Article POLITICS

സമരങ്ങളില്‍നിന്നേ വികസന ബദലുകളുണ്ടാവൂ

10898232_812073252186558_6447301837267071435_n[1]

കോര്‍പറേറ്റ് മുതലാളിത്ത വികസനത്തിന്റെ ഇരകളുടെ നിര പല ലക്ഷങ്ങളായി പെരുകുമ്പോള്‍ വികസനം എന്ന വാക്ക് ഞങ്ങളെ ഭയപ്പെടുത്തുന്നു. വേര്‍തിരിച്ചു പറയൂ ഏതുതരം വികസനം? സമഗ്രവികസനമാണ് കാസര്‍കോടുനിന്ന് തുടങ്ങുന്ന എല്ലാ ജാഥകളുടെയും മുഖ്യ വാഗ്ദാനം. ഞങ്ങള്‍ വികസനത്തിന് എതിരാണെന്ന് നിങ്ങള്‍ വിചാരിച്ചു പോവരുതേ എന്ന ദയനീയമായ യാചനയുമുണ്ട്.

മോഡിയുടെ(കുമ്മനത്തിന്റെയും) വികസനവും ഉമ്മന്‍ചാണ്ടിയുടെ വികസനവും പിണറായിയുടെ വികസനവും വേര്‍തിരിയുന്നതെവിടെയാണ്? വരേണ്ട നിക്ഷേപങ്ങള്‍, ഉയരേണ്ട സ്ഥാപനങ്ങള്‍, അധികരിക്കേണ്ട സൗകര്യങ്ങള്‍ എന്നിങ്ങനെ വിശദീകരണങ്ങളുണ്ട്. കൃഷിവേണം, വ്യവസായം വേണം. എല്ലാവരും പറയുന്നത് ഒന്നല്ല എന്ന് തിരിച്ചറിയാനാവുന്നില്ല.

ബദല്‍ വികസനമാണ് ലക്ഷ്യം എന്നു പറയുന്നവര്‍ നിലവിലുള്ള കോര്‍പറേറ്റ് മുതലാളിത്ത വികസനത്തിന്റെ ജനവിരുദ്ധത തുറന്നു കാട്ടിയവരാവണം. ആ വികസനത്തിന്റെ അക്രമങ്ങളില്‍ ഇരകളാക്കപ്പെട്ട വിഭാഗങ്ങളോട് ഐക്യപ്പെട്ടവരാകണം. അത്തരം ചെറുത്തുനില്‍പ്പുകളെ ആഗോളവത്ക്കരണകാലത്തെ വര്‍ഗസമരമായി തിരിച്ചറിഞ്ഞവരാകണം. ആ സമരങ്ങളില്‍ പങ്കാളികളായി വികസനമെന്നപേരിലുള്ള കോര്‍പറേറ്റ് കൊള്ളയും ചൂഷണവും തുറന്നുകാട്ടി ബദലുകള്‍ കണ്ടെത്തുന്നവരാകണം. അങ്ങനെ ഉയര്‍ന്നു വരുന്ന ബദലുകളാണ് ജനങ്ങള്‍ക്കു വിശ്വാസയോഗ്യമാവുക. ബുദ്ധിജീവികളുടെയും വ്യവസ്ഥാപിത രാഷ്ട്രീയ എക്‌സിക്യൂട്ടീവുകളുടെയും ഒഴിവുവേളച്ചര്‍ച്ചകളില്‍ ഉദിച്ചുയരുന്ന മധ്യ-വരേണ്യവര്‍ഗ സ്വപ്നങ്ങളെ ബദലുകളായി കാണാന്‍ ആ വര്‍ഗ പശ്ചാത്തലത്തില്‍ മാത്രമേ കഴിയൂ. സമരങ്ങളില്‍നിന്ന് സമദൂരമെന്നതാണ് അധികാരബദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുഴുവന്‍ സമീപനം. ആ ദൂരം ബദല്‍ വികസനത്തിന്റെ അഥവാ ജനപുരോഗതിയുടെ കാഴ്ച്ചപ്പാടില്‍നിന്നുള്ള ദൂരമാണ്.

കൃഷിയിലേക്ക് മടങ്ങാന്‍ ശരിയായ കര്‍ഷകര്‍ക്ക് ഭൂമി ലഭിക്കണം. കൃഷിക്കും വ്യവസായത്തിനും പാര്‍പ്പിടത്തിനും വെവ്വേറെ ഭൂമി കണ്ടെത്തണം. പാരിസ്ഥിതിക സവിശേഷതകള്‍ ഉള്‍പ്പെടെ കണക്കിലെടുത്തുള്ള ഭൂവിനിയോഗ നയമുണ്ടാകണം. ഒരാള്‍ക്കെത്ര ഭൂമിയാവാം എന്നതും ആ ഭൂമി അയാളെന്തു ചെയ്യണമെന്നതും നിശ്ചയിക്കണം. മഹത്തായ ഭൂപരിഷ്‌ക്കരണത്തിന്റെ തുടര്‍ച്ചയോ രണ്ടാം ഘട്ടമോ ഉണ്ടാവണം. കേരളത്തിന്റെ അടിസ്ഥാന പ്രശ്‌നം കേരളത്തിന്റെ ഭക്ഷണമാണ്. അത് തകര്‍ത്തുകൊണ്ടുള്ള ഒരു നീക്കവും കേരളത്തിന്റെ വികസനമാവില്ല. ഭൂപരിഷ്‌ക്കരണത്തിലൂടെ മാത്രമേ തണ്ണീര്‍ത്തടങ്ങളെയും സംരക്ഷിക്കാനാവൂ. 2008ല്‍ ഇടതുപക്ഷ ഗവണ്‍മെന്റാണ് തണ്ണീര്‍ത്തട സംരക്ഷണ നിയമം കൊണ്ടുവന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആ നിയമം എങ്ങനെയൊക്കെ ലംഘിക്കാം എന്നതിന്റെ മത്സരമായിരുന്നു. ഏക്കര്‍കണക്കിനു വയല്‍ നികത്തപ്പെട്ടതും അവിടങ്ങളില്‍ നാടനും മറുനാടനുമായ കോര്‍പറേറ്റുകള്‍ നഗരങ്ങള്‍ പണിതതും നാം കണ്ടു. അരുതേ എന്നു വിലക്കാന്‍ അന്നോ അതു തെറ്റായിപ്പോയി എന്ന് പറയാന്‍ ഇപ്പോഴോ ആര്‍ജ്ജവം കാണിക്കാത്തവര്‍ ജനങ്ങള്‍ക്കാവശ്യമായ ബദല്‍ വികസനം കൊണ്ടുവരുമെന്ന് കരുതുന്നത് എങ്ങനെയാണ്?

തുറമുഖം, വിമാനത്താവളം, അതിവേഗ തീവണ്ടിപ്പാത, ഐടി പാര്‍ക്ക്, സ്വകാര്യ സര്‍വ്വകലാശാലകള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍ എന്നിങ്ങനെ അടയാളപ്പെട്ടു കിടക്കുകയാണ് വികസനഭൂപടം. ഇവയിലൂടെയേ ആരും വികസന ചര്‍ച്ച തുടങ്ങുന്നുള്ളു. ടെലിവിഷന്‍ ചര്‍ച്ചകളില്‍ കടിപിടി കൂടുന്നത് ഇവ ആരാണ്/ ആരുടെ ഭരണത്തിലാണ് തുടക്കംകുറിച്ചത് എന്നാണ്! കേരളത്തിലെ മനുഷ്യരുടെ ജീവിതം പുരോഗതിയുടെ പാതയിലാണോ എന്നതല്ലേ മുഖ്യപ്രശ്‌നം? ഇരകളാക്കപ്പെടുന്നതും അരികിലേക്ക് തള്ളപ്പെടുന്നതും ലക്ഷങ്ങളല്ലേ? ദരിദ്രരും ഭൂരഹിതരുമായ കര്‍ഷകര്‍, പട്ടിണിയിലേക്ക് തള്ളപ്പെട്ട പരമ്പരാഗത തൊഴിലാളി വിഭാഗങ്ങള്‍, അസംഘടിതരും അടിമവേലക്കാരുമായ തൊഴിലാളികള്‍, ആദിവാസികള്‍, കോര്‍പറേറ്റ് വികസനം വിഷം തീറ്റിയ കാസര്‍കോട്ടെയും പ്ലാച്ചിമടയിലേയും കാതികുടത്തെയും രോഗപീഢിതര്‍, വികസനങ്ങളുടെ പേരില്‍ സ്വന്തം കുടിലുകളില്‍നിന്നു പുറന്തള്ളപ്പെട്ട പതിനായിരങ്ങള്‍, മണല്‍,വനം ക്വാറി മാഫിയകളുടെ കയ്യേറ്റങ്ങളില്‍ ഭയന്നു കഴിയുന്നവര്‍ -ഈ അരക്ഷിത ജനതയ്‌ക്കൊപ്പം ആരുണ്ട്? ആരുണ്ടായിരുന്നു? അവരുടെ സഹനങ്ങളിലും ക്ഷോഭങ്ങളിലും കോര്‍പറേറ്റ് വികസനത്തിനെതിരായ തീക്കാറ്റുകളുണ്ടായിരുന്നു. അഥവാ അതിപ്പോഴും ആളുകയാണ്. അവിടങ്ങളിലൊന്നും കൂട്ടിരിക്കാത്തവര്‍ കോര്‍പറേറ്റ് വിരുദ്ധ ബദല്‍ വികസനമാണ് കൊണ്ടു വരികയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നതെങ്ങനെ?

അതിജീവന സമരങ്ങളില്‍ സഖാക്കളല്ലാത്തവര്‍ തെരഞ്ഞെടുപ്പുത്സവങ്ങളില്‍മാത്രം സഖാക്കളാവുമോ? ജീവന്മരണ സമരവേദികളിലുള്ളവര്‍ക്ക് സ്വന്തം പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള ബുദ്ധിയുണ്ടാവരുതെന്നത് ആരുടെ നിശ്ചയമാണ്? കോര്‍പറേറ്റ് വിരുദ്ധ സമരം ജീവിതമാക്കിയവരെ തള്ളി കോര്‍പറേറ്റ് വികസനത്തിന്റെ വക്താക്കള്‍ ബദല്‍ ചമയുകയാണ്. അതല്ലെങ്കില്‍ സമരമുഖത്താണ് അവരത് തെളിയിക്കേണ്ടത്. തെരഞ്ഞെടുപ്പു മുന്നണികളെക്കുറിച്ചല്ല സമരമുന്നണികളെക്കുറിച്ചാണ് ഞങ്ങള്‍ പറയുന്നത് എന്ന് അവകാശപ്പെട്ടുപോന്ന പാര്‍ട്ടികളും നേതാക്കളുമുണ്ട്. ജനകീയ പ്രശ്‌നങ്ങളില്‍ എങ്ങനെ സമരബന്ധുക്കളാകുന്നു എന്നതാണ് മുന്നണി രാഷ്ട്രീയത്തിന്റെ ഉള്ളുറപ്പ് എന്ന് ഇ എം എസ്സും പറയാറുണ്ടായിരുന്നു. സമരം ഒരു വഴിക്കും ഭരണം വേറെ വഴിക്കും പിളര്‍ന്നു മാറുകയാണ്.

ഭരണത്തിലെത്തുമെന്ന് കരുതുന്നവരൊക്കെ സമാന വികസന സങ്കല്‍പ്പമാണ് അവതരിപ്പിക്കുന്നത്. ചില്ലറ ഈഷല്‍ഭേദങ്ങളേ കാണൂ. കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ വികസന മാഹാത്മ്യമാണ് മാധ്യമങ്ങളും മധ്യവര്‍ഗ ചാഞ്ചാട്ടക്കാരും പറകൊട്ടിപ്പാടുന്നത്. മുഖ്യധാരയെന്നവകാശപ്പെടുന്ന രാഷ്ട്രീയത്തിന് അത്രമതി. എന്നാല്‍ പെരുകിക്കൊണ്ടേയിരിക്കുന്ന ചൂഷിത സമൂഹങ്ങള്‍ക്ക് അത് വികസനമേയല്ല. ജീവിതത്തെ മുന്നോട്ടു നയിക്കും വിധമുള്ള സമഗ്രമായ അഴിച്ചുപണിയാണ് അവരാഗ്രഹിക്കുന്നത്. തുടര്‍ച്ചയറ്റുപോയ കേരളത്തിന്റെ വികസനമാതൃകയില്‍ അതിന്റെ പ്രാരംഭ ചുവടുകളുണ്ട്. അതിന്റെ തുടര്‍ച്ച അറ്റുപോവുകയായിരുന്നില്ല. അപരവാസനകളില്‍ അഭിരമിച്ച നേതൃത്വങ്ങള്‍ കളഞ്ഞു കുളിക്കുകയായിരുന്നു. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെയും സാമ്രാജ്യത്വ ഫൗണ്ടേഷനുകളുടെയും ഇഷ്ടതോഴന്മാരായി മാറാന്‍ കാണിച്ച ഉത്സാഹത്തിന് ബലികൊടുക്കപ്പെടുകയായിരുന്നു മഹത്തായ കേരളമാതൃക.

ഭൂപരിഷ്‌ക്കാരവും വിദ്യാഭ്യാസ പരിഷ്‌ക്കാരവും കൊണ്ടു വരുമ്പോള്‍ കേരളം ഫെഡറല്‍ ഘടനയ്ക്കകത്തു തന്നെയായിരുന്നു. അന്ന് സമരങ്ങളില്‍ രൂപപ്പെട്ട ബദലുകളുണ്ടായിരുന്നു. അത് നടപ്പാക്കാന്‍ ബദ്ധശ്രദ്ധമായ സംഘടനയും നേതൃത്വവുമുണ്ടായിരുന്നു. മണ്ണ് പിടിച്ചടക്കാന്‍ കോര്‍പറേറ്റുകള്‍ക്കു കൂട്ടു നില്‍ക്കുന്ന വഞ്ചനയെ അന്നു രാഷ്ട്രീയമെന്ന് വിളിച്ചിരുന്നില്ല. ഇന്നിപ്പോള്‍ ബദലെന്നാല്‍ കോര്‍പറേറ്റുകളെ നോവിക്കാത്തതും ഫെഡറല്‍ തത്വങ്ങള്‍ പാലിക്കുന്നതും എന്നായിരിക്കുന്നു നിബന്ധന.

രാജ്യത്തെമ്പാടും നടക്കുന്ന അതിജീവന സമരങ്ങളെ പുതിയ കാലത്തെ വര്‍ഗസമരങ്ങളായി നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ? കോര്‍പറേറ്റ് മുതലാളിത്തത്തിനെതിരായ ജ്വലിക്കുന്ന സമരമുഖങ്ങള്‍ ഒരു സാമൂഹിക ഇടതുപക്ഷ രാഷ്ട്രീയമാണ് മുന്നോട്ടു വെയ്ക്കുന്നതെന്ന് നിങ്ങള്‍ അംഗീകരിക്കുമോ? ആ പ്രക്ഷോഭങ്ങളെ ശക്തിപ്പെടുത്തല്‍ മുതലാളിത്ത ഭരണ വര്‍ഗ താല്‍പ്പര്യങ്ങള്‍ക്കെതിരായ ജനമുന്നണി രൂപീകരിക്കുന്നതിന്റെ പ്രാഥമികവും മുഖ്യവുമായ ഉപാധിയാണെന്ന് തിരിച്ചറിയുമോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിട്ടേ സമഗ്രവികസനത്തെക്കുറിച്ചുള്ള നിങ്ങളുടെ ഗിരിപ്രഭാഷണങ്ങളും പഠന ക്ലാസുകളും ആരംഭിക്കേണ്ടതുള്ളു. ജാഥാ കാര്‍ണിവലുകളും അപ്പോഴേ അതിന്റെ തൊങ്ങലുകളഴിച്ച് ജനങ്ങളുടെ ഉത്സവമാകുകയുള്ളു.

15 ജനവരി 2016

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )