വിദ്യാഭ്യാസ വായ്പ്പ തിരിച്ചടക്കാനാവാതെ, ജപ്തി ഭീഷണിക്കു മുമ്പില്‍ ഒരാള്‍കൂടി ആത്മഹത്യയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു. ചേര്‍ത്തല നഗരസഭയിലെ ആറാം വാര്‍ഡില്‍ ചെങ്ങണ്ട ചുങ്കത്ത് ഫല്ഗുനന്. മകളുടെ നഴ്സിങ്ങ് പഠനത്തിന് (2007 നവംബറില്‍) 63000 രൂപ മാത്രമാണ് അദ്ദേഹം ലോണെടുത്തത്.
നഴ്സിങ്ങ് കോഴ്സ് പൂര്‍ത്തീകരിച്ച് പുറത്തിറക്കുന്നവര്‍ക്ക് ചെറിയ ഒരു തുകയെങ്കിലും തിരിച്ചടക്കാനാവുന്ന തൊഴില്‍ ലഭിക്കുക എളുപ്പമല്ല. കൂലിപ്പണിക്കാരനായ ഫല്ഗുനനെപ്പോലെ ആയിരക്കണക്കിന് രക്ഷിതാക്കളാണ് വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്. ജപ്തിചെയ്യാന്‍ കിടപ്പാടം പോലും ഇല്ലാത്തതിനാല്‍ ജയിലിലേക്ക് തള്ളപ്പെട്ട ഹൃദ്രോരോഗിയും എഴുപത്തി നാലുകാരനുമായ എന്‍ ടി ജോസഫിന്റെ കഥ നാം മറന്നിട്ടില്ല. വാര്‍ത്താ മാധ്യമങ്ങളും പൊതു സമൂഹവും അറിയാത്ത കഥകള്‍ എത്രയോ ഉണ്ടായിരിക്കണം.
വിസ്മയകരമായ കാര്യം മരണ വിവരം അറിഞ്ഞ മുഖ്യമന്ത്രിയും മറ്റധികാരികളും ഞെട്ടുന്നു എന്നതാണ്. ആത്മഹത്യക്കു ശേഷം ലോണ്‍ എഴുതിത്തള്ളാമെന്ന വാഗ്ദാനം നല്കുകയാണവര്! വായ്പ തിരിച്ചടക്കാത്തവരുടെ ജീവന് മതി അധികാരത്തിന് തൃപ്തിപ്പെടാന്‍ എന്നായിരിക്കുന്നു. 63000 ലോണെടുത്തത് 1,15,241 രൂപയായി പലിശ സഹിതം വളര്‍ന്നു കഴിഞ്ഞിരുന്നു ഫല്‍ഗുനനെ സംബന്ധിച്ച ബാങ്ക് കണക്കില്‍. പ്രയാസപ്പെട്ട് തിരിച്ചടച്ച 18000 രൂപ കണക്കിലെങ്ങും ആശ്വാസം നല്‍കിയില്ല. ഇങ്ങനെ ഫല്ഗുനന്മാര് പ്രയാസപ്പെടുന്നുവെന്ന് മുഖ്യമന്ത്രിയോ ജനാധിപത്യ സര്‍ക്കാറോ അറിയാത്തതെന്ത്?
മരണം മാത്രമേ ചെവിയിലെത്തൂ എന്നായിട്ടുണ്ട്. നിലവിളികള്‍ കേള്‍ക്കില്ല. സഹനങ്ങളറിയില്ല. തുഛമായ ശംബളത്തില്‍ കെട്ടിയിടപ്പെടുന്ന ഞങ്ങള്‍ക്ക് വായ്പ തിരിച്ചടക്കാന്പോലും ആവില്ലെന്ന് ഉറക്കെ കരഞ്ഞ് ആശുപത്രിക്കു മുകളില്‍നിന്ന് എടുത്തുചാടാന്‍ ശ്രമിച്ച പെണ്‍കുട്ടികളുടെ ചിത്രം നമ്മുടെ ഓര്‍മ്മയില്‍ കാണാതിരിക്കില്ല. ഒന്നു സമരം ചെയ്യാന്‍പോലും ശേഷിയില്ലാത്ത വിഭാഗമാണവര്‍. എന്നിട്ടും ചെറുത്തു നില്ക്കുന്നു. ഇപ്പോള്‍തന്നെ കോഴിക്കോട് ജില്ലയിലുള്ള കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ മെഡിക്കല്‍ കോളേജായ മലബാര്‍ മെഡിക്കല്‍ കോളേജിലെ നഴ്സുമാര്‍ സമരരംഗത്താണ്. ഭരണകൂടം അത് അറിഞ്ഞ മട്ടില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങളും അത് കാര്യമാക്കിയിട്ടില്ല. അവരിലൊരാളെങ്കിലും ആത്മഹത്യ ചെയ്താലേ ഞങ്ങളറിയൂ എന്ന ധിക്കാരമാണത്.
രാജ്യത്താകെ വിദ്യാഭ്യാസ വായ്പയുടെ കണക്കില്‍ കുടിശ്ശികയായിട്ടുള്ളത് 5,192 കോടി രൂപയാണ്. 64,900 കോടി രൂപയാണ് മൊത്തം ലോണ്‍ നല്‍കിയിട്ടുള്ളത്. 20015 ജൂലായ് വരെയുള്ള കണക്കാണിത്. പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മുടങ്ങിപ്പോയ തിരിച്ചടവിന്റെ ഭാരം 5,192 കോടിയാണെന്ന് പറയുമ്പോള്‍ ആത്മഹത്യാ മുനമ്പില്‍ നില്ക്കുന്നവരുടെ എണ്ണമാണത് എന്നത് നമ്മെ വേദനിപ്പിക്കുന്നു. അതേസമയം ധനാഢ്യരുടെ ഒരു ലക്ഷത്തി പതിനാലായിരം കോടി രൂപയാണ് നമ്മുടെ ബാങ്കുകള്‍ എഴുതി തള്ളിയിരിക്കുന്നത്. ഒമ്പതിനായിരം കോടി തിരിച്ചടക്കാനുള്ള വിജയ മല്യയും അതിനോടു മത്സരിക്കും വിധം പൊതുമുതലൂറ്റുന്ന മറ്റ് ഇന്ത്യന്‍ കോര്‍പറേറ്റ് മൂര്ത്തികളുമാണ് പൊതു സമൂഹത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കേണ്ട പണം വഴി തിരിച്ചു വിടുന്നത്. വിദ്യാഭ്യാസ രംഗത്ത് പൊതു നിക്ഷേപം വര്‍ദ്ധിപ്പിക്കുകയും ആവശ്യത്തിനും അര്‍ഹതക്കും ഊന്നല്‍ കൊടുക്കുന്ന പ്രവേശന നയം നടപ്പാക്കുകയും ചെയ്തിരുന്നെങ്കില്‍ ഇങ്ങനെ ബാങ്ക് ലോണ്‍ തിരിച്ചടക്കാനാവാതെ ആത്മഹത്യ ചെയ്യേണ്ടി വരുമായിരുന്നില്ല.
വിദ്യാഭ്യാസ രംഗത്ത് പൊതു നിക്ഷേപം കുറയ്ക്കുകയും രാഷ്ട്രത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കു പകരം സ്വകാര്യ മൂലധന മത്സര താല്‍പ്പര്യങ്ങള്‍ സ്ഥാപിക്കുകയും ചെയ്തതാണ് അപകടങ്ങള്‍ക്കു തുടക്കം കുറിച്ചത്. ആവശ്യമുള്ളതിലധികം പ്രൊഫഷനലുകളെ – ഡോക്ടര്‍മാരും നഴ്സുമാരും അധ്യാപകരും എഞ്ചിനീയര്‍മാരും ഫാര്‍മസിസ്റ്റുകളും ഒക്കെ – പടച്ചു വിടുന്ന നയം അരക്ഷിതത്വവും അരാജകത്വവുമാണ് സൃഷ്ടിക്കുന്നത്. വിദ്യയാണ് ധനമെന്നത് തിരിച്ചിട്ട് ധനമാണ് വിദ്യയെന്ന് അത് പഠിപ്പിച്ചിരിക്കുന്നു. കൂലിപ്പണി ചെയ്തും കൃഷി നടത്തിയും അസംഘടിത മേഖലകളില്‍ ചൂഷണങ്ങള്‍ക്കു വിധേയമായും ജീവിക്കുന്നവരില്‍ ശേഷിക്കുന്ന ഊര്‍ജ്ജവും സമ്പത്തും കൊള്ളയടിച്ച് അവരെ ആത്മഹത്യയിലേക്ക് ചവിട്ടിത്തെറിപ്പിക്കുന്ന നയമാണ് ജനാധിപത്യ ഭരണകൂടം നടപ്പാക്കുന്നത്.
സ്വത്ത് കേന്ദ്രീകരിച്ചിരിക്കുന്ന ചെറു ന്യൂനപക്ഷത്തില്‍നിന്ന് ദരിദ്ര ജനകോടികളിലേക്ക് അതൊഴുക്കി വിടാന്‍ സന്നദ്ധമല്ലാത്ത അധികാര വ്യവസ്ഥക്ക് ജനാധിപത്യമെന്ന വാക്ക് ഉച്ചരിക്കാന്‍ അര്‍ഹതയില്ല. ദൗര്‍ഭാഗ്യവശാല്‍ ബഹുഭൂരിപക്ഷത്തിന്റെ സ്വത്ത് ഊറ്റി തിടം വെയ്ക്കാന്‍ കോര്‍പറേറ്റ് കൊള്ളക്കാരെ തുണയ്ക്കുന്ന രാഷ്ട്രീയ കൂട്ടിക്കൊടുപ്പുകാരെ നാം തിരിച്ചറിയുന്നേയില്ല. അഥവാ അവരെ നാം ഭയക്കുന്നു. നമ്മിലൊരാളുടെ ആത്മഹത്യ അവരെ സന്തോഷിപ്പിക്കുന്നുണ്ട്. അതവരുടെ നയത്തിന്റെ വിജയപ്രഖ്യാപനമാണ്. ഓരോരുത്തരായി പാപ്പരാവുമ്പോള്‍ പുതിയ സാമ്പത്തിക നയത്തിന്റെ വിജയ പ്രഖ്യാപനമായി അതു മാറുന്നു.
ജയിലിലയക്കപ്പെടുന്ന ജോസഫുമാരും ആത്മഹത്യക്കു വഴങ്ങുന്ന ഫല്ഗുനന്മാരും ആ വഴിക്കു തുടരാനിരിക്കുന്ന ഒഴുക്ക് സൂചിപ്പിക്കുന്ന പ്രാരംഭാനുഭവങ്ങള് മാത്രമാണ്. അധികാരികള്‍ ഞെട്ടുകയും താല്‍ക്കാലികമായി ആശ്വാസ വാക്കുകള്‍ പുലമ്പുകയും ചെയ്യും. എന്നാല്‍ ഈ ദുരന്തത്തിനിടയാക്കുന്ന നയം തിരുത്തുകയില്ല. ഇത് വിധിയാണ് എന്നു വിശ്വസിപ്പിക്കാന്‍ പഴയ പുരോഹിതന്മാരെക്കാള് വലിയ ദൈവഭക്തി അവര്‍ പ്രകടിപ്പിക്കും. കുടുംബനാഥന് മരിച്ചെങ്കിലും ഒരു ലക്ഷം രൂപ ഞങ്ങള്‍ തന്നില്ലേ വോട്ടു തന്നുകൂടേ എന്നവര്‍ വീട്ടുപടിക്കലെത്തി വീറോടെ ആവശ്യപ്പെടും. മരിച്ചവരുടെ വീട്ടുമുറ്റത്തെല്ലാം അവര്‍ വിജയ പതാക നാട്ടും.
ആളുകളെങ്ങനെ ജീവിക്കുന്നു എന്നറിയാത്തവര്‍ തെരഞ്ഞെടുപ്പടുക്കുമ്പോള്‍ മാത്രം ഖേദിക്കും. തങ്ങള്‍ ദുരിതത്തിലേക്ക് തള്ളിവിട്ടവരെ വരാനിരിക്കുന്ന വികസനം കാട്ടി കൊതിപ്പിക്കും. ജഡത്തില്‍ റീത്തു വെയ്ക്കാനെത്തും. സമരപ്പന്തലില്‍ എത്തില്ല. നഴ്സുമാരുടെ ജീവിതത്തെക്കുറിച്ച് സങ്കടപ്പെടും. അവരുടെ ചെറുത്തു നില്‍പ്പുകളെ പിന്തുണയ്ക്കില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുണ്ട് ആശുപത്രികള്‍, സഹകരണ സ്ഥാപനങ്ങള്‍, വ്യവസായ സംരംഭങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. അവിടെ അസംഘടിതരേ പാടുള്ളു. സംഘടനാബലം രാഷ്ട്രീയ ബലം. രാഷ്ട്രീയ ബലം മൂലധന ബലം.
അസംഘടിതരും പുറന്തള്ളപ്പെടുന്നവരുമായ സഹോദരരേ സ്വപ്നങ്ങളില്‍നിന്ന് ജീവിതത്തിലേക്ക് പോവാം. ചവിട്ടുന്ന കാലുകളെ മുത്തുന്ന സ്നേഹോദാരത അവരര്‍ഹിക്കുന്നില്ല. ചവിട്ടിത്തകര്‍ത്തു പാത വെട്ടേണ്ട കാലത്ത് അതു ചെയ്യണമെന്ന് ഇടശ്ശേരി എന്ന കവി പാടിയത് ഓര്‍ത്തുപോകുന്നു.
19 മാര്‍ച്ച് 2016