ഇന്നത്തെ ഇന്ത്യന്‍ സാഹചര്യം ഇടതുപക്ഷ രാഷ്ട്രീയത്തില്‍ വലിയ പ്രതീക്ഷയാണ് പ്രകടിപ്പിക്കുന്നത്. സൈദ്ധാന്തികവും പ്രായോഗികവുമായ കാരണങ്ങളാല്‍ വിയോജിക്കുകയും വിട്ടുനില്‍ക്കുകയും ചെയ്യുന്നവര്‍ പോലും ഇടതുപക്ഷത്തെ പിന്തുണയ്ക്കാന്‍ സന്നദ്ധമാവുകയാണ്. രാജ്യത്തെ ജീവിതം ക്ലേശകരമാക്കുന്ന രണ്ടു വിപത്തുകളെ അകറ്റിനിര്‍ത്താനുള്ള രാഷ്ട്രീയശേഷി ഇടതുപക്ഷത്തിനാണുള്ളത്. കോര്‍പറേറ്റ് മുതലാളിത്തം സമസ്തമേഖലകളിലും നടത്തുന്ന മൂലധനാധിഷ്ഠിത പുനസംഘാടനങ്ങളെയും അതിനവര്‍ കൂട്ടുപിടിക്കുന്ന സംഘപരിവാര തീവ്ര വര്‍ഗീയവത്ക്കരണ ശ്രമങ്ങളെയും ഒന്നിച്ച് എതിര്‍ക്കുന്നവരോ എതിര്ക്കേണ്ടവരോ വേറെയില്ല. അടിസ്ഥാനകാഴ്ച്ചപ്പാടിന്റെ തലത്തിലാണത്. പ്രായോഗികമായി അധികാരവേഴ്ച്ചയുടെ ശീതളനാളുകളില് ആ അപകടങ്ങളില്‍ പലതിനെയും പുല്കിയെന്നതാണ് താല്ക്കാലികമായ തിരിച്ചടികളിലേക്ക് ഇടതുപക്ഷത്തെ തള്ളിയത്. ഈ ദുര്ബ്ബലാവസ്ഥയിലും ഇടതുപക്ഷത്തെ വിളിക്കാന്‍ പൊതുസമൂഹം ജാഗ്രതകാണിക്കുന്നത് അതിന്റെ മഹത്തായ ഭൂതകാലവും സ്വപ്നലക്ഷ്യവും വല്ലാതെ മോഹിപ്പിക്കുന്നതുകൊണ്ടുകൂടിയാവണം.
ഇത്തരമൊരു സാഹചര്യത്തെ ഗൗരവപൂര്‍വ്വം മനസ്സിലാക്കാന്‍ ഇടതുപക്ഷ നേതാക്കളും അനുയായികളും ശ്രമിച്ചിട്ടുണ്ടോ? പൊതുസമൂഹത്തിന്റെ ഈ സന്നദ്ധത അവരുടെ ഗതികേട് എന്ന നിലയിലാണോ കാണുന്നത്? തങ്ങളുടെ വഴിത്തെറ്റുകളെപ്പോലും ന്യായീകരിക്കാന്‍ ഈ സന്ദര്‍ഭത്തെ പ്രയോജനപ്പെടുത്തിക്കളയാം എന്ന കുടിലബുദ്ധിയാണോ അവരെ നയിക്കുന്നത്? രാജ്യത്തെ പൊതുബോധം തങ്ങള്‍ക്കനുകൂലമാകുന്ന അപൂര്‍വ്വം സന്ദര്‍ഭങ്ങളെ അര്‍ത്ഥപൂര്‍ണമായി വിനിയോഗിക്കാനും ഇടതുപക്ഷത്തെ പുനര്‍നിര്‍മിക്കാനും അവര്‍ക്കു തടസ്സമാകുന്നതെന്താണ്?
കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ കാലമാണിത്. കോര്‍പറേറ്റ് ആഗോളവത്ക്കരണത്തിനെതിരെയും ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരെയും ശക്തിപ്പെടുന്ന ചെറുത്തുനില്‍പ്പുകള്‍ ലോകത്തിന്റെ പല ഭാഗത്തുമെന്നപോലെ ഇന്ത്യയിലും ഒരിടതുപക്ഷാഭിമുഖ്യമുള്ള പൊതുബോധവും അതിന്റെ വ്യവഹാരങ്ങളും തീവ്രമാക്കിയിട്ടുണ്ട്. അത് ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ശ്രമഫലമായിട്ടല്ല സ്വാഭാവികവും പ്രച്ഛന്നവുമായ വര്‍ഗസമരത്തിന്റെ നിര്‍ബന്ധത്തില്‍ സംഭവിച്ചതാണ്. പലമട്ട് ചൂഷണമനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ സമരങ്ങള്‍ വ്യാപകമാവുന്നതും ഒറ്റയ്ക്കും കൂട്ടായുമുള്ള പ്രതിഷേധങ്ങള്‍ രൂപപ്പെടുന്നതും അങ്ങനെയാണ്. അവയെ വിമോചനത്തിന്റെ രാഷ്ട്രീയശക്തിയായി പരിവര്‍ത്തിപ്പിക്കാനുള്ള ബാധ്യത ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുണ്ട്. ഇത്തിരിവട്ടം മാത്രം കാണുന്നവരും ഇത്തിരിവട്ടം മാത്രം ചിന്തിക്കുന്നവരുമായി ചുരുങ്ങുമ്പോള്‍ അവര്‍ ചരിത്രമേല്‍പ്പിക്കുന്ന ചുമതല നിര്‍വ്വഹിക്കാന്‍ കെല്പ്പില്ലാത്തവരായിത്തീരുന്നു.
ഒന്നാമതായി, ചെറുതും വലുതുമായ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ഒരു കുടക്കീഴില് നിര്‍ത്താന്‍ കഴിയണം. തുടര്‍ന്ന് രാജ്യത്ത് മുളപൊട്ടിയിട്ടുള്ള സാമൂഹിക ഇടതുപക്ഷ സ്പന്ദങ്ങളെ തിരിച്ചറിയാനും അത്തരം മുന്നേറ്റങ്ങളെ ഐക്യപ്പെടുത്താനും സാധിക്കണം. താരതമ്യേന വലിയ രാഷ്ട്രീയ കക്ഷി എന്ന നിലയ്ക്ക് സി പി എമ്മിന് അതില്‍ വലിയ പങ്കാണ് നിര്‍വ്വഹിക്കാനുള്ളത്. സമീപകാലത്തായി അത്തരമൊരു നീക്കം നടക്കുന്നതായി തോന്നിയിരുന്നു. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അതിനനുയോജ്യമായ ഒരു പ്രമേയം അംഗീകരിക്കപ്പെടുകയുമുണ്ടായി. വലിയ സ്വീകാര്യതയാണ് അതിനു ലഭിച്ചത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വിപുലമായ ഐക്യത്തിനുള്ള ശ്രമം ആരംഭിച്ചതായി റിപ്പോര്‍ട്ടകളും കണ്ടു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അത്തരത്തില്‍ രൂപപ്പെട്ട ഇടതുമുന്നണി രംഗത്തുണ്ട്. സി പി ഐ എം ലിബറേഷന്‍, എസ് യു സി ഐ, സി പി എം പഞ്ചാബ്(മംഗത്റാം പസ്ല വിഭാഗം) തുടങ്ങി ചില ഇടതുകക്ഷികളെ ചേര്‍ത്ത് ദില്ലിക്കു ചുറ്റുമായി ഇങ്ങനെയൊരു ഐക്യനിര പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു. ഇത് ആ വഴിക്കുള്ള ചുവടുവെപ്പായാണ് കണക്കാക്കേണ്ടത്.
കേരളത്തിലേക്കു വരുമ്പോള്‍ ചിത്രം മാറുന്നു. വിയോജിപ്പുകളും വിമര്‍ശനങ്ങളും നിലനില്‍ക്കെ ഐക്യപ്പെടാനാവുമോ എന്നൊരന്വേഷണം ആപല്‍സന്ധിയിലും നിര്‍വ്വഹിക്കപ്പെടുന്നില്ല. ഞങ്ങളുടെ പിറകില്‍ വന്നു നില്ക്കൂ, ഞങ്ങളെ പ്രീതിപ്പെടുത്താന്നോക്കൂ എന്നിങ്ങനെയുള്ള മാടമ്പി ഭാവത്തില്‍നിന്ന് ഒരല്പ്പംപോലും മാറ്റമുണ്ടാകുന്നില്ല. വിനീതദാസന്മാരെയും കാല്വണങ്ങികളെയുമാണ് അവര്‍ക്കുവേണ്ടത്. ഒപ്പത്തിനൊപ്പം നില്ക്കുന്ന ഇച്ഛാശക്തിയും തന്റേടവുമുള്ള വിഭാഗങ്ങളെ ആദരപൂര്‍വ്വം അഭിസംബോധന ചെയ്യാനുള്ള ശേഷി കൈമോശം വന്നിരിക്കുന്നു. വിട്ടുപോയ മുരളിമാരെയും ഗോകുല്ദാസുമാരെയും തിരിച്ചുകൊണ്ടുവന്ന് അനുസരണയുള്ള ദാസന്മാരായി വേഷംകെട്ടിക്കാന്‍ ഏതു സ്ഥാനവും നല്‍കും. വിട്ടുപോയ രാഷ്ട്രീയത്തെ തിരിച്ചുകൊണ്ടുവരാന്‍ തീരെ താല്‍പ്പര്യമില്ല. ആളുകളല്ല സി പി എമ്മിനു നഷ്ടപ്പെട്ടത്. ജനകീയമായ അതിന്റെ വിപ്ലവ രാഷ്ട്രീയമാണ്. അതു തിരിച്ചുകൊണ്ടുവരാന്‍ പാര്‍ട്ടി കോണ്‍ഗ്രസ്സ് ശ്രമിച്ചാലും കേരളത്തില്‍ നടക്കില്ലെന്നു വരുന്നു.
കേരളത്തിലുമുണ്ടല്ലോ ഇടതുസംഘടനകള്‍ അനവധി. ദില്ലിയിലെന്നപോലെ ഒരു പൊതുവേദി ഇവിടെ സാധ്യമല്ലാതെപോകുന്നത് എന്തുകൊണ്ടാണ്? വിയോജിപ്പുകളും വിമര്‍ശനങ്ങളും ഉള്ളതുകൊണ്ടാണല്ലോ വേറെ വേറെ സംഘടനകളായത്. എങ്കിലും പങ്കുവെക്കുന്ന പൊതുവായ ചില രാഷ്ട്രീയ മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ കാലഘട്ടത്തിന്റെ അനിവാര്യത മുന്‍ നിര്‍ത്തി പൊതുവേദിയില്‍ അണി നിരക്കാന്‍ എന്താണ് തടസ്സം? പൊതുശത്രുവിനെ നേരിടുന്നതിനെക്കാള്‍ ഊര്‍ജ്ജം ഇവരിലോരോരുത്തരും ചെലവഴിക്കുന്നത് അന്യോന്യം കലഹിക്കാനും തോല്‍പ്പിക്കാനുമാണ്. വലതുപക്ഷത്തെ വിജയിപ്പിക്കാനാണ് വഴിയൊരുക്കുക എന്നത് ഇവര്‍ക്കൊരു പ്രശ്നമേയല്ല.
പഞ്ചാബില്‍ ഇടതുപക്ഷ പൊതുവേദിയുണ്ടാക്കാന്‍ സി പി എമ്മിനും മംഗത്റാം പസ്ലയുടെ സി പി എമ്മിനും സാധിച്ചത് പൊതുവായ ഒരിടതുപക്ഷ രാഷ്ട്രീയം അവര്‍ പങ്കുവെക്കുന്നതുകൊണ്ടും അതിന്റെ പ്രാധാന്യം അവര്‍ക്കു ബോധ്യമുള്ളതുകൊണ്ടുമാണ്. അടിസ്ഥാന ഇടതുപക്ഷ നിലപാടുകള്‍ക്കുമേല്‍ താല്ക്കാലികവും സങ്കുചിതവുമായ താല്‍പ്പര്യങ്ങള്‍ കടന്നുകയറിയാല്‍ വിട്ടുവീഴ്ച്ചകളും ദൂരക്കാഴ്ച്ചകളും ഇല്ലാതാകും. കൂടെയുണ്ടായിരുന്ന ഇടതു പ്രസ്ഥാനങ്ങളെ അകറ്റിയതല്ലാതെ ആരെങ്കിലുമായി ഐക്യപ്പെടുന്ന ചുവടുവെപ്പുകള്‍ ഇവിടെയുണ്ടാവുന്നില്ല.
ഈ സാഹചര്യത്തിലും ഇടതുപക്ഷത്തെ പിന്തുണയ്ക്കാനാണ് കൂടുതല്‍പേരും ആഗ്രഹിക്കുന്നത്. ആരോടെങ്കിലുമുള്ള മമതകൊണ്ടല്ല. ഇടതുപക്ഷ രാഷ്ട്രീയമേ ബദലുള്ളു എന്ന തിരിച്ചറിവുകൊണ്ടാണത്. പക്ഷെ, ഇടതെന്നു ധരിച്ചത് പേരില്മാത്രമുള്ള ഇടതാണെന്ന വിമര്‍ശനം അവരില്‍ ഇല്ലാതില്ല. എന്തുകൊണ്ടോ അതെല്ലാം തിരുത്തപ്പെടുമെന്ന ധാരണ പ്രബലമാണ്. പൊതുബോധത്തിന്റെ ഈ ആനുകൂല്യത്തോട് ഇടതുപക്ഷം പ്രതികരിക്കേണ്ടത് എങ്ങനെയാണ്? അവര്‍ ആഗ്രഹിക്കും വിധം ഇടതുരാഷ്ട്രീയത്തിന്റെ അപചയം തിരുത്തിക്കൊണ്ടല്ലേ? എന്നാല്‍ അത്തരമൊരു സന്ദര്‍ഭത്തിലും ക്രിമിനല്‍കേസ് പ്രതികളെ മത്സരിപ്പിക്കാന്‍ കാണിക്കുന്ന ഉത്സാഹം ജനാധിപത്യ സംവിധാനങ്ങളെയും മൂല്യബോധത്തെയും വെല്ലുവിളിക്കുന്നതായി. ജനവിധികൊണ്ട് നീതീകരിക്കപ്പെടുന്നില്ല വന്ന വഴികളെന്നതിന് പപ്പുയാദവും മോഡിയും തികഞ്ഞ ഉദാഹരണങ്ങളല്ലേ?
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരു നയിക്കും എന്നതിനെക്കുറിച്ചും ഇടതുപക്ഷത്ത് തര്‍ക്കമാണ്. വി എസ് നയിക്കുമെന്ന സി ദിവാകരന്റെ പ്രസ്താവന വലിയ കുറ്റമായാണ് എണ്ണപ്പെട്ടത്. ഇപ്പോഴെന്തിനാണ് അതെടുത്തിടുന്നത് എന്ന് ചിലര്‍ ചോദിക്കുന്നു. ദിവാകരന്റേത് വിടുവായത്തമാണെന്ന് പിണറായി പറയുന്നു. പതിനായിക്കണക്കിന് വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളുടെ ബോര്‍ഡുകളില്‍ വി എസിന്റെ ചിത്രം പതിച്ചത് ആ ഐക്കണ്‍ എന്തോ ഒരു പ്രത്യേകതയുണ്ടെന്ന് ജനം തിരിച്ചറിയുന്നതുകൊണ്ടാണല്ലോ. അദ്ദേഹം തന്നെയാണ് നിയമസഭയിലും നയിക്കുക എന്ന പ്രസ്താവന ആ സമൂഹത്തെ ഉത്തേജിപ്പിച്ച് ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ സജീവമാക്കാന്‍ ഉദ്ദേശിച്ചാവാനേ തരമുള്ളു. അല്ലെങ്കില്‍ അതങ്ങനെയേ എടുക്കേണ്ടതുള്ളു. അത് ദിവാകരന്റെ വിടുവായത്തമാണെന്ന് പറയുക വഴി അകത്തെ ഭിന്നത ഒരിക്കല്‍ക്കൂടി വിളിച്ചറിയിക്കുകയാണ് പിണറായി ചെയ്തത്. ഇടതുപക്ഷത്തോടടുക്കുന്ന നിഷ്പക്ഷ സമൂഹത്തിന് ഇത് കല്ലുകടിയായി അനുഭവപ്പെട്ടെന്നു വരാം. സ്വന്തം കക്ഷിക്കകത്തുപോലും രാജ്യംനേരിടുന്ന പ്രശ്നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഉന്നതനേതാക്കള്ക്കാവുന്നില്ല. അവരെങ്ങനെയാണ് വിശാലമായ ഐക്യം കെട്ടിപ്പടുക്കുക? മുന്നണിയിലെ ഇതര പാര്‍ട്ടികളോട് അവര്‍ക്കെങ്ങനെയാണ് നീതിചെയ്യാനാവുക? കൂടുതല്‍പേരെ എങ്ങനെയാണ് ആകര്‍ഷിക്കാനാവുക?
ഇടതുപക്ഷത്തെ പുനര്‍നിര്‍മിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് ആഗ്രഹിക്കുകയും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നവര്‍ ധാരാളമാണ്. രാഷ്ട്രീയ ഇടതുപക്ഷം അത് തിരിച്ചറിയണം. സ്വയം വിശകലനത്തിലൂടെ സ്വയം പുതുക്കാനും ഇടതുപക്ഷ രാഷ്ട്രീയത്തെ രാജ്യത്തെ ബദല്‍ ശക്തിയാക്കാനും ശരിയായ ഇടപെടലുകളുണ്ടാവണം. സി പി എംമുതല് ആര് എം പി വരെയുള്ളവര്‍ക്ക് ഈ ഉത്തരവാദിത്തം അവഗണിച്ചു മുന്നോട്ടുപോകാനാവില്ല. സങ്കുചിത ശാഠ്യങ്ങള്‍ എവിടെയും എത്തിക്കുകയില്ല. രാഷ്ട്രീയ ഇടതുപക്ഷത്തിന് ഇനിയും അതു സാധിക്കുന്നില്ലെങ്കില്‍ സാമൂഹിക ഇടതുപക്ഷം ശരിയായോ അല്ലാതെയോ അതിന്റെ രാഷ്ട്രീയമുഖം നിര്‍ണയിക്കുന്നതിന് സാക്ഷിയാകേണ്ടിവരും.
27 ഒക്ടോബര്‍ 2015