ഒരു സാധാരണ പൗരനുനേരെ ഏതെങ്കിലുമൊരു കുറ്റാരോപണമുയര്ന്നാല് താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കാനുള്ള ബാധ്യത അയാളുടേതാണ്. ആരോപണമുന്നയിച്ചവര്‍ തെളിവു കൊണ്ടുവരട്ടെ എന്ന ആനുകൂല്യമൊന്നും അയാള്‍ക്കു ലഭിക്കാനിടയില്ല. മിക്കപ്പോഴും പരാതിയുടെ പിറകെതന്നെ പൊലീസ് എത്തുകയും പരമ്പരാഗത മുറകളിലുള്ള ചോദ്യംചെയ്യലുകള്‍ ആരംഭിക്കുകയുമാണ് പതിവ്. ആരോപണ വിധേയനാവുന്ന ആളുടെ മാനാഭിമാനങ്ങളെക്കുറിച്ചോ കുടുംബ – സാമൂഹിക ബന്ധങ്ങളെക്കുറിച്ചോ അധികാരികള്‍ ഉത്ക്കണ്ഠപ്പെടാറുമില്ല. നിയമത്തിന്റെ വഴി ജനാധിപത്യത്തില്‍ കര്‍ക്കശവും കഠിനവുമത്രെ!
മഹത്തായ ജനാധിപത്യത്തിന്റെ നായകര്‍ക്ക് ലഭിക്കാത്ത ആനുകൂല്യങ്ങള്‍ പക്ഷെ, അവരുടെ പ്രതിനിധികള്‍ക്ക് ലഭിക്കുന്നത് ആശ്ചര്യകരമാണ്. കോടികളുടെ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നുവന്നാലും തെളിവുകളുണ്ടാവില്ല. ആരോപണമുയര്ത്തുന്നവര്ക്കൊന്നും തെളിയിക്കാന്‍ പറ്റുന്നില്ല. ഉദാഹരണത്തിന് സിഎജിയുടെ റിപ്പോര്‍ട്ടില്‍ പൊതു ഖജനാവിന് ഇത്രകോടി രൂപയുടെ നഷ്ടമുണ്ടായെന്നു പറഞ്ഞുവെന്നിരിക്കട്ടെ. തെളിവുകൊടുക്കാന്‍ സിഎജിയെ കിട്ടുമോ? നഷ്ടമുണ്ടായെന്ന് ആര്‍ക്കും പറയാം. അക്കൂട്ടത്തില്‍ ഒരു സിഎജിയും എന്നതല്ലേ നില? അങ്ങനെ ഉന്നയിക്കപ്പെട്ട ഏതെങ്കിലും അന്വേഷണം തെളിവുകിട്ടി ശിക്ഷാനടപടികളിലേക്ക് നീങ്ങിയിട്ടുണ്ടോ?
കേള്‍വികേട്ട സോളാര്‍ അഴിമതിയിലോ, രാജ്യത്തിന്റെ ഖജനാവില്‍ നഷ്ടമൊന്നും ഉണ്ടായില്ലത്രെ! അതിനുമുമ്പെ അതു പിടിക്കപ്പെട്ടുപോയി. പക്ഷെ പലകോടികളാണ് പലകൈകളിലൂടെ മറിഞ്ഞുകൊണ്ടിരുന്നത്. സംസ്ഥാനത്തെ എല്ലാപ്രദേശങ്ങളിലെ കോടതികളിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. സംസ്ഥാനത്തെ വഞ്ചിക്കപ്പെട്ട പൗരന്മാരാണ് ആക്ഷേപങ്ങളുന്നയിച്ചത്. അവരെയൊക്കെ സോളാറില്‍ പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചത് ഗവണ്മെന്റിന്റെ പിന്തുണയുണ്ടെന്ന വിശ്വാസവുമാണ്. വിശ്വാസം തനിയെ രൂപപ്പെട്ടതല്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കാര്യക്ഷമമായി നടന്ന ഒരു വ്യവഹാരം ജനസമ്പര്‍ക്ക പരിപാടികളുടെ തുടര്‍ നടപടികളായിരുന്നില്ല. സോളാര്‍ കച്ചവടമായിരുന്നു. അതിന്റെ പേരിലാണല്ലോ മുഖ്യമന്ത്രിയുടെ ഓഫീസ് സഹായികള്‍ പിടിക്കപ്പെട്ടത്. ജനങ്ങള്‍ക്കുണ്ടായ നഷ്ടം പൊതു നഷ്ടമായി കാണാന്‍ ജനാധിപത്യ ഭരണകൂടത്തിന് കഴിയുന്നില്ല. അതിനു പ്രേരിപ്പിക്കും വിധം മുഖ്യമന്ത്രിയുടെ ആപ്പീസുതന്നെ ജനങ്ങള്‍ക്കെതിരെ തിരിഞ്ഞത് കുറ്റകരമായി കാണുന്നുമില്ല. ധാര്‍മികമായി താന്‍ എന്തിനെങ്കിലും ഉത്തരവാദിയാണെന്ന് ഉമ്മന്‍ചാണ്ടിക്ക് ഒരു ഘട്ടത്തിലും തോന്നിയിട്ടുമില്ല. അന്വേഷണ ഉദ്യോഗസ്ഥന്മാരും ആപ്പീസു ജീവനക്കാരെ മുറിച്ചുകടക്കുന്ന ഒരു ചോദ്യംപോലും ഉന്നയിച്ചുമില്ല.
അവസാനം സരിതതന്നെ പറയുന്നു. മുഖ്യമന്ത്രി വാങ്ങിയത് ഒരുകോടി തൊണ്ണൂറ് ലക്ഷം രൂപയാണെന്ന്. അപ്പോള്‍ വിഷ്ണുദാസന്മാര്‍ ചോദിക്കുന്ന; ഇത്രയും പണം വാങ്ങിയിട്ട് അവര്‍ക്കെന്തു ചെയ്തു കൊടുത്തുവെന്ന് പറയട്ടെ! പണം വാങ്ങി എന്തെങ്കിലും ചെയ്തുകൊടുക്കുന്നതാണല്ലോ കുറ്റകരം! പ്രത്യുപകാരമുണ്ടായിട്ടില്ലെങ്കില് പണവിനിമയം നടന്നില്ലെന്നാണര്ത്ഥം. എത്ര യുക്തിഭദ്രമാണ് വാദം. ഇനി അന്വേഷണ കമ്മീഷന് അതിലെന്തു കാര്യം?
എന്നാല്‍ എവിടെനിന്നാണ് ഈ പണം? ഈ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ ഞങ്ങളുടെ നേതാവിന്റെ വീട്ടിലോ സമ്പാദ്യങ്ങളിലോ കാണണമല്ലോ. അതൊന്നു പരിശോധിക്കൂ. മൂന്നോ നാലോ പതിറ്റാണ്ടു കാലത്തെ പൊതുപ്രവര്‍ത്തനം ഉത്തമ ഗാന്ധി ശിക്ഷ്യന്മാര്ക്ക് ഉണ്ടാക്കി കൊടുക്കാവുന്ന വരുമാനത്തിന് ഒരു കണക്കൊക്കെ കാണുമല്ലോ. അതിലധികമുണ്ടെങ്കില്‍ കണ്ടുപിടിക്കൂ, കാണട്ടെ- ഇങ്ങനെയൊരു വെല്ലുവിളി എവിടെയും കേട്ടില്ല. പണം ആവിയായി പോവില്ലല്ലോ. മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ടവരുടെയും സ്വത്തു വിവരം പരിശോധിച്ചു തെളിയിക്കൂ എന്ന് ധര്‍മ്മപുത്രരായ സുധീരന്‍പോലും പറഞ്ഞു കേട്ടില്ല. സത്യത്തില്‍ മാണിയും ബാബുവും ആര്യാടനുമൊക്കെ വരുമാനവിവരവും അടച്ച ആദായനികുതിയുടെ രശീതിയുമായി നിവര്‍ന്നു നില്‍ക്കണം. അപ്പോള്‍ ജനങ്ങള്‍ക്കു ബോധ്യപ്പെടുമല്ലോ.
ജയിലിലെ സുഖവാസശേഷം പുറത്തു വരുമ്പോള്‍ സോളാര്‍കേസ് പ്രതി മുമ്പത്തേതിലും പ്രതാപിയായിരുന്നു. അകത്തു കിടന്നുകൊണ്ട് കേസുകളൊന്നൊന്നായി വിടുവിക്കാന്‍ കഴിഞ്ഞ ആളാണ്. എവിടെനിന്നാണ് പണമൊഴുകുന്നതെന്ന് പത്രംവായിക്കുകയും ടിവി കാണുകയും ചെയ്യുന്ന മലയാളികളാകെ വിസ്മയിച്ചതാണ്. എന്നാല്‍ നമ്മുടെ ചുങ്കം പിരിവുദ്യോഗസ്ഥരോ നീതിനിര്‍വ്വഹണ നടത്തിപ്പുകാരോ നിയമപാലകരോ സാക്ഷാല്‍ ഭരണസംവിധാനമോ ഒരുതരിപോലും സംശയാലുവായില്ല. അത്തരം മായാജാലങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് എന്ന നിലപാടായിരുന്നു അവരൊക്കെ പൊതുവില്‍ കൈക്കൊണ്ടത്. എന്നാലിപ്പോള്‍ സചിവോത്തമന്തന്നെ രണ്ടുകോടിയോളം വാങ്ങിയെന്നും ഏഴുകോടിയായിരുന്നു ചോദിച്ചത് അത്രയും നല്‍കാനായില്ലെന്നും മൊഴി വന്നപ്പോഴാണ് അത്രയും പണമൊക്കെ അവര്‍ക്കെവിടുന്നാ എന്നൊരു കുണുങ്ങല് കേള്‍ക്കുന്നത്. രണ്ടു ലക്ഷത്തിന് വണ്ടിച്ചെക്കു നല്കിയ ആള് രണ്ടുകോടി കൊടുത്തെന്നു പറയുവാ എന്നൊരു വിനീത വിരേചനം! മലയാളികളുടെ കണ്മുന്നില് പലകോടികള്‍ കൈമറിഞ്ഞ് പലകേസുകള്‍ കൊഴിഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഈ ദാരിദ്ര്യത്തെക്കുറിച്ച് മന്ത്രിശ്രേഷ്ഠന്‍ സംശയാലുവായിരുന്നില്ല. എവിടെനിന്നാണ് പണം എന്ന മലയാളിയുടെ സന്ദേഹം മന്ത്രിസഭയറിഞ്ഞതേയില്ല.
ബാര്ക്കേസും ഇങ്ങനെയൊക്കെയാണല്ലോ. സാധാരണ പൗരന്മാര് നൂറും അഞ്ഞൂറും ആയിരവും എന്നൊക്കെ പറയുന്ന അതേ ലാഘവത്തോടെ ലക്ഷങ്ങള്‍ കോടികള്‍ എന്നാവര്‍ത്തിച്ച് മാധ്യമങ്ങള്‍ നമ്മെ ഒരു വഴിക്കാക്കി. ബിജുരമേശന്‍ അബ്ക്കാരി ലോകത്തിന്റെ അകക്കഥകള്‍ പുറത്തിട്ട് സീരിയലുകളെ തോല്‍പ്പിച്ചു. കഥയെന്നല്ലാതെ യാഥാര്‍ത്ഥ്യമെന്ന് ഇപ്പോഴും കേരളീയര്‍ ഒന്നും വിശ്വസിച്ചിട്ടില്ല. അല്ലെങ്കില്‍ തലസ്ഥാനത്തെ മഹാസ്ഥാപനം ജനങ്ങള്‍ പൊളിച്ചടുക്കുമായിരുന്നു. ബിജുരമേശാ തെളിവുതരൂ എന്ന് നിയമപാലന രമേശന് വിളിച്ചുകേഴുകയാണ്. തന്റെ കീഴിലുള്ള ഒരു സ്ഥാപനത്തിനും ആ തെളിവുകള്‍ കണ്ടെത്താനാവില്ലെന്ന കീഴടങ്ങളായിരുന്നു അത്. എന്തിനാണ് ഈ ആപ്പീസുകള്‍ വെച്ചുകൊണ്ടിരിക്കുന്നതെന്ന കോടതിയുടെ ചോദ്യം മറുഭാഷയിലായതിനാല് സര്‍ക്കാറിന് തിരിഞ്ഞതേയില്ല. ബിജുരമേശന്‍ കൊണ്ടുപോയി കൊടുത്തു എന്നു പറയുന്നിടത്ത് ആ പണമെങ്ങാന് കിടപ്പുണ്ടോ എന്നു പോയി നോക്കാന്‍ ശേഷിയില്ലാത്ത നിയമപാലനസൈന്യമാണ് സാധാരണക്കാരനെ ചവിട്ടിയും ഉരുട്ടിയും തെളിവെടുക്കാറ്.
ജനങ്ങള്‍ക്ക് ഒരു നീതി ജനങ്ങളുടെ കീഴിലുള്ള ഭരണസ്ഥാപനങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ധനപ്രതാപികള്ക്കും മറ്റൊരു നീതി. പുതിയ ആഢ്യത്തവും പുതിയ പൗരോഹിത്യവും മലയാളികളെ നയിക്കുകയാണ്. എന്തെങ്കിലുമൊക്കെ തീരുമാനിക്കാന്‍ സമയമായില്ലേ?
27 ജനവരി 2016