സി പി എം നേതാവും പ്രതിപക്ഷ നേതാവുമായ വി എസ് അച്യുതാനന്ദന് ദേശാഭിമാനിയുടെ നിലപാട് കോളത്തില്‍ ഇന്നെഴുതിയ ലേഖനം അശ്രദ്ധമായി വിട്ടുകളയാനാവില്ല. ഡിസംബറില്‍ പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാനുള്ള ശ്രമവുമായി മുന്നോട്ടുപോകുന്ന എസ് എന്‍ ഡി പി ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള ശക്തമായ ആരോപണമാണ് വി എസ്സിന്റെ കുറിപ്പ്. വിദ്യകൊണ്ട് പ്രബുദ്ധരാകാനാണ് ശ്രീനാരായണഗുരു ഉപദേശിച്ചത്. ഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനം നയിക്കുന്ന വെള്ളാപ്പള്ളിയാവട്ടെ വിദ്യകൊണ്ട് കൊള്ള നടത്തി കോടികള്‍ സമ്പാദിക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ വിമര്‍ശനത്തിന്റെ കാതല്‍. 1996 മുതല്‍ 2013വരെയുള്ള കാലത്ത് എസ് എന്‍ ട്രസ്റ്റിന്റെ കീഴിലുള്ള കോളേജുകളില്‍ അദ്ധ്യാപക നിയമനം നടത്തുന്നതിന് 904 തസ്തികയിലേക്ക് ഒരാളില്‍നിന്ന് ശരാശരി ഇരുപതു ലക്ഷം രൂപവെച്ച് 180 കോടിയിലേറെ രൂപ കോഴപ്പണമായി കൈപ്പറ്റിയതായി അദ്ദേഹം കണക്കുകള്‍ ഹാജരാക്കുന്നു.
കോളേജുകളില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിനും കോഴയുണ്ട്. സ്കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും നിയമനം സൗജന്യമല്ല. ഈ വകയിലുള്ള സംഖ്യകൂടി ഉള്‍പ്പെടുത്തിയാല്‍ കോഴ നൂറുകണക്കിന് കോടി രൂപ വരുമെന്ന് അദ്ദേഹം വാദിക്കുന്നു. 2014ല്‍ കോളേജുകളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട നൂറു ഒഴിവുകളിലേക്കുകൂടി നിയമനം നടക്കാനിരിക്കുന്നു. ഇപ്പോള്‍ ഒരു നിയമനത്തിന് നാല്പതു ലക്ഷമായി കോഴസംഖ്യ ഉയര്‍ന്നതായി അറിയുന്നു. ചുരുങ്ങിയത് നാല്പതു കോടിയുടെകൂടി അഴിമതിയാണ് നടക്കാനിരിക്കുന്നത് എന്നര്‍ത്ഥം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ശംബളവും മറ്റ് ആനുകൂല്യങ്ങളും നല്കിക്കൊള്ളും എന്ന ഉറപ്പിലാണ് ഈ കോഴയത്രയും വാങ്ങുന്നത് എന്നതിനാല്‍ അതെന്തു ചെയ്തു എന്നറിയാന്‍ ജനങ്ങള്‍ക്കവകാശമുണ്ട് എന്നാണ് വി എസ് പറയുന്നത്.
ഇതിത്രയും തിരിച്ചറിയാനും തുറന്നു പറയാനും വെള്ളാപ്പള്ളി ബി ജെ പി കൂട്ടുകെട്ടിലേക്കു നീങ്ങുകയും മറ്റൊരു പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിക്കുകയും വേണ്ടിവന്നു എന്നത് എന്താണ് സൂചിപ്പിക്കുന്നത്? വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്തും ഇതൊക്കെ നിര്‍ബാധം തുടരുകയായിരുന്നില്ലേ? അന്നും അദ്ധ്യാപകര്‍ക്കുള്ള വേതനവും ആനുകൂല്യങ്ങളും നല്‍കിയിരുന്നത് ഗവണ്മെന്റായിരുന്നല്ലോ. നിയമനം പി എസ് സിക്കു വിടണമെന്ന പഴയ മുണ്ടശ്ശേരിയുടെ സ്വപ്നം നടക്കുമോ എന്നു പരീക്ഷിക്കാന്‍പോലും അന്ന് ഒരുങ്ങിക്കണ്ടില്ല. എസ് എന്‍ മാത്രമല്ല സ്വകാര്യ മാനേജുമെന്റുകളൊക്കെ ഇവ്വിധമോ ഇതില്പ്പരമോ അഴിമതി നടത്തുന്നില്ലേ? അത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍കൂടിയാണ് ജനങ്ങള്‍ ഗവണ്മെന്റുകളെ തെരഞ്ഞെടുക്കുന്നത്. വി എസ് പറഞ്ഞ കാര്യങ്ങളൊക്കെ ജനങ്ങള്‍ക്ക് കൂടുതല്‍ വിശദാംശങ്ങളോടെ ബോധ്യമുള്ളതാണ്. അതു പക്ഷെ, നിയന്ത്രിക്കാന്‍ ചുമതലപ്പെട്ട കാലത്ത് ജനകീയ സര്‍ക്കാറുകള്‍ അതു നിര്‍വ്വഹിക്കാതിരുന്നതും കോഴയുടെ പങ്കുപറ്റിയിട്ടാവുമെന്നേ ജനങ്ങള്‍ക്ക് കരുതാനാവൂ.
ഏതായാലും വി എസ് ഇപ്പോഴെങ്കിലും ഇങ്ങനെയൊരനീതിക്കെതിരെ രംഗത്തു വന്നത് ആശ്വാസകരമാണ്. എസ് എന്‍ ട്രസ്റ്റിനെതിരെയുള്ള താല്‍ക്കാലിക യുദ്ധകൗശലമായി ഇത് ചുരുങ്ങിക്കൂടാ. എല്ലാ കോഴനിയമനക്കാരെയും വെളിച്ചത്തെത്തിക്കണം. ആ പണം കണക്കിലുണ്ടോ എന്ന്, ആ വരുമാനത്തിന് നികുതി നല്കുന്നുണ്ടോ എന്ന്, അതെന്താവശ്യത്തിനാണ് ചെലവഴിക്കപ്പെടുന്നത് എന്ന് ഓഡിറ്റ് ചെയ്യപ്പെടണം. നടന്ന അഴിമതിയുടെ കാര്യത്തിലാണത്. ഇനി അങ്ങനെയൊരു അഴിമതി നടക്കാന്‍ അനുവദിക്കില്ലെന്ന് പറയാനും തടയാനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കെങ്കിലും കഴിയുമോ? അതിനുള്ള ശേഷി ബാക്കി കാണുമോ?
നിയമനത്തിനു കോഴ വാങ്ങുന്നതു മാത്രമല്ല നിയമപ്രകാരമുള്ള സംവരണം നിഷേധിക്കപ്പെടുന്നതും കാണണം. സാമൂഹിക നീതിയെപ്പറ്റിയാണ് സാമുദായിക സംഘടനകളെല്ലാം വേവലാതിക്കൊള്ളാറുള്ളത്. തങ്ങള്‍ക്കുള്ള ലാഭം എന്നേ സാമൂഹിക നീതിക്ക് അവര്‍ അര്‍ത്ഥം കല്പ്പിക്കുന്നുള്ളു എന്നു വേണം കരുതാന്‍. ഇതര സമുദായങ്ങള്‍ക്ക് നല്‍കാനുള്ളത് തട്ടിയെടുക്കാന്‍ കാണിക്കുന്ന ഉത്സാഹം അത്ഭുതകരമാണ്. ഭരണഘടന ഉറപ്പു നല്കുന്ന സംരക്ഷണം ദളിത് കീഴാള വിഭാഗങ്ങള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ ലഭ്യമാകുന്നുണ്ടോ? അവരുടെകൂടി നികുതിപ്പണമാണല്ലോ ശംബളമായി നല്‍കുന്നത്. ജനസംഖ്യയില്‍ ഇരുപതു ശതമാനത്തോളം വരുന്ന ദളിത് – ആദിവാസി – അവശ വിഭാഗങ്ങള്‍ക്കു കോളേജുകളോ സ്കൂളുകളോ അത്തരത്തിലുള്ള സ്വകാര്യസ്ഥാപനങ്ങളോ ഇല്ല. അവര്‍ക്ക് അര്‍ഹതപ്പെട്ടത് തട്ടിയെടുക്കുന്ന തട്ടിപ്പു മാനേജുമെന്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നത് ജനവിരുദ്ധ ഗവണ്മെന്റുകളാണ്. ഇക്കാര്യത്തിലും ഇതുവരെ നടന്നതെന്ത് എന്ന ഒരു ഓഡിറ്റിംഗ് അത്യാവശ്യമാണ്. അതിനു മുന്‍കയ്യെടുക്കാനും വി എസും അദ്ദേഹത്തിന്റെ പ്രസ്ഥാനവും തയ്യാറുണ്ടോ?
എസ് എന്‍ ഡി പി അവകാശപ്പെട്ടുപോന്നതുപോലെ ഈഴവരുടെയെങ്കിലും താല്‍പ്പര്യം സംരക്ഷിക്കുന്ന സാമുദായിക ദൗത്യമല്ല അതിന്റെ നേതൃത്വത്തിന്റെ മുഖ്യ താല്‍പ്പര്യമെന്ന് തുറന്നുകാട്ടാന്‍ വി എസ്സിനു സാധിച്ചിട്ടുണ്ട്. നടേശന്റെ ചുവടുവെപ്പിലെല്ലാം അത് വിളംബരപ്പെടുന്നുമുണ്ട്. മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കി പിന്നോക്ക സമുദായങ്ങള്‍ക്ക് സാമൂഹിക നീതി ഉറപ്പാക്കാന്‍ വി പി സിംഗ് ഗവണ്മെന്റ് ശ്രമിച്ചപ്പോള്‍ ഏറ്റവും വലിയ എതിര്‍പ്പ് ഉയര്‍ന്നുവന്നത് സംഘപരിവാരങ്ങളില്നിന്നാണ്. ഏകീകൃത സിവില്‍കോഡ് ഏര്റവും വേഗം നടപ്പാക്കണമെന്നും അവര്‍ വാശി പിടിക്കുന്നു. ന്യൂനപക്ഷങ്ങളോടും കീഴാള സമുദായങ്ങളോടും അവരെടുക്കുന്ന നിലപാട് സുവ്യക്തവുമാണ്. ബ്രാഹ്മണിക്കല്‍ നീതി സംഹിതകളുടെ തിരിച്ചുവരവിന് കുടപിടിക്കാനാണ് ശ്രീനാരായണ പ്രസ്ഥാനത്തെ അവര്‍ സ്വാഗതം ചെയ്യുന്നത്. ഗുരു എതിര്‍ത്തതിനെ തിരിച്ചുകൊണ്ടു വരാന്‍ നടേശഗുരു കൂട്ടു നില്ക്കുന്നു. അത് തീര്‍ച്ചയായും ശ്രീനാരായണ പ്രസ്ഥാനത്തിന്റെ താല്പ്പര്യമാകാന് സാധ്യതയില്ല. പിന്നെ ആരുടെ ഏതു താല്‍പ്പര്യങ്ങള്‍ ഏതേത് വഴികളിലൂടെയാണ് കടന്നുവരുന്നത് എന്ന് ബന്ധപ്പെട്ടവര്‍ ചിന്തിക്കട്ടെ.
നടേശനെ തുറന്നുകാണിക്കുന്നതിനിടയില്‍ വി എസ് ഒരു പകല്‍ക്കൊള്ള പുറത്തുകൊണ്ടുവന്നു എന്നതാണ് ഇവിടെ പ്രധാനം. അത് എസ് എന്‍ ട്രസ്റ്റ് എന്ന അജണ്ടയില്‍ ഒതുങ്ങുന്നുമില്ല. പുറത്തുവന്ന ഭൂതം വളര്‍ന്നു വലുതാവും. കൊള്ളയില്‍ പങ്കുള്ളവരുടെയെല്ലാം ശരീരത്തില്‍ ചളിപുരളും. സമ്മര്‍ദ്ദ ഗ്രൂപ്പുകളായി ജനാധിപത്യ രാഷ്ട്രീയത്തെ മലിനമാക്കുന്ന സങ്കുചിത സാമൂദായിക നേതൃത്വങ്ങളുടെ നേര്‍മുഖം അത് പരസ്യപ്പെടുത്തുന്നു. അവിടെയെല്ലാം വൃത്തിയാക്കാനുള്ള ഒരുക്കവും ഇച്ഛാശക്തിയുമാണ് ഇനിയാവശ്യം. പ്രതിപക്ഷനേതാവ് തുടങ്ങിവെച്ചത് പൂര്ത്തീകരിക്കപ്പെടുമോ? ഒരും വെറും വാശിയായി ഗ്വാഗ്വാ വിളിയായി അത് അസ്തമിക്കുമോ?
7 ഒക്ടോബര്‍ 2015