Article POLITICS

ഫരീദാബാദിലെ കൊലവിളിയും ഉത്തപുരത്തെ മറുപടിയും

uthapuram_wall  uthapuram

ഫരീദാബാദിലെ കുഞ്ഞുങ്ങള്‍ രാജ്യമാകെ നിറയുകയാണ്. മഹത്തായ പാരമ്പര്യവും ധാര്‍മികതയും സദാചാരവും ഗിരിപ്രഭാഷണങ്ങളില്‍ ഒഴുക്കിവിടുന്ന സംഘനേതാക്കളെവിടെ? ദില്ലിയില്‍നിന്ന് നാല്‍പ്പതു കിലോമീറ്റര്‍ മാത്രം അകലെ ഒരു ദളിത കുടുംബത്തിലെ ശിശുക്കളെ പെട്രോളൊഴിച്ചു കൊലചെയ്തത് ഏത് ദൈവത്തെ പ്രീതിപ്പെടുത്താനായിരുന്നു? ദില്ലിയിലെ സിംഹാസനസ്ഥനായ തമ്പുരാനേ, ഒരു വാക്കുരിയാടാമല്ലോ. താങ്കളുടെ സഹപ്രവര്‍ത്തകന്‍ മൊഴിഞ്ഞത് പട്ടികള്‍ക്ക് കല്ലേറ് കൊള്ളുന്നതിന് അധികാരത്തിലിരിക്കുന്നവര്‍ എന്തു പിഴച്ചുവെന്നാണ്. പട്ടികള്‍ ദളിതരും പശുക്കള്‍ ബ്രാഹ്മണരും എന്നാവുമോ പുതിയ വേദത്തിലുള്ളത്? ശിശുഹത്യയുടെ പാപം ആരെയാണ് പിന്തുടരുക എന്നാവില്ല, എത്ര ഹത്യകള്‍വേണം പാപജന്മങ്ങള്‍ ഒടുങ്ങുവാന്‍ എന്നായിരിക്കും എട്ടുദിക്കിലും ഇരമ്പുന്ന ശങ്ക.

ഈ അസ്വസ്ഥതകള്‍ക്കിടയിലും ഇന്ന് ഒരു ശുഭവാര്‍ത്ത നമ്മളെ തേടിയെത്തുന്നു. ദളിതരുടെ ആത്മവീര്യം ജ്വലിക്കുന്ന ഇന്ത്യന്‍ഗ്രാമങ്ങളുടെ കുറ്റവിചാരണയും വിധി പ്രസ്താവവുമാണത്. മതിലുകെട്ടിത്തിരിച്ച അക്രമോത്സുക വിവേചനത്തിന്റെ ആഢ്യശീലങ്ങളെ അവര്‍ കീറിമുറിച്ചു തുടങ്ങിയിരിക്കുന്നു. ഒരിക്കല്‍ ദേശീയ പ്രസ്ഥാനത്തിന്റെയും ഇതര മുന്നേറ്റങ്ങളുടെയും വഴിയില്‍ അല്‍പ്പാല്‍പ്പം നിവര്‍ന്ന ശിരസ്സുകളെ വീണ്ടും ചവിട്ടിയരച്ചു ചാളകളില്‍തള്ളിയ ജാതിഹിന്ദുത്വത്തിന്റെ കൊലക്കൊതി തീര്‍ക്കാന്‍ പുതിയ മുന്നേറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു.

ദളിതരെ കാല്‍കുത്താന്‍ അനുവദിക്കില്ലെന്ന ശാഠ്യം ആയുധമെടുത്ത ഉത്തപുരം ശ്രീ മുത്തലമ്മന്‍ ക്ഷേത്രത്തില്‍ ദളിതര്‍ പ്രവേശിക്കുക മാത്രമല്ല പൂജയും ദീപാരാധനയും നടത്തി ചരിത്രം കുറിക്കുകയും ചെയ്തിരിക്കുന്നു. രാജ്യത്തെമ്പാടും ആട്ടിയോടിക്കപ്പെടുകയും ചുട്ടുകൊല്ലപ്പെടുകയും നായ്ക്കളെപ്പോലെയെന്ന് അധികാരികളുടെ അധിക്ഷേപമേല്‍ക്കുകയും ചെയ്യുന്നതിനിടയിലാണ് തമിഴ്‌നാട്ടിലെ മധുരയില്‍നിന്ന് ആഹ്ലാദകരമായ ഈ വാര്‍ത്തയെത്തുന്നത്.

ജീവിക്കുന്ന ഗ്രാമത്തില്‍ തങ്ങളുടെകോളനിക്ക് അതിരിട്ട് മതില്‍കെട്ടി വേര്‍പെടുത്തി അകലവും ശുദ്ധിനാട്യവും പാലിച്ച സവര്‍ണ ധിക്കാരത്തോട് എതിര്‍നിന്ന വര്‍ഷങ്ങള്‍ നീണ്ട സഹനത്തിന്റെയും സമരത്തിന്റെയും കഥകളാണ് ഇവിടത്തെ ദളിതര്‍ക്കു പറയാനുള്ളത്. ജാതിമതിലെന്നും അയിത്തമതിലെന്നും ലജ്ജാമതിലെന്നും പലപേരില്‍ വിളിക്കപ്പെട്ട മതില്‍ സവര്‍ണഹിന്ദുക്കള്‍ പടുത്തുയര്‍ത്തിയത് 1989 ലായിരുന്നു. 2008 ആദ്യം തമിഴ്‌നാട് അയിത്തോഛാടന മുന്നണി കണ്‍വീനറും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി സമ്പത്താണ് ഈ വിഷയം പൊതു ശ്രദ്ധയില്‍ കൊണ്ടുവന്നത്. തമിഴ്‌നാട്ടിന്റെ വിവിധ ഭാഗങ്ങളില്‍ നില നില്‍ക്കുന്ന അയിത്താചരണത്തിന്റെയും വിവേചനത്തിന്റെയും വിവിധ രൂപങ്ങള്‍ സംബന്ധിച്ച് സര്‍വ്വേ നടത്തിയതിനു ശേഷം ലഭിച്ച വിവരങ്ങള്‍ പൊതുശ്രദ്ധയില്‍ എത്തിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്നു നടത്തിയ സമരങ്ങളും ഗവണ്‍മെന്റിനു നല്‍കിയ നിവേദനങ്ങളും 2008 മെയ് 6ന് ഫലംകണ്ടു. വലിയ പൊലീസ് സന്നാഹങ്ങളുമായി എത്തിയ ജില്ലാഭരണകൂടം ജാതിമതില്‍ തകര്‍ത്തു.

ഭാഗികമായേ മതിലുകള്‍ തകര്‍ന്നുള്ളു. സവര്‍ണ ഹിന്ദുത്വം ദളിതരില്‍നിന്ന് രക്ഷ വേണമെന്നും സ്ഥിരം പൊലീസ് ഔട്‌പോസ്റ്റ് വേണമെന്നും ക്ഷേത്രം സംരക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഈ ആവശ്യങ്ങളുന്നയിച്ച് സവര്‍ണജാതിക്കാര്‍ നാടുവിട്ടുനിന്നു സമ്മര്‍ദ്ദം ചെലുത്തുകപോലുമുണ്ടായി. മതില്‍ പൊളിച്ചതിന്റെ തൊട്ടടുത്ത നാളുകളിലായിരുന്നു അത്. ഗവണ്‍മെന്റ് ഇരുപക്ഷത്തേയും അനുനയിപ്പിച്ച് സമാധാനാന്തരീക്ഷം ഉണ്ടാക്കി. ദളിതരുടെ സമത്വത്തിനുവേണ്ടിയുള്ള സമരം തുടര്‍ന്നു. 2011 ആയപ്പോഴേക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അവകാശം അവര്‍ നേടിയെടുത്തു. ഈ വര്‍ഷം ക്ഷേത്രത്തിലെ ഉത്സവത്തില്‍ ദളിതര്‍ പങ്കെടുത്തുകൂടാ എന്ന വാശിയുമായി സവര്‍ണര്‍ രംഗത്തെത്തി. ക്ഷേത്രവൃക്ഷത്തില്‍ ദളിതര്‍ ചാര്‍ത്തിയ പൂജാദ്രവ്യങ്ങള്‍ എടുത്തുമാറ്റാനും ശ്രമമുണ്ടായി. വലിയ പ്രതിഷേധം ഉയര്‍ന്നുവന്നതിന്നെത്തുടര്‍ന്ന് ഉന്നതോദ്യോഗസ്ഥന്മാര്‍ക്ക് ഇടപെടേണ്ടിവന്നു. ദളിതരുടെ അവകാശം അംഗീകരിക്കുകയും അവര്‍ക്കു പൂജക്കുള്ള അവസരമൊരുക്കുകയും ചെയ്തു.

ദളിതര്‍ക്കു മാത്രമായി റേഷന്‍ഷാപ്പുകളും സ്‌കൂളുകളും വേര്‍തിരിച്ചു നല്‍കുന്ന സമ്പ്രദായം ഇപ്പോഴും അവിടങ്ങളില്‍ തുടരുന്നു. സവര്‍ണര്‍ക്കു ഗ്ലാസ്സില്‍ ചായ കിട്ടും .ദളിതന് മണ്ണിന്റെയോ കടലാസിന്റെയോ കോപ്പയിലാവും കിട്ടുക. തമിഴ്‌നാട്ടിലും കര്‍ണാടകയിലുമെല്ലാം ഈ വിവേചനത്തിനും ജാതീയ അടിച്ചമര്‍ത്തലിനും എതിരേ വലിയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. കര്‍ണാടകയിലെ സിഗരനഹള്ളിയിലെ ബസവണ്ണ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് നാലു ദളിതസ്ത്രീകള്‍ അധിക്ഷേപിക്കപ്പെടുകയും പിഴയൊടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്തത് കഴിഞ്ഞ മാസം ആദ്യമാണ്. മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ വസതിക്കടുത്താണ് ഈ ക്ഷേത്രം. അവിടെ ദേവഗൗഡയുടെ എം പി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കമ്യൂണിറ്റി ഹാളില്‍പോലും ദളിതര്‍ക്കു വിലക്കു വന്നു. പൊതുഫണ്ടുപയോഗിച്ചു നിര്‍മിച്ചതായിട്ടും ദളിതരുടെ വിവാഹാവശ്യങ്ങള്‍ക്കും മറ്റും നല്‍കുന്നില്ലെന്നു മാത്രമല്ല,ദളിതര്‍ക്കുള്ള പ്രവേശനംതന്നെ നിഷേധിക്കുകയും ചെയ്തു(ദി ഹിന്ദു 2015 സെപ്തംബര്‍ 7). ഒരിക്കല്‍ നവോത്ഥാന മുന്നേറ്റങ്ങള്‍ രൂപപ്പെട്ട സ്ഥലങ്ങളില്‍ ജാതിതീവ്രവാദവും സാംസ്‌ക്കാരിക പിന്‍മടക്കങ്ങളും ശക്തിപ്പെട്ടത് ജനാധിപത്യ മതേതര ഭരണകൂടങ്ങളുടെ തണലിലായിരുന്നു എന്നത് ലജ്ജിപ്പിക്കുന്നു.

ഉത്തപുരത്ത് ഒക്‌ടോബര്‍ 13ന് തുടങ്ങിയ ഉത്സവച്ചടങ്ങുകള്‍ സംഘര്‍ഷത്തിലേക്കു നീങ്ങുകയായിരുന്നു. വിശ്വഹിന്ദു പരിഷത്ത് നേതാവ് ചിന്മയ സോമസുന്ദരം സവര്‍ണജാതി പക്ഷത്തെ നയിച്ചു. ദളിതര്‍ക്കുള്ള അവകാശം നല്‍കില്ലെന്ന പിടിവാശി ദളിതരെ റോഡ് ഉപരോധം പോലെയുള്ള സമരങ്ങള്‍ക്കു പ്രേരിപ്പിച്ചു. ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡുകള്‍ അവര്‍ ഉപരോധിച്ചു. ഒക്‌ടോബര്‍ 16ന് ഉസ്ലാംപേട് റവന്യൂ ഡിവിഷന്‍ ആപ്പീസര്‍ ആര്‍ ബാലസുബ്രഹ്മണ്യന്‍ ദളിതര്‍ക്കുള്ള അവകാശം അനുവദിക്കണമെന്ന് ഉത്തരവിട്ടു. എന്നിട്ടും പിന്മാറാന്‍ തയ്യാറാവാതിരുന്ന സവര്‍ണജാതി പക്ഷത്തെ ജില്ലാ റവന്യൂ ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സമ്മര്‍ദ്ദത്തിലാക്കുകയാണുണ്ടായത്. 1989ല്‍ ഉത്തപുരത്ത് ദളിതരും സവര്‍ണജാതിപക്ഷവുമായി ഒരു ഏറ്റുമുട്ടലുണ്ടായി. ഈ കലാപത്തെ തുടര്‍ന്നാണ് അധികാരികളുടെ ഒത്താശയോടെ അവിടെ മതിലുയര്‍ന്നത്. പത്തൊമ്പത് വര്‍ഷമെടുത്തു ആ മതില്‍ പൊളിച്ചുമാറ്റാന്‍. സാധാരണ ജനാധിപത്യാവകാശങ്ങളുടെ ജീവിതത്തിലേക്ക് ആ പ്രദേശമെത്തണമെങ്കില്‍ ഇനിയും നാളുകളെടുത്തേക്കും.

സവര്‍ണാധികാര ജാതിബോധത്തെ ആളുന്ന മാനവികതകൊണ്ട് തിരുത്തുന്ന ഒരു നവീന പരിഷ്‌ക്കരണമാണ് ദളിതപോരാട്ടം. അത് ജനാധിപത്യത്തിന്റെ സത്തയെന്തെന്ന് ജനാധിപത്യ സംവിധാനങ്ങളെയാകെ പഠിപ്പിക്കാനും നിയുക്തമാവുന്നു. ഫാസിസത്തിലേക്ക് രാജ്യത്തെ നയിക്കുന്ന സംഘപരിവാര/കോര്‍പറേറ്റ് രാഷ്ട്രീയത്തിന്റെ ആന്തരികവും സൂക്ഷ്മവുമായ വൈരുദ്ധ്യങ്ങള്‍ രാജ്യത്തെമ്പാടുമായി പൊട്ടിത്തെറികളിലേക്ക് നീങ്ങുകയാണ്. ഫരീദാബാദിലെ കുഞ്ഞുങ്ങള്‍ എല്ലാ ഗ്രാമങ്ങളിലെയും കനലുകളില്‍ ഉണര്‍ന്നുകൊണ്ടിരിക്കും.

22 ഒക്‌ടോബര്‍ 2015

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )