കലിക്കറ്റ് സര്‍വ്വകലാശാലാ കാമ്പസിനോട് ചേര്‍ന്ന് ദേശീയപാതയോരത്ത് ചുരുക്കംചില പെട്ടിക്കടകളുണ്ട്. അവയെല്ലാം ഒരാഴ്ച്ചയ്ക്കകം ഒഴിയണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നു. സര്‍വ്വകലാശാലാ ഭൂമിയിലാണ് കടകളുള്ളതെന്നും അനധികൃത കയ്യേറ്റം അനുവദിക്കുകയില്ലെന്നുമാണ് രജിസ്ത്രാറുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
സര്‍വ്വകലാശാലയുടെ ആരംഭംതൊട്ടേ ഇത്തരം കടകളുണ്ടായിരുന്നു. സര്‍വ്വകലാശാലാ കാമ്പസില്‍ പല ആവശ്യങ്ങള്‍ക്കുമായി വരുന്നവര്‍ക്ക് നാരങ്ങവെള്ളവും സ്റ്റേഷനറി സാധനങ്ങളുമെല്ലാം നല്കിപ്പോന്നതവരാണ്. പതിറ്റാണ്ടുകളായി സര്‍വ്വകലാശാലയ്ക്കു ലഭിച്ചുപോന്ന സേവനമായിരുന്നു അത്. ഇന്നിപ്പോള്‍ അതു കുറ്റകൃത്യമായിത്തീര്ന്നിരിക്കുന്നു. സര്‍വ്വകലാശാലയെ അനധികൃതമായി ഉപയോഗിച്ച് കോടികള്‍ സമ്പാദിച്ചവരോടെന്നപോലെയാണ് അധികാരികള്‍ പെരുമാറുന്നത്.
നാട്ടുകാരനായ ഒരു വൈസ്ചാന്‍സലര്‍ വന്നപ്പോള്‍ ഏറെ സന്തോഷിച്ചിരുന്നവരാണവര്. അവരെ പടിയിറക്കിക്കൊണ്ടുവേണം തുടക്കമെന്നു തീരുമാനിച്ചതെന്തുകൊണ്ടാണാവോ! പഴയ വി സി അത്രത്തോളമെത്തിയിരുന്നില്ല. അനധികൃതമായ ഏറെ കയ്യേറ്റങ്ങളെക്കുറിച്ചു അന്വേഷണവും കണ്ടെത്തലുമെല്ലാം ഉണ്ടായതായി കേട്ടിട്ടുണ്ട്. അവര്‍ക്കൊന്നും പക്ഷെ എന്തെങ്കിലും നടപടി നേരിട്ടതായി അറിവില്ല. ഇതിപ്പോള്‍ അശരണരായ പാവം മനുഷ്യരോടാണല്ലോ. എന്തുമാവാം എന്നു ധിക്കാരം.
രണ്ടു പതിറ്റാണ്ടിലേറെക്കാലം സര്‍വ്വകലാശാലയെ സേവിച്ചവരുണ്ട്. വലിയ സമ്പാദ്യമൊന്നും ആരും ഉണ്ടാക്കിയിട്ടില്ല. കഷ്ടി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവര്‍. അവരുടെ പെട്ടിക്കടയിരിക്കുന്നത് സര്‍വ്വകലാശാലയുടെ സ്ഥലത്താണെങ്കില്ത്തന്നെ നിര്‍ദ്ദയമായ കുടിയൊഴിപ്പിക്കലല്ല വേണ്ടത്. മറ്റു പലര്‍ക്കും മുമ്പനുവദിച്ചുകൊടുത്തപോലെ പകരം ഇടം അനുവദിക്കണം. സമ്പന്നരോടും സംഘടനാശേഷിയുള്ളവരോടും കാണിക്കുന്ന ആനുകൂല്യത്തിന്റെ പങ്കു ചോദിക്കാന്‍പോലും അശക്തരാണവര്. അതറിയാനുള്ള കാരുണ്യവും സേവനത്തെ അംഗീകരിക്കാനുള്ള സന്നദ്ധതയും സര്വ്വകലാശാലയ്ക്കുണ്ടാവണം. ആ കടകളില്‍നിന്ന് ചില്ലറ സൗകര്യങ്ങള്‍ വാങ്ങിയവരും അനുഭവിച്ചവരുമായ രജിസ്ത്രാരും വൈസ്ചാന്സലറുമാകുമ്പോള് അല്‍പ്പം സന്മനസ്സ് പ്രതീക്ഷിക്കുകയും ചെയ്യും.
നിര്‍ദ്ദയവും ധിക്കാരപൂര്‍വ്വവുമായ കുടിയൊഴിപ്പിക്കലുകള്‍ അരുത്. ഓരോ പുറന്തള്ളലും ജീവിതത്തില്‍ നിന്നാണ്. നിലവിലുള്ള അവസ്ഥ പതിറ്റാണ്ടുകളായുള്ളതാണ്. അത് തകര്‍ക്കുമ്പോള്‍ ആരുടെയും ജീവിതം ഇല്ലാതാവരുത്. പകരമിടം നല്‍കാതെ ഒരു കുടിയിറക്കലും സാധ്യമല്ല. ഓരങ്ങളില്‍ കഴിയുന്നവരെ ഓടിക്കാനിറങ്ങുന്നവര് സൂക്ഷിക്കുന്നത് നന്ന്. അവര്‍ക്കുവേണ്ടിയും സംസാരിക്കാന്‍ ആളുകളുണ്ടാവും.
ഞാന്‍ ഈ പറയുന്നതും എഴുതുന്നതും വെറുതെയാവുമോ?