Article POLITICS

രാഷ്ട്രീയ നേതാക്കളേ, ബുദ്ധിജീവികളേ, മലമുകളില്‍നിന്ന് ഓര്‍മപ്പെടുത്തുന്നതെന്തെന്നു കേള്‍പ്പിന്‍!

Munnar-002


മൂന്നാറില്‍ തണുത്തുറഞ്ഞ മലകള്‍ പൊട്ടിത്തെറിച്ചു തുടങ്ങിയിരിക്കുന്നു. ഉയര്‍ന്നപ്രദേശത്തെ ഭൂമിയിലും കീഴാള ജീവിതത്തിലും കടന്നുകയറി ഉഴുതുമറിച്ച് എല്ലാം തങ്ങളുടേതാക്കിയ അധിനിവേശാധികാര ശക്തികളെ മുഴുവന്‍ ചെറുക്കാനുള്ള കരുത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒത്തുതീര്‍പ്പിന്റെ വഞ്ചന വമിപ്പിക്കുന്ന ഇടത്തട്ടുകാരെ മൂന്നാര്‍ വിചാരണ ചെയ്യുകയാണ്. കയ്യേറ്റക്കോയ്മകളെപ്പോലെ അപകടകാരികളായ ഒരിടത്തട്ടു കൂട്ടിക്കൊടുപ്പുസംഘം തങ്ങളുടെ ജീവിതത്തെ പാപ്പരാക്കി തിടം വെക്കുകയാണെന്ന് തിരിച്ചറിഞ്ഞതും ചെറുത്തുനില്‍പ്പാരംഭിച്ചതും തൊഴിലാളി സ്ത്രീകളാണെന്നത് ആഹ്ലാദകരമാണ്.

ദിവസം 231 രൂപകൂലിക്ക് തൊഴിലെടുക്കുന്ന തൊഴിലാളികള്‍ കൂലി 500 രൂപയെങ്കിലും ആക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആ കൂലി നേരിട്ടു നല്‍കുകയും വേണം. ഇടത്തട്ടുകാര്‍ വഴിയുള്ള കൂലി വിതരണം വേണ്ട. ബോണസിന്റെ കാര്യത്തിലും വ്യക്തത വേണം. അതു ചുരുങ്ങിയത് 20 ശതമാനമെങ്കിലും ആവണം. തികച്ചും ന്യായമായ ആവശ്യങ്ങളാണ് അവരുയര്‍ത്തുന്നത്. സംഘടിത തൊഴില്‍ മേഖലയായിട്ടും ബഹുവിധ ചൂഷണങ്ങള്‍ക്കാണ് തോട്ടം തൊഴിലാളികള്‍ വിധേയമാകുന്നത്. ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഇടത്തട്ടു ചൂഷകരായി പുതിയ സമ്പന്ന വര്‍ഗമായിത്തീരുകയാണ്. അതിനാല്‍ ഇനി നേരിട്ടാവാം ഇടപാടുകളെന്ന് മാനേജ്‌മെന്റിനോടും ഗവണ്‍മെന്റിനോടും പറയാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് തൊഴിലാളികള്‍.

കഴിഞ്ഞ കാലമത്രയും തൊഴിലാളികള്‍ക്കുവേണ്ടി നിലകൊണ്ടതും അങ്ങനെ നടിച്ചതുമായ ട്രേഡ് യൂണിയനുകളുടെ നേതാക്കളെ മുഴുവന്‍ നോക്കുകുത്തികളാക്കിക്കൊണ്ട് തൊഴിലാളികള്‍ ഒറ്റശക്തിയായി പൊരുതുന്നത് മൂന്നാറില്‍ കാണുന്നു. കേരളത്തില്‍ തൊഴിലാളി സമരങ്ങളുടെയും മുന്നേറ്റങ്ങളുടെയും കാലം കഴിഞ്ഞു എന്നു ധരിച്ചവര്‍ക്കാകെ തെറ്റിയിരിക്കുന്നു. അധ്വാനിക്കുന്നവരുടെ അഥവാ ഏറ്റവും ചൂഷിതരായവരുടെ സമരശേഷി അസ്തമിച്ചിട്ടില്ലെന്ന് മൂന്നാറിലെ ചായത്തോട്ടങ്ങളില്‍ തൊഴിലെടുക്കുന്ന പതിനായിരത്തോളം സ്ത്രീകളാണ് പ്രഖ്യാപിക്കുന്നത്.

രാഷ്ട്രീയ പാര്‍ട്ടികളെ മറികടന്നു പ്രഖ്യാപിക്കപ്പെടുന്ന സമരങ്ങളെല്ലാം തീവ്രവാദമെന്ന് മുദ്രകുത്തുന്ന പതിവ് അഭ്യാസങ്ങള്‍ ഏശാതായിട്ടുണ്ട്. ഇരകളാക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ താല്‍പ്പര്യം അവരുടെമാത്രം ഉത്തരവാദിത്തമാണെന്ന തിരിച്ചറിവ് പുതിയകാലത്ത് പിറക്കാനിരിക്കുന്ന രാഷ്ട്രീയ മുന്നേറ്റങ്ങളുടെ അടിത്തറയായിത്തീരും. കിഴക്കന്‍ മലയോരങ്ങളില്‍ ഉണരുന്ന രാഷ്ട്രീയം അപായകരമായ മാവോയിസ്റ്റ് ഇടപെടലെന്ന് ഇനിമേലില്‍ അതിനെ ചുരുക്കിക്കാണാന്‍ ആര്‍ക്കുമാവില്ല. എന്‍ ജി ഒ രാഷ്ട്രീയം, അരാഷ്ട്രീയം, തീവ്രവാദം, അരാജകത്വം, വിഘടനശ്രമം എന്നിങ്ങനെ അത്ര സുഖകരമല്ലാത്ത വിശേഷണങ്ങള്‍കൊണ്ട് ന്യായമായ സമരങ്ങളെ തകര്‍ത്തുകളയുന്ന അധികാര രാഷ്ട്രീയം അതിന്റെ ഭീമമായ വിശ്വാസ തകര്‍ച്ചയെയാണ് ഇപ്പോള്‍ നേരിടുന്നത്. പന്ത്രണ്ടു മണിക്കൂര്‍ വേലചെയ്യുന്നവര്‍ക്ക് മാന്യമായ കൂലിയോ താമസസൗകര്യമോ ചികിത്സയോ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസമോ ലഭിക്കുന്നില്ല.

1951ലെ തോട്ടം തൊഴിലാളി നിയമം നല്‍കുന്ന അവകാശങ്ങളൊന്നും പ്രാവര്‍ത്തികമാവുന്നില്ല. 2010ലെ ഭേദഗതി പ്രകാരമുള്ള സുരക്ഷാമാനദണ്ഡങ്ങളും മിക്ക തോട്ടങ്ങളിലേക്കും കടന്നെത്തിയിട്ടില്ല. നിയമവും നിയമഭേദഗതിയും അറിയുന്നത് നേതാക്കള്‍ക്കാണ്. അവര്‍ ജോലി ചെയ്യുന്നില്ലെങ്കിലും നല്ല വസ്ത്രങ്ങളുണ്ട്. ഭക്ഷണവും വാഹനവുമുണ്ട്. താമസിക്കാന്‍ വലിയ വീടുകളുണ്ട്. കുട്ടികള്‍ക്ക് പഠിക്കാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുണ്ട്. എന്നാല്‍ ദിവസം മുഴുവന്‍ അധ്വാനിക്കുന്ന തൊഴിലാളികള്‍ക്ക് ഇതെല്ലാം സ്വപ്നമാണ്. ഈ വൈരുദ്ധ്യം മൂര്‍ച്ചിച്ചപ്പോഴാണ് എല്ലാ രാഷ്ട്രീയ ട്രേഡ് യൂണിയന്‍ നേതാക്കളെയും തൊഴിലാളികള്‍ക്ക് കയ്യൊഴിയേണ്ടി വന്നത്. അതോടെ യഥാര്‍ത്ഥ തൊഴിലാളി വര്‍ഗ ഐക്യത്തിന്റെ കരുത്തിലേക്ക് അവര്‍ ഉയരുകയും ചെയ്തു.

അപ്പോഴും സമരത്തിന് പിറകിലാര് എന്തു താല്‍പ്പര്യമാണ് അവരെ നയിക്കുന്നത് എന്നെല്ലാം അന്വേഷിച്ച് ഉറക്കം കളയുന്നവര്‍ ഒന്നോര്‍ക്കണം. അടിമകളെപ്പോലെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന പ്രക്ഷോഭമാണിത്. പിറകിലാര്‍ക്കെങ്കിലും ഇടപെടാന്‍ പാകത്തില്‍ ചൂഷണത്തിന്റെ നടത്തിപ്പുകാരും ആസ്വാദകരമായി തീര്‍ന്നശേഷം ആരോ പിറകിലുണ്ട് സൂക്ഷിക്കണം എന്ന് പറയുന്നതില്‍ എന്തു കാര്യമാണുള്ളത്? മിനിമം കൂലിയും ബോണസും പോലും നല്‍കാനാവുന്നില്ലെങ്കില്‍ ആ വ്യവസായം തൊഴിലാളികള്‍ക്കു കൈമാറുകയാണ് വേണ്ടത്. ഭൂ പരിഷ്‌ക്കരണ നിയമം തോട്ടം മേഖലക്ക് ഭൂ പരിധി ഇളവുകള്‍ അനുവദിച്ചത് പതിനായിരക്കണക്കിന് തൊഴിലാളികളുടെ തൊഴിലുറപ്പും ജീവിത സുരക്ഷയും പരിഗണിച്ചാണ്. അക്കാര്യം നേതാക്കള്‍ മറന്നുപോയിരിക്കുന്നു.

തൊഴിലാളി നേതാക്കള്‍ക്കെല്ലാം കണ്ണന്‍ദേവന്‍ പ്ലാന്റേഷന്‍ ഉള്‍പ്പെടെയുള്ള ചായത്തോട്ടങ്ങളുടെ ഉടമകളില്‍നിന്ന് വീടുംഭൂമിയും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നതായി തൊഴിലാളികള്‍ ആരോപിക്കുന്നു. അങ്ങനെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയവരുടെ പട്ടികയും തൊഴിലാളികള്‍ പ്രസിദ്ധപ്പെടുത്തി. അവരുടെ ജീവിത നിലവാരത്തിലുണ്ടാകുന്ന വളര്‍ച്ച തങ്ങളുടെ അധ്വാനമാണെന്നുള്ള തിരിച്ചറിവ് തൊഴിലാളികള്‍ക്കുണ്ട്. പണിയെടുപ്പത് നാങ്കള് / കൊള്ളയടിപ്പത് നീങ്കള്, കൊളുന്ത് കുട്ട എടുപ്പത് നാങ്കെള് / പണക്കുട്ട അമുക്കുത് നീങ്കള്, കുട്ട തൊപ്പി നാങ്കള്‍ക്ക് / കോട്ടും സൂട്ടും ഉങ്കള്‍ക്ക്, പൊട്ട ലയങ്ങള്‍ നാങ്കള്‍ക്ക് / എ സി ബംഗ്ലാ ഉങ്കള്‍ക്ക് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് സ്ത്രീതൊഴിലാളി കൂട്ടായ്മ മുഴക്കുന്നത്. മലയോരങ്ങളിലെ അടിസ്ഥാന പ്രശ്‌നമെന്തെന്ന് ഇതു തുറന്നു കാട്ടുന്നു.

മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളൊഴിപ്പിക്കാന്‍ വി എസ് ഗവണ്‍മെന്റ് ശ്രമിച്ചപ്പോള്‍ വന്‍കിട പ്ലാന്റേഷനുകള്‍ക്കും കയ്യേറ്റക്കാര്‍ക്കും തുണയായത് ഈ ഇടത്തട്ടു ചൂഷകരായിരുന്നു എന്നത് നാം മറന്നിട്ടില്ല. ആ അവിശുദ്ധ കൂട്ടുകെട്ടാണ് ഇപ്പോള്‍ വിചാരണ ചെയ്യപ്പെടുന്നത്. തോട്ടങ്ങളിലെ സൂപ്പര്‍വൈസര്‍മാരും മാനേജര്‍മാരും ട്രേഡ് യൂണിയന്‍ നേതാക്കളം അടങ്ങുന്ന പുതിയൊരു മധ്യവര്‍ഗ ചൂഷക ശക്തി തോട്ടം മുതലാളിത്തത്തോടൊപ്പം ചേര്‍ന്ന് വലിയൊരു കൊള്ളസംഘമായിത്തീരുമ്പോള്‍ ജനാധിപത്യഭരണകൂടവും അതിന്റെ സംവിധാനങ്ങളും അവര്‍ക്കു തണല്‍ വിരിക്കുന്നേയുള്ളു. നിയമങ്ങളോ അതിന്റെ നടത്തിപ്പു സംവിധാനങ്ങളോ തൊഴിലാളികള്‍ക്കു രക്ഷയാകുന്നില്ല. ഈ സാഹചര്യമാണ് പുതിയൊരു സമരമുന്നേറ്റത്തിന് പ്രേരണയായത്.

കൃഷി ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെ എക്കാലത്തേക്കും അടിമകളാക്കി നിര്‍ത്താനാവില്ലെന്ന് ആഗോളവത്ക്കരണ കാലത്ത് മുത്തങ്ങയും ചെങ്ങറയും ഇപ്പോള്‍ മൂന്നാറും ചരിത്രപ്രഖ്യാപനങ്ങളാവുന്നു. അസംഘടിത തൊഴില്‍മേഖലകളിലെല്ലാം തികട്ടി നില്‍ക്കുന്ന അസ്വസ്ഥതകള്‍ക്കും ക്ഷോഭങ്ങള്‍ക്കും തീവ്രമായ ആവിഷ്‌ക്കാരരൂപങ്ങള്‍ കിട്ടുകയാണ്. യോജിച്ച മുന്നേറ്റങ്ങള്‍ക്കുള്ള പുതിയ ആഹ്വാനമാണ് മുഴങ്ങുന്നത്. രാഷ്ട്രീയ നേതാക്കളേ ബുദ്ധിജീവികളേ കാലം മാറുകയും പോരാട്ടങ്ങള്‍ നിലയ്ക്കുകയും ചെയ്തുവെന്ന ആ സിദ്ധാന്തം ദൂരെക്കളയൂ. സമരങ്ങള്‍ കയ്യൊഴിഞ്ഞ് സഹായ വിപ്ലവം നടത്താമെന്ന പാര്‍ലമെന്ററി മോഹക്കുതിപ്പുകളേ മലമുകളില്‍നിന്ന് ഓര്‍മപ്പെടുത്തുന്നതെന്തെന്നു കേള്‍പ്പിന്‍!

12 സെപ്തംബര്‍ 2015

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )