ഹൈദ്രാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയിലെ എസ് എഫ് ഐ നേതാവായിരുന്ന ശരത് ശശികുമാറിന്റെയും ഇപ്പോള്‍ അവിടെ പഠിക്കുന്ന മൃദുല ഭവാനിയുടെയും കുറിപ്പുകള്‍ രോഹിത് വെമുലയെക്കുറിച്ചുള്ള വിചാരങ്ങളിലേക്ക് എന്നെ എത്തിക്കുന്നു. ഒരുമിച്ച് പങ്കെടുത്ത എസ് എഫ് ഐ യൂണിറ്റ് കമ്മറ്റികളെക്കുറിച്ചും സമര ആസൂത്രണങ്ങളെക്കുറിച്ചും ശരത് ഓര്‍ക്കുന്നു.
എസ് എഫ് ഐ വിടുകയാണെന്നു പറയാന്‍ ശരതിതിന്റെ റൂമിലേക്ക് കടന്നുചെന്ന രോഹിത് വേട്ടയാടപ്പെടുന്ന തന്റെ സ്വത്വത്തെപ്പറ്റിയാണ് ഉത്ക്കണ്ഠപ്പെട്ടത്. 2011 മുതല്‍ 2013 വരെയുള്ള കാലത്ത് മദാരി വെങ്കിടേശ് എന്ന ഗവേഷകന് അനുഭവിച്ച തീവ്രാനുഭവങ്ങളും അദ്ദേഹത്തിന്റെ പ്രതിഷേധ സ്വഭാവമാര്‍ന്ന മരണവും രോഹിതിന് വലിയ ആഘാതമേല്‍പ്പിച്ചിരുന്നു. ദളിതനായി ജനിച്ചതുകൊണ്ടു മാത്രം, സര്‍വ്വകലാശാല ഒരു ഗവേഷകന് ന്യായമായി നല്‍കേണ്ട എല്ലാ സൗകര്യങ്ങളും വെങ്കിടേശിന് നിഷേധിക്കപ്പെട്ടു. സി എസ് ഐ ആര് – ജെ ആര് എഫ് ഫെലോഷിപ്പുകളോടെ 2011ല്‍ സര്‍വ്വകലാശാലയില്‍ ഗവേഷണത്തിന് പ്രവേശിപ്പിക്കപ്പെട്ട വെങ്കിടേശിന് ഗവേഷണ മാര്‍ഗദര്‍ശിയെ നല്കാന് അധികാരികള്‍ തയ്യാറായില്ല. എല്ലായിടത്തും ഏകനായി മാറ്റി നിര്‍ത്തപ്പെട്ടു. ഒടുവില്‍ മരണത്തിലേക്ക് അദ്ദേഹത്തെ തള്ളിയിട്ടശേഷം ആത്മഹത്യയെന്ന് രേഖപ്പെടുത്തി രജിസ്റ്ററിലെ ആ കോളം എന്നേക്കുമായി വെട്ടിമാറ്റി.
വെങ്കിടേശിന്റെ ദുരനുഭവം ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ പൊതു അനുഭവമല്ല. വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് അതൊരു വിഷയമാകുന്നുമില്ല. വല്ലപ്പോഴും ഒറ്റപ്പെട്ട നിലയില്‍ ഇത്തരം പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി സംഘടനകള്‍ പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ടാവാം. അതു പക്ഷെ വളരെ ഒറ്റപ്പെട്ട അനുഭവമായിരിക്കും. മദാരി വെങ്കിടേശിനെപ്പോലെ എത്രയോ പേരുണ്ട്. പലരും വഴിയില്‍ വീണു പോയവരാണ്. പഠനം നിര്‍ത്തിപ്പോയവര്‍, ഭ്രാന്തു പിടിച്ചവര്‍, ആത്മഹത്യ ചെയ്തവര്‍ അവരുടെ പട്ടിക ആരും തയ്യാറാക്കിയിട്ടില്ലല്ലോ. ആ വലിയ നിരയെ അവരുടെ അനുഭവങ്ങളെ അഭിസംബോധന ചെയ്യാന്‍ വിപ്ലവ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കു കഴിഞ്ഞില്ലല്ലോ. എന്തുകൊണ്ട് രോഹിത് എസ് എഫ് ഐ വിട്ടുവെന്നും കുറെകൂടി പീഢിതരായ ഒരു ജനതയുടെ ക്ഷോഭങ്ങള്‍ക്കും വേദനകള്‍ക്കും ഒപ്പം നിന്നുവെന്നും ഇപ്പോള്‍ എനിക്കു മനസ്സിലാവുന്നു. അധസ്ഥിതരുടെ സുരക്ഷക്കും അഭിമാനത്തിനും വേണ്ടി പിന്നീട് രോഹിത് നടത്തിയ പ്രക്ഷോഭങ്ങളെക്കുറിച്ച് ആവേശത്തോടെ ശരത് ശശികുമാര്‍ ഓര്‍ക്കുന്നത് എന്നെ ആഹ്ലാദിപ്പിക്കുകയും ചെയ്യുന്നു. പോരാടിക്കൊണ്ടിരിക്കുന്ന ഒരുപാട് ജീവിതങ്ങള്‍ക്ക് ഈ നഷ്ടം എത്ര വലുതായിരിക്കുമെന്ന് അദ്ദേഹം ഖേദിക്കുന്നുമുണ്ടല്ലോ.
2013 ഏപ്രിലില്‍ അപ്ലൈഡ് ലിംഗ്വിസ്റ്റിക്സ് എം എ വിദ്യാര്‍ത്ഥി പുല്യാല രാജുവിനും മരണത്തിലേക്ക് സ്വയം വലിച്ചെറിയേണ്ടി വന്നു. 2008ല്‍ ഫിസിക്സ് ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന തമിഴ്നാട്ടുകാരന് സെന്തില്‍കുമാറും ഇതേ വഴിയിലൂടെയാണ് കടന്നുപോയത്. ഓരോ മരണത്തിനു ശേഷവും സര്‍വ്വകലാശാലാ അധികാരികള്‍ ചട്ടപ്പടി അന്വേഷണ സമിതികളെ നിയോഗിക്കുന്നു. അവരുടെ കണ്ടെത്തലുകളും നിര്‍ദ്ദേശങ്ങളും ഒരിക്കലും ആരും തുറന്നു നോക്കാറില്ല. 2008ല്‍ പ്രൊഫസര്‍ വിനോദ് പര്വാലയുടെയും 2013ല്‍ പ്രൊഫസര്‍ വി കൃഷ്ണയുടെയും നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട സമിതികളുണ്ടായിരുന്നു. ഇനിയിപ്പോള്‍ മറ്റൊരു പ്രൊഫസര്ക്കുകൂടി അങ്ങനെയൊരു പദവി കിട്ടിയേക്കാം. അതവിടെ കഴിയും.
വിദ്യാര്‍ത്ഥികളനുഭവിക്കുന്ന വിവിധങ്ങളായ ആകുലതകളും ഭാരങ്ങളും ലഘൂകരിക്കാന്‍ ശ്രമങ്ങളുണ്ടാവണമെന്ന് ആന്ധ്ര ഹൈക്കോടതി 2013ല്‍ സംസ്ഥാനത്തെ സര്‍വ്വകലാശാലകളെ ഓര്‍മിപ്പിച്ചിരുന്നു. പ്രൊഫസര്‍ ഫൈസാന്‍ മുസ്തഫ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് കോടതി ഉത്തരവിട്ടു. മറ്റ് റിപ്പോര്‍ട്ടുകളെപ്പോലെ ഇതും അവഗണിക്കപ്പെടുകയായിരുന്നു.
ഹൈദ്രാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ മാത്രമല്ല രാജ്യത്തെമ്പാടും ദളിത് വിദ്യാര്‍ത്ഥികളുടെ അനുഭവം സമാനമാണ്. 2011ല്‍ റൂര്‍ക്കി ഐ ഐ ടിയില്‍ ഹോസ്റ്റലിന്റെ അഞ്ചാം നിലയില്‍നിന്ന് എടുത്തുചാടി മരണം വരിച്ച മനീഷ്കുമാര്‍, ചണ്ഡീഗഡ് ഗവര്‍മെണ്ട് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരിക്കെ 2008ല്‍ സ്വയമൊടുക്കിയ ജസ്പ്രീത് സിംഗ്, ആള് ഇന്ത്യാ മെഡിക്കല്‍ സയന്‍സസിലെ പഠനത്തിനിടെ 2010 മാര്‍ച്ച് 3ന് ജീവിതമുപേക്ഷിച്ച ബാലമുകുന്ദ് ഭാര്ത്രി, ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസിലെ ഗവേഷണ പഠനത്തിനിടെ 2007 ആഗസ്ത് 27ന് മരണം വരിച്ച അജയ് ശ്രീ ചന്ദ്ര എന്നിങ്ങനെ ആ പട്ടിക നീളംവെച്ചിരിക്കുന്നു. 2004ല്‍ അടൂരിലെ ഐ എച്ച് ആര് ഡി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന രജനി എസ് ആനന്ദിന്റെ ആത്മഹത്യ ഇക്കൂട്ടത്തില്‍ ആദ്യത്തേതാണെന്നത് നടുക്കത്തോടെ നാമറിയണം.
ആള് ഇന്ത്യാ മെഡിക്കല്‍ സയന്‍സസിലെ ചില ആക്ഷേപങ്ങളെത്തുടര്‍ന്ന് 2006ല്‍ ദളിത് വിവേചനം സംബന്ധിച്ച അന്വേഷണത്തിന് ഫ്രൊഫ.എസ് കെ തോററ്റിന്റെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെ കേന്ദ്ര ഗവണ്മെന്റ് നിയോഗിച്ചു. 2007 മെയ് 5ന് കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല ഫാക്കല്‍റ്റിക്കും വിവേചനം നേരിടേണ്ടി വരുന്നുവെന്ന വസ്തുതയാണ് പുറത്തുവന്നത്. 2010ല്‍ തന്റെ ഹോസ്റ്റല്‍ മുറിയില്‍ ഡോ. ബാലമുകുന്ദ് തൂങ്ങി മരിക്കാനിടയായത് ഈ റിപ്പോര്‍ട്ടില്‍ നടപടിയൊന്നും സ്വീകരിക്കാതിരുന്നതുമൂലമാണ്. സര്‍വ്വകലാശാലയിലെ ജീവനക്കാരെയും വിവേചനം എങ്ങനെ വേട്ടയാടുന്നു എന്നതിന്റെ ഉദാഹരണമാണ് ഇംഗ്ലീഷ് ആന്റ് ഫോറിന് ലാഗ്വേജസ് യൂനിവേഴ്സിറ്റി ലക്നൗ സെന്ററിലെ അമര്‍സിംഗിന്റെ മരണം. 2015 ജൂലായ് 27ന് ആയിരുന്നു ആ സംഭവം. സര്‍വ്വകലാശാലയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ അധികാരികളുടെ വീട്ടുജോലി കൂടി ചെയ്യേണ്ടിവരുന്നതും നിരന്തരം പീഡിപ്പിക്കപ്പെടുന്നതും എങ്ങനെയെന്ന് സുഭാഷ് ഗതാദെ എന്ന എഴുത്തുകാരന് വിശദീകരിച്ചിട്ടുണ്ട്. സെന്റര്‍ ഡയറക്ടരുടെ വീട്ടുജോലി സൗജന്യമായി ചെയ്യേണ്ടി വന്നിരുന്നു അമര്‍ സിംഗിന്. സെന്ററില്‍ ഡയറക്ടറെത്തുമ്പോള് കുനിഞ്ഞ് കാല്‍തൊട്ടു വന്ദിക്കുകയും വേണം. നിലനിന്നുപോന്ന ആചാരമെന്ന നിലയിലാണത്രെ അത്.
ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് വലിയതോതിലാണ് കീഴാള വിഭാഗങ്ങള്‍ കടന്നു വരുന്നത്. അകറ്റി നിര്‍ത്തപ്പെട്ടവര്‍ അത്ഭുതകരമായ ധൈഷണിക പ്രഭാവത്തോടെ കടന്നെത്തുന്നത് പലര്‍ക്കും ബോധിക്കുന്നില്ല. മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ട് വരേണ്യ വിഭാഗങ്ങളിലുണ്ടാക്കിയ അതൃപ്തിയും അസഹിഷ്ണുതയും നാം കണ്ടതാണ്. പല രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുള്ളവരോ അല്ലാത്തവരോ ആയിരിക്കെത്തന്നെ അകംകൊണ്ട് വരേണ്യജാത്യാചാരങ്ങള് പിന്തുടര്ന്നുപോന്നവരുടെ തട്ടകമായിരുന്നു നമ്മുടെ വിദ്യാഭ്യാസരംഗം. അവിടെയാണ് ചാളയിലും ചേരിയിലും പിറന്നവര്‍ ഊഴമിട്ടെത്തുന്നത്! അകറ്റി നിര്‍ത്താനുള്ള വെമ്പല്‍ ഊഹിക്കാവുന്നതേയുള്ളു. നമ്മുടെ ജനാധിപത്യ സംവിധാനം വരേണ്യ ജാത്യാസ്പദങ്ങളെയും സവിശേഷ മൂലധനാടിത്തറകളെയും നമിച്ചു വലം വെക്കുന്ന ഉപരിവര്‍ഗ വ്യവഹാരം മാത്രമാണ്. അത് പിന്തുടരുന്ന വലതുപക്ഷ ഭരണസംവിധാനങ്ങളാകെ കോര്‍പറേറ്റ് മുതലാളിത്തവും മധ്യകാല മതാത്മകതയും തമ്മിലുണ്ടാക്കിയ അവിശുദ്ധ സഖ്യത്തെ വിശുദ്ധപ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ സംഘപരിവാര നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ വന്നതോടെ ഇമ്മട്ടുള്ള വ്യവഹാരങ്ങളുടെ ഗതിവേഗം പലമടങ്ങായിരിക്കുന്നു. കാമ്പസുകളില്‍ നേരിട്ട് ഇടപെട്ട് ദളിതോച്ഛാടനം നടത്താമെന്ന സ്ഥിതിയാണ്. രോഹിത് വെമുല അതിന്റെ ഇരയാണ്.
ഇന്ത്യന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവയുടെ ഉപസംഘടനകളും ഈ വരേണ്യ വ്യവഹാരാടിത്തറ വിട്ടു കളിക്കുകയില്ല. തെലങ്കാനയുടെ സമരവീര്യമുള്ള മണ്ണില്‍ വളരുമ്പോള്‍ രോഹിത് എസ് എഫ് ഐയിലെത്തിയത് അത്ഭുതമല്ല. അവിടം തന്റെ വര്ഗാടിത്തറയും ജാതി സ്വത്വവും ഒന്നു ചേരുന്നതിന്റെ സവിശേഷ സങ്കീര്‍ണത തിരിച്ചറിയപ്പെടാതെ പോകുന്നതിന്റെ ആകുലതകള്‍ തീര്‍ച്ചയായും രോഹിതിനെ സങ്കടപ്പെടുത്തിയിട്ടുമുണ്ടാവണം. അതാവണമയാളെ അംബേദ്ക്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷനിലേക്ക് എത്തിച്ചിട്ടുണ്ടാവുക. അതിനുശേഷം നിരന്തരമായി പോര്‍മുഖത്തായിരുന്നു രോഹിത്. അടിത്തട്ടിലെ പോരാളികളെ എറിഞ്ഞുടയ്ക്കാന്‍ അധികാരികള്‍ക്കുള്ള കൗശലം ഒന്നു വേറെയാണ്. മരണത്തിലേക്ക് മെരുക്കപ്പെട്ട വ്യവഹാരപഥം തുറന്നുകൊടുക്കാന്‍ ഉന്നത വിദ്യാഭ്യാസത്തിലെ ദ്രോണാചാര്യന്മാര്ക്ക് സാധിച്ചു.
ജനാധിപത്യത്തിന് പൊരുതുന്നവര്‍ക്ക് ഈ മരണങ്ങളില്‍നിന്ന് പഠിക്കാന്‍ ഏറെയുണ്ട്. ഒപ്പമിരിക്കുന്നവന്റെ അകവും അനുഭവങ്ങളുടെ ആഴവും അറിഞ്ഞംഗീകരിക്കുകയും ആദരിക്കുകയും ചെയ്യാനുള്ള ശേഷി ആര്‍ജ്ജിക്കണം. തിരിച്ചറിയലും കൂട്ടുചേരലും വലിയ വിപ്ലവ പ്രവര്‍ത്തനമാണ്. കാമ്പസുകളിലെ മുന്നേറ്റം ഏതു ദിശയിലാവണമെന്ന് ഈ അനുഭവം ചൂണ്ടുപലകയാവുന്നു. ശരീരത്തില്‍ പാരമ്പര്യത്തിന്റെ വെണ്മുദ്രകളും അകത്ത് അനുഭവശൂന്യതയുമുള്ള കൂട്ടര്‍ക്ക് കരിഞ്ചോര തിളയ്ക്കുന്ന അനുഭവ ധന്യത തിരിച്ചറിയാന്‍ കാലമിനിയും എടുത്തേക്കും.
വിജ്ഞാനമെന്നത്, നാം മനസ്സുവെച്ചാലും ഇല്ലെങ്കിലും നമ്മിലേക്ക് കടന്നുവരുന്ന നിഷ്ക്രിയവും പരോക്ഷവുമായ തത്വമല്ല. അന്വേഷണത്തെത്തുടര്‍ന്നു മാത്രമേ അതു നേടിയെടുക്കാനാവൂ. അത് വലിയ അദ്ധ്വാനത്തിന്റെയും തന്മൂലം മഹത്തായ ത്യാഗത്തിന്റെയും ഉത്പന്നമാണ്. അംബേദ്ക്കര്‍ പറയുകയാണ്. അപ്രമാദിത്തം കല്‍പ്പിക്കുന്ന ആശയങ്ങളുടെ തടവില്‍നിന്ന് പുറത്തുകടന്നേ മതിയാവൂ. അതിനു സന്ദേഹിയാവണം. ഇത് വിപല്‍ക്കരമായ കര്‍ത്തവ്യമാണ്. ഭവിഷ്യത്തുകളെ ഞാന്‍ ഭയപ്പെടുന്നില്ല. അതെ അങ്ങനെ ധീരമായി കടന്നുപോകുന്ന ധീരരുടെ നിര നീളുകയാണ്.
18 ജനവരി 2016