Article POLITICS

വഴിയോര ഉന്തുവണ്ടി കച്ചവടക്കാര്‍ കല്ലെറിയപ്പെടേണ്ടവരല്ല

samaram

വഴിയോര ഉന്തുവണ്ടി കച്ചവടക്കാര്‍ കല്ലെറിയപ്പെടേണ്ട പാപികളോ ഓടിച്ചുവിടേണ്ട കയ്യേറ്റക്കാരോ അല്ല. അവരിവിടെത്തന്നെ ജനിച്ചു വളര്‍ന്നവരാണ്. വലിയ കച്ചവടം നടത്താന്‍ ശേഷിയില്ലാതെ പോയവര്‍. പിടിച്ചുപറിക്കാനോ മോഷ്ടിക്കാനോ പോകാതെ ഉള്ള മുതല്‍മുടക്കില്‍ ഒരു ചെറിയ കച്ചവടത്തിന് ഒരുങ്ങിയവരാണവര്‍. യാത്രക്കാര്‍ക്ക് അത്യാവശ്യ സൗകര്യങ്ങള്‍ എത്തിച്ച് ഉപജീവനം നയിക്കുവാന്‍ എളിയൊരു ശ്രമം.

പക്ഷെ അവരെ ജീവിക്കാന്‍ വിട്ടുകൂടാ എന്ന് അധികാരികള്‍ക്ക് വാശിയായിരിക്കുന്നു. തെരുവുപട്ടികളെ ഓടിക്കുന്നതുപോലെ കല്ലെറിഞ്ഞും വടി വീശിയും ഓടിച്ചുവിടാന്‍ വലിയ ഉത്സാഹം. കലിക്കറ്റ് സര്‍വ്വകലാശാലയില്‍ അത്തരമൊരു ശ്രമമാണ് നടന്നത്. നാലരപ്പതിറ്റാണ്ടിലേറെയായി സര്‍വ്വകലാശാലാ ബസ്റ്റോപ്പില്‍ ആ കച്ചവടക്കാരുണ്ട്. സൂക്ഷിച്ചു നോക്കിയാല്‍ യൂനിവേഴ്‌സിറ്റിയെക്കാള്‍ മുമ്പ് അവരവിടെ ഉണ്ടായിരുന്നുവെന്ന് കാണാം. അവരില്‍ പലരുടെയും ഭൂമി കാമ്പസിനു വേണ്ടി പിടിച്ചു പറിക്കപ്പെട്ടതാണ്. ഇപ്പോള്‍ ജീവനോപാധിയില്‍നിന്നുകൂടി ഒഴിപ്പിച്ചുവിട്ടാലേ അധികാരികള്‍ക്കു സന്തോഷമാകൂ. കാമ്പസ് അവധിയിലായ ഒരാഴ്ച്ചതന്നെ തെരഞ്ഞെടുത്തു അവരെ ഒഴിപ്പിച്ചു വിടാന്‍. കുഞ്ഞുകടകളുടെ സേവനം പറ്റുന്ന വിദ്യാര്‍ത്ഥികളോ ജീവനക്കാരോ സഹായിക്കാനെത്തരുത് എന്ന നിര്‍ബന്ധം രജിസ്ത്രാര്‍ക്ക് ഉണ്ടായിരുന്നിരിക്കണം.

കാലിക്കറ്റ് സര്‍വ്വകലാശാല സമീപകാലത്ത് പലവിധ കച്ചവടങ്ങളിലേക്ക് തിരിഞ്ഞതായി പരക്കെ ആക്ഷേപമുണ്ട്. രാജ്യത്തെ വിദ്യാഭ്യാസ വ്യവസ്ഥതന്നെ ഗാട്ട് കരാറിന്റെ ഭാഗമാക്കാനുള്ള നീക്കം ഇവര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. സ്വാശ്രയ കോഴ്‌സുകളിലേക്കും ഭൂമി ഇടപാടുകളിലേക്കും നീങ്ങുന്ന സര്‍വ്വകലാശാല അറിവു സംബന്ധിച്ച ധനകേന്ദ്രിത ധാരണകളില്‍ തളയ്ക്കപ്പെട്ടിരിക്കുന്നു. ജനങ്ങളാണ് എന്റെ സര്‍വ്വകലാശാല എന്നു പറഞ്ഞ മാക്‌സിംഗോര്‍ക്കിയുടെ വാക്യം കാമ്പസ് സമൂഹം ഇപ്പോള്‍ ഇങ്ങനെയാണ് വായിക്കുന്നത്: സര്‍വ്വകലാശാല നിങ്ങള്‍ക്ക് കച്ചവടമെങ്കില്‍ ഉന്തുവണ്ടിക്കടകള്‍ ഞങ്ങള്‍ക്കു സര്‍വ്വകലാശാല. ഈ വിപരീതാന്വയമാണ് സര്‍വ്വകലാശാലാ മേധാവികളെ അന്ധരും വിവേക ശൂന്യരുമാക്കിത്തീര്‍ക്കുന്നത്. വലിയ കയ്യേറ്റക്കാര്‍ക്കും സാമ്പത്തിക ശക്തികള്‍ക്ക് എന്തുമാവാം. അവര്‍ക്കുവേണ്ടി ചെറുകിടക്കാരെ ഒഴിപ്പിച്ചു തരാം എന്ന് ദല്ലാളാവുന്നത് ആരൊക്കെയാണ്?

കാമ്പസിനു ചുറ്റുമുള്ള പൊതുസമൂഹവും കാമ്പസിലെ ചില വിദ്യാര്‍ത്ഥികളും പുലര്‍ത്തിയ ജാഗ്രത ജനകീയ പ്രതിരോധം ഉയര്‍ന്നുവരാനിടയാക്കി. ഉന്തുവണ്ടിക്കച്ചവടക്കാരും സംഘടിതരായി. കണ്ണന്‍ സിക്രട്ടറിയും ഷൗക്കത്തലി പ്രസിഡണ്ടുമായി യൂണിയനുണ്ടായി. സര്‍വ്വകലാശാലയ്ക്കു നല്‍കുന്ന സേവനം മുന്‍നിര്‍ത്തി തങ്ങളുടെ കടകള്‍ നിയമവിധേയമാക്കണമെന്ന് അവര്‍ വൈസ്ചാന്‍സലര്‍ക്ക് നിവേദനം നല്‍കി. ഒഴിപ്പിക്കല്‍ അടിയന്തിരമായി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പൊതു സമൂഹ പ്രതിനിധികളും സഹായസമിതിയുടെ നിവേദനം നല്‍കി. ഒഴിഞ്ഞുപോകാന്‍ നല്‍കിയിരുന്ന സമയ പരിധി അവസാനിക്കുന്ന ഞായറാഴ്ച്ച ജനകീയ പ്രതിരോധം സംഘടിപ്പിച്ചു.

കലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഉന്തുവണ്ടി പെട്ടിക്കട തൊഴിലാളികള്‍ നടത്തിയ ചെറുത്തു നില്‍പ്പ് മറ്റൊരു വിഭാഗം അസംഘടിത തൊഴിലാളികളെക്കൂടി സമരോത്സാഹികളാക്കി തീര്‍ത്തിട്ടുണ്ട്. തങ്ങളുടേതല്ലാത്ത സ്ഥലത്ത് ഉപജീവനം കണ്ടെത്തുന്നവര്‍ എന്ന ആത്മനിന്ദയില്‍നിന്ന് വിമോചിതരാകാന്‍ ഈ സമരം തൊഴിലാളികളോട് ആവശ്യപ്പെടുന്നു. പൊതു സമൂഹത്തിനു സേവനം നല്‍കുന്നവര്‍ ലജ്ജിക്കേണ്ടതില്ല. പൊതു ഇടങ്ങളിലാണ് പൊതു സേവനം വേണ്ടി വരുന്നത്. പൊതു താല്‍പ്പര്യാര്‍ത്ഥം മറ്റെല്ലാ മേഖലകളിലുമെന്നപോലെ ചില നിയന്ത്രണങ്ങള്‍ക്കു വിധേയമായി അവിടെ തുടരാന്‍ സേവനദാതാക്കള്‍ക്കു കഴിയണം.

കേരളം സഞ്ചാരപഥ സമ്പദ്ഘടനയിലാണ് നിലകൊള്ളുന്നത്. ഗ്രാമീണ വ്യവഹാരങ്ങളിലേക്ക് എത്തുന്ന പണം പ്രധാനമായും വഴിയോര കച്ചവടത്തില്‍നിന്നുള്ളതാണ്. വന്‍കിട മാളുകളിലെ വരുമാനം വന്‍കോര്‍പറേറ്റ് ബാങ്കുകളിലേക്കോ നവസംരംഭങ്ങളിലേക്കോ വഴിതെറ്റി ഒഴുകുമ്പോള്‍ നമ്മുടെ ഗ്രാമീണ സമ്പദ്ഘടനയെ പിടിച്ചു നിര്‍ത്തുന്ന ലഘുവിനിമയത്തിന്റെ സ്രോതസ്സുകളാണവ. അവതന്നെ കെട്ടിടങ്ങളും പ്രാഥമിക സൗകര്യങ്ങളുമുള്ള ചെറുതും വലുതുമായ കച്ചവടക്കാരും ഭൂമിരഹിത ദരിദ്ര കച്ചവടക്കാരും എന്നു പിളര്‍ന്നിരിക്കുകയാണ്. ദരിദ്ര വിഭാഗം സ്വാഭാവികമായും അസംഘടിതരും ദുര്‍ബ്ബലരുമാണ്. പൊതു ഇടങ്ങളില്‍ മാളികകള്‍ പൊക്കുന്നവരെ ഒഴിപ്പിക്കാന്‍ ശേഷിയില്ലാത്ത നിയമപാലക സംഘം ഭൂരഹിത ദരിദ്ര ഉന്തുവണ്ടിക്കാരെ നിയമം പാടി ഭയപ്പെടുത്തുന്നു. പുറംകാലുകൊണ്ട് തൊഴിച്ചോടിക്കുന്നു.

പാതയോരങ്ങളില്‍ ഓട്ടോ ടാക്‌സി സ്റ്റാന്റുകള്‍ അനുവദിക്കുന്നത് ഭൂമി അവരുടേതായതുകൊണ്ടല്ല. യാത്രികര്‍ക്കും പൊതുസമൂഹത്തിനും ഉപകാരപ്രദമാകുന്നതുകൊണ്ടാണ്. അതേ യുക്തിമതി വഴിയോരക്കച്ചവടക്കാരായ ദരിദ്ര ഉന്തു വണ്ടിക്കാരെ നിലനിര്‍ത്താനും. ഓരോ പ്രദേശത്തും പ്രദേശത്തിന്റെ പ്രത്യേകതകള്‍ക്കനുസരിച്ച് നിബന്ധനകള്‍ സ്വീകരിക്കാനും നിയമവിധേയമായി ലൈസന്‍സ് നല്‍കാനുമാണ് പഞ്ചായത്തുകള്‍ ശ്രമിക്കേണ്ടത്. പലയിടങ്ങളിലും ഇതു നടപ്പാക്കിയിട്ടുണ്ട്. കേരളത്തില്‍ വേണമെങ്കില്‍ നിയമനിര്‍മാണം നടത്തിയും ഇക്കൂട്ടരെ സംരക്ഷിക്കേണ്ടതുണ്ട്.

പൊതുസമൂഹത്തിന് ആവശ്യമായ സേവനം ഉറപ്പു നല്‍കാനാണ് ജനാധിപത്യ സംവിധാനങ്ങള്‍ പരിശ്രമിക്കേണ്ടത്. അതിനാവശ്യമായ ചുവടുവെപ്പുകള്‍ നടത്തണം. അധ്വാനിക്കുന്ന മനുഷ്യരെ ഭൂനിയമം കാണിച്ച് വിരട്ടരുത്. നിയമത്തിന്റെ അപാകതകള്‍ പരിഹരിക്കുകയാണ് വേണ്ടത്. ഉപജീവനോപാധികളില്‍ നിന്ന് ആട്ടിയോടിക്കുന്നത് കൊലപാതകംതന്നെയാണ്. രാജ്യത്തിന്റെ വികസനം എല്ലാ വിഭാഗം മനുഷ്യരുടെയും ജീവിത പുരോഗതിയാണ്. ഭൂരിപക്ഷത്തെ ഉന്മൂലനം ചെയ്തു നേടേണ്ട ചെറു ന്യൂനപക്ഷത്തിന്റെ മോക്ഷപ്രാപ്തിയല്ല വികസനം. അത് രാജ്യത്തെ ഒരു നിലയ്ക്കും മുന്നോട്ടു നയിക്കില്ല.

പ്രാന്തവല്‍കൃതരായ മനുഷ്യര്‍, എല്ലായിപ്പോഴും അകറ്റി നിര്‍ത്തപ്പെടുകയോ ആട്ടിയോടിക്കപ്പെടുകയോ ചെയ്തുപോന്നവര്‍. അവരുടേതാണ് എപ്പോഴും അപഹരിക്കപ്പെടുന്നത്. ഭൂമിയാവാം, അധ്വാനമാവാം..ജീവിക്കാനുള്ള അവകാശമാവാം. എല്ലാം നിരന്തരം അപഹരിക്കപ്പെടുന്നു. വികസനത്തിനുള്ള ബലിയാടുകളെന്നു ചാപ്പകുത്തി ഓരങ്ങളിലേക്ക് എടുത്തെറിയാന്‍ എന്നുമവര്‍ നിന്നു തരില്ല. ഉന്തുവണ്ടിക്കാരും ചെറുകിട കച്ചവടക്കാരും അസംഘടിത ജനലക്ഷങ്ങളും ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. അവരുടെ സമരശക്തിക്ക് കലിക്കറ്റ് സര്‍വ്വകലാശാലയിലെ സമരം വലിയ ഊര്‍ജ്ജമാണ് നല്‍കിയിരിക്കുന്നത്.

ഒരാളെയും ഇനിമേലില്‍ ഒഴിപ്പിക്കാനാവരുത്. തത്തുല്യമോ ഭേദപ്പെട്ടതോ ആയ ഉപജീവനത്തിലേക്ക് നയിക്കുമ്പോള്‍ ഒന്നുപേക്ഷിക്കുകയാവാം. അപ്പോഴും പൊതു സമൂഹത്തിന് ലഭിച്ചുകൊണ്ടിരുന്ന സേവനവും സംരക്ഷിക്കപ്പെടണം. ഒന്നും ഒന്നും നിസ്സാരമല്ല. ആരും ആരെക്കാളും കേമനോ അനിവാര്യനോ അല്ല. ഓരോന്നിനും ഓരോ ഇടവും ഓരോ ധര്‍മ്മവുമാണ്. അത് അംഗീകരിക്കാന്‍ ബാധ്യസ്ഥമാകുന്ന നിര്‍ബന്ധം എന്നു കൂടി ജനാധിപത്യത്തിന് അര്‍ത്ഥമുണ്ട്.

27 ഡിസംബര്‍ 2015

1 അഭിപ്രായം

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )