Article POLITICS

സാംസ്‌ക്കാരിക ഇടതുപക്ഷം ശക്തിയാര്‍ജ്ജിക്കണം

jnu-students1.jpg.image.784.410

സാംസ്‌ക്കാരിക ഇടതുപക്ഷം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവല്‍ശക്തിയായി തുടരുന്നുവെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ സംഭവവികാസങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. അതത്രയും ആശ്വാസകരമാണ്. തീര്‍ച്ചയായും സമീപകാലത്ത് ഇന്ത്യന്‍ ധൈഷണികത സായുധമായ അക്രമത്തെ നേരിട്ടപ്പോള്‍ പുരസ്‌ക്കാരങ്ങളും പദവികളും ഭരണകൂടത്തെ തിരിച്ചേല്‍പ്പിക്കാനുള്ള ശേഷിയും വിവേകവും പ്രകടിപ്പിച്ചവര്‍ സാംസ്‌ക്കാരിക ഇടതുപക്ഷത്തിന്റെ സാന്നിദ്ധ്യമാണ് അടയാളപ്പെടുത്തിയത്. ആരെയും അത്ഭുതപ്പെടുത്തിയത്, രാഷ്ട്രീയ ഇടതുപക്ഷം ദുര്‍ബ്ബലമായ സന്ദര്‍ഭങ്ങളിലും ഉണര്‍ന്നിരിക്കുന്ന ഒരിടതുപക്ഷ സാംസ്‌ക്കാരികത എങ്ങനെ നിലനിന്നു പോരുന്നു എന്നതാണ്.

പ്രതിലോമ ആശയങ്ങള്‍ ഏതധികാര വ്യവഹാരങ്ങളിലൂടെ കടന്നെത്തുമ്പോഴും ജാഗ്രതയോടെ നിരീക്ഷിക്കുന്ന ഒരെതിരിടം ഓരോരുത്തരും ഉള്ളില്‍ കരുതുന്നുണ്ട്. നമ്മുടെ ജീവിതത്തിന്റെയും തത്വചിന്തയുടെയും പാരമ്പര്യത്തില്‍ അത്തരമൊരു പ്രവണത സജീവമാണ്. കേവല മതാത്മകതയുടെ കഠിനമായ ഇരുട്ടുകളെ യുക്തിയുടെ തീമുനകള്‍കൊണ്ട് കീറിമുറിക്കുകയായിരുന്നു. ഇന്ത്യന്‍ ഭൗതികവാദവും യുക്തിചിന്തയും വളര്‍ന്നതങ്ങനെയാണ്. ഭക്തിപ്രസ്ഥാനംതന്നെയാണ് അന്ധഭക്തിയുടെ ഇരുട്ടു ഭേദിക്കാനുതകുകയെന്ന്, ഗുരുകേന്ദ്രിതമായ മതബോധനം മതി ദൈവകേന്ദ്രിതമായ വ്യവഹാരങ്ങളെ വലിച്ചുകീറാനെന്ന് പരിശീലിച്ച നവോത്ഥാന കൗശലങ്ങള്‍ ഇന്ത്യന്‍ യുക്തിവാദത്തിന്റെ സവിശേഷ സ്വഭാവം വെളിപ്പെടുത്തുന്നുണ്ട്. അകത്തു വളര്‍ന്നുവന്നത് ഇടതുപക്ഷ സാംസ്‌ക്കാരികതയുടെ പ്രാഥമിക ധാരകളായിരുന്നു.

പ്രക്ഷുബ്ധമായ സഹനങ്ങളും ചെറുത്തുനില്‍പ്പുകളും അകത്തെ കരുത്തായി എന്നുമാശ്രയിച്ചുപോന്നത് ഈ സമരോത്സുക യുക്തിധാരകളെയാണ്. തിരിച്ചും. ഈ അന്യോന്യാശ്രിതത്വം ഏതെങ്കിലും വ്യക്തിയുടെയോ സംഘടനയുടെയോ നിശ്ചയത്തെയോ പ്രഖ്യാപനത്തെയോ ആശ്രയിച്ചല്ല സംഭവിക്കുന്നത്. ആധിപത്യപ്രവണതകള്‍ നിര്‍ദ്ദയമോ മനുഷ്യത്വ രഹിതമോ ആയ അതിസാഹസികതകള്‍ക്കു മുതിരുമ്പോഴൊക്കെ പിടഞ്ഞെണീക്കുന്ന ഒരതിജീവനത്വരയായി സാംസ്‌ക്കാരിക ഇടതുപക്ഷത്തിന് അടയാളപ്പെട്ടേ മതിയാവൂ. ആയിരത്താണ്ടുകളുടെ ആഴത്തില്‍ വേരുകളും വര്‍ത്തമാനവൈവിദ്ധ്യങ്ങളിലാകെ ശിഖരങ്ങളും പടര്‍ത്തുന്ന അദൃശ്യമഹാവൃക്ഷമായി അതു നിലകൊള്ളുന്നു. കവി പാടിയ നീതിയുടെ വൃക്ഷം.

തിരസ്‌കൃതരിലും അവഗണിക്കപ്പെട്ടവരിലും സമരോര്‍ജ്ജം നിറയ്ക്കുന്ന തണലാണത്. സാമൂഹിക ഇടതുപക്ഷത്തിന്റെ പുതിയ കുതിപ്പുകള്‍ക്ക് പ്രചോദനം. കോര്‍പറേറ്റ് മുതലാളിത്തം ഇല്ലായ്മ ചെയ്യുന്ന മനുഷ്യസൗഹൃദത്തിന്റെയും നീതിബോധത്തിന്റെയും ജനാധിപത്യത്തിന്റെയും അനുഭവലോകങ്ങളെ വീണ്ടെടുക്കാനുള്ള പ്രതിഷേധങ്ങളായും പ്രക്ഷോഭങ്ങളായും അതു വളരുന്നു. നൂറുനൂറു സമരഭൂമികളില്‍, നിസ്വരായ മനുഷ്യരുടെ നിലവിളികളില്‍, ഒറ്റയ്ക്കും കൂട്ടായുമുള്ള മുന്നേറ്റങ്ങളില്‍ ആഹ്വാനമേതുമില്ലാതെ ശക്തിപ്പെടുന്ന ജനേച്ഛയാണ് സാംസ്‌ക്കാരിക ഇടതുപക്ഷമെന്ന് നാമറിയുന്നു.

രാഷ്ട്രീയ ഇടതുപക്ഷം വലതു വ്യാമോഹങ്ങളിലേക്കു വഴുതുകയും കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ കാരുണ്യമാണ് വികസനമെന്ന് ചുമരെഴുതുകയും ചെയ്യുന്ന നാളുകളില്‍ തീര്‍ച്ചയായും പകച്ചു പോയിട്ടുണ്ട് സാംസ്‌ക്കാരിക ഇടതുധാരകള്‍. അകം വിങ്ങിപ്പിളര്‍ന്നു പോയിട്ടുണ്ട്. വഴിതെറ്റി തെറിച്ചുനീങ്ങുന്ന രാഷ്ട്രീയ ഇടതുപക്ഷത്തെ അരുതേ എന്നു വിലക്കുകയല്ലാതെ പാടേ തിരുത്തുന്നതെങ്ങനെ എന്നു സന്ദേഹിച്ചിട്ടുമുണ്ട്.

വ്യാവസായിക മുതലാളിത്തത്തിന്റെ കാലത്ത് അധികാര വ്യവഹാരങ്ങളില്‍ ഇടുപെടുന്ന രാഷ്ട്രീയ ഇടതുപക്ഷമെന്നും ജനകീയ സമരങ്ങള്‍ നയിക്കുന്ന സാമൂഹിക ഇടതുപക്ഷമെന്നും രണ്ടായി തിരിക്കുക അസാദ്ധ്യമായിരുന്നു. ഒന്നു ചേര്‍ന്ന ഒറ്റ ഉടലായിരുന്നു അത്. നവലിബറല്‍ – കോര്‍പറേറ്റ് ആഗോളവത്ക്കരണ കാലത്താവട്ടെ, രാഷ്ട്രീയ ഇടതുപക്ഷം പിളര്‍ന്നുമാറിയ ചോരയിറ്റി ക്ഷോഭിക്കുന്ന മുറിഞ്ഞ ഉടലായി സാമൂഹിക ഇടതുപക്ഷം. ഒരു ഭാഗം സമരപഥങ്ങളെ വിട്ട് അധികാരബദ്ധ ജനാധിപത്യ വ്യവഹാരങ്ങളോട് വലിയ മമത പുലര്‍ത്തിത്തുടങ്ങിയപ്പോള്‍ മറുപാതി ജനകീയ സമരങ്ങളില്‍ സജീവമായി. രാഷ്ട്രീയ ഇടതുപക്ഷം അതിന്റെ സംഘടനാരൂപവും ഭരണഘടനയും കൊടിയും പരിപാടിയും ഉയര്‍ത്തിപ്പിടിച്ചു. എന്നാല്‍ അവയെയെല്ലാം അവയുടെ നിറവില്‍ നിലനിര്‍ത്തിയ അടിസ്ഥാന സമരഭൂമിക നഷ്ടപ്പെടുത്തി. എല്ലാം നേടിയിട്ടും ആത്മാവ് പണയപ്പെടുത്തിയ അവസ്ഥ. ചോരയോട്ടം നിലച്ച കൊടികള്‍, വഴികളറ്റ ലക്ഷ്യപ്രഖ്യാപനം, ഒറ്റ ശിരസ്സില്‍ ഒരു സൈനിക ശരീരം! ഒരു ജഡക്കാഴ്ച്ച.

സംഘപരിവാര ഫാസിസം മുഖംമൂടികളുപേക്ഷിച്ച് വേട്ടയ്ക്കിറങ്ങുമ്പോള്‍ പ്രതിരോധമൊരുക്കാന്‍ മുന്നിട്ടിറങ്ങേണ്ടത് മുഖ്യമായും ഇടതുപക്ഷമാണ്. പലവിധ ധാരകളും ഒന്നിച്ചു നില്‍ക്കേണ്ട നേരം. എത്ര ശ്രമിച്ചിട്ടും ചില അകലങ്ങള്‍ ഭയപ്പെടുത്തുന്നു. തൊട്ടുകൂടായ്മകളും ചേരായ്മകളും അതിന്റെ അനുഷ്ഠാന ശേഷിപ്പുകളും സൂക്ഷ്മങ്ങളില്‍ സ്വീകരിച്ചിട്ടുണ്ട് പലരും. സമരപ്പന്തലിലെ വിപ്ലവകാരികള്‍ സ്വന്തം വീട്ടിലെത്തുമ്പോള്‍ പൂജാമുറിയില്‍ കുമ്പിടുന്നു. ഉമ്മറത്താവട്ടെ കോര്‍പറേറ്റ് ദൈവങ്ങളെ വിരുന്നൂട്ടുന്നു. അനുഷ്ഠാനങ്ങള്‍ക്കും മതേതര പ്രഭാഷണങ്ങള്‍ക്കും കോര്‍പറേറ്റ് വ്യാമോഹങ്ങള്‍ക്കും ജീവിതം പകുത്തു നല്‍കുന്നു. വിശ്വാസത്തിന്റെ അറയില്‍നിന്ന് അവിശ്വാസത്തിന്റെ അറയിലേക്കും മതബോധനത്തിന്റെ അറയില്‍നിന്ന് യുക്തിചിന്തയുടെ അറയിലേക്കും ദാരിദ്ര്യത്തിന്റെ അടയാളങ്ങളില്‍നിന്ന് കോര്‍പറേറ്റ് മാന്ത്രിക മുദ്രകളിലേക്കും ക്ഷിപ്രപ്രവേശം സാധ്യമാക്കുന്നു. ബഹുമുഖജീവിതത്തിന്റെ വഴുപ്പന്‍തളമായി മാറിയിട്ടുണ്ട് രാഷ്ട്രീയ ഇടതുപക്ഷത്തിന്റെ സൂക്ഷ്മ ഇടങ്ങളേറെയും. ഫാസിസത്തില്‍നിന്നുപോലും രണോന്മാദ പാഠങ്ങള്‍ ശീലിക്കുന്നിടത്തോളം അത് തരംതാഴ്ന്നു. ഇത്തരം ചാഞ്ചാട്ടങ്ങള്‍ എളുപ്പത്തില്‍ സംഘപരിവാരത്തിന്റെ നായാട്ടുകൂട്ടങ്ങളിലേക്കു ചേക്കേറാനുള്ള മെയ് വഴക്കമാണ് നല്‍കുന്നത്.

രാഷ്ട്രീയ ഇടതുപക്ഷം അതിന്റെ സാമൂഹിക പാര്‍ശ്വപക്ഷത്തെ തിരിച്ചറിഞ്ഞ് ഐക്യപ്പെടേണ്ടതുണ്ട്. ഭരണവും സമരവും രണ്ടാവുക വയ്യ. അത് കേവലം കക്ഷിരാഷ്ട്രീയത്തിന്റെ പ്രശ്‌നമല്ല. ജനതയുടെ അതിജീവനത്തിന്റെ ആവശ്യകതയാണ്. ജനകീയ സമരങ്ങളുടെ ബഹുസ്വര സാമൂഹിക ഇടതുപക്ഷ അനുഭവങ്ങളിലൂടെ കടന്നു മാത്രമേ കരുത്തുള്ള രാഷ്ട്രീയ ഇടതുപക്ഷം രൂപപ്പെടുകയുള്ളു. അവിടെ എളുപ്പവഴികളില്ല. സിദ്ധാന്തത്തിനനുസരിച്ച് കാലോ തലയോ മുറിക്കുന്ന ഏര്‍പ്പാടും അമിത വളര്‍ച്ചയുള്ള കാലിനോ തലയ്‌ക്കോ ഒപ്പം സിദ്ധാന്തം മാറ്റുന്ന ഏര്‍പ്പാടും ഗുണം ചെയ്യില്ല. വീഴ്ച്ചകള്‍ ഏറ്റു പറയാനും തിരുത്താനുമുള്ള അപൂര്‍വ്വമായ ശേഷി അതു തിരിച്ചു പിടിക്കണം. കള്ളങ്ങള്‍കൊണ്ടും ദുര്‍വ്യാഖ്യാനങ്ങള്‍കൊണ്ടും വക്രീകൃത സാധൂകരണങ്ങള്‍ കൊണ്ടും പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കരുത്. ജനങ്ങളില്‍നിന്ന് ഒന്നും ഒളിക്കാനാവില്ല.

ലോകത്തെമ്പാടുമുള്ള രാഷ്ട്രീയ ഇടതുപക്ഷം ഈ അനിവാര്യത മനസ്സിലാക്കിവരുന്നു. വലതു വ്യാമോഹങ്ങളില്‍നിന്നു തിരിച്ചു നടക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നുണ്ട്. വലതു പ്രസ്ഥാനങ്ങളോടു കൂട്ടു ചേര്‍ന്നല്ല, ജനപക്ഷത്ത് ഉറച്ചുനിന്നാണ് സ്വീകാര്യതയുണ്ടാക്കേണ്ടത് എന്നവര്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. തെരഞ്ഞെടുപ്പുകളിലേക്കു നീങ്ങുമ്പോള്‍ ജനപക്ഷത്തു നിന്നുള്ള ബദലാണ് കോര്‍പറേറ്റ് വികസന അജണ്ടയല്ല ഉയര്‍ത്തിപ്പിടിക്കേണ്ടത്. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഈ തിരിച്ചറിവ് നമ്മുടെ നാട്ടിലേക്ക് എത്തിക്കേണ്ട വലിയ പ്രസ്ഥാനങ്ങള്‍ ഉണര്‍ന്നു കഴിഞ്ഞിട്ടില്ല.

ഈ ഘട്ടത്തില്‍ നമ്മോടുതന്നെ കലാപംകൂട്ടാന്‍ നമുക്കു പ്രേരണയാവേണ്ടത് ഇടതുപക്ഷ സാംസ്‌ക്കാരികതയാണ്. രാജ്യത്താകെ അത്തരമൊരു ധാര അദൃശ്യവും അസംഘടിതവുമായി നിലനില്‍ക്കുന്നു എന്നത് ആഹ്ലാദകരമാണ്. ജീവത്തായ സമരപ്രസ്ഥാനങ്ങളുടെ സാധ്യതകളടഞ്ഞില്ല എന്ന ശുഭകരമായ ഓര്‍മപ്പെടുത്തല്‍കൂടിയാണ് ആ അനുഭവം. ഫാസിസത്തോടും കോര്‍പറേറ്റ് മുതലാളിത്തത്തോടും വീറോടെ പൊരുതാന്‍ അടിച്ചമര്‍ത്തപ്പെടുന്ന ജനതക്ക് അതേയുള്ളു സമര്‍ത്ഥമായ സമരോപാധി. അതിനാല്‍ സാംസ്‌ക്കാരിക ഇടതുപക്ഷത്തിന് സംഘടനാ രൂപമുണ്ടാവുക അത്യാവശ്യമാകുന്നു.

25 ഫെബ്രുവരി 2016

2 അഭിപ്രായങ്ങള്‍

 1. ഇന്ന് ഇന്ത്യ ഒരു multi caste confederated republic ആണ്. 70 ശതമാനം ജനതയുംഒന്നല്ലെങ്കില്‍ മറ്റൊരുജാതി ആണ്. 30 ശതമാനം മാത്രം ആണ് മതസ്തെര്‍.
  മതവര്‍ഗീയത ഒരു ന്യൂനപക്ഷ വിഷയം മാത്രം ആണ് . ഒരോ സമുദായ അംഗങ്ങല്കും ഇന്ത്യയില്‍ വോട്ട് അവകാസവും ഉണ്ട്. അത്കൊണ്ട്ഏതെങ്കിലും ഫഷിസം എന്ന് വിളികുന്നത് തെറ്റാണ് സവര്‍ണ ഫഷിസം എന്ന് പറയുന്നതിലെ യുക്തിഎന്താണ്? . നിങ്ങള്ക് ആരെയും തിരെഞ്ഞെടുക്കാം! അത് ഉപയോഗിക്കാതെ വര്‍ഗരാഷ്ട്രീടത്തിന്റെ പുറകെനടകുക ആണ് സാമൂഹ്യപരമായി പിന്നാക്ക ജാതികള്‍. എന്ത്കാര്യം ?
  ആ നിലപാട് മാറ്റുക അതാണ്‌ വേണ്ടത്. അതാണ്‌ അബെധ്കേര്‍ രാഷ്ട്രീയം. അല്ലാതെ അതില്‍ മാര്‍ക്സിസം ചെര്‍ക്കേല്‍ അല്ല. 1950 ഇല്‍ തന്നെ അയിത്തം ഇന്ത്യയില്‍ നിയമവിരുധം ആക്കി കൊണ്ഗ്രെസ്സ് സര്‍ക്കാര്‍. എന്നിട്ടും ഇന്നും ഈ മനുവിരുധ്വ അഭിനവ മാര്‍ക്സിസ്റ്റുകള്‍ മനുവാദികളെ ആണ് പ്രയോഗത്തില്‍ സഹായികുന്നത് എന്ന് നിങ്ങള്ക് കാണാം . ഈ ജെഎന്‍യു താല്പര്യം ഒന്നും അയിത്തം വിഷയത്തില്‍ ഇവര്‍ കാണികുനില്ല ല്ലോ. ഉണ്ടോ…?
  ഇതിലും അന്തിമ വിശകലനത്തില്‍ അവര്‍ വിഷയങ്ങളെ വക്രീകരികുക തന്നെ ആണ്. സാവകാശം അത്നിങ്ങള്ക് ബോധ്യം ആകും.. അമ്ബെധ്കേര്‍ രാഷ്ട്രീയം ഇവിടെ ആണ് വരുന്നത്. അദ്ദേഹം പറയുന്നത് നിങ്ങള്‍ നിങ്ങള്ക് സഹായകമായ ആള്‍ക്കാരെ നിയമ നിര്മാന സഭയില്‍ എത്തിക്ക എന്നതാണ്. അല്ലാതെ വ്യവസ്ഥയെ അട്ടിമരിക്കാന്‍ അല്ല ജെഎന്‍ യു രാഷ്ട്രീയം പോലെ!

  Like

 2. സാംസ്കാരികമായ ഇടതു പക്ഷം ശക്തി ആര്ജിക്കണം എങ്കിൽ ഇപ്പോൾ ഇവിടുള്ള വടിയും കുത്തി പിടിച്ചു മുന്നോട്ടു നടക്കുന്ന കുഴിമാടതിലേക്ക് കാൽ വെച്ച് നീട്ടിയിരിക്കുന്ന ഇടതു പക്ഷ പാർടികൾ പോവുക തന്നെ വേണം >>> ഇതിനു എനിക്കുള്ള ന്യായീകരണങ്ങൾ >> നമ്മുടെ പിന് തലമുറ വളരെ കഷ്ടപ്പെട്ടുകൊണ്ട് അദ്വാനിച്ചു വിയര്പ്പ് ഒഴുക്കിയിട്ടുണ്ട്‌ എന്നത് ശരി തന്നെ ….അതിലും പിന്നോട്ട് പോയാൽ ഇവരെക്കാലും കഷ്ടപ്പെട്ട് എത്രയോ ത്യാഗങ്ങൾ അവരുടെ പിന്തലമുറക്കാരും ചെയ്തിട്ടുണ്ട് …..ഇങ്ങനെ പിന്നോട്ട് പോയാൽ നാം എത്തിപ്പെടുക ആയിരക്കണക്കിന് വര്ഷങ്ങള്ക്ക് മുൻപ് അന്നത്തെ തലമുറ കാട്ടു മൃഗങ്ങള്ക്കെതിരെയുംപ്രക്രതി ദുരന്തങ്ങല്ക്ക് എതിരെയും മറ്റും പോരാടി ജീവിച്ച കാലം ആയിരിക്കുമല്ലോ …അപ്പോൾ ആരാണ് കൂടുതൽ ത്യാഗങ്ങൾ അനുഷ്ടിച്ചത് എന്നത് വിശദീകരിക്കെന്ദതായിട്ടില്ലല്ലൊ .ഇന്ന് നാമം ജീവിക്കുന്നത് ശരിക്കും ഒരു സ്വർഗത്തിൽ ആണെന്ന് തന്നെ പറയാം >>>ഇന്നത്തെ കംയുനിസ്ടുകാരന്റെ ചിന്താഗതി >>ഞങ്ങൾ ഇല്ലെങ്കിൽ ഇവിടെ അസമത്വങ്ങളും മറ്റും ഒക്കെ ഉണ്ടാവും എന്നാണ് ….ഓരോ പ്രസ്ഥാനവും ചില കാര്യങ്ങൾ സമൂഹത്തിനു വേണ്ടി ചെയ്തു കൊടുത്തിട്ടുണ്ട്‌ എന്ന് മാത്രമേ നമുക്ക് പറയാൻ കഴിയൂ .അത് കൊണ്ട് അവരെ ഇപ്പോഴും പൂജിച്ചു കൊണ്ടിരിക്കുക എന്നത് ശരിയും അല്ല …കാലം മാറുമ്പോൾ പുതിയ പ്രസ്ഥാനങ്ങൾ ഉയര്ന്നു വരും …ഡൽഹിയിൽ ആം ആദ്മി വന്നതും ഇന്ത്യയിൽ മോഡി അധികാരത്തിൽ വന്നതും ഇതൊക്കെ കൊണ്ട് തന്നെ .

  Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )