Article POLITICS

കുമ്മനത്തെ കുമ്പിടണോ സി ബി ഐ അന്വേഷണത്തിന്?

TPകെ കെ രമ ആവശ്യപ്പെടുകയാണെങ്കില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ വേണ്ട സമ്മര്‍ദ്ദം ചെലുത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. അതുപ്രകാരമായിരിക്കണം ആര്‍എംപിതന്നെ കുമ്മനത്തെ നേരിട്ടു കണ്ടതായി വാര്‍ത്ത വന്നിരിക്കുന്നു.

ചന്ദ്രശേഖരന്‍ വധത്തിനു പിറകിലെ ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരാനും ശിക്ഷിക്കാനും സിബിഐ അന്വേഷണം ആവശ്യമാണെന്നും അക്കാര്യത്തിനുവേണ്ട നടപടിക്രമങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് കെ കെ രമ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തിയിരുന്നു. ആ ആവശ്യം ഗവണ്‍മെന്റ് അംഗീകരിച്ചതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍ പലവിധ സമ്മര്‍ദ്ദങ്ങള്‍കൊണ്ടാവണം ആത്മാര്‍ത്ഥമായ ശ്രമങ്ങളൊന്നും സംസ്ഥാന കേന്ദ്ര ഗവണ്‍മെന്റുകളുടെ ഭാഗത്തുനിന്നുണ്ടായില്ല. ലോകസഭാ തെരഞ്ഞെടുപ്പുകാലത്ത് നരേന്ദ്രമോഡിതന്നെ ടി. പി വധത്തെ അപലപിക്കുകയും ഉന്നതാന്വേഷണം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതാണ്. എന്നാല്‍ ഭരണത്തിലേറിയശേഷം ടി പി വധത്തെക്കുറിച്ചു മാത്രമല്ല ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തെക്കുറിച്ചുപോലും മിണ്ടിയതേയില്ല. ഇനി ജയകൃഷ്ണന്‍മാസ്റ്റര്‍ വധത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ ആരാണാവോ കുമ്മനത്തെ പോയി കണ്ടു വണങ്ങേണ്ടത്?

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാം ഒന്ന് പൊടിതട്ടിയെടുക്കേണ്ടത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആവശ്യമാണ്. അതിന് ഒരു വാംഅപ് എന്ന നിലയില്‍ ജാഥകളും പ്രയാണമാരംഭിച്ചു. ആ അഭ്യാസ പ്രകടനത്തിന് മിഴിവേകാന്‍ പോകുന്ന വഴിയിലെല്ലാം കുമ്പിട്ട് കാത്തു നില്‍ക്കാനും സങ്കടം പറയാനും പാവം പ്രജകള്‍ വേണം. ഭാവി കാര്യങ്ങള്‍ ഭദ്രമാക്കാന്‍ സേവകരും വ്യവസായികളും വേണം. ഗൗരവതരമാക്കാന്‍ പൗരപ്രമുഖര്‍ അണിനിരക്കണം. അക്കൂട്ടത്തില്‍ ബിജെപിക്ക് ആളുകളെ ആകര്‍ഷിക്കാന്‍ കേന്ദ്രഭരണത്തിലെ സ്വാധീനമാണ് ഇത്തവണത്തെ തുരുപ്പു ചീട്ട്. ടി പി വധത്തെ അജണ്ടയിലേക്ക് വലിച്ചിടാനും രമയെയും വിമത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും തനിക്കു മുന്നില്‍ കുമ്പിടുവിക്കാനും കുമ്മനത്തിന്റെ സാമര്‍ത്ഥ്യം ജോറായിരിക്കുന്നു. സംസ്ഥാനത്തെ കമ്യൂണിസ്റ്റ് വിമതരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുമെന്ന് ബിജെപി അജണ്ട പരസ്യപ്പെടുത്തിയിട്ട് അധികനാളുകളായിട്ടില്ല. അതാണിപ്പോള്‍ സാക്ഷാത്ക്കരിക്കുന്നത്.

രാജ്യത്ത് ഒരു കൊലപാതകമോ അതിക്രമമോ നടന്നാല്‍ അത് അന്വേഷിക്കാനും കുറ്റക്കാരെ ശിക്ഷിക്കാനും നിയമവ്യവസ്ഥയുണ്ട്. അത് തടസ്സങ്ങളില്ലാതെ നടപ്പാക്കുമെന്ന് ഉറപ്പിക്കേണ്ടത് ജനാധിപത്യ ഗവണ്‍മെന്റുകളുടെ ബാധ്യതയാണ്. വിവിധങ്ങളായ താല്‍പ്പര്യങ്ങള്‍ക്കു വഴിപ്പെട്ടും ഉദാസീനമായും അന്വേഷണങ്ങളിഴയുമ്പോള്‍ അല്ലെങ്കില്‍ കേസുകള്‍ വഴിയില്‍ ഉപേക്ഷിക്കപ്പെടുമ്പോള്‍ ഗവണ്‍മെന്റുകളെ ഓര്‍മ്മപ്പെടുത്തേണ്ടി വന്നേക്കാം. നിയമത്തിന്റെ മറ്റു വഴികള്‍ തേടേണ്ടിയും വരാം. എന്നാല്‍ കേന്ദ്ര ഭരണകക്ഷിയുടെ സംസ്ഥാന നേതാവു വഴിയാണ് കാര്യങ്ങള്‍ നേടേണ്ടത് എന്നു വന്നാല്‍ നമ്മുടെ ജനാധിപത്യ സംവിധാനങ്ങള്‍ക്ക് എന്തോ കുഴപ്പമുണ്ട് എന്നാണര്‍ത്ഥം. എന്നെവന്നുകാണൂ ഞാന്‍ ശരിയാക്കാം എന്ന ദല്ലാള്‍പണിയല്ല രാഷ്ട്രീയം. മുന്നില്‍ കുമ്പിട്ടു നിന്നാല്‍ പ്രീതിപ്പെടാമെന്ന ഫ്യൂഡല്‍ ധാര്‍ഷ്ട്യം ജനാധിപത്യ രാഷ്ട്രീയത്തിനു ചേര്‍ന്നതല്ല.

ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവും മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വരാന്തയില്‍ അങ്ങനെ നിവേദനവുമായി നീതികാത്ത് കിടക്കേണ്ടി വരരുത്. ആര്‍ എം പി നേതാക്കള്‍ സൗഹൃദസന്ദര്‍ശനത്തിന് ചെന്നെത്തുന്ന ഇടമൊന്നുമല്ലല്ലോ കുമ്മനത്തിന്റെം കൂടാരം. അതങ്ങനെ ആയിക്കൂടാതാനും. അപ്പോള്‍ ആ കൂടിക്കാഴ്ച്ചയില്‍ അശ്ലീലമുണ്ട്. രമയെയോ ആര്‍എംപിയെയോ ഞങ്ങള്‍ രക്ഷിക്കാം എന്നു ക്ഷണിച്ചു വരുത്തിയവര്‍ ടി പി യെ കൊന്നവര്‍ കാണിച്ച അധികാര ധാര്‍ഷ്ട്യത്തിന്റെ മറ്റൊരാവിഷ്‌ക്കാരമാണ് പ്രകടിപ്പിക്കുന്നത്.

ഇതുതന്നെ ആഴ്ച്ചകള്‍ക്കു മുമ്പ് കോഴിക്കോട്ടും കണ്ടു. ഉമ്മന്‍ചാണ്ടിയ്ക്ക് ഏഴരവെളുപ്പിന് രമയെയോ വേണുവിനെയോ കാണണം. ടി പി വധക്കേസ് എന്തായി എന്ന് അദ്ദേഹമങ്ങ് മറന്നു. ഒന്നോര്‍മ്മിപ്പിക്കാമോ എന്ന്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വടകരയിലെ അത്രചെറുതല്ലാത്ത ഒരു വിഭാഗത്തെ അദ്ദേഹത്തിന് വരുതിയില്‍ നിര്‍ത്തണം. അല്ലെങ്കില്‍ പൊതു സമൂഹത്തിനു മുന്നില്‍ അങ്ങനെ വരുത്തിത്തീര്‍ക്കണം. വിമത വിഭാഗങ്ങള്‍ യുഡിഎഫിനൊപ്പമെന്നോ, വീണ്ടും സിപിഎമ്മിനെതിരെയെന്നോ ചാനല്‍ തലക്കെട്ടുകള്‍ ഉമ്മന്‍ചാണ്ടിയും സ്വപ്നം കാണുന്നു. ടിപിവധക്കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള അവിരാമമായ നടപ്പ് എന്ന് രമയും ആര്‍ എം പിയും പതിവുപോലെ വിശദീകരിക്കുന്നു.

അങ്ങേയറ്റം ലജ്ജാകരമായ വാര്‍ത്തകളിലും രാഷ്ട്രീയ ദുര്‍വൃത്തികളിലും ഉഴലുന്ന യുഡിഎഫിനെയും ബിജെപിയെയും കുമ്പിട്ടു നില്‍ക്കേണ്ട അവസ്ഥ ജനാധിപത്യബോധമുള്ള ഒരാള്‍ക്കുമുണ്ടാവരുത്. ഇതേ പ്രസ്ഥാനങ്ങള്‍ക്കകത്തുള്ളവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാത്തവരില്‍ നിന്ന് എന്തു നീതി ലഭിക്കാനാണ്? പ്രധാനമന്ത്രിയെയോ ആഭ്യന്തരമന്ത്രിയെയോ കണ്ടു നിവേദനം നല്‍കാം. അവര്‍ക്കു മുന്നില്‍ പ്രക്ഷോഭങ്ങളാവാം. സിബിഐ അന്വേഷണത്തിന് അതാണ് ചെയ്യാവുന്നത്. ടിപി എന്ന നാമത്തിന്റെ മൂല്യവിചാരങ്ങളും സമരോത്സാഹങ്ങളും ഉണര്‍ത്തിയ പൊതുവികാരത്തിന്റെ പങ്കു പറ്റാനുള്ള വലത് രാഷ്ട്രീയകൗശലവുമായാണ് ആര്‍എംപി കൂടിക്കാഴ്ച്ച നടത്തിയത്. സമരത്തിന്റെതോ നിയമത്തിന്റെതോ അല്ലാത്ത വഴികള്‍ അപായകരമായ ആളെക്കൊല്ലി ചതുപ്പുകളാവാമെന്ന് അവരോര്‍മ്മിച്ചില്ല.

ടിപിയുടെ രാഷ്ട്രീയം പുതിയ കാലത്തെ ഇടതുപക്ഷ ഇടപെടലുകളുടെ അനിവാര്യതകളെയും സാധ്യതകളെയുമാണ് പൊലിപ്പിച്ചുകൊണ്ടിരിക്കുക. ടിപിയെ സ്വീകരിക്കുന്നവര്‍ക്ക് വേറെ വഴിയില്ല. ആ രാഷ്ട്രീയത്തിനു പിറകില്‍ മണംപിടിച്ചു ചെല്ലുന്നത് കുമ്മനത്തിനായാലും ഉമ്മന്‍ചാണ്ടിക്കായാലും വലിയ നേട്ടമൊന്നും നല്‍കാനിടയില്ല.

30 ജനവരി 2016

2 അഭിപ്രായങ്ങള്‍

 1. ആസാദ് മാഷെ, ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന സി പി എം സംസ്ഥാന നേതാക്കളെ പോയി കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടാൽ അങ്ങേക്ക് സന്തോഷമാകും അല്ലേ? കുമ്മനത്തെ കണ്ടത് രാഷ്ട്രീയ സഖ്യത്തിനല്ല. തെരഞ്ഞെടുപ്പ് സഖ്യത്തിനുമല്ല. അതാണെന്ന് വരുത്തി തീർക്കാനുള്ള കുറുക്കനി സം താങ്കളുടെ വരികളിലുണ്ട്. വടകരയിൽ ആർ എം പി വോട്ട് ബി ജെ പി ക്കോ കോൺഗ്രസിനോ ആയിരിക്കുമെന്ന് സ്ഥാപിക്കാൻ താങ്കൾ വ്യഗ്രതപ്പെടുന്നത് ലജ്ജാകരം.
  ചന്ദ്രശേഖരന്റെ കൊലപാതകം ആസൂത്രണം ചെയ്ത സി പി എം നേതാക്കൾ നിയമത്തിന് മുന്നിൽ തുറന്നു കാട്ടപ്പെടണം.അതിന് തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാർ കൂടിയാണ്. സംസ്ഥാന സർക്കാറും ഉമ്മൻ ചാണ്ടിയും വഞ്ചനാപൂർണമായ നിലപാടാണ് ഇക്കാര്യത്തിൽ എടുത്തത് എന്ന് രമ തന്നെ പറഞ്ഞിട്ടുണ്ട്. ബി ജെ പി ചന്ദ്രശേഖരന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ട പാർട്ടിയാണ്. അവർക്ക് ലക്ഷ്യങ്ങളുണ്ടാവാം. അത് ഇക്കാര്യത്തിൽ ആർ എം പി ക്ക് നോക്കേണ്ടതില്ല. ടി പി കാര്യത്തിൽ സിബിഐ അന്വേഷണത്തിന് നരേന്ദ്ര മോഡിയെ കാണണമെങ്കിൽ അതും ആവാം.
  സി പി എമ്മിന് ബേജാറുണ്ടാകും. ആ ബേജാ റെന്തിന് ആ സാദിന്.?ടി.പി വധം ആർ എം.പിക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയമല്ല. ടി.പി.യെ സ്നേഹിക്കുന്ന മുഴുവൻ മനുഷ്യർക്കും ടി.പിയുടെ കൊലപാതകം ആസൂത്രണം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നുണ്ട്. അത് ആസാദ് മാഷിന് ഉണ്ടാകില്ലെന്ന് അറിയാം. സി പി എം ഒരു കമ്യൂണിസ്റ്റ് പാർട്ടി യേ അല്ല എന്ന് 2008ൽ ഒഞ്ചിയത്ത് വന്ന് പ്രസംഗിച്ച് ഞങ്ങൾക്ക് ആവേശം പകർന്ന സഖാവാണ് ആസാദ്.
  ബി ജെ പിയുമായി ഒരു രാഷ്ട്രീയ സഖ്യത്തിന് ആർഎംപി നേതാക്കൾ കുമ്മനത്തെ കണ്ടെന്ന് വരുത്തി തീർക്കാനുള്ള ഈ കുറുക്കനി സം വിലപ്പോകില്ല.

  Like

 2. ചന്ദ്രശേഖരൻ സ്വയം വെട്ടിയും കുത്തിയും മരിച്ചതല്ല..
  നെന്മണി ത്തൂക്കം സഹിഷ്ണുത സൂക്ഷിക്കാത്ത രാഷ്ട്രീയ ഫാഷിസ്‌റ്റുകൾ നിറഞ്ഞ ഒരു രാഷ്ട്രീയ പ്രസ്ഥാനം കൊലപ്പണം കൈമാറി അരിഞ്ഞു വീഴ്ത്തിയതാണ്.
  അതിൽ ആർക്കെങ്കിലും സംശയമുള്ളവരില്ല.
  കേരള ജനത അതേറ്റു പറഞ്ഞു.സിപിഎമ്മിലെ വലതു-കോർപ്പറേറ്റ് നേതൃത്വമാണ് ചന്ദ്രശേഖരനെ കൊന്നത്.അവർ ഈ ഫാഷിസ്റ്റ് നിഷ്ഠൂരതയെ രോഷത്താൽ മുഷ്ഠി ചുരുട്ടി അപലപിച്ചു.സിപിഎം നേതൃത്വം അന്നത്തെ നാളുകളെപ്പറ്റി പിന്നീടിങ്ങനെ വിലയിരുത്തിഃ’ഇവിടെയൊരു പാർട്ടിയുണ്ടോയെന്ന് സംശയിച്ച നാളുകൾ’.
  അവർ വലിയ വായിൽ നുണ പറഞ്ഞാണ് ഇവയെ നേരിടാൻ നോക്കിയത്.മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിക്കാൻ പറഞ്ഞേൽപിച്ചവർ മുസ്ലിം തീവ്രവാദസംഘമാണ്കൊലയ്ക്ക് പിന്നിലെന്ന് ‘കണ്ടെത്തി’.ആ ‘നേര്’ ‘ഒരു ജനതയുടെ ആത്മാവിഷ്കാരം’ ആദ്യം മുതലേ പറഞ്ഞു തുടങ്ങി.മേമ്പൊടിക്ക് മുപ്പത്തഞ്ച് ലക്ഷം ക്വട്ടേഷൻ തുകയും. കൊലയ്ക്കെത്തിയ വാഹനം ഈച്ചയനിങ്ങിയാൽ നേതൃത്വമറിയുന്ന കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ വച്ച് പോലീസ് കണ്ടെടുത്തപ്പോൾ ആ നുണ എട്ടു നിലയിൽപൊട്ടി.ഗീബൽസിൻറെ സന്തതികൾ വെറുതെയിരുന്നില്ല.അവർ പിന്നീട് പടച്ചുവിട്ട കഥകൾ ഗീബൽസിൻനെ പ്പോലും നാണിപ്പിക്കുന്നതായിരുന്നു.
  (1)പി.സി ജോർജ്ജിൻറെ,തലശ്ശേരിയിലെ ബന്ധുവിൻറേതാണ് കണ്ടെത്തിയ വാഹനം.ആയതിനാൽ കൊലക്കു പിന്നിൽ പിസി ജോർജ്ജാണ്.
  (2)നെയ്യാറ്റിങ്കര ശെൽവരാജ് മാഹിയിലെ മദ്യശാലയിൽ തല്ലുണ്ടാക്കിയ കഥ നാട്ടുകാർക്കറിയാം..അവനാണ് ഈ കൊലയ്ക്ക് പിന്നിൽ.
  (3)അഴിയൂരിലെ വിവാദവ്യവസായിയുടെ പുതിയ വ്യവസായ സംരഭം ടിപി തടസ്സപ്പെടുത്തി ,അയാൾക്കതിലുള്ള വിരോധമാണ് കൊലയ്ക്ക് കാരണമായി ഭവിച്ചത്.
  ഇതൊക്കെ ഒരു ഉത്തരവാദിത്തപ്പെട്ട പാർട്ടി ഇങ്ങനെ നിരന്തരമായി പടച്ചുവിടാൻ കാരണം കൊന്നവരെ അതിനു പ്രേരിപ്പിച്ചത് അതേ പാർട്ടി നേതൃത്വം തന്നെയായത് കൊണ്ടാണ്.പക്ഷെ ഇവരുടെ നുണക്കഥകളെ മുഴുവൻ തിരസ്കരിച്ചുകൊണ്ട് പ്രത്യേക അന്വേഷണസംഘം നേരിട്ട് കൊലപാതകത്തിൽ ഏർപ്പെട്ടവരും സഹായിച്ച,കൊലപ്പണം കൈമാറിയ ചിലരേയും കോടതിക്ക് മുന്നിലെത്തിച്ചു.

  എന്നാൽ വിധിപ്രസ്താവത്തിൽ ചൂണ്ടിക്കാട്ടിയ പോലെ കൊലപാതകത്തിന് ഉത്തരവാദികളായ രാഷ്ട്രീയ നേതൃത്വത്തെ പൂർണമായും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ അന്വേഷണ സംഘത്തിനോ ഭരണാധികാരികൾക്കോ കഴിഞ്ഞില്ല.
  കഴിയാത്തതിന് കാരണം ഭരണത്തിലിരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നവരും തമ്മിലുള്ള അവിശുദ്ധ ബന്ധമല്ലാതെ മറ്റെന്താണ്…?
  സഃരമ നിരാഹാര സമരാന്തരം സിബിഐ അന്വേഷണാവശ്യം ഉറപ്പായി ലഭിച്ചെങ്കിലും നടപടികൾ സാങ്കേതികത്വത്തിൽ കുരുങ്ങി കിടക്കുകയാണ്.
  കഴിഞ്ഞ കോൺഗ്രസ് ഗവർമെണ്ടോ പുതിയ ബി.ജെ.പി ഗവർമെണ്ടോ ശുഭകരമായൊരു നീക്കവും ഈ കാര്യത്തിൽ നടത്തിയില്ല.
  ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയേയും ഭരണകക്ഷിയുടെ സംസ്ഥാന നേതൃത്വത്തേയും ആർ.എം.പി നേതൃത്വം കാണുന്നത്.
  ഇത് തീർച്ചയായും സിപിഎമ്മിൻറെ കൊലയാളി നേതൃത്വത്തെ അസ്വസ്ഥതപ്പെടുത്തും.
  അതുകൊണ്ടാണ് പിണറായിസ്റ്റ് നുണ സംഘം ഹൈന്ദവ,ഫാഷിസ്റ്റ് സംഘത്തോട് അടുക്കുകയാണ് ആർ.എം.പി നേതൃത്വം എന്ന നട്ടാൽ പൊടിക്കാത്ത നുണയുമായി സോഷ്യൽ മീഡിയയിലും പുറത്തും നുണയുമായി ഇറങ്ങിയത്.
  അത്തരം പ്രചരണത്തിന് സഹായകരമായി ചില കുറിപ്പുകൾ സഃ ആസാദിനെപ്പോലുള്ളവരുടെ ഭാഗത്ത് നിന്ന് വരുന്നത് ഖേദകരമാണ്.അതിനുപയോഗിച്ച ഭാഷ ക്രൂരമാണ്.

  Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )