ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗത്തില്‍ ഇപ്പോഴില്ലാത്തത് ശ്രീനാരായണ ധര്‍മ്മമാണെന്ന് ഏറെക്കുറെ വ്യക്തമായിരിക്കുന്നു. ഈഴവജാതിയുണ്ട്. ജാതിരക്ഷാ ജാഗ്രതയുണ്ട്. വിലപേശലുകളുണ്ട്. സ്വാമിക്കു ഞങ്ങളെ വേണ്ടെങ്കില്‍ ഞങ്ങള്‍ക്കു സ്വാമിയെയും വേണ്ടാ എന്നു ഗുരുവിനെ തള്ളിപ്പറഞ്ഞത് യോഗത്തിന്റെ ഒരു പഴയ സെക്രട്ടറിയാണ്. സി വി കുഞ്ഞുരാമനെന്ന ആ സെക്രട്ടറിയെ ബഹുദൂരം പിറകിലാക്കാനുള്ള യജ്ഞത്തിലാണ് വെള്ളാപ്പള്ളി നടേശന്.
ഗുരുവിന്റെ സ്വത്തു കിട്ടാത്ത പരിഭവം ഗുരുവിനെ തള്ളിപ്പറയാനിടയാക്കിയത് യോഗത്തിന്റെ ചരിത്രം. തന്റെ മഠവും ഇതര സ്വത്തുക്കളും യോഗത്തിന്റെ പേരില്‍ ഗുരു എഴുതി നല്‍കിയിരുന്നു. എന്നാല്‍, യോഗത്തിന്റെ പോക്ക് ജാത്യാഭിമാനത്തിന്റെയും മറ്റ് സങ്കുചിതത്വങ്ങളുടെയും വഴിയിലൂടെയായപ്പോള് ഗുരു സ്വത്തു തിരിച്ചെടുത്തു. അതു തന്റെ ശിഷ്യരായ സന്യാസി സംഘം നോക്കട്ടെ എന്നദ്ദേഹം തീരുമാനിച്ചു.
1916 മെയ് 22ന് ഗുരു ഡോ. പല്‍പ്പുവിന് എഴുതി:
എന്റെ ഡോക്ടര്‍ അവര്‍കള്‍ക്ക്,
യോഗത്തിന്റെ നിശ്ചയങ്ങള്‍ എല്ലാം നാം അറിയാതെ പാസ്സാക്കുന്നതുകൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിച്ച കാര്യത്തില്‍ ഇല്ലാത്തതുകൊണ്ടും യോഗത്തിന് ജാത്യാഭിമാനം വര്‍ദ്ധിച്ചു വരുന്നതുകൊണ്ടും മുമ്പേതന്നെ മനസ്സില്‍നിന്നും വിട്ടിരുന്നതുപോലെ ഇപ്പോള്‍ വാക്കില്‍നിന്നും പ്രവൃത്തിയില്‍നിന്നും യോഗത്തെ വിട്ടിരിക്കുന്നു.
എന്ന്
നാരായണഗുരു
വില്‍പ്പത്രമുണ്ടാക്കി ഗുരുവിനെക്കൊണ്ട് ഒപ്പുവെപ്പിക്കാന്‍ അന്ത്യകാലത്തു നടത്തിയ ശ്രമങ്ങളെപ്പറ്റി ഡോ.ടി കെ രവീന്ദ്രന് എഴുതിയിട്ടുണ്ട്. ഗുരു എഴുതാത്തതും യോഗനേതാക്കള്‍ എഴുതിയുണ്ടാക്കിയതുമായ ഒരു വില്‍പ്പത്രമാണ് അവര്‍ ഗുരുവിനെ നിര്‍ബന്ധിച്ച് ഒപ്പിടുവിക്കാന്‍ ശ്രമിച്ചത്….ഗുരുവിന്റെ അന്ത്യം ത്വരപ്പെടുത്തിയത് ഈ സംഭവത്തില്‍ അനുഭവിക്കേണ്ടിവന്ന മനോവിഷമം ശരീരത്തിന്റെ രോഗാവസ്ഥയെ കഠിനമാക്കി എന്നതാവാനേ തരമുള്ളു. ഗുരുദേവന്റെ അന്ത്യം എസ് എന്‍ ഡി പി യോഗം ശല്യക്രിയ ചെയ്ത് രോഗത്തെ വഷളാക്കിയതുകൊണ്ടാണ് എന്നു ചുരുക്കം. അല്ലെങ്കില്‍ ശിവഗിരി മഠത്തില്‍വെച്ച് ഗുരു നമുക്കാരുമില്ല എന്നു വിലപിക്കില്ലായിരുന്നു. തമ്പീ, നീയെങ്കിലും എന്റെകൂടെക്കാണുമോ എന്നു നടരാജഗുരുവിനോടു ദയനീയമായി ചോദിക്കില്ലായിരുന്നു(ഗുരു ഇടതോ ഈഴവനോ? പുറം 92).
ഗുരുവിന്റെ ഒസ്യത്തിനെ കോടതിയില്‍ നേരിടുകയും ഗുരുവിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ത പാരമ്പര്യമാണ് ഇപ്പോഴത്തെ നേതൃത്വം തുടരുന്നത്. കൊല്ലങ്ങള്‍ക്കുമുമ്പ് തന്റെ ആത്മകഥയില്‍ നടരാജഗുരു ആ ഗതിമാറ്റം അടയാളപ്പെടുത്തിയിട്ടുണ്ട്: ഗുരുവിന്റെ മാര്‍ഗം പ്രചരിപ്പിക്കുന്നതിനുവേണ്ടി സംഘടിപ്പിക്കപ്പെട്ട എസ് എന്‍ ഡി പി യോഗം സങ്കുചിതവും നിശ്ചേതനവുമായ വര്ഗീയകൂട്ടുകെട്ടായി മാറിക്കഴിഞ്ഞിരുന്നു. അത് തുറസ്സും ത്വരിതചലനാത്മകവും സ്വതന്ത്രവുമായ സ്ഥാപനമാകണമെന്നായിരുന്നു ഗുരുവിന്റെ സങ്കല്‍പ്പം. ഭാരതീയ പശ്ചാത്തലത്തിനു ചേര്‍ന്ന ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ധീരമായ മുദ്രാവാക്യവും ഗുരു അതിന് നല്‍കിയിരുന്നു. അതിര്‍ത്തി വരമ്പുകളിടുന്നത് നിക്ഷിപ്ത താത്പര്യക്കാര്‍ക്ക് പ്രയോജനപ്പെട്ടു(നടരാജഗുരുവിന്റെ ആത്മകഥ, രണ്ടാം ഭാഗം പുറം 217).
അപ്പോള്‍ നടേശന്റെ വരവ് ആകസ്മികമായി സംഭവിച്ചതല്ല. സി വി കുഞ്ഞുരാമന് തുറന്ന സ്വാമിയില്ലാത്ത യോഗമെന്ന ലക്ഷ്യത്തിലേക്കുതന്നെയാണ് പോകാനുള്ളത്. അതിനു നേതൃത്വം നല്കാന് വെള്ളാപ്പള്ളിയോളം ശേഷി ആര്‍ക്കുണ്ട്? ജാതി ചോദിക്കരുത് പറയരുത് എന്നെല്ലാം ഗുരു എവിടെയാണ് പറഞ്ഞത്? മദ്യത്തിനെതിരെ ഗുരു എവിടെപ്പറഞ്ഞു എന്നെല്ലാം ഒരു വ്യാഴവട്ടം മുമ്പുതന്നെ നടേശന് ചോദിച്ചുതുടങ്ങിയിരുന്നു. നടേശന്റെ ആത്മോപദേശ ശതകം വ്യാഖ്യാനമെന്ന് അഴീക്കോട് കണക്കിന് കളിയാക്കുകയുമുണ്ടായി. നാമൊക്കെ നവോത്ഥാന നായകനായി കാണുന്ന ശ്രീനാരായണ ഗുരുവല്ല നടേശന്റെ ഗുരു. സി വി കുഞ്ഞുരാമന്റെ കുറ്റപത്രത്തിനു ശേഷം പിറന്ന ധനാധികാരതാല്പ്പര്യങ്ങളുടെ യോഗ ഗുരുസങ്കല്പ്പമാവണം അത്.
തൊണ്ണൂറുകളവസാനിക്കുമ്പോള്‍ നടേശന് വലിയൊരു മോഹമുണ്ടായി. സെക്രട്ടറിയായി മൂന്നോ നാലോ കൊല്ലമായപ്പോഴാണത്. രാഷ്ട്രീയാധികാരം കൂടിയുണ്ടാവുന്നത് നല്ലതല്ലേ? മന്ത്രിയായാലോ എന്നായിരുന്നു ആദ്യചിന്ത. പുതിയ സഹസ്രാബ്ദത്തിന്റെ ആരംഭകാലത്ത് അനുകൂലമായ അന്തരീക്ഷമുണ്ടായി. കേന്ദ്രത്തില്‍ വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബി ജെ പി ഭരണം. ബി ജെ പി അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡുവുമായി ഒരാശ്ലേഷത്തിന് വഴി ഒത്തു വന്നു. സമുദായ സംഘടനകളെ വേണമായിരുന്നു ബിജെപിക്ക്. നാരായണപണിക്കര്‍ വഴുതിമാറി. നടേശന് പക്ഷെ, ഇത് സുവര്‍ണാവസരമായിരുന്നു. ജാതിബോധം ഒന്നുകൂടി ഉറപ്പിച്ച് വര്‍ണാശ്രമ വഴക്കങ്ങള്‍ക്ക് വിനീതദാസ്യം പാടി. ആര് എസ് എസിനും എസ് എന്‍ ഡി പിക്കും ഒരേപോലെയുള്ള പീഡനകാലമാണ് കേരളത്തില്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലവിളി. ഇടതുപക്ഷമാണ് രണ്ടുകൂട്ടരുടെയും ശത്രുവെന്നും അദ്ദേഹമങ്ങ് പ്രഖ്യാപിച്ചു. ബിജെപിയും അവരുടെ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പരമേശ്വരനുമെല്ലാം നടേശന് പിന്തുണയുമായെത്തി.
വാജ്പേയ് ഗവണ്മെന്റ് വീണതോടെ നടേശന് ആ വഴിക്കുള്ള മോഹവും പൊലിഞ്ഞു. ഇപ്പോള്‍ മോഡിയും അമിത്ഷായും വലിയ പ്രതീക്ഷയാണ് നടേശയോഗത്തിന് നല്‍കിയിരിക്കുന്നത്. പാഴാകുമെന്ന് കരുതിയ സ്വപ്നങ്ങളുടെ വേലിയേറ്റം തുടങ്ങിയതാണ്. നാരായണഗുരുവിനെ ഉപേക്ഷിച്ചുള്ള ജാതി – ധന-അധികാര വഴികളില്‍ ചെയ്തുകൂട്ടിയതെല്ലാം ഒന്നൊന്നായി വേട്ടയാടാന്‍ എത്തുന്നതപ്പോഴാണ്. വിദ്യകൊണ്ട് കൊള്ള നടത്താനും ജാതികൊണ്ട് വിലപേശാനും പുതിയൊരാശ്രമജീവിതവും ഗുരു അവതാരവുമായില്ലേ? എസ് എന്‍ ഡി പിയോഗം അതിനു നല്കുന്ന പിന്തുണ കാണുമ്പോള്‍ വലിയൊരു മനുഷ്യന് നടന്നുപോയ വഴിയിലാണല്ലോ ഈ അധോമുഖവാമനര്‍ ഓക്കാനിക്കുന്നതെന്ന് ആരാണ് ഖേദിക്കാതിരിക്കുക?
ഇപ്പോള്‍ കാണുന്ന മനുഷ്യനിര്‍മ്മിതമായ ജാതി വിഭാഗത്തിന് യാതൊരു അര്‍ത്ഥവുമില്ല. അനര്‍ത്ഥകരവുമാണ്. അത് നശിക്കതന്നെ വേണം. മേല്ജാതിയെന്നും കീഴ്ജാതിയെന്നും ഉള്ള വിചാരംതന്നെ ഇല്ലാതാകണം. ഈ വിചാരം നമ്മില്‍നിന്ന് പോയിട്ട് വളരെക്കാലമായി. ഇത് ഗുരു 1916 ജൂലായ് 16നാണ് പറഞ്ഞത്. 1903ല്‍ എസ് എന്‍ ഡി പി രൂപീകരിക്കുമ്പോള്‍ ഈഴവ സമുദായം അനുഭവിക്കുന്ന അസ്പൃശ്യതയെ മറികടക്കല്‍ ഒരജണ്ടയായിരുന്നു എന്നത് വാസ്തവമാണ്. കീഴ്പ്പെടുത്താന്‍ ജാതി ഉപാധിയാകരുത് എന്നു തിരിച്ചറിഞ്ഞാണ് മാനുഷികമായ ധര്‍മ്മസംഹിത ഉയര്‍ത്തിപ്പിടിച്ചത്. ഈഴവ സമൂഹത്തിന്റെ ഉന്നമനം ആദ്യകാല ലക്ഷ്യവുമായിരുന്നു. ഗുരു പതുക്കെപ്പതുക്കെ ജാത്യതീതമായ ഒരു മാനവിക ദര്‍ശനത്തിലേക്ക് ശിഷ്യരെയും പൊതു സമൂഹത്തെയും ഉയര്‍ത്താന്‍ ശ്രമിച്ചു. സ്ഥാപനവത്ക്കരിക്കപ്പെട്ട യോഗത്തിന് ഗുരുവിനെ പിന്തുടരാനാവുമായിരുന്നില്ല. അധികാരവും പദവിയും നിലനിര്‍ത്താന്‍ ജാതി വേണമായിരുന്നു. വിലപേശലിന്റെ രാഷ്ട്രീയം സജീവമാകുകയായിരുന്നു. ഗുരു അപ്പോഴാണ് തന്റെ വേറിട്ട വഴിയിലേക്ക് നീങ്ങിയത്. പിന്നീടുള്ള യോഗം ഗുരുവിന്റെ ധര്‍മ്മമല്ല പ്രചരിപ്പിച്ചത്.
ഇറങ്ങിപ്പോയ ഗുരുവിന് വിശാല ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വഴികളിലേ സഞ്ചരിക്കാനാവുമായിരുന്നുള്ളു. അതിനുള്ള കാലം അദ്ദേഹത്തിന് കിട്ടിയില്ല. മുകളില്‍ സൂചിപ്പിച്ച മനക്ലേശങ്ങളോടെ ഗുരു വിടവാങ്ങി. ഇപ്പോഴെന്തിനാണ് നാം നടേശയോഗത്തെപ്പറ്റി ചര്‍ച്ചചെയ്യാന്‍ ഗുരുവിനെ ചേര്‍ത്തുകെട്ടുന്നത് എന്നേ മനസ്സിലാകാതുള്ളു. നടേശന് നടേശവഴി. ജാതിയുടേയും മദ്യത്തിന്റെയും വിലപേശലിന്റെയും രാഷ്ട്രീയവഴി. കോഴയും കൊള്ളയും വിദ്യാഭ്യാസരംഗത്ത് ഇതര ജാതി മത സമുദായ ശക്തികള്‍ക്ക് ആവേശം നല്‍കും വിധം ഉറപ്പിച്ച ഗുരുസ്ഥാനം അദ്ദേഹത്തിന് അവകാശപ്പെടാം. പൊതു പണം മൈക്രോഫിനാന്‍സ് വഴി സ്വകാര്യധനസഞ്ചയമാക്കുന്ന രാസവിദ്യയുടെ സൂത്രധാരനെന്നും അദ്ദേഹത്തെ വാഴ്ത്താം. ഈ വലിയ രൂപത്തിനു മുന്നില്‍ ശ്രീനാരായണഗുരു എന്ന എളിയ മനുഷ്യനെ എന്തിന് കൊണ്ടു വന്നു നിര്‍ത്തണം?
11 ഒക്ടോബര്‍ 2015