അത്യന്തം ജീര്‍ണമായ രാഷ്ട്രീയാന്തരീക്ഷമാണ് ഇപ്പോള്‍ നമ്മുടേത്. അസഹ്യവും അധമവുമായ പ്രവൃത്തികളാണ് ജനാധിപത്യരാഷ്ട്രീയത്തെയാകെ കീഴ്പ്പെടുത്തിയിരിക്കുന്നത്. കോടികള്‍ കൊള്ളയടിച്ചതിന്റെയും ജനങ്ങളെയാകെ കബളിപ്പിച്ചതിന്റെയും മേന്മയും കൗശലവുമാണ് ഭരണപക്ഷം ആഘോഷിക്കുന്നത്. തരംതാണ വാദപ്രതിവാദങ്ങളില്‍ മാത്രം പരിചിതമായ ദുര്ബ്ബലയുക്തികള്കൊണ്ട് ജനങ്ങളെ നിസ്തേജരാക്കുന്ന പെരുംകൊള്ളക്കാരായി മാറിയിരിക്കുന്നു ഭരണരാഷ്ട്രീയക്കാര്‍.
ധനാധിനിവേശത്തിന്റെ കോര്‍പറേറ്റ് തമ്പുരാക്കന്മാര്ക്ക് രാജ്യം തീറെഴുതാന്‍ ഒരു തടസ്സവുമില്ല. തങ്ങള്‍ക്കെന്തു കിട്ടും എന്നതിലേ നോട്ടമുള്ളു. അന്താരാഷ്ട്ര നാണയനിധിക്കോ ലോകബാങ്കിനോ പണയംവെക്കാന്‍ മാത്രം വിലയുണ്ട് രാജ്യത്തെ ജനസമ്പത്തിന് എന്നതു മാത്രമാണ് ആശ്വാസം. തലമുറകളെ പണയംവെച്ച് വിലപേശിവാങ്ങുന്ന പണവും ജനങ്ങളെ ഊറ്റിച്ചോര്ത്തുന്ന നികുതിപ്പണവും കോര്‍പറേറ്റ് രാജാക്കന്മാര്ക്കു വീതംവെച്ച് കമ്മീഷന് പറ്റാനുള്ള മധ്യവര്‍ത്തി മാഫിയ എന്നതിനപ്പുറം മന്ത്രിസഭകള്‍ക്ക് വേറൊരു മുഖവും ഇല്ലാതായിട്ടുണ്ട്. ഒന്നര ലക്ഷം കോടിയിലേറെ വരും നമ്മുടെ പൊതു കടം. ഭവന രഹിതര്‍ക്ക് ഭവനമോ, ഭൂരഹിതര്‍ക്ക് ഭൂമിയോ, തൊഴില്‍ രഹിതര്‍ക്ക് തൊഴിലോ, അരക്ഷിതര്‍ക്ക് ആശ്വാസമോ, പുറന്തള്ളപ്പെട്ടവര്‍ക്ക് പുനരധിവാസമോ നല്കാന് അതിന്റെ ഒരു ശതമാനമെങ്കിലും ചെലവഴിക്കപ്പെട്ടില്ല. അതോര്‍ത്ത് ലജ്ജിക്കേണ്ടവര്ക്ക് അതിനുള്ള വിവരവും വിവേകവും ഇല്ലാതെപോയി. അവര്‍ ബാറിലും സോളാറിലുമായി ജനങ്ങളെ കൂടുതല്‍ കൊള്ളയടിക്കാനുള്ള അശ്ലീല പദ്ധതികള്‍ രൂപപ്പെടുത്തുകയായിരുന്നു.
സ്വന്തം ഓഫീസ് ദല്ലാള്സംഘത്തിന്റെ വിലപേശല്‍ താവളമായതും അവരിലോരോരുത്തരും കുറ്റവാളികള്‍ക്കുള്ള തടവുപാളയങ്ങളിലേക്ക് ആനയിക്കപ്പെട്ടതും നിര്‍മമനായി നോക്കിനിന്ന മുഖ്യമന്ത്രി അപാരമായ ചര്മ്മശേഷിയാണ് പ്രകടിപ്പിച്ചത്. വഞ്ചനയുടെയും കൊടുംകുറ്റത്തിന്റെയും കരിനിഴലായി താന്‍ വളര്‍ന്നു തിടംവെക്കുകയാണല്ലോ എന്നു ഖേദിക്കാന്‍ അല്‍പ്പമെങ്കിലും മാന്യത അദ്ദേഹത്തില്‍ അവശേഷിച്ചിരുന്നില്ല. അന്ന് മുറിവേറ്റ മലയാളിയുടെ നീതിബോധത്തില്‍ തെളിവെവിടെ തെളിവെവിടെ എന്ന വിലാപമായി താഴ്ന്നു താഴ്ന്നുപോയ ഒരു മാന്യരൂപം ആഴങ്ങളില്കിടന്ന് അമറിക്കൊണ്ടേയിരിക്കുകയാണ്. യനസ്ക്കോയുടെ ഒരാവിഷ്ക്കാര കൗതുകത്തിന് നാടകേതര അരങ്ങു കൈവന്നിരിക്കുന്നു.
ഈ കളിയരങ്ങിനു പിറകില്‍ നിറഞ്ഞ ഇരുട്ടിലാണ് സാധാരണ മനുഷ്യരുടെ ജീവിതം. ചാനലുകളിലെ വാര്‍ത്താ ചര്‍ച്ചകളും യാത്രാപ്രസ്ഥാനങ്ങളുടെ തെരുവു പ്രകടനങ്ങളിലും അവരുടെ പ്രശ്നങ്ങള്‍ കടന്നെത്തുന്നില്ല. സമീപകാലത്തെ യുവജന പ്രക്ഷോഭങ്ങള്‍പോലും ആരുടെ മുന്‍കയ്യില്‍ കോര്‍പറേറ്റ് മുതലാളിത്താധികാരം പങ്കുവെയ്ക്കപ്പെടണം എന്നതു മാത്രമായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങളിലോ, പ്ലാച്ചിമടയുമായി ബന്ധപ്പെട്ട പരിഹാരമില്ലാതെ തിരിച്ചയക്കപ്പെടുന്ന നിയമസഭാ നിശ്ചയത്തിന്റെ പേരിലോ, വിഷംതിന്നു ജീവിക്കുന്ന കാതികുടം ചെറുത്തു നില്‍പ്പുകളെ അഭിവാദ്യം ചെയ്തോ, അസംഘടിത തൊഴിലാളികള്‍ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്ക് അറുതി വരുത്താനോ, തണ്ണീര്ത്തടങ്ങളാകെ നികത്തി കോര്‍പറേറ്റ് ഗോപുരങ്ങള്‍ ഉയരുന്നത് തടയാനോ, വികസനത്തിന്റെ പേരില്‍ ജീവിതസുരക്ഷയില്നിന്ന് ഒരാളും പുറന്തള്ളപ്പെട്ടുകൂടാ എന്ന് ഉറക്കെ പറയാനോ, അദ്ധ്വാനിക്കുന്ന കീഴാള സമൂഹങ്ങള്‍ക്ക് മിനിമം വേതനവും തൊഴിലിടങ്ങളും ലഭ്യമാക്കുന്നതിനോ, മലയോരങ്ങളില്‍ മണ്ണ് – ക്വാറി മാഫിയകളുടെ യുദ്ധങ്ങളില്‍നിന്ന് സാധാരണക്കാരെ രക്ഷിക്കാനോ നടന്നുപോന്ന ഒറ്റപ്പെട്ട സമരങ്ങളില്‍ വിപ്ലവ യുവജനസംഘടനകള്‍ ഐക്യപ്പെട്ടില്ല. അതിന്റെ പേരില്‍ കൊടിയ പൊലീസ് മര്‍ദ്ദനം അവര്‍ക്ക് ഏല്‍ക്കേണ്ടി വന്നില്ല. അഴിമതി മന്ത്രിമാരെ കരിങ്കൊടി കാണിക്കാനും താഴെയിറക്കാനുമുള്ള വെമ്പല്‍ അടിസ്ഥാന സമൂഹങ്ങളെ രക്ഷിക്കാനുള്ളതായിരുന്നുവോ? അതോ മറ്റൊരധികാരത്തിന്റെ കോര്‍പറേറ്റ് വസന്തം അവരെ മോഹിപ്പിക്കുകയാണോ?
ഭരിക്കുന്ന വലതുപക്ഷ പ്രസ്ഥാനങ്ങളെപ്പോലെ പ്രതിപക്ഷ ഇടതുപക്ഷ പ്രസ്ഥാനങ്ങളും അഭിസംബോധന ചെയ്യുന്നത് നിരന്തരം പെരുകുന്ന ചൂഷിതസമൂഹങ്ങളെയല്ല എന്നു പറയേണ്ടി വരുന്നു. പിണറായി ക്യാബിനറ്റിന്റെ നയ പ്രഖ്യാപനം യാത്രാനീളത്തില് നാം അറിഞ്ഞുകൊണ്ടിരിക്കുന്നു. അതിവേഗ തീവണ്ടിപ്പാത, നാല്‍പ്പത്തഞ്ച് മീറ്റര്‍ വീതിയിലെ ബിഒടി ചുങ്കപ്പാത, വിഴിഞ്ഞം അദാനിപ്പദ്ധതി, അതിരംപള്ളി മെഗാ പദ്ധതി, വിമാനത്താവളം, സ്മാര്‍ട്സിറ്റി എന്നിങ്ങനെ ബൃഹദ് പദ്ധതികളേയുള്ളു. അവയുടെ പേരില്‍ പുറന്തള്ളപ്പെടുന്ന നിസ്വരായ മനുഷ്യരെപ്പറ്റി ഒരക്ഷരം ഉരിയാടി കേള്‍ക്കുന്നില്ല. യാത്ര പോകുമ്പോള്‍ കാക്കഞ്ചേരിയിലോ കാതികുടത്തോ സമരപ്പന്തലില്‍ ഒന്നു കയറി നോക്കുന്നില്ല. ചാണ്ടി നാറിയാല്‍ പിണറായിക്കു വളം എന്നാവും ചൊല്ല്. രണ്ടായാലും കോരന് പതിവു കഞ്ഞിയില്‍ മാറ്റമില്ല. കോരന്റെ പാര്‍ട്ടിയ്ക്കു കോരന്റെ വികസനത്തില്‍ ഒട്ടും താല്‍പ്പര്യമില്ലാതായി. കോര്‍പറേറ്റ് തമ്പുരാന്മാര് വികസിക്കുമ്പോള്‍ കോരനും വികസിക്കുമല്ലോ എന്ന് ഉദാരമായ സൗമനസ്യം!
ഈ സാഹചര്യത്തില്‍, നാമത്തിലോ കൊടിയുടെ നിറത്തിലോ അല്ലാതെ ഉള്ളുകൊണ്ട് ഇടതുപക്ഷമെന്നു പറയാവുന്ന പ്രസ്ഥാനങ്ങള്‍ പിടഞ്ഞുണരേണ്ടതുണ്ട്. ധനാഢ്യ തമ്പുരാന്മാര്ക്ക് ആത്മാവ് പണയംവെച്ച പാര്‍ട്ടികളിലെ അസംഖ്യം സാധാരണ മനുഷ്യര്‍ക്കും ഇപ്പോഴെങ്കിലും ബോധമുണര്ന്നേ തീരൂ. വെച്ചു നീട്ടുമെന്നാശിക്കുന്ന താല്ക്കാലികാശ്വാസങ്ങളല്ല, അതിജീവനത്തിനുള്ള തുണയും കരുത്തുമാണ് നമുക്കു വേണ്ടത്. ചൂഷിത സമൂഹങ്ങളുടെ പക്ഷത്തുനിന്ന് രൂപപ്പെടുത്താവുന്ന ഒരു വികസനത്തെക്കുറിച്ചാണ് നാം ചിന്തിക്കുന്നത്. അവരുടെ ജീവിക്കാനുള്ള അവകാശം എന്ന അടിസ്ഥാന വികസനത്തെ കഴിഞ്ഞേയുള്ളു മറ്റെന്തു കാഴ്ച്ചപ്പാടും. അങ്ങനെ ചിന്തിക്കുന്ന ഒരു ഇടതുപക്ഷം ഇവിടെയൊക്കെയുണ്ടായിരുന്നു. ഇനിയും ഉണ്ടാവണമല്ലോ.
നാറിപ്പുഴുത്ത വലതു രാഷ്ട്രീയത്തിന്റെ മുന്നില്‍നിന്ന് എല്‍ഡിഎഫ് നേതൃത്വം പറയണം. കോര്‍പറേറ്റ് വികസനത്തിന്റെ പാതയില്‍ അതേ ജീര്‍ണതകള്‍ക്കു പിറകിലാണോ പോകേണ്ടത്? അതെങ്ങനെയാണ് യുഡിഎഫ് പദ്ധതികള്‍ക്ക് ബദലാവുക? അതിജീവിക്കാന്‍ പൊരുതുന്ന മനുഷ്യര്‍ എങ്ങനെയാണ് ആ നയത്തിന് പിറകില്‍ അണിചേരുക? എല്‍ ഡി എഫിലെ എല്ലാ ഇടതുപക്ഷ പാര്‍ട്ടികളും തങ്ങള്‍ ഇടതുപക്ഷം തന്നെയാണോ എന്ന് അങ്ങനെ തുടരാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. ഇടതുപക്ഷ സാമൂഹിക ഇടതുപക്ഷ ശക്തികളെ മുന്നോട്ടു നയിക്കാന്‍ പ്രാപ്തിയുള്ള ഇടതുപക്ഷ നേതൃത്വം എന്നതിനര്‍ത്ഥം ആള്‍ബലമുള്ള പാര്‍ട്ടി എന്നല്ല. സാമ്രാജ്യത്വ ആഗോളവത്ക്കരണത്തിനും കോര്‍പറേറ്റ് ജനാധിപത്യത്തിനും എതിരെ പൊരുതാന്‍ വര്ഗവീര്യമുള്ള രാഷ്ട്രീയശക്തി എന്നാണ്. അതു കെട്ടിപ്പടുക്കുക എന്നത് ഇന്നത്തെ സാഹചര്യത്തില്‍ പരമപ്രധാനമാണ്. തങ്ങള്‍ക്കകത്തെ വലതുപക്ഷ വഴുതലുകളെ മറികടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇടതുപക്ഷമെന്ന വിളിപ്പേരിന്റെ ആനുകൂല്യം കേരളത്തിലെ എല്‍ഡിഎഫിനു നഷ്ടമാവും. കോര്‍പറേറ്റ് വിധേയരെ നിര്‍ദ്ദയമായി കയ്യൊഴിഞ്ഞുള്ള പുതിയധ്രുവീകരണത്തിനും പുനസംഘാടനത്തിനും ഉണരുന്ന ഇടതുപക്ഷത്തിന് ബാധ്യതയുണ്ട്.
രാജ്യത്തെ രാഷ്ട്രീയം വലതുപക്ഷ കോര്‍പറേറ്റ് മുതലാളിത്ത രാഷ്ട്രീയമെന്നും ഇടതുപക്ഷ – സാമൂഹിക ഇടതുപക്ഷ ജനകീയ രാഷ്ട്രീയമെന്നും രണ്ടായി പിളരുകയാണ്. പുതിയ ധ്രുവീകരണത്തിന്റെ ആരംഭകാലമാണിത്. അതിലേക്ക് നയിക്കുന്ന കാലുഷ്യങ്ങളാണ് നാം അനുഭവിക്കുന്നത്. ഇവിടെ പഴയകാല പ്രതാപങ്ങളോ താല്‍ക്കാലിക ഭ്രമങ്ങളോ ആരെയും തുണയ്ക്കില്ല. വൈയക്തികമായ താല്‍പ്പര്യങ്ങള്‍ക്കും അധികമായ ആയുസ്സു ലഭിക്കാനിടയില്ല. പക്ഷം ചേരുക എന്നാണ് പോരാട്ടങ്ങളോരോന്നും വിളിച്ചുകൊണ്ടിരിക്കുന്നത്.
9 ഫെബ്രുവരി 2016