ഒരു ജനതയെ കുലുക്കിയുണര്‍ത്താന്‍ പൊട്ടിത്തെറിക്കുകയാണ് ക്ഷോഭിക്കുന്ന യുവത്വം. അവിചാരിതമായി കൈവന്ന ദൈവവിളിയല്ല അത്. അതിജീവനം പ്രയാസകരമാകുന്ന ഇന്ത്യനവസ്ഥയില്‍ ഇടഞ്ഞും പിണങ്ങിയും പ്രതിഷേധിച്ചും പൊരുതിയും പുറത്തിറങ്ങുന്ന ജനസമൂഹങ്ങളുടെ അനുഭവകാലമാണ് കാമ്പസുകളെ ചൂടു പിടിപ്പിക്കുന്നത്. അംഗീകൃത നേതൃത്വങ്ങള്‍ അവഗണിക്കുന്നതോ ചെപ്പടി വിദ്യകള്‍കൊണ്ട് മാറ്റിക്കളയാമെന്ന് മോഹിക്കുന്നതോ ആയ വ്യസനങ്ങളെ ധീരമായി അഭിസംബോധന ചെയ്യുകയാണ് നമ്മുടെ വിദ്യാര്‍ത്ഥികള്‍. അവരെ നാം അഭിവാദ്യം ചെയ്യുന്നു.
എണ്‍പതുകള്‍ക്കു ശേഷം ശക്തിപ്പെട്ട നവലിബറല്‍ പരിഷ്ക്കാരങ്ങള്‍ ജീവിതത്തിന്റെ എല്ലാ ക്ഷേമ സാദ്ധ്യതകളെയും വന്ധ്യംകരിക്കുകയായിരുന്നു. ധനകേന്ദ്രീകൃതമായ മോഹരാജ്യങ്ങളും ലാഭേച്ഛാ മത്സരങ്ങളും മനുഷ്യത്വത്തെ ഇല്ലായ്മ ചെയ്യാനുള്ള യജ്ഞങ്ങളായി. ആദ്യകാല മുതലാളിത്തത്തിന്റെ വ്യവസായശാലകള്‍ ഒന്നൊന്നായി അടച്ചുതീര്‍ത്തു. പരമ്പരാഗത തൊഴില്‍മേഖലയെ തുറന്ന കമ്പോളങ്ങള്‍ നവലിബറല്‍ ഉത്പ്പന്ന പ്രവാഹത്തില്‍ മുക്കിക്കൊന്നു. കൃഷിയിടങ്ങളും നീര്‍ത്തടങ്ങളും പുത്തന്‍ സാമ്പത്തിക വിനിമയങ്ങളുടെ കളിനിലങ്ങളായി. മലകള്‍ തുരന്നും നദികളൂറ്റിയും കോര്‍പറേറ്റുകള്‍ മാത്രം തടിച്ചു തിടംവെച്ചു. എല്ലായിടത്തും പുറന്തള്ളപ്പെടുന്നവരുടെ നിര ജനാധിപത്യത്തിന് വോട്ടു ചെയ്യുന്നവരുടെ നിരകളേക്കാള്‍ നീളമുള്ളതായി.
ദൗര്‍ഭാഗ്യകരവും ദയാരഹിതവുമായ ഈ കോര്‍പറേറ്റ് അധിനിവേശങ്ങളെ പഴയ കൊളോണിയല്‍ അധിനിവേശ കാലത്തെന്നപോലെ തരാതരം പ്രീണിപ്പിച്ചും മധുരം നുണഞ്ഞും അന്യോന്യ കലഹത്തില്‍ പങ്കു ചേര്‍ത്തും നടുവളച്ചുനിന്നു നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍! ജനങ്ങളെ വിഭജിച്ചുള്ള അധികാര പ്രയോഗം ചരിത്ര പുസ്തകം പഠിപ്പിക്കുന്നതുപോലെ കൊളോണിയല്‍ കാലത്തിന്റെ കണ്ടു പിടുത്തമല്ല. അത് ജാതിവിവേചനത്തിന്റെ സ്മൃതി സംഹിതകള്‍ നല്കിയ ബ്രാഹ്മണാധിപത്യത്തിന്റെ ശേഷിപ്പാണ്. ചാതുര്‍വര്‍ണ്യത്തിന്റെ സുവര്ണാനുഭവങ്ങളിലേക്ക് മടങ്ങണമെന്നും അതിനനുകൂലമായി നമ്മുടെ ഭരണഘടനയെത്തന്നെ പുനസംവിധാനം ചെയ്യണമെന്നും മോഹമുള്ള ആര്‍ത്തിമൂത്ത യാഥാസ്ഥിതിക രാഷ്ട്രീയം നവ കോര്‍പറേറ്റ് അധിനിവേശ ശക്തികളുമായി സഖ്യത്തിലെത്തുകയാണ്. നൂറ്റാണ്ടുകളായി ജാതീയവും സാമുദായികവുമായ വിവേചന ഭീകരതയനുഭവിക്കുകയും വേട്ടയാടപ്പെടുകയും ചെയ്തവര്‍ നടുനിവര്ത്തിത്തുടങ്ങിയെന്ന് ജനാധിപത്യ വ്യവഹാരങ്ങള്‍ നമ്മെ ആനന്ദിപ്പിച്ചിരുന്നു. പക്ഷെ, അത്രയുമൊരു അനുഭവശേഷിയുള്ള ജനാധിപത്യം നമുക്ക് അപരിചിതമാണ്. കീഴാള ദളിത് സമൂഹങ്ങളെയും ഇതര പ്രാന്തവല്കൃത വിഭാഗങ്ങളെയും അധികാര സാമ്രാജ്യത്തിന് പുറത്തേക്ക് മറ്റൊരു നിരയായി തള്ളിവിടുകയാണ് പുതിയ ഭരണം.
പിന്നെ ആരൊക്കെയാണ് ഈ രാജ്യത്ത് അവശേഷിക്കേണ്ടത്? അഥവാ ആരുടേതാണ് ഈ രാജ്യം? ആരുടെ താല്‍പ്പര്യമാണ് രാജ്യതാല്പ്പര്യമാവുക? ബ്രാഹ്മണിക്കല്‍ സംഘപൗരോഹിത്യവും കോര്‍പറേറ്റ് രാജാക്കന്മാരും ചേര്‍ന്ന ആദര്‍ശാത്മക രാമരാജ്യമാണോ ഇത്? പഴയ നാട്ടുരാജാക്കന്മാരുടേയും അവരുടെ മാടമ്പിമാരുടെയും മുഷ്ക്കും ധാര്‍ഷ്ട്യവും രാജ്യത്തെങ്ങും നായാട്ടു നീതി നടപ്പാക്കിത്തുടങ്ങിയിരിക്കുന്നു. നവവരേണ്യവാദവും നവ ഉദാരവാദവും ചേരുംപടി ചേര്‍ത്താണ് പുതിയ സാധൂകരണങ്ങളെല്ലാം രൂപപ്പെടുന്നത്. ഭൂവുടമകള്‍ അവര്‍, പൊതു ഇടങ്ങള്‍ അവരുടേത്, ആരാധനാലയങ്ങള്‍ അവരുടേത്, നിയമവും നിയമപാലകരും അവര്‍തന്നെ.
ദീര്‍ഘദീര്‍ഘമായ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ ചരിത്രമുണ്ട് നമുക്ക്. മഹത്തായ ത്യാഗങ്ങളുടെ പാരമ്പര്യം. ജനാധിപത്യം എന്ന വാക്ക് അതോര്മ്മിപ്പിക്കേണ്ടതാണ്. സമത്വം എക്കാലത്തും നമ്മുടെ ലക്ഷ്യമാണ്. കുട്ടികള്‍ ഇപ്പോഴത് നമ്മെ, പുറന്തള്ളപ്പെടുന്ന ജനതയെ ഓര്‍മ്മിപ്പിക്കുകയാണ്. ദാരിദ്ര്യത്തില്‍നിന്നും ജാതിവിവേചനത്തില്‍നിന്നും സകല മര്ദ്ദനങ്ങളില്നിന്നുമുള്ള സ്വാതന്ത്ര്യം വേണം. ബ്രാഹ്മണിക്കല്‍ വിവേചന ഭീകരതയോടും കോര്‍പറേറ്റ് ചൂഷണത്തോടും രാജിയാകാനാവില്ല. ഇന്ത്യയില്‍നിന്നുള്ള സ്വാതന്ത്ര്യമല്ല, ഇന്ത്യയ്ക്കകത്തെ സ്വാതന്ത്ര്യമാണ് പറയുന്നതെന്ന് കനയ്യ കുമാര്‍ അടിവരയിടുന്നു.
നവ അധിനിവേശ ശക്തികളുടെയും അവരുടെ കാര്യസ്ഥന്മാരുടേയും ഇന്ത്യയാണോ അതോ നിസ്വരുടെയും പുറന്തള്ളപ്പെടുന്നവരുടെയും ഇന്ത്യയാണോ സംരക്ഷിക്കപ്പെടേണ്ടത്? ആരുടെ താല്‍പ്പര്യമാണ് രാജ്യസ്നേഹമാവുക? ഉയര്‍ന്നു വരുന്ന ഇത്തരം ചോദ്യങ്ങളെ കാമ്പസുകളില്‍നിന്നു ഇറക്കിവിടാനാവുമോ? മനുഷ്യരുടെ പുരോഗതിയാണ് എല്ലാ പഠനത്തിന്റെയും അടിസ്ഥാനവും ലക്ഷ്യവും. ഏത് മനുഷ്യരുടെയെന്നോ ഏതു രാജ്യതാല്പ്പര്യത്തിന്റെയെന്നോ പുതിയ ചോദ്യങ്ങളുയരുകയാണ്. അഥവാ ഭരണക്കാര്‍ അതുയര്ത്തുകയാണ്. പുറന്തള്ളപ്പെടുന്നവരുടെ അഥവാ ഭൂരിപക്ഷ ജനതയുടെ പിടച്ചിലുകളെ ചവിട്ടിയരയ്ക്കാന്‍ കാമ്പസുകളെ കീഴ്പ്പെടുത്തുകയും നിശബ്ദമാക്കുകയും ചെയ്യണമെന്ന് അവര്‍ക്കറിയാം. ചെന്നൈ ഐ ഐ ടിയിലും പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലും ഹൈദ്രാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയിലും ജെ എന്‍ യുവിലും അലഹബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയിലും എന്താണ് നടന്നത് എന്ന് എന്തിനു വിശദീകരിക്കണം?
കാമ്പസുകളില്‍ പുതിയ മുദ്രാവാക്യങ്ങളുയരുന്നു. പുതിയ നേതൃത്വങ്ങളുയരുന്നു. വഷളന്‍ രാഷ്ട്രീയ നേതൃത്വങ്ങളെ അത് തിരുത്തിത്തുടങ്ങുന്നു. കാലാഹരണപ്പെട്ടുവെന്ന് വ്യവസ്ഥാപിത വിപ്ലവകാരികള്തന്നെ കയ്യൊഴിഞ്ഞ വിമോചന ദര്‍ശനങ്ങളെ വിദ്യാര്‍ത്ഥികള്‍ രാകി മൂര്‍ച്ചകൂട്ടി തിളക്കമുള്ളതാക്കുന്നു. നവോദാര മായാജാലങ്ങളില്‍ ഭ്രമിച്ച് നവഫാസിസത്തിന്റെ ചേരിയിലേക്ക് കൂട്ടംകൂട്ടമായി ഒഴുകിപ്പോയിയെന്ന് മാധ്യമങ്ങളാഘോഷിച്ച ഇന്ത്യന്‍ യുവത്വം ഇപ്പോഴിതാ ഫാസിസ്റ്റ് വിരുദ്ധവും കോര്‍പറേറ്റ് വിരുദ്ധവുമായ സ്വാതന്ത്ര്യത്തിന്റെ മുദ്രാവാക്യങ്ങള്‍ക്കു മുഴക്കമേറ്റുന്നു. ഇന്ത്യന്‍ കീഴാള പ്രാന്തീയ ചെറുത്തു നില്‍പ്പുകളില്‍നിന്ന് ഭാവിയുടെ രാഷ്ട്രീയം കുറുക്കിയെടുക്കുന്നു. നീലിച്ച അനുഭവങ്ങളും രക്താഭമായ പോരാട്ടങ്ങളും ഒന്നിക്കുന്ന ഐക്യത്തിന്റെ പുതിയ വിതാനം ഇന്ത്യന്‍ രാഷ്ട്രീയത്തിന് വച്ചുനീട്ടുന്നു.
സ്വാതന്ത്ര്യപ്പോരാട്ടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മുന്നിലുണ്ട് എന്നത് ആവേശകരവും അഭിമാനകരവുമാണ്. നാളെയുടെ നായകര്‍ അവരാണ്. രോഹിത് വെമുലയും കനയ്യയും ഉമര്‍ഖാലിദും റിച്ചാസിങ്ങും മാത്രമല്ല അവര്‍ക്കൊപ്പം നൂറു നൂറുപേര് പുതിയ രാഷ്ട്രീയത്തിന്റെ പതാക ഉയര്‍ത്തിയിരിക്കുന്നു. ഇന്ത്യന്‍ ഇടതുപക്ഷത്തിന് ഇതൊരു വീണ്ടുപിറവിയാണ്. ഈ കുട്ടികളെക്കൂടി തങ്ങളുടെ വഴുവഴുപ്പന്‍ സമവായ രാഷ്ട്രീയത്തിന്റെയോ കോര്‍പറേറ്റ് പാര്‍ലമെന്ററി വ്യാമോഹങ്ങളുടെയോ പരിമിതജ്ഞാന ശാഠ്യങ്ങളുടെയോ തടവുകാരാക്കുമോ എന്നേ ഭയക്കേണ്ടൂ. അതിനനുവദിച്ചുകൂടാ. വിദ്യാര്‍ത്ഥികള്‍ തുറന്നുവിട്ടത് ജീവിക്കാനുള്ള അവകാശത്തെയും സ്വാതന്ത്ര്യത്തെയും സംബന്ധിച്ചുള്ള പുതിയ പ്രതിബോധമാണ്. അവരാണ് നാളെയുടെ രാഷ്ട്രീയത്തെ നിശ്ചയിക്കേണ്ടത്. ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു തീര്‍ച്ചയായും അവരില്‍നിന്നു പഠിക്കാനുണ്ട്.
7 മാര്‍ച്ച് 2016
https://swarajopensociety.wordpress.com/2016/03/04/kanhaiya-kumars-speeh-just-out-from-jail-after-relese-from-jail/
LikeLiked by 1 person