Article POLITICS

രക്തക്കറയുള്ള ബഹുമതികള്‍ വേണ്ടാ : ഫാസിസത്തിനെതിരെ എഴുത്തുകാര്‍

Nayantara_Ashok_ibnlive_380

ഫാസിസത്തിനെതിരെ നമ്മുടെ മലയാളസാഹിത്യകാരന്മാരും പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. തണുത്തുറഞ്ഞുവെന്ന് നാം ഭയപ്പെട്ട എഴുത്തിന്റെ ലോകത്തിന് ജീവന്‍വെച്ചിരിക്കുന്നു. മനുഷ്യന്റെ പിടച്ചിലുകളും നിലവിളികളും പുസ്തകബാഹ്യമായ തീവ്രാനുഭവമാണെന്ന് സമ്മതിക്കാന്‍ അഥവാ തിരിച്ചറിയാന്‍ സമീപകാലത്തായി എഴുത്തുകാര്‍ മടികാണിച്ചിരുന്നു. സുരക്ഷിതമായ ജീവിതത്തില്‍നിന്നും പുറത്താക്കപ്പെട്ട് പൊരുതിജീവിക്കുന്നവര്‍ക്കിടയിലേക്ക് കടന്നെത്തുന്നവര്‍ വിരലിലെണ്ണാവുന്നവരേയുള്ളു. അതെല്ലാം സാമൂഹികമോ രാഷ്ട്രീയമോ ആയ വിഷയങ്ങളായി മാറ്റി നിര്‍ത്തുകയാണ് ഭൂരിപക്ഷത്തിന്റെയും പതിവ്.

മഹാരാഷ്ട്രയിലെ ധബോല്‍ക്കര്‍ ഗോവിന്ദ് പന്‍സാരെ വധങ്ങളും കര്‍ണാടകയിലെ എം എം കല്‍ബുര്‍ഗി വധവും, ചിന്തകരുടെയും എഴുത്തുകാരുടെയും ചോരകുടിച്ചാണ് ഫാസിസം അരങ്ങേറ്റം കുറിക്കുക എന്നത് ഒരിക്കല്‍ക്കൂടി സ്ഥാപിച്ചിരിക്കുന്നു. യുക്തിചിന്തയുടെ ധൈഷണിക മേഘങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും അടിയൊഴുക്കുകള്‍ വറ്റുകയില്ല. ആ നീരൊഴുക്കുകള്‍ ഇല്ലാതാക്കിയാണ് ഇതര ശത്രുക്കള്‍ക്കുനേരെ ഫാസിസം തിരിയുക. കല്‍ബുര്‍ഗി വധത്തോടെ ഈ അപായകരമായ യാഥാര്‍ത്ഥ്യം ഇന്ത്യന്‍ എഴുത്തുകാര്‍ മനസ്സിലാക്കിയിട്ടുണ്ട്. പ്രശസ്ത ഹിന്ദി എഴുത്തുകാരന്‍ ഉദയപ്രകാശ് കഴിഞ്ഞ സെപ്തംബര്‍ 10നു തന്നെ പുരസ്‌ക്കാരങ്ങള്‍ സാഹിത്യ അക്കാദമിക്കു തിരിച്ചു നല്‍കി പ്രതിഷേധം അറിയിച്ചു. രാജ്യത്തു വളര്‍ന്നു വരുന്ന അസഹിഷ്ണുതയെ കടുത്ത ഭാഷയില്‍ അദ്ദേഹം അപലപിച്ചു. ഹിന്ദുയിസത്തെക്കുറിച്ചുള്ള വെന്‍ഡി ഡോണിഗറുടെ പുസ്തകത്തിനും മുന്നൂറോളം രാമായണങ്ങളെക്കുറിച്ചുള്ള എ കെ രാമാനുജന്റെ പഠനത്തിനും സംഭവിച്ചതെന്തെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു. അതിന്റെ തുടര്‍ച്ചയിലാണ് സമീപകാലത്ത് യു ആര്‍ അനന്തമൂര്‍ത്തിക്കെതിരെയും കടന്നാക്രമണമുണ്ടായത്. ധബോല്‍ക്കറെയും പന്‍സാരെയെയും കല്‍ബുര്‍ഗിയെയും കൊലപ്പെടുത്തിയിട്ടും ഗവണ്‍മെന്റോ സാഹിത്യ അക്കാദമിയോ പ്രതികരിച്ചില്ല. എഴുത്തുകാര്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നല്‍കുക മാത്രമല്ല അക്കാദമികളുടെ ചുമതല. അവര്‍ക്കെതിരെ നടക്കുന്ന കയ്യേറ്റങ്ങളെ പ്രതിരോധിക്കാനുള്ള ചുമതലകൂടി അക്കാദമികള്‍ക്കുണ്ട്. ഉദയപ്രകാശ് തന്റെ തീരുമാനം എഴുത്തുകാരുടെ കണ്ണുതുറപ്പിക്കുന്ന പ്രസ്താവനയോടെയാണ് പ്രഖ്യാപിച്ചത്.

മാധ്യമങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്കൊന്നും തയ്യാറായില്ല. എങ്കിലും എഴുത്തിലെ തീ പടര്‍ന്നു. പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് നോവലിസ്റ്റും വിജയലക്ഷ്മി പണ്ഡിറ്റിന്റെ മകളുമായ നയന്‍താരാ സെഹ്ഗാള്‍ കേന്ദ്ര സാഹിത്യ അക്കാദമി നല്‍കിയ പുരസ്‌ക്കാരം തിരിച്ചേല്‍പ്പിച്ചു. എണ്‍പത്തെട്ടാം വയസ്സിലും പോര്‍വീര്യമുണ്ട് അവര്‍ക്ക്. അടിയന്തിരാവസ്ഥക്കെതിരെ എഴുതാന്‍ നെഹ്‌റുവിന്റെ സഹോദരിയുടെ മകളാണെന്നത് അവര്‍ക്കു തടസ്സമായിരുന്നില്ല. ഇപ്പോഴും വിജയലക്ഷ്മി പണ്ഡിറ്റിന്റെ സ്വാതന്ത്ര്യസമര പാരമ്പര്യം നയന്‍താരയില്‍ ജ്വലിക്കുന്നു. അവരെ പിന്തുണച്ചുകൊണ്ട് തലമുതിര്‍ന്ന ഹിന്ദി കവിയും നിരൂപകനുമായ അശോക് വാജ്‌പേയിയും പുരസ്‌ക്കാരങ്ങള്‍ തിരിച്ചു നല്‍കാന്‍ മുന്നോട്ടുവന്നു.എഴുത്തുകാര്‍ നിലപാട് പ്രഖ്യാപിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പൊതുപ്രസ്താവന നടത്തി. 2008 – 11 കാലത്ത് ലളിത കലാ അക്കാദമി ചെയര്‍മാന്‍ സ്ഥാനം വഹിച്ചിട്ടുള്ള അശോക് വാജ്‌പേയ് അക്കാദമികളുടെ ഇപ്പോഴത്തെ മൗനം കുറ്റകരമാണ് എന്നഭിപ്രായപ്പെട്ടു.

കര്‍ണാടകയില്‍ കല്‍ബുര്‍ഗിയോടൊപ്പം പുരസ്‌ക്കാരങ്ങള്‍ സ്വീകരിച്ച ആറുപേര്‍ ആ പുരസ്‌ക്കാരങ്ങള്‍ തിരിച്ചു നല്‍കി. വീരണ്ണ മടിവാളര്‍, സതീഷ് ജാവരെ ഗൗഡ, സംഗമേഷ്, ഹനുമന്ത് ഹാലിഗറി, ശ്രീദേവി വി ആളൂര്‍, ചിതാനന്ദ് ശാലി എന്നീ എഴുത്തുകാരാണ് സാഹിത്യ പരിഷത്ത് അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ചത്. തുടര്‍ന്ന് ഉറുദു എഴുത്തുകാരനായ റഹ്മാന്‍ അബ്ബാസ് 2011ല്‍ മഹാരാഷ്ട്ര സാഹിത്യ അക്കാദമി നല്‍കിയ അവാര്‍ഡ് തിരിച്ചുകൊടുത്തു. ജാവിദ് അക്തറിനെയും ഗുല്‍സാറിനെയുംപോലുള്ള എഴുത്തുകാരോട് പ്രതിഷേധത്തില്‍ പങ്കുചേരാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

രാജ്യത്തെമ്പാടുമായി പ്രതിഷേധം ശക്തിപ്പെടുമ്പോള്‍, ഹിന്ദുത്വതീവ്രവാദം അതിന്റെ ഹിംസാത്മകമുഖം കുറെകൂടി കടുപ്പിക്കുകയാണുണ്ടായത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അസഹിഷ്ണുതാപരമായ സമീപനം വ്യാപകമായി. എല്ലാ മേഖലകളിലും ഹിന്ദുത്വവരേണ്യതയുടെ അടയാളങ്ങള്‍ പതിക്കാനും ഫാസിസത്തിന്റെ വരവറിയിക്കാനും വലിയ ധൃതിയാണ് കണ്ടത്. ഇന്ത്യന്‍ ചരിത്ര കൗണ്‍സിലിലും പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലും ഏകപക്ഷീയമായ കടന്നുകയറ്റവും സാംസ്‌ക്കാരിക യുദ്ധവുമാണ് കണ്ടത്. ദാദ്രിയിലെ മുഹമ്മദ് അഖ്‌ലത്ത് ബീഫ് കഴിച്ചുവെന്നാരോപിച്ച് കൊലചെയ്യപ്പെട്ടത് നൂറ്റി മുപ്പതുകോടി മനുഷ്യരുടെ ജീവിതത്തിനും അഭിമാനത്തിനും വലിയ മുറിവുകളുണ്ടാക്കി. വൈവിദ്ധ്യപൂര്‍ണവും ബഹുസ്വരവുമായ സമൂഹത്തില്‍ ഏകമതാത്മകതയുടെ ഫാസിസ്റ്റ് കോയ്മ അടിച്ചേല്‍പ്പിക്കാനുള്ള പുതിയ നീക്കങ്ങളാണ് രക്തച്ചൊരിച്ചിലിലെത്തുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി ഞെട്ടിയില്ല. ആദരണീയരും പ്രശസ്തരുമായ എഴുത്തുകാരും അക്കാദമിക സാംസ്‌ക്കാരിക പ്രവര്‍ത്തകരും വെടിവെച്ചു വീഴ്ത്തപ്പെട്ടപ്പോഴെന്നപോലെ കുറ്റകരമായ മൗനമാണ് ദാദ്രിയിലും നരേന്ദ്രമോഡി പുലര്‍ത്തിയത്.

മതേതരത്വത്തിന് മുറിവേറ്റപ്പോള്‍ കേരളവും ശബ്ദിച്ചുതുടങ്ങി. ഓരോ ജനവിഭാഗത്തിനും തങ്ങളുടെ ഭാഷയും ഭക്ഷണവും നിഷ്ഠകളും നിലനിര്‍ത്തി ജീവിക്കാനുള്ള അവകാശം നാം ഉയര്‍ത്തിപ്പിടിച്ചു. എണ്‍പതു ശതമാനവും മാംസഭുക്കുകളും അതില്‍ ഭൂരിപക്ഷവും ബീഫ് കഴിക്കുന്നവരുമായ കേരളത്തില്‍ ബീഫ് ഫെസ്റ്റിവല്‍ പ്രത്യേകമായി നടത്തേണ്ട ഒന്നല്ല. എന്നാല്‍ ബീഫ് കഴിച്ചുവെന്നാരോപിച്ച് ഒരാള്‍ വധിക്കപ്പെടുകയും ഭരണകക്ഷിയായ ബി ജെ പിയുടെ സാക്ഷി മഹാരാജിനെപ്പോലുള്ള എം പിമാരും സാധ്വി പ്രാചിയെപ്പോലുള്ള വിശ്വ ഹിന്ദു പരിഷത്ത് നേതാക്കളും ഇനിയും അങ്ങനെ സംഭവിക്കുമെന്ന് ഭീഷണിയുയര്‍ത്തുകയും ചെയ്ത സാഹചര്യത്തില്‍ സ്ഥിതി മാറുന്നു. ഞങ്ങളിതാ ബീഫ് കഴിക്കുന്നു ഞങ്ങളെയങ്ങ് കൊല്ല് എന്ന് ഒറ്റ ശബ്ദത്തില്‍ അലറേണ്ടത് ജനാധിപത്യവാദികളുടെ ചുമതലയാകുന്നു. കാമ്പസുകള്‍ അതാണ് നിര്‍വ്വഹിച്ചത്. അതിനുനേരെ ഉയര്‍ന്നതാകട്ടെ നിങ്ങളെന്താ പോര്‍ക്ക്‌ഫെസ്റ്റ് നടത്താത്തത് എന്ന ചിലമ്പിയ ശബ്ദമാണ്. പന്നിയിറച്ചി തിന്നുന്നവര്‍ക്ക് അത് കഴിക്കാനുള്ള അവകാശമുണ്ട്. അതിന്റെ പേരില്‍ ആരെങ്കിലും തടസ്സപ്പെടുത്തുകയോ ഭീഷണി മുഴക്കുകയോ ആളുകളെ വധിക്കുകയോ ചെയ്താല്‍ പോര്‍ക്ക് ഫെസ്റ്റിവലും നടക്കും. പക്ഷെ ഒരു പ്രശ്‌നവുമില്ലാതെ ആരുടെയൊക്കെയോ താല്‍പ്പര്യങ്ങളെയും വികാരങ്ങളെയും യുദ്ധ സന്നദ്ധമാക്കണമെന്നാണ് സംഘപരിവാരങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനുവേണ്ടി വികലയുക്തികളും കപടസമവാക്യങ്ങളും കായികാക്രമണങ്ങളും നമ്മുടെ തെരുവുകളിലേക്കും കാമ്പസുകളിലേക്കും ഇറക്കുമതി ചെയ്യപ്പെടുകയാണ്. കുട്ടികളുടെ പ്രതിഷേധത്തിന് നീതീകരണമുണ്ടെന്ന് ഒരദ്ധ്യാപികക്കോ അദ്ധ്യാപകനോ പറയാനാവാത്ത അവസ്ഥയും നാം കണ്ടു. വിദ്യാലയങ്ങള്‍ പൊതുജീവിതത്തിന്റെ തുറസ്സുകള്‍കൂടിയാണ്. വിവിധമതസ്ഥരും സമുദായക്കാരും അവിടെയെത്തും. തുല്യപരിഗണനയും സാമൂഹികനീതിയും ഉറപ്പു നല്‍കുന്ന വിദ്യാഭ്യാസ നയം വാഗ്ദാനം ചെയ്തിട്ടാണ് വിദ്യാലയങ്ങള്‍ അനുവദിക്കുന്നത്. അവിടെ സങ്കുചിതമോ വിഭാഗീയമോ ആയ നടത്തിപ്പുനിഷ്ഠകളുടെ കോയ്മകളുണ്ടായിക്കൂടാ. തൃശൂരില്‍ അങ്ങനെയൊരനുഭവമുണ്ടായി. മതേതര സ്ഥാപനത്തിനകത്ത് ദൈവം പൊട്ടിമുളച്ച് അമ്പലമായി വളര്‍ന്നു. അമ്പലനിഷ്ഠകളും നിശബ്ദമായി നിസംഗമായി അനുസരിക്കപ്പെട്ടു. അതിന്റെ സ്വാഭാവിക ശിഖരങ്ങളില്‍ സംഘപരിവാരങ്ങള്‍ കൂടുകൂട്ടാന്‍ കമ്പുകളുമായി എത്തി. അത്രയുമായപ്പോഴേ വിദ്യാര്‍ത്ഥികളും എഴുത്തുകാരും വിപ്ലവ നവോത്ഥാന പിന്തുടര്‍ച്ചക്കാരുമൊക്കെ ഉണര്‍ന്നു വന്നുള്ളു.

ശ്രീനാരായണ ഗുരുവിനെത്തന്നെ സംഘപരിവാരങ്ങള്‍ക്ക് പണയംവെച്ച് വല്ലതും കിട്ടുമോ എന്നന്വേഷിക്കുന്ന സമുദായനേതൃത്വം കേരളീയരെയാകെ ഞെട്ടിപ്പിച്ച അതേ നാളുകളിലാണ് ഈസംഭവവും അരങ്ങേറിയത്. ചുംബനസമരത്തിനെതിരെ ചാടിപ്പുറപ്പെട്ട ഹനുമാന്‍സേന സദാചാര പാലനത്തില്‍ മാത്രമൊതുങ്ങാതെ ദൈവരക്ഷക – ക്രമസമാധാന പാലന ദൗത്യങ്ങളും ഏറ്റെടുത്തിരിക്കുന്നു. സ്ത്രീകളെ അകറ്റുന്ന സ്വാമിമാരും കേരളത്തിലേക്ക് വന്നു തുടങ്ങിയതായിരുന്നു. മലയാളി യുവത്വം അതനുവദിച്ചുകൊടുത്തില്ല. ഫാസിസം ശക്തിപ്പെടുമ്പോള്‍ പ്രതിരോധവും ശക്തിപ്പെടുകയാണ്. ഈ സമരങ്ങളിലൊക്കെ സാംസ്‌ക്കാരികനായകരുടെയും എഴുത്തുകാരുടെയുമൊക്കെ സാന്നിദ്ധ്യം കാലഘട്ടത്തിന്റെ ഗൗരവത്തിനനുസരിച്ച് ഉണ്ടായില്ല എന്ന വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു.

അല്‍പ്പം വൈകിയാണെങ്കിലും കേരളത്തിലെ എഴുത്തുകാരും ഉജ്വലമായ ഇടപെടല്‍ നടത്തിയിരിക്കുന്നു. ഉദയപ്രകാശിനും നയന്‍താരക്കും അശോക് വാജ്‌പേയിക്കും റഹ്മാന്‍ അബ്ബാസിനും ഒപ്പം സാറാജോസഫും സച്ചിദാനന്ദനും ആനന്ദും നിലയുറപ്പിച്ചിരിക്കുന്നു. സാഹിത്യ അക്കാദമി സ്ഥാനത്തുനിന്ന് ഡോ. കെ എസ് രവികുമാറും പി കെ പാറക്കടവും രാജിവെച്ചിരിക്കുന്നു. പുരസ്‌ക്കാരം തിരിച്ചു നല്‍കുന്ന കാര്യം ആലോചിക്കുകയാണെന്ന് സുഭാഷ്ചന്ദ്രന്‍ പ്രസ്താവിക്കുന്നു. ആകെ ഒരുണര്‍വ്വ് നിറയുകയാണ്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ പ്രമുഖ എഴുത്തുകാര്‍ നമുക്കുണ്ട്. അക്കിത്തം, എം ടി വാസുദേവന്‍നായര്‍, ഒ എന്‍ വി, പുനത്തില്‍ കുഞ്ഞബ്ദുള്ള, സുഗതകുമാരി, എം ലീലാവതി, സി. രാധാകൃഷ്ണന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, എം മുകുന്ദന്‍, ടി.പത്മനാഭന്‍, ആറ്റൂര്‍ രവിവര്‍മ്മ, കെ ജി ശങ്കരപ്പിള്ള, സക്കറിയ, എം സുകുമാരന്‍, എം പി വീരേന്ദ്രകുമാര്‍, യു എ ഖാദര്‍, എം എന്‍ പാലൂര്‍ എന്നിവര്‍ പ്രതികരിക്കുമെന്ന് കരുതാമോ? രാജ്യം വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ നിശബ്ദത പുലര്‍ത്തി ഒളിച്ചിരിക്കാനാവുമോ ശ്രമം? തങ്ങളെന്തെന്നും ആരെന്നും അവര്‍ സ്വയം പ്രകാശിപ്പിക്കട്ടെ.

ഫാസിസത്തിനെതിരെ ശക്തമായ ഭാഷയിലാണ് എം ടി കോഴിക്കോട്ട് ആഴ്ച്ചകള്‍ക്കു മുമ്പ് പ്രതികരിച്ചത്. സുഗതകുമാരിയും തൃശൂര്‍ സംഭവത്തില്‍ അത്തരമൊരു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതാണ്. മനുഷ്യബന്ധങ്ങളെ ഉലയ്ക്കുന്ന എല്ലാറ്റിനോടും വിട്ടുവീഴ്ച്ചയില്ലാതെ പൊരുതുക മലയാളകലാ സാഹിത്യ പാരമ്പര്യമാണ്. അതില്‍നിന്ന് ആരെങ്കിലും വിട്ടു നില്‍ക്കുമെന്ന ആശങ്കയല്ല, അതാവര്‍ത്തിച്ച് ഉറപ്പിച്ച് ഉറക്കെപ്പറയാന്‍ നേരമായിരിക്കുന്നു എന്ന വിചാരമാണ് ഒരഭ്യര്‍ത്ഥനയിലേക്ക് ഈ കുറിപ്പിനെ നീട്ടുന്നത്. ഒന്നുകൂടി ഉറക്കെപ്പറയൂ, ഞാനും ഞാനും ഫാസിസത്തിനെതിരാണെന്ന്. താഴെ, വെറുംനിലത്ത്,തെരുവില്‍ വെട്ടേറ്റും ചവിട്ടേറ്റും വീഴുന്നത് രാജ്യത്തിന്റെ മഹത്തായ സ്വപ്നമാണ്. എല്ലാവര്‍ക്കും നീതികിട്ടുന്ന എല്ലാവരുടെ സ്വപ്നങ്ങളും അതിന്റെ വൈവിദ്ധ്യങ്ങളോടെ ആദരിക്കപ്പെടുന്ന ബഹുസ്വരതയുടെ ജീവവായു നല്‍കാന്‍ നമ്മുടെ വാക്കും പ്രവൃത്തിയും ഉണര്‍ന്നിരിക്കേണ്ടതുണ്ട്. ജാലിയന്‍വാലാബാഗിനുശേഷം രബീന്ദ്രനാഥ ടാഗോര്‍ അന്നത്തെ വൈസ്രോയിയോട് പറഞ്ഞു. നിങ്ങള്‍തന്ന ബഹുമതികളും കീര്‍ത്തിമുദ്രകളും നിങ്ങള്‍തന്നെ സ്വീകരിക്കുക. ഇതിലാകെ രക്തം പുരണ്ടിരിക്കുന്നു എന്ന്.

ഇപ്പോള്‍ ചിതറിത്തെറിക്കുന്ന രക്തത്തില്‍നിന്ന് ആര്‍ക്ക് എങ്ങോട്ടാണ്
മാറിനില്‍ക്കാനാവുക?

10 ഒക്‌ടോബര്‍ 2015

1 അഭിപ്രായം

 1. സംസ്കാരിക നേതാക്കൾ = കലാ സാഹിത്യ രംഗത്തെ പ്രശസ്തർ
  (ഇവർക്കു മാത്രം ലോകം നന്നാക്കുക എന്ന അധിക ഉത്തരവാദിത്വം എന്തിനു നല്കുന്നു എന്നറിയില്ല)
  മറ്റു നാടുകളിലെ സംസ്കാരിക നേതാക്കൾ അടിയന്തിരാവസ്ഥ വന്നപ്പോൾ പ്രതികരിച്ചു, കലാപങ്ങൾ ഉണ്ടായപ്പോൾ പ്രതികരിച്ചു അമിതമായ അഴിമതി ഉണ്ടായപ്പോൾ പ്രതികരിച്ചു.
  അപ്പോഴൊക്കെ കേരളത്തിലെ സംസ്കാരിക നേതാക്കൾ അനങ്ങിയില്ല. പക്ഷേ ആരോ റോഡിൽ നിന്ന മരം മുറിച്ചപ്പോഴോ കടിക്കാൻ വന്ന പട്ടിയെ കല്ലെറിഞ്ഞപ്പോഴോ അവർ നന്നായി പ്രതികരിച്ചു.
  മുഖ്യമന്ത്രിയായാലും വിദ്യാഭ്യാസം വേണമെന്നു പ്രതികരിച്ച മാധവിക്കുട്ടിക്കും സിനിമാ ട്രേഡ് യൂണിയൻ കലാകാരന്മാരെ അടിച്ചമർത്തുന്നു എന്നു പ്രതികരിച്ച സുകുമാർ അഴീക്കോടിനും കണക്കിനു കിട്ടി.
  കേരളത്തിലെ പല സാമൂഹിക പരിഷ്കരണങ്ങൾക്കും പുരോഗമന ആശയങ്ങല്ക്കും വേണ്ട ഊർജ്ജം പകർന്ന വലിയ ഒരു പട ഇവിടുത്തെ കലാ സാഹിത്യ രംഗത്ത് ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ ഡൽഹിയിൽ നടക്കുന്നതിന് ഇവിടെ പ്രതികരിക്കും, ഇവിടെ നടക്കുന്നതിന് ഡൽഹിയിൽ പ്രതികരിക്കും. അതാണ്‌ സ്ഥിതി.കലാകാരനെ അംഗീകരിക്കുവാൻ ഉദ്ദേശിച്ചു രൂപ കല്പന ചെയ്ത അവാർഡും ഒരു രാഷ്ട്രീയം തന്നെ. രഷ്ട്രീയമില്ലാതെ അത് കിട്ടുന്നവരും ചുരുക്കം.

  Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )