Article POLITICS

ജെ എന്‍ യു ഇന്ത്യയാണ്; സംഘപരിവാരങ്ങളുടെ ശത്രുരാജ്യം

 hero-image-JNUopt

ദില്ലിയില്‍ നിയമം കയ്യാളുന്നതാരാണ്? കേന്ദ്ര ഗവണ്‍മെന്റാണോ? ആഭ്യന്തര വകുപ്പില്ലാത്ത കെജ്രിവാളിന്റെ കാബിനറ്റാണോ? മോഡിയും രാജ്‌നാഥ്‌സിങ്ങും നിയന്ത്രിക്കുന്ന പൊലീസ് കമ്മീഷനറാണോ? സ്ഥലത്തെ സംഘപരിവാരങ്ങളാണോ? അഭിഭാഷക വേഷത്തിലെത്തുന്ന ഗുണ്ടകളാണോ?

പാട്യാലാ കോടതിയില്‍ ചരിത്രത്തിലാദ്യമായി ജഡ്ജിക്കു പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. സുപ്രീം കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്‍ അക്രമത്തിനിരയായി. പൊലീസ് കസ്റ്റഡിയില്‍ കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചു. ഒരു രാജ്യത്തിന്റെ തലസ്ഥാന നഗരി സംരക്ഷിക്കുന്ന പൊലീസ്, അക്രമികളുടെ സംരക്ഷകരായി. ദില്ലിയില്‍ പൊലീസ് നിഷ്‌ക്രിയരോ അക്രമി സംഘങ്ങളുടെ നിശബ്ദസേവകരോ ആകുന്നത് ആദ്യമായല്ല. കൂട്ട ബലാല്‍സംഗങ്ങള്‍ക്കും കൊടും കൊലപാതകങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ദുഷ്‌പ്പേരു വീണുകൊണ്ടിരുന്ന ദില്ലിയുടെ കാവല്‍ സംഘമാണവര്‍. ആരുടെ നിയമമാണവര്‍ പാലിക്കുന്നത്? ആര്‍ക്കു വേണ്ടിയാണവര്‍ ആടിത്തിമര്‍ക്കുന്നത്? സുപ്രീംകോടതി ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും വഴങ്ങാതിരിക്കാന്‍ പൊലീസ് കമ്മീഷണര്‍ക്ക് ധൈര്യം പകര്‍ന്നതാരാണ്? ആരുടെ നിയമമാണ് ജനാധിപത്യത്തിനും ജുഡീഷ്യറിക്കും പുറത്ത് അക്രമോത്സുകമാകുന്നത്?

കേരളഹൗസിന്റെ അടുക്കള തേടിയെത്തിയപ്പോഴും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയുടെ ആണ്‍ – പെണ്‍ ഹോസ്റ്റലുകളില്‍ വേട്ടയ്ക്കിറങ്ങിയപ്പോഴും മഹത്തായ ഒരു രാജ്യത്തിന്റെ നീതി നിര്‍വ്വഹണമായിരുന്നുവോ അവര്‍ നിര്‍വ്വഹിച്ചത്? ബ്രാഹ്മണിക്കല്‍ ഹിന്ദുത്വത്തിന്റെ സുവര്‍ണ ഭൂതകാലം തിരികെ കൊണ്ടുവരാന്‍ അസ്പൃശ്യമായ എല്ലാറ്റിനെയും തുടച്ചു നീക്കാനുള്ള യത്‌നത്തിലാണവര്‍. വേഷവും ഭാഷയും ഭക്ഷണവും ആചാരവും അനുഷ്ഠാനവും എല്ലാം ഞങ്ങള്‍ തീരുമാനിക്കും, എതിര്‍ക്കുന്നവര്‍ രാജ്യത്തെയാണ് എതിര്‍ക്കുന്നത്, കാരണം രാജ്യം ഞങ്ങളല്ലാതെ വേറൊന്നല്ല എന്ന വ്യാഖ്യാനത്തിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രഖ്യാപനമാണ് മുഴങ്ങുന്നത്. ഞങ്ങള്‍ നിര്‍വ്വചിക്കുന്നതാണ് രാഷ്ട്രം എന്ന വിചാരധാര ഏകശിലാത്മകമായ അധികാരപ്രഹരമാണ്. ആയിരത്താണ്ടുകള്‍കൊണ്ട് കീറിപ്പറിഞ്ഞ് പലമട്ടായ ജീവിതങ്ങളുടെ വീണ്ടെടുപ്പുകള്‍ ബഹുസ്വര സംഗീതമാകുന്നത് അവര്‍ക്ക് സഹിക്കുകയില്ല. വേഷവും ഭാഷയും ഭക്ഷണവുമെല്ലാം അവര്‍ക്കു തിരിച്ചെടുക്കണം. യുക്തിബോധത്തിന്റെ ഊന്നു വടികള്‍ നിവര്‍ത്തിനിര്‍ത്തുന്ന ജനതയെ കുനിഞ്ഞു പാദസേവ ചെയ്യുന്നവരായി അവര്‍ക്കു തിരിച്ചു കിട്ടണം.

രാജ്യത്തിന്റെ സമഗ്രാധികാരം കൈവന്നപ്പോള്‍ ഇത്തവണ സാമ്പത്തിക മേധാവിത്തംപോലെ പ്രധാനമാണ് സാംസ്‌ക്കാരത്തില്‍നിന്നും ചരിത്രത്തില്‍നിന്നുമുള്ള ജനതയുടെ പുറന്തള്ളലുമെന്ന നിശ്ചയം പ്രകടമായിരുന്നു. തങ്ങളുടെ വാമനത്വത്തിനപ്പുറമുള്ള വഴങ്ങാത്ത അറിവുകളെയും യുക്തികളെയും തോല്‍പ്പിക്കാനോ നശിപ്പിക്കാനോ അതിന്റെ പ്രയോക്താക്കളെ കൊന്നൊടുക്കാനാരംഭിച്ചു. ധല്‍ബോക്കറും പന്‍സാരെയും കല്‍ബുര്‍ഗിയും അങ്ങനെ അക്രമിക്കപ്പെട്ടവരാണ്. അനന്തമൂര്‍ത്തി പിടികൊടുക്കാതെ കടന്നുകളഞ്ഞു. യുക്തിയുടെ ഇത്തരം പ്രസരിപ്പുകളെ ഇല്ലായ്മചെയ്യാനുള്ള വെമ്പല്‍ സംഘപരിവാര രക്തത്തിലലിഞ്ഞതാണ്. ബ്രാഹ്മണിക്കല്‍ ഹിംസാത്മകതയുടെ വിവേചന ഭീകരതയിലാണ് ഇന്ത്യന്‍ യുക്തിവാദവും ഭൗതികവാദവും മെലിഞ്ഞുണങ്ങിയത്. ശാസ്ത്രങ്ങള്‍ പലതും നമുക്ക് കൈമോശംവന്നത് അവരുടെ യുക്തിബോധത്തോടുള്ള ഈ ഭീതിമൂലമാണ്. പിന്മുറക്കാര്‍ക്ക് ഇനി ഭഗവാനെ അക്രമിക്കണം. ബഹുസ്വര സംസ്‌ക്കാരത്തെ പടര്‍ത്തുന്ന സ്ഥാപനങ്ങളൊന്നൊന്നായി നിലംപരിശാക്കണം. അത് ചലച്ചിത്ര ഇന്‍സ്റ്റിറ്റിയൂട്ടോ ചരിത്ര കൗണ്‍സിലോ സര്‍വ്വകലാശാലകളോ ആണെങ്കിലെന്ത്?

ഇന്ത്യയുടെ യൗവ്വനമാണ് ഈ സ്ഥാപനങ്ങളിലുള്ളത്. ധിഷണയുടെ തീവ്രമായ ആളലും അമര്‍ന്നുകത്തലും കനലായിയെരിയലും കാലഭേദത്തോടെ അടയാളപ്പെടുന്ന പ്രക്ഷുബ്ധതയുടെ ഗിരിശൃംഗങ്ങളാണവ. കരിച്ചുകളഞ്ഞ കാലത്തെ തോറ്റിയെടുക്കുന്ന അഭ്യാസമുണ്ട് അവിടെ. മനുഷ്യജീവിതത്തിന് അര്‍ത്ഥവും തുടര്‍ച്ചയും നല്‍കുന്നതെന്തോ അതാണവിടെ അറിവായിത്തീരുന്നത്. ഓരോരുത്തരും അവനവനെ പിളര്‍ന്ന് പൂത്തുലയുന്ന വസന്തകാലത്തിന്റെ ഉലകളാണവ. ഓരോരുത്തനും ഓരോപോലെ ഒരേ ആകാശത്തിനു കീഴില്‍. അതു തകര്‍ക്കണം പഴയ പൗരോഹിത്യത്തിന്റെ അന്ധകാമനകള്‍ക്ക്. ജനതയെ കാല്‍ക്കല്‍ കുമ്പിടുവിക്കുന്ന വരേണ്യ വ്യാമോഹങ്ങള്‍ക്ക്.

തീര്‍ച്ചയായും ക്യാമ്പസുകള്‍ അവര്‍ക്ക് ശത്രുരാജ്യം തന്നെയാണ്. കാരണം അവര്‍ അടിമകളെ മാത്രം ആവശ്യപ്പെടുന്ന പഴയ കാലത്തിന്റെ അധമരാജന്മാരാണ്. വൈവിദ്ധ്യങ്ങളെ അവര്‍ ഭയപ്പെടുന്നു. അതെല്ലാം ശത്രുക്കളുടെ ഒളിത്താവളങ്ങളാണെന്ന് അവര്‍ സംശയിക്കുന്നു. ജ്ഞാനികളെ രാജ്യദ്രോഹികളെന്ന് പട്ടംചാര്‍ത്തി വിഷം നല്‍കുന്നത് ചരിത്രത്തിന് പുതുമയല്ല. തങ്ങളുടെ രാഷ്ട്രത്തിനു വേണ്ടാത്തവരെ അവര്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. അത് മറു രാഷ്ട്രമാണവര്‍ക്ക്. രോഹിത് വെമുലയും കനയ്യകുമാറും അന്യരാജ്യക്കാരാണ്. സംഘപരിവാര ദേശത്തിനും ബ്രാഹ്മണിക്കല്‍ നീതിശാസ്ത്രത്തിനും പുറത്തു നില്‍ക്കുന്നവര്‍! ഒരു വാക്യത്തില്‍നിന്നോ ഒരറിവില്‍നിന്നോ എത്ര ചോദ്യമുണ്ടാക്കാനാവും നിങ്ങള്‍ക്ക് എന്ന ശിഷ്യരോടുള്ള അന്വേഷണമാണ് സോക്രട്ടീസിനെ വധിക്കാനുള്ള പ്രേരണ. ചോദ്യരൂപത്തില്‍ മാത്രമേ അറിവുകളുള്ളുവല്ലോ എന്ന് അദ്ധ്യാപകരെ തിരുത്തിയ പുതിയ വിദ്യാര്‍ത്ഥികളെ ഭരണകൂടംതന്നെ വിധിച്ചു തുടങ്ങിയിരിക്കുന്നു. മാര്‍ജിനുകളിലൂടെ വരുന്നവരെന്ന് അവര്‍ ആക്ഷേപിക്കപ്പെടുന്നു. പുറത്തുനിന്നു വരന്നവര്‍ എന്നോ ഗ്രാമത്തിന്‍ പുറത്തു കഴിയേണ്ടവര്‍ എന്നോ ധര്‍മ്മസൂത്രങ്ങള്‍ സജീവമാകുന്നു.

ഓരോന്നിനും ഓരോന്നിന്റെ വീര്യത്തോടെയും കര്‍മ്മത്തോടെയും പുലരാനാവുന്ന ഒരിന്ത്യയെക്കുറിച്ചാണ് നാമൊക്കെ സ്വപ്നം കാണുന്നത്. അതിന് അകത്തെ ഭീകരവാദമോ പുറത്തെ ഭീകരവാദമോ തടസ്സമുണ്ടാക്കുന്നത് ആര്‍ക്കു സഹിക്കാനാവും? അകത്തെ ഭീകരന്മാര്‍ അവര്‍ക്കൊപ്പം നിന്നില്ലെങ്കില്‍ നിങ്ങള്‍ പുറത്തെ ഭീകരവാദികള്‍തന്നെ എന്നു മുദ്രകുത്തും. കനയ്യ എന്ന കമ്യൂണിസ്റ്റുകാരന് പുറത്തെ ഭീകരവാദത്തോട് ഒട്ടും യോജിക്കാനാവില്ലെന്ന് അധികാരികള്‍ക്ക് അറിയാം. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കൊന്നും പുറംഭീകരരെ തുണയ്ക്കാനോ അവര്‍ക്കു ജയ് വിളിക്കാനോ ആവില്ലെന്നു വ്യക്തം. പക്ഷെ, അതുപോരാ. നിങ്ങള്‍ അകത്തെ ഭീകരതയ്ക്കു സ്തുതി പാടൂ. ജെ എന്‍ യുവിന്റെ കൂട്ടസ്തുതിയില്‍ രോമാഞ്ചംകൊള്ളട്ടെ ഞങ്ങള്‍ എന്ന ഹിരണ്യകശിപു ഭരണമാണ് നാം കാണുന്നത്. യഥാര്‍ത്ഥത്തില്‍ രാജ്യത്തിനെതിരെ ദ്രോഹകരമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടവരുണ്ടെങ്കില്‍ അവരെ പിടിക്കേണ്ടിയിരുന്നവര്‍ അവര്‍ക്കു രക്ഷപ്പെടാന്‍ പഴുതുകളൊരുക്കുകയായിരുന്നു. ഭീകരവാദികളെയോ രാജ്യദ്രോഹികളെയോ അല്ല ധിഷണാശാലികളെയും കമ്യൂണിസ്റ്റുകളെയുമാണ് വേട്ടയാടേണ്ടതെന്നാവും അവരുടെ നായാട്ടുവേദം പഠിപ്പിക്കുന്നത്.

എവിടെയും ഒരനീതി നടന്നാല്‍ വ്യസനിക്കാനുള്ള മനുഷ്യത്വവും പ്രതിരോധിക്കാനുള്ള കര്‍മ്മ ശേഷിയുമാണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയെ വ്യത്യസ്തമാക്കുന്നത്. നര്‍മ്മദാവാലിയില്‍ ആദിവാസികള്‍ക്കൊപ്പം അവരുണ്ടായിരുന്നു. ഒറീസയിലെ പോസ്‌ക്കോ സമരപ്പന്തലിലും അവരുണ്ടായിരുന്നു. നെയ്‌റോബിയില്‍ ഉന്നത വിദ്യാഭ്യാസം കച്ചവടത്തിനു വെച്ചതിനെതിരെ പൊരുതിയതും അവരാണ്. ഗവേഷണ ഫണ്ടും സൗകര്യവും വെട്ടിക്കുറച്ചപ്പോള്‍ ഒക്യുപ്പൈ യുജിസി സമരം നടത്തിയതും അവരാണ്. പൂനയിലും ഹൈദ്രാബാദിലും സഹപാഠികള്‍ക്കൊപ്പം ഊര്‍ജ്ജമായി അവര്‍ ജ്വലിച്ചു. മഹത്തായ രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് ഉണര്‍ന്നാലോചിക്കുന്ന ജനതയുടെ മനസ്സും ശരീരവുമാണ് കാമ്പസ്. പുറന്തള്ളപ്പെടുന്നവരോടൊപ്പം തിരിഞ്ഞു നില്‍ക്കാനും ചവിട്ടി മെതിക്കപ്പെടുന്നവരോടൊപ്പം പിടഞ്ഞു പൊങ്ങാനും വാമൂടപ്പെട്ടവരുടെ അട്ടഹാസമാവാനും അവരുണ്ടാകുന്നതില്‍ എന്തപാകം?

ഒരാളെഴുതിക്കണ്ടു; ജനങ്ങളുടെ നികുതിപ്പണമാണ് ചെലവഴിക്കപ്പെടുന്നത്. അത് പഠിക്കാനാണ് സമരത്തിനല്ല ചെലവഴിക്കേണ്ടത്. ഇന്ത്യയിലെ നിസ്വരുടെ നിലവിളി കേള്‍ക്കുന്നു എന്നതിന് പഠനം നടക്കുന്നില്ല എന്നര്‍ത്ഥമുണ്ടാകുന്നത് എങ്ങനെയാണ്? പൊതുസമൂഹത്തിന്റെ നികുതിപ്പണം വലിയ മുതലാളിമാര്‍ക്ക് വായ്പ നല്‍കിയ ബാങ്കുകള്‍ ആ പണം എഴുതിത്തള്ളാന്‍ മത്സരിക്കുന്ന രാജ്യമാണിത്. ലക്ഷക്കണക്കിന് കോടി രൂപയാണ് കോര്‍പറേറ്റുകളും രാജ്യത്തെ വ്യവസായ പ്രമുഖരും ചോര്‍ത്തിക്കൊണ്ടു പോകുന്നത്. അത് രാജ്യദ്രോഹമല്ല. അതിന് വഴിവെക്കുന്നവരും തുണയ്ക്കുന്നവരും കമ്മീഷന്‍ പറ്റുന്നവരും രാജ്യസ്‌നേഹികളാവുന്നു. ചോദ്യംചെയ്യുന്ന കുട്ടികളാണ് ദ്രോഹികളാവുന്നത്. അവര്‍ക്ക് ചുമത്തേണ്ടത് രാജ്യദ്രോഹക്കുറ്റം തന്നെ!

മാതൃഭൂമി എഡിറ്റോറിയലെഴുതി. ജെഎന്‍യു ശത്രു രാജ്യമല്ലെന്ന്. സര്‍വ്വകലാശാലാ കാമ്പസുകളെല്ലാം നരേന്ദ്രമോഡി സര്‍ക്കാറിന് ശത്രു രാജ്യങ്ങള്‍തന്നെയാണ്. സൈന്യത്തെ യുദ്ധസന്നാഹങ്ങളോടെ പറഞ്ഞുവിട്ടത് നാം കണ്ടു. അവരെക്കൊണ്ട് കഴിയാത്തത് നിര്‍വ്വഹിക്കാന്‍ സ്വന്തം സ്വകാര്യസൈന്യത്തെ പാട്യാല കോടതിയിലേക്കും എത്തിച്ചു. ദേശസ്‌നേഹത്തിന്റെ റൂട്ട് മാര്‍ച്ച് കോരിത്തരിപ്പിക്കുന്നതായിരുന്നു. മറുവശത്ത് രണ്ടായിരത്തോളം വരുന്ന നിരായുധരായ നെഹ്‌റു സര്‍വ്വകലാശാലയിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അനദ്ധ്യാപക ജീവനക്കാരും. പൂനയിലും ഹൈദ്രാബാദിലും തുടക്കമിട്ട യുദ്ധത്തിന്റെ മര്‍മ്മപ്രധാനമായ കേന്ദ്രംപിടിക്കലാണ് നാം കണ്ടത്. അത് തുടരുമെന്നേ കരുതാനാവൂ.

പക്ഷെ ഒന്നുണ്ട്. കനയ്യ നിങ്ങളുടെ പൊലീസ് അറസ്റ്റു ചെയ്യുമ്പോഴുണ്ടായിരുന്ന ചെറുവാല്യക്കാരന്‍ പയ്യനല്ല ഇപ്പോള്‍. ഉണര്‍ന്നിരിക്കുന്ന ഒരു ജനതയുടെ പ്രതിരോധത്തിന്റെ കനല്‍പ്പുരയാണ്. ചെറുതെന്നു കരുതി കൈപ്പിടിയില്‍ വാരുന്നത് സൂക്ഷിച്ചു വേണം. ഒരു തടവറയിലും കനലയ്യയെ നിങ്ങള്‍ക്ക് ഒളിപ്പിക്കാനാവില്ല. ഇടിച്ചുമുരുട്ടിയും അവസാനിപ്പിക്കാനുമാവില്ല. നിങ്ങളുടെ ശിരസ്സിനുമേലെയാണ് അവന്‍ കുതിച്ചു പൊന്തുന്നത്.

17 ഫെബ്രുവരി 2016

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )