ഗ്രീസില്‍ വീണ്ടും സിറിസയും അലക്സി സിപ്രാസും തിരിച്ചെത്തുന്നു. തൊഴിലാളികളുടെ വിജയമെന്നാണ് സിപ്രാസ് പറയുന്നത്. വലതുപക്ഷത്തെയും തീവ്ര ഇടതുപക്ഷത്തെയും മാറ്റിനിര്‍ത്തി സിപ്രാസിനെയും അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രസ്ഥാനമായ സിറിസയെയും തെരഞ്ഞെടുക്കാന്‍ ഗ്രീക്കു ജനതയെ പ്രേരിപ്പിച്ചതെന്താവും? കടക്കെണിമൂലം നില്ക്കക്കള്ളിയില്ലാതായ ഒരു ജനതക്ക് ആത്മാഭിമാനത്തിന്റെയും സമരോത്സുകതയുടെയും സ്വന്തം ശിരസ്സുയര്‍ത്തി ലോകത്തെ അഭിസംബോധന ചെയ്യാന്‍ അവസരമുണ്ടാക്കിയ ഹ്രസ്വകാല ഭരണം അത്രയ്ക്കങ്ങ് ഇഷ്ടമായിക്കാണുമോ അവര്‍ക്ക്? യൂറോപ്യന്‍ യൂണിയന്റെയും അന്താരാഷ്ട്ര നാണയനിധിയുടെയും കടുത്ത വ്യവസ്ഥകളോട് പൊരുതാതെ വയ്യെന്ന് ഇന്ന് ഓരോ ഗ്രീക്കുകാരനും അറിയാം. കഴിഞ്ഞ ജൂലായ് 5നു നടന്ന പൊതു റഫറണ്ടം അവരുടെ യുദ്ധ പ്രഖ്യാപനം തന്നെയായിരുന്നു. ഒപ്പം ഏത് ദുര്‍വ്വിധിയെയും നേരിടാനുള്ള ചങ്കുറപ്പ് കൈവരിക്കലും.
ജനവിധിയുടെ പിന്തുണയുണ്ടായിട്ടും കടുത്ത ചുവടുവെപ്പുകളെടുത്ത് രാജ്യത്തെ അനിശ്ചിതത്വത്തിലേക്കും ആഭ്യന്തര പ്രതിസന്ധിയിലേക്കും തള്ളിവിടാന്‍ സിപ്രാസ് തയ്യാറായില്ല. ഒരിക്കല്‍ക്കൂടി യൂറോപ്യന്‍ യൂണിയനുമായി ഒരൊത്തു തീര്‍പ്പിന് ശ്രമിച്ചു. ചില പരിഷ്ക്കാര നടപടികള്‍ക്ക് കീഴ്പ്പെട്ടു. സിറിസയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ഇതു കാരണമായി. പിന്തുണ കുറയുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാനാണ് സിപ്രാസ് തീരുമാനിച്ചത്. ആ തെരഞ്ഞെടുപ്പുഫലവും ഇപ്പോഴിതാ സിപ്രാസിന് അനുകൂലമായിരിക്കുന്നു. 300ല്‍ 145 സീറ്റുകളും 38% വോട്ടുകളും നേടിയാണ് അദ്ദേഹം രണ്ടാം വിജയത്തിലേക്ക് കുതിച്ചത്.
സിപ്രാസ് ജനഹിതത്തിനുശേഷവും ഒത്തുതീര്‍പ്പിനു വഴങ്ങി കരാറില്‍ ഒപ്പുവെക്കണമായിരുന്നുവോ എന്ന കാര്യത്തില്‍ ഇടതുപക്ഷത്തു അഭിപ്രായഭിന്നത ശക്തമാണ്. എന്നാല്‍ ഒരാഴ്ച്ചക്കാലം ബാങ്കുകളടയ്ക്കുകയും സാമ്പത്തിക വ്യവഹാരങ്ങള്‍ നിലയ്ക്കുകയും ചെയ്തപ്പോള്‍ ഗ്രീക്കുജനത വലിയ ബുദ്ധിമുട്ടുകളാണ് സഹിച്ചത്. ആ സാഹചര്യത്തില്‍ ഏറ്റവും കുറഞ്ഞ പരിക്കുകളോടെ കരാര്‍ ഒപ്പുവെക്കുകയല്ലാതെ എന്തു ചെയ്യണമായിരുന്നു എന്നതിന്റെ ജനകീയ ഉത്തരംകൂടിയാവണം ഈ തെരഞ്ഞെടുപ്പുഫലം. ഇനി എന്തു നടപടികളാണ് സിപ്രാസിന് സ്വീകരിക്കാനാവുക എന്നതും കാത്തിരുന്നു കാണണം.
കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളായി വലിയ മാറ്റങ്ങളാണ് ലോക രാഷ്ട്രീയത്തിലുണ്ടാകുന്നത്. വര്‍ഗങ്ങളുടെയും വര്‍ഗസമരങ്ങളുടെയും ചരിത്രമൊടുങ്ങി എന്നാശ്വസിച്ചവരെയാകെ സ്തബ്ധരാക്കി തൊഴിലെടുക്കുന്നവരുടെ പ്രക്ഷോഭങ്ങള്‍ തിരിച്ചെത്തിത്തുടങ്ങി. അതോടൊപ്പം ഇടതുപക്ഷ രാഷ്ട്രീയം എണ്‍പതുകള്‍ക്കൊടുവിലുണ്ടായ പ്രതിസന്ധിയെ അതിജീവിക്കുന്നതും കണ്ടുതുടങ്ങി. ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് ജെറമി കോര്ബിന് എന്ന വിപ്ലവകാരി എത്തിയതും ഈ മാറ്റങ്ങളുടെ പ്രതിഫലനമാകുന്നു. സ്വകാര്യസ്വത്തുകളില്ലാത്ത ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥ ലേബര്‍ പാര്‍ട്ടി രൂപംകൊള്ളുന്ന കാലത്തെ സ്വപ്നമായിരുന്നു. തൊഴിലെടുക്കുന്നവരുടെ മോചനമായിരുന്നു സ്വപ്നം. എന്നാല്‍ എണ്‍പതുകളില്‍ മാറിമറിഞ്ഞ ലോകക്രമത്തിനൊപ്പം ചുവടുമാറ്റി അധികാരത്തിന്റെ സാമ്രാജ്യത്വ രാഷ്ട്രീയത്തണല്‍ ആസ്വദിക്കാന്‍ ലേബര്‍നേതാക്കള്‍ തയ്യാറായി. വലത്തോട്ട് വളഞ്ഞ് അതിന്റെ തൊഴിലാളിപക്ഷ നിലപാടുകളും സോഷ്യല്‍ ഡമോക്രസിയുടേത് എന്നു പറയാവുന്ന ഉദാര നിലപാടുകളും കയ്യൊഴിയാന്‍ ടോണിബ്ലയര്‍ മടിച്ചില്ല. ആ ലേബര്‍ പാര്‍ട്ടിയിലാണ് സോഷ്യലിസ്റ്റ് മൂല്യങ്ങളിലേക്ക് മടങ്ങുക എന്ന മുദ്രാവാക്യത്തിന് ഇപ്പോള്‍ കോര്‍ബിനിലൂടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.
ബ്രിട്ടനിലെ ജനസമൂഹം പുതിയ മുതലാളിത്തത്തിന്റെ പരിഷ്ക്കരണ നടപടികളില്‍ തൃപ്തരല്ല എന്നാണിതു സൂചിപ്പിക്കുന്നത്. ഒക്ടോബര്‍ ആദ്യം നടക്കാനിരിക്കുന്ന പോര്‍ട്ടുഗലിലും സമാനമായ മുന്നേറ്റത്തിനാണ് സാധ്യത. നിലവിലുള്ള 230 അംഗ പാര്‍ലമെന്റില്‍ നൂറോളം അംഗങ്ങള്‍ സോഷ്യലിസ്റ്റ് – കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുണ്ട്. വലതുപക്ഷ നിലപാടുകളുള്ള സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയെ സോഷ്യലിസ്റ്റ് പാര്‍ട്ടിയും ലെഫ്റ്റ് ബ്ലോക്കും ഡമോക്രാറ്റിക് യൂണിറ്റി കൊലീഷ്യനും ഇടതു നിലപാടുകളോടെ നേരിടുന്നു. സമീപകാലത്തു വ്യാപകമായ പ്രതിരോധസമരങ്ങള്‍ പോര്‍ട്ടുഗലിലെ പരിഷ്ക്കരണ നടപടികളുടെ ജനവിരുദ്ധത തുറന്നുകാട്ടുന്നതില്‍ വിജയിച്ചിട്ടുണ്ട്. അതു തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്നത് ഒക്ടോബര്‍ നാലിന്റെ ജനവിധിയോടെ വ്യക്തമാകും.
സ്പെയിനില്‍ ഡിസംബര്‍ 20നു നടക്കുന്ന തെരഞ്ഞെടുപ്പിലും അത്ഭുതങ്ങല്‍ സംഭവിച്ചേക്കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ രൂപീകൃതമായ പോഡെമോസ് ആണ് ഭരണകക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടിയുടെ മുഖ്യ എതിരാളി. പാബ്ലോ ഇഗ്ലേസ്യാസ് എന്ന സര്‍വ്വകലാശാലാ അദ്ധ്യാപകന്റെ നേതൃത്വത്തിലാണ് ഇടതുപക്ഷാഭിമുഖ്യമുള്ള ഈ പ്രസ്ഥാനത്തിന്റെ പിറവി. രൂപംകൊണ്ട് ഇരുപതു ദിവസത്തിനകം ഒരു ലക്ഷം പേര് അംഗങ്ങളായി. ഇപ്പോള്‍ രാജ്യത്തെ രണ്ടാമതു രാഷ്ട്രീയ ശക്തിയാണ്. യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയ അസമത്വത്തിനും അഴിമതിക്കും എതിരായ മുന്നേറ്റമായാണ് പോഡെമോസ് രൂപീകൃതമായത്. 2014 മെയ്മാസത്തില്‍ നടന്ന യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചുകൊണ്ടാണ് ഇഗ്ലേസ്യാസ് പുതിയ മുന്നേറ്റം അടയാളപ്പെടുത്തിയത്. ജനക്കൂട്ടങ്ങളെ ആകര്‍ഷിക്കുന്ന രാഷ്ട്രീയ ശബ്ദമായി അദ്ദേഹം യൂറോപ്പിലാകെ തരംഗങ്ങളുണ്ടാക്കിത്തുടങ്ങിയിരിക്കുന്നു.
സ്ലോവാനിയയിലെ യുനൈറ്റഡ് ലെഫ്റ്റും പോഡെമോസിനെപ്പോലെ പുതിയ പ്രസ്ഥാനമാണ്. യൂറോപ്യന്‍ പാര്‍ലമെന്റിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ആറു ശതമാനത്തോളം വോട്ടുകളാണ് അതു നേടിയത്. ഇറ്റാലിയന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയും ശക്തമായ സാന്നിദ്ധ്യമായിട്ടുണ്ട്. 1984നു ശേഷം ആദ്യമായി രാജ്യത്ത് ഏറ്റവും വോട്ടു നേടുന്ന അവസ്ഥയിലേക്ക് യൂറോപ്യന്‍ തെരഞ്ഞെടുപ്പില്‍ ആ പാര്‍ട്ടി തിരിച്ചെത്തി. അല്‍ ജസീറ പറയുന്നത് യൂറോപ്പിലെ തീവ്ര വലതു കുതിപ്പിനും ദ്വികക്ഷി ഭരണക്രമത്തിനും വിരാമമായി എന്നാണ്. പ്രതിസന്ധികളെ നേരിടാന്‍ സന്നദ്ധമായ പുതിയൊരു ഇടതുപക്ഷ മുന്നേറ്റത്തിന്റെ വഴിയിലാണ് യൂറോപ്പ് എന്നും അല്‍ജസീറ പ്രവചിക്കുന്നു.
എണ്‍പതുകള്‍ക്കൊടുവില്‍ തകര്‍ന്ന കമ്യൂണിസ്റ്റു പാര്‍ട്ടികളെല്ലാം പുനരുജ്ജീവിക്കപ്പെടുകയാണ് എന്നു കരുതാനാവില്ല. പുതിയ രൂപത്തിലും ഭാവത്തിലും സോഷ്യലിസ്റ്റനുഭാവമുള്ള മുന്നേറ്റങ്ങള്‍ മുള പൊട്ടിക്കൊണ്ടിരിക്കുന്നു. കോര്‍പറേറ്റ് ചൂഷണവും ഐ എം എഫ് – ലോകബാങ്ക് കൗടില്യങ്ങളും തകര്‍ത്തുകളയുന്ന ജീവിതങ്ങളില്‍ പുതിയ പ്രതിരോധം രൂപപ്പെടുന്നു എന്നതാണ് ശ്രദ്ധേയം. തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ ആദ്യ ദശകത്തിലും കടുത്ത നിരാശയിലേക്കും നിസ്സംഗതയിലേക്കും വീണുപോയ ലോകത്തെങ്ങുമുള്ള തൊഴിലാളികള്‍ സ്ഥലകാലബോധം വീണ്ടെടുത്തു തുടങ്ങി. ഉദാരവത്ക്കരണ നയത്തില്‍ മയങ്ങിപ്പോയ ജനതയാണ് ഉണരുന്നത്. അതു പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങളെ ജ്വലിപ്പിച്ചെടുക്കുന്നത് സ്വാഭാവികമാണ്.
1980 മുതല്‍ 85വരെയുള്ള കാലത്ത് ഇംഗ്ലണ്ടില്‍ മാത്രം 1351 പണിമുടക്കുകളിലായി പതിമൂന്നു ലക്ഷം പേരാണ് അണിചേര്‍ന്നത്. 1985 മുതല്‍ 90വരെയുള്ള കാലത്ത് അത് 838 പണിമുടക്കുകളും ഏഴുലക്ഷം തൊഴിലാളികളുമായി കുറഞ്ഞു. 1991 മുതല്‍ 2001 വരെയുള്ള കാലത്ത് 220 പണിമുടക്കുകളിലായി രണ്ടു ലക്ഷം പേരാണ് പങ്കു ചേര്‍ന്നത്. 1980 – 85 കാലത്ത് ഒരു കോടി അഞ്ചു ലക്ഷം പണിമുടക്കു ദിനങ്ങളുണ്ടായി ഇംഗ്ലണ്ടില്‍ മാത്രം. 2009ല്‍ അത് നാലര ലക്ഷമായാണ് കുറഞ്ഞത്. ചൂഷണം വര്‍ദ്ധിച്ചു വന്നപ്പോഴും ഉദാരവത്ക്കരണത്തിന്റെ മാന്ത്രികസ്പര്‍ശം സമരങ്ങളെ തണുപ്പിച്ചു. ആ ശീതീകരണകാലത്തിനാണ് ഇപ്പോള്‍ തിരശ്ശീല വീഴുന്നത്. 2011ല്‍ പതിനൊന്നു ലക്ഷത്തോളം പണിമുടക്കു ദിനങ്ങളുണ്ടായി ഇംഗ്ലണ്ടില്‍ ( ഇന്റര്‍ നാഷണല്‍ സോഷ്യലിസം എന്ന പ്രസിദ്ധീകരണത്തിന്റെ 145ാം ലക്കത്തിലേതാണ് കണക്കുകള്‍).
ഈ മരവിപ്പും വീണ്ടുമുള്ള കുതിപ്പും യൂറോപ്പിന്റെ മാത്രം കഥയല്ല. എല്ലാ ഭൂഖണ്ഡങ്ങളില്‍നിന്നും ഇതേ വാര്‍ത്തകള്‍ വരുന്നുണ്ട്. നിസ്സംഗത കൈവെടിയാന്‍ നമുക്കും സമയമായി. നമ്മുടെ നാട്ടിലും പൊട്ടിത്തെറിക്കുന്ന ക്ഷോഭങ്ങള്‍ക്ക് രാഷ്ട്രീയ മുഖം കൈവരണം. അല്ലെങ്കില്‍, ഈ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ ഇടതുപക്ഷം സജ്ജമാകണം. സിപ്രാസിന്റെ സിറിസയും ഇഗ്ലേസ്യാസിന്റെ പോഡേമോസും രാഷ്ട്രീയ പാഠങ്ങളാണ്. ഉദാരവത്ക്കരണം അടിച്ചേല്‍പ്പിച്ച ഉറക്കത്തില്‍നിന്നും ഉണരുന്ന ഇരകള്‍ക്കാകെ അവര്‍ ആവേശവുമാണ്. അതേസമയം, അവരുടെ രാഷ്ട്രീയ നിലപാടുകള്‍ അപക്വമായ തീര്‍പ്പുകളിലേക്കു വഴുതിയാലോ എന്ന ആശങ്ക നാം ഉപേക്ഷിക്കുന്നുമില്ല. അപ്പോഴും കരുത്ത് ചൂഷിത ജനസാമാന്യം തങ്ങളുടെ ഹിതം സാമ്രാജ്യത്വ കോയ്മകള്‍ക്കെതിരെ ധീരമായി പ്രകടിപ്പിക്കുന്ന യുഗം പിറന്നു എന്നതാണ്. പ്രക്ഷോഭകാരികളായ ജനതയാണ് ഏറ്റവും വലിയ തിരുത്തല്‍ ശക്തി.
21 സെപ്തംബര്‍ 2015
യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും ഇടതു മേലങ്കി അണിഞ്ഞു വരുന്ന പാർട്ടികളെ, അവയുടെ സ്വഭാവം നിരീക്ഷിക്കാതെ, കണ്ണടച്ച് പിന്തുണക്കുന്നത് കേരളത്തിലെ ഇടതുപക്ഷ പാർട്ടികൾ (മുഖ്യധാര യായാലും ബദലായാലും) ഒരു ഫാഷൻ ആയി എടുത്തിരിക്കുകയാണ്.
അതിനു നല്ല ഉദാഹരണമാണ് ആസാദിന്റെ ഈ ലേഖനം
മുതലാളിത്തത്തെ പരിഷ്കരിക്കാൻ വേണ്ടി ഉണ്ടാക്കിയ “സോഷ്യലിസ്റ്റ്” പാർട്ടികൾ എല്ലാം മുതലാളിത്തത്തിന്റെ പ്രചാരകരാകുന്ന കാഴ്ചയാണ് യൂറോപ്പിൽ നാം കാണുന്നത്. ഫ്രാൻസിൽ സോഷ്യലിസ്റ്റുകളല്ലേ ഭരിക്കുന്നത്? ജർമനിയിൽ സോഷ്യൽ ഡെമോക്രാറ്റുകൾ ക്രിസ്ത്യൻ ഡെമോക്രാറ്റുകളുമായി ചേർന്ന് ഭരണം പങ്കിടുന്നു. ഇവരെല്ലാം തന്നെ അഭയാർത്ഥി കൾക്കെതിരെ നിലപാടെടുക്കുന്നു; തൊഴിലാളികളുടെ ജനാധിപത്യാവകാശങ്ങൾ ഹനിക്കുന്നു; ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലും യുദ്ധം ചെയ്യുന്നു.
ഗ്രീസിലെ അലക്സിസ് സിപ്രാസിന്റെ സിരിസയും വ്യത്യസ്തമല്ല. ഗ്രീസിൽ യൂറോപ്യൻ യൂണിയൻ നിർദേശിച്ച ചെലവുചുരുക്കൽ നടപ്പിലാക്കാനുള്ള രാഷ്ട്രീയ കളിയല്ലേ സിപ്രാസ് ഇതുവരെ കളിച്ചത്? 46 ശതമാനം ഗ്രീക്കുകാർ വിട്ടുനിന്ന തെരഞ്ഞെടുപ്പിൽ (കഴിഞ്ഞ തവണത്തേക്കാൾ 9 ശതമാനം കുറവ്) വിജയിച്ചതിനെത്തുടർന്ന് സിപ്രാസ് ഇപ്പോൾ രൂപീകരിച്ച മന്ത്രിസഭ അത് ഭംഗിയായി നടപ്പിലാക്കിക്കൊള്ളും. ഈ വർഷം ഗ്രീസിൽ നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്. ജനുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ EU-വിൻറെ ചെലവുചുരുക്കൽ നിർദേശത്തിനെതിരായി പ്രവർത്തിക്കുമെന്ന വിശ്വാസത്തിൽ ഗ്രീക്കുകാർ സിരിസയെ അധികാരത്തിലെറ്റുന്നു. ജൂലായിൽ ഇതേ ആവശ്യത്തിനായി വീണ്ടും ഹിതപരിശോധന നടത്തുന്നു. അതും ജനം അംഗീകരിക്കുന്നു. അതിനുശേഷമായിരുന്നു ചെലവുചുരുക്കലിനുവേണ്ടി EU-യുമായി ധാരണ (MoU) ഉണ്ടാക്കിയത്. ഇപ്പോഴിതാ EU-വിനു അടിയറവു പറയുന്നതിനായി മറ്റൊരു തെരഞ്ഞെടുപ്പും!! എങ്ങനെയാണ് സിരിസയും സിപ്രാസും ഇടതുപക്ഷം ആകുന്നതു?
ലേബർ പാർട്ടി തലവൻ എന്ന നിലയിൽ ജെറമി കോര്ബിന് എന്ത് വിപ്ലവമാണ് ബ്രിട്ടനിൽ വരുത്താൻ പോകുന്നത്? ബ്രിട്ടീഷ് മുതലാളിത്തത്തിന്റെ മൂർത്തീകരണമായ രാജ്ഞിയെയും രാജവാഴ്ചയെയും എതിർക്കാത്ത, പ്രിവി കൌണ്‍സിൽ അംഗം എന്ന നിലയിൽ പ്രോട്ടോക്കോൾ പാലിക്കാൻ ഇപ്പോൾ തന്നെ ബാദ്ധ്യസ്തനായ, രാജകുടുംബാംഗങ്ങൾക്ക് പുട്ടടിക്കാൻ സാധാരണ ബ്രിട്ടീഷുകാരന്റെ പോക്കറ്റടിക്കാൻ വിധിക്കപ്പെട്ട, ക്ഷേമ പ്രവർത്തനങ്ങൾക്ക് കണ്സർവെറ്റിവുകൾ വച്ച പരിധിയിൽ കൂടുതൽ ചെലവഴിക്കില്ലന്ന് പ്രഖ്യാപിക്കുന്ന, ബ്രിട്ടീഷ് ന്യൂക്ലിയാർ മിസ്സൈൽ പദ്ധതി ഉപേക്ഷിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന ഒരു പ്രധാനമന്ത്രിയുടെ ഭരണം ഇപ്പോഴത്തെ കണ്‍സർവേറ്റീവുകളിൽ നിന്നും എങ്ങനെയാണ് വ്യത്യാസപ്പെടാൻ പോകുന്നത്?
ഗ്രീസിലെ സിരിസയുടെ മാതൃകയിൽ ഉണ്ടാക്കിയ ഇടതു ബൂർഷ്വാ പാർട്ടിയാണ് സ്പെയിനിലെ പോഡെമോസ്. പരസ്യമായി ഇടതു മുദ്രാവാക്യങ്ങൾ വിളിച്ചുകൂവുമെങ്കിലും രഹസ്യമായി മുതലാളിത്തത്തിന്റെ ഉപാസകരാണിവർ. ഗ്രീസിലെ അലക്സിസ് സിപ്രസിന്റെ പാദചലനങ്ങൾ പിന്തുടരുന്ന, തീവ്രദേശീയവാദിയായ രാഷ്ട്രീയ കാപട്യമാണ് പോഡെമോസ് പാർട്ടിയുടെ സെക്രട്ടറി ജനറൽ പാബ്ലോ ഇഗ്ലേസ്യാസ്. ഇറ്റലിയിലെ വ്യാജ ഇടതായ “ലെഫ്റ്റ് ഇക്കോളജി പാർട്ടി (SEL)” ഈ വരുന്ന ഒക്ടോബറിൽ ഗ്രീസിലെ സിരിസയുടെ മാതൃകയിൽ പുനസംഘടിപ്പിക്കാൻ പോവുകയാണ്.
യൂറോപ്യൻ യൂണി യനെയും അതിന്റെ ജനാധിപത്യവിരുദ്ധ ഉപകരണങ്ങളായ യൂറോപ്യൻ പാർലമെന്റിനെയും യൂറോപ്യൻ സെൻട്രൽ ബാങ്കിനെയും എതിർക്കാൻ ഈ വ്യാജ ഇടതുപക്ഷങ്ങൾ ഒന്നുംതന്നെ തയ്യാറല്ല.
അങ്ങ് യൂറോപ്പിലായാലും ഇങ്ങ് കേരളത്തിലായാലും വലതു പിന്തിരിപ്പൻമാർക്കൊപ്പം വ്യാജ ഇടതുപക്ഷത്തെയും തിരിച്ചറിഞ്ഞു ചെറുക്കേണ്ടത് യഥാർത്ഥ സോഷ്യലിസ്റ്റുകളുടെ ചുമതലയാണ്.
LikeLike