കെട്ടുപൊട്ടിയ സമരോര്‍ജ്ജമായി കേരളിയ യൗവ്വനം കൊച്ചിയിലെ തെരുവുകളില്‍ നൃത്തം ചെയ്തു. ഫാഷിസത്തിനെതിരായ മഹാസംഗമം ചരിത്രമായി. കൊച്ചിയിലെ തെരുവിലും കേരളത്തിന്റെ പൊതുബോധത്തിലും വീണ്ടും നവലോക സ്വപ്നങ്ങളുടെ വേലിയേറ്റമുണ്ടായി. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വൈവിദ്ധ്യങ്ങളും വ്യതിരിക്തതകളും കുടഞ്ഞെറിഞ്ഞ് ഏകശിലാത്മകമായ മനുഷ്യരൂപം വരിക്കാന്‍ യത്നിച്ചവരുടെ പിന്മുറക്കാര് ശിലാപാളികള്‍ ഭേദിക്കുന്ന പ്രക്ഷുബ്ധതയുടെ പൊള്ളുന്ന സൂക്ഷ്മങ്ങളോടെ ബഹുത്വപ്രകാശനക്ഷമമായ പുതിയ മനുഷ്യനെ കണ്ടെത്തുകയും ആശ്ലേഷിച്ചുണരുകയും ചെയ്തു.
ഉണരുന്ന മനുഷ്യരെല്ലാം തങ്ങളെ വരിഞ്ഞു മുറുക്കിയിരുന്ന അധികാര വ്യവഹാരങ്ങളെ വിചാരണ ചെയ്തു. തങ്ങളെന്തായിരുന്നുവോ അതു മായിച്ചു കളയാനും എന്താവണമായിരുന്നുവോ അത് ആവരുതെന്നു തടയാനും ജനാധിപത്യത്തിന്റെ സൗമ്യ ശീലങ്ങളായിരുന്നു നിര്‍ബന്ധം പാലിച്ചത്. പാരമ്പര്യത്തിന്റെയും കീഴ് വഴക്കത്തിന്റെയും ഇടങ്ങളില്‍ ഇരുന്നു ക്ഷോഭിക്കാമല്ലോ എന്ന് വിശാലമായി നവോദാരത. മധ്യ യുഗത്തിലെ പൗരോഹിത്യാടിത്തറയില് കോര്‍പറേറ്റ് കൊടുങ്കാറ്റുകള്‍ കൂടു കൂട്ടുന്നതെങ്ങനെയെന്നു ഞങ്ങള്‍ക്കു വെളിവായി. തെരുവില്‍ കാല്‍വെച്ച നിമിഷമാണ് അതുണ്ടായത്. അജ്ഞാതനായിരുന്ന സുഹൃത്തിന്റെ ആലിംഗനത്തിലാണ് അത്ഭുതം സംഭവിച്ചത്.
അവനവളായിരുന്നുവല്ലോ എന്ന ഉള്‍ക്കിടിലം. അവള് പൊള്ളിച്ചു കളഞ്ഞതെന്തായിരുന്നുവെന്ന ആധി. അവന്റെ ശിരസ്സിലൂടെ വീശിയ പൊടിക്കാറ്റുകള്‍. കൈവെള്ളയിലെ കരുണാ നദി. നെഞ്ചില്‍ വയലുകളുടെ നിലവിളി. നിന്നിടം നിലകളായ് പൊന്തി. നെറുകയില്‍ മുദ്രവെച്ചൂ മുന്നേ പോയവര്‍. ഇപ്പോഴെല്ലാം വ്യക്തമാവുന്നു.
ഞാനെന്റെ ശരീരത്തിലെ ആടയാഭരണങ്ങളും അടയാളങ്ങളും അഴിച്ചു മാറ്റട്ടെ. കത്തിക്കാന്‍ കുന്നുകൂടിയിരിക്കുന്നു, നൂറ്റാണ്ടിന്റെ നൂല്ക്കനമുള്ള പൂണൂലുകള്‍. ഊഞ്ഞാലാട്ടുന്ന പിന്കുടുമകള്. കറുത്ത ചോരയില്‍ക്കുതിര്‍ന്ന മെതിയടികള്‍. ഉരിഞ്ഞിട്ടും ഉരിഞ്ഞിട്ടും തീരാത്ത എന്തോ ഒന്ന് എന്നെ അസ്വസ്ഥമാക്കുന്നുണ്ട്. കത്തിക്കണം കൂട്ടരേ എന്നെയും. പൊള്ളി ജനിക്കേണ്ട ജന്മത്തിലേക്ക്.
പൊള്ളിപ്പൊരിയട്ടെ എന്നിലെ ആലയങ്ങള്‍. പ്രാണനെടുത്തോടട്ടെ ദൈവങ്ങള്‍. തെരുവില്‍ ഒരാലിംഗനത്തില്‍ അന്യോന്യം സ്പര്‍ശിക്കാന്‍ നമുക്കു ഒന്നും
തടസ്സമാവരുത്.
ഫാസിസത്തിനെതിരായ മനുഷ്യ സംഗമത്തില്‍ പങ്കെടുക്കുക എളുപ്പമായിരുന്നു. തിരിച്ചു പോരുക പ്രയാസകരംതന്നെ.
20 ഡിസംബര്‍ 2015