Article POLITICS

വികസനവും ഫാസിസവും

nomoreവാണിജ്യ മൂലധനത്തിന്റെ ഏറ്റവും പ്രതിലോമകരവും വിനാശകരവുമായ ആധിപത്യമാണ് ഫാസിസം എന്ന ഗ്യോര്‍ഗി ദിമിത്രോവിന്റെ വാക്കുകള്‍ ഇപ്പോള്‍ ഇന്ത്യക്കു മുകളില്‍ മുഴങ്ങേണ്ടതാണ്. അത്രമേല്‍ അപായകരമായ ഒരു സന്ധിയിലാണ് ഈ രാജ്യം എത്തിപ്പെട്ടിരിക്കുന്നത്. സംഘപരിവാരങ്ങള്‍ അധികാരത്തിലെത്തി എന്നതല്ല ഭയപ്പെടുത്തുന്ന പ്രധാന കാര്യം. അവര്‍ മുമ്പും രാജ്യത്തിന്റെ അധികാരപദത്തിലെത്തിയിട്ടുണ്ട്. സംഘപരിവാരങ്ങളുടെ ഹിന്ദുത്വ മോഹങ്ങളും അതു നടപ്പാക്കാന്‍ അവര്‍ സ്വീകരിക്കുന്ന തീവ്ര വംശീയ വലതുപക്ഷ അജണ്ടകളും അവയ്ക്ക് സ്വാഭാവികമായുള്ള കേന്ദ്രീകൃതാധികാര പ്രയോഗരീതികളും പലഘട്ടങ്ങളിലും നാം കണ്ടറിഞ്ഞിട്ടുണ്ട്. എന്നാല്‍, സാമ്രാജ്യത്വ ആഗോളവത്ക്കരണത്തിന്റെ ഇരമ്പിയെത്തിയ ഹിംസാത്മക മൂലധനക്കോയ്മയ്ക്ക് കയറിനില്‍ക്കാനുള്ള ഒരധികാര ശരീരം ആവശ്യമായ ഘട്ടത്തില്‍ അതിനേറ്റവും യോജിച്ചവിധം മാരകമായ ഒരധികാരരൂപം സ്ഥാപിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഏറ്റവും വിപല്‍ക്കരമാകുന്നത്.

രണ്ടരപ്പതിറ്റാണ്ടുകൊണ്ട് കച്ചവടമൂലധനം വളര്‍ന്നു തിടം വെക്കുന്നത് പുരോഗതിയായേ പലരും കണ്ടിട്ടുള്ളു. അതു പക്ഷെ, വികസനമെന്ന ഒരു വരേണ്യമതത്തെ വളര്‍ത്തുകയായിരുന്നു. വര്‍ണാശ്രമ രീതികളുടെ നവീനാവിഷ്‌ക്കാരമായി നമ്മുടെ ശീലങ്ങളെ പുതുക്കിയെടുക്കാനായിരുന്നു ശ്രമം. മതങ്ങളെ നിരാകരിച്ചുകൊണ്ടും നിഷേധിച്ചുകൊണ്ടും മാത്രമേ വിമോചനപരമായ ജ്ഞാനോത്പ്പാദനം നടക്കുകയുള്ളു എന്ന നവോത്ഥാന ഘട്ടത്തിലെ ആശയവും നാം മറന്നു. പ്രശസ്ത നോവലിസ്റ്റ് യു ആര്‍ അനന്തമൂര്‍ത്തി ഒരിക്കലത് ഓര്‍മപ്പെടുത്തി. ദി ബാംഗ്ലൂര്‍ റിവ്യുവിന്റെ പത്രാധിപര്‍ അരവിന്ദ് രാധാകൃഷ്ണന്‍ നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് വികസനമതം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നാണ്. ഗാന്ധിജി അതു ചെയ്തിട്ടുണ്ടെന്നും മേധപട്ക്കറും മറ്റും ഇപ്പോള്‍ ചെയ്യുന്നതതാണെന്നും രാഷ്ട്രീയമെന്നത് വികസന വിമര്‍ശനമാണെന്നും അനന്തമൂര്‍ത്തി ഊന്നിപറഞ്ഞു.

ഇരുട്ടു നിറയ്ക്കുന്ന രണ്ടുതരം മതാത്മകതകളുടെ അവിഹിത വേഴ്ച്ച തികഞ്ഞ ഫാസിസത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകുമെന്ന് അനന്തമൂര്‍ത്തി കരുതിക്കാണണം. നരേന്ദ്രമോഡി അധികാരത്തിലെത്തിയാല്‍ രാജ്യം ജീവിക്കാന്‍കൊള്ളാതാകുമെന്ന് വിളിച്ചുപറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് അതല്ലാതെ മറ്റൊന്നുമാവില്ല. അങ്ങനെ ദൂരക്കാഴ്ച്ചയുള്ള, സത്യം പറയാന്‍ ശേഷിയുള്ള, സ്വതന്ത്ര ധൈഷണികത വറ്റിത്തീരുകയാണ്. മോഡി ഭരണത്തില്‍ നൂറുദിവസം തികയ്ക്കാതെ അദ്ദേഹം വിടവാങ്ങി. നരേന്ദ്രമോഡിയുടെ ഭരണം ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആ വാക്കുകളുടെ പൊരുള്‍ കൂടുതല്‍ തെളിഞ്ഞുവരുന്നുണ്ട്.

വികസനമതം പഴയ പൊതുമേഖലാ സംരംഭങ്ങളെയും ജനാധിപത്യ പൊതുമണ്ഡലങ്ങളെയും വിഴുങ്ങിത്തീര്‍ത്തിരിക്കുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പുറംപുളപ്പുകള്‍ക്കകത്ത് നരേന്ദ്രമോഡി ആദ്യാവസാനം ഒരൊറ്റ താല്‍പ്പര്യത്തിന്റെ ആളവതാരമാണ്. വല മുറുക്കിക്കൊണ്ടിരിക്കുന്ന പുതിയ ആഗോള ധന മുതലാളിത്തത്തിന്റെ. അതിന്റെ കോര്‍പറേറ്റ് സംവിധാനങ്ങളെയാകെ അന്ധമായി പിന്‍പറ്റുന്ന രാഷ്ട്രീയ സൈനികന്‍ മാത്രമായി ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി പരിമിതപ്പെടുകയാണ്. വരേണ്യ ഹിന്ദുത്വ യുക്തികളും കോര്‍പറേറ്റ് വികസന മതവും അന്യോന്യം സ്വീകരിച്ചു ഉരുവംകൊണ്ട പുതിയ നരസിംഹാവതാരമാണ് സിംഹാസനത്തിലുള്ളത്. വംശീയമോ സാമുദായികമോ ആയ വികാരോദ്ദീപനവും കൃത്രിമമായ സംഘര്‍ഷ സാഹചര്യത്തിന്റെ സൃഷ്ടിയുംകൊണ്ട് സാമ്പത്തികാധിനിവേശം ലളിതസാധ്യമാക്കുകയാണ് ലക്ഷ്യം. മുകള്‍പ്പരപ്പിലെ തീത്തലപ്പുകളിലേക്ക് ഈയാംപാറ്റകളെപ്പോലെ പൊതുജനം ഇരച്ചെത്തും. സാമ്പത്തികാധിനിവേശത്തിന്റെ ഇരകളെ വംശവേട്ടയുടെ രക്തസാക്ഷികളാക്കി വിശുദ്ധപ്പെടുത്തും. ഇതൊരു പഴയ ലീലയാണ്. ഇപ്പോഴും വിജയകരമായി പരീക്ഷിക്കപ്പെടുന്നത് ഈ കൗശലംതന്നെ.

ഇന്ത്യയിലെ രണ്ടര പതിറ്റാണ്ടുകാലത്തെ മൂലധനാധിനിവേശത്തിന്റെയും കോര്‍പറേറ്റാധിപത്യത്തിന്റെയും ചരിത്രമൊന്നു നോക്കുക. സോഷ്യലിസ്റ്റ് സ്വപ്നം മാത്രമല്ല, ക്ഷേമരാഷ്ട്രാനുഭവങ്ങളും പൗരാവകാശങ്ങളും നമ്മുടെ ജീവിതത്തില്‍നിന്നും ചീന്തിയെടുക്കപ്പെട്ടിരിക്കുന്നു. മിശ്ര സമ്പദ്ഘടന പകര്‍ന്ന സമത്വാദര്‍ശങ്ങളുടെ തണലുകളില്‍നിന്നാണ് ഒരു ജനത കുടിയിറക്കപ്പെട്ടിരിക്കുന്നത്. സ്വാഭാവികവും വിശുദ്ധവുമെന്ന മട്ടില്‍ എല്ലാം അടിച്ചേല്‍പ്പിക്കുകയായിരുന്നു. ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നിരുന്ന നിയമങ്ങളാകെ അഴിച്ചു പണിത് മൂലധനത്തിന്റെ ലാഭപ്പെരുക്കങ്ങള്‍ക്ക് വഴിതുറക്കുകയാണ് ഭരണകൂടം. ഇതത്രയും വലിയ എതിര്‍പ്പുകളുയരാതെ നേടിയതെങ്ങനെ? ഫാസിസം അതിന്റെ ചുവടുകള്‍ വെക്കുന്നത് സമര്‍ത്ഥമായാണ്. എല്ലാം സ്വീകരിക്കുന്ന, എല്ലാറ്റിനും വഴങ്ങുന്ന ഒരു ജനതയെ വാര്‍ത്തെടുക്കുകയാണ് പുതിയ മുതലാളിത്തത്തിന്റെ ആദ്യ ലക്ഷ്യം. മൂലധനത്തിന്റെ പുതിയ മേച്ചില്‍പ്പുറം ജ്ഞാനോത്പാദനവും വിനിമയവുമായി ബന്ധപ്പെട്ടതാണെന്നത് കാര്യങ്ങളെ എളുപ്പമാക്കി. സംസ്‌ക്കാര വ്യവസായം വ്യവഹാരങ്ങളെയാകെ പൊളിച്ചടുക്കി. വിശപ്പൊരിക്കലുമേല്‍പ്പിക്കാത്ത വിശേഷ ഭക്ഷണ വിഭവങ്ങളും വിയോഗമെന്തെന്നറിയിക്കാത്ത അവിഘ്‌നസിദ്ധ പ്രണയങ്ങളും അതു പകര്‍ന്നുനല്‍കി. സന്തോഷം വാങ്ങാനാവുമെന്നും വികാരങ്ങള്‍ക്ക് വിപണിരൂപമുണ്ടെന്നും അതു നമ്മെ പഠിപ്പിച്ചു. ഏറ്റുവാങ്ങുകയും കീഴ് വഴങ്ങുകയുമാണ് വേണ്ടതെന്ന് മൃദുകോര്‍പറേറ്റ് ഫാസിസം മുന്നറിയിപ്പു നല്‍കി.

അധികാരത്തിന്റെ മുകള്‍പ്പരപ്പില്‍ കോര്‍പറേറ്റുകളെ ആലിംഗനം ചെയ്തുകൊണ്ടേയിരിക്കുന്ന പുരുഷദൈവമാകുകയാണ് മോഡി. ഒരു വ്യാഴവട്ടക്കാലം മുമ്പ് ഗുജറാത്തിലെ വംശഹത്യ ഇളക്കിമറിച്ച രാഷ്ട്രീയ സാഹചര്യത്തില്‍ പല ധനമൂര്‍ത്തികളും ഗുജറാത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. അപ്പോള്‍ മോഡിക്കു തുണയായത് ഗൗതം അദാനിയും ഇന്ദ്രവദന്‍ മോഡിയും കര്‍സന്‍ പട്ടേലും അനില്‍ ബക്കേരിയും മറ്റുമായിരുന്നുവെന്ന് പത്രങ്ങള്‍ എഴുതി. കലാപം നഷ്ടമാക്കിയ 409 ദശലക്ഷം ഡോളറിന്റെ പേരില്‍ മാത്രമല്ല, ഇന്ത്യയിലേക്ക് ഒഴുകുമെന്നു പ്രതീക്ഷിച്ച വലിയ വിദേശനിക്ഷേപത്തിന്റെയും പേരില്‍ വ്യവസായ മണ്ഡലത്തില്‍ അസ്വസ്ഥത പുകഞ്ഞു. എച് ഡി എഫ് സി യുടെ സിഇഒ ദീപക് പരേഖിനെപ്പോലെയുള്ളവര്‍ പരസ്യമായിത്തന്നെ പ്രതിഷേധിച്ചു. ഇന്‍ഫോസിസിലെ നാരായണ മൂര്‍ത്തിയും വിപ്രോയുടെ അസിം പ്രേംജിയുമൊക്കെ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചവരായിരുന്നു. മുസ്ലീങ്ങള്‍ക്കെതിരായ വംശഹത്യയെ പരസ്യമായി അപലപിക്കാന്‍ വ്യവസായ ലോകം സന്നദ്ധമായി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ അകത്ത് ഗുജറാത്ത് ചാപ്റ്ററിനെ വേര്‍പെടുത്തി മോഡി ആരംഭിച്ച പുതിയ പ്രസ്ഥാനമാണ് ഇന്ന് രാജ്യം ഭരിക്കുന്ന വന്‍വ്യവസായ സഖ്യമായിത്തീര്‍ന്നിരിക്കുന്നത്.

വ്യവസായികള്‍ ഇപ്പോള്‍ വംശഹത്യയുടെ ഓര്‍മകള്‍ കുഴിച്ചുമൂടിയിരിക്കുന്നു. മുസ്ലിം ന്യൂനപക്ഷത്തിനേറ്റ മുറിവുകളെപ്പറ്റിയോ സംഘപരിവാര അജണ്ടകളെപ്പറ്റിയോ അവരാരും പരിഭവിക്കുന്നുമില്ല. 2011 ആകുമ്പോഴേക്കും മോഡിയുടെ പുതിയ വികസനമതം ഗുജറാത്തില്‍ പുഷ്ടിപ്പെട്ടിരുന്നു. ആയിരക്കണക്കിന് നിക്ഷേപകരെ ഗുജറാത്തിലേക്ക് ആനയിച്ചു മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും മുന്നില്‍ പ്രദര്‍ശിപ്പിച്ചു. എക്കാലത്തെയും ഏറ്റവും വലിയ നിക്ഷേപ വാഗ്ദാനമുണ്ടായെന്നാണ് ബിജെപി അവകാശപ്പെട്ടുപോന്നത്. അതത്രയും മാറ്റമുണ്ടാക്കിയത് നരേന്ദ്രമോഡിയുടെ രാഷ്ട്രീയ ഭാവിയില്‍ മാത്രമായിരുന്നു. ആ കൂട്ടായ്മയുടെ ആഗോള കോര്‍പറേറ്റ് അജണ്ടയാണ് മോഡിയെ പ്രധാനമന്ത്രിപദത്തിലേക്ക് എത്തിച്ചത്.

ഇപ്പോള്‍ ഇന്ത്യയിലെ എണ്ണപ്പെട്ട മൂലധനമൂര്‍ത്തികളെല്ലാം രംഗത്തുണ്ട്. കുമാരമംഗലം ബിര്‍ള, മുകേഷ് അംബാനി, അനില്‍ അംബാനി, സുനില്‍ മിത്തല്‍, സിറസ് മിസ്ത്രി, അസിം പ്രേംജി തുടങ്ങിയ ധനഭീമന്മാരെല്ലാം മോഡിയെ പിന്തുണയ്ക്കാന്‍ മത്സരിക്കുന്നു. ഡിജിറ്റല്‍ ഇന്ത്യാ കാമ്പെയിനില്‍ വലിയ നിക്ഷേപ വാഗ്ദാനങ്ങളാണ് ഇവരോരോരുത്തരും നല്‍കിയിരിക്കുന്നത്. നാലര ലക്ഷം കോടിരൂപയുടെ നിക്ഷേപം നല്‍കാമെന്നും പതിനെട്ടു ലക്ഷം തൊഴില്‍ സാധ്യതയുണ്ടാകുമെന്നുമാണ് അവകാശവാദം. ഇന്ത്യയെ വന്‍ വ്യവസായികളുടെയും ശതകോടീശ്വരരുടെയും പറുദീസയാക്കാനാണ് മോഡി ആഗ്രഹിക്കുന്നത്. രാജ്യത്തെ സേവനതുറകളെ ഒന്നടങ്കം കോര്‍പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കുകയാണ്. ജനസേവകരെ, ജനാധിപത്യത്തിന്റെ നടത്തിപ്പുകാരെ കോര്‍പറേറ്റുകളുടെ ദാസ്യവേലക്കു പരുവപ്പെടുത്തുന്നതില്‍ ഒരപാകതയും ഗവണ്‍മെന്റ് കാണുന്നില്ല. സമ്പത്തും പദവിയുമുണ്ടായിരുന്ന തലസ്ഥാന നഗരിയിലെ ഉന്നത ഉദ്യോഗസ്ഥമേധാവികളെ ഗോള്‍ഫ് മൈതാനിയില്‍നിന്ന് പുറന്തള്ളുമ്പോള്‍ അവരുടെ ഇടം ധനപ്രഭുക്കള്‍ക്കൊപ്പമല്ല ഓഫീസുകളിലാണെന്നാണ് സര്‍ക്കാര്‍ ഓര്‍മിപ്പിച്ചത്. ഇടകലരാവുന്ന പഴയ വ്യവഹാരക്രമമല്ല പുതിയ വികസനമതം മുന്നോട്ടുവെക്കുന്നതെന്ന് അക്കൂട്ടരും തിരിച്ചറിഞ്ഞു തുടങ്ങി.

നരേന്ദ്രമോഡി രാജ്യാന്തര സഞ്ചാരത്തിനിറങ്ങിയതും പുതിയ വികസനമത പ്രചാരണത്തിനാണ്. അതിന്റെ ഭാഗമായ നിക്ഷേപ സമാഹാരണത്തിനാണ്. ഇതെല്ലാം ഇന്ത്യയെ പുരോഗതിയില്‍നിന്ന് പുരോഗതിയിലേക്കു നയിക്കില്ലേ എന്നാണ് സാധാരണ മനുഷ്യന്‍ ആലോചിക്കുന്നത്. അങ്ങനെ കരുതാനാണ് അയാള്‍ ശീലിച്ചിരിക്കുന്നത്. ഓരോ സാധാരണ മനുഷ്യന്റെയും ചില്ലിക്കാശും സമ്പത്തുമാണ് അദാനിയും അംബാനിയും ഉള്‍പ്പെടുന്ന കോര്‍പറേറ്റ് നിക്ഷേപകരുടെ മൂലധനമായിത്തീരുന്നത്. അത് സാധാരണക്കാരനെ ഊറ്റി ചണ്ടിയാക്കുകയും അദാനിമാരെ കൂടുതല്‍ സമ്പന്നരാക്കുകയും ചെയ്യുന്ന രാസപ്രവര്‍ത്തനത്തെയാണ് നാം ഇപ്പോള്‍ വികസനമെന്നു വിളിക്കുന്നത്. പുതിയ സംരംഭങ്ങള്‍ക്ക് ധനവും ഭൂമിയും മറ്റ് ഭൗതിക സാഹചര്യങ്ങളും ഒരുക്കി നല്‍കുന്ന സഹായിയുടെയോ ദല്ലാളിന്റെയോ ജോലിയാണ് ജനാധിപത്യ ഗവണ്‍മെന്റു ചെയ്യുന്നത്.

മൂലധനം ഇങ്ങനെ കേന്ദ്രീകരിക്കപ്പെടുമ്പോള്‍ രാജ്യത്തെ തൊഴില്‍ ശക്തി ശിഥിലമാവുകയാണ്. അമ്പതു കോടിയോളം വരും ഇന്ത്യയില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം. ദൗര്‍ഭാഗ്യവശാല്‍, അതില്‍ സംഘടിത തൊഴിലാളി വിഭാഗങ്ങള്‍ മൂന്നു കോടിയില്‍ താഴെ മാത്രമാണ്. അതില്‍തന്നെ പകുതിയിലേറെയും ഗവണ്‍മെന്റ് – പൊതു മേഖലാ തൊഴിലെടുക്കുന്നവരാണ്. രാജ്യത്തു തൊഴിലെടുക്കുന്നവരുടെ 94 ശതമാനവും അസംഘടിതരാണ്. അവരുടെ അദ്ധ്വാനമാണ് ഉത്പാദന മേഖലയിലെ മുഖ്യ പങ്കും. അടിസ്ഥാന ആവശ്യങ്ങള്‍പോലും നിര്‍വ്വഹിക്കാനുള്ള സൗകര്യങ്ങള്‍ ലഭിക്കാതെ മൃഗങ്ങളെപ്പോലെ ജോലിചെയ്യുകയാണവര്‍. ആറോ ഏഴോ ശതമാനത്തിന്റെ ശബ്ദമേ നാം കേള്‍ക്കാറുള്ളു. വലിയൊരു ശതമാനം തൊഴില്‍ശക്തി പിടഞ്ഞും മുരണ്ടും അടിമസമാനരായി കഴിയുന്നു. ഏഴു ശതമാനം വരുന്ന സംഘടിത തൊഴിലാളികളുടെ ഉന്നമനത്തിന് എഴുപതിനായിരത്തോളം തൊഴിലാളി സംഘടനകളാണ് രാജ്യത്തു രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലിത് പതിനായിരത്തോളം വരും. പല സംഘടനകളും അതത് സ്ഥാപനങ്ങളുടെ പരിധിയില്‍ മാത്രമുള്ളതാണ്. എന്നാല്‍ , അസംഘടിതമേഖലയെ അല്‍പ്പാല്‍പ്പമെങ്കിലും ഉള്‍ക്കൊള്ളാന്‍ അക്കൂട്ടരൊക്കെ വിമുഖത കാണിക്കുന്നു.

സംഘടിത തൊഴില്‍ശക്തിയുള്ള സ്ഥാപനങ്ങളും ആഗോളവത്ക്കരണത്തിന്റെ നിബന്ധനകള്‍ക്കു വഴിപ്പെടുകയാണ്. തൊഴില്‍ബന്ധങ്ങള്‍ അഴിച്ചു പണിയുന്നു. ഭരണകൂടം നിയമങ്ങളാകെ തൊഴിലാളി വിരുദ്ധമായി പുതുക്കി നിശ്ചയിക്കുന്നു. ജനകോടികളെ പ്രതിനിധീകരിക്കുന്നവര്‍ നിയമ നിര്‍മാണ സഭകളിലെത്തുമ്പോള്‍ കോര്‍പറേറ്റ് ധനാധിപത്യത്തിന്റെ വിനീത ദാസന്മാരായി മാറുന്നു. പതിനായിരക്കണക്കിന് തൊഴിലാളി സംഘടനകളെ ഏകോപിപ്പിക്കുന്ന പ്രധാന കേന്ദ്ര ട്രേഡ് യൂണിയനുകളെല്ലാം സെപ്തംബര്‍ രണ്ടിന്റെ പൊതു പണിമുടക്കിലേക്കു നീങ്ങിയ പശ്ചാത്തലമതാണ്. തൊഴിലാളികളുടെ ചുരുങ്ങിയ വേതനം പ്രതിമാസം പതിനയ്യായിരം രൂപയെങ്കിലുമാക്കി നിശ്ചയിക്കണമെന്നും അത് അസംഘടിതമേഖലയിലും ലഭ്യമാക്കണമെന്നും അവരാവശ്യപ്പെടുന്നു. ഇത് പ്രത്യാശാഭരിതമായ ഒരു സമരോത്സാഹംതന്നെയാണ്.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയില്‍ ഇരുപതോളം പൊതു പണിമുടക്കുകളാണ് ഇന്ത്യയില്‍ നടന്നത്. സംഘടിതരും അസംഘടിതരുമായ വ്യാവസായിക – കാര്‍ഷിക തൊഴിലാളികളെല്ലാം അതില്‍ പങ്കെടുത്തു. എന്നാല്‍ അതെല്ലാം അദ്ധ്വാനിക്കുന്നവരും കീഴാളരും പ്രാന്തീയരുമായ ജനകോടികളുടെ ജനാധിപത്യ രാഷ്ട്രീയ ശബ്ദമായി വളര്‍ന്നു വന്നില്ല. ഇവരെയെല്ലാം പരസ്പരം അകറ്റി നിര്‍ത്തി മൂലധനേച്ഛയുടെ രാഷ്ട്രീയം സങ്കുചിതവും ജനാധിപത്യരഹിതവുമായ ഒരു ഭരണവ്യവസ്ഥ അടിച്ചേല്‍പ്പിക്കുകയാണ്. വയറു വിശന്നു പൊരിയുമ്പോഴും തലച്ചോറില്‍ സാമുദായികമോ വംശീയമോ ആയ മിഥ്യാ ബോധങ്ങളുണര്‍ത്താനും വരേണ്യധിക്കാരത്തിന്റെ മാടമ്പി രാഷ്ട്രീയം തുടരാനും ഭരണകൂടം ശ്രമിക്കുന്നു.

രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്നു വരും ദളിതരുടെയും ആദിവാസികളുടെയും സംഖ്യ. ഏതെങ്കിലും മേഖലയില്‍ നാലിലൊന്നോ നാലായിരത്തിലൊന്നോ അവകാശം അവര്‍ക്കു ലഭിക്കുന്നില്ല. സാമുദായിക താല്‍പ്പര്യം എണ്ണിപ്പറഞ്ഞ് എല്ലാ നേട്ടങ്ങളും പൊതുസമ്പത്തും വീതിച്ചെടുക്കാന്‍ മത്സരിക്കുന്ന മത സാമുദായിക നേതാക്കളാരും അവര്‍ക്കു വേണ്ടി വാദിച്ചിട്ടില്ല. തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമപ്രകാരം നല്‍കേണ്ട സംവരണംപോലും നല്‍കാന്‍ ഭരണവെട്ടത്തുള്ള സാമുദായിക നേതാക്കള്‍ തയ്യാറല്ല. അവരുടെ താല്‍പ്പര്യം പരിഗണിക്കാന്‍ വിമുഖത കാട്ടുന്ന ജനാധിപത്യമാണ് നമ്മുടെ ഭരണകൂടത്തിന്റെത്. മുത്തങ്ങ സമരം മുതല്‍ നില്‍പ്പുസമരം വരെയും ചെങ്ങറ സമരം മുതല്‍ അരിപ്ര സമരം വരെയും എത്തിനില്‍ക്കുമ്പോള്‍ കേരളത്തിലെ ദളിതരിലും ആദിവാസികളിലും ഒരു പുതിയ ഉണര്‍വ്വു ദൃശ്യമായിട്ടുണ്ട്. വരുംകാല രാഷ്ട്രീയം നിര്‍ണയിക്കാന്‍ അവകാശമുള്ള പുതിയ രാഷ്ട്രീയശക്തി എന്ന നിലയില്‍ ഇനി അവരെ പരിഗണിക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.ഇന്ത്യയിലെ ജനസംഖ്യയുടെ നാലിലൊന്നു വരുന്ന ഈ വിഭാഗങ്ങളിലെ അമ്പതു ശതമാനവും ദാരിദ്ര്യരേഖക്കു താഴെയുള്ളവരാണ്. രാജ്യത്തിന്റെ സമ്പത്തു പങ്കുവെക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കുന്നതെന്തുകൊണ്ടാണ്? അവര്‍ക്കുകൂടി അവകാശപ്പെട്ടത് ആരാണ് കൊള്ളയടിക്കുന്നത്? അവരുടെ ഭാഷ, ഭക്ഷണം, അനുഷ്ഠാനം, കല എന്നിങ്ങനെ എല്ലാം നമ്മുടെ സാംസ്‌ക്കാരിക വൈവിദ്ധ്യത്തിന്റെ ഭാഗമാണ്. അത് വിട്ടുപോയാല്‍ നമ്മുടേത് ജനാധിപത്യമെന്നല്ല വരേണ്യാധിപത്യം എന്നു വിളിക്കാവുന്ന ഭരണക്രമം മാത്രമാവും.

കേന്ദ്രഗവണ്‍മെന്റിന്റെ കണക്കുപ്രകാരം രാജ്യത്ത് 21.9 ശതമാനം ദരിദ്രരാണുള്ളത്. 2011ലെ ലോകബാങ്ക് കണക്കുപ്രകാരം അത് 23.6 ശതമാനമാണ്. ദാരിദ്ര്യരേഖ സംബന്ധിച്ച പഴയ മാനദ്ണ്ഡങ്ങളെല്ലാം പുതുക്കി നിശ്ചയിച്ച ശേഷവും രാജ്യത്തെ ജനങ്ങളില്‍ നാലിലൊന്നും പട്ടിണിക്കാരാണെന്ന് പറയേണ്ടി വന്നിരിക്കുന്നു. ദിവസം ഇരുപത്തിയാറു രൂപ വരുമാനമില്ലാതെ ഗ്രാമങ്ങളില്‍ ജീവിക്കുന്നവരും മുപ്പത്തിരണ്ടു രൂപ വരുമാനമില്ലാതെ നഗരങ്ങളില്‍ ജീവിക്കുന്നവരും എന്ന മാനദണ്ഡമാണ് ഗവണ്‍മെന്റ് സ്വീകരിച്ചത്. അതില്‍തന്നെ വീടുള്ളവര്‍, കക്കൂസുള്ളവര്‍, ഓടുമേഞ്ഞ വീടുള്ളവര്‍ എന്നിങ്ങനെ പല ഉപാധികള്‍ നിശ്ചയിച്ച് ദാരിദ്ര്യരേഖ മാറ്റി വരക്കാന്‍ ഭരണകൂടം ഏറെ ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും ബാക്കി നില്‍ക്കുന്നവരുടെ കണക്കാണത്. അദ്ധ്വാനത്തിന് തുച്ഛമായ വേതനം പോലും ലഭിക്കാതെ നരകിച്ച് തൊഴില്‍തേടി കേരളത്തിലെത്തിയ ഇതരസംസ്ഥാനത്തെ തൊഴിലാളികളുടെ എണ്ണം ഇരുപത്തഞ്ച് ലക്ഷത്തിന് മുകളിലാണ്. ഇങ്ങനെ പരക്കംപായുന്ന ജനകോടികളുടെ നിയോഗം കോര്‍പറേറ്റ് വികസനത്തിന് ബലിമൃഗങ്ങളാവുക എന്നതാവണം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍പോലും പട്ടിണിയെ കീഴ്‌പ്പെടുത്തി പത്തു ശതമാനത്തിനു താഴേക്കു കൊണ്ടുവന്നിരിക്കുന്നു. അപ്പോഴും എഴുപതിനോടടുക്കുന്ന മഹത്തായ രാജ്യം ഘാനയോടും കെനിയയോടും അംഗോളയോടും ബംഗ്ലാദേശിനോടും മത്സരിക്കുകയാണ്.

ദരിദ്രരെ കൂടുതല്‍ ദരിദ്രരും നിസ്വരുമാക്കുന്ന ഈ സാഹചര്യത്തിലാണ് നമ്മുടെ വികസന സങ്കല്‍പ്പത്തിന്റെ അശാസ്ത്രീയതയും മനുഷ്യത്വ വിരുദ്ധതയും വിമര്‍ശവിധേയമാകുന്നത്. വികസനമതത്തിനെതിരായ ജ്ഞാനോദയമാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. അതിനു വരുന്ന കാലതാമസം വരേണ്യമതാത്മകതയും കോര്‍പറേറ്റ് വാണിജ്യമൂലധനവും തമ്മിലുള്ള ഏറ്റവും പ്രതിലോമകരമായ വേഴ്ച്ചയിലേക്കു രാജ്യത്തെ കൊണ്ടുപോകും. അങ്ങനെയെങ്കില്‍ വരാനിരിക്കുന്നത് ഫാസിസത്തിന്റെ ഇരുള്‍മൂടിയ കാലമായിരിക്കും. ദിമിത്രോവ് സൂചിപ്പിച്ച ഫാസിസത്തിനെതിരായ ഐക്യമുന്നണി നമ്മെ സംബന്ധിച്ചിടത്തോളം ഇപ്പോളാരംഭിക്കേണ്ട വികസന മതവരേണ്യ സഖ്യങ്ങള്‍ക്കെതിരായ ജനകീയ മുന്നേറ്റംതന്നെയാണ്.

21 ആഗസ്ത് 2015

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )