മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ പുതിയ ലക്ക(2015 നവംബര്‍ 29)ത്തില്‍ എം പി പരമേശ്വരനുമായി കെ കണ്ണന് നടത്തിയ അഭിമുഖമുണ്ട്. ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ഗൗരവപൂര്‍വ്വം ഇടപെടുകയാണ് അദ്ദേഹം. വിഖ്യാതമായ നാലാംലോക കാഴ്ച്ചപ്പാടും അതിന്റെ വിമര്‍ശവും ഇളക്കിമറിച്ച സമീപഭൂതകാലത്തിന്റെ നിഴലുകള്‍ മാഞ്ഞുപോയിട്ടില്ല. അതിനാല്‍ എം പിയുടെ അഭിപ്രായങ്ങള്‍ ഒട്ടുകൗതുകത്തോടെ മലയാളികള്‍ ശ്രദ്ധിക്കുന്നുണ്ട്. നാലു വര്‍ഷം മുമ്പ് മാര്‍ത്താ ഹാര്‍നേക്കറുടെ ഇടതുപക്ഷത്തിന്റെ പുനര്‍ നിര്‍മാണം എന്ന കൃതി പരിഭാഷപ്പെടുത്തി ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധപ്പെടുത്തിയത് വലിയ അത്ഭുതാദരങ്ങളാണ് എം പി യെസംബന്ധിച്ച് എന്നിലുണ്ടാക്കിയത്. നാലാംലോക വിവാദകാലത്ത് അദ്ദേഹത്തിനും നാലാംലോക കാഴ്ച്ചപ്പാടിനും എതിരെ കടുത്ത നിലപാടെടുത്ത ആളുകളിലൊരാളാണ് ഞാന്‍. മാര്‍ത്താ ഹാര്‍നേക്കറുടെ പുസ്തകം ലോകത്തെങ്ങുമുള്ള ഇടതുപക്ഷത്തിന് ആഗോളവത്ക്കരണ കാലത്ത് ഒരു പാഠപുസ്തകം പോലെ സഹായകമാണ്. അത് പരിഭാഷപ്പെടുത്തുകവഴി വലിയൊരു രാഷ്ട്രീയ ദൗത്യമാണ് എം പി നിര്‍വ്വഹിച്ചത്.
ഇപ്പോള്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ഇടതുപക്ഷത്തിന്റെ പുനര്നിര്മാണംതന്നെയാണ് അദ്ദേഹം മുഖ്യവിഷയമാക്കുന്നത്. ചിലിയന്‍ വിപ്ലവത്തിന്റെയും ഷാവേസിയന്‍ പരീക്ഷണത്തിന്റെയും അനുഭവവും മാര്‍ക്സിസത്തില്‍ അഗാധമായ ജ്ഞാനവുമുള്ള ഹാര്നേക്കറിന്റെ നിരീക്ഷണങ്ങള്‍ മാര്‍ക്സിസത്തിന്റെ പുതിയകാല പ്രയോഗം സംബന്ധിച്ച ഒട്ടേറെ വഴികള്‍ തുറന്നു തരുന്നു. വര്‍ഗസമരം ഉപേക്ഷിക്കാത്ത ആ വഴിയല്ല, പൗരസമൂഹ രാഷ്ട്രീയത്തിന്റെ വഴിയാണ് എം പി സ്വീകരിക്കുന്നത്. നാലാംലോകത്തിന്റെ പ്രയോഗരീതി പാര്‍ട്ടിരഹിത പങ്കാളിത്ത ജനാധിപത്യത്തിന്റേതാണ്. ഹാര്‍നേക്കര്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചാണ് ആലോചിക്കുന്നത്.
അഭിമുഖത്തിലൊരിടത്ത് എം പി പറയുന്നു: എന്തിനാണ് ഞാന്‍ പാര്‍ട്ടിയെ സ്നേഹിക്കുന്നത്? ഞാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായത് ജനങ്ങളെ സ്നേഹിക്കാനാണ്. അത് ഞാനിപ്പോഴും ചെയ്യുന്നുണ്ട്. ജനങ്ങളെ സ്നേഹിക്കാന്‍ പാര്‍ട്ടി അംഗത്വം വേണമെന്നില്ല. ജനങ്ങളെ സേവിക്കാനാണ് സംഘടനകള്‍. പക്ഷെ, പാര്‍ട്ടി എന്ന പദത്തിന് കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് അതില്‍ക്കൂടുതല്‍ അര്‍ത്ഥമുണ്ട്. തൊഴിലാളിവര്‍ഗത്തിന്റെ വിമോചനോപകരണമാണ് പാര്‍ട്ടി. സോഷ്യലിസത്തിലേക്ക് നയിക്കാന്‍ അതുവേണം. പക്ഷെ, പങ്കാളിത്ത ജനാധിപത്യത്തില്‍ പൂര്‍ണമാകുന്ന അന്വേഷണത്തിന് പാര്ട്ടിവേണ്ട, ജനങ്ങള്‍ മതി. നേരെയാവാന്‍ സാധ്യതയുള്ള പ്രസ്ഥാനമാണെങ്കിലും നേരെയാകുമെന്ന് തനിക്കു വിശ്വാസമില്ലെന്ന് എം പി കമ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പറ്റി തന്റെ നിലപാട് വ്യക്തമാക്കുന്നു.
പൗരസമൂഹത്തെ രാഷ്ട്രീയമായി നവീകരിക്കുന്നതില്‍ ഇടതുപക്ഷത്തിനു പാളിച്ച സംഭവിച്ചുവെന്നാണ് എം പി കരുതുന്നത്. പുതിയ രാഷ്ട്രീയം എന്നു പറയുമ്പോള്‍ തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യം ത്യജിക്കേണ്ടതുണ്ടെന്നും അതിനനുയോജ്യമാംവിധം മാര്‍ക്സിസത്തെ വ്യാഖ്യാനിക്കുകയാണ് വേണ്ടതെന്നും അദ്ദേഹത്തിനഭിപ്രായമുണ്ട്. ഇടതുപക്ഷത്തിന് ഒരൊറ്റ ഭാഷയേ അറിയൂ.തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യം. വേറൊരു ഭാഷയും അറിയില്ല. അതു പരിമിതമായ ഭാഷയാണ്. വെറും അര ശതമാനത്തിന്റെ ഭാഷ എന്നു വേറൊരിടത്തും അഭിപ്രായപ്പെടുന്നതു കാണാം. ഹാര്നേക്കര്ക്കു ആ പദം സൂചിപ്പിക്കുന്ന അധികാര സൂചനയോടായിരുന്നു വിമര്‍ശം. അതിനാല്‍ അതു വിശദീകരിക്കാന്‍ മറ്റൊരു പദം വേണമെന്നായിരുന്നു അവരുടെ വാദം. പങ്കാളിത്ത ജനാധിപത്യത്തിനപ്പുറം ഒരു വിപ്ലവ ഘട്ടവും എം പിയ്ക്കു വിശദീകരിക്കേണ്ടി വരുന്നില്ല.
ഇന്നത്തെ ഇന്ത്യനവസ്ഥ തുറന്നുകാട്ടുന്നതില്‍ അഭിമുഖം ശ്രദ്ധിച്ചിട്ടുണ്ട്. മന്മോഹന്സിങിനെക്കാള് സാമ്രാജ്യത്വവാദിയാണ് നരേന്ദ്രമോഡി എന്നദ്ദേഹം ശരിയായി വിലയിരുത്തുന്നു. മോഡിയെ അക്രമിക്കേണ്ടത് ഹിന്ദുത്വവാദത്തിന്റെ പേരിലല്ലെന്നും നിയോലിബറലിസത്തിന്റെ പേരിലാവണമെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. നിയോലിബറലിസത്തെ അക്രമിക്കാനുള്ള അജണ്ട പക്ഷെ, ഇടതുപക്ഷത്തിനില്ല എന്നദ്ദേഹം ആരോപിക്കുന്നു. ഇപ്പോള്‍ എവിടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുള്ളത്? പരമ്പരാഗത കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ നിലനില്ക്കുന്നുവെന്നേയുള്ളു. ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ തുറന്നടിക്കുന്ന എം പി ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യങ്ങളും അപചയങ്ങളും പുറത്തെടുക്കുന്നു. ജനങ്ങളല്ല ജനങ്ങള്‍, തങ്ങളാണ് ജനങ്ങള്‍ തങ്ങള്‍ക്കു വോട്ടു ചെയ്യലാണ് ജനങ്ങളുടെ കടമ എന്നായിരിക്കുന്നു ഇടതുപക്ഷത്തിന്റെ ധാരണ.ഏറ്റവും ദരിദ്രരായ ജനങ്ങളുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്തണം, വിദ്യാഭ്യാസം എങ്ങനെ മെച്ചപ്പെടുത്തണം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളില്‍ യു ഡി എഫും എല്‍ ഡി എഫും ഒന്നും ചെയ്തില്ല. കോര്‍പറേറ്റ് താല്പര്യങ്ങള്ക്കു വഴങ്ങുകയാണ് ഇടതുപക്ഷം, അസംഘടിതരുടെ പ്രശ്നങ്ങളോടുള്ള ഇടതുപക്ഷ സമീപനം ഉപരിപ്ലവമാണ്, സാക്ഷരത, ജനകീയസൂത്രണം തുടങ്ങിയ പദ്ധതികള്‍ പാര്‍ട്ടി ഏറ്റെടുത്തില്ല, ഒറ്റയ്ക്കൊറ്റയ്ക്കുള്ള ആളുകളാണ് അതു ചെയ്തത്. ഇടതുപക്ഷ നേതാക്കളുടെ വര്‍ഗസ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ പ്രകടമാകുന്നു എന്നിങ്ങനെ വിമര്‍ശനം നീളുന്നു.
സാക്ഷരതാ പ്രസ്ഥാനത്തിന്റെയും ജനകീയാസൂത്രണത്തിന്റെയും പിതൃത്വം സി പി എം ഏറ്റെടുക്കേണ്ടതില്ല എന്ന സൂചന ഗൗരവത്തോടെ കാണണം. ഒറ്റയ്ക്കൊറ്റയ്ക്കുള്ള ചില ആളുകള്‍ എന്നതിലേക്ക് തോമസ് ഐസക്കിനേയും ഒതുക്കിയിരിക്കുന്നു. പാര്‍ട്ടി നേതാവെന്ന നിലയിലല്ല പരിഷത്ത് പ്രവര്ത്തകന് എന്ന നിലയിലായിരുന്നു ഐസക്കിന്റെ ഇടപെടല്‍ എന്ന വിമര്‍ശം നേരത്തേ ഉയര്‍ന്നതാണ്. സി പി എമ്മില്‍ പ്രതീക്ഷ നല്കുന്ന ഒരേയൊരു നേതാവ് ഐസക്കു മാത്രമാണെന്നും അദ്ദേഹമാണ് മുഖ്യമന്ത്രി പദത്തിന് അര്‍ഹനെന്നും എം പി തുറന്നടിച്ചിരിക്കുന്നു. പിണറായിക്ക് ജനപിന്തുണയും വി എസിന് വിവരവുമില്ല. വിവരമില്ലെന്ന് മാത്രമല്ല വിവരം പറഞ്ഞുകൊടുക്കാന്‍ വിവരമുള്ള ഉപദേശകരുമില്ല. ഐസക്കിനാവട്ടെ, വിവരമുണ്ട്. പറഞ്ഞുകൊടുക്കാന്‍ വിവരമുള്ള പരിഷത്തുകാരുമുണ്ട്. ഇത്രയും പറഞ്ഞു വെയ്ക്കുമ്പോള്‍ അഭിമുഖത്തിന്റെ ചെമ്പ് പുറത്താവുന്നു. ഇടതുപക്ഷം പിന്തുടരുന്ന രാഷ്ട്രീയമല്ല, പരിഷത്ത് ഉയര്‍ത്തുന്ന രാഷ്ട്രീയമാണ് ശരി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലല്ല പരിഷത്തിന്റെ നേതൃത്വത്തിലുള്ള ഭരണമാണ് ഇനി വേണ്ടത്. വര്‍ഗസമരത്തിന്റെ രാഷ്ട്രീയമല്ല പാര്‍ട്ടിരഹിത പങ്കാളിത്ത ജനാധിപത്യത്തിന്റെ രാഷ്ട്രീയമാണ് അഭികാമ്യം. അതിനുള്ള മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പുറത്തുനിന്നു കണ്ടെത്തേണ്ടതില്ല. അത് പാര്‍ട്ടിയ്ക്കകത്തു തന്നെയുണ്ട്. പാര്‍ട്ടിയില്‍നിന്നു പുറത്തുപോകുമ്പോള്‍ എം പി അവകാശപ്പെട്ടിരുന്നത് ഓര്‍ക്കുന്നു. താന്‍ പാര്‍ട്ടിക്കു പുറത്തുപോയാലും തന്റെ ആളുകള്‍ പാര്‍ട്ടിയിലുണ്ടാകും എന്നായിരുന്നു അത്. ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം ആ പേരു നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.
തോമസ് ഐസക്ക് ആലപ്പുഴയിലും മറ്റും ചെയ്യുന്ന കാര്യങ്ങളില്‍ തൊണ്ണൂറ്റഞ്ചു ശതമാനവും പരിഷത്താണ് സഹായിക്കുന്നത്. അല്ലാതെ പാര്‍ട്ടിയില്‍നിന്ന് അവിടെ സഹായിക്കാനാരുമില്ല എന്നെഴുതുമ്പോള്‍ എം പി അടിവരയിടുന്നത് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്കാണ്. മാലിന്യ നിര്‍മാര്‍ജനത്തിന്റെയും ജൈവ പച്ചക്കറിയുടെയും മറ്റും ബൗദ്ധിക സ്വത്തവകാശം പരിഷത്തിന് ഉറപ്പിച്ചു കിട്ടണം. സാക്ഷരതയും ജനകീയാസൂത്രണവും മുതല്‍ ഇപ്പോഴത്തെ ആലപ്പുഴ വിപ്ലവം വരെ പരിഷത്തും പരമേശ്വരനും ഐസക്കും നടപ്പാക്കുന്നതാണ്. പാര്‍ട്ടി ഒന്നും ചെയ്യാനുള്ള ശേഷിയില്ലാതെ ക്ഷയിക്കുന്നു! അതിനാല്‍ സീതാറാം യെച്ചൂരിക്ക് ഒരു കാര്യം ചെയ്യാം. ഐസക്കിനെ മുഖ്യമന്ത്രിയായി പ്രൊജക്റ്റ് ചെയ്ത് രാജ്യത്തെയും പാര്‍ട്ടിയെയും രക്ഷിക്കാം. പരമേശ്വരന് സ്വപ്നം കാണുന്നത് പരിഷത്ത് ഭരണമാണെന്നും അഭിമുഖം പരിഷത്തിന്റെ നയപ്രഖ്യാപനമാണെന്നും ഇനി എഴുതിച്ചേര്‍ക്കേണ്ടതുണ്ടോ?
ഒട്ടേറെ വിയോജിപ്പുകള്‍ നിലനില്ക്കുമ്പോള്തന്നെ ഇന്നത്തെ നിലയില്‍ കേരളത്തിന് പ്രതീക്ഷിക്കാവുന്ന നല്ല നേതൃത്വമാകും ഐസക്കിന്റെതെന്ന് മിക്ക ആളുകളും ചിന്തിച്ചു തുടങ്ങിയതായിരുന്നു. അപ്പോഴാണ് എം പി ഒളിയജണ്ടകള്‍ എടുത്തു പുറത്തിടുന്നത്. ഐസക്ക് ഈ അഭിമുഖം വായിച്ച് ആദ്യം പ്രതികരിച്ചത് പാര്‍ട്ടിക്കെതിരായ ഇതിലെ വിമര്‍ശനങ്ങളോടല്ല. ഒരു സുഹൃത്തയച്ച എസ് എം എസ് പരമേശ്വരനു മറുപടിയായി അദ്ദേഹം എടുത്തെഴുതുന്നു. അതിങ്ങനെയാണ്: ഇതുപോലെ ചില സുഹൃത്തുക്കളുണ്ടെങ്കില്‍ (എം പി യെപ്പോലെ) ശത്രുക്കള്‍ എന്തിന്? എന്താണ് ഈ മറുപടിയുടെ അര്‍ത്ഥം? സുഹൃത്തായ എം പി ഇങ്ങനെ ചതിക്കേണ്ടിയിരുന്നില്ല എന്നല്ലേ? താന്‍ ഒളിച്ചു ചെയ്യുന്നത് എം പി എന്തിനാണ് വലിച്ചുവാരി പുറത്തിടുന്നത് എന്നല്ലേ?
പരിഷത്ത് പാര്‍ട്ടി വൈരുദ്ധ്യവും സംഘര്‍ഷവുമാണ് ഒരിക്കല്‍ക്കൂടി മറനീക്കി പുറത്തു വന്നിട്ടുള്ളത്. 1987മുതല്‍ അധികാരമെത്തുമ്പോഴേക്കും പാഞ്ഞെത്തുന്നതില് വലിയ ശ്രദ്ധയാണ് പരിഷത്ത് കാണിച്ചുപോരുന്നത്. സാക്ഷരതയും ഡി പി ഇ പിയും ജനകീയാസൂത്രണവും പങ്കാളിത്ത ജനാധിപത്യവും പരിഷത്തിന്റെ സംഭാവനകളാണ്. അത്രയേ പരമേശ്വരന് അവകാശപ്പെടുന്നുള്ളു. അത് വര്ഗരാഷ്ട്രീയമാണെന്ന തര്‍ക്കമൊന്നും പരമേശ്വരന് ഉന്നയിക്കുന്നില്ല. അതൊക്കെ ഐസക്കിന്റെ പ്രശ്നമാണ്. അധികാരത്തിലെത്താന്‍ തൊഴിലാളി വര്‍ഗത്തിന്റെ വിപ്ലവോപകരണം വേണം. പിന്നെ പാര്‍ട്ടിരഹിത പങ്കാളിത്ത ജനാധിപത്യമാവാം. അതല്ലെങ്കില്‍ അഭിമുഖം വായിച്ചയുടന്‍ ഐസക്ക് പ്രതികരിക്കേണ്ടിയിരുന്നത് പാര്‍ട്ടിക്കും ഇടതുപക്ഷത്തിനുമെതിരായ അതിലെ കടുത്ത നിലപാടുകളോടും വിമര്ശനങ്ങളോടുമായിരുന്നു. വ്യക്തിപരമായ ഭാവിക്കു തടസ്സമുണ്ടാക്കിയല്ലോ എന്നു ഖേദിക്കയല്ല വേണ്ടത്. എം പിയുടെ മുന്നില്‍ ഐസക്ക് തന്റെ രാഷ്ട്രീയ പക്വതയും രാഷ്ട്രീയ കൗശലവും മറന്നുപോയി. ചോറൊരിടത്തും കൂറു വേറൊരിടത്തും എന്നു പറയുന്നത് ഇതിനെയാണോ?
ജനകീയ പ്രശ്നങ്ങളില്‍ മിക്കപ്പോഴും അനുഭാവ നിലപാടെടുക്കുന്നത് ശാസ്ത്ര സാഹിത്യ പരിഷത്താണ്. ജനങ്ങളെ മുന്‍ നിര്‍ത്തിയാണ് വിഷയങ്ങളെ സമീപിക്കുന്നത്. പാര്‍ട്ടിയാകട്ടെ, എം പി ആരോപിക്കുന്നതു പോലെ കോര്‍പറേറ്റ് മുതലാളിത്തത്തിനു മുന്നില്‍ വിനീതദാസരായിപ്പോകുന്നു. നിയോ ലിബറലിസത്തിനെതിരെ പൊരുതാനോ പൊരുതുന്നവരെ പിന്തുണയ്ക്കാനോ പാര്‍ട്ടിയെ കണ്ടെന്നു വരില്ല. പരിഷത്തു പക്ഷെ അവിടെ പൊരുതുന്ന ജനങ്ങള്‍ക്കൊപ്പമുണ്ടാകും. എന്നാല്‍ ഭരണമുള്ള സന്ദര്‍ഭങ്ങളിലെല്ലാം ലോകബാങ്കിന്റെയും ഇതര സാമ്രാജ്യത്വ സ്ഥാപനങ്ങളുടെയും കെണികളിലേക്ക് സംസ്ഥാനത്തേയും പാര്‍ട്ടിയെയും തള്ളിവിടുന്നത് പരിഷത്താണെന്നത് മറന്നുകൂടാ. വര്ഗസമരത്തോടോ സോഷ്യലിസത്തോടോ ഒരു താല്‍പ്പര്യവുമില്ല. പാരിഷത്തികതയും പങ്കാളിത്ത ജനാധിപത്യവുമേയുള്ളു. ഇപ്പോള്‍ അവ രണ്ടും അന്യോന്യം പുണരാവുന്ന ഒരു നേരത്തിനു കാത്തിരിക്കുകയാണ്. അതിന്റെ കാര്മികത്വത്തിലേക്കാണ് എം പി പരമേശ്വരന് കടന്നിരിക്കുന്നത്. ആറു മാസംകൊണ്ട് അധികാരരാരോഹണം പൂര്‍ത്തിയാകും. ഇനി കാത്തിരുന്നു കാണാം.
26 നവംബര്‍ 2015