കാര്‍ഷികാവശ്യങ്ങള്‍ക്ക് വായ്പയെടുത്ത് പലിശപെരുകി തിരിച്ചടക്കാനാവാതെ ആത്മഹത്യയിലേക്ക് തള്ളിവിടപ്പെട്ട കര്‍ഷകര്‍ ധാരാളമാണ്. വയനാട്ടില്‍നിന്നുതന്നെ അത്തരം വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരുന്നതാണ്. ആത്മഹത്യചെയ്യാതെ പിടിച്ചുനിന്നവരില്‍ ഒരാളെയിതാ ബാങ്ക് നല്കിയ കേസില്‍ നിയമം തടവറയിലേക്ക് എടുത്തെറിഞ്ഞിരിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിലാണ് ഈ വാര്‍ത്ത കാണാനിടയായത്.
കാര്‍ഷികലോണ്‍ കിട്ടാത്തതിനാല്‍ കൃഷിക്കുവേണ്ടി മറ്റൊരുലോണ് എടുക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു ഇരുളം അങ്ങാടിശേരി മുളയാനിക്കല്‍ സുകുമാരന്‍. 1999ല്‍ ഇരുളം ഗ്രാമീണ്‍ ബാങ്കില്‍നിന്ന് 75000 രൂപയായിരുന്നു കടമെടുത്തത്. കൃഷിനാശവും സാമ്പത്തിക പ്രതിസന്ധിയും കാരണം പണം തിരിച്ചടക്കാന്‍ കഴിഞ്ഞില്ല. പലിശയിനത്തില്‍ കുറെ പണം അടച്ചതുമാണ്. 2006ല്‍ ബാങ്ക് നിയമനടപടിയിലേക്ക് നീങ്ങി. ഇപ്പോള്‍ 6 ലക്ഷം രൂപ തിരിച്ചടക്കാനുണ്ടെന്നാണ് ബാങ്ക് പറയുന്നത്. പണയംവെച്ച ഭൂമി ലേലം ചെയ്ത് പണം ഈടാക്കാനൊന്നും ബാങ്ക് തയ്യാറല്ല. അൂന്നു പെണ്മക്കളുള്ള സുകുമാരന്‍ പ്രമേഹരോഗിയുമാണത്രെ.
ഇന്ത്യയിലെ ദേശസാല്‍കൃതവും അല്ലാത്തതുമായ ബാങ്കുകളില്‍ തിരിച്ചുകിട്ടാനുള്ള സംഖ്യ മൂന്നുലക്ഷം കോടി കവിഞ്ഞുവെന്നാണ് കഴിഞ്ഞ മാര്‍ച്ച് 12ന് ധനകാര്യ സഹമന്ത്രി ജയന്തി സിന്‍ഹ ലോകസഭയെ അറിയിച്ചത്. 3,00,611 രൂപയാണ് മൊത്തം സംഖ്യ. ദേശസാല്‍കൃത ബാങ്കുകളുടേത് 2,62,402 കോടി രൂപയും ഇതര സ്വകാര്യ ബാങ്കുകളുടേത് 38,209 കോടി രൂപയുമാണ്. പലവിധത്തില്‍ ബാങ്കില്നിന്നൊഴുകിയ ഈ ഭീമന് സംഖ്യ എവിടേക്കാണ് ചെന്നു ചേര്‍ന്നത്? രാജ്യത്തെ വന്‍കിട മൂലധന ശക്തികളാണ് അവയുടെ സിംഹഭാഗവും വിഴുങ്ങിയിരിക്കുന്നത്. ആയിരം കോടിയിലേറെ രൂപ ലോണെടുത്ത നാനൂറിലേറെ പേരുണ്ട്. പതിനാറര ലക്ഷം കോടി ആ ഇനത്തില്‍തന്നെ ബാങ്കുകളിലേക്ക് കിട്ടാനുണ്ട്. രാജ്യത്തെ പൊതുജനങ്ങള്‍ക്കാകെ ഉപകാരപ്പെടേണ്ട പണമാണ് വന്‍കിടക്കാര്‍ തട്ടിയെടുക്കുന്നത്. ഇക്കൂട്ടര്‍ കുടിശ്ശിക വരുത്തിയാല്‍ ഒരു ബാങ്കും നിയമനടപടിക്കു സന്നദ്ധവുമല്ല. എഴുതിത്തള്ളുന്ന കോടികള്‍ മതിയാവും അടിസ്ഥാന പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍.
പൊതുജനങ്ങളുടെ പണം കൊള്ളയടിച്ചു കൊഴുക്കുന്ന ധനാഢ്യരെ പിടികൂടി ബാങ്കിന്റെ കടം തിരിച്ചടപ്പിക്കാന്‍ ത്രാണിയില്ലാത്തവര്‍ ദരിദ്രരെ പീഢിപ്പിച്ചു രസിക്കുകയാണ്. എന്തേ ആത്മഹത്യ ചെയ്യാത്തത് എന്നു കുറ്റവിചാരണ നേരിടുകയാണ് സുകുമാരന്മാര്! വന്‍കിടക്കാരുടെ ലക്ഷക്കണക്കിന് കോടിരൂപ എഴുതിത്തള്ളുന്ന ഗവണ്മെന്റിന് 75000രൂപ ആറുകോടിയാക്കി പിരിച്ചെടുക്കാന്‍ വലിയ ഉത്സാഹം കാണും. നവലിബറല്‍കാലത്തെ പുതിയ റിപ്പബ്ലിക്കില്‍ വേണ്ടാത്ത മനുഷ്യജന്മങ്ങളുണ്ടെന്ന് അവര്‍ ആവര്ത്തിച്ചുറപ്പിക്കുകയാണല്ലോ. വഞ്ചിക്കാനോ ചൂഷണംചെയ്യാനോ കൊള്ളയടിക്കാനോ അറിയാത്തവര്‍ എന്തിനു ജീവിക്കണം? ആത്മഹത്യക്കും കൊലയ്ക്കുമിടയിലൂടെ ആര്‍ത്തനാദംപോലെ പായുന്നജീവിതമെന്ന് കവി പാടിയത് ഇവരെക്കുറിച്ചാണ്. മരിക്കാത്തവര്‍ക്ക് ജയില്‍ എന്നത് പുതിയ സ്കീമായിരിക്കും.
ജനാധിപത്യമെന്നത് വന്‍കിട കോര്‍പറേറ്റുകള്‍ക്ക് നമ്മുടെ എല്ലാം കവര്‍ന്നെടുക്കാനോ ചവിട്ടിമെതിക്കാനോ ഉള്ള അധികാരമാണെന്ന് വരുത്തിയത് ആരാണ്? സാധാരണക്കാരന് ബാധകമാവുന്ന നിയമങ്ങള്‍ ധനാഢ്യര്‍ക്ക് ബാധകമാവാത്തതിന്റെ യുക്തി എന്താണ്? പതിനായിരക്കണക്കിന് കോടികള്‍ കുടിശ്ശിക വരുത്തിയ ആളുകളെ നിയമത്തിനുമുന്നില്‍ എത്തിക്കാന്‍ ബാങ്കുകള്‍ക്ക് തടസ്സമെന്താണ്? അങ്ങനെയൊരു തടസ്സമുണ്ടെങ്കില്‍ ആ തടസ്സം നീങ്ങുന്നതുവരെ ദരിദ്രനാരായണന്മാര്ക്കും ജനാധിപത്യത്തിന്റെ ആ ആനുകൂല്യം ലഭിക്കണം. നിസ്വരായ മനുഷ്യര്‍ക്കെതിരെ എന്തുമാവാം എന്നു കരുതുന്നവര്‍ കാര്യങ്ങള്‍ പഠിക്കണം. ജനാധിപത്യമെന്നത് താഴെനിന്നാണ് പടുത്തുയര്‍ത്തുന്നത്. താഴത്തെ നില മറന്നാല്‍ വലിയ തിരിച്ചടികളുണ്ടാവും. ആത്മഹത്യ മുന്നില്‍ കാണുന്നവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമുണ്ടാവില്ല.
വയനാട് ഇരുളം മുളയാനിക്കല്‍ സുകുമാരനെ വിട്ടയക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്യാന്‍ ജനാധിപത്യമൂല്യങ്ങള്‍ നിര്‍ബന്ധിക്കുന്നുണ്ട്. സുകുമാരന്റെ അദ്ധ്വാനവും പണവും കൂടിയാണ് വന്കിടകളുടെ കുടിശ്ശികയായി കിട്ടാകടമായി കിടക്കുന്നത്. അതില്‍ ലയിപ്പിച്ചേക്കണം സുകുമാരന്റെയും സുകുമാരന്മാരുടെയും കടം. നമ്മുടെ സംസ്ഥാനംതന്നെ ഒരു ലക്ഷത്തി മുപ്പത്തിയയ്യായിരം കോടി രൂപയുടെ പൊതുകടം ആഘോഷിക്കുകയാണ്. നമ്മെയെല്ലാം ആര്‍ക്കും പണയംവെച്ച് തടിച്ചു തിടംവെക്കാമെന്ന് വന്നുകൂടിയിരിക്കുന്നു. സുകുമാരന്മാരെ മാത്രം പിടികൂടി ശിക്ഷിക്കാന്‍ പുറപ്പെട്ടാല്‍ അത്തരം ബാങ്കുകള്‍ എങ്ങനെയാണ് ബാക്കി നില്ക്കുക? അനീതി അനീതിയെന്ന് വയനാടന്‍ കുന്നുകള്‍ നിലവിളിക്കുന്നത് വെറുതെയാകുമോ?
31 ഒക്ടോബര്‍ 2015