Article POLITICS

വരേണ്യ വലതുപക്ഷ രാഷ്ട്രീയത്തിന് താക്കീത്, കീഴാള ഇടതുപക്ഷ രാഷ്ട്രീയത്തിനു പാഠവും

RV 1

വരേണ്യ വലതുപക്ഷ രാഷ്ട്രീയത്തിനുള്ള താക്കീതും കീഴാള ഇടതുപക്ഷ രാഷ്ട്രീയത്തിനുള്ള പാഠവുമാണ് രോഹിത് വെമുലയുടെ ജീവത്യാഗം. തുടര്‍ന്നുപോരുന്ന അധികാര വ്യവസ്ഥ അത് ജനാധിപത്യമെന്നറിയപ്പെടുന്ന ഘട്ടത്തിലേക്കു പ്രവേശിച്ചിട്ടും കീഴാളരെയും പുറന്തള്ളപ്പെടുന്നവരേയും ചവിട്ടിയരച്ചുകൊണ്ടേയിരിക്കുന്നു. അവരിലേക്കു നോട്ടമെത്തുന്നില്ല. അവരില്‍നിന്ന് ഒന്നുമാരംഭിക്കുന്നുമില്ല. ഇന്ത്യന്‍ ജനതയുടെ വലിയൊരു ശതമാനമായിട്ടും അധികാര വ്യവഹാരങ്ങളും നീതിസംഹിതകളും പുറംതിരിഞ്ഞു നില്‍ക്കുന്നു. ആഢ്യപ്രതാപികളുടെ അധികാരയുഗം അവസാനിപ്പിക്കുമെന്ന ദൃഢനിശ്ചയത്തിന്റെ പ്രഖ്യാപനങ്ങളായി കീഴാള സഹനങ്ങള്‍ പൊട്ടിത്തെറിച്ചു തുടങ്ങിയിരിക്കുന്നു. ഒരിക്കല്‍ കീഴാളജീവിതത്തിന്റെ സമരപത്രം അവതരിപ്പിക്കാന്‍ അംബേദ്ക്കര്‍ക്കു നിവര്‍ന്നു നില്‍ക്കാനായത് ഇന്ത്യക്ക് അകം എന്ന പോലെ പുറവും ഉള്ളതുകൊണ്ട് മാത്രമായിരുന്നു. അകത്ത് ഒരമ്പേദ്ക്കര്‍ ഇനിയും ഉണ്ടായിക്കൂടാ എന്നത് വരേണ്യ വലതുപക്ഷത്തിന്റെ രാഷ്ട്രീയ അജണ്ടകൂടിയാണ്.

ഇന്ത്യന്‍ ഇടതുപക്ഷത്തിന് കീഴാളരിലേക്ക് എത്താനായോ? കീഴാള വിഭാഗങ്ങളുടെ രക്ഷകരാണെന്ന മാനിഫെസ്റ്റോയെ സാധൂകരിക്കും വിധം കീഴാള അനുഭവലോകങ്ങളെ അഭിസംബോധന ചെയ്യാനായില്ല. വര്‍ഗസമരത്തിന്റെ തീവ്രസൂക്ഷ്മമാണ് ഓരോ കൊച്ചുദളിത് ജീവിതവും. അതിന്റെ കനലുകളില്‍ സ്പര്‍ശിക്കാതെ വര്‍ഗസമരം ഉത്തേജിപ്പിക്കാനുള്ള നീക്കങ്ങളെല്ലാം ഒരു വരേണ്യ ഇടതുപക്ഷത്തെ സൃഷ്ടിക്കുകയായിരുന്നില്ലേ? ഇടതുപക്ഷ നേതൃത്വത്തിന് ജാതിയുണ്ടായിരുന്നു എന്ന ആക്ഷേപം അങ്ങനെ തള്ളിക്കളയാവുന്നതല്ല. അത് കീഴാള കാഴ്ച്ചയാണ്. ഇടതുപക്ഷത്തിന്റെ വീക്ഷണത്തില്‍ ഒരിക്കലും മുഖ്യ പ്രശ്‌നമായി കീഴാളരെ നീറ്റുന്ന അനുഭവമാത്രപശ്‌നങ്ങള്‍ കടന്നു വന്നില്ല. ജീവിക്കാനുള്ള സാഹചര്യമൊരുക്കാന്‍ പൊരുതിയതും സാമ്പത്തികാടിത്തറയില്‍ മാറ്റമുണ്ടാക്കാന്‍ പൊരുതിയതും ഇടതുപക്ഷമാണ്. അപ്പോഴും പക്ഷെ നിരന്തരം നീറുന്ന ഒരനുഭവപര്‍വ്വംകൂടി അവര്‍ക്കുണ്ടെന്ന് മറന്നു. അഥവാ അതവഗണിച്ചു. ദളിത വിദ്യാര്‍ത്ഥികള്‍ പീഡിപ്പിക്കപ്പെടുകയോ അകറ്റി നിര്‍ത്തപ്പെടുകയോ ചെയ്തപ്പോള്‍, തുടര്‍ച്ചയായ ആത്മഹത്യകളുണ്ടായപ്പോള്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുണ്ടായില്ല പൊരുതാന്‍. രോഹിത് വെമുലക്ക് എസ് എഫ് ഐവിടേണ്ടിവന്നത് അതുകൊണ്ടാണ്. അവരനുഭവിക്കുന്ന വിവേചനം സോഷ്യലിസം വന്നാലേ അവസാനിക്കൂ എന്ന മറുപടി പോരാളികള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല.

കീഴാള സമൂഹങ്ങളുടെ വര്‍ത്തമാന ജീവിതത്തെ മുന്നില്‍കണ്ടല്ല ഇപ്പോഴും ഇടതുപക്ഷം രാഷ്ട്രീയ അജണ്ടകള്‍ രൂപപ്പെടുത്തുന്നത്. കേരളത്തിനു പുറത്ത് ജാതിവിവേചനത്തിനെതിരായ കടുത്തപോരാട്ടങ്ങള്‍ക്ക് പിന്തുണയോ നേതൃത്വമോ നല്‍കാന്‍ ഇടതുപക്ഷം സന്നദ്ധമാകുന്നുണ്ട് എന്നത് നേര്. എന്നാല്‍, രാജ്യത്തിന്റെ വികസനം സംബന്ധിച്ച കാഴ്ച്ചപ്പാടുകളായി വ്യവസ്ഥാപിത ഇടതുപക്ഷം മുന്നോട്ടുവെക്കുന്നത് കീഴാളപക്ഷ കാഴ്ച്ചപ്പാടുകളല്ല. കോര്‍പറേറ്റ് നവലിബറല്‍ വികസനമാണ്. ഇരകളാക്കപ്പെടുന്നവരെ മുന്നില്‍ നിര്‍ത്തിയുള്ള പോരാട്ടത്തിന് അവര്‍ തയ്യാറാവുന്നില്ല. അടിച്ചമര്‍ത്തപ്പെടുന്നവരുടെ സമൂഹത്തെ കൂടുതല്‍ പെരുപ്പിക്കുന്ന അധികാര താല്‍പ്പര്യങ്ങളെ മാത്രമേ ഇതു സഹായിക്കൂ. എവിടെയാണ് കാലൂന്നുന്നത് എന്ന് ഉറപ്പിക്കാനാവണം ഇടതുപക്ഷത്തിന്. ഏറ്റവും നിശിതവും നീചവുമായ ചൂഷണത്തിനെനെതിരെ പ്രതികരിക്കാനും പൊരുതാനും തടസ്സമെന്താണെന്ന് തിരിച്ചറിയണം. അത് മാറ്റണം. ദളിതരോടും കീഴാളരോടും ഒപ്പം നില്‍ക്കുന്നവരുടെ പ്രധാന അജണ്ട കീഴാളരുടെ പുരോഗതിയാവണം. എല്ലാ വികസനവും അതിനു കീഴിലേ വരൂ. അങ്ങനെയേ വരേണ്ടൂ.

II

വര്‍ഗനിലപാടില്‍ വിട്ടുവീഴ്ച്ച ചെയ്തതാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നില കൂടുതല്‍ പരിതാപകരമാക്കിയത്. കീഴാളസമൂഹങ്ങള്‍ക്ക് സുരക്ഷാവലയമാകുന്ന രാഷ്ട്രീയ വ്യവഹാരമായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടത്തിപ്പോന്നത്. വികസനത്തിന്റെ കേരളമാതൃക, കീഴാള സമൂഹങ്ങളുടെ വളര്‍ച്ചയുമായി ബന്ധപ്പെടുത്തിയുള്ള പരമ്പരാഗത ഘടനകളുടെ പൊളിച്ചെഴുത്തുശ്രമത്തിലാണ് രൂപപ്പെട്ടത്. അതു പക്ഷെ മുന്നോട്ടു പോയില്ല. മധ്യവര്‍ഗാസ്പദ നിലപാടുകളിലേക്കുള്ള ചുവടുമാറ്റമാണ് ഇടതുപക്ഷത്തെ കീഴാള വിഭാഗങ്ങളില്‍നിന്ന് അകറ്റിയത്. ഇന്നിപ്പോള്‍ വികസന അജണ്ടതന്നെ മധ്യവര്‍ഗത്തിന്റെയോ ഉപരിവര്‍ഗത്തിന്റെയോ താല്‍പ്പര്യങ്ങളെ കേന്ദ്രീകരിച്ചായിരിക്കുന്നു.

വര്‍ഗചൂഷണത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ, സ്ഥൂലവും സൂക്ഷ്മവുമായ ആഘാതങ്ങളെയും അടയാളങ്ങളെയും കണക്കിലെടുത്തുവേണം ഇടതുപക്ഷം സമരോന്മുഖമായ രാഷ്ട്രീയ സമീപനം കൈക്കൊള്ളാന്‍. ജാതീയമായ വിവേചനവും അടിച്ചമര്‍ത്തലും ധനവരേണ്യാധികാരങ്ങളുടെ പ്രകടനങ്ങളാണ്. ഇന്ത്യന്‍ സവര്‍ണസ്വത്വത്തിന്റെ ആവിഷ്‌ക്കാരങ്ങളെല്ലാം ഇവ്വിധം നിര്‍ണയിക്കപ്പെട്ടതാണ്. അകത്തുനിന്ന് ഒരാള്‍ അധികാരസ്വരൂപിയായി എത്തിനോക്കി ദളിതനെയോ കറുത്തവനെയോ അകറ്റുകയാണ്. വിധിക്കുന്നത് മറ്റൊരു വിപ്ലവത്തിന്റെ നായകനാവാം. ജനാധിപത്യത്തിനുവേണ്ടി ധീരമായി പൊരുതിയ ദേശാഭിമാനിക്ക് പുലയരെ പൊതു വിദ്യാലയത്തില്‍ ചേര്‍ക്കുന്നത് അസഹ്യമാവുന്നു. ഒരു നൂറ്റാണ്ടിനുശേഷവും വിപ്ലവ വിവാഹങ്ങള്‍ക്ക് ജാതിയും ജാതകവും മുഹൂര്‍ത്തവും നിര്‍ബന്ധമാകുന്നു. ഒപ്പംകൂട്ടാവുന്നത് ആരെയൊക്കെയെന്ന് ഇപ്പോഴും വിധിക്കുന്ന അകബോധം ഈ വര്‍ണാധികാരത്തിന്റെ ശിക്ഷണത്തിന് കീഴ്‌പ്പെട്ടിരിക്കുന്നു. പാഠശാലകളിലും തൊഴില്‍ശാലകളിലും വഴിയാത്രകളിലും തനിക്കുകൂട്ട് തന്റെ കൂട്ടര്‍മാത്രമെന്ന് ഞെട്ടലോടെ നിശ്ചയിക്കേണ്ടി വരുന്നത് താന്‍ എല്ലായിടത്തും വേറിട്ടു നിര്‍ത്തപ്പെടുന്നു എന്ന ഖേദംനിറഞ്ഞ അനുഭവത്തില്‍നിന്നാവണം. എങ്ങനെയാണ് ആ വേറിട്ടുകാണലിനെ നാം പ്രതിരോധിക്കുക? അതിന് വരേണ്യബോധത്തിന്റെ അയുക്തികാടിത്തറകളെ തകര്‍ത്തെറിയണം. ജാതിവാലുകളോ പൂണൂലുകളോ മേനിപ്രാമാണികതയോ വിശുദ്ധാധികാരങ്ങള്‍ നല്‍കുന്നില്ലെന്ന് പഠിപ്പിക്കണം. ഏതെങ്കിലും ഒരു കൂട്ടര്‍ പൊതു വ്യവഹാരങ്ങളില്‍ പ്രധാനമായ ഒരു കണ്ണിയാണ് എന്ന നിലമാറണം. ഓരോരുത്തരും അവരുടെ വ്യത്യസ്തതകളോടെ ബഹുസ്വര ജനാധിപത്യത്തിന്റെ വ്യവഹാര കേന്ദ്രത്തില്‍ വേറിടാനാവാത്ത വിധം അടയാളപ്പെട്ടേ പറ്റൂ. അതിലടങ്ങിയ അധികാര വിരുദ്ധമായയ വിമര്‍ശം ഇടതുപക്ഷ രാഷ്ട്രീയം തങ്ങള്‍ക്കകത്തുതന്നെ സാധ്യമാക്കണം. ജനാധിപത്യത്തിന്റെ വ്യവഹാര പഥങ്ങളാകെ അവ്വിധം അഴിച്ചു പണിയണം.

കീഴാള തൊഴില്‍ജീവിതം നിരീക്ഷിക്കുമ്പോള്‍ ആദ്യമേ ഇന്ത്യന്‍ സാഹചര്യത്തില്‍ വന്ന മാറ്റം ഉള്‍ക്കൊള്ളണം. വ്യാവസായിക മുതലാളിത്തം പടര്‍ന്നുകയറിയ കാലത്തെ തൊഴിലാളി വര്‍ഗമല്ല ഇന്നുള്ളത്. ഫിനാന്‍സ് മൂലധനം ജ്ഞാന സമ്പദ്ഘടനയുടെ ഉപാധികളെ ആശ്രയിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു. വ്യവസായത്തൊഴിലാളി വിഭാഗം കുറഞ്ഞു വരികയും മധ്യവര്‍ഗമെന്നു തോന്നിപ്പിക്കുന്ന പുതിയ തൊഴില്‍ശക്തി പെരുകുകയുമായി. നേരത്തേ വ്യാവസായിക മുതലാളിത്തത്തിന്റെ കാലത്ത് നിരക്ഷര തൊഴിലാളി വിഭാഗങ്ങളുടെ ഐക്യവും വിമോചനവും എന്ന മുദ്രാവാക്യം ദളിതുകള്‍ ഉള്‍പ്പെടെയുള്ള കീഴാള സമൂഹങ്ങളെ കണ്ണിചേര്‍ക്കാന്‍ പര്യാപ്തമായിരുന്നു. ഇന്നവര്‍ പക്ഷെ തിരസ്‌കൃതരാണ്. നവലിബറല്‍ സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ കാലത്ത് കായികാദ്ധ്വാനം ചെയ്യുന്ന പ്രാന്തവല്‍കൃതരായ മനുഷ്യര്‍ അസംഘടിതരാണ്. അവരെ അങ്ങനെ നിലനിറുത്താന്‍ ബദ്ധശ്രദ്ധമാണ് നിലവിലുള്ള രാഷ്ട്രീയ ഭരണ സംവിധാനങ്ങളാകെ. അക്കൂട്ടത്തിലേക്ക് കാല്‍കോടിയോളം വരുന്ന മറുനാടന്‍ തൊഴിലാളികള്‍കൂടി കടന്നെത്തുമ്പോള്‍ കേരളത്തിലെ അടിസ്ഥാന വിഭാഗങ്ങള്‍ കൂടുതല്‍ അരക്ഷിതരും ഉപേക്ഷിക്കപ്പെട്ടവരുമായി മാറുകയാണ്. ചേരികളും കോളനികളും വലിയ മാറ്റമില്ലാതെ തുടരുന്നു. മിച്ചഭൂമിയുണ്ടാവുന്നത് കാത്ത് പതിറ്റാണ്ടുകളായി പാര്‍പ്പിടസ്വപ്നം താലോലിക്കുന്നവര്‍ ക്ഷമയോടെ കാത്തിരിക്കുകതന്നെയാണ്. ഭൂപരിഷ്‌ക്കരണ നിയമങ്ങള്‍ നഗ്നമായി ലംഘിക്കപ്പെടുകയും വന്‍കിടക്കാര്‍ തടിച്ചുകൊഴുക്കുകയും ചെയ്യുന്നത് അവരുടെ കണ്‍മുന്നിലാണ്. കോര്‍പറ്റ്‌റ് വികസനം കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങളെ തങ്ങളുടെ പക്ഷത്തേക്ക് വകഞ്ഞുമാറ്റുന്നത് അവരറിയുന്നു. അവരെങ്ങനെയാണ് ഇടതു വലതു പക്ഷങ്ങളുടെ സമഗ്രവികസനത്തിന് പിന്തുണ നല്‍കുക?

വ്യാവസായിക മുതലാളിത്തത്തിന്റെ കാലത്ത് പ്രക്ഷോഭങ്ങളില്‍ ഒന്നിച്ചവര്‍പോലും പുതിയ കാലത്ത് വേര്‍പിരിയാനിടയായ സാഹചര്യമിതാണ്. ദളിതുകള്‍ക്കും കീഴാളര്‍ക്കും വേണ്ടി എത്ര പ്രസ്താവനകള്‍ നടത്തി, എത്ര ലേഖനമെഴുതി, പഴയകാലത്ത് എന്തൊക്കെ സൗകര്യങ്ങളൊരുക്കി എന്നെല്ലാം വാചാലമാകുന്നതില്‍ കാര്യമില്ല. ഇന്നത്തെ ജീവിത സാഹചര്യത്തില്‍ നാടിന്റെ പുരോഗതി എന്നത് അവരുടെ അവകാശ പ്രഖ്യാപനങ്ങളില്‍നിന്നാണ് ആരംഭിക്കേണ്ടത്. കീഴാള പോരാട്ടങ്ങള്‍ അധീശ വര്‍ഗ താല്‍പ്പര്യങ്ങള്‍ക്കെതിരായ പോരാട്ടങ്ങളാണ്. ഐക്യപ്പെടാനാവുന്നത് കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളുമായി മാത്രമാണ്. അതിന് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കോര്‍പറേറ്റ് പക്ഷ ആഭിമുഖ്യങ്ങള്‍ കയ്യൊഴിയാനും വര്‍ഗസമരരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാനും തയ്യാറാവണം. ദളിത് പ്രസ്ഥാനങ്ങളാവട്ടെ, വരേണ്യ വലത് രാഷ്ട്രീയത്തിനെതിരായ സമരത്തിന്റെ സഖ്യശക്തികളെ രാഷ്ട്രീയമായി തിരിച്ചറിയുകയും വേണം.

കോര്‍പറേറ്റ് മുതലാളിത്തത്തിന്റെയും വരേണ്യ ഹിന്ദുത്വ ഫാസിസത്തിന്റെയും ഹിംസാത്മകമായ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കാന്‍ ഇടതുപക്ഷ – സാമൂഹിക ഇടതുപക്ഷ ശക്തികളുടെ ഐക്യനിര വളര്‍ന്നുവരണം. ദളിതരും ആദിവാസികളും പ്രാന്തവല്‍കൃതരും കോര്‍പറേറ്റ് വികസനത്തിന്റെ ഇരകളും ഇതര ചൂഷിത വിഭാഗങ്ങളും ഐക്യപ്പെട്ടാല്‍ അതു രാജ്യത്തെ ഒരു മഹാശക്തിയായിത്തീരും. തീര്‍ച്ച.

21 ജനവരി 2016

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )