ഒരു വാക്കിലോ വാക്യത്തിലോ ജനങ്ങളുടെ ആശങ്കകളകറ്റാന്‍ കഴിയുന്ന സന്ദര്‍ഭത്തില്‍ അതു ചെയ്യുക എന്നത് വളരെ പ്രധാനമാണ്. ക്ലേശമനുഭവിക്കുന്ന ചൂഷിത ജനസമൂഹത്തോടാണോ കൊടും ചൂഷണത്തിന്റെ കോര്‍പറേറ്റ് ധിക്കാരത്തോടാണോ പ്രാഥമിക അനുഭാവമെന്ന് ചോദിക്കുമ്പോള്‍ ഉത്തരം വ്യക്തവും ലളിതവുമാകണം. നിങ്ങള്‍ ആര്‍ക്കൊപ്പമാണ് എന്നു ചോദിക്കേണ്ടി വരുന്നത് ഒരു ജനതയുടെ ഗതികേടാണ്.
കടലും കരയും കയ്യേറി ആയിരങ്ങളെ കുടിയൊഴിപ്പിച്ച് അഭയാര്‍ത്ഥികളാക്കുന്ന ചോരയിറ്റുന്ന സംരംഭങ്ങള്‍ വികസനമാവുന്നതെങ്ങനെയാണ്? ഒരു മനുഷ്യനെങ്കിലും അപഹരിക്കപ്പെട്ടവനോ പുറന്തള്ളപ്പെട്ടവനോ ബലികൊടുക്കപ്പെട്ടവനോ ആയിത്തീരുന്ന ഘട്ടത്തില്‍ നമ്മുടെ വികസനധാര്മികത ചോദ്യം ചെയ്യപ്പെടുകയല്ലേ?. രാജ്യത്തിന്റെ സമ്പത്ത് എല്ലാവരുടേതുമാണ്. രാജ്യത്തിന്റെ ഖജനാവില്‍ എല്ലാവരുടെയും വിയര്‍പ്പുതുള്ളികളുണ്ട്. അതില്‍ ചിലര്‍ക്ക് കൂടുതല്‍ അവകാശം നല്കുന്നതിനെയാണോ വികസനം എന്നു വിളിക്കേണ്ടത്? അതാകെ കൊള്ളയടിച്ച് ആര്‍ക്കുള്ള സ്വര്‍ഗരാജ്യമാണ് ഭരണക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും പടുത്തുയര്‍ത്തുന്നത്?
മനുഷ്യാധ്വാനം ലോകത്തെ ഒരുപാട് മുന്നോട്ടു കൊണ്ടുപോയിരിക്കുന്നു. ധനം ഒന്നും വിതക്കുകയോ കൊയ്യുകയോ ഉണ്ടായില്ല. മനുഷ്യാധ്വാനമേ ധനത്തെയും ഉണ്ടാക്കിയിട്ടുള്ളു. എന്നിട്ടും മനുഷ്യനെ ഇല്ലാതാക്കാന്‍ ധനശക്തികള്‍ നടത്തുന്ന ആസൂത്രണത്തിനും കയ്യേറ്റത്തിനും വികസനമെന്ന് പേരു നല്കാന് നമുക്കെന്തൊരാവേശമാണ്! മനുഷ്യരെയാകെ മുന്നോട്ടു നയിക്കുന്ന, നഷ്ടപ്പെടുന്നതും നേടുന്നതും ഒന്നിച്ചെന്നുറപ്പിക്കുന്ന ഒരു ജനതയുടെ ഉത്സാഹമാകണം വികസനം. ജനങ്ങളെ നെടുകെ പിളര്‍ത്തി നഷ്ടപ്പെടുന്നവരും നേടുന്നവരും എന്നു വേര്‍തിരിക്കുകയും അന്യോന്യശത്രുത വളര്‍ത്തുകയും ചെയ്യുന്നതെന്തിനാണ്? നഷ്ടപ്പെടുന്നവരുടെ നിലവിളി വികസന വിരുദ്ധമാണ് എന്നു ഫത്വ പുറപ്പെടുവിക്കുന്നതാരൊക്കെയാണ്? വികസന വിരുദ്ധര്‍ രാജ്യദ്രോഹികളാണ് എന്ന് പ്ലീനം കഴിഞ്ഞെത്തിയ കമ്യൂണിസ്റ്റ് നേതാവ് പ്രഖ്യാപിക്കുമ്പോള്‍ അതിന്റെ പൊരുള്‍ ആരുടെ മുദ്രാവാക്യമാണ്?
വിഴിഞ്ഞം രാജ്യത്തെ രക്ഷിക്കാനല്ല അദാനിയെ കോര്‍പറേറ്റ് ചക്രവര്ത്തിയാക്കാനാണെന്ന് വ്യക്തം. ശാസ്ത്ര സാഹിത്യ പരിഷത്ത് ഇക്കാര്യത്തിലെടുത്ത നിലപാട് സ്വാഗതം ചെയ്യേണ്ടതുണ്ട്. പരിഷത്ത് വ്യക്തമാക്കി: അദാനിയുമായി കേരള സര്‍ക്കാര്‍ നടത്തിയ ഒത്തു തീര്‍പ്പു വ്യവസ്ഥ പ്രകാരം പദ്ധതി ചെലവിന്റെ മൂന്നില്‍ രണ്ടു ഭാഗവും കേരളത്തിന്റെ പൊതു ഖജനാവില്‍നിന്നു ചെലവഴിക്കണം. വയബിലിറ്റി ഗ്യാപ് ഫണ്ടായി കേന്ദ്രത്തില്‍നിന്ന് ലഭിക്കുമെന്ന് പറയുന്ന തുക നിശ്ചിത സമയത്തിനകം കേരളം തിരിച്ചു നല്‍കണം.മൊത്തം പദ്ധതി പ്രദേശത്തിന്റെ മൂന്നിലൊന്ന് സ്ഥലം അദാനിയുടെ സ്വകാര്യ കമ്പനിക്ക് റിയല്‍ എസ്റ്റേറ്റിനായി വിട്ടു നല്‍കണം. ഇത് ഈടുവെച്ച് വായ്പയെടുക്കാന്‍ അദാനിക്ക് അവകാശം നല്‍കിയിട്ടുണ്ട്. കടുത്ത വിട്ടുവീഴ്ച്ചാ നിലപാടാണ് ഗവണ്മെന്റ് സ്വീകരിച്ചത്. ജനങ്ങളെ-വരും തലമുറകളെപ്പോലും – കൊള്ളയടിക്കാന്‍ കാണിക്കുന്ന അത്യുത്സാഹം എന്തു നേട്ടമാണ് അവര്‍ക്കുണ്ടാക്കുന്നത് ആവോ!മുവായിരത്തിലേറെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള ബാധ്യത ഗവണ്മെന്റിനുണ്ട്. വല്ലാര്‍പാടത്ത് നാല്പ്പതില് താഴെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ കഴിയാതെ പോയവരാണ് ഈ ചുമതല നിറവേറ്റേണ്ടത് എന്നും പരിഷത്ത് നേതാക്കള്‍ ഓര്‍മ്മിപ്പിക്കുന്നു.
ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ജനങ്ങളുടെ യജമാനന്മാരെപ്പോലെ പെരുമാറരുത്. എല്ലാം ഞങ്ങള്‍ നിശ്ചയിക്കും എന്നതില്‍ ജനാധിപത്യത്തിന്റെ അംശത്തെക്കാള്‍ സ്വേച്ഛാധികാരത്തിന്റെ ചാട്ടത്തിണര്പ്പുകളാണുള്ളത്. ജനങ്ങളുടെയും നാടിന്റെയും പുരോഗതി നിര്‍ണയിക്കുന്നത് അദാനിമാരുടെ കാരുണ്യമാണെന്നും അതിന് എതിര് നില്ക്കുന്നവര് വികസന വിരോധികളാണെന്നും വികസന വിരോധം ദേശദ്രോഹമാണെന്നും പറയാതെ പറയുന്നത് ഒരു ഇടതുപക്ഷ നേതാവാണെന്നത് നമ്മെ അമ്പരപ്പിക്കേണ്ടതാണ്.
ബഹുജന നിലപാടിലൂന്നിയ വിപ്ലവ പാര്‍ട്ടിയിലേക്ക് അതിവേഗം മുന്നേറുകയെന്ന ലക്ഷ്യം പ്രഖ്യാപിച്ചുകൊണ്ടാണ് സിപിഎമ്മിന്റെ പ്ലീനം കൊല്‍ക്കത്തയില്‍ അവസാനിച്ചത്. ബഹുജനം എന്നത് ഈ രാജ്യത്തെ ജനതയാവണം. അവരിലൊരാളെങ്കിലും സകലവും പിടിച്ചുപറിക്കപ്പെട്ടവനും പുറന്തള്ളപ്പെട്ടവനുമായി തീര്‍ന്നശേഷം നേടേണ്ടതാണോ രാജ്യത്തിന്റെ വികസനം? കമ്യൂണിസ്റ്റുകാരുടെ കാഴ്ച്ചപ്പാട് അതാണോ? വികസന പദ്ധതികളുമായി ബന്ധപ്പെട്ട് ഇരകളായി പുറന്തള്ളപ്പെട്ടവരുടെ ഒരുപാട് സമരങ്ങള്‍ നമ്മുടെ സംസ്ഥാനത്തുമുണ്ടായി. ഇനിയൊരു പദ്ധതി വരുമ്പോള്‍ ഒരാളും അനാഥരും കയ്യൊഴിയപ്പെട്ടവരുമായി മാറിക്കൂടാ എന്നു പറയാന്‍ ഇടതുപക്ഷത്തിനെന്താണ് തടസ്സം?
തൊണ്ണൂറ്റൊമ്പതും ഒന്നും ശതമാനമായി വെട്ടിമുറിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ തൊണ്ണൂറ്റൊമ്പത് ശതമാനത്തെ സംഘടിതരായി നിര്‍ത്തി വിമോചന പാതയില്‍ കൊണ്ടു വരേണ്ടവരാണ് ഇടതുപക്ഷം. ഒരു ശതമാനത്തിന്റെ ധനാഢ്യജീവിതത്തിന്റെ ഓരങ്ങളില്‍ തെറിച്ചുവീഴുന്ന മധുരങ്ങള്‍ക്ക് കമിഴ്ന്നു കിടക്കേണ്ടവരല്ല. നീണ്ട പ്രഭാഷണങ്ങളും പാഠശാലകളും പേമാരിപോലെ ഭയപ്പെടുത്തി കടന്നുപോകും. ഉച്ചരിക്കേണ്ട വാക്കും നീട്ടേണ്ട കൈയും കൈമോശം വന്നാല്‍ ഒരു ടണ്‍ വാക്കുകൊണ്ട് ഒന്നും പരിഹരിക്കാനാവില്ല.
വികസന വിരോധികളെന്നും രാജ്യദ്രോഹികളെന്നും രണ്ടു വാക്കുകള്‍കൊണ്ട് പിണറായി തന്റെ പക്ഷം അടയാളപ്പെടുത്തിയിരിക്കുന്നു. വരാനുള്ള ഇടതുപക്ഷ ഗവണ്മെന്റിന്റെ നയം പ്രഖ്യാപിച്ചിരിക്കുന്നു. കോര്‍പറേറ്റ് വികസനം തന്നെ ലക്ഷ്യം. വിഴിഞ്ഞത്തെ എതിര്‍ക്കുകയില്ല. എതിര്‍ക്കുന്നവര്‍ ദേശദ്രോഹികള്‍. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കയ്യടിക്കുന്ന ശബ്ദം കേള്‍ക്കുന്നു. അദാനിയുടെ കാലൊച്ച നാട്ടുമുതലാളിമാരെത്തള്ളി എ കെ ജി സെന്ററിലെത്തുകയായി.
വന്‍കിട പദ്ധതികള്‍ ജനങ്ങളെ ദ്രോഹിക്കുംവിധം കൊണ്ടു വരുന്നതില്‍ ഏതെങ്കിലും അധികാരബദ്ധ രാഷ്ട്രീയ പ്രസ്ഥാനത്തിന് എതിര്‍പ്പുണ്ടോ? തീവ്ര വിപ്ലവ പ്രസ്ഥാനങ്ങളെന്നോ ഭീകര സംഘടനകളെന്നോ ദേശദ്രോഹികളെന്നോ അധിക്ഷേപിക്കപ്പെടുന്നത് സകലതും നഷ്ടപ്പെട്ട് തെരുവില്‍ അലമുറയിടുന്നവരാണ്. കോര്‍പറേറ്റുകളെ അവര്‍ അധിക്ഷേപിക്കുകയില്ല.അന്നദാതാക്കള്‍ അവരത്രെ!. അക്രമിക്കപ്പെടുന്നത് എപ്പോഴും ജനങ്ങളാണ്. അപ്പോള്‍ വികസന വിരോധികളെന്ന് അടയാളപ്പെടുത്താന്‍ ശ്രമിച്ചത് ആരെയാണ്? ധനാഢ്യ വികസനം പുറന്തള്ളിയ നിസ്വരെയാണ് ദേശദ്രോഹികളെന്ന് ചാപ്പകുത്തി പുറംകാലുകൊണ്ട് തൊഴിച്ചിരിക്കുന്നത്. വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ മുഴുവന്‍ കേരളീയരും കൊള്ളയടിക്കപ്പെട്ടിരിക്കുന്നു. വരുംകാലത്തേക്കുകൂടി ഒരു ജനത അക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ദല്ലാള്‍ കാശ് യു ഡി എഫ് മാത്രമായി വാങ്ങേണ്ടതില്ല എന്ന മട്ടിലുള്ള വിമര്‍ശനമായി പ്രതിപക്ഷ പ്രതിഷേധം തരം താഴുകയാണ്.
ചെറുത്തു നില്ക്കുന്ന ഇരകളെ അഭിസംബോധന ചെയ്യാന്‍ പ്രാപ്തിയില്ലാത്ത രാഷ്ട്രീയം കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ അനുബന്ധം മാത്രമാണ്. മുതലാളിത്തം ഭിക്ഷ നല്കി ലോകത്തു വളര്‍ത്തിയെടുത്ത സന്നദ്ധ സംഘടനാ സേവന വ്യവസായത്തെ വിപ്ലവകരമെന്ന് ഉരുവിട്ട് നടപ്പാക്കുന്നതുകൊണ്ട് ഒരു പ്രസ്ഥാനവും രക്ഷപ്പെടില്ല. അങ്ങനെ രക്ഷപ്പെടുമെങ്കില്‍ മുതലാളിത്തം 2008ല്‍ വലിയ പ്രതിസന്ധിയെ നേരിടുമായിരുന്നില്ല. സാന്ത്വനവും സേവനവും വര്‍ഗസമരത്തെ നേരിടുന്നതിന് വിതച്ചു വളര്‍ത്തിയത് സാമ്രാജ്യത്വമാണ്. ഇടതുപക്ഷത്തെ സംബന്ധിച്ചാണെങ്കില്‍, സമരവും സാന്ത്വനവും ഒന്നിച്ചേ നില്ക്കൂ. ഒന്നു വേര്‍പെട്ടാല്‍ മറ്റേത് വിപരീത ഫലം ചെയ്യും. ജനത തീക്ഷ്ണമായ സമരങ്ങളിലേക്ക് വലിച്ചെറിയപ്പെടുമ്പോള് അവര്ക്കൊപ്പമില്ലാത്ത ഒരു രാഷ്ട്രീയവും രക്ഷപ്പെടുകയില്ല. നിലവിലുള്ള വലിപ്പവും പത്രാസും ഏറെ നീണ്ടു നില്ക്കുകയുമില്ല. സമരശൂന്യമായ അകമാണ് ആളുകളെ ആചാരാനുഷ്ഠാനങ്ങളിലേക്കും അന്ധ വിശ്വാസങ്ങളിലേക്കും മത പുനരുത്ഥാന പ്രസ്ഥാനങ്ങളിലേക്കും തിരിച്ചെത്തിക്കുന്നത്. അവശരെ ആ വഴി തള്ളി വിടുന്നത് ഒട്ടും ഗുണകരമല്ലെന്ന് ഇടതുപക്ഷം മനസ്സിലാക്കണം.
പ്ലീനം മുന്നോട്ടുവെച്ച മെച്ചപ്പെട്ട രാഷ്ട്രീയ സംസ്ക്കാരം മുതലാളിത്ത വികസനത്തിന്റെ ഇരകളെ തള്ളിപ്പറയുന്നതാണോ? അവരെ ദേശദ്രോഹികളെന്ന് വിളിച്ച് ആക്ഷേപിക്കുന്നതാണോ? അതോ ആ സമരങ്ങളോട് ഐക്യപ്പെടുകയും അതിന്റെ നേതൃമുഖമായിത്തീരലുമാണോ? ബോള്‍ഗാട്ടിയും വിഴിഞ്ഞവും വില്‍ക്കുന്നതിന് വിശാലമായ ഐക്യം രൂപപ്പെട്ടിരിക്കുന്നു. ഇരകളാക്കപ്പെടുന്നവരുടെ വിലാപം കേള്‍ക്കാന്‍ അക്കൂട്ടത്തിലൊരാളും ചെവി കൂര്പ്പിക്കുന്നില്ല. പ്ലീനം കഴിഞ്ഞെത്തുമ്പോള്‍ വ്യത്യസ്തമായ ഒരു സ്വരവും ചുവടുവെപ്പും പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. വിശാഖപട്ടണം കോണ്‍ഗ്രസ് എന്തു തീരുമാനിക്കട്ടെ, നമുക്കറിയാവുന്നത് വികസനത്തിന്റെ ഒരേയൊരു വഴിയാണ് എന്ന് പ്രഖ്യാപിക്കുന്നവരുടെ യാത്രകൂടി വരുന്നുണ്ട്. 2016 തുടങ്ങുന്നത് വലതുകാലിലെ മന്ത് ഇടത്തോട്ടുവാങ്ങുന്ന മഹാസന്നദ്ധതയുടെ കെട്ടുകാഴ്ച്ച കണ്ടുകൊണ്ടാണ്. ജനങ്ങളിനി അത് താങ്ങണമല്ലോ. അതല്ലേ ഇപ്പോള്‍ വന്നുകൂടിയിരിക്കുന്ന ജനാധിപത്യം!
2 ജനവരി 2016