ഉദൈഫ് എന്ന വിദ്യാര്‍ത്ഥി നവംബര്‍ 26 മുതല്‍ നിരാഹാര സമരത്തിലായിരുന്നു. ശനിയാഴ്ച്ച വൈകീട്ട് പൊലീസെത്തി നിര്‍ബന്ധപൂര്‍വ്വം അറസ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ചിരിക്കുന്നു. മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്ത് കിഴക്കേ ചാത്തല്ലൂരിലാണ് സംഭവം. പതിച്ചു നല്കിയ വനഭൂമിയില്‍ പാറമടകള്‍ക്ക് അനുമതി നല്കിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഉദൈഫ് സമര രംഗത്തിറങ്ങിയത്. അക്കാര്യത്തില്‍ ഒരു ചര്‍ച്ചയ്ക്കും ജില്ലാഭരണകൂടമോ സര്‍ക്കാറോ തയ്യാറായിട്ടില്ല.
ജില്ലയിലെ പാറമട മാഫിയക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ച നിലമ്പൂര്‍ നോര്‍ത്ത് ഡി എഫ് ഒ കെ. സുനില്‍കുമാറിനെ ധൃതിപിടിച്ച് കോഴിക്കോട്ടേക്കു സ്ഥലം മാറ്റിയത് തൊട്ടടുത്ത ദിവസമാണ്. റവന്യു വകുപ്പിന്റെ സമ്മര്‍ദ്ദവും ജില്ലയിലെ ചില മന്ത്രിമാരുടെ താല്‍പ്പര്യവുമാണ് ഈ സ്ഥലം മാറ്റത്തിനു പിറകിലെന്നുള്ള ആരോപണം ഉയര്‍ന്നിട്ടുമുണ്ട്. ആ രോപണം ശരിവെക്കും വിധം സ്ഥലംമാറ്റ ഉത്തരവിറങ്ങി മണിക്കൂറുകള്‍ക്കകം അടച്ചിട്ട ക്വാറികള്‍ തുറന്നു പ്രവര്‍ത്തിക്കാനാരംഭിക്കുകയും ചെയ്തു.
സര്‍ക്കാര്‍ പതിച്ചുകൊടുത്ത വനഭൂമിയില്‍ പാറഖനനത്തിന് അനുമതി നല്‍കുംമുമ്പ് നിയമോപദേശം തേടണമെന്ന് കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയതാണ് ഡി എഫ് ഒയെ സ്ഥലം മാറ്റാനിടയാക്കിയതത്രെ. വനം കയ്യേറ്റത്തിനെതിരെയും അനധികൃത പാറഖനനത്തിനെതിരെയും നടപടിയെടുക്കാന്‍ കെല്‍പ്പുള്ള ഉദ്യോഗസ്ഥരെ നമ്മുടെ ഗവണ്മെന്റിനു വേണ്ട. ജനങ്ങള്‍ക്കൊപ്പമല്ല കയ്യേറ്റക്കാര്‍ക്കും അവരുടെ പിറകിലുള്ള രാഷ്ട്രീയ ഉദ്യോഗസ്ഥ ദല്ലാള്‍ സഖ്യങ്ങള്ക്കുമൊപ്പമാണ് ജീവനക്കാര്‍ നില്‍ക്കേണ്ടതെന്ന ശക്തമായ താക്കീതാണ് ജനാധിപത്യ ഗവണ്മെന്റ് നല്‍കിയിരിക്കുന്നത്! നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനു കീഴിലെ ആലങ്ങാടന്‍, ചെക്കുന്ന്, കറുകമാണ്ണ, കുളപ്പാട്, ഊര്‍ങ്ങാട്ടിരി എന്നിവിടങ്ങളിലായി 1194 ഹെക്ടര്‍ ഭൂമി ഭൂരഹിതര്‍ക്കു പതിച്ചു നല്കാന് വനംവകുപ്പ് റവന്യു വകുപ്പിനു കൈമാറിയതായിരുന്നു. അതില്‍ 471 ഹെക്ടര്‍ പതിച്ചു നല്കി. കേന്ദ്ര വനം സംരക്ഷണ നിയമം വന്നതോടെ ശേഷിച്ച 723 ഹെക്ടര്‍ പതിച്ചു നല്‍കാനായില്ല. പതിച്ചു നല്കിയ ഭൂമിയാകട്ടെ, ഇപ്പോഴും വനം പദവിയിലാണുള്ളത്(മാതൃഭൂമി ദിനപത്രം മലപ്പുറം എഡിഷന് 23 നവംബര്‍ 2015). കൃഷി, പാര്‍പ്പിടം എന്നിവയ്ക്കല്ലാതെ ഈ ഭൂമി ഉപയോഗിച്ചുകൂടാ എന്നാണ് ചട്ടം. വനേതര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ശക്തമായി നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് നിലവിലുണ്ട്. പാറഖനനവും അനുബന്ധ വ്യവസായങ്ങളും വനേതര പ്രവര്‍ത്തനങ്ങളാണ്. ഈ സാഹചര്യത്തിലാണ് നേരത്തേയുണ്ടായിരുന്ന ഡി എഫ് ഒ ഈ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടത്. നിയമങ്ങളും ചട്ടങ്ങളുമൊക്കെ നിലനില്‍ക്കെത്തന്നെ ഗവണ്മെന്റ് ക്വാറി ഉടമകള്‍ക്ക് അനുകൂലമായ നിലപാടെടുത്തിരിക്കുകയാണ്.
നിയമ വിരുദ്ധവും ജനവിരുദ്ധവുമായ അതിക്രമങ്ങളെ ചെറുക്കാന്‍ നമ്മുടെ നാട്ടില്‍ നട്ടെല്ലുള്ള രാഷ്ട്രീയ യുവജന പ്രസ്ഥാനങ്ങളൊന്നും ഇല്ലെന്നായിട്ടുണ്ട്. ഒറ്റപ്പെട്ട പ്രതിഷേധ സ്വരങ്ങളേ ജനങ്ങളില്‍നിന്നു് ഉയരുന്നുള്ളു. ക്വാറി മാഫിയയുടെ സ്വാധീനത്തിനു വഴങ്ങാത്തവര്‍ അപൂര്‍വ്വമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അധികാരമേറ്റ പഞ്ചായത്തു സമിതികള്‍ക്കും ജനങ്ങളേക്കാള്‍ പ്രിയം ക്വാറി ഉടമകളെയാണ്. പരിസ്ഥിതി പ്രവര്‍ത്തകനും വിദ്യാര്‍ത്ഥിയുമായ ഉദൈഫിനെ പിന്തുണയ്ക്കാനും സമരമേറ്റെടുക്കാനും വലിയ പ്രസ്ഥാനങ്ങളൊന്നും എത്തിനോക്കുന്നില്ല. നേതാക്കളൊക്കെ മാഫിയകളുടെ കാര്യസ്ഥന്മാരാകുന്ന കാഴ്ച്ച ദയനീയമാണ്.
പടിഞ്ഞാറേ ചാത്തല്ലൂരിലെ ക്വാറി വിരുദ്ധ ജനകീയ സമരത്തെപ്പറ്റി മുമ്പ് ഇതേ ബ്ലോഗില്‍ എഴുതിയിരുന്നു(2015 മെയ് 25). ചെക്കുന്നു മലയുടെ താഴ്വരകള്‍ ധീരമായ ചെറുത്തു നില്‍പ്പുകളുടെ താഴ് വരയായിട്ട് മാസങ്ങളായി. ചെക്കുന്ന്, കുട്ടാടന്‍ മലകളിലെ പാറക്കെട്ടുകളാണ് വേണ്ട പരിസ്ഥിതി ആഘാത പഠനംപോലും നടത്താതെ തകര്‍ത്തു തുടങ്ങിയത്. പരിസരത്തെ തോടുകളും അരുവികളും അപ്രത്യക്ഷമായി. അങ്ങനെ തോടുകളുണ്ടായിരുന്നുവെന്ന രേഖകള്‍പോലും മായ്ക്കാന്‍ ഉദ്യോഗസ്ഥര്‍ അമിതാവേശം കാണിക്കുന്നതായി പടിഞ്ഞാറേ ചാത്തല്ലൂരുകാര് നേരത്തേതന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു. പല ക്വാറികള്‍ക്കു മുന്നിലും അതതു പ്രദേശത്തെ ജനങ്ങള്‍ രോഷം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അവയ്ക്ക് വലിയ പ്രക്ഷോഭങ്ങളുടെ രൂപംകൊടുക്കാന്‍ പ്രാപ്തിയുള്ള പ്രസ്ഥാനങ്ങള്‍ പുലര്‍ത്തുന്ന നിശബ്ദത അത്ഭുതകരമാണ്.
ഒപ്പുവെച്ച ഉത്തരവുകള്‍ മഷിയുണങ്ങുംമുമ്പ് തിരുത്തിക്കുന്ന പ്രസ്ഥാനവീര്യം നമുക്ക് അപരിചിതമല്ല. ജനവിരുദ്ധമായ ഒന്നും വെച്ചുപൊറുപ്പിക്കില്ലെന്ന മൂല്യബോധം പുതിയ മുതലാളിത്തത്തിന് അവര്‍ അടിയറ വെച്ചു കഴിഞ്ഞു. ആനകളെല്ലാം ആനകളുടെ വൈക്കോല്രൂപങ്ങളായി മാറിയിരിക്കുന്നു. തലയെടുപ്പിന്റെ പ്രഭാവം വെപ്പുതലകള്കൊണ്ട് കാണിക്കാനാവില്ലല്ലോ. വലിയ പ്രസ്ഥാനങ്ങളൊന്നും ജനങ്ങള്‍ക്ക് ഉപകരിക്കുന്നില്ല എന്ന വാസ്തവം കുട്ടികള്‍പോലും മനസ്സിലാക്കിയിരിക്കുന്നു. അവര്‍ക്കിടയില്‍നിന്നാണ് ഉദൈഫുമാരുണ്ടാകുന്നത്. കിഴക്കെ ചാത്തല്ലൂരില്‍ ബിസ്മി ക്വാറിക്കു മുന്നില്‍ പുതിയ തലമുറ സമരത്തിന്റെ പ്രഖ്യാപനമാണ് യഥാര്‍ത്ഥത്തില്‍ ഉദൈഫ് നടത്തിയിരിക്കുന്നത്.
കുടിവെള്ളം മുട്ടിക്കുകയും രോഗങ്ങള്‍ വിതക്കുകയും ഉരുള്പൊട്ടലുകള്പോലുള്ള പാരിസ്ഥിതിക മുരന്തങ്ങളുടെ ഭീതി പെരുപ്പിക്കുകയും ചെയ്യുന്ന ക്വാറിയുദ്ധങ്ങള്ക്കെതിരെ പ്രതിരോധമുയര്ത്തിയതിന് ഈ പ്രദേശങ്ങളിലാകെ മാസങ്ങല്ക്കുമുമ്പ് പൊലീസ് നായാട്ട് നടന്നതാണ്. ഉദ്യോഗസ്ഥന്മാരില് സുനില്‍കുമാറിനെപ്പോലുള്ള ഡി എഫ് ഒ മാരുണ്ടായതുകൊണ്ടാണ് ജനങ്ങള്‍ അല്‍പ്പമെങ്കിലും സ്വാസ്ഥ്യമനുഭവിച്ചത്. അതും മാഫിയകളും ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും മന്ത്രിമാരും ചേര്‍ന്ന് ഇല്ലാതാക്കിയപ്പോള്‍ ജനങ്ങളാകെ ജീവന്മരണ പ്രശ്നത്തെയാണ് നേരിടുന്നത്. കൈപിടിക്കാന്‍ ശേഷിയുള്ള പ്രസ്ഥാനങ്ങളേതെങ്കിലും ജീവനോടെയുണ്ടോ എന്നവര്‍ അന്വേഷിക്കുന്നു.
ജനങ്ങളുടെ ജീവന്റെ ഉപ്പും രക്തവും പുരണ്ട മാഫിയാപ്പണത്തിന് കൈനീട്ടുന്ന കെട്ട നേതൃത്വങ്ങളോടും ഇനി കണക്കു തീര്‍ക്കാതെ വയ്യ. ക്വാറി മാഫിയയെ നിലയ്ക്കു നിര്‍ത്താനാവാത്ത അത്ര ദുര്ബ്ബലമാണോ ജനാധിപത്യത്തിലെ ഭരണ സംവിധാനങ്ങളും നിയമ വ്യവസ്ഥയും? എങ്കിലതു മാറ്റിയെടുക്കാന്‍ ഉദൈഫിനും ഇനിയും വരാനിരിക്കുന്ന ഉദൈഫുമാര്ക്കും പിന്തുണ നല്‍കേണ്ടതുണ്ട്.
നന്ദി, ഉദൈഫ്. ഞങ്ങളൊക്കെ രക്ഷകരെ കാത്തിരിക്കാനേ ശീലിച്ചുള്ളു. നീ രക്ഷകനാവാന്പോന്ന ധീരത കാണിക്കുന്നു. അഭിവാദ്യങ്ങള്‍.
29 നവംബര്‍ 2015
ഇതിനെ കുറിച്ച് ഒന്നും പറയാനില്ല.
വിളിക്കുക. പരിചയപ്പെടുക
LikeLike