Article POLITICS

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ പെരുമാറ്റച്ചട്ടം മൗലികാവകാശങ്ങളുടെ ലംഘനം

cor demo


ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ വായിക്കാനിടയായ ഒരു വാര്‍ത്ത വെറുതെ വിട്ടുകളയാനാവുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ കലയ്ക്കും സാഹിത്യത്തിനും വിലങ്ങുവീഴുന്നു എന്ന വാര്‍ത്തയാണത്. അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുംവിധം ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്ത് ഉത്തരവ് പുറത്തിറങ്ങിയെന്നും ഇതോടെ മേലുദ്യോഗസ്ഥരുടെ അനുവാദമില്ലാതെ ലേഖനങ്ങളെഴുതാനോ പുസ്തകം പ്രസിദ്ധീകരിക്കാനോ ടി വി റേഡിയോ പരിപാടികളില്‍ പങ്കെടുക്കാനോ നവസാമൂഹിക മാധ്യമങ്ങളില്‍ ഇടപെടാനോ സാധിക്കാതെ വരുമെന്നും വാര്‍ത്ത വിശദീകരിക്കുന്നു.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (1) പൗരന്മാരുടെ ആശയാവിഷ്‌ക്കാരങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഐക്യവും പരമാധികാരവും പൗരന്മാരുടെ ജീവിക്കാനുള്ള അവകാശവും അഭിമാനബോധവും ഹനിക്കാത്ത വിധത്തിലായിരിക്കണം ആശയ സ്വാതന്ത്ര്യം എന്ന നിയന്ത്രണം 19 (2)ല്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ പരമപ്രധാനമാണ്. അത് തടസ്സപ്പെടുത്തുന്ന സങ്കുചിതാധികാര താല്‍പ്പര്യങ്ങളുടെ അടിസ്ഥാന പ്രവണത ജനാധിപത്യനിഷേധമല്ലാതെ മറ്റൊന്നുമല്ല.

സ്വാതന്ത്ര്യാനന്തരം അധികാരമേറ്റ സര്‍ക്കാറുകളെല്ലാം ജനാഭിപ്രായങ്ങളെ ഭയന്നിട്ടുണ്ട്. പൗരന്മാരുടെ ആശയാവിഷ്‌ക്കാരങ്ങള്‍ക്ക് പലവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയത് നാം കണ്ടിട്ടുണ്ട്. ആദ്യ ഗവണ്‍മെന്റിന്റെ കാലത്തുതന്നെ ഇതാരംഭിച്ചു. കോമണ്‍വെല്‍ത്തില്‍ അംഗമാവാനുള്ള ഇന്ത്യയുടെ തീരുമാനം നെഹ്‌റുവിന്റെ തെറ്റായ സമീപനമാണെന്ന് കവിതയിലൂടെ പ്രതികരിച്ചത് ഏറ്റവും പ്രശസ്തനായ കവിയും ഗാനരചയിതാവും സംഗീത സംവിധായകനുമൊക്കെയായിരുന്ന മജ്‌റൂഫ് സുല്‍ത്താന്‍പുരിയാണ്. അദ്ദേഹത്തെ നിയമനടപടികള്‍ക്കു വിധേയനാക്കി രണ്ടു വര്‍ഷത്തെ തടവുശിക്ഷക്കു വിട്ടുകൊടുക്കാനാണ് നെഹ്‌റു ഗവണ്‍മെന്റ് തയ്യാറായത്. മാപ്പപേക്ഷിച്ചാല്‍ നിയമനടപടികളൊഴിവാക്കാമെന്ന് ഗവണ്‍മെന്റ് നല്‍കിയ സൗജന്യം അദ്ദേഹം തിരസ്‌ക്കരിക്കുകയായിരുന്നു. 1951ല്‍ ആദ്യമായി ആശയസ്വാതന്ത്ര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതി കൊണ്ടുവന്നതും നെഹ്‌റുവാണ്. പിന്നീടുവന്ന ഗവണ്‍മെന്റുകള്‍ പത്തൊമ്പതാം വകുപ്പിലെ ഉപ നിര്‍ദ്ദേശങ്ങള്‍ക്കെല്ലാം പലമട്ട് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതോ അവ തെറ്റായി വ്യാഖ്യാനിക്കുന്നതോ നാം കണ്ടിട്ടുണ്ട്.

വിവരാവകാശവും വിദ്യാഭ്യാസാവകാശവുമെല്ലാം കുറെകൂടി ഊന്നിയുറപ്പിക്കപ്പെട്ട ഇക്കാലത്ത് ജനാധിപത്യ ധാരകളെ കൂടുതല്‍ സ്വതന്ത്രവും ഉദാരവും ആക്കേണ്ടതാണ്. അധികാരം വികേന്ദ്രീകരിക്കുക എന്നത് ഇന്നു കേവലമുദ്രാവാക്യമല്ല. അധികാരത്തെക്കുറിച്ചുള്ള അവബോധവും ഉത്തരവാദിത്തവും ജനങ്ങളില്‍ വര്‍ധിച്ചിട്ടേയുള്ളു. ആ അറിവും ഉത്തരവാദിത്തവും ജനങ്ങളോടുള്ള പ്രതിജ്ഞാബദ്ധതയും പൗരജനസേവകരെ ചിലതൊക്കെ തുറന്നു പറയാന്‍ പ്രേരിപ്പിക്കുമോ എന്നു ഭയപ്പെടുന്നവരായി ഭരണാധികാരികള്‍ മാറുന്നുണ്ടെങ്കില്‍ അവര്‍ ജനശത്രുക്കളായിരിക്കുന്നു എന്നേ പറയാനാവൂ. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്തും പറഞ്ഞുകൂടാ എന്ന് ആര്‍ക്കാണറിയാത്തത്? രാജ്യരക്ഷയെ പ്രതികൂലമായി ബാധിക്കുന്നതോ സാമുദായിക സൗഹാര്‍ദ്ദത്തിന് പോറലേല്‍പ്പിക്കുന്നതോ ആയ കാര്യങ്ങള്‍ പുറത്തുവിട്ടാല്‍ നിലവിലുള്ള നിയമംകൊണ്ടുതന്നെ ശിക്ഷിക്കാവുന്നതേയുള്ളു. പുതിയൊരു പെരുമാറ്റചട്ടമുണ്ടാക്കേണ്ട കാര്യമില്ല.

ഭരണഘടന പൗരന്മാര്‍ക്കു നല്‍കിയിട്ടുള്ള അടിസ്ഥാന അവകാശങ്ങളിലൊന്നാണ് ആശയാവിഷ്‌ക്കാര സ്വാതന്ത്ര്യമെന്നും അത് ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് നിഷേധിക്കാനാവില്ലെന്നും (കാമേശ്വര്‍ പ്രസാദ് ബിഹാര്‍ ഗവണ്‍മെന്റിനെതിരെ നല്‍കിയ) ഒരു കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മൗലികാവകാശങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണെന്നാണ് വിധിയുടെ സാരം. സംസ്ഥാന ഗവണ്‍മെന്റുകള്‍ നിര്‍ദ്ദേശിക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്യുന്ന മുറയ്ക്ക് ഇല്ലാതാവുന്നതല്ല പൗരന്മാരുടെ മൗലികാവകാശം എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് പെരുമാറ്റ ചട്ടമുണ്ടാക്കുന്ന കേരള ഗവണ്‍മെന്റ് ഇക്കാര്യം ഓര്‍ക്കുന്നത് നന്ന്.

മൗലികാവകാശം ഉപയോഗിച്ചതിന് ഒരു പൗരന്‍ ശികിഷിക്കപ്പെടുകയാണെങ്കില്‍ ശിക്ഷിക്കപ്പെടുന്നത് ഭരണഘടന തന്നെയാവും. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശം നിഷേധിക്കുന്ന വിധത്തില്‍ ഉത്തരവിറക്കാനോ നിയമ നിര്‍മാണം നടത്താനോ സംസ്ഥാന ഗവണ്‍മെന്റിന് അധികാരമുണ്ടോ എന്നതാണ് പ്രശ്‌നം. ഞാനൊരു നിയമ പണ്ഡിതനല്ലാത്തതുകൊണ്ട് ഇത്തരമൊരു സംശയമുന്നയിക്കാനേ കഴിയൂ. അതിനു പ്രേരിപ്പിക്കുന്ന കോടതി വിധികള്‍ പൊതു ശ്രദ്ധയില്‍കൊണ്ടുവരേണ്ടത് എന്റെ ഉത്തരവാദിത്തവുമാണ്. കാമേശ്വര്‍ പ്രസാദിന്റെ കേസിനാസ്പദമായ സംഭവം ബിഹാര്‍ ഗവണ്‍മെന്റ് 1957ല്‍ ജീവനക്കാരുടെ പെരുമാറ്റചട്ടം സംബന്ധിച്ചു പുറത്തിറക്കിയ ഒരു ഉത്തരവാണ്. പ്രകടനങ്ങളിലോ പ്രക്ഷോഭങ്ങളിലോ പങ്കെടുക്കുന്നത് വിലക്കുന്ന ഉത്തരവായിരുന്നു അത്. അഭിപ്രായങ്ങള്‍ പറയാനും പ്രകടിപ്പിക്കാനുമുള്ള അവകാശത്തെ നിഷേധിക്കുന്നുവെന്ന് ആരോപിച്ചു കാമേശ്വര്‍ കോടതിയെ സമീപിച്ചു. സുപ്രീംകോടതി ആ വാദം ശരിവെച്ച് ബിഹാര്‍ ഗവണ്‍മെന്റിന്റെ ചട്ടം മൗലികാവകാശങ്ങള്‍ക്കെതിരാണെന്ന് വിധിച്ചു.

കേരളത്തില്‍ ഗവണ്‍മെന്റ് ചെന്നുപെട്ട അഴിമതിയുടെയും കൃത്യവിലോപത്തിന്റെയും കഥകള്‍ ഉദ്യോഗസ്ഥരിലൂടെ പുറത്തു വന്നേക്കുമോ എന്ന ഭയമാണ് ഇത്തരം എടുത്തുചാട്ടങ്ങള്‍ക്ക് അവരെ പ്രേരിപ്പിക്കുന്നത്. ബാര്‍ക്കോഴ കേസില്‍ കോടതിവിധി സ്വാഗതാര്‍ഹമാണ് എന്നു പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥന്‍ ഗവണ്‍മെന്റ് താല്‍പ്പര്യത്തിന് എതിര്‌നിന്നു എന്നപേരില്‍ വിശദീകരണം നല്‍കേണ്ടിവരുന്നു. നീതിയുടെ കൂടെയല്ല നിയമപാലകന്‍ നില്‍ക്കേണ്ടത്, സംശയമുനമ്പിലുള്ള മന്ത്രിമാരുടെ കൂടെയാണ് എന്നാണ് ഗവണ്‍മെന്റ് പരോക്ഷമായി സൂചിപ്പിച്ചത്. ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്താന്‍ തനിക്കറിയാമെന്ന് മുഖ്യമന്ത്രി ഭാവിക്കുന്നതും കണ്ടു. ഇവ്വിധം സങ്കുചിതവും ജനവിരുദ്ധവുമായ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ചട്ട നിര്‍മാണം നടത്താമെന്ന് കരുതുന്നത് അഴിമതിയെ ഭരണ ലക്ഷ്യമായി പ്രഖ്യാപിക്കുന്നതിന് തുല്യമാണ്.

എത്രയോ സര്‍ഗാത്മക എഴുത്തുകാരും കലാകാരന്മാരും ഗവണ്‍മെന്റ് സര്‍വ്വീസിലുണ്ട്. അവര്‍ക്കെല്ലാം ഇനി അരസികരായ മേലുദ്യോഗസ്ഥന്റെ അനുവാദം കാത്തു കിടന്നേ കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനാവൂ എന്നു വരുന്നത് അശ്ലീലമാണ്. അഭിപ്രായം പറയുന്നവരെ കൊന്നു കളയുന്ന ഫാസിസ്റ്റ് മനസ്സുതന്നെയാണ് കേരളത്തിലും വെളിപ്പെടുന്നത്. ആളുകളെ വന്ധ്യംകരിച്ച് ജനങ്ങളെ കൊള്ളയടിക്കാമെന്നാണോ ഗവണ്‍മെന്റ് കരുതുന്നത്? ഏതു താല്‍പ്പര്യമാണ് ഇത്തരമൊരു ഉത്തരവിലൂടെ അവര്‍ സംരക്ഷിക്കാനുദ്ദേശിക്കുന്നത്? ജനാധിപത്യബോധമുള്ള ഏതൊരാളും ഈ നീക്കത്തെ ചെറുത്തേ മതിയാവൂ. ജനങ്ങളുടെ വായ്മൂടിക്കെട്ടിയതുകൊണ്ട് കള്ളന്മാര്‍ക്കും കോര്‍പറേറ്റ് ദല്ലാളന്മാര്‍ക്കും രക്ഷപ്പെടാനാവുമോ?

22 നവംബര്‍ 2015

 

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )