Article POLITICS

സവര്‍ണരാഷ്ട്രീയത്തിന് കളിക്കാന്‍ ഗുരുവിനെ എറിഞ്ഞുകൊടുക്കുന്നതാരാണ്?

guru

തീയ ഈഴവ വിഭാഗങ്ങളുടെ രക്ഷകരായി ബി.ജെ .പി മാറുന്ന കാഴ്ച മനോഹരമാണ്. വെള്ളാപ്പള്ളിക്കു മതിഭ്രമം വരാം. ബി ജെ പിക്കു രാഷ്ട്രീയ താല്‍പ്പര്യങ്ങളുമുണ്ട്. ഈയിടെയായി രാഷ്ട്രീയ മോഹങ്ങള്‍ക്കായി ഏതളവുവരെയും മതസാമുദായിക വികാരങ്ങള്‍ ആളിക്കത്തിക്കുന്നതില്‍ തെറ്റില്ലെന്ന് എല്ലാവരും അംഗീകരിച്ചമട്ടുണ്ട്.

വെള്ളാപ്പള്ളിയുടെ അയിത്തജാതി പൊരുതിനിന്ന കാലത്തും ഹിന്ദുമഹാസഭകളുണ്ടായിരുന്നു. ഇപ്പോള്‍ കീഴ്ജാതികള്‍ പൊതുകിണറ്റില്‍നിന്ന് വെള്ളം കുടിക്കാനും വഴിനടക്കാനും പൊരുതുന്ന ഇതര സംസ്ഥാനങ്ങളിലും ഹിന്ദുമഹാസഭയോ സംഘപരിവാരങ്ങളോ ബി ജെ പിയോ ഉണ്ട്. അവിടെയൊക്കെ ആരുടെ താല്‍പ്പര്യങ്ങളാണ് സംഘപരിവാരങ്ങള്‍ നിറവേറ്റുന്നത്? മിശ്ര സമുദായ പ്രണയികളെ കൊന്നുകളയുന്ന ഏകരാജ്യം ഇന്ത്യയാണ്. ആരാണത് ചെയ്യുന്നത്?

കേരളത്തിലെ നവോത്ഥാനമുന്നേറ്റങ്ങളെ പിറകില്‍നിന്നു കുത്തിയ സവര്‍ണരുടെ രാഷ്ട്രീയത്തിന് ഇപ്പോള്‍ കീഴ്ജാതി വോട്ടുവേണം അതേ താല്‍പ്പര്യങ്ങള്‍ നടപ്പാക്കാന്‍. വെള്ളാപ്പള്ളിക്ക് അതു മനസ്സിലാവുന്നില്ല. അല്ലെങ്കില്‍ മറ്റെന്തോ താല്‍പ്പര്യത്തിന് വെള്ളാപള്ളി ആ ബോധ്യം പണയംവെച്ചു. പക്ഷെ, ചരിത്രബോധമുള്ള ഒരാള്‍ക്കും ഇതൊന്നും കാണാതിരിക്കാനാവില്ല. നവോത്ഥാന മൂല്യങ്ങളും നേട്ടങ്ങളും സംരക്ഷിക്കാനുള്ള ബാധ്യത എസ് എന്‍ ഡി പിക്കു മാത്രമുള്ളതല്ല. അവരതിന്റെ മുഴുവന്‍ ഭാരവും ചുമക്കേണ്ട. നേരവകാശികള്‍ എന്നവകാശപ്പെടുന്നവരെല്ലാം നിത്യജീവിതത്തിലും സാമൂഹിക ഇടപെടലുകളിലും മതേതര മാനവിക മൂല്യങ്ങളും ജനാധിപത്യ നടപടിക്രമങ്ങളും സ്വീകരിക്കുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. ജീര്‍ണതകളെ ആശ്ലേഷിച്ച് താല്‍ക്കാലിക ലാഭങ്ങള്‍ കൊയ്യുന്നവര്‍ക്ക് സാമുദായിക നേതാക്കളുടെ കാല്‍ക്കീഴില്‍നിന്ന് എഴുന്നേറ്റുപോരാനാവില്ല.

സരസ്വതിയുടെ ചിത്രം വരച്ച ഹുസൈനെ രാജ്യത്തുനിന്ന് ഓടിക്കാം. യുക്തിബോധം പ്രചരിപ്പിച്ച കല്‍ബുര്‍ഗിയെയും ഗോവിന്ദ് പന്‍സാരെയെയും ധബോല്‍ക്കറെയും വെടിവെച്ചു വീഴ്ത്താം. ടാബ്ലോപോലുള്ള കലാരൂപങ്ങളെ സാമൂഹിക വിമര്‍ശനത്തിനുപയോഗിക്കുന്നവരെ കല്ലെറിയാം. അതൊന്നും നിന്ദയല്ല! കുരിശില്‍ കിടക്കുന്ന ഗാന്ധിജിയെ നാടകത്തില്‍ അവതരിപ്പിക്കുമ്പോഴില്ലാത്ത പ്രശ്‌നം നാരായണഗുരുവിന്റെ കാര്യത്തില്‍ കുത്തിപ്പൊക്കുന്നത് ഗുരുവിനെ വെറും ഈഴവനാക്കിയ സവര്‍ണരാഷ്ട്രീയത്തിന്റെ വക്താക്കളാണെന്നത് കൗതുകകരമാണ്.

അതേസമയം ശ്രീകൃഷ്ണ ജയന്തിയായി കൊണ്ടാടുന്ന ദിവസംതന്നെ മറ്റൊരാഘോഷത്തിന് തെരഞ്ഞെടുത്ത കണ്ണൂരിലെ നടപടി വിവേകശൂന്യമാണ്. ആളുകളൊലിച്ചുപോകുമോ എന്ന ഭയം തുറന്നു സമ്മതിക്കുന്നതിനു സമമായ ഒരു നടപടി. രാഷ്ട്രീയപ്രവര്‍ത്തനം ഇത്ര നെഗറ്റീവായ – പരാങ്മുഖമായ – ഒന്നായിക്കൂടാ. അതാണ് തിരുത്തേണ്ടത്. അതേസമയം നിശ്ചല ദൃശ്യത്തിന്റെ പേരിലുള്ള പരാക്രമങ്ങള്‍ അവസാനിപ്പിക്കണം. അതായിരുന്നില്ല ഗുരുനിന്ദ. ഗുരുവിനെ സവര്‍ണ രാഷ്ട്രീയത്തിന് കളിക്കാനെറിഞ്ഞുകൊടുക്കുന്ന വെള്ളാപള്ളിയോളം ഗുരുനിന്ദ നടത്തുന്നവര്‍ ആരുണ്ട്?

ഇപ്പോള്‍ ബിജെപിയുടെയും സംഘപരിവാരങ്ങളുടെയും കളത്തിലാണ് ശ്രീനാരായണഗുരു. അവര്‍ക്ക് ഗുരുവിനെച്ചൊല്ലി വല്ലാത്ത ആശങ്കകളായിരിക്കുന്നു. തൊട്ടടുത്ത സംസ്ഥാനത്ത് ചിത്രദുര്‍ഗയിലെ ഹിരിയൂര്‍ ശിവനഗറില്‍ സവര്‍ണ ഹിന്ദുക്കള്‍ കുടിയൊഴിപ്പിച്ച ദളിത് വിഭാഗക്കാര്‍ക്ക് കയറിക്കിടക്കാന്‍ ഇത്തിരി സ്ഥലത്തിനുവേണ്ടി മാസങ്ങള്‍ നീണ്ട പ്രക്ഷോഭം നടത്തേണ്ടിവന്നു. ഹസന്‍ ജില്ലയിലെ സിഗമണഹള്ളിയില്‍ ബസവേശ്വര ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് സ്ത്രീകളെ അപമാനിക്കുകയും അവരില്‍നിന്ന് പിഴ ഈടാക്കുകയും ചെയ്തത് കഴിഞ്ഞ ദിവസമാണ്. ചിരട്ടയില്‍ ചായയും കുമ്പിളില്‍ കഞ്ഞിയും കുടിക്കേണ്ടിവരുന്ന ദളിതജീവിതങ്ങള്‍ അവിടെയൊന്നും പഴങ്കഥയല്ല. ബി ജെ പിക്കും സംഘപരിവാരങ്ങള്‍ക്കും അവിടങ്ങളില്‍ എന്തു നിലപാടാണുള്ളത്?

ബസവേശ്വരന്‍ ആരായിരുന്നു? പന്ത്രണ്ടാം ശതകത്തില്‍ ലിംഗ ജാതി വിവേചനങ്ങള്‍ക്കെതിരെ പൊരുതിയ സാമൂഹിക പരിഷ്‌ക്കര്‍ത്താവും കവിയുമായിരുന്നു അദ്ദേഹം. ലിംഗ -ജാതി ഭേദമില്ലാതെ ഏവര്‍ക്കും ഒത്തുകൂടാനുള്ള പൊതു ഇടം സങ്കല്‍പ്പിക്കുക മാത്രമല്ല നടപ്പാക്കുകയും ചെയ്തതാണ് അദ്ദേഹത്തിന്റെ മുഖ്യ സംഭാവന. ഇരുപതാം ശതകത്തിന്റെ ആരംഭത്തില്‍ ഗുരു കേരളത്തില്‍ പറഞ്ഞ വചനങ്ങള്‍ക്കു സമാനമായിരുന്നു ബസവേശ്വരന്റെ വചനങ്ങള്‍. വിവേചനങ്ങളെ ചെറുത്ത ബസവേശ്വരനെ സവര്‍ണര്‍ തങ്ങളുടേതാക്കുക മാത്രമല്ല കീഴാളരെ അവിടെനിന്ന് ആട്ടിയോടിക്കുകയുമാണ് ഇപ്പോള്‍ . ഏറെക്കുറെ ഇതേ അവസ്ഥയിലേക്കാണ് ഗുരുവിനെ വെള്ളാപ്പള്ളി വിട്ടുകൊടുത്തിരിക്കുന്നത് എന്നറിയാന്‍ അധികകാലം വേണ്ടിവരില്ല.

ഒഡിഷയിലെ ബാര്‍ഗര്‍ ജില്ലയിലും ദളിതര്‍ ക്ഷേത്ര പ്രവേശനാനുമതിക്കുള്ള പ്രക്ഷോഭം തുടരുകയാണ്. നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ കണക്കുകള്‍ പറയുന്നത് ജാതി വിവേചനവും ഹരിജന മര്‍ദ്ദനവും ഉത്തരേന്ത്യയില്‍ വലിയ അളവില്‍ വര്‍ദ്ധിച്ചുവെന്നാണ്. ഹരിയാനയില്‍ കഴിഞ്ഞ ഒരു ദശകത്തില്‍ മുന്‍കാലത്തേക്കാള്‍ രണ്ടര ഇരട്ടിയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ആഗസ്ത് 9ന് ടൈംസ് ഓഫ് ഇന്ത്യ ഈ കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലൊക്കെ സംഘ പരിവാരങ്ങള്‍ക്കാണല്ലോ വലിയ സ്വാധീനമുള്ളത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തിലെ ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ചെയ്ത സാമൂഹിക വിപ്ലവത്തിന്റെ ഐക്കണുകള്‍ തട്ടിയെടുത്തു മേനി നടിക്കാന്‍ വരട്ടെ. അതിനുമുമ്പ് ഇന്ത്യന്‍ ദളിത് കീഴാള ജീവിതങ്ങളെ ജാതി മര്‍ദ്ദനങ്ങളില്‍നിന്ന് രക്ഷിക്കാന്‍ എന്തുചെയ്തുവെന്ന് ഉറക്കെപറ.

ഗുരുവിനെ ഒറ്റിയവനെന്ന പഴി വെള്ളാപ്പള്ളിക്കു ചേരുമോ എന്നു വെള്ളാപ്പള്ളിതന്നെ തീരുമാനിക്കട്ടെ

9 സെപ്തംബര്‍ 2015

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )