Article POLITICS

മൊടക്കല്ലൂരിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ക്കണം

 

mcc nurses 2

കോഴിക്കോട് ജില്ലയിലെ മൊടക്കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ മെഡിക്കല്‍ കോളേജിലെ നൂറ്റിയറുപതോളം നേഴ്‌സുമാര്‍ പതിനാലു ദിവസമായി സമരത്തിലാണ്. യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. അടിസ്ഥാന അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പ്രക്ഷോഭത്തെ എല്ലായിടത്തുമെന്നപോലെ കള്ളക്കേസെടുത്തും പുറത്താക്കല്‍ ഭീഷണി മുഴക്കിയുമാണ് മാനോജ്‌മെന്റ് നേരിടുന്നത്. ട്രേഡ് യൂനിയന്‍ രംഗത്തെ വല്യേട്ടന്മാര്‍ക്കും ഈ സമരം സുഖിച്ചിട്ടില്ല. പലവിധ ഭീഷണികളുമായി അവരും രംഗത്തുണ്ട്. ഞങ്ങളുണ്ടല്ലോ ഇവിടെ ഞങ്ങളോട് അന്വേഷിക്കാതെ യൂനിയനുണ്ടാക്കാനും സമരം ചെയ്യാനുമൊക്കെ ഇവരാരാണ് എന്ന മുറുമുറുപ്പുമുണ്ട്. വിപ്‌ളവ പ്രസ്ഥാനത്തിന്റെ ഒരു നേതാവ് മാനേജ്‌മെന്റിന്റെ ദൗത്യവുമായി സമരപ്പന്തലിലെത്തി ഭീഷണിപ്പെടുത്തിയതായും സമരക്കാര്‍ പരാതിപ്പെടുന്നു.

കഴിഞ്ഞ നവംബര്‍ 14ന് നഴ്‌സസ് അസോസിയേഷന്‍ തങ്ങളുടെ അവകാശ പത്രിക മാനേജ്‌മെന്റിനും ലേബര്‍ ഡിപ്പാര്‍ട്ടുമെന്റിനും സമര്‍പ്പിച്ചിരുന്നു. പി എഫ് , ഇ എസ് ഐ, മിനിമം വേതനം, ബോണസ്, പ്രസവാവധി, യൂനിഫോം അലവന്‍സ് തുടങ്ങിയ വിഷയങ്ങളിലെല്ലാം പരിഹാരംകാണേണ്ടതുണ്ടായിരുന്നു. നവംബര്‍ 28ന് റീജിനല്‍ ലേബര്‍ കമ്മീഷനറുടെ സാന്നിദ്ധ്യത്തില്‍ ഒരൊത്തു തീര്‍പ്പു ചര്‍ച്ച നടന്നു. ഒരു മാസത്തിനകം മുഴുവന്‍ ജീവനക്കാര്‍ക്കും 3500 രൂപ ബോണസ് നല്‍കാമെന്നും 1500 രൂപ യൂനിഫോം അലവന്‍സ് നല്‍കാമെന്നും മാനേജ്‌മെന്റ് സമ്മതിച്ചു. ശംബളം മാസങ്ങളോളം വൈകി നല്‍കുന്ന രീതി വിട്ട് എല്ലാ മാസവും അഞ്ചാം തീയതിക്കു മുമ്പ് നല്‍കാമെന്നും ഉറപ്പു നല്‍കി. എന്നാല്‍ , ഈ ഉറപ്പുകളെല്ലാം മാനേജ്‌മെന്റ് ലംഘിച്ചതോടെ നിസ്സഹകരണ സമരം ആരംഭിക്കേണ്ടി വന്നുവെന്ന് നഴ്‌സുമാര്‍ പറയുന്നു.

ഈ ഘട്ടത്തില്‍ യുനിഫോം ധരിച്ചില്ലെന്ന കാരണം പറഞ്ഞ് രണ്ടു നഴ്‌സുമാരെ ജോലിയില്‍നിന്നു പുറത്താക്കി. ഇത് അന്വേഷിക്കാന്‍ ചെന്ന യുനിയന്‍ പ്രസിഡണ്ടു് ശ്രീമേഷിനെ സസ്‌പെന്റ് ചെയ്യുകയും വധശ്രമമെന്ന കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു. സംഘടനാ രൂപീകരണത്തിന് നേതൃത്വം നല്‍കിയ ആളെന്ന നിലയില്‍ നേരത്തേ മുതല്‍തന്നെ മാനേജ്‌മെന്റിന്റെ കണ്ണിലെ കരടായിരുന്നു ശ്രീമേഷ്. നഴ്‌സുമാരുടെ ന്യായമായ ആവശ്യങ്ങള്‍ അനുവദിക്കാമെന്ന് ലേബര്‍ ഓഫീസറുടെ മുന്നില്‍ അംഗീകരിച്ച് ഒപ്പിട്ടുപോന്ന മാനേജ്‌മെന്റ്, നഴ്‌സുമാരുടെ സംഘടന പൊളിച്ചു തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് ശ്രമിച്ചത്. തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തിറങ്ങിയ നൂറ്റിയറുപതു തൊഴിലാളികളില്‍ ഇരുപത് പേരെക്കൂടി പുറത്താക്കാനുള്ള ഉത്തരവിറക്കി ഇപ്പോള്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. സമരം ഇതോടെ ക്ഷീണിക്കുകയല്ല പൂര്‍വ്വാധികം ശക്തിപ്പെടുകയാണുണ്ടായത്.

സംസ്ഥാനത്തെ മിക്ക സ്വകാര്യ ആശുപത്രികളിലും വലിയ ചൂഷണത്തിന് വിധേയമാകുന്നവരാണ് നഴ്‌സുമാര്‍. നഴ്‌സിങ്ങ് കോഴ്‌സു കൂടി നടത്തുന്ന മിക്ക സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികളെക്കൊണ്ട് ജോലി ചെയ്യിക്കുന്ന പതിവുണ്ട്. വേണ്ടത്ര പരിശീലനം കിട്ടുകയോ കോഴ്‌സ് പൂര്‍ത്തിയാക്കുകയോ ചെയ്തിട്ടില്ലാത്ത വിദ്യാര്‍ത്ഥികളാണ് സമരരംഗത്തുള്ളവര്‍ക്കു പകരമായി ഇപ്പോള്‍ മൊടക്കല്ലൂരിലെ മെഡിക്കല്‍കോളേജിലും തൊഴിലെടുക്കുന്നത്. തൊഴിലാളി വിരുദ്ധ സമീപനം മാത്രമല്ല രോഗികളുടെ അവകാശങ്ങളുടെ നിഷേധം കൂടിയാണ് അവിടെ നടക്കുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ കേരളത്തില്‍ സജീവ ചര്‍ച്ചയാണ്. ഒട്ടേറെ സമരങ്ങള്‍ നടന്നുകഴിഞ്ഞു. ആത്മഹത്യാ ശ്രമങ്ങളും കടുത്ത പ്രതിഷേധങ്ങളും സംഘര്‍ഷ നിര്‍ഭരമായ അവസ്ഥ സൃഷ്ടിച്ചിരുന്നു. ഗവണ്‍മെന്റിനെ ഇതൊന്നും കാര്യമായി സ്വാധീനിച്ചില്ല എന്നുവേണം കരുതാന്‍. വലിയ തോതില്‍ കച്ചവടത്തിനു പുറപ്പെടുന്ന സ്ഥാപനങ്ങളെ നിലവിലുള്ള നിയമങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍ പോലും സര്‍ക്കാറിന്റെ തൊഴില്‍ വകുപ്പിന് സംവിധാനങ്ങളില്ല. പഠിക്കാന്‍ വേണ്ടി ബാങ്ക് ലോണിനെ ആശ്രയിച്ച വിദ്യാര്‍ത്ഥികള്‍ ഒരു ജോലി കിട്ടിയിട്ടും കടം അടച്ചു തീര്‍ക്കാനാവാതെ ക്ലേശിക്കുന്നു. മിനിമം വേതനം ഉറപ്പാക്കാനും അതു നല്‍കുന്നുണ്ടോ എന്നു പരിശോധിക്കാനും ചുമതലപ്പെട്ടവര്‍ എന്തുചെയ്യുകയാണ്?

അത്തോളി പഞ്ചായത്തിലെ മൊടക്കല്ലൂരിലെ മലബാര്‍ മെഡിക്കല്‍ കോളേജിന് വേറെയുമുണ്ട് ചില പ്രത്യേകതകള്‍. നിയമാനുസരണം പഞ്ചായത്ത് അനുമതിയോടെയും മാലിന്യ സംസ്‌ക്കരണ ഉപാധികളോടെയും ആരംഭിച്ചതല്ല ഈ സ്ഥാപനം എന്ന ആക്ഷേപമുണ്ട്. പഞ്ചായത്തിന്റെ അനുമതിയും നംബറും ലഭിക്കുക എന്നതിന് ആ നാട്ടുകാരുടെ ആശങ്കകളകറ്റുക എന്ന പ്രാഥമിക ദൗത്യം നിര്‍വ്വഹിക്കപ്പെട്ടു എന്നാണര്‍ത്ഥം. പക്ഷെ, അങ്ങനെ ഉണ്ടായില്ല. എല്ലാം ഗ്രീന്‍ ചാനല്‍ വഴി ജനങ്ങളുടെയും ജനാധിപത്യ സംവിധാനങ്ങളുടെയും തലയ്ക്കു മുകളിലൂടെ നടക്കും എന്നതാണല്ലോ അവസ്ഥ. ജനങ്ങളെ സേവിക്കുക എന്ന പരമമായ ലക്ഷ്യത്തിനാണ് ആശുപത്രി തുടങ്ങുന്നതെന്ന് ആരൊക്കെയോ നമ്മെ വിശ്വസിപ്പിക്കുന്നുണ്ട്. മൊടക്കല്ലൂരിലെ മലയില്‍ ഇരുപത്തിയഞ്ചിലേറെ ഏക്കര്‍ സ്ഥലം കൈവശമായതെങ്ങനെയെന്നോ അവിടെ നിയമാനുസൃതമായ നടപടികളൊന്നും പൂര്‍ത്തീകരിക്കാതെ കെട്ടിട സമുച്ചയം ഉയര്‍ന്നതെങ്ങനെയെന്നോ ആരും അന്വേഷിക്കുന്നില്ല. വികസനം എന്ന മാന്ത്രിക പദം ഉരുവിട്ടാല്‍ പിന്നെ ചോദ്യങ്ങളരുത് എന്നാണ് പുതിയ വിശ്വാസം. രാഷ്ട്രീയ നേതാക്കളെല്ലാം അതാണ് പഠിപ്പിക്കുന്നത്. സമരങ്ങളിലൂടെ വളര്‍ന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവാണ് സമരം ചെയ്താല്‍ ജനങ്ങളെതിരാവുമെന്നും ഉള്ള ജോലിപോലും നഷ്ടമാകുമെന്നും തൊഴിലാളികളെ ഭീഷണിപ്പെടുത്തിയത്.

ആശുപത്രിയില്‍നിന്നു പുറന്തള്ളുന്ന മാലിന്യങ്ങള്‍ സംബന്ധിച്ചു ചുറ്റുമുള്ള ജനങ്ങള്‍ക്ക് വലിയ ആശങ്കകളാണുള്ളത്. എട്ടു വര്‍ഷം മുമ്പ് ആശുപത്രി ആരംഭിക്കുന്ന കാലത്തു തന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തു. പ്രധാന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയെല്ലാം വരുതിയില്‍ നിര്‍ത്തിയാണത്രെ പ്രതിഷേധം തണുപ്പിച്ചത്. അഗ്നിശമന സുരക്ഷാ സംവിധാനങ്ങളോ മാലിന്യ സംസ്‌ക്കരണ പ്ലാന്റുകളോ തൊഴിലാളികളുടെ തൊഴില്‍ സുരക്ഷയോ ഉറപ്പാക്കാത്ത സ്ഥാപനത്തില്‍ രോഗികള്‍ക്കു ലഭിക്കേണ്ട പരിപാലനം അതീവ ജാഗ്രതയോടെയാവുമെന്ന് എങ്ങനെ ഉറപ്പിക്കും? ഇക്കാര്യങ്ങളിലെല്ലാം തങ്ങള്‍ സ്വീകരിച്ച നിലപാടുകളും നടപടിക്രമങ്ങളും ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത ആശുപത്രി മാനേജ്‌മെന്റിനുണ്ട്.

ഒരാശുപത്രിയില്‍ രോഗികള്‍ക്ക് ഏറ്റവും ആശ്വാസം നല്‍കുന്ന സാന്നിദ്ധ്യം നഴ്‌സുമാരുടേതാണ്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നത് രോഗികളോടും പൊതു സമൂഹത്തോടുമുള്ള കടമ നിര്‍വ്വഹിക്കുന്നതിന്റെ ഭാഗമായാണ് കാണേണ്ടത്. വൈകിയാണെങ്കിലും മാനേജ്‌മെന്റ് ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. രാജ്യത്തെ നിയമങ്ങളെയും തൊഴിലാളികളുടെയും രോഗികളുടെയും അവകാശങ്ങളെയും ദയാരഹിതമായ ലാഭേച്ഛാ മത്സരത്തിനിടയില്‍ നിസ്സാരമാക്കി അവഗണിക്കുന്നത് വലിയ വിപത്തുകള്‍ ക്ഷണിച്ചു വരുത്തലായിരിക്കും.

7 മാര്‍ച്ച് 2016

mcc nurses

1 അഭിപ്രായം

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )