ചരിത്രത്തിന്റെ അന്ത്യം പ്രവചിച്ചവര്‍ പുതിയ ചരിത്രത്തിന് വഴിമാറാന്‍ നിര്‍ബന്ധിതമാകുന്ന രസാവഹമായ രാഷ്ട്രീയ ചിത്രമാണ് അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ തെളിഞ്ഞുവരുന്നത്. താന്‍ സോഷ്യലിസ്റ്റാണെന്ന് വിശേഷിപ്പിച്ച് ഡമോക്രാറ്റുകള്‍ക്കിടയില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് സ്വന്തം പേര് പ്രഖ്യാപിക്കുമ്പോള്‍ ബേണി സാന്റേഴ്സ് എന്ന എഴുപത്തിനാലുകാരന് മറ്റൊരു സ്ഥാനാര്‍ത്ഥിയായ ഹിലാരി ക്ലിന്റണ് ഒരെതിരാളിയേ ആയിരുന്നില്ല. വെര്മോണ്ടില്നിന്നു സെനറ്റിലേക്കുള്ള സ്വതന്ത്ര പ്രതിനിധി എന്ന നിലയിലും ബര്‍ലിങ്ടനിലെ മുന്‍ മേയര്‍ എന്ന നിലയിലും സെനറ്റ് ബഡ്ജറ്റ് കമ്മറ്റി അംഗമെന്ന നിലയിലുമൊക്കെ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സാന്റേഴ്സ് പരിചിതനായിരുന്നു എന്നു മാത്രം.
നാളുകള്‍ കഴിയുന്തോറും ബേണി സാന്റേഴ്സ് തുറന്നുവിടുന്ന രാഷ്ട്രീയാഭിപ്രായങ്ങള്‍ ഹിലാരിയെമാത്രമല്ല അമേരിക്കന്‍ രാഷ്ട്രീയത്തെത്തന്നെ പിടിച്ചു കുലുക്കുകയാണ്. 1980ല്‍ റൊണാള്‍ഡ് റീഗന് ആരംഭംകുറിച്ച രാഷ്ട്രീയ പ്രത്യയശാസ്ത്ര മാര്‍ഗത്തിന്റെ അന്ത്യമാണ് സാന്റേഴ്സ് കുറിക്കുന്നതെന്ന് മൂലധനം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എന്ന പ്രശസ്ത കൃതിയെഴുതിയ തോമസ് പിക്കറ്റി അഭിപ്രായപ്പെടുന്നു. ഇപ്പോഴത്തെ കുതിപ്പുകള്‍ മതിയാകാതെ വന്നേക്കാം സാന്റേഴ്സന്. എന്നാല്‍ നാളെ ശക്തിപ്പെടാനിടയുള്ള പുതിയ രാഷ്ട്രീയത്തിന്റെ അരങ്ങേറ്റമാണിതെന്ന് അംഗീകരിക്കേണ്ടിവരുമെന്ന് പിക്കറ്റിക്ക് അഭിപ്രായമുണ്ട്. കൂടുതല്‍ ചെറുപ്പമായ ഒരു സാന്റേഴ്സിന് നാളെ ഈ കുതിപ്പിന് ശക്തി പകരാനാവും.
20088ല്‍ ഒബാമയെ നേരിടുമ്പോള്‍ വെള്ളത്തൊഴിലാളി വിഭാഗങ്ങളുടെയും പ്രായംചെന്നവരുടെയും പിന്തുണ ഹിലാരിക്കു ലഭിച്ചിരുന്നു. യുവാക്കളും നഗരങ്ങളിലെ ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ചവരുമെല്ലാം കൂടുതല്‍ സ്വീകാര്യമായി കരുതിയത് ഒബാമയെയായിരുന്നു. ഇത്തവണ ഹിലാരിയെ ഞെട്ടിച്ചത് തീരെ അപ്രസക്തനെന്ന് കരുതിയ ബേണിസാന്റേഴ്സ് യുവാക്കളുടെ മാത്രമല്ല വെള്ളത്തൊഴിലാളികളുടെകൂടി മനസ്സു കീഴടക്കുന്നു എന്നതാണ്. എങ്കിലും പ്രായംചെന്നവരുടെയും ധനിക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും പിന്തുണ ഇത്തവണയും തനിക്കുണ്ടാകുമെന്ന് ഹിലാരി മോഹിക്കുന്നു. കറുത്തവരുടെ കേന്ദ്രങ്ങളില്‍ എന്തു സംഭവിക്കുമെന്ന് വലിയ ഉത്ക്കണ്ഠയോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ ശ്രദ്ധിക്കുന്നത്.
ഡമോക്രാറ്റുകളുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയാവാന്‍ മത്സരിക്കുമ്പോള്‍തന്നെ ഡമോക്രാറ്റുകള്‍ പിന്തുടരുന്ന പല നയങ്ങളും സ്വീകാര്യമല്ലെന്ന് തുറന്നു പറയാനുള്ള ധൈര്യവും സന്നദ്ധതയും സാന്റേഴ്സ് പ്രകടിപ്പിക്കുന്നു. റിപ്പബ്ലിക്കരെയെന്നപോലെ ഇവരെയും തുറന്നുകാട്ടിയാണ് തന്റെ സ്വതന്ത്രാസ്തിത്വം നില നിര്‍ത്തുന്ന പ്രചാരണ കൗശലം അദ്ദേഹം വികസിപ്പിച്ചിരിക്കുന്നത്. വന്‍കിടക്കാരുടെ സാമ്പത്തിക പിന്തുണ തനിക്കാവശ്യമില്ലെന്ന് അദ്ദേഹം ആദ്യമേ തുറന്നടിച്ചിരുന്നു. ഹിലാരിയെ സംബന്ധിച്ച് അത്തരമൊരു തീരുമാനമെടുക്കുക അസാദ്ധ്യമാണ്. മാത്രമല്ല സാമ്പത്തിക നയത്തിലും വിദേശ നയത്തിലും കാര്യമായ അഭിപ്രായഭേദവും അദ്ദേഹത്തിനുണ്ട്. ഉത്പാദന സംരംഭങ്ങളെ പൊതു ഉടമയില്‍ കൊണ്ടുവരികയെന്ന മുദ്രാവാക്യമൊന്നും സാന്റേഴ്സ് മുഴക്കിയിട്ടില്ല. എന്നാല്‍, സാമ്പത്തിക അസമത്വങ്ങള്‍ക്കും കോര്‍പറേറ്റ് ചൂഷണത്തിനും എതിരെ അതിശക്തമായ സോഷ്യലിസ്റ്റാശയ പ്രചാരണമാണ് അദ്ദേഹം അഴിച്ചുവിടുന്നത്. വലിയ സാമ്പത്തികാധിനിവേശങ്ങള്‍ സൃഷ്ടിക്കാവുന്ന പ്രശ്നങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. സാമ്പത്തിക കേന്ദ്രീകരണം അല്ലാതാക്കണം എന്നും നികുതി നയം പൊളിച്ചെഴുതണമെന്നും മാനിഫെസ്റ്റോയില്‍ പറയുന്നുമുണ്ട്. തൊഴിലെടുക്കുന്നവരുടെ മിനിമംകൂലി സംബന്ധിച്ച ജാഗ്രതയും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.
രാഷ്ട്രീയത്തിന്റെ പൊതുധാരയില്‍നിന്ന് അകറ്റപ്പെട്ടവര്‍ തിരിച്ചെത്തുന്നു എന്ന തോന്നല്‍ ശക്തിപ്പെടുകയാണ്. മൂന്നു മൂന്നര പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് പഴയ സോഷ്യലിസ്റ്റുകള്‍ തിരിച്ചു വരുന്നത്. ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് ജെറമി കോര്ബിന് കടന്നു വന്നത് ഈയിടെയാണ്. സമാനമായ ഒരു വരവാണ് ബേണി സാന്റേഴ്സിന്റേത്. രണ്ടു ദിവസം മുമ്പ് ദി ഗാര്ഡിയന് ഇവരെ രണ്ടുപേരെയും താരതമ്യപ്പെടുത്തുന്ന ഒരു വിശകലനം പ്രസിദ്ധീകരിക്കുകയുണ്ടായി. നവസാമൂഹിക മാധ്യമങ്ങളില്‍ സജീവമാകുന്ന പുതിയ തലമുറതന്നെയാണ് ഇടതുപക്ഷത്തിന്റെ ഈ പുതിയ ഉണര്വ്വിന് നേതൃത്വം നല്‍കുന്നത്. കോര്‍ബിമാനിയ യുവജനങ്ങളില്‍ പടരുന്നുവെന്ന് കഴിഞ്ഞ സെപതംബറിന്റെ അനുഭവത്തുടര്ച്ചകളാണ് രേഖപ്പെടുത്തുന്നത്. ഗാര്ഡിയന് എന്ന പത്രം അത് വലിയ പ്രാധാന്യത്തോടെ പരിശോധിക്കുന്നുണ്ട്. യുവജനങ്ങളെ മാത്രമല്ല തൊഴിലാളി വിഭാഗങ്ങളെയും കോര്‍ബിമാനിയ സ്വാധീനിച്ചിട്ടുണ്ടെന്ന് പത്രം കണ്ടെത്തുന്നു.
ഫ്രഡ്ഡി സായേഴ്സ് എന്ന പ്രമുഖ പത്രാധിപര്‍ ജെറമി കോര്‍ബിന്റെയും ബേണി സാന്റേഴ്സിന്റെയും മുന്നേറ്റങ്ങളെ താരതമ്യപ്പെടുത്തുന്നു. കഴിഞ്ഞ ആഴ്ച്ച ഹാമ്പ്ഷെയറിലെ അനുഭവം സെപ്തംബറില്‍ കോര്ബിനുണ്ടായതിനു സമാനമത്രെ. ഒരേ പാറ്റേണിലാണ് രണ്ടിടത്തും വോട്ടര്‍മാര്‍ പ്രതികരിക്കുന്നത്. പ്രായംചെന്നവരില്‍ സോഷ്യലിസ്റ്റാശയങ്ങളുടെ തിരിച്ചുവരവ് വലിയ പ്രതീക്ഷയുണര്‍ത്തുന്നില്ല. 18 മുതല്‍ 24 വയസ്സുവരെയുള്ളവരില്‍ 82 ശതമാനമാണ് ഹാമ്പ്ഷൈറില് സാന്റേഴ്സിനെ പിന്തുണച്ചത്. ബ്രിട്ടനില്‍ കോര്ബിന് ഈ ഗണത്തില്‍പെട്ട 64 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. 25നും 39നും ഇടയില്‍ പ്രായമുള്ളവരുടെ 76ശതമാനം സാന്റേഴ്സനും 67ശതമാനം കോര്‍ബിനും വാങ്ങി. 40നും 60നും ഇടയിലാവുമ്പോള്‍ സാന്റേഴ്സന്റെ പിന്തുണ 55ശതമാനമായും 60നു മുകളിലാവുമ്പോള്‍ 44ശതമാനമായി കുറയുന്നതും പഠനം പരിശോധിക്കുന്നു. ഈ പ്രായഗണത്തിലുള്ളവരില് കോര്‍ബിനും 60,51 ശതമാനങ്ങളായി പിന്തുണ കുറയുന്നുണ്ട്.
രണ്ടു ഭൂഖണ്ഡങ്ങളിലാണെങ്കിലും നവലിബറല്‍ പരിഷ്ക്കാരങ്ങളുടെയും കോര്‍പറേറ്റ് മുതലാളിത്തത്തിന്റെയും ഹിംസാത്മകമായ കടന്നു കയറ്റവും അത് സമൂഹത്തിലുണ്ടാക്കിയ അരക്ഷിതാവസ്ഥയും സമരോന്മുഖമായ ജീവിത സാഹചര്യവും എങ്ങനെയാണ് ഇടതുപക്ഷത്തെ തിരിച്ചെത്തിക്കുന്നതെന്ന് ഈ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. 2008 ലെ സാമ്പത്തിക പ്രതിസന്ധിക്കു ശേഷം ലോകമാകെ വളര്‍ന്ന പുതിയ അന്വേഷണങ്ങള്‍ മാര്‍ക്സിസത്തെ അജണ്ടയിലേക്കു തിരിച്ചെത്തിച്ചു. എറിക് ഹോബ്സ്ബാം മുതല്‍ ടെറി ഈഗിള്‍ടന്‍ വരെ ഈ സാഹചര്യത്തെ വിശകലനം ചെയ്ത് മാര്‍ക്സിന്റെ വീണ്ടുപിറവി പ്രവചിക്കുകയുണ്ടായി. ചരിത്രത്തിന് അന്ത്യമായെന്ന് എണ്‍പതുകളില്‍ കൂവിയാര്‍ത്ത ഫുക്കുയാമമാരില്നിന്നും കുതറുകയാണ് ചരിത്രം. വാള്‍സ്ട്രീറ്റില്‍ മുഴങ്ങിയത് അതിന്റെ മുദ്രാവാക്യങ്ങളായിരുന്നു. നേര്‍ത്തതെങ്കിലും അതിന്റെ പ്രതിഫലനങ്ങളാണ് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ തിടംവെച്ചുണരുന്നത്.
വരാനിരിക്കുന്ന പരീക്ഷണങ്ങളില്‍ ബേണി സാന്റേഴ്സന് പിറകോട്ട് തള്ളപ്പെട്ടാല്‍ അതില്‍ അത്ഭുതമൊന്നുമില്ല. വലിയ ധനിക ലോബികളുടെ ചൂതാട്ടമാണ് അവിടെയും തെരഞ്ഞെടുപ്പ്. പക്ഷെ, അതിനിടയിലും മാറ്റത്തിന്റെ അടയാളങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ അതിവിടെ രേഖപ്പെടുത്തേണ്ടിവരുന്നു. ഇപ്പോള്‍ അത്രയേ പറയേണ്ടതുള്ളു. വലിയ കൊടുങ്കാറ്റായി ബേണി സാന്റേഴ്സ് ആഞ്ഞു വീശിയാലും അമേരിക്കന്‍ രാഷ്ട്രീയ ലോകത്തിന്റെ പരിമിതികളെ അത് ലംഘിക്കുമെന്ന് സ്വപ്നം കാണുന്നതിലും കാര്യമില്ല. അമേരിക്കന്‍ വിദേശനയത്തെ എതിര്‍ത്തിരുന്നു. ഇറാഖ് യുദ്ധത്തെ അപലപിച്ചിരുന്നു എന്നെല്ലാമുള്ള ഒട്ടേറെ പുരോഗമന നിലപാടുകള്‍ അദ്ദേഹത്തില്‍ നാം കണ്ടിട്ടുണ്ട്. അതൊക്കെ ആ സമൂഹം എങ്ങനെ വിശകലനം ചെയ്യുമെന്നും എങ്ങനെ വിധി എഴുതുമെന്നും കാത്തിരുന്നു കാണാം. ഇപ്പോള്‍ ദുര്‍ബ്ബലമെങ്കിലും ശക്തിപ്പെടാവുന്ന നാളെയുടെ രാഷ്ട്രീയം അവിടെ ജനിച്ചിരിക്കുന്നു എന്ന പിക്കറ്റിയുടെ നിരീക്ഷണം ലോകത്തിന് വലിയ പ്രതീക്ഷകള്‍ നല്കുന്നു എന്നു മാത്രം പറഞ്ഞുവെയ്ക്കാം.
17 ഫെബ്രുവരി 2016