നിയമവിരുദ്ധവും ജനദ്രോഹകരവുമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കും അനുബന്ധ വ്യവസായങ്ങള്‍ക്കും എതിരായ ചെറുത്തു നില്പ്പില് രണ്ടു വര്‍ഷത്തിനിടെ നമ്മുടെ സംസ്ഥാനത്ത് രണ്ടു ജീവിതങ്ങളാണ് നഷ്ടമായത്. ഇന്നലെ മലപ്പുറം ജില്ലയിലെ എടവണ്ണയ്ക്കു സമീപമുള്ള പത്തപ്പിരിയത്ത് നെല്ലാണിയിലെ കീര്‍ത്തിയില്‍ അയ്യപ്പന്റെ മരണം ക്വാറിവിരുദ്ധ സമരത്തിലെ മഹത്തായ രണ്ടാം രക്തസാക്ഷിത്ത്വമാണ്. ആദ്യത്തേത് 2013 ഡിസംബറില്‍ കുറ്റിയാടിക്കടുത്ത് നരിപ്പറ്റ പഞ്ചായത്തിലെ നീട്ടൂരില്‍ വെള്ളൊലിപ്പില്‍ അനൂപിനെ ക്വാറിമാഫിയാഗുണ്ടകള് കല്ലെറിഞ്ഞു കൊന്ന സംഭവമാണ്.
മലപ്പുറം ജില്ലയില്‍ മലയോരത്ത് മാസങ്ങളായി തുടരുന്ന ക്വാറി വിരുദ്ധ പ്രക്ഷോഭങ്ങള്‍ അധികൃതരോ മാധ്യമങ്ങളോ കാര്യമായെടുത്തിട്ടില്ല. സര്‍ക്കാര്‍ വനഭൂമിയായി പരിഗണിച്ച സ്ഥലം വന്‍തോതിലുള്ള ഖനനത്തിന് നേടിയെടുക്കാന്‍ ക്വാറി ഉടമകള്‍ക്കു പ്രയാസമേതുമില്ല. തടസ്സമായ ചട്ടങ്ങള്‍ നീക്കിക്കൊടുക്കാനോ അവഗണിക്കാനോ ഗവണ്മെന്റുതന്നെയാണ് ക്വാറി ഉടമകളെ സഹായിക്കുന്നത്. കഴിഞ്ഞ മാസം നിലമ്പൂര്‍ ഡി എഫ് ഒയെ സ്ഥലം മാറ്റി ക്വാറികള്‍ തുറന്നു കൊടുക്കാന്‍ ഗവണ്മെന്റ് കാണിച്ച അമിതോത്സാഹം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കൃഷിക്കും പാര്പ്പിടത്തിനുമല്ലാതെ മറ്റൊന്നിനും ഉപയോഗിച്ചുകൂടാ എന്ന കര്‍ശന നിബന്ധനയുള്ള ഭൂമിയാണ് മാഫിയാകളുടെ ഇംഗിതത്തിനു വഴങ്ങി പാറഖനനത്തിന് വിട്ടു നല്‍കിയത്. സമീപ ഭൂതകാലം ഇത്തരം ഖനന യൂണിറ്റുകള്‍ മലയോരങ്ങളെ നശിപ്പിച്ചു തുടങ്ങിയതിന്റെയും അതിനെതിരായ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിന്റെയും അനുഭവകാലമാണ്. കനത്ത പ്രക്ഷോഭങ്ങളുണ്ടാകുമ്പോള്‍ ചിലയിടങ്ങളില്‍ ചില ഉദ്യോഗസ്ഥര്‍ ചട്ടമനുസരിക്കാന് നിര്‍ബന്ധിതരാവുകയും ക്വാറികള്‍ താല്‍ക്കാലികമായി അടച്ചിടുകയും ചെയ്യാറുണ്ട്. അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് ക്വാറികള്‍ തുറക്കാനാണ് ജനാധിപത്യ ഗവണ്മെന്റുകള്ക്കും അവ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും താല്‍പ്പര്യം. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ ഗവണ്മെന്റും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉറഞ്ഞു തുള്ളിയത് ഈ മാഫിയകളെ രക്ഷിക്കാനായിരുന്നു എന്നത് വ്യക്തം.
പത്തപ്പിരിയത്ത് അറഞ്ഞിക്കല്‍ ഗ്രാനൈറ്റ്സിന്റെ വലിയ ക്വാറിയാണുള്ളത്. അതിന് അനുബന്ധമായി ടാര്‍ മിക്സിംഗ് യൂണിറ്റുകൂടി ആരംഭിക്കാനുള്ള നീക്കമാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. ചൊവ്വാഴ്ച്ച ക്വാറി ഉടമ പൊലീസ് സഹായത്തോടെ മക്സിംഗ് യൂണിറ്റിനുള്ള യന്ത്രസാമഗ്രികള്‍ എത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ പ്രതിരോധം തീര്‍ത്തു. ഉച്ചയ്ക്കാരംഭിച്ച തടയല്‍ സന്ധ്യയായിട്ടും അവസാനിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. പലപാട് ചിതറിയോടിയെങ്കിലും ജനങ്ങള്‍ പിരിഞ്ഞു പോയില്ല. രാത്രിയിലും ജനങ്ങളെ പിരിച്ചു വിടാന്‍ പൊലിസ് ലാത്തി വീശി. സമരസജ്ജരായ ജനങ്ങളെ പ്രയാസപ്പെടുത്താന്‍ ആ പ്രദേശത്തെ വൈദ്യുതി വിഛേദിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ലാത്തിച്ചാര്‍ജിനിടെ അയ്യപ്പനെ കാണാതാവുകയും അയ്യപ്പന്റെ ജഡം ഉപരോധസമരം നടന്ന പ്രദേശത്തുള്ള കിണറ്റില്‍ കണ്ടെത്തുകയും ചെയ്തത്.
ക്വാറി മാഫിയകളും ഗവണ്മെന്റുമാണ് അയ്യപ്പന്റെ മരണത്തിന് ഉത്തരവാദികള്‍. കലക്ടര്‍ വന്നേ ജഡമെടുക്കാന് അനുവദിക്കൂ എന്ന നാട്ടുകാരുടെ ശാഠ്യത്തെ തുടര്‍ന്ന് കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും പത്തപ്പിരിയത്ത് എത്തേണ്ടിവന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും എം എല്‍ എ യുമെല്ലാം സ്ഥലത്തെത്തി. ജീവന് ബലിനല്‍കിയാലേ ജനങ്ങള്‍ ബുദ്ധിമുട്ടുന്നിടത്ത് ഇവരൊക്കെ എത്തിപ്പെടൂ എന്നതായിട്ടുണ്ട് സ്ഥിതി. അങ്ങനെ വന്നാല്‍തന്നെ താല്ക്കാലികമായ പരിഹാരങ്ങള്കൊണ്ട് ജനങ്ങളെ തണുപ്പിച്ചു സ്ഥലം വിടുകയും ചെയ്യും. നീണ്ടുകിടക്കുന്ന കിഴക്കന്‍ മലയോരത്താകെ ക്വാറി – വന – മണ്ണ് മാഫിയകള്‍ നിറഞ്ഞാടുകയാണ്. അത്തരം കയ്യേറ്റ ഭൂമികളിലേക്കൊന്നും അധികൃതരെത്തില്ല. വലിയ രാഷ്ട്രീയ വിപ്ലവ പ്രസ്ഥാനങ്ങള്‍ക്കും അതു കാണാനുള്ള കണ്ണുകളില്ല.
എടോനിമലയിലെ ക്വാറി വിരുദ്ധ സമരത്തിലെ പോരാളിയായിരുന്നു അനൂപ്. ഗാഡ്ഗില്‍ കസ്തൂരി രംഗന് റിപ്പോര്‍ട്ടുകളില്‍ പരിസ്ഥിതി ലോല പ്രദേശമായി ചൂണ്ടിക്കാട്ടിയ ഭൂമിയിലെ അനധികൃത ക്വാറി നിര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള സമരം ശക്തമായിരുന്നു. പശ്ചിമ ഘട്ട സംരക്ഷണത്തിന് പരിസ്ഥിതി സംഘടനകളും പ്രവര്‍ത്തകരുമെല്ലാം രംഗത്തിറങ്ങിയ സന്ദര്‍ഭമായിരുന്നു അത്. കൈവേലിയില്‍ സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ ധര്‍ണയില്‍ പങ്കെടുക്കെയാണ് അനൂപ് കല്ലേറില്‍ പരിക്കേറ്റ് മരിച്ചത്. ക്വാറി ഉടമകളുടെ ഗുണ്ടാസൈന്യമാണ് പാറമടയിലെ പാറക്കഷ്ണങ്ങള്കൊണ്ട് സമരത്തെ നേരിട്ടത്.
അനൂപ് ബി ജെ പി അനുഭാവിയായിരുന്നുവെന്നാണ് കേട്ടിട്ടുള്ളത്. ഗാഡഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കി പശ്ചിമ ഘട്ടത്തെയും കേരളത്തെയും രക്ഷിക്കണമെന്ന കാര്യത്തില്‍ വലിയ വാശിയായിരുന്നു ബി ജെ പിക്ക്. അവരുടെ നേതൃത്വത്തിലുള്ള ധര്‍ണയില്‍ പങ്കെടുക്കുമ്പോഴായിരുന്നു മാഫിയാസംഘത്തിന്റെ അക്രമമുണ്ടായത്. പക്ഷെ, രാജ്യത്തിന്റെ അധികാരം കയ്യിലെത്തിയപ്പോള്‍ അനൂപിനെയും ആ സമരത്തെയും ബി ജെ പി മറന്നു. പശ്ചിമഘട്ടത്തെയോ പാറമാഫിയകളുടെ അതിക്രമങ്ങളനുഭവിക്കുന്ന ജനങ്ങളെയോ രക്ഷിക്കാനുള്ള ബാധ്യത അവര്‍ കയ്യൊഴിഞ്ഞിരിക്കുന്നു.
മലപ്പുറം ജില്ലയില്‍ കിഴക്കെ ചാത്തല്ലൂരും പടിഞ്ഞാറേ ചാത്തല്ലൂരും മറ്റുമായി പരന്നു കിടക്കുന്ന ക്വാറി കയ്യേറ്റങ്ങളും മാസങ്ങളായി തുടരുന്ന അവിടങ്ങളിലെ സമരങ്ങളും രാഷ്ട്രീയ നേതൃത്വങ്ങള്‍ അറിഞ്ഞിട്ടില്ല. അവിടത്തെ നിലവിളികള്‍ അവര്‍ കേള്‍ക്കുകയില്ല. മരിച്ചപ്പോള്‍ എത്തിനോക്കിയല്ലോ എന്ന് ആശ്വസിക്കാം. പുതിയ കാലമല്ലേ അത്രയൊക്കെയേ ആവൂ എന്നു സമ്മതിച്ചുകൊടുക്കുന്നവരായിട്ടുണ്ട് അനുഭാവികളെല്ലാം. ഞങ്ങളുടെ മേല്‍ എന്തതിക്രമവും കാണിച്ചോളൂ തെരഞ്ഞെടുപ്പടുക്കുമ്പോള്‍ വോട്ടു തരാം എന്ന് ഉദാരരാവുന്ന ജനവിഭാഗം മറ്റെവിടെക്കാണും? ഈ രാഷ്ട്രീയ നേതൃത്വങ്ങളാണ് ക്വാറിസംഘങ്ങളുടെ കരുത്തെന്ന് ആര്‍ക്കാണറിയാത്തത്? രാഷ്ട്രീയ നേതൃത്വങ്ങളുടെ ഈ മെയ് വഴക്കവും പണവിധേയത്വവും സഹോദരരെ ദുരിതങ്ങളിലേക്കും മരണത്തിലേക്കും ഉന്തിവിടുന്ന വഞ്ചനയും തുടരാന്‍ അനുവദിക്കാമോ? അനൂപും അയ്യപ്പനുമൊക്കെ അങ്ങനെ ചോദിക്കുന്നുണ്ടാവും.
പത്തപ്പിരിയത്തുണ്ടായ സംഭവങ്ങളില്‍ ചില നടപടികളുണ്ടാകും. പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാം. ക്വാറി പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തും. അയ്യപ്പന്റെ കുടുംബത്തിന് ആശ്വാസ ധനവും ലഭിച്ചേക്കാം. അതൊക്കെ വേണ്ടതുതന്നെ. പക്ഷെ, ഒരു രക്തസാക്ഷിത്വം മൂല്യവത്താവണമെങ്കില് ആ സമരം ഉയര്‍ത്തിയ മുദ്രാവാക്യത്തിന്റെ വിജയമുണ്ടാകണം. അനധികൃതവും ചട്ടവിരുദ്ധവും ജനദ്രോഹകരവുമായ കുന്നിടിക്കലും പാറ ഖനനവും പരിസ്ഥിതി നശീകരണവും വന നശീകരണവും അവസാനിപ്പിക്കാനാവണം. ജനജീവിതത്തിനു ഭദ്രത ഉറപ്പാക്കണം. പണക്കോയ്മയുടെ നായാട്ടുശീലങ്ങളെ ചങ്ങലയ്ക്കിടണം. അതുവരെ അനൂപും അയ്യപ്പനും നമ്മെ ഉറങ്ങാനനുവദിക്കുമെന്ന് തോന്നുന്നില്ല.
10 ഡിസംബര്‍ 2015