍ പോകാന്‍ അത്ര ധൃതിയാണോ?

നോക്കണേ നമ്മുടെ ജനാധിപത്യം എത്ര ഭദ്രമാണ്. ബലി കൊടുക്കാന്‍ കീഴാള സമൂഹങ്ങളെ നിരത്തി നിര്‍ത്തിയിരിക്കുന്നു. അവര്‍ക്കൊരിക്കലും ഭൂമിയോ നീതിയോ കിട്ടില്ല. സമ്പന്ന ജനാധിപത്യത്തിന് ജ്വലിച്ചു നില്‍ക്കാന്‍ അവരുടെ രക്തം വേണം. രാജ്യത്തെ വലിയ ലൈംഗികാതിക്രമികള്‍ ആദിവാസികളാണ്. അവരോട് പൊറുക്കരുതേ എന്ന നിയമത്തിന്റെ പേരിലുള്ള അട്ടഹാസങ്ങളെ നിഷ്‌ക്കരുണം കീറിമുറിക്കേണ്ടതുണ്ട്. അവര്‍ക്കു കിടപ്പാടവും തൊഴിലും അക്ഷരവും നീതിയും നല്‍കിയശേഷം മതി അവരുടെ അറിവില്ലായ്മക്കു ശിക്ഷ വിധിക്കല്‍. രാജ്യത്തെ ആദിവാസി ഗോത്ര വര്‍ഗ നിയമങ്ങള്‍ നല്‍കുന്ന പരിരക്ഷപോലും പരിഗണിക്കാനുള്ള വിവേകം ഭരണാധികാരികള്‍ക്കില്ലെങ്കില്‍ ഇതൊരുതരം വംശവെറിയുടെ അശ്ലീല പ്രകടനങ്ങളായി ചുരുങ്ങും. രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വങ്ങള്‍ ജാഗ്രത കാണിക്കുന്നത് നന്ന്. ജനാധിപത്യത്തില്‍ അവരും അധികാരികളാണെന്ന് മറന്നുപോകരുത്.

7 ഏപ്രില്‍ 2016

 

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )