ഇന്ത്യയുടെ രാഷ്ട്രീയഭൂപടത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് ചെറിയ ചില തുരുത്തുകളേയുള്ളു. അവിടം ചുവപ്പുകൊണ്ട് അടയാളപ്പെടുത്താം. പതുക്കെ പരക്കുന്ന മഷിപോലെ അതു പടരാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അധികാരത്തിന്റെ ആരോഹണാവരോഹണങ്ങള്‍ നോക്കിയാണ് നാം ആ തുരുത്തുകള്‍ നിശ്ചയിച്ചുപോന്നത്. ജനാധിപത്യത്തിന്റെ പരീക്ഷണങ്ങളില്‍ രണ്ടോ മൂന്നോ സംസ്ഥാനങ്ങളിലായി ചെങ്കൊടികള്‍ ഉയരുകയും താഴുകയും ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ അവിടവിടെയായി ചില ഭൂപ്രദേശങ്ങള്‍ നേരത്തേമുതല്‍ ചുവന്നു തിണര്‍ത്തു കിടപ്പുണ്ടായിരുന്നു. അതൊക്കെ നിലനിര്‍ത്താന്‍ വലിയ ശ്രമങ്ങളാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിപ്പോന്നത്. വടക്കുകിഴക്കന്‍ കുന്നുകളും വടക്കു പടിഞ്ഞാറന്‍ സമതലങ്ങളും ചുവന്നുതുടങ്ങിയപ്പോഴേ നല്ലത് വിഭജനവാദമോ തീവ്രവാദമോ വര്‍ഗീയതയോ ആണെന്ന് ഭരണാധികാരികള്‍ പ്രതിമരുന്നു കണ്ടെത്തിയിരുന്നു. സ്വപ്നം സോഷ്യലിസമെന്ന് ഭരണഘടനയില്‍ എഴുതിച്ചേര്‍ത്താണ് സോഷ്യലിസ്റ്റു പോരാളികളെ അണകെട്ടി നിര്‍ത്തിയത്. അവര്‍ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കകത്തും സാമൂഹിക മുന്നേറ്റങ്ങള്ക്കകത്തും വളര്‍ന്നു പെരുകുന്ന കാലമായിരുന്നു അത്. നേരത്തേതൊട്ടേ ആ പ്രേരണ ഇന്ത്യയിലെ മുന്നേറ്റങ്ങളിലെമ്പാടുമുണ്ടായിരുന്നു.
ഉദാഹരണത്തിനു നമുക്കു ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സിനെയെടുക്കാം. എല്ലാ പില്ക്കാല രാഷ്ട്രീയ ധാരകളും പ്രവണതകളും അതിനകത്താണല്ലോ ഒളിഞ്ഞു കിടന്നത്. വര്‍ണാശ്രമ മൂല്യങ്ങളുടെ പിന്മടക്ക ഭീകരത പുരോഗമന രാഷ്ട്രീയത്തിന്റെ വേഷം കെട്ടിയാടുന്നത് ആദ്യകാലത്തേ ആരംഭിച്ചിരുന്നു. ബാലഗംഗാധര തിലകനൊക്കെ വലിയ സ്വാതന്ത്ര്യബോധവും ഇടുങ്ങിയ ബ്രാഹ്മണ്യശൈലിയും തമ്മിലുള്ള പൊരുത്തക്കേടുകളെ സമീകരിക്കാമെന്ന് തെറ്റിദ്ധരിച്ചു. ചിത്പാവന്‍ ബ്രാഹ്മണാഢ്യത്വത്തിന്റെ പാരമ്പര്യം കോണ്‍ഗ്രസ്സിനകത്ത് വേദകാലത്തോളം മാത്രമെത്തുന്ന ഒരിന്ത്യന്‍ ചരിത്രവീക്ഷണത്തെയാണ് നട്ടുനനച്ചത്. പിന്നീടെപ്പോഴോ ചരിത്രകാരന്മാര് അവരുടെ കൊളോണിയല്‍ ഉപകരണങ്ങളിലൂടെയാണെങ്കിലും മറ്റൊരിന്ത്യയെ കുഴിച്ചെടുത്തു. മഹത്തായ സിന്ധു നദീതട സംസ്ക്കാരം വേദകാലത്തിനും മുമ്പേക്കു നീളുന്ന ഒരു തദ്ദേശീയ സംസ്കൃതിയുടെ അടിത്തറ പണിതിട്ടിരുന്നു. ഹ്യൂമിലും തിലകനിലും തത്തിക്കളിച്ച കോണ്‍ഗ്രസ്സിന് ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനായില്ല. പക്ഷെ കോണ്‍ഗ്രസ്സിലും ദേശീയ പ്രസ്ഥാനത്തിന്റെ വിവിധ രൂപങ്ങള്ക്കകത്തും വളര്‍ന്നുതുടങ്ങിയ പുതിയ യുക്തിചിന്തയും വിമോചന രാഷ്ട്രീയവും ആശയസംഘര്‍ഷത്തിന്റെ പുതിയ സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ചു.
കോണ്‍ഗ്രസ്സിനകത്ത് സ്വാതന്ത്ര്യ സമരത്തിന്റെ നാളുകളില്‍ പുരോഗമനപരവും പരാങ്മുഖവുമായ രണ്ടു ദര്‍ശനങ്ങള്‍ ഏറ്റുമുട്ടിക്കൊണ്ടിരുന്നു. വര്‍ണാശ്രമ വ്യവസ്ഥയോളം മാത്രം വേരുകളെത്തുന്ന ഒരിന്ത്യന്‍ രാമരാജ്യം ലക്ഷ്യമാക്കിയവരും അതിനും പിറകോട്ട് പോയി ഒരു കീഴാള ദ്രാവിഡ സമത്വ സ്വപ്നം മുന്നില്‍ കൊണ്ടുവന്നവരും പേരുകളോ അടയാളങ്ങളോ സ്ഥാപിക്കാത്ത വ്യത്യസ്ത ധാരകളായി തുടര്‍ന്നു. ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തി രാജ്യം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെത്തുമ്പോള്‍ വര്‍ണാശ്രമ വ്യവസ്ഥകളോടെ ഒരു രാമരാജ്യമാണോ വരികയെന്ന് ദളിതരും കീഴാളരും ഭയപ്പട്ട കാലമാണത്. എങ്കില്‍ അതിലും നല്ലത് കോളനി ഭരണംതന്നെയെന്ന് അവരൊക്കെ വിശ്വസിച്ചു. പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം എന്നെഴുതുമ്പോള്‍ കുമാരനാശാന് രാജ്യത്തിന്റെ കൊളോണിയല്‍ ആധിപത്യത്തെക്കുറിച്ചാവില്ല ജാതിക്കോയ്മകളെക്കുറിച്ചാവും ഭയപ്പെട്ടിട്ടുണ്ടാവുക. കോളനിയാധിപത്യത്തെ താങ്ങുന്നവര്‍ എന്നു പഴികേട്ട പലരും ഒന്നാമത്തെ ശത്രു സവര്‍ണ പൗരോഹിത്യ കോയ്മകളാണെന്ന് കരുതിയവരാണ്. ആ യുദ്ധം വിജയിച്ചേ കൊളോണിയല്‍ വിരുദ്ധ വിജയത്തിന് അര്‍ത്ഥമുണ്ടാകൂ എന്ന വാദത്തെ മുഖ്യധാര വിതച്ച പൊതുബോധം എത്രയാണ് സംശയിച്ചത്!
ഇങ്ങനെ വ്യത്യസ്തമായ ധാരകള്‍ അവയ്ക്കകത്തുതന്നെ ഇവ്വിധമുള്ള ഉള്‍പ്പിരിവുകളോടെ കോണ്‍ഗ്രസ്സില്‍ മാത്രമല്ല സാമുദായിക പ്രസ്ഥാനങ്ങളിലും തൊഴിലാളി പ്രസ്ഥാനങ്ങളിലും പരിഷ്ക്കരണ പ്രസ്ഥാനങ്ങളിലും ഇഴപിരിഞ്ഞും വേര്‍പിരിഞ്ഞും കിടന്നിരുന്നു. സ്വാതന്ത്ര്യ ലബ്ധിയോടെ അശ്ലീലവും ചരിത്രവിരുദ്ധവുമായ കീഴ്വഴക്കങ്ങള്‍ക്കും വികലപാരമ്പര്യബോധത്തിനും എതിരെ നീങ്ങണമായിരുന്നു കോണ്‍ഗ്രസ്സ്. മതേതരവാദിയെന്നോ നിരീശ്വരവാദിയെന്നോ അറിയപ്പെട്ട നെഹ്റുവിനു ആ വഴിയേ ഒരിഞ്ചുപോലും നീങ്ങാനായില്ല. ആചാരങ്ങള്‍ക്കും പൗരോഹിത്യ നിഷ്ഠകള്‍ക്കും വഴങ്ങുന്ന ഒരു സവര്ണശൈലി കോണ്ഗ്രസ്സിലെന്നപോലെ ഭരണത്തിലേക്കും വ്യാപിച്ചു. ആദ്യകാല മുതലാളിത്തത്തിനും ഇന്ത്യയില്‍ സങ്കീര്‍ണവും വൈരുദ്ധ്യതീക്ഷ്ണവുമായ ഈ സാമുദായികവിതാനങ്ങള് നിലനില്‍ക്കുന്നതാണ് സൗകര്യമെന്നുവന്നു. ഈ കൂട്ടുകെട്ടിന്റെ അശ്ലീലവേഴ്ച്ചയാണ് , സവര്‍ണ ഫാസിസത്തെ ഇന്നു കാണുന്ന കപടഹിന്ദുത്വ വാദവും വാശിയുമുള്ള ഹിംസാത്മക സ്വരൂപമായി വളര്‍ത്തിയെടുത്തത്.
ലോകത്തിലെ ആദിമ നദീതട സംസ്കൃതികളില്‍ മനുഷ്യ പ്രയത്നത്തിന്റെയും ആസൂത്രണ മികവിന്റെയും അടയാളങ്ങളുണ്ട്. അതിന്റെ തുടര്‍ച്ച ഇന്ത്യയില്‍ ആര്യാധിനിവേശത്തിലേക്കും അതിന്റെ വര്‍ണാധികാര വ്യവസ്ഥയിലേക്കും എങ്ങനെയോ പരിണമിച്ചുപോയി എന്നതു യാഥാര്‍ത്ഥ്യമാണ്. . പക്ഷെ, ഏതു ഘട്ടത്തില്‍നിന്നാണ് അന്യോന്യാദരവുകളോടെ മനുഷ്യനു മനുഷ്യനെ അഭിമുഖീകരിക്കാന്‍ കഴിയുന്ന നിത്യ നൂതനത്വവും സമത്വനിഷ്ഠയുമുള്ള ഒരു ദര്‍ശനത്തെ സ്വീകരിക്കേണ്ടതെന്ന് നാം ആലോചിക്കണം. ഇന്ത്യയുടെ ചരിത്രപരവും ദാര്‍ശനികവുമായ പാരമ്പര്യത്തെ ഏകമതാത്മകവാദത്തിന്റെ ശാസനകളില്‍ വരിഞ്ഞുമുറുക്കാനോ നിഷ്ഠകളില്‍ സങ്കോചിപ്പിക്കുവാനോ അനുവദിക്കുന്നതെങ്ങനെയാണ്? സ്വാഭാവികമെന്നതുപോലെ മിക്കപ്പോഴും സ്വീകരിച്ച സമരസപ്പെടലുകള്‍ ഇന്ത്യയിലെ ഭൂരിപക്ഷ സമൂഹത്തിന്റെ ഇച്ഛകളെ പരിഗണിച്ചതേയില്ല. വലിയ ജനാധിപത്യ പ്രസ്ഥാനങ്ങളിലേക്ക് ലയിച്ചു ചേരേണ്ടിയിരുന്ന സാമുദായിക പ്രസ്ഥാനങ്ങള്‍ തീവ്ര സാമുദായിക പ്രസ്ഥാനങ്ങളായി അതിന്റെ ജന്മലക്ഷ്യം നിറവേറ്റാനാകാതെ വഴിതെറ്റിയത് ഈ വിഭക്തലോകമാണ് ഭരണത്തിലും പൊതുബോധത്തിലും പുലര്‍ന്നത് എന്നതുകൊണ്ടുകൂടിയാവണം. ഏതു വിധത്തിലാണോ ഒരു സമൂഹം അടിച്ചമര്ത്തപ്പെട്ടുകൊണ്ടേയിരിക്കുന്നത് അതേവിധം അതിന്റെ പ്രതിരോധവും വളര്‍ന്നു വരിക സ്വാഭാവികമാണ്. ദളിതനായതുകൊണ്ടോ ന്യൂനപക്ഷമായതുകൊണ്ടോ അക്രമിക്കപ്പെടുന്നുവെങ്കില്‍ അതേ പേരില്‍ സംഘടിതരായിത്തീരേണ്ടിവരും. അത്തരമൊരവസ്ഥയിലേക്ക് രാജ്യത്തെ എത്തിച്ചത് ജാത്യാചാരങ്ങളോടും മതവര്ഗീയതകളോടും പ്രകടിപ്പിച്ച അയവേറിയ സമീപനമാണ്.
പുറമേ മതേതരമെന്നും ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കെന്നും എഴുതിവെച്ചാണ് അകത്ത് മതജീവിതവും മതപ്രീണനവും രാഷ്ടീയകലയാക്കുന്ന പരീക്ഷണം നിര്‍വ്വഹിച്ചത്. കൂടുതല്‍ക്കൂടുതല്‍ ജനങ്ങളെ മുതലാളിത്ത ചൂഷണങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുന്ന നായാട്ടുകൗശലത്തിനു മുകളിലാണ്് സോഷ്യലിസ്റ്റ് ലക്ഷ്യപ്രഖ്യാപനം മുദ്രപതിച്ചിരിക്കുന്നത്. ചൂഷകരായ ഒരു ശതമാനത്തിനും ചൂഷിതരായ തൊണ്ണൂറ്റൊമ്പതു ശതമാനത്തിനും ഒരേ നീതി നല്‍കുന്നതാണ് ജനാധിപത്യമെന്നും പരിശീലിക്കപ്പെട്ടു. ഈ ശീലത്തിലാണ് നമ്മുടെ വര്‍ത്തമാനകാല ഭീഷണിയായ ഫാസിസത്തിന്റെ വേരുകളുള്ളത്. ജനാധിപത്യ സമ്പ്രദായങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് അതിനു നിവര്ന്നുനില്ക്കാന് അവസരം ലഭിച്ചിരിക്കുന്നു.
തീവ്രഹിന്ദുത്വം കോര്‍പറേറ്റ് മുതലാളിത്തവുമായി സഖ്യംചേര്‍ന്ന് അധികാരസംവിധാനങ്ങളെ അവര്‍ക്കനുകൂലമായി പരിവര്‍ത്തിപ്പിച്ചു തുടങ്ങിയിരിക്കുന്നു. വലിയ എടുത്തുചാട്ടങ്ങളിലേക്ക് അത് തുനിഞ്ഞിറങ്ങാത്തത് രാജ്യത്തിന്റെ പൊതുബോധത്തെയും സാംസ്ക്കാരികവും ചരിത്രപരവുമായ അതിന്റെ സവിശേഷാസ്പദങ്ങളെയും അവയില്‍ സജീവമായി നില്ക്കുന്ന പ്രതിരോധ പ്രവണതകളുടെ പേരില്‍ ഭയപ്പെടുന്നു എന്നതുകൊണ്ടാണ്. മുമ്പില്ലാത്തവിധം അപായകരമായ ഒരാവേശം പക്ഷെ അവര്‍ കാണിച്ചുതുടങ്ങിയിട്ടുണ്ട്. താല്‍ക്കാലിക അജണ്ടകള്‍ക്ക് സാംസ്ക്കാരിക പാരമ്പര്യത്തിന്റെയും വേദദര്ശനങ്ങളുടെയും ഉടുപ്പണിയിച്ചാണ് നായാട്ടിനെത്തിയിട്ടുള്ളത്. ഇന്ത്യയെന്ന മഹത്തായ രാജ്യത്തിന്റെ മുഖം വികൃതമാക്കുന്ന മനുഷ്യബലിയും പശുപൂജയുമാണ് പുതിയ പുരോഹിതന്മാര് അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നത്.
ഇതിനെതിരെ അരുതേ എന്നു നിലവിളിക്കാന്‍ മാത്രമല്ല, നിങ്ങളുടെ കുറ്റകരമായ കാവി മൗനങ്ങളുടെയും മൗഢ്യങ്ങളുടെയും ഭാരം ഞങ്ങളില്നിന്നൊഴിക്കേണമേ എന്നു വിളിച്ചലറാനും ശക്തിപ്പെടുന്നുണ്ട് ഇന്ത്യയിലെ എഴുത്തുകാര്‍. ഒരു പ്രസ്ഥാനത്തിന്റെയും ആഹ്വാനമില്ലാതെ ഒരു പതാകയുടെയും മേല്‍ക്കൂരയില്ലാതെ പലയിടങ്ങളില്‍നിന്നായി അവര്‍ ഒത്തുചേരുകയാണ്. പലഭാഷകളില്‍ എഴുതുന്നവര്‍. അക്ഷരങ്ങളിലൂടെ ദേശത്തിന്റെ ആന്തരികസ്പന്ദങ്ങളെ പകുത്തവര്‍. അനീതിയെന്നും അധാര്‍മ്മികതയെന്നും ഉറക്കെപ്പറഞ്ഞ് തീരെ അരക്ഷിതമായ ഒരുകാലത്തിന്റെ വിധിയേല്‍ക്കാന്‍ അവര്‍ സന്നദ്ധരായിരിക്കുന്നു. ചരിത്രത്തില്‍ അപൂര്‍വ്വമായേ ഇത്തരം അനുഭവങ്ങളുണ്ടായിട്ടുള്ളു. പെന്‍ എന്നു പേരുള്ള ആഗോള എഴുത്തുകാരുടെ സംഘടനയും ഇന്ത്യന്‍ എഴുത്തുകാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരിക്കുന്നു.
പ്രതിഷേധിക്കുന്നത് ഇടത് എഴുത്തുകാരാണ് എന്നാണ് സംഘപരിവാരങ്ങള്‍ ആക്ഷേപിക്കുന്നത്. അത് ഒരാക്ഷേപമാവാനിടയില്ല. ഇടത് എന്നത് ഫാസിസത്തിന്റെ വിപരീത പദമാണ്. ഏതു വലതിനും അതിന്റെ തീവ്രഗതിയില്‍ എതിരിടാനുള്ളത് തീര്‍ച്ചയായും അറിയപ്പെടുക ഇടതെന്നായിരിക്കും. ഇവിടെ ഒരിടതുപ്രസ്ഥാനത്തിലും അംഗമല്ലാത്ത എഴുത്തുകാരെപ്പോലും ഇടതെന്ന് തിരിച്ചറിയാന്‍ അവര്‍ ചെയ്ത പ്രവൃത്തിമാത്രം മതിയായിരുന്നു എന്നര്‍ത്ഥം. കഠിനമായ ചൂഷണത്തിന്റെയും നൃശംസതകളുടെയും കാലത്ത് മനുഷ്യനാവുക എന്നതാണ് ശരിയായ ഇടതുരാഷ്ട്രീയം. ഇന്ത്യയില്‍ കോര്‍പറേറ്റ് ഫാസിസത്തിന്റെ കാലത്ത് ഞെട്ടിയുണരാന്‍ സാമൂഹിക ഇടതുപക്ഷത്തിന്റെ വിത്തുകള്‍ കാത്തു കിടന്നിരിക്കണം.
ഈ കുറിപ്പാരംഭിച്ചത് ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ അവസ്ഥ സൂചിപ്പിച്ചുകൊണ്ടായിരുന്നു. രാഷ്ട്രീയ സംഘടന എന്ന നിലയില്‍ വളരെ ചെറുതാണത്. എന്നാല്‍ ഇടതുരാഷ്ട്രീയത്തിന്റെ സ്വാധീനവും ശക്തിയും അത്ര ചെറുതല്ല. ഇന്ത്യയുടെ സാംസ്ക്കാരികവും രാഷ്ട്രീയവുമായ മണ്ഢലത്തില്‍ സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും നിറച്ചുവെച്ച ദാര്ശനികോര്ജ്ജം അനിവാര്യമായ ഘട്ടത്തില്‍ പൊട്ടിത്തെറിക്കുകയാണ്. ഭിന്ന ജനാധിപത്യ പ്രസ്ഥാനങ്ങളിലും പുറത്തുമായി ജീവിക്കുമ്പോഴും ജനാധിപത്യ മതേതര മാനവിക മൂല്യങ്ങള്‍ മുറുകെപ്പിടിക്കാന്‍ ശ്രദ്ധിക്കുന്ന വലിയവിഭാഗം ജനങ്ങളുണ്ട്. ജീവിതം ചോദ്യംചെയ്യപ്പെടുമ്പോള്‍ മനുഷ്യര്‍ അവരുടെ സഹോദരരെ കണ്ടെത്തും. ഇന്ത്യയിലെ എഴുത്തുകാര്‍ ചൂഷിതരും പീഡിതരുമായ ജനപക്ഷത്തോട് ഐക്യപ്പെട്ടിരിക്കുന്നു.
പുരസ്ക്കാരങ്ങള്‍ തിരിച്ചേല്പ്പിക്കുന്നതെന്തിന്? അതിലെന്തു വിപ്ലവം എന്നൊക്കെ ശങ്കിച്ചവരുണ്ട്. ഒന്നോ രണ്ടോ പത്തോ പേര് ചെയ്തപ്പോള്‍ അത് ഒരു വാര്ത്തയില്ക്കവിഞ്ഞ് ഒന്നുമായിരുന്നില്ല. അമ്പതും അറുപതും പേരായി ആ പട്ടിക ഉയരുമ്പോള്‍ അതൊരു അപ്രഖ്യാപിത സമരത്തിന്റെ വേലിയേറ്റമാകുന്നു. ഫാസിസത്തിനോട് രാജിയാവില്ല എന്ന മനുഷ്യന്റെ തീര്‍ച്ചയാണത്. മാനവികതയുടെ പ്രതിരോധമാണത്.
ഇതുവരെ ഉറങ്ങുകയായിരുന്നോ എന്നാണ് അവര്‍ ചോദിക്കുന്നത്. അടിയന്തിരാവസ്ഥയിലെ അര്‍ദ്ധഫാസിസത്തിന്റെ നാളുകളിലൊന്നില്‍ കവിതയെഴുതിയതിന് പൊലീസ് എഫ് ഐ ആറെഴുതി കേസെടുത്ത് ജയിലില്ത്തള്ളിയത് നമ്മുടെ എം കൃഷ്ണന്‍കുട്ടിയെയാണ്. ഓരോ അതിക്രമത്തിലും നാം പ്രതിഷേധിച്ചിട്ടുണ്ട്. ഓരോ വിധത്തിലാവുമെന്ന് മാത്രം. എങ്ങു മനുഷ്യനു ചങ്ങല കൈകളിലങ്ങെന്‍ ഹൃദയം നൊന്തീടുകയാ-/ ണെങ്ങോ മര്‍ദ്ദനമവിടെ പ്രഹരം വീഴുവതെന്റെ പുറത്താകുന്നു എന്ന് എന്‍ വി കൃഷ്ണവാരിയര്‍ എക്കാലത്തേക്കുമായി പറഞ്ഞുവെച്ചിട്ടുമുണ്ട്.
21 ഒക്ടോബര്‍ 2015