Article POLITICS

കോര്‍പറേറ്റ് മുതലാളിത്തത്തിനും ഫാസിസത്തിനുമെതിരായ പൊതുവേദി സാധ്യമോ?

cor demo

സാമ്രാജ്യത്വ കോര്‍പറേറ്റ് ആഗോളവത്ക്കരണത്തിന്റെയും ഫാസിസത്തിന്റെയും അധിനിവേശങ്ങള്‍ക്കെതിരെ പോരാടുന്ന ഒരു പൊതുവേദി നമ്മുടെ നാട്ടില്‍ രൂപപ്പെടേണ്ടിയിരിക്കുന്നു. ജനാധിപത്യവാദികള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ രണ്ടഭിപ്രായമില്ല. മത സാമുദായിക സ്വത്വ സങ്കുചിത രാഷ്ട്രീയ നിലപാടുകളുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളല്ലാതെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും ഇതിനോട് വിയോജിപ്പു പ്രകടിപ്പിക്കുന്നില്ല. എന്നിട്ടും കോര്‍പറേറ്റ് ചൂഷണങ്ങള്‍ക്കും ഫാസിസത്തിനും എതിരെ പൊതു സമരവേദികള്‍ യാഥാര്‍ത്ഥ്യമാകാത്തതെന്തുകൊണ്ടാണ്?

കോര്‍പറേറ്റ് ചൂഷണത്തിന്റെ ഇരകളുടെ നിര പ്രതിദിനം നീളുകയാണ്. ജോസഫ് സ്റ്റിഗ്ലിറ്റ്‌സ് തന്നെ പറഞ്ഞതുപോലെ മഹത്തായ വിഭജനമാണ് തൊണ്ണൂറ്റൊമ്പതും ഒന്നും ശതമാനമായി ഇരകളും പുതു സമ്പന്നവിഭാഗവും വേര്‍തിരിയുംവിധം അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ നാട്ടില്‍ ദശലക്ഷക്കണക്കായ ഇരകള്‍ ഓരോ രാഷ്ട്രീയ – മത – സാമുദായിക സംഘടനകളുടെ കീഴില്‍ വേര്‍തിരിഞ്ഞു കിടക്കുകയാണ്. അവര്‍ക്കിടയില്‍ ഇരകളുടെ പൊതു ഐക്യം ഉരുത്തിരിഞ്ഞു വരുന്നതിനുള്ള പ്രധാനതടസ്സം ഈ സംഘടനകളുടെ നിലപാടുകളാണ്.

ജീവിതത്തിന്റെ പ്രശ്‌നകേന്ദ്രമായി അധമമായ ചൂഷണത്തെ കാണാന്‍ മത സാമുദായിക സംഘടനകള്‍ക്കും വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും സാധിക്കുകയില്ല. ചൂഷണത്തിന്റെ സാധൂകരണമാണ് അവര്‍ക്കു വിശ്വാസപ്രമാണങ്ങള്‍. ഇന്ത്യയിലെ വലിയ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം എന്നവകാശപ്പെടുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സാണ് ക്ഷേമരാഷ്ട്ര സങ്കല്‍പ്പം കയ്യൊഴിഞ്ഞ് നഗ്നവും കിരാതവുമായ കോര്‍പറേറ്റ് ചൂഷണത്തിന് ചുവന്ന പരവതാനി വിരിച്ചത്. തൊഴിലാളികള്‍ക്കും കീഴാളര്‍ക്കുമെതിരെ നവമുതലാളിത്തം ആവശ്യപ്പെടുന്ന നിയമങ്ങളൊക്കെ അംഗീകരിച്ചു നടപ്പാക്കിക്കൊടുക്കുന്ന ഭരണമാണ് അവര്‍ നടത്തിപ്പോരുന്നത്. ഹിന്ദുത്വ വരേണ്യതാവാദത്തിന്റെ വിത്തുകള്‍ മുളപ്പിച്ചെടുക്കുന്നതിലും അവ പരിപാലിക്കുന്നതിലും വലിയ പങ്ക് അവര്‍ നിര്‍വ്വഹിച്ചിട്ടുമുണ്ട്. പക്ഷെ, ആ പ്രസ്ഥാനത്തിന്റെ വഞ്ചന മനസ്സിലാക്കാതെ അതിനകത്ത് കുടുങ്ങി സമസ്ത ചൂഷണങ്ങള്‍ക്കും ഇരകളായി വിധിയെ പഴിക്കുന്ന നിസ്വരായ അനുയായികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. ആ രാഷ്ട്രീയ പ്രസ്ഥാനത്തില്‍ തുടരുമ്പോള്‍തന്നെ കോര്‍പറേറ്റ് ചൂഷണത്തിനും ഇതര സങ്കുചിതശാഠ്യങ്ങള്‍ക്കും എതിരായ പൊതു മുന്നേറ്റങ്ങളില്‍ പങ്കാളികളാവാനുള്ള താല്‍പ്പര്യം അവരൊക്കെ പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ട്രേഡ് യൂണിയന്‍ നേതൃത്വത്തിലുള്ള പൊതു പണിമുടക്കുകള്‍ മുതല്‍ സൂക്ഷ്മ മേഖലകളിലെ ജീവല്‍ സമരങ്ങളില്‍വരെ രാഷ്ട്രീയ നേതൃത്വങ്ങളുടെ സമ്മതത്തിനു കാത്തു നില്‍ക്കാതെ സഹകരിക്കുന്ന നിലയിലേക്ക് അവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.

ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും അനുഭവം സമാനമാണ്. രാഷ്ട്രീയ നേതൃത്വങ്ങള്‍ ഘടനാപരമായ നവമുതലാളിത്ത പരിഷ്‌ക്കാരങ്ങള്‍ക്ക് വഴിതുറക്കുമ്പോള്‍, അനുയായികള്‍ അതിനെതിരായ സമരത്തില്‍ അണിചേരാന്‍ നിര്‍ബന്ധിതമാകുന്നു. ജനലക്ഷങ്ങളെ ചൂഷണത്തിനെതിരെ ഒന്നിപ്പിക്കാവുന്ന ഈ പൊതുവേദിക്ക് നമ്മുടെ നാട്ടില്‍ ഒരു നേതൃത്വം വളര്‍ന്നു വന്നില്ല എന്ന ദൗര്‍ബല്യമുണ്ട്. വ്യാവസായിക മുതലാളിത്തം വേരുറപ്പിച്ച ഘട്ടത്തില്‍ തൊഴിലാളിപക്ഷ രാഷ്ട്രീയ പ്രസ്ഥാനം വളരെ സമര്‍ത്ഥമായി നിര്‍വ്വഹിച്ച ദൗത്യമാണത്. ചിതറിക്കിടന്ന ചൂഷിതജനതയെ ഇത്തിരി മണ്ണിനും തൊഴിലിനും അഭിമാനകരമായ ജീവിതത്തിനും പൊരുതാന്‍ പഠിപ്പിച്ചത് ഇടതുപക്ഷ പ്രസ്ഥാനമാണ്. ആ പ്രസ്ഥാനത്തിന്റെ അപചയം ബദല്‍ മുന്നേറ്റ സാധ്യതകളെയാണ് അനിശ്ചിതത്വത്തിലാക്കിയത്.

കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ കാലത്ത് പൊതുസമര മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുള്ള തടസ്സമെന്താണ്? ഈ അന്വേഷണം ഒട്ടേറെ ചോദ്യങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്നു. സംസ്ഥാനങ്ങളില്‍ ഭരണത്തിലിരിക്കെ അവര്‍ സാമ്രാജ്യത്വ അജണ്ടയുടെ നടത്തിപ്പുകാരാവുകയും നവധനിക വിഭാഗത്തോട് വലിയ മമതാബന്ധം സ്ഥാപിക്കുകയും ചെയ്തതാവില്ലേ മുഖ്യതടസ്സം? ഫെഡറല്‍ സംവിധാനത്തിനകത്ത് ഇത്രയൊക്കെയേ നടക്കൂ എന്നു ബോധ്യമുണ്ടായിട്ടും പ്രക്ഷോഭങ്ങളെക്കാള്‍ പ്രാധാന്യം പാര്‍ലമെന്ററി താല്‍പ്പര്യങ്ങള്‍ക്ക് നല്‍കുന്നത് എന്താണ് സൂചിപ്പിക്കുന്നത്? ധന – രാഷ്ട്രീയാധികാര സഖ്യത്തിലേക്ക് കണ്ണിചേരുന്നതിന് സ്വന്തം വിപ്ലവപരിപാടി തടസ്സമാണെന്നുപോലും തിരിച്ചറിയാത്ത അന്ധതയെ നീതീകരിക്കാനാവുമോ? ജാതി മത വംശീയ ശാഠ്യങ്ങള്‍ക്കു തുല്യമായ അയുക്തികവും ആത്മനിഷ്ഠവുമായ പാര്‍ട്ടി ശാഠ്യങ്ങള്‍ നേതൃവ്യതിയാനങ്ങളെ സംരക്ഷിക്കാനല്ലാതെ മറ്റെന്തിനാണുതകുക? രാജ്യത്തു ഭൂസമരങ്ങളും വീടിനും കൃഷിയിടങ്ങള്‍ക്കും തൊഴിലിനും മിനിമം വേതനത്തിനും കുടിവെള്ളത്തിനും ശുദ്ധവായുവിനും ജനാധിപത്യാവകാശങ്ങള്‍ക്കും ലിംഗനീതിക്കും സാമൂഹിക നീതിക്കും ഒക്കെയായ സമരങ്ങളും മുളച്ചുപൊന്തുമ്പോള്‍ കേവലം കാഴ്ച്ചക്കാരായി ഗാലറിയില്‍ ഇരിക്കേണ്ടവരാണോ ഇടതുപക്ഷങ്ങള്‍? നവമുതലാളിത്ത വിരുദ്ധമായ അത്തരം സമരങ്ങളുടെ രാഷ്ട്രീയവുമായി വ്യവസ്ഥാപിത ഇടതുപക്ഷത്തിനുള്ള വിയോജിപ്പുകള്‍ അഥവാ വിമര്‍ശനങ്ങള്‍ എന്തൊക്കെയാണ്? തങ്ങളുടെ ചട്ടപ്പടി സമരങ്ങളാണ് വര്‍ഗസമരത്തിന്റെ എക്കാലത്തെയും ഉത്തമ മാതൃകകളെന്ന മൗഢ്യമാണോ അവരെ നയിക്കുന്നത്?

ആഗോളവത്ക്കരണം യാഥാര്‍ത്ഥ്യമായിത്തുടങ്ങിയതോടെ ലോകത്തെ പല കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും സാഹചര്യത്തിനനുസരിച്ച് വേഷംമാറാന്‍ ധൃതിപ്പെടുകയായിരുന്നു. ആ ഘട്ടത്തില്‍ വ്യത്യസ്തവും ഏകാന്തവുമായ സ്വരം ഉയര്‍ത്തിയത്് ഇന്ത്യന്‍ ഇടതുപക്ഷമായിരുന്നു. തൊണ്ണൂറുകളില്‍ വളര്‍ന്നുവന്ന അവസരമോഹികളും ലോലമനസ്‌ക്കരുമായ യുവജനനേതൃത്വമാണ് വൃദ്ധവ്യാമോഹങ്ങളെ തള്ളി വലതുപാത വരിക്കാനിടയാക്കിയത്. ഇംഗ്ലണ്ടില്‍ ലേബര്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് ജെറമി കോര്‍ബിന്‍ എത്തുമ്പോള്‍, യൂറോപ്പിലാകെ രൂപപ്പെടുന്ന പുതിയ പ്രക്ഷോഭങ്ങളുടെ തിരിച്ചറിവും സമരോര്‍ജ്ജവും സോഷ്യലിസ്റ്റനുഭാവമുള്ള ഒരിടതുപക്ഷത്തെയാണ് കാത്തിരിക്കുന്നതെന്നു വ്യക്തമാവുന്നു. അടുത്തയിടെ നടന്ന ലോകകമ്യൂണിസ്റ്റ് പാര്‍ട്ടി കൂട്ടായ്മകളിലെല്ലാം വലത്തോട്ട് ചാഞ്ഞതാണ് വലിയപിശകായതെന്നും അതെത്രയും വേഗം തിരുത്തുമെന്നും പ്രഖ്യാപിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു വീണ്ടു വിചാരത്തിന്റെ നേരിയ ചുവടൊച്ച സി പി എമ്മിന്റെ വിശാഖപട്ടണം കോണ്‍ഗ്രസ്സില്‍ കേട്ടിരുന്നു. പക്ഷെ, അതനുസരിച്ചുള്ള പ്രായോഗിക ചുവടുവെപ്പുകളൊന്നുംതന്നെ കേരളത്തിലെ ജനകീയ സമരമുഖങ്ങളില്‍ കാണുന്നില്ല എന്നത് പ്രതീക്ഷകളുടെ നിറംകെടുത്തുന്നു. കോര്‍പറേറ്റ് മുതലാളിത്തത്തിനെതിരെ യോജിച്ച പൊതുവേദിയൊരുക്കാന്‍ സിപിഎമ്മിനു പദ്ധതിയുള്ളതായി കരുതിക്കൂടാ.

നവോത്ഥാന പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുമ്പോഴും അതുപേക്ഷിച്ച അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും തിരിച്ചുകൊണ്ടു വരുന്നതില്‍ ആദ്യം മൗനാനുവാദവും പിന്നീട് പൂര്‍ണാനുവാദവും നല്‍കിയിട്ടുണ്ട് നമ്മുടെ ഇടതുപക്ഷം. വ്യക്തിയുടെ സമഗ്രമായ തൊഴിലാളിപക്ഷ വല്‍ക്കരണം സാധിക്കാനുള്ള ജനിച്ച വര്‍ഗമെന്ന തടസ്സം മുന്‍നിര്‍ത്തിയാണ് ഇ എം എസ് താന്‍ തൊഴിലാളി വര്‍ഗത്തിന്റെ ദത്തുപുത്രനാണെന്ന് സ്വയം വിശേഷിപ്പിച്ചത്. സ്വത്തെല്ലാം പ്രസ്ഥാനത്തിന് നല്‍കി പൂര്‍ണമായും വിമോചനപ്രസ്ഥാനത്തിനു വഴങ്ങിയിട്ടും താന്‍ ഒരന്യനാണെന്ന ഖേദം അദ്ദേഹത്തെ അലട്ടിയിരുന്നു. ആ അകലം വര്‍ഗപരമായ പരിമിതിയാണ്. തൊഴിലാളി വര്‍ഗനേതൃത്വങ്ങള്‍ ഇപ്പോള്‍ ആരുടെ ദത്തുപുത്രരാണ്? വര്‍ഗപരമായും ജാതി – മതാസ്പദമായും ഏതു പ്രവണതകളെയാണ് അത് താലോലിക്കുന്നത്? ഈ തിരിച്ചുപോക്ക് സംഘപരിവാര രാഷ്ട്രീയത്തിന് കാര്യങ്ങള്‍ എളുപ്പമാക്കി എന്നു വാദിക്കുന്നത് തെറ്റാകുമോ? ഫാസിസത്തിലേക്ക് ഒരോ നൂല്‍പ്പാലവുമായാണ് ഓരോരുത്തരും കഴിയുന്നത് എന്ന കുറ്റകരമായ ജീവിതാവസ്ഥയെ സ്വയം വിമര്‍ശനപരമായി നേരിടാന്‍ നാം സന്നദ്ധമാകുമോ? ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വം അതിനു സന്നദ്ധമാവാതെ ഫാസിസത്തിനെതിരായ പൊതുവേദിയും അവര്‍ക്കു രൂപപ്പെടുത്താനാവില്ല.

തീവ്ര ഇടതുപക്ഷങ്ങള്‍ക്ക് ജനകീയമുന്നേറ്റങ്ങളില്‍ താല്‍പ്പര്യം കുറവാണ്. അതുകൊണ്ട് അവരുടെ അജണ്ടയില്‍ ഈ വിഷയം വരില്ല. ആര്‍ എം പി പോലുള്ള ചെറിയ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കാവട്ടെ, വലിയ തടസ്സവാദങ്ങളാണുള്ളത്. കോര്‍പറേറ്റ് ആഗോളവത്ക്കരണത്തിനും ഫാസിസത്തിനുമെതിരെ പൊതുവേദി വേണമെന്ന അഭിപ്രായമാണ് അവര്‍ക്കുമുള്ളത്. എല്ലാ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും അക്കാര്യത്തില്‍ അത്ഭുതകരമായ യോജിപ്പാണ് പ്രകടിപ്പിക്കുന്നത്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും കീഴിലുള്ള ഇരകളാക്കപ്പെടുന്ന ജനസമൂഹം തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കു കീഴില്‍ പൊതുവേദി പങ്കിടണമെന്നാണ് എല്ലാ കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളും ആഗ്രഹിക്കുന്നത്. അതിനാല്‍ അവര്‍ക്ക് ഉപാധികളുണ്ട്. ആര്‍ എം പിയെ സംബന്ധിച്ചാണെങ്കില്‍ സി പി എം ഇടതുകക്ഷിയല്ല. ഒരു ചുവടുകൂടി മുന്നോട്ടുപോയി സി പി എം ഫാസിസ്റ്റ് സ്വഭാവമാര്‍ന്ന കക്ഷിയാണെന്ന അഭിപ്രായവും അവര്‍ക്കുണ്ട്. അവരെ സംബന്ധിച്ച് കോര്‍പറേറ്റ് ആഗോളവത്ക്കരണത്തിനും ഫാസിസത്തിനുമെതിരായ പൊതുവേദി സി പി എമ്മിനെതിരെക്കൂടി ആയിത്തീരുന്നു.

ഈ നിരീക്ഷണത്തില്‍ യാഥാര്‍ത്ഥ്യത്തിന്റെ നീരൊഴുക്കുണ്ടെങ്കിലും ഗുരുതരമായ വീക്ഷണ വൈകല്യവുമുണ്ട്. വലതുപക്ഷ സ്വഭാവത്തിലേക്ക് തലകുത്തി മറിയുമ്പോഴും എവിടെയോ ഒരിടതുപക്ഷാഭിമുഖ്യം കാത്തുപോന്ന പ്രസ്ഥാനങ്ങളൊക്കെ ഇപ്പോള്‍ സോഷ്യലിസ്റ്റ് ബദലിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ഐക്യപ്പെടുന്ന ചിത്രമാണ് ലോകത്തെമ്പാടുമുള്ളത്. വ്യതിയാനങ്ങളെ വിമര്‍ശിക്കുന്നത് കൂടുതല്‍ ശരിയായ ഒരിടതുപക്ഷ ധാര ശക്തിപ്പെടുത്താനാവണം. സി പി എമ്മിനെ നയവ്യതിയാനം വന്ന ഇടതുപക്ഷമായി കാണുന്നതിനപ്പുറം വലതുപ്രസ്ഥാനമായി കാണുന്നത് ഭാവിയുടെ വിമോചന മുന്നേറ്റങ്ങള്‍ക്ക് ഗുണംചെയ്യില്ല. തീവ്രമായ മത്സരവേഗങ്ങല്‍ക്ക് വിധേയമായ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നത് നവമുതലാളിത്തമാണ്. അതു വിതക്കുന്നതോ തിരികെ കൊണ്ടുവരുന്നതോ ആയ ശീലങ്ങളോട് പൊരുതുകയാണ് വേണ്ടത്. സി പി എമ്മിന്റെ ജനാധിപത്യ കേന്ദ്രീകരണ തത്വങ്ങള്‍ അതേപോലെ പുലര്‍ത്തുന്ന ഒരു പ്രസ്ഥാനത്തിന് സി പി എമ്മിന്റെ അതിരുകടന്ന മൗലികശാഠ്യം ഫാസിസമാണെന്നു പറയുമ്പോള്‍ തങ്ങളുടെ വഴികളെപ്പറ്റിക്കൂടി ചിന്തിക്കാന്‍ ബാധ്യതയുണ്ട്. പുറത്തു നില്‍ക്കുന്നവര്‍ക്കാകട്ടെ, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കൊക്കെ ഒരേ അസുഖമാണെന്നു പറയാന്‍ ഇതു നിമിത്തവുമാകുന്നു.

കോര്‍പറേറ്റ് മുതലാളിത്തത്തിനും ഫാസിസത്തിനുമെതിരെ ശക്തവും വിശാലവുമായ പൊതുഐക്യനിര ഉയര്‍ത്തിക്കൊണ്ടുവരാന്‍ മുന്‍കയ്യെടുക്കുമെന്നു പ്രതീക്ഷിച്ച പ്രസ്ഥാനങ്ങള്‍ സ്വന്തം പരിമിതികളോട് പൊരുതി തോറ്റുകൊണ്ടിരിക്കുകയാണ്. സങ്കുചിതമായ വിശുദ്ധിവാദവും അകറ്റി നിര്‍ത്തലുകളും പ്രഛന്ന ബ്രാഹ്മണനിഷ്ഠകളാണ്. വര്‍ണാശ്രമ നീതിബോധത്തില്‍തന്നെയാണ് അതിന്റെ വേരുകളും. സ്വന്തം വേദികളില്‍ ആരോഗ്യകരമായ വിമര്‍ശനവും സംവാദവും ഉയര്‍ത്തിക്കൊണ്ടുതന്നെ അനിവാര്യവും ചരിത്രപരവുമായ ബാധ്യത നിര്‍വ്വഹിക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവരേണ്ടതുണ്ട്. ജീര്‍ണതകള്‍ വിതയ്ക്കുകയും പരത്തുകയും ചെയ്യുന്ന കീടങ്ങളെ വെറുതെവിട്ട് കീടബാധയേറ്റവരെ പരസ്പരം പോരടിപ്പിക്കുന്ന തലതിരിഞ്ഞ സമീപനമാണ് തിരുത്തേണ്ടത്.

ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും ഇതര ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും നേതൃത്വങ്ങള്‍ പുതുതായ ഒരു വര്‍ഗതാല്‍പ്പര്യത്താല്‍ ഐക്യപ്പടുകയാണ് എന്ന ബോധ്യമാണ് ചൂഷിത വിഭാഗങ്ങളില്‍ ശക്തിപ്പെടുന്നത്. ഇത് തങ്ങളില്‍നിന്നുതന്നെ ഒരു ബദല്‍ സൃഷ്ടിക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് അവരെ നയിക്കുന്നത്. നേതൃത്വം കൊടുക്കാന്‍ ആരുമില്ലാത്തതിനാല്‍ ഒരു പോരാട്ടവും തുടങ്ങാതിരിക്കുകയില്ല. പോരാട്ടങ്ങള്‍ അതിന്റെ നേതൃത്വത്തെയും രാഷ്ട്രീയത്തെയും കണ്ടെത്തും. ലക്ഷ്യമറ്റ വ്യവസ്ഥാപിത പ്രസ്ഥാനങ്ങള്‍ ഒഴിഞ്ഞ തോടുകള്‍പോലെ ഉപേക്ഷിക്കപ്പെടും. ഓര്‍ക്കേണ്ടവര്‍ അതോര്‍ക്കുമെന്നു കരുതാം.

4 ഒക്‌ടോബര്‍ 2015

1 അഭിപ്രായം

  1. അടിമുടി കോർപ്പറേറ്റ് വൽക്കരിക്കപ്പെട്ട, മുതലാളിത്തത്തെ പരോക്ഷമായി താലോലിക്കുന്ന, ചട്ടപ്പടി സമരങ്ങളും ഒത്തുതീർപ്പ് സമരങ്ങളും മാത്രം നടത്തുന്ന, സോഷ്യലിസം കൈയ്യൊഴിഞ്ഞ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൽ നിന്നും എന്താണ് താങ്കൾ പ്രതീക്ഷിക്കുന്നത്? മുഖ്യധാരാ ഇടതു കക്ഷികൾ നടത്തുന്ന കോർപ്പറേറ്റ് പരിപാടികൾക്ക് ഓശാന പാടുന്ന പരിപാടിയല്ലേ ആ കക്ഷികളുടെ നേതൃത്വത്തിലുള്ള ട്രേഡ് യൂണിയനുകളും ചെയ്തുകൊണ്ടിരിക്കുന്നത്? ആണ്ടിനും സങ്ക്രാന്തിക്കും നടത്തുന്ന ചട്ടപ്പടി അഖിലേന്ത്യാ പണിമുടക്കുകൾ, തൊഴിലാളികളുടെ തൊഴിൽ സംരക്ഷണത്തിനും മെച്ചപ്പെട്ട ശമ്പളത്തിനും ജീവിതാവസ്തക്കും വേണ്ടിയല്ല, മറിച്ച് അവരുടെ രോഷം തണുപ്പിച്ച് വൻകിട കോർപ്പരേറ്റിന് സുഗമമായി പ്രവർത്തിക്കാൻ കുടപിടിച്ച് കൊടുക്കാൻ വേണ്ടിയല്ലേ നടത്തുന്നത്? തങ്ങളുടെ നേതൃത്വത്തിലും കാർമികത്വത്തിലും അല്ലാതെ നടക്കുന്ന തൊഴിൽ സമരങ്ങളെ അവഗണിക്കുകയും അടിച്ചമർത്തുകയുമല്ലേ ട്രേഡ് യൂണിയൻ ബ്യൂറോക്രാറ്റുകൾ ചെയ്തുകൊണ്ടിരിക്കുന്നത്? മൂന്നാർ എസ്റ്റേറ്റ് സമരവും തമിഴ്നാട് നെയ്‌വേലി ഇഗ്നൈറ്റ് കോർപ്പരേഷൻ-ഹര്യാന മാരുതി കാർ അസ്സംബ്ലി യൂണിറ്റ് തൊഴിലാളി സമരങ്ങളൊക്കെ അതല്ലേ കാണിക്കുന്നത്? ജീർണ്ണതയുടെ ചളിക്കുണ്ടിൽ ആണ്ടുകിടക്കുന്ന ഇന്ത്യയുടെ മുഖ്യധാരാ ഇടതുപക്ഷത്തെയും ഉൾപ്പെടുത്തി “കോര്‍പറേറ്റ് മുതലാളിത്തത്തിനും ഫാസിസത്തിനുമെതിരെ ശക്തവും വിശാലവുമായ പൊതുഐക്യനിര ഉയര്‍ത്തിക്കൊണ്ടുവരാന്‍” സാധിക്കും എന്നത് കേവലം “ഒരിക്കലും നടക്കാത്ത മനോഹര സ്വപ്നം” മാത്രമാണ്. ഘടനയിലും പ്രവർത്തനത്തിലും സി പി എമ്മിൻറെ കാർബണ്‍ കോപ്പികളായി മാറിക്കൊണ്ടിരിക്കുന്ന “ബദൽ ഇടതുപക്ഷങ്ങൾക്ക്” ആ കക്ഷിയെ വിമർശിക്കാൻ അവകാശമില്ലെന്ന താങ്കളുടെ നിരീക്ഷണം അംഗീകരിക്കുന്നു.

    Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )