ഛത്തീസ്ഗഢില്‍ ഒരു ഡോക്ടര്‍ അറസ്റ്റിലായ ചെറിയ വാര്‍ത്ത ഈ ആഴ്ച്ച നമ്മുടെ ശ്രദ്ധയില്‍ പെടാതെപോയ വലിയ വാര്‍ത്തകളില്‍ ഒന്നാണ്. ഡോ.ബിനായക് സെന്നിന്റെ സഖാവും സഹപ്രവര്‍ത്തകനുമായ ഡോ. സെയ്ബാല്‍ ജെനയാണ് അറസ്റ്റിലായത് എന്നത് നമ്മുടെ ആകാംഷയെ ഉണര്‍ത്തുന്നു. തീര്‍ച്ചയായും ആ വാര്‍ത്തക്കു പിറകില്‍ പോകാന്‍ ഈ അറിവ് മതിയായ കാരണമാണ്.
ആരാണ് ഡോ. സെയ്ബാല്‍ ജെന? വൈദ്യരംഗത്തെ ഒരപൂര്‍വ്വ സമര്‍പ്പണത്തിന്റെയും രാഷ്ട്രീയവും സാമൂഹികവുമായ പ്രതിബദ്ധതയുടെയും ആള്‍രൂപങ്ങളില്‍ ഒരാളാണത്. എഴുപതുകളില്‍ മെഡിക്കല്‍ കോളേജില്‍നിന്ന് എം ബി ബി എസ് ബിരുദവുമായി പുറത്തിറങ്ങിയപ്പോള്‍ സെയ്ബാലിനും ബിനായകിനും ആഷിസ് കുണ്ടുവിനും ജനസേവനത്തിന്റെ പുതിയ വഴി വേണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. അതവരെ എത്തിച്ചത് ഖനിത്തൊഴിലാളികളുടെ നേതാവായ ശങ്കര്‍ ഗുഹ നിയോഗിയുടെ അരികിലാണ്. കെമിക്കല്‍ എഞ്ചിനീയറായി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ശേഷം സ്റ്റീല്‍ പ്ലാന്റില്‍ തൊഴിലാളിയായും ഖനിത്തൊഴിലാളികളുടെ സംഘടനാ നേതാവായും പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട സംഘടനയാണ് ഛത്തീസ്ഗഢ് മൈന്‍സ് ശ്രമിക് സംഘ്. ഖനനത്തിന്റെ ചില മേഖലകളില്‍ യന്ത്രവല്‍ക്കരണം നടത്താനുള്ള നീക്കത്തിനെതിരെ സംഘടന നടത്തിയ സമരത്തിന്റെ വിജയം ശങ്കര്‍ ഗുഹയെ തൊഴിലാളികള്‍ക്കു പ്രിയങ്കരനാക്കി.
ഈ സന്ദര്‍ഭത്തിലാണ് ഖനിത്തൊഴിലാളികളുടെ പ്രയാസകരമായ ജീവിത ചുറ്റുപാടുകളിലേക്ക് സെയ്ബാലും സംഘവും എത്തിയത്. ഭീലായില്നിന്ന് എഴുപതു കിലോമീറ്റര്‍ അകലെ ദള്ളി രാജ്ഹരയില്‍ ഖനിത്തൊഴിലാളികളുടെ മാത്രമായ ഒരാശുപത്രി തുടങ്ങാമെന്ന് ശങ്കര്‍ ഗുഹ മുന്‍കയ്യെടുത്തു. ദാരിദ്ര്യവും രോഗവും നിരന്തരം അക്രമിച്ചുകൊണ്ടിരുന്ന തൊഴിലാളികളെ സംഘടിപ്പിച്ചു പിരിവെടുത്ത പണംകൊണ്ട് 1981ല്‍ തുടങ്ങിയ ആശുപത്രിയാണ് ഷഹീദ് ആശുപത്രി. സ്വന്തം ആരോഗ്യ സംരക്ഷണത്തിന് തൊഴിലാളികളുടെ മുന്‍കയ്യില്‍ ഒരു ശ്രമം എന്നതായിരുന്നു വിജയംകണ്ട മുദ്രാവാക്യം. അന്നു മുതല്‍ ഡോ. സെയ്ബാല്‍ അവിടെയുണ്ട്. രോഗികളുടെ പരിചരണമല്ലാതെ മറ്റൊരു ദൗത്യവുമില്ലാത്ത ജീവിതം.
1990ല്‍ പക്ഷെ, ശങ്കര്‍ ഗുഹ നിയോഗി വധിക്കപ്പെട്ടു. ഭീലായിലെ യൂണിയന് ഓഫീസില്‍ പ്രവര്‍ത്തന നിരതനായിരിക്കെ അദ്ദേഹം വെടിയേറ്റു വീണു. ഛത്തീസ്ഗഢ് മുക്തി മോര്‍ച്ച എന്ന രാഷ്ട്രീയ സംഘടനയുടെ കൂടി നേതാവായി മാറിയിരുന്നു അപ്പോഴേക്കും അദ്ദേഹം. ധീരനായ നേതാവ് നഷ്ടമായെങ്കിലും തങ്ങള്‍ ഏറ്റെടുത്ത ദൗത്യം തുടരാന്‍ ഡോ, സെയ്ബാന്റെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചു. ഇന്ന് നൂറു കിലോമീറ്റര്‍ ചുറ്റളവില്‍ തൊഴിലാളികളുടെയും ദരിദ്രരുടെയും ആശ്രയമായി അതു വളര്‍ന്നിരിക്കുന്നു. ഗവണ്മെന്റും സന്നദ്ധ സംഘടനകളും നല്കുന്ന സംഭാവനകളെ വിനീതമായി നിരാകരിക്കാനും തൊഴിലാളികളുടെ മാത്രം ആശുപത്രിയായി തുടരാനും ഖനിത്തൊഴിലാളികളുടെ രാഷ്ട്രീയ വിജയമായി അതിനെ മാറ്റാനും വലിയ ത്യാഗമാണ് നിര്‍വ്വഹിക്കപ്പെടുന്നത്.
കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകരായിരുന്ന ബിനായകും സെയ്ബാനും ആഷിസ് കുണ്ടുവും തങ്ങളുടെ രാഷ്ട്രീയ ബോധ്യത്തിന് യുക്തമായ പ്രയോഗനിലം കണ്ടെത്തി. ഒരു പക്ഷെ, പഴയ തെലങ്കാനയില്‍ ഡോ. പുച്ചലപ്പള്ളി രാമചന്ദ്ര റെഡ്ഡി ആരംഭിച്ച പ്രജാ വൈദ്യശാല എന്ന പീപ്പിള്‍സ് ക്ലിനിക്ക് അവര്‍ക്കു പ്രേരണയായിട്ടുണ്ടാവണം. സഖാവ് സുന്ദരയ്യയുടെ സഹോദരനായ രാമചന്ദ്ര റെഡ്ഡി ആന്ധ്രയില്‍ വലിയൊരു പ്രസ്ഥാനത്തിനാണ് തുടക്കം കുറിച്ചത്. സൗജന്യ സേവനമാണ് മിക്കയിടത്തും നടന്നത്. ഒരു രൂപ ഡോക്ടര്‍ (ഒരു രൂപ മാത്രം ഫീസു വാങ്ങുന്ന ഡോക്ടര്‍)എന്നു വിളിക്കപ്പെടുന്ന ഡോക്ടര്മാരുണ്ടായി. ഡോ. വി ബ്രഹ്മറെഡ്ഡിയും ഡോ. ജെ ശേഷറെഡ്ഡിയും ഡോ. മകിനേനി രാമറാവുവുമെല്ലാം സേവന രാഷ്ട്രീയത്തിന്റെ വിഖ്യാതമായ ഇടതുപക്ഷ മുഖങ്ങളായിരുന്നു.
ഈ പാരമ്പര്യത്തിന്റെ ഊര്‍ജ്ജസ്വലമായ ഒരു ധാരയാണ് ശങ്കര്‍ ഗുഹയുടെ തൊഴിലാളി പ്രവര്‍ത്തനത്തില്‍ പിറവികൊണ്ടത്. ചെലവു കുറഞ്ഞ പരിചരണവും രോഗ ശുശ്രൂഷയും സാധ്യമാണ് എന്ന് തെളിയിക്കപ്പെട്ടു. കുറഞ്ഞ ഫീസു വാങ്ങി തൊഴിലാളികളെപ്പോലെ ജീവിക്കാനാവുമെന്ന് പ്രതിബദ്ധതയുള്ള ഡോക്ടര്‍മാര്‍ ജീവിതംകൊണ്ട് തെളിവേകി. ഡോ. സെയ്ബാല്‍ ഭാര്യ അല്‍പ്പനാ ജെനയോടൊപ്പം ദള്ളിയില് കഴിഞ്ഞു. ആശുപത്രിക്കു പുറത്ത് യാത്രയില്ലായിരുന്നു. ആ സമര്‍പ്പിത ജീവിതത്തെ തേടി ബി ജെ പി ഗവണ്മെന്റിന്റെ പൊലീസെത്തിയത് എന്തിനായിരിക്കും?
ഇരുപത്തിനാലു വര്‍ഷം മുമ്പ് (1992ല്‍) ഭീലായിലെ ഖനിത്തൊഴിലാളികളുടെ വലിയൊരു പ്രക്ഷോഭം നടക്കുകയുണ്ടായി. പൊലീസ് സേന പതിനെട്ടു തൊഴിലാളികളെയാണ് അന്നു വെടിവെച്ചു കൊന്നത്. പരിക്കേറ്റ തൊഴിലാളികളെ മുറിവു കെട്ടി ശുശ്രൂഷിക്കുന്ന തിരക്കിലായിരുന്നു അന്ന് സെയ്ബാനും സംഘവും. ഇപ്പോള്‍ പറയുന്നത് അന്ന് പൊലീസെടുത്ത കേസില്‍ മുങ്ങി നടക്കുന്ന പ്രതിയാണ് ഡോക്ടര്‍ സെയ്ബാലെന്നാണ്. ആരോഗ്യരംഗത്തെ പല ഗവണ്മെന്റ് ഉന്നത സമിതികളിലും പ്രവര്‍ത്തിക്കുന്ന ഡോക്ടറെ സംബന്ധിച്ചുള്ള ഈ ആരോപണം എല്ലാവരെയും അത്ഭുതപ്പെടുത്താന്‍ പോന്നതാണ്. പറയുന്നതല്ല കാര്യമെന്നും ഈ ആശുപത്രിയും സേവനത്തിന്റെ രാഷ്ട്രീയവും സംഘപരിവാരങ്ങള്‍ക്കു ബോധ്യമാവായ്കയാണ് പ്രശ്നമെന്നും ഏറെക്കുറെ വ്യക്തം. മുഖ്യമന്ത്രി രമണ്‍സിങ് വിശദീകരണം നല്‍കണമെന്നും ഡോ.സെയ്ബാനെ വിട്ടയച്ചു മാപ്പപേക്ഷിക്കണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2007ല്‍ ബിനായക് സെന്നും ഇതേപോലെ വേട്ടയാടപ്പെട്ടത് നാം മറന്നിട്ടില്ല. മാവോയിസ്റ്റുകളെ സഹായിച്ചു എന്നതായിരുന്നു അദ്ദേഹത്തിനെതിരായ ആരോപണം. നീതിപീഠം തന്നെ ഇടപെട്ട് അദ്ദേഹത്തെ മോചിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ ഡോ, സെയ്ബാനെയും പിടികൂടുമ്പോള്‍ ജനകീയ ആരോഗ്യ പ്രവര്‍ത്തനത്തിന്റെ പാരമ്പര്യത്തിനു നേരെയാണ് വാളുയരുന്നത്. പന്‍സാരെയും കല്‍ബുര്‍ഗിയും മുതല്‍ കനയ്യയും സോണിസോറിയും രോഹിതും വരെ വേട്ടയാടപ്പെട്ട അനുഭവത്തിന്റെ തുടര്‍ച്ചയിലാണ് ഈ അറസ്റ്റും സംഗതമാവുന്നത്.
ഇടതുപക്ഷ വിപ്ലവ പ്രസ്ഥാനങ്ങള്‍ പലതും ആരോഗ്യരംഗവും വിദ്യാഭ്യാസ രംഗവും കച്ചവടമാക്കാന്‍ പ്രത്യക്ഷവും പരോക്ഷവുമായ മാര്‍ഗങ്ങള്‍ തേടുന്ന അനുഭവങ്ങള്‍ ഇന്നു ധാരാളമാണ്. പക്ഷെ, പഴയൊരു പ്രവര്‍ത്തന പാരമ്പര്യവും വിപ്ലവ സദാചാരവും നേര്‍ത്ത നൂലിഴകളായി നില നില്ക്കുന്നു എന്ന അറിവ് നമ്മെ ആവേശം കൊള്ളിക്കണം. കേരളത്തില്‍ വലിയ തൊഴിലാളി പ്രസ്ഥാനങ്ങളുണ്ട്. എന്നാല്‍ തൊഴിലാളികള്‍ നടത്തുന്നതോ തൊഴിലാളികള്‍ക്കു വേണ്ടിയുള്ളതോ ആയ സ്ഥാപനങ്ങള്‍ വളരെ കുറവാണ്. പ്രത്യേകിച്ചും ആരോഗ്യരംഗത്ത്. സൗജന്യമായ ചികിത്സ കിട്ടുന്ന തൊഴിലാളികളുടെ ആശുപത്രി നടത്തുന്ന ഖനിത്തൊഴിലാളികളെയും അവരുടെ ഡോക്ടറായ സെയ്ബാനെയും അഭിവാദ്യം ചെയ്യണം. ആ രാഷ്ട്രീയത്തുടര്‍ച്ച ഇടക്കാലത്തു വന്നു ചേര്‍ന്ന ജീര്‍ണതകളെ ഒഴുക്കിക്കളഞ്ഞെങ്കില് എന്നു വെറുതെ മോഹിക്കുകയുമാവാം.
കൊള്ളക്കാര്‍ പകുത്തെടുക്കുന്ന ഭൂമിയില്‍ നിസ്വരായ മനുഷ്യരുടെ ബന്ധുക്കള്‍ നിരന്തരം അവഹേളിക്കപ്പെടും. പോരാളികള്‍ പുറന്തള്ളപ്പെടും. ശങ്കര്‍ ഗുഹ നിയോഗിയെ വെടിവെച്ചു വീഴ്ത്തിയവര്‍ ബിനായകിനെയും സെയ്ബാനെയും വേട്ടയാടാതിരിക്കുന്നതെങ്ങനെ? കാല് നൂറ്റാണ്ടിനു പിറകില്‍നിന്ന് ഒരു കള്ളക്കേസ് ചികഞ്ഞെടുക്കുന്ന വൈഭവത്തിന് കണ്മുന്നിലെ കൊള്ളയും കൊലപാതകവും കാണാന്‍ ശേഷിയുണ്ടാവില്ല. കൂട്ടക്കൊലയും വംശഹത്യയും അവരെ അസ്വസ്ഥരാക്കുകയുമില്ല. വരാനിരിക്കുന്നത് തീരെ നല്ല നാളുകളാവില്ലെന്നു മാത്രം നാം മനസ്സിലാക്കുക. സെയ്ബാന് രക്താഭിവാദ്യങ്ങള്‍ നേരാം. സെയ്ബാലിനെ വിടൂ ഞങ്ങള്‍ ജനങ്ങള്‍ക്ക് അദ്ദേഹത്തെ വേണം എന്ന് ഒറ്റത്തൊണ്ടയില്‍ വിളിച്ചറിയിക്കുകയുമാവാം.
24 മാര്‍ച്ച് 2016