Article POLITICS

ചന്‍സിന്റെ ചിത്രങ്ങള്‍ വീണ്ടെടുക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യത

chandrasekharan-chans-1327585371-logo1

 

കഴിഞ്ഞദിവസം സച്ചിന്‍ ടെന്‍ഡുല്‍ക്കറോട് മോശമായി പെരുമാറിയ ബ്രിട്ടീഷ് എയര്‍വേസിനോട് കടുത്ത അപ്രീതിയും പ്രതിഷേധവുമാണ് രാജ്യത്തുണ്ടായത്. ലോകമറിയുന്ന സച്ചിനോട് മുഴുവന്‍ പേരെന്താണെന്നും വിലാസമെന്താണെന്നും പോദിച്ചതാണ് അവഹേളനപരമായി തോന്നിയത്. ഉദ്യോഗസ്ഥന്‍ പിന്നീട് മാപ്പപേക്ഷിക്കുകയും ഉണ്ടായത്രെ.

മലയാളികളെ വേദനിപ്പിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്യേണ്ടിയിരുന്ന ഒരനുഭവം തെല്ലു കുറ്റബോധത്തോടെ ഓര്‍ത്തുപോകുന്നു. 2014 ജൂണ്‍ 19ന് കാനഡയിലെ ടൊറാന്റോയിലെ ഒരു ചിത്ര പ്രദര്‍ശനത്തിനു ശേഷം മടങ്ങുകയായിരുന്ന പ്രശസ്ത ചിത്രകാരന്‍ ചന്‍സി(ചന്ദ്രശേഖര)ന്റെ അറുപത്തിയഞ്ചു പെയിന്റിംഗ്‌സാണ് നഷ്ടമായത്. എയര്‍ കാനഡയുടെയും ഇത്തിഹാദ് എയര്‍വെയ്‌സിന്റെയും നിരുത്തരവാദപരമായ സമീപനം ഞെട്ടിക്കുന്നതായിരുന്നു. ഒരു പുരുഷായുസ്സിന്റെ സര്‍ഗാത്മകാവിഷ്‌ക്കാരങ്ങള്‍ ഒന്നിച്ചു കൊള്ളയടിക്കപ്പെട്ടിരിക്കുന്നു. കൈമോശംവന്നു എന്നു വളരെ ലാഘവത്തോടെ പറഞ്ഞു നില്‍ക്കാവുന്ന ഒരു നഷ്ടമല്ല സംഭവിച്ചത്. ലക്ഷങ്ങളല്ല കോടികള്‍ വിലമതിക്കുന്ന ചിത്രങ്ങളാണവ. അതിനൊപ്പം വേറെ ബാഗുകളില്‍ കരുതിയ ഏഴായിരത്തി ഇരുന്നൂറു ഡോളര്‍ രൂപയും ലാപ്‌ടോപ്പും ടാബും വസ്ത്രങ്ങളും ചന്‍സിനോടൊപ്പം കോഴിക്കോട്ടെത്തിയില്ല. വിമാനക്കമ്പനികളുമായി കത്തിടപാടുകള്‍ നടത്തിയെങ്കിലും അവരൊന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് ചിത്രങ്ങള്‍ തിരികെ എത്തിക്കാനോ നഷ്ടപരിഹാരത്തുക നല്‍കാനോ സന്നദ്ധമായില്ല. ലഗേജ് നഷ്ടമായാല്‍ അനുവദിക്കാവുന്ന വലിയ തുക അറുന്നൂറു ഡോളറാണെന്നാണ് അവരുടെ പക്ഷം.

ചന്‍സ് കഴിഞ്ഞ നാലു പതിറ്റാണ്ടായി നമ്മുടെ കലാഭാവുകത്വത്തെ പുതുക്കിക്കൊണ്ടിരിക്കുന്നു. പ്രമുഖ വാരികകളില്‍ വരക്കുന്ന ഇല്ലസ്‌ട്രേഷനുകളിലൂടെയാണ് മലയാളികള്‍ അദ്ദേഹത്തെ പരിചയപ്പെട്ടത്. തുടക്കത്തിലേ കറുത്ത കനമുള്ള വരകളിലും ഷെയ്ഡുകളിലും ഉണര്‍ന്ന രൂപങ്ങള്‍ക്ക് ഒരു കീഴാളലാവണ്യമുണ്ടായിരുന്നു. നമ്പൂതിരിയുടെ നേര്‍ത്ത വരകള്‍ക്കും എ എസ്സിന്റെ വിശദാഖ്യാനങ്ങള്‍ക്കും ഇടയിലാണ് ചന്‍സിന്റെ സവിശേഷമുദ്രകളെന്ന് ചിലരൊക്കെ വിലയിരുത്തിയിട്ടുണ്ട്. ആ വരകള്‍ക്ക് ഉള്‍ക്കരുത്തുണ്ടെന്ന് നമ്പൂതിരി നല്‍കിയ അംഗീകാരം വെറുതെയല്ല. ദേശാഭിമാനിയുടെ പഴയ ലക്കങ്ങളില്‍ കാണുന്തോറും വിസ്മയമുളവാക്കുന്ന വരയുടെ ആ ചൈതന്യമുണ്ട്. ശിവരാമകാരന്തിന്റെ ചൊമനതുടിക്കും സെല്‍വരാജിന്റെ തേയിലക്കാടിനും ചന്‍സ് ചമച്ച ദൃശ്യാഖ്യാനം ഓര്‍മയില്‍നിന്നു മാഞ്ഞിട്ടില്ല. പിന്നീട് ഇന്ത്യാ ടുഡെയിലും ഇപ്പോള്‍ മലയാളം , ജനശക്തി വാരികകളിലും ആ ചിത്രാഖ്യാനം പുതിയ സാങ്കേതികവിതാനങ്ങളെ അനായാസമായി മറികടന്നാണ് പ്രതിബോധലാവണ്യത്തിന്റെ തുടര്‍ച്ചകളുണ്ടാക്കുന്നത്.

പെയന്റിംഗ്‌സിലാണെങ്കില്‍ കടുത്ത നിറങ്ങളും പടരുന്ന നിഴലുകളും ഒരു പിന്നാമ്പുറക്കാഴ്ച്ചയുടെ പൊട്ടിത്തെറിക്കുന്ന നിശബ്ദത ഉള്ളിലേറ്റുന്നുണ്ട്. അംഗീകൃത ചിട്ടകളുടെയും ലാവണ്യത്തെളിമയുടെയും അനുഭവലോകത്തെങ്ങും നേര്‍ബോധത്തോടെ ചെന്നിരിക്കാന്‍ ചന്‍സിനാവില്ല. പൂമുഖമല്ല പിന്നാമ്പുറമാണ് എന്നപോലെ തെളിഞ്ഞുകിട്ടാത്ത ഒളിലോകമാണ് തനിക്കു വരക്കാനുള്ള സങ്കടങ്ങളും സംഘര്‍ഷങ്ങളുമുള്ള കീഴാളലോകമെന്ന് ചന്‍സ് നേരത്തേ നിശ്ചയിച്ചതാണ്. അംഗീകൃത ചിത്രകാരന്മാരുടെ പന്തിയിലും അക്കാദമികളിലും എപ്പോഴും പിന്‍തള്ളപ്പെട്ടുപോകുന്നത് ഈ തന്റേടം മൂലമാണ്. കോടികള്‍ വിലപേശാന്‍ ചിത്രവ്യാപാരത്തിന്റെ വിപണിയില്‍ ഈ കീഴാള സ്വത്വവും അതിന്റെ നിഷേധമൂല്യവും അടിയറവെച്ചുകൂടാ എന്ന വാശിയാണ് ചന്‍സ്. ചുവപ്പും കറുപ്പും അല്‍പ്പമധികം വാര്‍ന്നുവീഴുന്ന ബ്രഷുകളില്‍ പച്ചയും മഞ്ഞയും താളം തെറ്റിച്ചുകൂടാ എന്നത് അദ്ദേഹത്തിന് ഒരു സ്വകാര്യ നിര്‍ബന്ധം എന്നതിലധികം രാഷ്ട്രീയ പ്രഖ്യാപനമാകുന്നു.

കലയില്‍ അതിഭാവുകത്വത്തിന്റെ നിഴലുകളല്ല ക്ലാസിക് രീതികളുടെ തുടര്‍ച്ചവിടാതെയുള്ള നിരന്തര നവീനക്ഷമമായ ഒരു റിയലിസ്റ്റിക് ശൈലിയാണ് ചന്ദ്രശേഖരനെ വ്യത്യസ്തനാക്കുന്നതെന്ന് എം എന്‍ വിജയന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സാങ്കേതിക വികാസങ്ങളെ ഉള്‍ക്കൊള്ളാന്‍ ചന്‍സ് പ്രകടിപ്പിച്ച ഔത്സുക്യവും ശേഷിയും പ്രശംസാവഹമാണെന്നും അദ്ദേഹം എഴുതി. മുഖ്യധാരയില്‍നിന്ന് എപ്പോഴും വേറിട്ടു നിന്നതുകൊണ്ടാവണം മലയാളിയുടെ ഭാവുകത്വത്തെ മാറ്റിമറിക്കാനിടയാക്കിയ അദ്ദേഹത്തിന്റെ സംഭാവനകള്‍ വേണ്ടവിധം വിലയിരുത്തപ്പെട്ടില്ല. അതിനൊരു അപവാദം പറയാവുന്നത് സോമന്‍ കടലൂര്‍ എഴുതിയ ശ്രദ്ധേയമായ പഠനം മാത്രമാണ്. ചന്‍സിന്റെ വരകളുടെ കലാപലാവണ്യം സോമന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ലളിതകലാ അക്കാദമി എക്‌സിക്യൂട്ടീവ് അംഗമായും പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന സമിതി അംഗമായും ചന്‍സ് പ്രവര്‍ത്തിച്ചിട്ടുണ്ട്. എയര്‍കനഡയില്‍നിന്നും ഇത്തിഹാദ് എയര്‍വേസില്‍നിന്നും ചന്‍സിനുണ്ടായ ദുരനുഭവം യഥാര്‍ത്ഥത്തില്‍ കേരളത്തിനാണ് വലിയ നഷ്ടം വരുത്തിയത്. നമ്മുടെ ചിത്രങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. പക്ഷെ നമ്മുടെ ഭരണകൂടം അനങ്ങിയില്ല. അക്കാദമികള്‍ പ്രതിഷേധിച്ചില്ല. നഷ്ടത്തിലും ദുഖത്തിലും ചന്‍സ് ഒറ്റയ്ക്കായി. അറുനൂറു ഡോളര്‍ കൈപ്പറ്റി തൃപ്തിപ്പെട്ടോളൂ എന്നാണ് കമ്പനികള്‍ പറഞ്ഞത്. സാധാരണക്കാരനായ ഏതൊരു മനുഷ്യനെയുംപോലെ ഈ വലിയ ലോകത്തിനു മുന്നില്‍ അദ്ദേഹവും പകച്ചുനിന്നു. ഒരു ജീവിതത്തിന്റെ മുഴുവന്‍ സമ്പാദ്യവും ഒറ്റയാത്രകൊണ്ട് കൊള്ളയടിക്കപ്പെട്ട ഒരാളെ നമുക്കു സങ്കല്‍പ്പിക്കാവുന്നതേയുള്ളു. ആ നഷ്ടത്തില്‍ പരിതപിക്കാനോ വിമാനക്കമ്പനികളെക്കൊണ്ട് ചിത്രം കണ്ടെടുപ്പിക്കാനോ ആവശ്യമായ പ്രതിഷേധം കേരളത്തിലുയര്‍ന്നു വരാത്തതെന്തേ? സാംസ്‌ക്കാരിക കേരളം ഏതൊരു കൊച്ചു വിഷയത്തിലും അതി തീവ്രമായി പ്രതികരിച്ചു കണ്ടിട്ടുണ്ട്. ഏറെക്കുറെ ശ്രദ്ധേയനും പ്രമുഖനുമായ ഒരു ചിത്രകാരന് ഇത്തരം അനുഭവമുണ്ടാകുമ്പോള്‍ ആ നാവുകള്‍ നിശബ്ദമായത് എന്തുകൊണ്ടാവും?

കൊള്ളയടിക്കപ്പെട്ടത് ഭാവിയിലേക്കുള്ള നമ്മുടെ ഈടുവെപ്പുകളാണ്. ചവിട്ടി മെതിക്കപ്പെട്ടത് മലയാളിയുടെ അഭിമാനമാണ്. സച്ചിനെ പ്രതി വിലപിക്കുന്നവര്‍ ഇതുകൂടി ഒന്നോര്‍ക്കണം. ചന്‍സിന്റെ ചിത്രങ്ങള്‍ വീണ്ടെടുക്കാന്‍ ഗവണ്‍മെന്റ് ഇടപെടണം. അതിനുവേണ്ട സമ്മര്‍ദ്ദങ്ങള്‍ എല്ലാഭാഗത്തുമുണ്ടാവണം. ആ കലാകാരന്റെ പോരാട്ടത്തില്‍ ഐക്യപ്പെടാനും മലയാളിയുടെ അഭിമാനം വീണ്ടെടുക്കാനും ഇനിയും വൈകിക്കൂടാ.

d-86-chandrasekharan-chans c92-chandrasekharan-chans a-57-chandrasekharan-chans

15 നവംബര്‍ 2015

 

1 അഭിപ്രായം

  1. പിങ്ബാക്ക് KAZHCHA കാഴ്ച | Vallikunnu Online

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )