Article POLITICS

മന്ത്രി പുംഗവരേ, ഈ ഭൂമി നിങ്ങളുടെ തറവാട്ടുമുതലല്ല

 

poabs-group

 


കേരളത്തില്‍ രണ്ടര ലക്ഷത്തിലേറെ കുടുംബങ്ങളാണ് വീടുവെയ്ക്കാന്‍ ഭൂമിയില്ലാതെ കഷ്ടപ്പെടുന്നത്. മിച്ചഭൂമി കിട്ടുന്ന മുറയ്ക്ക് അളന്നു നല്‍കാം എന്ന വാഗ്ദാനത്തിന് നാലര പതിറ്റാണ്ടിന്റെയെങ്കിലും പ്രായമുണ്ട്. അവര്‍ വില്ലേജാപ്പീസുകള്‍ കയറിയിറങ്ങിക്കൊണ്ടേയിരിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല കാലങ്ങളിലായി സമരപ്പന്തലുകള്‍ ഉയരുകയും ദാരിദ്ര്യം കൊണ്ട് നുരുമ്പിച്ച് അവ തകരുകയും ചെയ്തുകാണും. ഭൂരഹിതരുടെയും ഭവന രഹിതരുടെയും പ്രക്ഷീണമായ മുദ്രാവാക്യം കേരളത്തിന്റെ ആകാശത്തുനിന്ന് മാഞ്ഞുപോയിട്ടില്ല.

എവിടെനിന്നാണ് മിച്ചഭൂമിയുണ്ടാവേണ്ടത്? ദരിദ്ര ലക്ഷങ്ങള്‍ക്ക് വീടുവെയ്ക്കാന്‍ ഭൂമിയുമായി ഒരവതാരവും വരാനില്ല. ഭൂമി ഇവിടെത്തന്നെയുണ്ട്. അതൊന്ന് അടയാളപ്പെടുത്തി അവകാശപ്പെട്ടവന് വീതിച്ചു നല്‍കാന്‍ ശേഷിയും പ്രതിബദ്ധതയുമുള്ള ഗവണ്‍മെന്റ് വന്നുചേരുന്നില്ല. മിച്ചഭൂമി കാണിച്ചു തരൂ എന്ന് അധികാരികള്‍ ദയനീയമായി വിലപിച്ചു കേള്‍ക്കാറുണ്ട്. ഭൂരഹിതരുടെ വിലാപത്തെക്കാള്‍ ഉച്ചത്തില്‍ മുഴങ്ങുന്നത് മിക്കപ്പോഴും ഈ നിസ്സഹായതയാണ്.

കേരളത്തിലെ ഭൂനിയമം പാതി വഴിയില്‍ സ്തംഭിച്ചുപോയതെങ്ങനെയാണ്? രണ്ടാമതൊരു ഭൂപരിഷ്‌ക്കരണത്തെക്കുറിച്ച് ഓര്‍ക്കാന്‍പോലും അശക്തരാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. കൃഷിഭൂമി, തോട്ടം ഭൂമി, വ്യവസായ ഭൂമി, പാര്‍പ്പിട ഭൂമി എന്നിങ്ങനെ ഭാവി പരിഗണനകള്‍കൂടി മുന്‍നിറുത്തി വേര്‍തിരിച്ചെടുക്കാനോ അവയുടെ വിനിയോഗവും വിനിമയവും സംബന്ധിച്ച ചട്ടമുണ്ടാക്കാനോ ഭരണാധികാരികള്‍ തുനിഞ്ഞിട്ടില്ല. അധികഭൂമി കൈവശം വെച്ചിരിക്കുന്നവരെ ഭൂപരിഷ്‌ക്കരണ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തി അധിക ഭൂമി അവരില്‍നിന്ന് പിടിച്ചെടുക്കാന്‍ കാര്യമായ ശ്രമം നടക്കുന്നില്ല. പതിനഞ്ചേക്കറിലേറെ ഭൂമി കൈവശമുണ്ടായിക്കൂടാ എന്ന നിയമമൊക്കെ ഇപ്പോള്‍ ആര്‍ക്കും ലംഘിക്കാമെന്ന മട്ടാണ്. യഥാര്‍ത്ഥത്തില്‍ ജനസംഖ്യാ വര്‍ദ്ധനവുകൂടി കണക്കിലെടുത്താല്‍ പതിനഞ്ചെന്നത് പത്തോ അഞ്ചോ ആയി ചുരുക്കിക്കൊണ്ടു വരാവുന്നതാണ്. ബാക്കിയുള്ളത് മിച്ചഭൂമിയായി പരിഗണിച്ച് ഭൂരഹിതര്‍ക്ക് ഏറ്റെടുത്തു നല്‍കണം.

അതൊരു കടുത്ത നിലപാടായി തോന്നുന്നവരുണ്ടാകാം. അമ്പതുകള്‍ക്കൊടുവില്‍ പതിനഞ്ചേക്കറെന്നു പരിധി നിശ്ചയിക്കുമ്പോള്‍ നടുങ്ങിപ്പോയവര്‍ വളരെയുണ്ട്. അതു പക്ഷെ, കേരളീയ ജീവിതത്തെ അടിമുടി മാറ്റിയെന്ന് ഇന്നു നമുക്കറിയാം. ഇപ്പോള്‍ എല്ലായിടത്തും സ്വന്തംപേരിലും ബിനാമി പേരിലും ഭൂമി വാങ്ങി കൂട്ടുന്നവര്‍ ഭൂ പരിഷ്‌ക്കരണ നിയമത്തെക്കുറിച്ചു വേവലാതിപ്പെടുന്നേയില്ല. വികസനം എന്ന മാന്ത്രിക പദമുരുവിട്ടാല്‍ ഭൂരഹിതരും ദരിദ്രരുമായ മനുഷ്യര്‍ അതു സഹിച്ചേ പറ്റൂ. ഭൂനിയമം വന്ന കാലത്ത് പരിധിയിളവ് ലഭിച്ച പതിനായിരക്കണക്കിന് ഏക്കര്‍ തോട്ടങ്ങള്‍ പരന്നൊഴുകി ലക്ഷക്കണക്കിന് ഏക്കറായി വളര്‍ന്നിരിക്കുന്നു. വനഭൂമി ഏതെന്നോ മിച്ചഭൂമി ഏതെന്നോ തിരിച്ചറിയാനാവുന്നില്ല. കണ്ടെത്തിയതു തന്നെ തിരിച്ചെടുക്കാന്‍ ജനാധിപത്യ ഗവണ്‍മെന്റിനു പ്രാപ്തിയുമില്ല. മൂന്നാര്‍ ഓപറേഷനില്‍ നാം അതാണ് കണ്ടത്. ഏറ്റെടുത്ത് ഗവണ്‍മെന്റ് ബോര്‍ഡ് വെച്ച ഭൂമിതന്നെ എസ്റ്റേറ്റ് മുതലാളിമാരുടെ വേലിക്കകത്തേക്ക് തിരിച്ചുപോയി. അനങ്ങിയില്ല സര്‍ക്കാര്‍!

അഞ്ചു വര്‍ഷം ഭരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്ന ഒരു സര്‍ക്കാര്‍ ഇറങ്ങിപ്പോകുന്നത് നോക്കൂ. പെരുമാറ്റ ചട്ടം വരുംമുമ്പുള്ള ഒടുവിലത്തെ കാബിനറ്റ് യോഗത്തില്‍, ആറു പതിറ്റാണ്ടു കാലത്തിനിടെ നമ്മുടെ സംസ്ഥാന നിയമസഭ ചര്‍ച്ച ചെയ്ത് അംഗീകരിച്ച പ്രധാനപ്പെട്ട നിയമങ്ങളുടെ ലംഘനത്തിനായിരുന്നു തിടുക്കം! മെത്രാന്‍ കായലില്‍ 378 ഏക്കറും കടമക്കുടിയില്‍ 47 ഏക്കറും വൈക്കം ചെമ്പില്‍ 150 ഏക്കറും നികത്തി പദ്ധതികളാരംഭിക്കാനാണ് അനുവാദം നല്‍കിയത്. കേരള ഭൂ പരിഷ്‌ക്കരണ നിയമവും നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമവും പരിസ്ഥിതി ചട്ടങ്ങളുമാണ് ലംഘിക്കപ്പെട്ടത്. കുമരകം മെത്രാന്‍ കായല്‍ പാടശേഖരത്തില്‍ ഇക്കോ ടൂറിസം പദ്ധതിയും കടമക്കുടിയില്‍ മെഡി സിറ്റി പദ്ധതിയും വൈക്കത്ത് സമൃദ്ധി വില്ലേജ് പദ്ധതിയുമായിരുന്നു നിര്‍ദ്ദേശിക്കപ്പെട്ടത്. കെ പി സി സി പ്രസിഡണ്ടുതന്നെ എതിരാണെന്നു വന്നപ്പോള്‍ മെത്രാന്‍ കായല്‍, കടമക്കുടി പദ്ധതികള്‍ ഉപേക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് നിര്‍ബന്ധിതമായി.

അതേ മന്ത്രിസഭാ യോഗം നെല്ലിയാമ്പതിയിലെ പോബ്‌സ് ഗ്രൂപ്പിന്റെ കൈവശമുള്ള 833 ഏക്കര്‍ കരുണ എസ്റ്റേറ്റിന്റെ നികുതി സ്വീകരിക്കാനും തീരുമാനിച്ചു. ഒരു വില്ലേജാപ്പീസറുടെ തീരുമാനത്തിനു വിടേണ്ട കാര്യമാണ് മന്ത്രിസഭായോഗം കണക്കിലെടുത്തത്! ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് കോടതിയില്‍ നിലനില്‍ക്കുകയാണ്. ഭൂമിയില്‍ പോബ്‌സ് ഗ്രൂപ്പിന് ഒരധികാരവുമില്ല എന്നാണ് ഗവണ്‍മെന്റ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്. പെട്ടെന്ന് പോബ്‌സിനോട് ഒരനുകമ്പ പൊട്ടിപ്പുറപ്പെടാന്‍ കാരണമെന്താണാവോ! ഭൂപരിഷ്‌ക്കരണ നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷമാണ് നൂറുകണക്കിന് ഏക്കര്‍ ഇക്കൂട്ടര്‍ വാങ്ങിക്കൂട്ടിയത്. നിയമത്തിന്റെ നഗ്നമായ ലംഘനമാണത്. 1970 മുതല്‍ സര്‍ക്കാറില്‍ നിക്ഷിപ്തമായ ഭൂമിയുടെ നികുതിയടയ്ക്കാനാണ് മന്ത്രിസഭായോഗം പോബ്‌സിന് അനുവാദം കൊടുത്തിരിക്കുന്നത്. മിച്ചഭൂമി കാത്തിരിക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളെ ഓര്‍ക്കാന്‍ ജനാധിപത്യ ഭരണകൂടത്തിന് കഴിയാതെപോയി. 2014 ജൂലായ് 14ന് അന്നത്തെ ലാന്റ് ബോര്‍ഡ് സെക്രട്ടറിയായിരുന്ന പി മേരിക്കുട്ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പോബ്‌സിന്റെ കൈവശമുള്ള ഭൂമി സര്‍ക്കാറില്‍ നിക്ഷിപ്തമാവേണ്ടതാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നിയമങ്ങളെല്ലാം നിന്ന നില്‍പ്പില്‍ റദ്ദാവുകയോ സ്വയം ഉരുകിത്തീരുകയോ ചെയ്യുകയാവണം! ആരെ രക്ഷിക്കാനാണിത് ? പൗരജനതയുടെ ക്ഷേമത്തിന് മുന്‍കാലങ്ങളില്‍ കൊണ്ടുവന്ന നിയമങ്ങളെ വിലവെയ്ക്കാന്‍ തയ്യാറല്ല ഭരണാധികാരികള്‍. നിയമവ്യവസ്ഥയെ പരിഹസിക്കുകയാണവര്‍. നിരക്ഷരരായ മനുഷ്യരല്ല നിയമലംഘനം നടത്തുന്നത്. അതിന് കാവല്‍ നില്‍ക്കേണ്ടവര്‍ തന്നെയാണ്. ജനതയെ പണയംവെച്ച് അവര്‍ തൃപ്തിപ്പെടുത്തുന്നത് ഏത് ദൈവങ്ങളെയാണ്? അതിന്റെ ഒറ്റുകാശ് വീതംവെക്കുന്നത് ആരൊക്കെയാണ്?

മണല്‍ മാഫിയ, വനം മാഫിയ, ക്വാറി മാഫിയ, ഭൂമാഫിയ എന്നിങ്ങനെ ജനങ്ങള്‍ക്കു ഭയപ്പെടേണ്ട ഭീകര രൂപികളുടെ നിര പെരുകുന്നു. വിഷം വിതയ്ക്കുന്നവരും മാലിന്യം വിതറുന്നവരും വേറെയുമുണ്ട്. ജനങ്ങളുടെ സുരക്ഷിത ജീവിതത്തിനുമേല്‍ ഇരമ്പിപ്പെയ്യുന്ന പാതകങ്ങളുടെ തമ്പുരാന്മാര്‍ക്ക് കൂട്ടിന് ജനാധിപത്യത്തിന്റെ പതാകയുണ്ട്. അത് തിരികെ വാങ്ങാന്‍, കരുത്തു കാട്ടുമോ സമരകേരളം?

11 മാര്‍ച്ച് 2016

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )