Article POLITICS

തെരഞ്ഞെടുക്കേണ്ടത് ജനനായകനെയല്ല; ജനങ്ങളാല്‍ നയിക്കപ്പെടുന്നവനെ

cor demo

തെരഞ്ഞെടുപ്പുകള്‍ നമുക്ക് ഉത്സവങ്ങളാണ്. സ്വയം മറന്ന് നാം ചില ചടങ്ങുകളുടെയും അനുഷ്ഠാനങ്ങളുടെയും ഭാഗമാവുകയാണ്. തല്‍ക്കാലത്തേക്കെങ്കിലും സ്വന്തം അനുഭവങ്ങളെയും ചുറ്റുമുള്ള ജീവിതങ്ങളെയും മറന്ന് മത്സരോത്സവം എന്ന ഉന്മാദത്തിലേക്ക് വഴുതിപ്പോകുന്നു. കാതടപ്പിക്കുന്ന ബഹളങ്ങളും കണ്ണഞ്ചിപ്പിക്കുന്ന വര്‍ണപ്പൊലിമകളും വന്നു മൂടുകയാണ്; അശാന്തമായിരുന്ന തെരുവുകളെ, മുഷ്ടികള്‍ താഴാത്ത സമരപ്പന്തലുകളെ, ക്രൂരമായി പിച്ചിച്ചീന്തപ്പെട്ട കന്യാവനങ്ങളെ, ഗോപുരങ്ങള്‍ നെഞ്ചിലാഴ്ത്തപ്പെട്ട നീര്‍ത്തടങ്ങളെ, സ്‌ഫോടനങ്ങളൊടുങ്ങാത്ത മലനിരകളെ, ശ്വാസവായുവില്‍ വിഷം കലര്‍ത്തുന്ന ഉഗ്രകാളിയന്മാരെ, ഒറ്റയൊറ്റയായി പിടഞ്ഞൊടുങ്ങുന്ന പ്രതിഷേധങ്ങളെ.

തെരഞ്ഞെടുക്കേണ്ടത് നമ്മുടെ പ്രതിനിധിയെയാണ്. നായകനെയല്ല. നയിക്കുന്നത് ജനങ്ങളാണ്. ജനേച്ഛയുടെ ശബ്ദം ഒരാളിലൂടെ ലോകസഭയിലും നിയമസഭയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും എത്തണം. അതിനൊരാളെ ജനങ്ങള്‍ കണ്ടെത്തുന്ന ഗൗരവതരമായ വിചാരവും വിശകലനവും തീരുമാനവുമാണ് തെരഞ്ഞെടുപ്പ്. ജീവിതത്തിന്റെ കയ്പ്പുകള്‍ മറന്ന് ഉന്മാദത്തിന്റെ നിഴലാട്ടങ്ങളില്‍ നിന്നു വേണം തെരഞ്ഞെടുപ്പെന്നത് ആരുടെ നിശ്ചയമാണ്?

കേരളത്തിന്റെ ഭൂപടം ഒരു സമരഭൂപടമായിട്ടുണ്ടായിരുന്നു. അസംഖ്യം പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളുമാണ് കെട്ടഴിച്ചുവിടപ്പെട്ടത്. എല്ലാം ദൈനംദിന ജീവിതത്തിന്റെ വിഷയങ്ങളായിരുന്നു. അതിജീവനത്തിന്റെ പിടച്ചിലുകളായിരുന്നു. കാല്‍ക്കീഴിലെ മണ്ണ് വലിച്ചുമാറ്റപ്പെടുമ്പോള്‍ അരുതേയെന്നു വിലക്കാന്‍ ആരുണ്ടായിരുന്നു? കൈപിടിച്ച് കൂട്ടുനില്‍ക്കാന്‍ പതാകകള്‍ തന്നവരാരുണ്ട്? പഴയ വീരകഥകളുടെ ഭാരംതാങ്ങിപ്പോകുന്ന ഭൂതപ്രണയികള്‍ ധാരാളമാണ്. അവരിലാരെത്തി കുടിയൊഴിപ്പിക്കപ്പെടുന്നവന്റെ, തൊഴിലില്‍നിന്ന് ഇറക്കിവിടപ്പെടുന്നവന്റെ, ക്ഷേമപദ്ധതികളില്‍നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നവന്റെ, എല്ലാം കൊള്ളയടിക്കപ്പെടുന്നവന്റെ ജീവനുപ്പായി?

അത്ഭുതത്തോടെ നോക്കണം. കുടിയൊഴിപ്പിക്കപ്പെട്ട് ഒരു ദശകത്തോളമാവുന്ന മൂലമ്പള്ളിക്കാര്‍ ആര്‍ക്കാണ് വോട്ടുചെയ്യുകയെന്ന്. അഥവാ അവരെങ്ങനെയാണ് അവരുടെ തെരഞ്ഞെടുപ്പ് നിയോഗം പൂര്‍ത്തീകരിക്കുക എന്ന്. നീതിക്കും നഷ്ടപരിഹാരത്തിനുംവേണ്ടി അലമുറയിടുന്ന പ്ലാച്ചിമടക്കാര്‍, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍, ക്വാറി ഭീതിക്കു കീഴില്‍ ഉറക്കമില്ലാത്ത മലയോരക്കാര്‍, അവസരങ്ങളും അവകാശങ്ങളും നിരന്തരം നിഷേധിക്കപ്പെടുന്ന ദളിതരും ആദിവാസികളും, കണ്‍മുന്നില്‍ നെല്‍വയലുകള്‍ ബലാല്‍ക്കാരത്തിനു വിധേയമാകുന്നത് നോക്കിനില്‍ക്കേണ്ടിവരുന്ന ഹതഭാഗ്യരായ കൃഷിക്കാര്‍, പഴയ ജന്മിത്തത്തെക്കാള്‍ ക്രൂരമായി പിഴിഞ്ഞൂറ്റപ്പെടുന്ന അസംഘടിത തൊഴിലാളികള്‍, ധനമുതലാളിത്തവും ഉദ്യോഗസ്ഥ രാഷ്ട്രീയ വൃന്ദവും തമ്മിലുള്ള അവിശുദ്ധ സഖ്യത്തിന്റെ കടന്നാക്രമണത്തിനിരയാകുന്ന നിസ്വരായ മനുഷ്യര്‍ …അവരൊക്കെ അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് എങ്ങനെയാവും?

ഈ പ്രശ്‌നങ്ങളില്‍ ഭൂരിഭാഗവും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇടപെടലുണ്ടെങ്കില്‍ പരിഹരിക്കുക എളുപ്പമായിരുന്നു. അവരുടെ പരിഗണനാക്രമം ഒന്നു മാറണം. ആദ്യബാധ്യത ജനങ്ങളോടാവണം. തങ്ങളുടെ മോഹസാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള അടിമകളോ ബലിമൃഗങ്ങളോ ആണ് ജനങ്ങളെന്ന പ്രാകൃതബോധമാണ് മിക്കവരെയും നയിക്കുന്നത്. വരാനിരിക്കുന്നവര്‍ക്ക് വസന്തമൊരുക്കാന്‍ ജീവിക്കുന്നവരുടെ ചോരവേണം എന്നത് വിപ്ലവത്തിന്റെ നീതിയാണ്. അത് മാറ്റത്തിനുള്ള സ്വയം സമര്‍പ്പണമാണ്. എന്നാല്‍ വികസനത്തിന് നിങ്ങളാണ് ബലിമൃഗങ്ങളെന്ന് ചാപ്പകുത്തുകയും അത് പ്രകൃതിനിയമമോ നീതിയോ ആണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത് അറവുശാലകളിലേക്ക് ആനയിക്കുന്നവര്‍ വേഷംകൊണ്ടോ പതാകകൊണ്ടോ വിപ്ലവകാരികളാവുകയില്ല. ജീവിക്കുന്നവര്‍ക്ക് നീതിനല്‍കാതെ വരുംകാലത്തെക്കുറിച്ച് പറയുന്നത് ഭോഷ്‌ക്കാണ്.

ജനങ്ങളോടുള്ള ബാധ്യത മറക്കുന്നതോടൊപ്പം അവര്‍ എല്ലാ മൂല്യവിചാരങ്ങളും കയ്യൊഴിയുന്നു എന്നതും നമ്മെ ഭയപ്പെടുത്തുന്നു. രാജ്യത്ത് ഏറ്റവും സൗഹൃദപരവും മാനവികവുമായ ഐക്യം ഉറപ്പു വരുത്തേണ്ട ഒരു കാലമാണിത്. സാധാരണജീവിതത്തെ കടന്നാക്രമിക്കുന്ന ഏറ്റവും ചെറിയ വിഷയംപോലും സൂക്ഷ്മതലത്തില്‍ മാത്രമായി പരിഹരിക്കാവുന്നവയല്ല. ഒരു ബൃഹദ്പദ്ധതിയുടെ പാര്‍ശ്വഫലങ്ങളെയാണ് പലപ്പോഴും നാം അഭിമുഖീകരിക്കുന്നത്. രോഗവും മാലിന്യവും തൊഴിലില്ലായ്മയും കുടിയൊഴിക്കലും അക്രമവും മത്സരവും വിവേചനവും അടിച്ചമര്‍ത്തലുമെല്ലാം കോര്‍പ്പറേറ്റ് സാമ്രാജ്യത്വത്തിന്റെ അധിനിവേശവും അതിനനുസൃതമായ പുതിയലോകക്രമത്തിന്റെ നിര്‍മാണവും ആയി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. ഭരണകൂടവും ജനാധിപത്യസംവിധാനങ്ങളും നിസ്സഹായമായ പാവകളായി അനുസരിച്ചുകൊണ്ടേയിരിക്കാന്‍ നിര്‍ബന്ധിതമാവുന്നു. ഏതു രാഷ്ട്രീയ പ്രസ്ഥാനം അധികാരമേറ്റാലും ഭരിക്കുന്നത് കോര്‍പറേറ്റ് മുതലാളിത്തംതന്നെ. സാമാന്യവ്യവഹാരവും വിദ്യാഭ്യാസവും സദാചാരവുമെല്ലാം ഘടനാപരമായി പുതുക്കി നിര്‍മിക്കപ്പെടുന്നു. മത്സരങ്ങളുടെ അപമാനവികമായ ഒരു മൂല്യസമുച്ചയം പഴയതിനെതള്ളി കടന്നുകയറുകയാണ്. കോര്‍പറേറ്റ് മുതലാളിത്തത്തിന് വിടുപണിചെയ്ത് ഓരങ്ങളിലൂടെ കയറിവന്ന സംഘപരിവാര ബ്രാഹ്മണ്യത്തിന് ആയുധവും അധികാരവും കൈവന്നിരിക്കുന്നു. ധനവരേണ്യതയും വര്‍ണവരേണ്യതയും ഒരു ന്യൂനപക്ഷത്തിന്റെ അഥവാ ഒരു ശതമാനത്തിന്റെ സര്‍വ്വതലക്കോയ്മയിലേക്കാണ് കുതിക്കുന്നത്. ഇത് ഫാസിസത്തിന്റെ ചവിട്ടുകല്ലുകള്‍ കയറുകയാണ്.

ഈ സന്ദര്‍ഭത്തില്‍ സൂക്ഷ്മതല ജീവിതത്തിനും സമരത്തിനും ഒരു ദേശീയ പരിപ്രേക്ഷ്യം ആവശ്യമായിവരുന്നു. നിസ്വജീവിതങ്ങളുടെ അനിവാര്യതകളിലും മാനവികമൂല്യങ്ങളിലും ഊന്നിനിന്ന് രാജ്യത്തെ പുനര്‍നിര്‍മിക്കേണ്ടി വരുന്നു. മുകളില്‍ പറഞ്ഞ രണ്ടപകടങ്ങളുടെ അപായമുനമ്പില്‍ സമത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മൂല്യങ്ങള്‍ക്കൊപ്പം മാനവികതയുടെ ചൈതന്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടേ ബദലുകള്‍ സൃഷ്ടിക്കാനാവൂ. വലിയ ശത്രുവിനെ നേരിടുമ്പോള്‍ പോരാളികളുടെ വലിയ പാളയം വേണം. സ്വന്തം സൈന്യത്തെ തോല്‍പ്പിക്കുന്ന സങ്കുചിത താല്‍പ്പര്യങ്ങളിലേക്ക് ആരും വഴുതിക്കൂടാ. അവ്വിധമൊരു വിപുലമായ ഐക്യത്തിന് പ്രേരിപ്പിക്കാത്ത ഒരു രാഷ്ട്രീയത്തിനും ഇന്നു പ്രസക്തിയില്ല.

പക്ഷെ,വിപുലമായ ഐക്യത്തിന് ആര്‍ക്കാണ് കഴിയുക? കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ വികസനം പ്രവര്‍ത്തന ലക്ഷ്യമായി സ്വീകരിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അത് സാധിക്കുമോ? വലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് മുതലാളിത്തേതര വികസനങ്ങളെക്കുറിച്ച് അഭിപ്രായമില്ല. സോഷ്യലിസം ഇനി നടപ്പാവില്ലെന്നും അത്തരം മുന്നേറ്റങ്ങള്‍ക്കു ഭാവിയില്ലെന്നും മുതലാളിത്ത ബുദ്ധിജീവികളെക്കാള്‍ ഉച്ചത്തിലാണവര്‍ വിളിച്ചുകൂവുന്നത്. മിശ്ര സമ്പദ്ഘടനയും ക്ഷേമ പദ്ധതികളും ചേരിചേരാ നയവുമെല്ലാം പുതിയ സാമ്രാജ്യത്വത്തിന്റെ കാല്‍ക്കല്‍ അവര്‍ സമര്‍പ്പിച്ചുകഴിഞ്ഞു. ഇടയ്‌ക്കെല്ലാം അധികാരത്തിന്റെ മോഹവലയങ്ങളില്‍ കാലിടറി വീണിട്ടുണ്ടെങ്കിലും ഇപ്പോഴും മുതലാളിത്തേതര രാഷ്ട്രീയ മാര്‍ഗമുണ്ടെന്നു കരുതുന്നത് ഇടതുപക്ഷമാണ്. വ്യവസ്ഥാപിത ശീലങ്ങളും വലത്കാലിടര്‍ച്ചകളും അവരെ ജനങ്ങളില്‍നിന്ന് വല്ലാതെ അകറ്റിയിട്ടുണ്ട്. കോര്‍പറേറ്റ് മുതലാളിത്തത്തിനെതിരെയും ഫാസിസത്തിനെതിരെയും ചെറുത്തുനില്‍ക്കാതെ ഇനി ജീവിതമില്ല എന്ന ഇന്ത്യന്‍ സന്ദര്‍ഭത്തെ കണക്കിലെടുക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തയ്യാറാവണം. ചെറിയ പാളിച്ചകള്‍പോലും ഏറ്റുപറഞ്ഞ് തിരുത്തുന്നതാണ് ഉചിതം. ചെറുതും വലുതുമായ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ജനങ്ങളില്‍ സ്വാഭാവികമായിത്തന്നെ പുതിയ മുതലാളിത്തത്തിനെതിരെ രൂപംകൊള്ളുന്ന സാമൂഹിക ഇടതുപക്ഷ ധാരകളുടെയും വിപുലവും വിശാലവുമായ ഐക്യമാണ് ഇന്നാവശ്യം.

അതേസമയം ഇടതുപക്ഷത്തും ഇതര ജനാധിപത്യ പ്രസ്ഥാനങ്ങളിലും ഗൗരവതരമായ അകവിചാരങ്ങളും സംവാദങ്ങളും നടക്കണം. കീഴ്‌പ്പെടുത്താനോ തോല്‍പ്പിക്കാനോ അല്ല ചരിത്രത്തെ അറിയാനും ജീവിതത്തെ പുതുക്കാനും പര്യാപ്തമായ നിലപാടുകളിലേക്കെത്താന്‍ അതുപകരിക്കും. ഇത്തരമൊരു സന്ദര്‍ഭത്തില്‍ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനും മാനവികമൂല്യങ്ങള്‍ക്കും വലിയ പ്രാധാന്യമാണുള്ളത്. ഹീനമായ മനുഷ്യവേട്ട നടത്തുന്നവരെയും അധമമായ വിവേചനം പാലിക്കുന്നവരെയും സംരക്ഷിക്കുന്ന ദര്‍ശനങ്ങളോട് രാജിയാവുക സാധ്യമല്ല. വിപ്ലവകരമായ രാഷ്ട്രീയ ദര്‍ശനങ്ങളുടെ പതാകത്തണലില്‍ ഒരു കൊലയാളിയും ഒളിച്ചുപാര്‍ക്കാനിട വരരുത്. ജനവിധികൊണ്ട് വിശുദ്ധപ്പെടും എന്നത് ഒരു കാപട്യമാണ്. പപ്പുയാദവ് മുതല്‍ നരേന്ദ്രമോഡി വരെ കോര്‍പറേറ്റ് നിയന്ത്രിത ജനാധിപത്യത്തിന്റെ വിജയികളാണ്. ജനങ്ങളെ കബളിപ്പിക്കാനല്ല മനുഷ്യത്വവും നീതിബോധവും ഉയര്‍ത്തിപ്പിടിക്കാനാണ് പ്രസ്ഥാനങ്ങള്‍ ശ്രമിക്കേണ്ടത്. സംശയത്തിനിരയായവരെ ഭൂരിപക്ഷ തീരുമാനംകൊണ്ടോ അധികാരബലംകൊണ്ടോ രക്ഷിക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണ്.

ജനാധിപത്യത്തിന്റെ പ്രയോഗവഴികള്‍ കളങ്കിതമാക്കുന്നവര്‍ക്ക് ജനാധിപത്യത്തെ സംരക്ഷിക്കാനാവില്ല. കൊലയാളികളെ വിരുന്നൂട്ടുന്നവര്‍ക്ക് മാനവികതയെപ്പറ്റി സംസാരിക്കാന്‍ അര്‍ഹതയില്ല. ജനങ്ങളെ അഭിമുഖീകരിക്കുമ്പോഴെങ്കിലും അവര്‍ക്കത് ബോധ്യപ്പെടണം. അല്ലെങ്കില്‍ ജനങ്ങളത് ബോധ്യപ്പെടുത്തണം. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ ജനാധിപത്യം ഒരു കണ്ണുകെട്ടിക്കളിയാണ്. ജനങ്ങളാകെ ഒരുന്മാദത്തിലേക്ക് നയിക്കപ്പെടുകയാണ്. ചേരിതിരിഞ്ഞ് തങ്ങളുടേതല്ലാത്ത താല്‍പ്പര്യത്തിന് പോര്‍ വിളി മുഴക്കി തങ്ങളുടെ ജീവിതത്തെ വരേണ്യധനാധികാര കോയ്മകള്‍ക്കു തീറു നല്‍കലായിട്ടുണ്ട് തെരഞ്ഞെടുപ്പുകള്‍. സ്വന്തം ജീവിതത്തിന്റെ അനിവാര്യതകളെ വിജയിപ്പിച്ചെടുക്കാന്‍ നമ്മുടെ ജനാധിപത്യം ശേഷി നേടുന്നത് എപ്പോഴാണാവോ! അതിനു യത്‌നിക്കുന്നവരാകാന്‍ ഇടതുപക്ഷത്തിന് ത്രാണിയുണ്ടാകണം.

25 സെപ്തംബര്‍ 2015

1 അഭിപ്രായം

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )