Article POLITICS

ഷൊര്‍ണൂരില്‍നിന്ന് ഒട്ടും ദൂരെയല്ല ഒഞ്ചിയം

 

cpm
ഇണങ്ങാനും പിണങ്ങാനും സി പി എം വേണം എന്നതാണ് ആ പാര്‍ട്ടി വിട്ടുപോന്നവരുടെയും പുറത്താക്കപ്പെട്ടവരുടെയും ഏകദേശ സ്ഥിതി. സിപിഎമ്മിനകത്തുള്ളവരോ അതിന്റെ അഭ്യുദയകാംഷികളോ അത്രയും അഗാധമായി ആ പ്രസ്ഥാനത്തെ ആശ്രയിക്കുന്നില്ല. വേറിട്ടുപോന്നവര്‍ അഭിമാനപൂര്‍വ്വം സ്വീകരിക്കുന്ന മാതൃകയും പാരമ്പര്യവും സി പി എമ്മിന്റേതാണ്. ഏതൊരു വഴിപ്പിശകിനോടാണോ തങ്ങള്‍ കലഹിച്ചത് അതേ പിശകിലൂടെ മുന്നേറുന്നതിന് ഒരോര്‍മ്മയും അവര്‍ക്കു തടസ്സം നില്‍ക്കുന്നില്ല. ഭാവിയുടെ രാഷ്ട്രീയത്തെ എത്രമാത്രം ലഘുവും താല്‍ക്കാലികാവശ്യങ്ങളില്‍ കറങ്ങുന്നതുമാക്കാന്‍ കഴിയുമോ അത്രയുമാണ് ലക്ഷ്യം. ആഗോളതലത്തിലും രാജ്യത്തുമുണ്ടാകുന്ന പുതിയ സ്ഥിതിവിശേഷങ്ങള്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും മുന്നേറ്റത്തിന്റെയും അനിവാര്യത ഉറക്കെ വിളിച്ചോതുമ്പോഴും അതറിയാതെ ഏറെ ചെറുതും താല്‍ക്കാലികവുമായ മുദ്രാവാക്യങ്ങളില്‍ കുരുങ്ങി സ്വന്തം തട്ടകത്തിനപ്പുറത്തേക്കുള്ള കാഴ്ച്ച നഷ്ടപ്പെട്ടവരായി അവര്‍ മാറിയിരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ആര്‍ എം പി അകപ്പെട്ട പ്രതിസന്ധി പൊടുന്നനെ രൂപപ്പെട്ടതല്ല.

ഒഞ്ചിയത്തുനിന്നു നോക്കുമ്പോള്‍, തങ്ങളുടെ പ്രിയപ്പെട്ട സഖാവ് ചന്ദ്രശേഖരനെ കൊന്നവരോടുള്ള രോഷവും പകയും അവരില്‍ നീറിനില്‍ക്കുന്നത് ആര്‍ക്കും കാണാനാവും. സി പി എമ്മിലെ വലതു വ്യതിയാനങ്ങളോടു പൊരുതി ഇടതുപക്ഷ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കാനാണല്ലോ ടി പി ചന്ദ്രശേഖരന്‍ ശ്രമിച്ചത്. വലതു വ്യതിയാനങ്ങള്‍ വരുത്തിവെച്ച ജീര്‍ണതകളുടെ ഇരയായാണ് ഒടുവില്‍ ടി പി മാറിയത്. ടി പിയെ കൈവിടാനാവാത്തവര്‍ വലതുപക്ഷ ജനവിരുദ്ധ രാഷ്ട്രീയത്തെയാണ് ഒന്നാമത്തെ ശത്രുവായി കാണേണ്ടത്. ആ രാഷ്ട്രീയം സിപിഎമ്മിനെ എന്തുമാത്രം ജനവിരുദ്ധ നിലപാടുകളിലേക്ക് എത്തിച്ചുവെന്ന് നാം കണ്ടതാണ്. കൊലപാതകത്തിലെ പങ്കാളിത്തം മാത്രമല്ല, കൊലയാളികളെ സംരക്ഷിക്കാനും ശുശ്രൂഷിക്കാനും കാണിച്ച വെമ്പലും ഏറെ തരംതാഴ്ന്നതായിരുന്നു. സോഷ്യലിസ്റ്റ് മാനവികതയുടെ വക്താക്കള്‍ക്ക് എങ്ങനെയാണ് ഇത്ര ജനവിരുദ്ധവും നീചവുമായ നിലപാടിലേക്ക് മൂക്കുകുത്തി വീഴാനാവുക എന്ന സംശയം ദുരീകരിക്കപ്പെടുന്നത് ആ പ്രസ്ഥാനം ചെന്നുപെട്ട സോഷ്യലിസ്റ്റ് വിരുദ്ധവും കമ്പോളം നിര്‍ണയിക്കുന്നതുമായ കോര്‍പറേറ്റ് (മുതലാളിത്ത)ജനാധിപത്യത്തിന്റെ വഴുപ്പന്‍നിലം വെളിപ്പെടുന്നതോടെയാണ്. ഇതാണവരെ ജനങ്ങളില്‍നിന്നും ജനകീയ സമരങ്ങളില്‍നിന്നും അകറ്റിയത്. ഉയര്‍ന്നുവന്ന പുതിയ മധ്യവര്‍ഗ സമൂഹത്തിനപ്പുറം കീഴാള മര്‍ദ്ദിത സമൂഹങ്ങളുണ്ടെന്നു കാണാനുള്ള കാഴ്ച്ച മറച്ചത്. ആഗോളവത്ക്കരണത്തിന്റെ ഇരമ്പിവരവില്‍ ലോകത്തെ മിക്ക കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും ഇത്തരം പിശകുകള്‍ പറ്റിയിട്ടുണ്ട്. ആ പ്രസ്ഥാനങ്ങളെല്ലാം ഇപ്പോള്‍ വീണ്ടുവിചാരത്തിന്റെയും തിരിച്ചുവരവിന്റെയും പാതയിലാണ്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കകത്തും തെറ്റു തിരുത്താനുള്ള പ്രേരണ വളരെ സജീവമാണ്. അതിന്റെ പ്രതിഫലനം സി പി എമ്മിന്റെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നാം കാണുകയും ചെയ്തു. ഇംഗ്ലണ്ടിലെ ലേബര്‍ പാര്‍ട്ടിപോലും അങ്ങനെയൊരു മാറ്റത്തിനാണ് വിധേയമായത്. അവരുടെ തിരുത്തല്‍ സമീപകാലത്തെ വലിയ വാര്‍ത്തയായിരുന്നു. സിപിഎം കോണ്‍ഗ്രസ് ആ ദിശയിലുള്ള തീരുമാനങ്ങളെടുക്കുമ്പോഴും കേരളത്തിലെ പാര്‍ട്ടി പ്രത്യക്ഷമായ തെറ്റുതിരുത്തലുകള്‍ക്ക് തയ്യാറാവുകയോ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വിശാലമായ ഐക്യം എന്ന സമകാല കടമ ഏറ്റെടുക്കുകയോ ചെയ്തില്ല.

തൊണ്ണൂറ്റൊമ്പതു ശതമാനത്തിനും ജീവിതം ദുസ്സഹമാക്കുന്ന കോര്‍പറേറ്റ് മുതലാളിത്തത്തിനെതിരെ ലോകമെമ്പാടും പ്രതിരോധങ്ങളുയര്‍ന്നു വരുന്നു. തൊഴിലാളി കീഴാള മര്‍ദ്ദിത സമൂഹങ്ങളുടെ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുന്നു. ഇന്ത്യയിലാകട്ടെ, കുറെകൂടി ഗൗരവതരമായ സ്ഥിതിവിശേഷമാണുള്ളത്. മധ്യകാല മതവരേണ്യതയുടെ വിഴുപ്പുകള്‍ നവഫാസിസമായി തിടംവെക്കാനുള്ള പുറപ്പാടിലാണ്. എല്ലാ വേര്‍തിരിവുകളെയും അന്യോന്യം കലഹിക്കുന്ന വന്‍ വിഭജനങ്ങളാക്കിത്തീര്‍ക്കുന്ന സങ്കുചിതബോധം പരക്കെ നിറയുന്നു. ഈ സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടല്ലാതെ ഒരു ഇടതുപക്ഷ പ്രസ്ഥാനത്തിനും ഇന്നു പ്രവര്‍ത്തിക്കാനാവില്ല. സി പി എം മുതല്‍ ആര്‍ എം പി വരെയുള്ള പ്രസ്ഥാനങ്ങള്‍ക്ക് ഇതു ബാധകമാണ്.

ദൗര്‍ഭാഗ്യവശാല്‍ ആര്‍ എം പിക്ക് മുഖ്യശത്രു സി പി എമ്മും സി പി എമ്മിന് ഒഞ്ചിയത്തെങ്കിലും മുഖ്യശത്രു ആര്‍ എം പിയുമാണ്. ഈ പകയുടെ രാഷ്ട്രീയത്തിനപ്പുറം കാണാത്തവര്‍ക്ക് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ കഴിയുന്നതെങ്ങനെയാണ്? ഒഞ്ചിയത്ത് ലീഗ് പിന്തുണച്ചത് ശരിയായോ?, ചോറോട് യു ഡി എഫിനെ പിന്തുണച്ചില്ലേ? എന്നിങ്ങനെ ഒരു ഭാഗത്തും കൊണ്ടോട്ടിയില്‍ കോണ്‍ഗ്രസ് പഥ്യമായതെങ്ങനെ? മലപ്പുറത്ത് ലീഗ് പിന്തുണച്ച പഞ്ചായത്തുമുണ്ടല്ലോ എന്നിങ്ങനെ മറുപുറത്തും ആയുധമേന്തി അങ്കം വെട്ടുന്നത് ഇടതുരാഷ്ട്രീയത്തെ രക്ഷിക്കാനാവില്ലെന്ന് തീര്‍ച്ച. ജനങ്ങളുടെ ഇച്ഛയും ജനകീയ രാഷ്ട്രീയവും ആവശ്യപ്പെടുന്നത് അങ്ങനെയൊരു പോരല്ല.
ഇടതു രാഷ്ട്രീയത്തിനകത്ത് സൈദ്ധാന്തികവും പ്രായോഗികവുമായ വേര്‍തിരിവുകളും വിമര്‍ശനങ്ങളും നിലനില്‍ക്കെത്തന്നെ കോര്‍പറേറ്റ് ഭീകരതക്കും വരേണ്യഫാസിസത്തിനും എതിരെ പൊതു ഐക്യം വളര്‍ന്നുവരേണ്ടതുണ്ട്. അങ്ങനെയൊരു ഐക്യത്തിനും മുന്നേറ്റത്തിനും തടസ്സമാകുന്ന ഘടകം എന്താണെന്ന് പരിശോധിക്കാന്‍ ഇടതുകക്ഷികള്‍ തയ്യാറാവണം. അത് കണ്ടെത്തി തിരുത്തുക എന്നത് അനിവാര്യമായി നിറവേറ്റേണ്ട പ്രാഥമിക പ്രവൃത്തിയാണ്. സിപിഎം പൊടുന്നനെ ഫാസിസ്റ്റ് പ്രസ്ഥാനമായി എന്ന മട്ടിലുള്ള കണ്ടെത്തലുകളാണ് ആര്‍ എം പി നടത്തുന്നതെങ്കില്‍ അത് തീവ്രവലതുപക്ഷത്തെ വെള്ളപൂശുന്നതിനു സമമാണ്. ഫാസിസ്റ്റ് പ്രവണത പ്രകടിപ്പിച്ചുവെന്നോ ആ മനോഭാവം പലപ്പോഴും തലപൊക്കുന്നുവെന്നോ പറയുന്നതായിരിക്കും കൂടുതല്‍ ശരി. ജനാധിപത്യകേന്ദ്രീകരണത്തിന്റെ തത്വങ്ങള്‍ അതിന്റെ സത്തയുപേക്ഷിച്ചു നടപ്പാക്കുമ്പോള്‍ അത് ഏകാധിപത്യപരമായ ഒരു ക്രമമായി മാറുക എളുപ്പമാണ്. അത് സി പി എമ്മായാലും ആര്‍ എം പിയായാലും ഒരേമട്ടാണ് പ്രാവര്‍ത്തികമാവുക. അതു ഫാസിസമാണ് എന്ന് വിധിക്കുന്നത് ഫാസിസത്തെപറ്റിയുള്ള അജ്ഞത വെളിവാക്കാനേ ഉപകരിക്കൂ.

അപരനെ തോല്‍പ്പിക്കാന്‍ ഇടതു രാഷ്ട്രീയത്തില്‍ വെള്ളം ചേര്‍ക്കുകയല്ല രണ്ടു കൂട്ടരും ചെയ്യേണ്ടത്. വലതുപക്ഷ കോര്‍പറേറ്റ് അധിനിവേശത്തിനും വരേണ്യഫാസിസ്റ്റ് കോയ്മക്കും ഇടമനുവദിക്കുകയില്ല എന്നു പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്തുകൊണ്ടാണ് തങ്ങളുടെ രാഷ്ട്രീയത്തെ വിജയിപ്പിക്കേണ്ടത്. അവിടെ വിട്ടുവീഴ്ച്ച ചെയ്യുംതോറും സ്വയം പരാജയപ്പെടുത്തുന്നവരായി, ഇരിക്കുന്ന കൊമ്പു മുറിക്കുന്നവരായി മാറുകയും ചെയ്യും.

ഷൊര്‍ണൂരില്‍ 2010ലെ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് പിന്തുണയോടെയാണ് ജനകീയ വികസന മുന്നണി അധികാരത്തിലെത്തിയത്. ഇടതുപക്ഷ ഏകോപന സമിതിയുടെ പൊതു തീരുമാനം അവിടെ നടപ്പാക്കാനായില്ല. ഏറെക്കുറെ അതേ അവസ്ഥയാവണം ആര്‍ എം പി ഇപ്പോള്‍ നേരിടുന്നത്. സംസ്ഥാന സമിതിയുടെ തീരുമാനം ഒഞ്ചിയത്ത് സ്വീകരിക്കപ്പെട്ടില്ല. രണ്ടിടത്തും സംസ്ഥാന സെക്രട്ടറിയുടെ പ്രദേശത്താണ് പ്രതിസന്ധിയുണ്ടായത്. ഇതിനര്‍ത്ഥം ബദലൊരുക്കാന്‍ പുറപ്പെടുമ്പോള്‍ നിര്‍വ്വഹിക്കേണ്ട രാഷ്ട്രീയ ജാഗ്രത പാലിക്കുന്നതില്‍ വീഴ്ച്ച വന്നുവെന്നാണ്. തെരഞ്ഞെടുപ്പിനു മുമ്പേ സ്വീകരിച്ച പൊതു നിലപാടിന്റെ ഭാരമാണ് തെരഞ്ഞെടുപ്പിനു ശേഷവും വേട്ടയാടുന്നത്. മുഖ്യശത്രു ആരാണെന്ന നിലപാടില്ലായ്മയാണത്. സി പി എമ്മിനെ തോല്‍പ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ അതിന് ആരുടെ വോട്ടും പിന്തുണയും വാങ്ങാം. വലതുപക്ഷ (മുതലാളിത്ത) രാഷ്ട്രീയ നിലപാടുകള്‍ക്കെതിരാണ് പോരാട്ടമെങ്കില്‍ വിയോജിപ്പുകള്‍ നിലനില്‍ക്കെത്തന്നെ ഇടതുപക്ഷത്തേ യോജിപ്പുണ്ടാക്കാനാവൂ. അത്തരം ഐക്യത്തിന് ഒരുപാട് വിട്ടുവീഴ്ച്ചയും ത്യാഗവും ആവശ്യമായേക്കാം. ആര്‍ എസ് പി, എല്‍ ഡി എഫ് വിട്ടുപോകാനിടയായത് ഇത്തരമൊരു ലക്ഷ്യം പ്രധാനമായി കണക്കാക്കാന്‍ സി പി എമ്മിനു സാധിക്കാത്തതുകൊണ്ടാണ്. സങ്കുചിത പാര്‍ട്ടി താല്‍പ്പര്യങ്ങളും രാജ്യത്തെ ജനങ്ങളുടെ താല്‍പ്പര്യവും ഏറ്റുമുട്ടുമ്പോള്‍ ഏതിനാണ് ഊന്നല്‍ നല്‍കേണ്ടതെന്ന് ഇപ്പോഴും വ്യക്തതയില്ലെന്നര്‍ത്ഥം.

രാജ്യത്തെ വലതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളുമായി ഒരു തരത്തിലുള്ള ഐക്യവും പാടില്ലെന്ന ധാരണയും ശരിയല്ല. സാഹചര്യത്തിന്റെ ഗൗരവമാണ് ഏതുതരം ബന്ധങ്ങളും ധാരണയും വേണമെന്ന് നിശ്ചയിക്കുക. അതു പക്ഷെ ജനങ്ങളെ വിശ്വാസത്തിലെടുത്തും അവര്‍ക്കു ബോധ്യപ്പെടുന്ന വിധത്തിലുമാകണം. ലോകത്തെങ്ങും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ സോഷ്യല്‍ ഡമോക്രാറ്റുകളുമായും ജനാധിപത്യ കക്ഷികളുമായും ഇത്തരം ധാരണകളിലേര്‍പ്പെടാറുണ്ട്. അത് വലിയ ഫാസിസ്റ്റ് ഭീഷണികളെ ചെറുക്കാനോ അപകടകരമായ ആധിപത്യങ്ങളെ തുരത്താനോ ഒക്കെയാണുണ്ടാവുക. തൊട്ടുകൂടായ്മ എന്ന കേവലശാഠ്യത്തിന് രാഷ്ട്രീയത്തില്‍ ഇടമില്ല. ഇന്നത്തെ ഇന്ത്യന്‍ സന്ദര്‍ഭത്തില്‍ കോര്‍പറേറ്റ് ചൂഷണത്തിന്റെ അതിഭീകരമായ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. അതിന് തണല്‍വിരിക്കുന്ന വലതു പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്തുകയും ദുര്‍ബ്ബലമാക്കുകയും ചെയ്യാതെ ഒരു തരത്തിലുള്ള പുരോഗതിയും സാധ്യമല്ല. അതിന് ആദ്യം രൂപപ്പെടേണ്ടത് ഇവയ്‌ക്കെതിരായ വിട്ടു വീഴ്ച്ചയില്ലാത്ത നിലപാടെടുക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ധാരകളുടെ ഐക്യമാണ്. അതിനൊപ്പമാവട്ടെ രാജ്യത്തെമ്പാടും മുളച്ചു തെഴുത്തു വളരുന്ന സാമൂഹിക ഇടതുപക്ഷ സമരമുന്നേറ്റങ്ങളെ കൂട്ടിയോജിപ്പിക്കുകയും വേണം.

ഏതൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്നു തിരിച്ചറിഞ്ഞു പക്വവും വിപ്ലവകരവുമായ നിലപാട് സ്വീകരിക്കേണ്ട പ്രസ്ഥാനങ്ങള്‍ കൊച്ചുവര്‍ത്തമാനങ്ങളും പകപോക്കലുകളുമായി നേരം കളയുകയാണെങ്കില്‍ മുമ്പു ഭയപ്പെട്ട പുലി അകത്തുകയറി മേയും. പിന്നെ ഒന്നിനും സമയം അവശേഷിക്കുകയില്ല.

19 നവംബര്‍ 2015

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )