Article POLITICS

തൊട്ടുതീണ്ടുന്ന കുട്ടികള്‍ ചരിത്രമെഴുതട്ടെ

farook-college1

സേവനം വ്യവസായമായിത്തീരുമ്പോള്‍ നിക്ഷേപകന്‍ ദൈവമാകുന്നു എന്നത് വിദ്യാഭ്യാസരംഗത്തെ പുതിയ മുതലാളിത്തത്തിന്റെ മുദ്രാവാക്യമായിരിക്കുന്നു. ചോദ്യം ചെയ്യരുതാത്ത അധികാര സ്വരൂപങ്ങളായി മാനേജര്‍മാര്‍ രൂപാന്തരപ്പെട്ടിരിക്കുന്നു. സ്വന്തം തറവാട്ടിലെ സ്വത്തെന്നപോലെ എന്തും ചെയ്യാനുള്ള അധികാരം തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്നു എന്നാണവര്‍ ഊറ്റംകൊള്ളുന്നത്. രാജ്യത്തിന്റെ താല്‍പ്പര്യം നിര്‍വ്വഹിക്കുക എന്ന ചുമതലയില്‍നിന്ന് ലാഭകരവും മനുഷ്യത്വരഹിതവും മത്സരാധിഷ്ഠിതവുമായ വ്യവസായ സംരംഭത്തിനനുയോജ്യമാംവിധം രാജ്യത്തിന്റെ താല്‍പ്പര്യം പുനരുത്പ്പാദിപ്പിക്കുക എന്ന പുതിയ ദൗത്യത്തിലേക്ക് കലാലയ മാനേജര്‍മാര്‍ ചുവടു മാറ്റിയിരിക്കുന്നു. ശാസ്ത്രീയ യുക്തിബോധത്തിലോ ചരിത്രപരതയിലോ മാനവികമായ സാംസ്‌ക്കാരിക വഴക്കങ്ങളിലോ വേരൂന്നിയതല്ല, തങ്ങളുടെ വാണിജ്യതാല്‍പ്പര്യങ്ങളില്‍ വിരിഞ്ഞുണരുന്നതാണ്് ധാര്‍മിക മൂല്യങ്ങളെന്ന് മൂല്യവിചാരങ്ങളെ അവര്‍ തലതിരിച്ചിടുന്നു.

പ്രാഥമിക നിക്ഷേപത്തിന്റെ പിന്‍ബലമല്ല പൊതു സമൂഹത്തിന്റെ പങ്കാളിത്തവും സഹകരണവുമാണ് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിലനിര്‍ത്തുന്നത്. ജനങ്ങളുടെ നികുതിപ്പണം ഗ്രാന്റായും ശംബളമായും ഒഴുകിയെത്തുമ്പോള്‍ അതിനൊപ്പം രാജ്യത്തിന്റെ ഭാവി സംബന്ധിച്ച ഒരു ജനതയുടെ സങ്കല്‍പ്പവും സ്വപ്നവുമുണ്ടെന്ന് അറിയാത്തവരാരുണ്ട്? അതെല്ലാം പക്ഷെ വിദ്യാഭ്യാസ മുതലാളിമാര്‍ മറന്നിരിക്കുന്നു. പൊതു ഭൂമി പകുത്തെടുത്തും പൊതുഖജനാവ് ഊറ്റിയും തടിച്ചുകൊഴുക്കാന്‍ തങ്ങള്‍ക്കുള്ള അവകാശത്തെപ്പറ്റി മാത്രമായിരിക്കുന്നു അവരുടെ ചിന്ത. ജനാധിപത്യ രാഷ്ട്രത്തിന്റെ ചട്ടങ്ങള്‍ക്കകത്ത് പ്രാഥമിക പരിഗണന ജനത്തിനാവണം. ജനങ്ങളുടെ ഇച്ഛയും അവകാശവുമാണ് ഏതു സ്ഥാപനത്തിന്റെയും നിലനില്‍പ്പിന് അടിത്തറയാവേണ്ടത്. ജനങ്ങളുടെ ചെലവില്‍ മാനേജര്‍മാര്‍ക്ക് തടിച്ചുകൊഴുക്കാനുള്ള സൗകര്യത്തിന്റെ പേരല്ല വിദ്യാഭ്യാസമെന്നത്.

സേവനമേഖലയിലെ വ്യാപാരക്കരാറുകളിലേക്ക് രാജ്യത്തിന്റെ ഭരണാധികാരികള്‍ കുതിക്കുമ്പോള്‍ ജനങ്ങളുടെ അവകാശത്തിന് വിലയില്ലാതാവുന്നു. ജനതയെ പലമട്ട് വേര്‍തിരിച്ചും അന്യോന്യ മത്സരങ്ങള്‍ക്ക് പാകപ്പെടുത്തിയും പൊതുമണ്ഡലത്തെ വീതംവെച്ചെടുക്കുന്നവര്‍ ലാഭകരമായ വ്യവസായത്തില്‍ മാത്രം കണ്ണെത്തുന്നവരാണ്. സ്വാശ്രയ കോഴ്‌സുകള്‍ തുടങ്ങിയും സ്വയംഭരണ സ്ഥാപനമാക്കിയും സ്വകാര്യ സര്‍വ്വകലാശാലതന്നെയാക്കി പരിവര്‍ത്തിപ്പിച്ചും ഉന്നത വിദ്യാഭ്യാസ രംഗത്തെ പുതിയ വ്യാപാരങ്ങളെ ആലിംഗനം ചെയ്യുകയാണവര്‍. ചോരക്കറയുള്ള ചൂഷണമൂലധനത്തെ സംരക്ഷിക്കാന്‍ മതമേലങ്കിയണിയുന്ന കച്ചവടകൗശലം വിസ്മയകരമാണ്.

തള്ളിമാറ്റപ്പെടുന്നത് ജനതയുടെ താല്‍പ്പര്യങ്ങളാണ്. മഹത്തായ മാനവികതയുടെ മൂല്യങ്ങളും വഴക്കങ്ങളുമാണ്. മനുഷ്യബന്ധങ്ങളുടെ നവീന വികാസങ്ങളാണ്. മധ്യകാലത്തെ മതമേധാവിത്തത്തിന്റെ കെട്ടുകഥകളും യുക്തിരഹിത വ്യാഖ്യാനങ്ങളും ഒട്ടും ലജ്ജയില്ലാതെ ഉരുവിട്ടുകൊണ്ടാണ് ചിലരെങ്കിലും സേവനമുതലാളിത്തത്തെ നവലിബറല്‍ അജണ്ടയിലേക്ക് ഒട്ടിച്ചുചേര്‍ക്കുന്നത്. മഹത്തായ പാരമ്പര്യവും സേവന ചരിത്രവുമുള്ള ഫറൂഖ് കോളേജ് അങ്ങനെയൊരു ദൗത്യമാണ് നിര്‍വ്വഹിക്കുന്നതെന്നു ഖേദപൂര്‍വ്വം പറയേണ്ടിവരുന്നു. മതപരമായ ചട്ടക്കൂടുകള്‍ മാനിച്ചും അനുസരിച്ചും പഠിക്കാന്‍ തയ്യാറുള്ളവര്‍ ഇവിടെ പഠിച്ചാല്‍മതി എന്നു പറയാനുള്ള ധാര്‍ഷ്ട്യം അവര്‍ക്കുണ്ടായിരിക്കുന്നു. മതപാഠശാലയെന്നു വിളിക്കുന്നുവെങ്കില്‍ അത് ഞങ്ങള്‍ക്ക് അഭിമാനകരമാണെന്ന് പറയാന്‍ അവര്‍ക്കു നാവുണ്ടായിരിക്കുന്നു.

ഇങ്ങനെയൊരു അവകാശവാദം പഴയ നേതാക്കളോ അക്കാദമിക പണ്ഡിതരോ ഉന്നയിച്ചിട്ടില്ല. സി എച്ച് മുഹമ്മദ്‌കോയ മുതല്‍ പ്രൊഫ. കെ എ ജലീല്‍ വരെയുള്ളവര്‍ ഉന്നതമായ മാനവിക മൂല്യങ്ങളാണ് ഉയര്‍ത്തിപ്പിടിച്ചത്. തായാട്ട് ശങ്കരന്‍ ഒരിക്കല്‍ ഓര്‍മിപ്പിച്ചു; മതപഠനത്തിന്റെ ഒട്ടകം തലയിടുന്നതിന് പഴുതു നോക്കി കൂടാരത്തിന് പുറത്തു നില്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. മലപ്പുറം കേന്ദ്രമാക്കി കലിക്കറ്റ് സര്‍വ്വകലാശാല രൂപം കൊണ്ടപ്പോള്‍ അതൊരു മുസ്ലിം സര്‍വ്വകലാശാലയാക്കി വളര്‍ത്തിയെടുക്കണമെന്ന് ചില കേന്ദ്രങ്ങളില്‍ അഭിപ്രായമുണ്ടായിരുന്നു. ബനാറസ് സര്‍വ്വകലാശാലയുടെ വളപ്പില്‍ ഒരു ഹിന്ദുക്ഷേത്രമുണ്ട്. അലിഗഢ് സര്‍വ്വകലാശാലയില്‍ മുസ്ലിം പള്ളിയുണ്ട്. അതേപോലെ ഒരു പള്ളിയും അതിനു ചുറ്റും മത പഠന കേന്ദ്രങ്ങളും വളര്‍ത്തിയെടുക്കണം എന്നായിരുന്നു അഭിപ്രായം. അന്ന് പക്ഷെ, ആ സര്‍വ്വകലാശാലക്ക് സ്വന്തമായ ഒരു നട്ടെല്ലുള്ള വൈസ്ചാന്‍സലര്‍ ഉണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ രൂപംകൊള്ളുന്ന ഒരു സര്‍വ്വകലാശാല എന്തിനുവേണ്ട് നില കൊള്ളണം എന്നതിനെക്കുറിച്ച് തെളിഞ്ഞ കാഴ്ച്ചപ്പാടും വൈസ്ചാന്‍സലര്‍ ഗനിക്കുണ്ടായിരുന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ സി എച്ച് മുഹമ്മദ് കോയക്കു വേണമെങ്കില്‍ സ്വന്തം ഇഷ്ടം നടപ്പാക്കാമായിരുന്നു. പക്ഷെ, വിവേകം അദ്ദേഹത്തെ വിലക്കിയിരിക്കണം. ഏതായാലും ഒട്ടകം പുറത്തുനിന്ന് അമറിയതേയുള്ളു. അതിന് അകത്തു കടക്കാന്‍ പഴുതു കിട്ടിയില്ല(സ്വകാര്യ ചിന്തകള്‍ പുറം 119).

ജനാധിപത്യപരവും മതേതരവുമായ സ്വതന്ത്ര അക്കാദമികതയെന്ന അറബിയെ കൂടാരത്തില്‍നിന്നു തള്ളിമാറ്റി മതശാഠ്യത്തിന്റെ ഒട്ടകം അകത്തു കയറിയിരിക്കുന്നു. ഗനിയും സി എച്ചും കെ എ ജലീലും ഉയര്‍ത്തിയ മാനവിക സങ്കല്‍പ്പങ്ങളാകെ ബലാല്‍ക്കാരമായി തുടച്ചുമാറ്റി മധ്യകാലത്തിന്റെ ഇരുണ്ട പര്‍ദ്ദകളില്‍ നവീന വിദ്യാഭ്യാസത്തിന്റെ ഉടലൊളിപ്പിക്കാന്‍ ഫറൂഖ് കോളേജിനു പുതിയ നായകരുണ്ടായിരിക്കുന്നു. മതേതര രാജ്യത്തിന്റെ പൊതു വിദ്യാഭ്യാസ സ്ഥാപനത്തിലെത്തുന്നത് ഏതെങ്കിലും ഒരു മതവിഭാഗമല്ല. അങ്ങനെയൊരു വിഭാഗീയ സംവരണം ഇന്ത്യ അനുവദിച്ചിട്ടില്ല. അദ്ധ്യാപക നിയമനത്തില്‍ ദളിതര്‍ക്കും പിന്നോക്കക്കാര്‍ക്കും നിയമപരമായി നല്‍കേണ്ട പരിഗണന സ്വകാര്യ മാനേജ്‌മെന്റുകള്‍ വകവെച്ചുകൊടുക്കുന്നില്ല. ഫറൂഖ് കോളേജില്‍ സ്ഥിതി വ്യത്യസ്തമാണെന്ന് വിശ്വസിക്കാമോ?

ജനാധിപത്യ സമൂഹം അനുവദിക്കാത്ത വിവേചനം മതത്തിന്റെ പേരില്‍ നടപ്പാക്കാന്‍ സംഘപരിവാരത്തോടു മത്സരിക്കുകയാണ് ഫറൂഖ് കോളേജുമെന്നത് നമ്മെ ഞെട്ടിക്കേണ്ടതാണ്. ആണ്‍ ബെഞ്ചും പെണ്‍ബെഞ്ചുമെന്നോ ആണിടവും പെണ്ണിടവുമെന്നോ പൊതുമണ്ഡലത്തെ വെട്ടിക്കീറുന്ന മധ്യകാല മതയുക്തികളെ താലോലിക്കുന്നവരുണ്ടാവാം. അതുപക്ഷെ, ജനാധിപത്യ മതനിരപേക്ഷ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാമെന്ന് കരുതരുത്. ഏതു മതത്തിനും മതപഠനശാലകള്‍ തുടങ്ങാന്‍ സ്വാതന്ത്ര്യമുണ്ട്. അവിടെ മറ്റാരും കടന്നുവരില്ല. എന്നാല്‍ മതനിരപേക്ഷ വിദ്യാഭ്യാസത്തെ ഭൂരിപക്ഷ ന്യൂനപക്ഷ മതപാഠശാലകളാക്കി മാറ്റാന്‍ ആരും വെമ്പേണ്ടതില്ല. പല മത ജാതി സമൂഹങ്ങള്‍ അവിടെ പഠിക്കാനെത്തുന്നുണ്ട്. ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ സംവരണം ഇക്കൂട്ടരുടെയെല്ലാം പങ്കാളിത്തം ഉറപ്പാക്കുന്നതുമാണ്. അതു ലംഘിച്ച് മുന്നോട്ടുപോകാനാവില്ല. ഏതെങ്കിലും ഒരു കൂട്ടര്‍ക്ക് കൂടുതല്‍ സംവരണമുണ്ടെങ്കിലോ ഒരു വിഭാഗത്തിന് ഭൂരിപക്ഷമുണ്ടെങ്കിലോ അവരുടെ ആചാരാനുഷ്ഠാനങ്ങളും ആഹാരരീതികളും വേഷഭൂഷകളും ഇതരര്‍കൂടി അനുസരിക്കണമെന്ന് നിയമമുണ്ടാക്കാനാവില്ല. വ്യക്തികള്‍ ഇത്തരം വൈവിദ്ധ്യങ്ങള്‍ പുലര്‍ത്തുമ്പോള്‍തന്നെ മതേതരമായ പൊതു തത്വങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരുമാണ്.

ഫറൂഖ് കോളേജിന് ഒരു ഡ്രസ്‌കോഡുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്. കോളേജുകള്‍ക്കെല്ലാം മുമ്പ് അതു നിര്‍ബന്ധമായിരുന്നിരിക്കണം. ഇപ്പോഴും യൂനിഫോമുകളുള്ള കോളേജുകളുണ്ട്. അവിടങ്ങളില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന് മതാത്മകമായ വേഷശാഠ്യങ്ങള്‍ അനുവദിക്കാറുണ്ടോ? യൂനിഫോം എന്ന ആശയത്തിന്റെ അടിത്തറയെന്താണ്? അത് വൈവിദ്ധ്യങ്ങളെ നശിപ്പിക്കലാണോ? വ്യക്തികള്‍ക്കകത്ത് അനവധി വൈവിദ്ധ്യങ്ങള്‍ നിലനില്‍ക്കെ പൊതുവായ ചില സമാനതകള്‍ മാനവികവും പുരോഗമനപരവുമായ മൂല്യബോധത്തെയും യുക്തിബോധത്തെയും പ്രകാശിപ്പിക്കാന്‍ ആവശ്യമുണ്ട് എന്നതല്ലേ മുഖ്യപ്രേരണ? വിദ്യാലയങ്ങള്‍ക്ക് ശാസ്ത്രയുക്തിയും ദേവാലയങ്ങള്‍ക്ക് ദൈവശാസ്ത്ര യുക്തിയുമെന്ന വേര്‍തിരിവ് എവിടെയാണ് നഷ്ടപ്പെട്ടത്?

കലാവേദികളില്‍ ഒന്നിച്ചണി നിരക്കരുത്, നാടകങ്ങളില്‍ ഒന്നിച്ചഭിനയിക്കരുത് എന്നിങ്ങനെ ആണ്‍പെണ്‍ വിലക്കുകള്‍ പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതാണോ? സംസാരിക്കരുത്, ചേര്‍ന്നിരിക്കരുത് എന്ന് അനുശാസിക്കുന്നതിന്റെ യുക്തിയെന്താണ്? ആണും ആണും തമ്മില്‍ അഥവാ പെണ്ണും പെണ്ണും തമ്മില്‍ ഒട്ടിയിരിക്കുന്നതില്‍ അപാകമായി ഒന്നുമില്ലേ? ഭയക്കുന്നതെന്തിനെയാണ്? ക്ലാസ്മുറികളില്‍ ഈ വേര്‍തിരിവ് മിക്കവാറും എല്ലാ കലാലയങ്ങളിലുമുണ്ട്. അതിനെ സാധൂകരിക്കുംവിധം സദാചാരത്തിന്റെ കാവല്‍ക്കാരാവാനാണ് മിക്കപ്പോഴും പുരോഗമന പ്രസ്ഥാനക്കാര്‍പോലും ശ്രമിച്ചുപോന്നിട്ടുള്ളത്. മധ്യകാല മതബോധത്തിന്റെ നിഴലുകള്‍ വിപ്ലവയുവജനങ്ങളിലും വലിയ പ്രേരണയാണ് ചെലുത്തിയിട്ടുള്ളത്. അതില്‍നിന്നും വ്യത്യസ്തമായി മനുഷ്യബന്ധങ്ങളെ പുരോഗമനപരവും ചരിത്രപരവുമായി നോക്കിക്കാണാനുള്ള ശ്രമം നടന്നിരിക്കുന്നു എന്നത് ഫറൂഖ് കോളേജിനെ വ്യത്യസ്തമാക്കുന്നു. അവിടത്തെ വിദ്യാര്‍ത്ഥികള്‍ അഭിവാദ്യമര്‍ഹിക്കുന്നു.

ചുംബനസമരത്തോടെ ഉത്തേജിപ്പിക്കപ്പെട്ട അനുഭൂതികളിലെ വര്‍ഗസമരത്തെ സംബന്ധിച്ച ജാഗ്രത ഒരു പടികൂടി മുന്നോട്ടുപോയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ മാറുന്ന കാലത്തെ അഭിസംബോധന ചെയ്യാന്‍ ശിരസ്സുയര്‍ത്തിയിരിക്കുന്നു. ജാതിഭേദമെന്നോ ലിംഗഭേദമെന്നോ ഉള്ള അയിത്തത്തെ ദയാരഹിയമായി തൊഴിച്ചെറിയാനുള്ള ആര്‍ജ്ജവമാണ് അവര്‍ കാണിച്ചിരിക്കുന്നത്. നവീന മനുഷ്യരുടെ നവലോകം രചിക്കപ്പെടുകയാണ്. പഴയവര്‍ക്ക് ഭയപ്പെടാം. ചട്ടങ്ങള്‍ കാട്ടി വിരട്ടാം. ഒടുവില്‍ പുതിയ ഗുരുനാഥന്മാരെ ആദരപൂര്‍വ്വം വണങ്ങി ചരിത്രത്തിനൊപ്പം നില്‍ക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് ഓര്‍ക്കുന്നത് നന്ന്.

6 നവംബര്‍ 2015

1 അഭിപ്രായം

  1. ഒരു വിവേചനവും അനീതിയും അധികാരികളും അധീശ വ്യവഹാരങ്ങളും അനീതിയാണെന്നോ വിവേചനമാണെന്നോ സമ്മതിച്ചും അംഗീകരിച്ചുമല്ല നടപ്പാക്കുന്നത്. അച്ചടക്കത്തിന്റെയോ (discipline) കീഴ്‌വഴക്കത്തിന്റെയോ (custom) വിശ്വാസത്തിന്റെയോ പേരിലാണെന്നത് ലോക ചരിത്രം.
    അതുകൊണ്ട് തന്നെ ‘അരാജകത്വം’ എന്നതായിരിക്കും അതിന്റെ വിമര്‍ശകര്‍ക്കുള്ള ലേബല്‍. അരാജകത്വം നല്ലൊരു പ്രത്യയശാസ്ത്രം തന്നെയാണ്. ഏതൊരു പ്രതിരോധ പ്രത്യയശാസ്ത്രവും അധീശ വ്യവഹാരങ്ങളെ പ്രശ്‌നവല്‍ക്കരിക്കുകയും വിമര്‍ശിക്കുകയും കലഹിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിനുള്ളില്‍ അരാജകത്വത്തിന്റെ അംശങ്ങളുണ്ടാവും എന്ന് തോന്നുന്നു. ആ അരാജകഅംശങ്ങളാവാം അധീശത്വത്തോട് കലഹിക്കുന്നത്. അത് സ്വയം കലഹിക്കുന്നത് കൂടിയാണ്.. പലപ്പോഴും അരാജകവാദി ഭ്രാന്തായി പെരുമാറുന്നത് അതുകൊണ്ടാകാം.

    Liked by 1 person

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )