Article POLITICS

ദരിദ്ര ജനതയെ കൊള്ളയടിക്കുന്ന കോര്‍പറേറ്റ് തെമ്മാടിത്തം

കോര്‍പറേറ്റ് ധനാഢ്യരുടെ ഒരു ലക്ഷത്തിപ്പതിനാലായിരം കോടി രൂപ കണ്ണടച്ച് എഴുതി തള്ളാന്‍മാത്രം നമ്മുടെ പൊതു മേഖലാ ബാങ്കുകള്‍ ഉദാരമനസ്‌കരായിരിക്കുന്നു. 2012 – 2015 കാലയളവിലാണിത്. 2012 -13 സാമ്പത്തിക വര്‍ഷത്തില്‍ 27,231 കോടിയും 2013 -14 വര്‍ഷത്തില്‍ 34,409 കോടി രൂപയും എഴുതിത്തള്ളിയിരുന്നു.

രാജ്യത്താകെ കടക്കെണിയിലായ കര്‍ഷകര്‍ ആത്മഹത്യയിലേക്ക് നയിക്കപ്പെട്ട കാലയളവാണിത്. ഗവണ്‍മെന്റ് കണക്കുകളില്‍തന്നെ 2014ല്‍ 5,650 കര്‍ഷക ആത്മഹത്യകളാണ് നടന്നത്. ദേശീയ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോവിന്റെ 2012ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ 1,35,445 പേര്‍ ആത്മഹത്യ ചെയ്തതില്‍ 13,755 പേര്‍ കര്‍ഷകരാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 2011ല്‍ 14,207ഉം 2010ല്‍ 15,963 ഉം കര്‍ഷകരാണ് ആത്മഹത്യയ്ക്കു നിര്‍ബന്ധിതരായത്. കണക്കുകളില്‍ പെടാതെപോയ ആത്മഹത്യകള്‍ ഇതിലും എത്രയോ ഇരട്ടിയാവാം. ഇവയിലേറെയും വായ്പാപണം തിരിച്ചടക്കാനാവാതെ മരണക്കെണിയിലേക്കു വലിച്ചെറിയപ്പെട്ടതാവണം.

നവ ഉദാരവത്ക്കരണത്തിന്റെ സാമ്പത്തിക പരിഷ്‌ക്കാരങ്ങളും അന്താരാഷ്ട്ര ഏജന്‍സികളുടെ നിര്‍ബന്ധവും കാരണം ക്ഷേമ പദ്ധതികളാകെ ഉപേക്ഷിക്കപ്പെട്ടതിന്റെ തിക്ത ഫലമായിരുന്നു അത്. നെഹ്‌റുവിയന്‍ സാമ്പത്തിക നയത്തിന്റെ അടിസ്ഥാനമായ ക്ഷേമരാഷ്ട്ര സങ്കല്‍പ്പം തൊണ്ണൂറുകളുടെ തുടക്കത്തില്‍ പൂര്‍ണമായും തിരസ്‌ക്കരിക്കപ്പെട്ടു. കാര്‍ഷിക മേഖലയില്‍ സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കപ്പെട്ടു. കാര്‍ഷികോത്പ്പന്നങ്ങളുടെ ഇറക്കുമതി സാമാന്യനീതിയോ മര്യാദയോ പാലിക്കാതെയുള്ള കീഴ് വഴങ്ങലായിത്തീര്‍ന്നു. ഇന്ത്യന്‍ ജീവിതത്തിന്റെ അടിസ്ഥാന ജീവധാരയായ കാര്‍ഷികവൃത്തി കോര്‍പറേറ്റുകള്‍ക്ക് പണയം വെക്കുന്ന സമീപനമാണ് ഗവണ്‍മെന്റുകള്‍ പൊതുവേ സ്വീകരിച്ചത്.

വെറും ഒന്നേകാല്‍ ലക്ഷം രൂപ വായ്പയെടുത്തത് തിരിച്ചടയ്ക്കാന്‍ സാധിക്കാതെ വന്നതിനാലാണ് ഒരു വര്‍ഷം മുമ്പ് എന്‍.ടി ജോസഫ് എന്ന ഹൃദ്രോഗിയായ ദരിദ്ര കര്‍ഷകന്‍ ജയിലിലടയ്ക്കപ്പെട്ടത്. 2014 ഫെബ്രുവരി 20നാണ് അദ്ദേഹത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചത്. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനെടുത്ത വായ്പയായിരുന്നു അത്. ഇങ്ങനെയുള്ള മൂന്നര ലക്ഷത്തിലേറെ വായ്പകളാണ് സംസ്ഥാനത്തുള്ളത്. അതില്‍ പകുതിയിലേറെയും തിരിച്ചടവിന് പ്രയാസപ്പെടുകയാണ്. ജോസഫിന്റെ ഒന്നേകാല്‍ ലക്ഷത്തിന്റെ കടം മൂന്നര ലക്ഷത്തിന്റെ ബാദ്ധ്യതയായാണ് ഉയര്‍ന്നത്. നഴ്‌സിങ്ങിനു പഠിച്ച മകള്‍ക്കു ജോലിയായില്ല. കൃഷി നഷ്ടത്തിലായി. പതിനായിരക്കണക്കിന് ജോസഫുമാരാണ് ഇങ്ങനെ നട്ടം തിരിയുന്നത്. ജയിലിലേക്കോ മരണത്തിലേക്കോ ആനയിക്കപ്പെടുകയാണവര്‍.

ദരിദ്ര കര്‍ഷകരും ഭൂരഹിതരും സ്ഥിരം തൊഴിലില്ലാത്തവരും അസംഘടിത തൊഴിലാളികളും നിയമ സുരക്ഷക്കു പുറത്താക്കപ്പെട്ടവരും നീതി നിഷേധിക്കപ്പെട്ടവരുമായി വലിയ പൗരനിര രൂപപ്പെടുകയാണ്. അവരുടെ പ്രയാസങ്ങള്‍ കാണാന്‍ അറച്ചു നില്‍ക്കുന്ന ജനാധിപത്യ സര്‍ക്കാറാണ് ലക്ഷക്കണക്കിനു കോടി രൂപ തിരിച്ചടയ്ക്കാനുള്ള വന്‍കിടക്കാരുടെ വായ്പ്പ എഴുതി തള്ളുന്നത്. 2014 -15 വര്‍ഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 21,313 കോടി രൂപയാണ് കിട്ടാക്കടമായി റദ്ദാക്കിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക് 6,587 കോടിയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 3,131 കോടിയും അലഹാബാദ് ബാങ്ക് 2,109 കോടിയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 1,995 കോടിയും എഴുതിത്തള്ളി. ഇരുപത്തിയേഴു പൊതുമേഖലാ ബാങ്കുകള്‍ ധനാഢ്യരെ സഹായിക്കാന്‍ മത്സരിക്കുകയായിരുന്നു. മൂന്നു ലക്ഷം കോടിയിലേറെ രൂപയാണ് നോണ്‍ പെര്‍ഫോര്‍മിങ് അസറ്റായി തുടര്‍ എഴുതിത്തള്ളലുകള്‍ കാത്ത് പൊതുമേഖലാ ബാങ്കുകളില്‍ കഴിയുന്നത്.

രാജ്യത്തെ ധനാഢ്യരോ വലിയ കോര്‍പറേറ്റുകളോ നിറച്ചുവെച്ചതോ ബാങ്കുകള്‍ പെറ്റുപോരുകിയതോ ആയ പണമല്ല ഇതത്രയും. സാധാരണക്കാരായ ഇന്ത്യക്കാരുടെ പലവിധ നിക്ഷേപങ്ങളാണ്. നികുതിപ്പണമായി ചെന്നു ചേരുന്നതും അതിലുണ്ട്. ഇതത്രയും ഉപയോഗിച്ച് തടിച്ചു തെഴുക്കാന്‍ വലിയ കമ്പനികളോ കോര്‍പറേറ്റുകളോ രൂപ്പെടുകയാണ്. സ്വന്തമായ പണമല്ല, ജനങ്ങളുടെ നികുതിപ്പണമാണ് അവരുടെ നിക്ഷേപമാകുന്നത്. ജനങ്ങളുടെ നിക്ഷേപം തോന്നുംവിധം പ്രയോജനപ്പെടുത്തി കണക്കില്ലാത്ത സ്വത്തുണ്ടാക്കുന്നവരാണ് ജനങ്ങള്‍ക്കത് തിരിച്ചു നല്‍കാന്‍ മടിക്കുന്നത്. അവരില്‍നിന്ന് അത് തിരിച്ചു വാങ്ങി ബാങ്കുകള്‍ക്കും അതുവഴി പൊതു സമൂഹത്തിനും പ്രയോജനകരമാക്കിത്തീര്‍ക്കാനുള്ള ബാധ്യത ഗവണ്‍മെന്റിനുണ്ട്. ജനാധിപത്യ ഗവണ്‍മെന്റുകള്‍ കോര്‍പറേറ്റ് ജനാധിപത്യത്തിന്റെ സേവകരായി മാറിയിരിക്കുന്നു. ഏഴായിരം കോടിയിലേറെ കുടിശ്ശിക വരുത്തിയ വിജയമല്ല്യയ്ക്ക് അതൊരു നിസ്സാര തുകയായിരിക്കാം. ഇരുപത്തിയൊന്ന് ശതമാനത്തിലേറെ ആളുകള്‍ ദാരിദ്ര്യരേഖയ്ക്കു താഴെ കഴിയുന്ന ഇന്ത്യയില്‍ ആ തുക തിരിച്ചടയ്ക്കാതിരിക്കുന്നത് ദരിദ്രരെ വീണ്ടും വീണ്ടും പോക്കറ്റടിക്കുന്നതിന് തുല്യമാണ്.

പൊതു ഭൂമികള്‍ കയ്യേറിയും പൊതു സൗകര്യങ്ങള്‍ ചൂഷണം ചെയ്തും ജനങ്ങളുടെയാകെ സമ്പത്ത് ഊറ്റിയെടുത്തും തടിച്ചു കൊഴുക്കാനുള്ള അവസരം ജനാധിപത്യ ഗവണ്‍മെന്റാണ് ചെയ്തു കൊടുക്കുന്നതെന്നത് ലജ്ജാകരമാണ്. കോര്‍പറേറ്റ് കമ്പനി നാമങ്ങളല്ലാതെ വലിയ നിക്ഷേപമൊന്നും അവര്‍ നടത്തുന്നില്ല. പത്തു വര്‍ഷം മുമ്പ് ഒരു ലക്ഷം രൂപയ്ക്ക് ബാങ്കുകളുടെ കാരുണ്യത്തിന് കൈനീട്ടി നിന്ന പലരും രാഷ്ട്രീയ നേതൃത്വങ്ങളുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും സഹായത്തോടെ ലക്ഷക്കണക്കിന് കോടി രൂപയുടെ ആസ്തിയുള്ളവരായി മാറിയിരിക്കുന്നു. അവരാണ് ജനങ്ങളുടെ വിയര്‍പ്പു മണക്കുന്ന ചില്ലിക്കാശുകള്‍ കൊള്ളയടിച്ച് പത്രാസു കാണിക്കുന്നത്. പൊതുമേഖലാ ബാങ്കുകളില്‍ നാലര ലക്ഷം കോടി രൂപയോളം കുടിശ്ശിക അടയ്ക്കാനുള്ളതിന്റെ എഴുപതു ശതമാനത്തോളം വായ്പയും കോര്‍പറേറ്റുകളാണ് വരുത്തിയിരിക്കുന്നതെന്ന് ബന്ധപ്പെട്ട അധികാരികള്‍തന്നെ ഏറ്റു പറഞ്ഞിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ ശ്രദ്ധേയമാണ്. അഞ്ഞൂറു കോടിയിലേറെ രൂപ കുടിശ്ശിക വരുത്തിയ വന്‍കിടക്കാരുടെ ലിസ്റ്റ് കോടതിയില്‍ ഹാജരാക്കാന്‍ റിസര്‍വ് ബാങ്കിനോട് ചീഫ് ജസ്റ്റിസ് ടി എസ് താക്കൂറിന്റെ നേതൃത്വത്തിലുള്ള ബഞ്ച് ആവശ്യപ്പെട്ടിരിക്കുന്നു. പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍ ഇങ്ങനെ വലിയ തുകകള്‍ ശരിയായ വ്യവസ്ഥകള്‍ പാലിക്കാതെയോ പിരിച്ചെടുക്കാനുള്ള സംവിധാനം ഉറപ്പു വരുത്താതെയോ നല്‍കുന്നതെങ്ങനെയെന്നും കോടതി ആശങ്കപ്പെടുന്നു. സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കുന്നവരാണ് വാങ്ങിയ പണം തിരിച്ചടയ്ക്കാത്തതെന്നും കോടതി നിരീക്ഷിച്ചു.

പൗരാവകാശങ്ങള്‍ ഉറപ്പു വരുത്തേണ്ടവര്‍ എന്തു ചെയ്യുകയാണ്? നമ്മുടെ മഹത്തായ സംസ്‌ക്കാരത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവര്‍ ജനങ്ങള്‍ക്കെതിരായ യുദ്ധത്തിന്റെ പടനായകരാകുന്നു. ദരിദ്രകോടിയിലേക്കു അതിവേഗം വീണുകൊണ്ടിരിക്കുന്ന ജനങ്ങളെ കൊള്ളയടിക്കുന്നതിനുള്ള പദ്ധതികളും പരിഷ്‌ക്കാരങ്ങളുമാണ് നടപ്പാവുന്നത്. അതില്‍നിന്നു മാറി നില്‍ക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ ജനകീയ സമരങ്ങളുടെ ബദലുകള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. ബാങ്കുകള്‍ ഭപൊതു സമൂഹത്തിന്റേതാണ്. അത് കൊള്ളയടിക്കാന്‍ ആരെയും അനുവദിച്ചുകൂടാ. ബാങ്കുകള്‍ കുത്തിത്തുരന്ന് മോഷണം നടത്തുന്നവരേക്കാള്‍ ഒട്ടും മാന്യരല്ല കോര്‍പറേറ്റ് തട്ടിപ്പുകാര്‍. പൊതു സ്വത്ത് കൊള്ളയടിക്കുന്നവരും അവര്‍ക്കു കൂട്ടു നില്‍ക്കുന്നവരും വിചാരണ ചെയ്യപ്പെടണം.

21 ഫെബ്രുവരി 2016

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )