Article POLITICS

ഭക്ഷണവും ഫാസിസവും; കേരളവര്‍മ്മ കോളേജിലെ അനുഭവപാഠം

kvrma

ശ്രീകണ്‌ഠേശ്വരം ജി. പത്മനാഭപിള്ളയുടെ ശബ്ദതാരാവലിയില്‍ ഗോഘ്‌നന്‍ എന്ന പദത്തിനു കൊടുത്ത അര്‍ത്ഥം ഒരു സുഹൃത്ത് ഫേസ്ബുക്കില്‍ ഉദ്ധരിച്ചുകണ്ടു. എന്റെ കൈവശമുള്ള ശബ്ദതാരാവലിയില്‍ നോക്കി ബോധ്യപ്പെടുകയും ചെയ്തു. പശുവിനെ കൊല്ലുന്നവന്‍, അതിഥി സല്‍ക്കാരം ചെയ്യുന്നവന്‍ (പശുമാംസം കൊടുത്ത് അതിഥിയെ സല്‍ക്കരിക്കുന്നവന്‍), ഉത്തമനായ ബ്രാഹ്മണന്‍ എന്നെല്ലാമാണ് അതില്‍ കൊടുത്തിരിക്കുന്നത്. ആര്യന്മാര്‍ക്കിടയില്‍ പശു ഇഷ്ടഭക്ഷണമായിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നാണല്ലോ ഇതു നല്‍കുന്ന സൂചന.

ശ്രീകണ്‌ഠേശ്വരത്തിനു പിഴച്ചതാവുമോ? ഗോമാതാവിന് അര്‍ഹിക്കുന്ന ആദരവു നല്‍കാന്‍ ബ്രാഹ്മണര്‍ ഉപേക്ഷവരുത്തിയ കാലവും ഉണ്ടായിരുന്നുവോ? എന്റെ ആലോചനകള്‍ക്കിടയില്‍ പണ്ടു വായിച്ച ഒരു ലേഖനം കുതിച്ചെത്തി. അംബേദ്ക്കറുടെ സമ്പൂര്‍ണ കൃതികളുടെ എട്ടാം വാല്യത്തില്‍ അഹിംസയുടെ പ്രഹേളികയുണ്ട്. അതില്‍ പറയുന്നു: പ്രാചീന ആര്യന്മാര്‍ക്കിടയില്‍ വിരുന്നുകാര്‍ക്കു നല്‍കേണ്ട സ്വീകരണത്തിനു സുവ്യവസ്ഥിതമായ നടപടിക്രമങ്ങളുണ്ടായിരുന്നു. മധുപര്‍ക്കം എന്നാണ് ആ സ്വീകരണം അറിയപ്പെട്ടത്. ആ ചടങ്ങ് പലകാലങ്ങളില്‍ പല മാറ്റങ്ങള്‍ക്കും വിധേയമായി. മാംസമില്ലാതെ മധുപര്‍ക്കം പാടില്ലെന്ന് വേദം പ്രഖ്യാപിക്കുന്നതായി മാനവഗൃഹ്യ സൂത്രത്തില്‍ പറയുന്നുണ്ട്. പശു ലഭ്യമല്ലെങ്കില്‍ ആട്ടിറച്ചിയോ പാല്‍പ്പായസമോ സമര്‍പ്പിക്കണമെന്ന്, മറ്റ് മാംസം അര്‍പ്പിക്കണമെന്ന് അതില്‍ പറയുന്നു.പശുവിനെ വിട്ടേക്കുന്നെങ്കില്‍ ആട്ടിറച്ചിയോ കാട്ടിറച്ചിയോ (മാനിന്റെയോ മറ്റോ) സമര്‍പ്പിക്കണമെന്നും മാംസമില്ലാതെ മധുപര്‍ക്കമില്ലെന്നും അഥവാ മാംസമൊരുക്കാന്‍ ഒരാള്‍ക്കു സാധിക്കുന്നില്ലെങ്കില്‍ അയാള്‍ ഭൂധാന്യങ്ങള്‍ പാകം ചെയ്യണമെന്നും ബൗധായന ഗൃഹ്യസൂത്രം പറയുന്നു. എന്നാല്‍ അന്തിമ ഘട്ടത്തില്‍ മാംസം മധുപര്‍ക്കത്തിന്റെ ഏറ്റവും അത്യാവശ്യ ഭാഗമായിത്തീര്‍ന്നു. വാസ്തവത്തില്‍ ഗൃഹ്യസൂത്രങ്ങളില്‍ ചിലത് കടത്തിപറയുന്നുണ്ട്. മാംസം കൂടാതെ മധുപര്‍ക്കം പാടില്ലെന്ന്. ഇതിന് അവ ആധാരമാക്കുന്നത്, മാംസമില്ലാതെ മധുപര്‍ക്കമാവരുത് എന്ന ഋഗ്വേദത്തിലുള്ള അനുശാസനത്തെയാണ്(പുറം 129). താന്ത്രികാരാധനയുടെ അവശ്യഘടകങ്ങളായും മദ്യവും മാംസവും സ്വീകരിക്കപ്പെട്ടിട്ടുണ്ട്(പുറം 131).

പ്രാചീന ആര്യന്മാര്‍ക്കിടയിലും പില്‍ക്കാല ആര്യന്മാര്‍ക്കിടയിലും നിലനിന്ന സമ്പ്രദായങ്ങളെയെല്ലാം പിന്തുടരേണ്ട മഹത്തായ പാരമ്പര്യമായി കണക്കാക്കാനാവില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എങ്കിലും,ബ്രാഹ്മണാധിപത്യത്തിന്റെ ജീര്‍ണധാരകള്‍ അതതു സന്ദര്‍ഭത്തിനു പാകത്തില്‍ വേദവ്യാഖ്യാനങ്ങളോടെ പൂര്‍വ്വമഹിമകള്‍ നിലനിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. വരേണ്യജീവിത്തിന്റെ മോഹലാവണ്യങ്ങള്‍ കയ്യൊഴിയാന്‍ അവര്‍ക്കാവില്ലായിരുന്നു. നമ്മുടെ രാഷ്ട്രീയ ചരിത്രത്തിന്റെ അത്തരമൊരു സന്ദര്‍ഭത്തിലാണ് ചിത്പാവന്‍ ബ്രാഹ്മണ ഗോത്രത്തെ വല്ലാത്ത ആശങ്കകള്‍ പിടികൂടുകയും അതു പരിഹരിക്കാന്‍ ഹിന്ദുമഹാസഭ രൂപീകരിക്കുകയും ചെയ്തത്. ആ പാരമ്പര്യത്തിന്റെ ഇങ്ങേയറ്റത്തിരുന്നാണ് ഗോക്കളെ തിന്നാന്‍ നിങ്ങളാര് എന്ന് അവര്‍ അട്ടഹസിക്കുന്നത്. പശു മാതാവാണ്. മാതാവിനെ ശിരഛേദം ചെയ്ത എക്കാലത്തെയും ആദരണീയ മകന്‍ തങ്ങളുടെ വിഭാഗക്കാരനാണെന്നും അവരഹങ്കരിക്കുമോ എന്നറിയില്ല.

കേരളം കരയാക്കിയെടുത്തത് അത്തരമൊരു മര്യാദരാമനാകയാല്‍ ഇനി മറ്റുള്ളവര്‍ ഇവിടം ഒഴിഞ്ഞുകൊടുക്കണം എന്നൊരാവശ്യവും ഉയര്‍ന്നു വരാവുന്നതേയുള്ളു. മാട്ടിറച്ചി തിന്നുന്നവര്‍ രാജ്യം വിട്ടുപോകണമെന്ന് ആജ്ഞാപിക്കുന്നവര്‍ അഭിസംബോധനചെയ്തത് ഒരിക്കല്‍ തങ്ങള്‍ക്കുവേണ്ടി ആടുമാടുകളെ കൊന്നുതന്ന പുറം വര്‍ണക്കാരെയാണ്. ചത്തൊടുങ്ങുന്ന കന്നുകാലികളെ കുഴിച്ചുമൂടാനും അവര്‍ വേണമായിരുന്നു. അവര്‍ക്കുള്ള ഭക്ഷണവും സവര്‍ണരാണ് വിധിച്ചത്. അതെല്ലാം അതേപടി തുടര്‍ന്നുകൊള്ളണമെന്നാവുമോ പുതിയ വിധി?

ഇന്ത്യയില്‍ എന്നുമുതലാണ് സസ്യഭോജനം നിലവില്‍വന്നത് എന്ന പ്രസക്തമായ ചോദ്യവും ഡോ.അംബേദ്ക്കര്‍ ചോദിക്കുന്നുണ്ട്. സസ്യഭോജികളെന്ന് അഭിമാനിക്കുന്നവര്‍ക്കു ഈ ചോദ്യത്തിന്റെ ഔചിത്യം പലപ്പോഴും മനസ്സിലാകാറില്ല. തങ്ങളുടെ പൂര്‍വ്വസൂരികളെത്തന്നെയാണ് അവര്‍ വെട്ടി വീഴ്ത്തുന്നതെന്ന യാഥാര്‍ഥ്യം അതിനാല്‍ അവരറിയാതെപോകുന്നു. ഹിംസയില്‍നിന്ന് അഹിംസയിലേക്കും പിന്നീട് അഹിംസയില്‍നിന്ന് ഹിംസയിലേക്കും ചുവടുമാറ്റുന്ന കാലവിഭ്രമമാണ് അവരെ തീണ്ടിയിരിക്കുന്നതെന്ന് അംബേദ്ക്കര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

2.

ബീഫു കഴിച്ചാല്‍ കൊന്നുകളയുമെന്നു കല്‍പ്പിക്കാന്‍ ഏതു പാരമ്പര്യമാണ് സംഘപരിവാരങ്ങള്‍ക്ക് നാവു നല്‍കുന്നത്? മേല്‍പറഞ്ഞ പാരമ്പര്യത്തില്‍ അതിനു രേഖകളൊന്നുമില്ല. പാല്‍ തരുന്ന മൃഗങ്ങളെയും മുട്ടതരുന്ന പക്ഷികളെയും കൊല്ലരുതേ എന്ന കാരുണ്യമാകുമോ അത്? അത്രയങ്ങ് തീരുമാനിക്കാന്‍മാത്രം സസ്യഭോജികളായിട്ടില്ല നമ്മുടെ നാട്ടിലെ സംഘപരിവാരങ്ങള്‍. സവര്‍ണരാഷ്ട്രീയത്തിന് കളമൊരുക്കാന്‍ ഹിംസയുടെ കളരിയിലാണല്ലോ അഭ്യാസം. ചാവേറുകളെല്ലാം മാംസഭോജികളുമാണ്. പാപം തിന്നു തീര്‍ക്കുന്നവര്‍ക്ക് മാംസാഹാരം നിഷിദ്ധമാവുകവയ്യ.

ബീഫ് കഴിച്ചുവെന്നാരോപിച്ച് ഒരു വൃദ്ധനെ കൊന്നതും അത്തരക്കാരെ മുഴുവന്‍ അതേ വിധിക്കു വിധേയമാക്കുമെന്ന് പ്രഖ്യാപിച്ചതും ഇന്ത്യന്‍ സൈ്വരജീവിതത്തിനുമേലുള്ള യുദ്ധാരംഭമായേ കാണാനാവൂ. അതങ്ങനെ സ്വാഭാവികമെന്ന മട്ടില്‍ കണ്ടും കേട്ടുമിരിക്കാന്‍ മനുഷ്യസ്‌നേഹികള്‍ക്കു ബുദ്ധിമുട്ടുകാണും. അവരത് അപലപിക്കുകയോ പ്രതിഷേധമുയര്‍ത്തുകയോ ചെയ്‌തെന്നു വരും. തൃശൂരിലെ കേരളവര്‍മ്മ കോളേജിലും അതാണ് സംഭവിച്ചത്. ബീഫു കഴിച്ചാല്‍ വധശിക്ഷയാണെങ്കില്‍ ഞങ്ങളിതാ ബീഫ് തിന്നുന്നു, ഞങ്ങളെയൊക്കെ കൊല്ല് എന്ന് വിദ്യാര്‍ത്ഥികള്‍ ആര്‍ത്തുവിളിക്കും. കൊലവിളികളെ നേരിടുമ്പോള്‍ വരിതെറ്റാത്ത പ്രകടനങ്ങളോ ഉച്ചാരണപ്പിശകില്ലാത്ത മുദ്രാവാക്യങ്ങളോ പ്രതീക്ഷിച്ചു നിരാശരാവരുത്. വഴിയില്‍ ദൈവങ്ങളുണ്ടായിരുന്നു ബഹുമാനിച്ചില്ലല്ലോ എന്നു പരാതിപ്പെടരുത്. കൊല്ലുന്നവന്റെ ദൈവങ്ങളെ ഇരകള്‍ ഭയപ്പടേണ്ടതില്ല.

ഭക്ഷണം പൗരാവകാശമാണ്. ഓരോ ജനസമൂഹത്തിനും സവിശേഷവും ചരിത്രാസ്പദവുമായ ഭക്ഷണ രീതികളുണ്ട്. അതവരുടെ കാര്യമാണ്. മറ്റൊരാള്‍ക്ക് അസ്വസ്ഥതയുണ്ടാക്കാന്‍ ആരും ഭക്ഷിക്കാറില്ല. ഭക്ഷണം മുടക്കുന്നത് ഒരു സമൂഹത്തിലും ഭൂഷണമല്ല. സംസ്‌ക്കാരത്തിന്റെ ഒരു ധാരയിലും അങ്ങനെയൊരു കേട്ടുകേള്‍വിയുമില്ല. പശുവായാലും പന്നിയായാലും കാടയോ കോഴിയോ ആയാലും അവ ഭക്ഷണമായി ശീലിച്ചവര്‍ അവ കഴിച്ചു വിശപ്പടക്കട്ടെ. അതു തടയുന്നതാണ് കുറ്റകരം. അതു ബോധ്യമുള്ളവര്‍ക്ക് യു പിയില്‍നിന്നുള്ള വാര്‍ത്ത സഹിക്കാനാവില്ല. സമീപകാലത്തായി തീവ്രഹിന്ദുത്വം മതേതരത്വത്തെ കടന്നാക്രമിക്കുന്നത് കേന്ദ്രാധികാരത്തിന്റെ തണലിലാണ്. ആ അധികാരം ഭ്രാന്തുപിടിച്ചു കൊലവിളി നടത്തുമ്പോള്‍ പുതിയ തലമുറ എങ്ങനെ പ്രതികരിക്കുമെന്നതിന്റെ ഒരുദാഹരണം മാത്രമാണ് കേരളവര്‍മ്മ കോളേജ്.

ബീഫ്‌ഫെസ്റ്റ് നടത്തുന്നവരെ അക്രമിച്ചോ പുറത്താക്കിയോ പ്രതിഷേധങ്ങളെ ഇല്ലാതാക്കാനാവുമോ? കോളേജില്‍ അയ്യപ്പവിഗ്രഹമുണ്ടെന്നും ക്ഷേത്രമുണ്ടെന്നും അതിനു മുന്നില്‍ ബീഫു കഴിച്ചതാണ് അപരാധമെന്നും വാദങ്ങളുയരുന്നു. തീര്‍ച്ചയായും കലാലയങ്ങളില്‍ ഏതു വിധത്തിലുള്ള ആരാധനാലയങ്ങളും സ്ഥാപിച്ചുകൂടാ. പൊതു വിദ്യാലയങ്ങളില്‍ എല്ലാ വിഭാഗം മനുഷ്യരുമുണ്ടാകും. പല ആചാരരീതികളും ഭക്ഷണ സമ്പ്രദായങ്ങളും പിന്തുടരുന്നുണ്ടാവാം. വിദ്യാഭ്യാസരംഗത്ത് അവ്വിധമുള്ള സംവരണമാണുള്ളത്. എല്ലാവരും ബ്രാഹ്മണരാണെന്ന് സങ്കല്‍പ്പിക്കരുത്. ബ്രാഹ്മണ ഭക്ഷണമേ കഴിക്കാവൂ എന്നു നിര്‍ബന്ധിക്കരുത്. പൊതു വിദ്യാലയങ്ങള്‍ക്ക് മാനേജുമെന്റ് ഏതായാലും പൊതു മാനദണ്ഡങ്ങള്‍ ബാധകമാവണം. ആരാധനാലയങ്ങള്‍ക്കും കലാലയങ്ങള്‍ക്കുമിടയില്‍ കൃത്യമായ അതിരുവേണം. അതല്ലെങ്കില്‍ മറ്റ് രീതികളിലും പരാതികളും ഏറ്റുമുട്ടലുകളും രൂപപ്പെടാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് അശുദ്ധിദിനങ്ങളുണ്ടെന്നും ആ ദിവസങ്ങളില്‍ അയ്യപ്പനു മുന്നിലൂടെ നടന്നുകൂടെന്നും നാളെ തീരുമാനമുണ്ടാകാം. അഹിന്ദുക്കളെ പൂര്‍ണമായും വിലക്കാനും ആര്‍ക്കെങ്കിലും തോന്നിക്കൂടെന്നുമില്ല.

ഇക്കാര്യം ചൂണ്ടിക്കാട്ടി അപായകരമായ ഒരിരുള്‍കാലത്തെ തുറന്നുകാട്ടുകയാണ് അദ്ധ്യാപികയായ ദീപ നിശാന്ത് ചെയ്തത്. അതിന് അനുമോദിക്കണമെന്നല്ല വിശദീകരണം ചോദിക്കണമെന്നാണ് മാനേജ്‌മെന്റിന് തോന്നിയത്. തീവ്രഹിന്ദുത്വത്തിന്റെ അജണ്ടകള്‍ നടപ്പാക്കുന്നതിനാണ് ജനാധിപത്യ ഭരണസംവിധാനത്തിനു കീഴിലെ ദേവസ്വംബോര്‍ഡ് ശ്രമിക്കുന്നത്. ലഘുവായ ഭാഷയില്‍ ഇതൊരു തീക്കളിയാണ് എന്നു പറയാം. ദേവസ്വത്തെയും രാജ്യത്തെയും വിഴുങ്ങാനുള്ള ഫാസിസ്റ്റ് ഭൂതത്തെയാണ് അവര്‍ സാഷ്ടാംഗം പ്രണമിക്കുന്നത്. കോര്‍പറേറ്റ് മൂലധനാധികാരത്തിന്റെകൂടി പിന്തുണയോടെ ഇരമ്പിയെത്തുന്ന ഫാസിസത്തെ കണ്ടറിഞ്ഞ കാമ്പസ് യൗവ്വനം അഭിവാദനമര്‍ഹിക്കുന്നു. അവരെ ധീരമായി സല്യൂട്ട് ചെയ്ത ദീപടീച്ചര്‍ക്കും പോരാളികളുടെ അഭിവാദ്യങ്ങളുണ്ട്. അനീഷുമാഷോട് അനീതികാട്ടിയ സ്വകാര്യ മാനേജ്‌മെന്റ് ധിക്കാരം വാളെടുത്ത് ഉറഞ്ഞാടുന്നത് അപ്രതീക്ഷിതമല്ല. പക്ഷെ അതത്ര എളുപ്പമാവുമെന്നു കരുതുകയുമരുത്.

കേരളത്തിലെ പല വിദ്യാലയങ്ങളും പൊതുഫണ്ടുപയോഗിച്ചു പ്രവര്‍ത്തിക്കുമ്പോഴും ജാതി മത സ്ഥാപനങ്ങളായി ചുരുങ്ങുന്നുണ്ട്. അവിടെ സവിശേഷമായ നിയമങ്ങളും നിഷ്ഠകളും കാത്തുപോരുന്നുണ്ട്. കേരളവര്‍മ്മ കോളേജും അവ്വിധമാണെന്ന് ഇപ്പോഴാണ് അറിയുന്നത്. എത്രയോ എഴുത്തുകാരും പുരോഗമനവാദികളും പഠിക്കുകയും ജോലിചെയ്യുകയും ചെയ്ത സ്ഥാപനമാണത്.
സവര്‍ണാധികാരത്തിന്റെ അലിഖിത നിയമങ്ങള്‍ക്ക് ശിരസ്സ് കുനിച്ച് വിനീതരായാണ് അവരൊക്കെ നിലകൊണ്ടതെന്ന് വിശ്വസിക്കാനാവുന്നില്ല. പതുക്കെപ്പതുക്കെ ശക്തിപ്പെടുന്ന ഫാസിസത്തിന്റെ കോശങ്ങളെയാണ് മൗനാനുവാദത്തോടെ അവര്‍ വളര്‍ത്തിയെടുത്തത്. ഭൂരിപക്ഷത്തിന്റെ ഭക്ഷണക്രമത്തെയും ശീലത്തെയും തടഞ്ഞുനിര്‍ത്തിയ അധികാരപ്രയോഗം ഏതു മൂല്യത്തെയാണ് കാത്തുപോന്നത്? വിപ്ലവരാഷ്ട്രീയത്തിന്റെ കനലുകളില്‍ ഫാസിസത്തിന്റെ വിത്തുകള്‍ അതിന്റെ കാലവും കാത്തുകിടന്നുവെന്ന് അത്ഭുതത്തോടെ തിരിച്ചറിയേണ്ടിവരുന്നു.

6 ഒക്‌ടോബര്‍ 2015

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )