Article POLITICS

സ്ത്രീകളെ മത്സരിപ്പിക്കാത്ത ലീഗിന് സ്ത്രീകളുടെ വോട്ടെന്തിന്?

 

women protest


മെയ് 16നു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയത് മുസ്ലീം ലീഗാണ്. ഇരുപത്തിനാലില്‍ ഇരുപത് സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞു. പതിവുപോലെ ഒരിടത്തുപോലും സ്ത്രീ സ്ഥാനാര്‍ത്ഥിയില്ല. ഉന്നതമായ ജനാധിപത്യമൂല്യങ്ങളെ എത്രത്തോളം വിവേചനപരവും സങ്കുചിതവുമാക്കാം എന്നതില്‍ ലീഗ് ഒരു വിട്ടു വീഴ്ച്ചയ്ക്കും തയ്യാറല്ല.

ഗ്രാമ/ ബ്ലോക്ക്/ ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പല്‍ കോര്‍പറേഷന്‍ സമിതികളിലും നിയമം മൂലം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കിയതോടെ അവിടങ്ങളില്‍ സ്ത്രീകളാവാമെന്ന് മുസ്ലീം ലീഗിന് മുട്ടു മടക്കേണ്ടി വന്നു. അതുണ്ടാക്കിയ മുന്നേറ്റമാവട്ടെ വിസ്മയാവഹമായിരുന്നു. അകത്തളങ്ങളില്‍ ഒതുങ്ങിക്കൂടിയിരുന്നവര്‍ ഭരണ രംഗത്തെത്തിയപ്പോള്‍ ഭരണത്തിലും കേരളീയ സ്ത്രീജീവിതത്തിലും വലിയ മുന്നേറ്റമാണുണ്ടായത്. ലീഗിലെ പുരുഷ നേതാക്കളെക്കാള്‍ അറിയപ്പെടുന്ന സ്ത്രീ നേതാക്കളുണ്ടായി. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ഇതേ അനുഭവം കണ്ടു. ഇത്രത്തോളമായിട്ടും നിയമസഭയില്‍ സ്ത്രീ പ്രാതിനിധ്യം വേണമെന്ന് മുസ്ലീം ലീഗിന് തോന്നിയിട്ടില്ല. ഇനിയൊരു നിയമ നിര്‍മാണവും അതിന്റെ നിര്‍ബന്ധവുമുണ്ടായാലേ കനിയൂ എന്ന വാശിയിലാണവര്‍.

രണ്ടര കോടിയിലേറെ പേര്‍ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളവരുണ്ട്. അതില്‍ 1.33 കോടിയും സ്ത്രീകളാണ്. പുരുഷന്മാരുടെ എണ്ണം 1.23 കോടിയേ വരൂ. മലപ്പുറം ജില്ലയിലാവട്ടെ, ജനസംഖ്യയുടെ 52.3 ശതമാനവും സ്ത്രീകളാണ്. 21,52,592 സ്ത്രീകളും 19,60,328 പുരുഷന്മാരുമാണ് ജില്ലയിലുള്ളത്. പുരുഷന്മാര്‍ 47.7 ശതമാനമേ വരൂ. കോഴിക്കോട് ജില്ലയിലും ഏറെക്കുറെ ഇതേ അനുപാതമാണുള്ളത്. ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന സ്ത്രീകള്‍ക്ക് ആനുപാതികമായെങ്കിലും പ്രാതിനിധ്യം ഉറപ്പു വരുത്തേണ്ടതുണ്ട്. എന്നാല്‍ ഒരാളെപ്പോലും അനുവദിക്കില്ല എന്ന ധിക്കാരം ജനാധിപത്യത്തിന് ഭൂഷണമല്ല. മതാധിപത്യമുള്ള രാഷ്ട്രങ്ങളില്‍പ്പോലും സ്ത്രീകളെ നിയമ നിര്‍മാണ വേദികളിലേക്ക് കൊണ്ടു വരുന്ന കാലമാണിത്. വിദ്യാഭ്യാസ സാംസ്‌ക്കാരിക നിലവാരങ്ങളിലെല്ലാം മുന്നില്‍ നില്‍ക്കുന്ന നമ്മുടെ നാട്ടില്‍ ഇങ്ങനെയൊരു ആലോചനയുണ്ടാവുന്നില്ല എന്നത് എന്തിന്റെ ലക്ഷണമാണ്?

സ്ത്രീകളെ അംഗീകരിക്കാനാവില്ല, എന്നാല്‍ അവരുടെ വോട്ടു വേണം എന്ന നിലപാട് പഴയതുപോലെ സ്ത്രീകള്‍ അംഗീകരിക്കണമെന്നില്ല. നീതി നിഷേധിക്കപ്പെടുന്നവര്‍ ഉറക്കെ പ്രതിഷേധിക്കുന്ന രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കില്ലാത്ത എന്തു വിശേഷമാണ് നിയമസഭയില്‍ നേതാക്കള്‍ കാണുന്നത്? ആനുപാതികമായ പ്രാതിനിധ്യം പല മേഖലകളിലും ലഭിക്കുന്നില്ല എന്ന സമുദായത്തിന്റെ വിലാപങ്ങളില്‍, അവഗണിക്കപ്പെടുന്ന സ്ത്രീകളുടെ പ്രശ്‌നം ഉയര്‍ന്നു വരാത്തതെന്താണ്? ചുരുങ്ങിയ പക്ഷം സ്ത്രീകളെങ്കിലും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

മുസ്ലീം ലീഗ് ഒരു പുരുഷ രാഷ്ട്രീയ പ്രസ്ഥാനമാണെന്ന് സ്ത്രീകള്‍ക്കെങ്കിലും തോന്നിക്കൂടായ്കയില്ല. ഇക്കാലംവരെ ഒരു സ്ത്രീയെ നിയമസഭയിലേക്ക് മത്സരിപ്പിക്കാന്‍ സന്നദ്ധമാവാത്തത് അക്കാഴ്ച്ച ഉറപ്പിക്കുന്നുമുണ്ട്. എന്നാല്‍ കൂടിയോ കുറഞ്ഞോ ഇതേ സമീപനമാണ് മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്വീകരിച്ചുപോരുന്നത്. സ്ത്രീകള്‍ക്ക് അവകാശപ്പെട്ടത് അവര്‍ക്കു നല്‍കാന്‍ ആരെങ്കിലും തയ്യാറാവുന്നുണ്ടോ? നിയമത്തിന്റെ ചാട്ടയടിക്കു മുന്നിലേ നീതിബോധമുണരൂ എന്ന നിലയാണ് മറ്റുള്ളവരുടേതും. പുരോഗമന പ്രസ്ഥാനങ്ങള്‍ അമ്പതു ശതമാനം സംവരണമെന്ന് സ്ത്രീകളെ മോഹിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അതൊന്നു നടപ്പാക്കി കാണിക്കാന്‍ അവര്‍ക്കു ത്രാണിയില്ലാതെ പോയി.

ഈ സാഹചര്യത്തില്‍ രാജ്യത്തെ ജനാധിപത്യബോധമുള്ള സ്ത്രീസമൂഹം എങ്ങനെ ഇടപെടുമെന്ന് കണ്ടറിയേണ്ടതുണ്ട്. ദില്ലിയില്‍ പീഡനത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങിത്തിരിച്ച സ്ത്രീകളും രാജ്യത്തെമ്പാടും വിവേചന ഭീകരതക്കെതിരെ പൊരുതി നില്‍ക്കുന്ന സ്ത്രീകളും ചരിത്രത്തില്‍ പുതിയ പാഠങ്ങളെഴുതിച്ചേര്‍ത്തിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍ വര്‍ധിച്ചു വരുന്ന ജനകീയ സമരങ്ങളിലാകെയും വിദ്യാര്‍ത്ഥി യുവജന പ്രക്ഷോഭങ്ങളിലും അസംഘടിത തൊഴിലാളി മുന്നേറ്റങ്ങളിലും നേതൃത്വ പരമായ ഇടപെടലുകളുമായാണ് സ്ത്രീകള്‍ രംഗത്തെത്തിയിട്ടുള്ളത്. ഇത് രാഷ്ട്രീയത്തിലൊരു സ്ത്രീപക്ഷ മുന്നേറ്റം സാധ്യമാക്കിയിരിക്കുന്നു. നമ്മുടെ വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇത് തിരിച്ചറിയുമെങ്കില്‍ അവര്‍ക്കു നന്ന്. പ്രാന്തവല്‍കൃതരുടെയും അടിച്ചമര്‍ത്തപ്പെടുന്നവരുടെയും ശബ്ദം എല്ലാ അതിരുകളെയും ഉല്ലംഘിച്ചു തുടങ്ങിയിട്ടുണ്ട്. അധികാരം അവര്‍ക്ക് തൊട്ടുകൂടാത്തതല്ലെന്ന് അവര്‍ ഓര്‍മിപ്പിക്കുന്നു.

അകറ്റി നിര്‍ത്തപ്പെട്ടുപോന്നവര്‍ക്ക് നീതി കിട്ടുന്നില്ലെങ്കില്‍ അതിനിടയാക്കുന്ന നേതൃത്വങ്ങളെ നിര്‍ദ്ദയമായി തിരസ്‌കരിക്കാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെടുമോ? അല്ലെങ്കില്‍ അതിനുള്ള കരുത്ത് അവര്‍ കാട്ടുമോ? അതോ എക്കാലവും തല കുനിച്ച് വിധേയരായി നിന്നുകൊള്ളാമെന്ന് നിശബ്ദം പ്രഖ്യാപിക്കുമോ? എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് കീഴമര്‍ത്തപ്പെടുന്നത് ഭൂരിപക്ഷ ജനസമൂഹമാണ്. ആ സമൂഹങ്ങള്‍ യഥാര്‍ത്ഥ ശക്തി വീണ്ടെടുത്താല്‍ നമ്മുടെ ജനാധിപത്യത്തിന് തീര്‍ച്ചയായും പുതിയ അനുഭവമായിരിക്കുമത്.

4 മാര്‍ച്ച് 2016

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )