Article POLITICS

അനീതി തീണ്ടിയ നഗരവും അഗ്നിനാളങ്ങളുടെ നൃത്തവും

tcr

(രണ്ടു ഫേസ്ബുക് കുറിപ്പുകള്‍)

ആത്മാഭിമാനമുള്ള മലയാളിക്കു ലജ്ജിക്കാം. ശിരസ്സുതാഴ്ത്തി ശീലമില്ലാത്തവര്‍ക്ക് ഉച്ചത്തില്‍ പ്രതികരിക്കാം. ഇന്നു തൃശൂരില്‍ വിവേചനത്തിന്റെ സ്മൃതികാല തുരുമ്പുവാളുയര്‍ത്തിയവരെ കേരളം നേരിടുന്ന നാളാവട്ടെ! 

ശ്രീദേവി എസ് കര്‍ത്താ പരിഭാഷപ്പെടുത്തിയ എ പി ജെ അബ്ദുള്‍കലാമിന്റെ പുസ്തകം ട്രാന്‍സെന്റന്‍സ് മൈ സ്പിരിച്വല്‍ എക്‌സ്പീരിയന്‍സ് വിത്ത് പ്രാമുക് സാമിജി ശനിയാഴ്ച്ച തൃശൂരില്‍ പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ എം.ടി വാസുദേവന്‍ നായരോടൊപ്പം കലാമിന്റെ സഹ എഴുത്തുകാരന്‍ അരുണ്‍ തിവാരിയും ബ്രഹ്മവിഹാരി ദാസ് സ്വാമിജിയും പങ്കെടുക്കുന്നു. സ്വാമിജി പങ്കെടുക്കുന്നതുകൊണ്ട് കൃതി പരിഭാഷപ്പെടുത്തിയ ശ്രീദേവിക്ക് വേദിയില്‍ വിലക്ക്. സ്ത്രീകള്‍ അടുത്തൊന്നും എത്തിക്കൂടാ എന്ന നിര്‍ബന്ധമുണ്ടത്രെ സ്വാമിജിക്ക്. സ്വാമിജി കല്‍പ്പിച്ചതിലും ദൂരേക്ക് എഴുത്തുകാരിയെ മാറ്റി നിര്‍ത്തുന്നതില്‍ പ്രസാധകരായ തൃശൂര്‍ കറന്റ് ബുക്‌സിന് അപാകതയൊന്നും തോന്നിയതുമില്ല. ശ്രീദേവി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്. 

സ്ത്രീകള്‍ക്ക് അശുദ്ധി കല്‍പ്പിക്കുന്ന വര്‍ണാശ്രമകാല നീതിബോധവും കീഴ് വഴക്കങ്ങളും ഗുജറാത്ത് സ്വാമി എത്ര ധൈര്യപൂര്‍വ്വമാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്! വരുന്നത് ഏതെങ്കിലും ഒരു സ്വാമിയുടെ നിഷ്ഠയല്ലെന്നും സവര്‍ണാധികാര വാഞ്ചയുടെ ഹിംസാത്മകമുഖമാണെന്നും വ്യക്തം. കേന്ദ്രത്തില്‍ സംഘപരിവാരത്തിന് എന്നേക്കുമായി അധികാരം കിട്ടിയതുപോലെ ഒരു തോന്നല്‍ സ്വാമിജിക്കുണ്ടാവാം. എന്നാലത് തൃശൂര്‍ കറന്റിനുണ്ടാവുന്നത് എങ്ങനെയാണ്? മലയാളിയെ നവീനമായ യുക്തിബോധത്തിലേക്കും ജനാധിപത്യപരമായ പുത്തനുണര്‍വ്വിലേക്കും നയിച്ച ഭൂതകാലപ്പെരുമ അവര്‍ എവിടെയാണ് കുഴിച്ചു മൂടിയത്? ജോസഫ് മുണ്ടശ്ശേരിയും കുറ്റിപ്പുഴയുമെല്ലാം അക്ഷരങ്ങളില്‍ കലാപത്തീ കൊളുത്തിയ ഒരു കാലഘട്ടത്തെയും അതു സൃഷ്ടിച്ച നവകേരളത്തെയും (തൃശൂര്‍ കറന്റ്) ഒരു സ്വാമിജിക്കു കാണിക്ക വെക്കുന്നത് മോഡിയില്‍ ഭ്രമിച്ചാണെങ്കില്‍ അത് അപായകരമാണ്. ഹിംസയുടെയും വിവേചനത്തിന്റെയും വേഷങ്ങള്‍ക്കു നിറഞ്ഞാടാന്‍ കേരളത്തില്‍ വേദിയൊരുക്കുന്നത് എന്തിന്റെ പേരിലായാലും കുറ്റകരമായിരിക്കും. IMG-20150926-WA0018

ശ്രീദേവിയെ അകറ്റുന്നത് സ്ത്രീ വിവേചനത്തിന്റെ മാത്രം പ്രശ്‌നമല്ല. മലയാളിയിലെ മനുഷ്യോര്‍ജ്ജമുണര്‍ത്തിയ നവോത്ഥാന പുരോഗമന മൂല്യങ്ങളുടെയാകെ തിരസ്‌ക്കാരമാണത്. പീഠമിട്ടുകൊടുക്കുന്നത് നാം പുറത്തെറിഞ്ഞ ജീര്‍ണവിചാരങ്ങള്‍ക്കും വിവേചനങ്ങള്‍ക്കുമാണ്. അത്തരമൊരു വേദിയില്‍ പോവരുതേ എന്ന് എംടിയെ നമുക്ക് ഓര്‍മിപ്പിക്കാം. കല്‍ബുര്‍ഗിയുടെ രക്തവും എം എം ബഷീറിന്റെ തിക്താനുഭവവും ചാടിക്കടന്നേ എം ടിക്ക് തൃശൂരിലെ വേദിയിലേക്കു കയറാനാവൂ. അതദ്ദേഹത്തിന് അറിയാതെ വരില്ല.

എന്നിട്ടും അങ്ങനെയൊരു ചടങ്ങ് നടത്താന്‍ കേരളത്തില്‍ എത്ര കൂടിയ അളവിലുള്ള കറന്റിനുമാവില്ല. അതു നിര്‍വ്വീര്യമാക്കുന്ന പ്രതിഷേധം അവിടേക്ക് ഇരച്ചെത്തുകതന്നെചെയ്യും. അനീതി നടന്ന നഗരത്തില്‍ അഗ്നിനാളങ്ങള്‍ നൃത്തം ചെയ്യുമെന്നത് എപ്പോഴും വെറും കവിവാക്യമായി കടലാസിലുറങ്ങുകയില്ല. അകറ്റി നിര്‍ത്തപ്പെട്ട സ്ത്രീകളുടെ ശബ്ദം തൃശൂരിലേക്കു കുതിക്കുന്നുണ്ടാവണം. അവരെ നിശബ്ദരാക്കാന്‍ ഇനി സ്വാമിജിക്കോ കറന്റ് ബുക്‌സിനോ കഴിഞ്ഞെന്നു വരില്ല.

26 സെപ്തംബര്‍ 2015

2.

അനീതി നടന്ന നഗരത്തില്‍ അഗ്നിനാളങ്ങള്‍ നൃത്തമാടുകതന്നെ ചെയ്തു. സ്വാമിയായി വന്ന സംഘപരിവാര മോഹങ്ങള്‍ തല്‍ക്കാലത്തേക്കെങ്കിലും തിരിച്ചുപോയിരിക്കുന്നു. തൊഗാഡിയക്കും പരിവാരങ്ങള്‍ക്കും വെള്ളാപ്പള്ളി വിരിച്ച സ്വാഗതപ്പരവതാനിയാണ് കറന്റ്ബുക്‌സും നിവര്‍ത്തിയത്. അതില്‍ എം ടി യെവെച്ച് എം.ടിയെയും കേരളത്തെയും വിഭ്രമിപ്പിക്കുന്നതും കണ്ടു.

ഒരു സന്യാസി അദ്ദേഹത്തിന്റെ ചിന്തകള്‍ പൊതുവേദിയില്‍ പങ്കുവെക്കുന്നത് തെറ്റല്ല. സ്വീകാര്യവുമാണ്. അത്രയും ജനാധിപത്യമര്യാദ നാം കാണിക്കേണ്ടതുമുണ്ട്. എന്നാല്‍ കേരളീയ പൊതുസമൂഹത്തിന്റെ സ്റ്റാറ്റസും കീഴ് വഴക്കങ്ങളും അതേപോലെ പ്രധാനമാണെന്ന് അവരും മനസ്സിലാക്കണം. അതെല്ലാം കീഴ്‌മേല്‍ മറിച്ച് പ്രാങ്ജീവിത ജീര്‍ണതകളെ സ്ഥാപിക്കാനുള്ള ശ്രമം ജനാധിപത്യാവകാശങ്ങളിലുള്ള കടന്നുകയറ്റമായേ കാണാനാവൂ. സമീപകാലത്തായി ആസൂത്രിതമായ കടന്നുകയറ്റങ്ങളും മതേതരത്വത്തിനെതിരായ യുദ്ധ പ്രഖ്യാപനങ്ങളും വര്‍ധിക്കുകയാണ്. മതാത്മകനിഷ്ഠകളെ പൊതുവേദിയിലേക്ക് ആനയിക്കാനും അതിനുവേണ്ടി സഹോദരങ്ങളെ ഭിന്നിപ്പിക്കാനും അപായകരമായ ധൈര്യമാണ് ചിലരൊക്കെ പ്രകടിപ്പിക്കുന്നത്. അത്തരമൊരു നിലപാട് സ്വീകരിക്കാന്‍ മഹത്തായ പാരമ്പര്യമുള്ള കറന്റ് ബുക്‌സിനെ പ്രേരിപ്പിച്ചതെന്താണ്?

ലാഭക്കൊതി എല്ലാ അതിരുകളും ലംഘിച്ച് ഭ്രാന്തമായ വര്‍ഗീയതയെ പുണരുകയാണോ? വിവര്‍ത്തകയെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന ധാര്‍ഷ്ട്യത്തില്‍ മുതലാളിയുടെ തനിനിറമുണ്ട്. പുസ്തക പരിഭാഷ സര്‍ഗാത്മകമായ വിശുദ്ധകര്‍മ്മമല്ല, വെറും കൂലി അടിമയുടെ വേലയാണ് എന്ന നിലപാട് ലജ്ജാലേശമന്യേ വിളിച്ചുപറയുന്നു കറന്റ് ബുക്‌സ്. എല്ലാ നിര്‍മ്മിതികളും സര്‍ഗാത്മകമാണെന്നും എല്ലാ അദ്ധ്വാനവും പ്രകീര്‍ത്തിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും വേണമെന്നുമുള്ള ചിന്ത വളര്‍ന്നു തിടംവെച്ചകാലത്താണ് പരിഭാഷകയ്ക്കു നേരെയുള്ള അപമാനകരമായ പരാമര്‍ശം. പണം എണ്ണിക്കൊടുത്തില്ലേ, ഇനി ഇവിടെ നിങ്ങള്‍ക്കെന്തുകാര്യമെന്നാണ് മുതലാളിത്ത ധിക്കാരം വഴിയുന്നത്.

ഒരു ഭാഗത്ത് അപമാനവികമായ ലാഭേച്ഛാ മത്സരം. മറുപാതിയില്‍ അതിനുവേണ്ടി ഉന്നതമായ ജനാധിപത്യ മൂല്യങ്ങളെ ബലി നല്‍കാനുള്ള വിവേകരഹിതമായ പുറപ്പാട്. ഇത്രയും അധപ്പതിക്കാമോ പുസ്തകവ്യവസായം എന്നു കേരളം ലജ്ജിക്കണം. കാലാതീതം എന്ന കൃതി ശ്രീദേവിയുടേതുകൂടിയാണ്. ആ എഴുത്തുകാരി, പുസ്തകം പ്രകാശിപ്പിക്കുമ്പോള്‍ വേദിയിലാവശ്യമില്ല എന്നത് വിവര്‍ത്തകരുടെ ഇരിപ്പിടം അധസ്ഥിതര്‍ക്കുള്ള പന്തല്‍പ്പുറമാണെന്ന പഴയ നീതിയുടെ നിര്‍ദേശമാണ്. പുറത്തു വിളമ്പുന്നുണ്ട് ശ്രീദേവീ, കുമ്പിള്‍ കുത്തിക്കൊള്ളൂ എന്നു സാരം.

ഇങ്ങനെ പലമട്ട് വഴിഞ്ഞൊഴുകുന്ന വിവേചനത്തിന്റെ വരേണ്യഭൂതബാധകളെ തിരിച്ചറിയാന്‍ സാറാജോസഫിനും എന്തോ തടസ്സമാകുന്നു എന്നത് നമ്മെ വേദനിപ്പിക്കുന്നു. കറന്റടിക്കുമ്പോള്‍ ടീച്ചറും മാറുന്നോ എന്ന് പ്രതിഷേധക്കാര്‍ ഉള്ളുനീറിയാണ് വിളിച്ചു ചോദിച്ചത്. അങ്ങനെയൊരു പ്രകാശനം കേരളത്തില്‍ അരുതെന്നു പറയാന്‍ കേരളം ശക്തമായപ്പോള്‍ അതിനു നേതൃത്വം കൊടുക്കുമെന്നു കരുതിയ ഒരാള്‍ ഞെട്ടിച്ചുകളഞ്ഞു. സാറടീച്ചറുടെ ധാരണപ്പിശക് തിരുത്തുമെന്ന് നമുക്കു പ്രത്യാശിക്കാം.

ആ പ്രകാശനം നടന്നില്ല എന്നത് തീര്‍ച്ചയായും നല്ല സൂചനയാണ്. അവിടേക്കു കുതിച്ച പെണ്ണുണര്‍വ്വുകള്‍ക്കും ജനാധിപത്യ മൂല്യബോധത്തിനും അഭിവാദനങ്ങള്‍. തുറന്നുവെച്ച കണ്ണുകളുമായി പുതിയൊരു കേരളം നടന്നുകയറുന്നതിന്റെ ചുവടൊച്ചകള്‍ ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്. വരാനിരിക്കുന്നത് ഇതിലും തീക്ഷ്ണമായ പരീക്ഷണങ്ങളാണെന്ന് അറിഞ്ഞു മുന്നേറുന്നവരുടെ ശബ്ദമല്ലേ മുഴങ്ങുന്നത്?

26 സെപ്തംബര്‍ 2015 ഉച്ച 12.30

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )