(ഇന്നലെ വധിക്കപ്പെട്ട പ്രശസ്ത കന്നട ഭാഷാ പണ്ഡിതനും എഴുത്തുകാരനും ഇടതുപക്ഷ ചിന്തകനുമായ ഡോ.എം എം കലബുര്‍ഗിയുടെ ഓര്‍മയില്‍)
കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട കൊലപാതകങ്ങളുടെ ഫോട്ടോപ്രദര്‍ശനം ദില്ലിയില്‍ നടത്തിയ പാര്‍ട്ടിയാണ് ബി ജെ പി. കേരളത്തിലെ ഒരു കക്ഷി ഇന്ത്യ ഭരിക്കുന്ന പ്രസ്ഥാനത്തെ വേട്ടയാടുകയാണെന്ന വിലാപം ഗംഭീരമായിരിക്കുന്നു. ആരോടെല്ലാം ശത്രുത വളര്‍ത്തണമെന്ന ആഹ്വാനത്തില്‍ കവിഞ്ഞ ഒന്നായി ഈ പ്രദര്‍ശനത്തെ വിലയിരുത്താനാവില്ല. സി പി എം കൊലപാതകങ്ങളില്‍ ഒട്ടും പിറകിലല്ല. പക്ഷെ അതു ബി ജെ പിയാണ് പറയുന്നത് എന്നതാണ് രസകരം. അങ്ങനെ ബി ജെ പിയെക്കൊണ്ടു പറയിപ്പിക്കാന്‍ പാകത്തില്‍ കേരള രാഷ്ട്രീയത്തെ തങ്ങള്‍ എത്തിച്ചിരിക്കുന്നുവെന്ന് സി പി എമ്മിന് മനസ്സിലാകുന്നുമില്ല.
ഹിന്ദുത്വ വര്‍ഗീയ ശക്തികളോടുള്ള യുദ്ധം നിഴലിനോടുള്ള യുദ്ധമായിത്തീരുന്നുണ്ട്. ശത്രു തന്നിലേക്കു നുഴഞ്ഞുകയറുകയും തന്റെ ശരീരത്തില്‍ ഒളിച്ചിരിക്കുകയും ചെയ്യുമ്പോള്‍ ഒരു പോരാളി അനുഭവിക്കുന്ന ധര്‍മ്മസങ്കടമോ വിക്ഷോഭമോ അനുഭവിക്കുകയാണ് സി പി എം. ജാതി മതാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വലിയതോതില്‍ ഏറ്റുവാങ്ങാനുള്ള ശേഷിയൊന്നും ഒരിടതുപക്ഷ രാഷ്ട്രീയ ശരീരത്തിനും കാണുകയില്ല. അതിന്റെ വേലിയേറ്റമുണ്ടാക്കുന്ന മേദസ്സു തന്നെയാണ് പോരാളികളെ ദുര്‍ബ്ബലപ്പെടുത്തുന്നത്. കുടഞ്ഞെറിയാനാവാത്തവിധം ശത്രു അള്ളിപ്പിടിച്ചിരിക്കുന്നുണ്ട് വിപ്ലവകക്ഷികളില്.
അനുഷ്ഠിക്കുന്ന ആചാരങ്ങളും മനസ്സില്‍ കുമിയുന്ന വിശ്വാസങ്ങളും സങ്കുചിത മതചിന്തയുടേതോ ജീര്‍ണമായ ജാതിബോധത്തിന്റെതോ ആണ്. വിപ്ലവത്തിനുവേണ്ടി അഥവാ മനുഷ്യരുടെ വിമോചനത്തിനുവേണ്ടിയുള്ള ഒരു ദര്‍ശനത്തിനും അതിനെക്കാള്‍ പ്രാധാന്യം നല്കാന് നാം തയ്യാറല്ല. സോഷ്യലിസമെന്നോ മതേതരത്വമെന്നോ ഉള്ള പുലമ്പലുകള്‍ തൊലിപ്പുറമെയേയുള്ളു. ഈ സത്യം തുറന്നുപറയാനുള്ള ധീരത വിപ്ലവകക്ഷികള്ക്കില്ല. സംഘപരിവാര ശക്തികള്‍ക്കാവട്ടെ മത ജാതി വരേണ്യത ഒളിച്ചുവെക്കേണ്ട ഒന്നായി തോന്നിയിട്ടില്ല. അതാണ് രാജ്യത്തിന്റെ പാരമ്പര്യവും കീഴ് വഴക്കവും എന്ന് ലജ്ജാകരമായ വിവേചനത്തെ അവര്‍ മഹത്വവല്‍ക്കരിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തങ്ങളുടെ ദര്‍ശനത്തില്‍ വെള്ളം ചേര്‍ത്ത് യാഥാസ്ഥിതികത്വത്തോടും എസ്റ്റാബ്ലിഷ്മെന്റിനോടും നടത്തിയ ഒത്തുതീര്‍പ്പുകള്‍ക്ക് ഇപ്പോള്‍ വലിയ വില നല്‍കുകയാണ് എന്നേ ധരിക്കേണ്ടതുള്ളു.
പാരമ്പര്യത്തിന്റെ ജീര്ണവാലുകളെ ഏതളവുവരെ ആശ്ലേഷിക്കാം എന്നറിയാത്ത അസംബന്ധ ജീവിതത്തിലേക്കാണ് നാം തലകുത്തി വീണിരിക്കുന്നത്. കുടുംബത്തിനകത്ത് കൊച്ചു കൊച്ചു വിട്ടുവീഴ്ച്ചകളിലാരംഭിച്ച് ഗണേശോത്സവവും ശ്രീകൃഷ്ണ ജയന്തിയും ആഘോഷിക്കുന്ന സാമൂഹിക വിപ്ലവചര്യയിലേക്ക് ഇടതുപക്ഷ സമൂഹങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നു. സംഘപരിവാര ശക്തികള്‍ക്ക് ഇതില്‍ക്കൂടുതല്‍ എന്തുവേണം? കൊടി ഏതായാലും വിജയിക്കുന്നത് അവരുടെ പ്രത്യയശാസ്ത്രമാണ്. അന്യോന്യം കൊടികൊണ്ടു മാത്രമേ വ്യത്യാസമുള്ളൂ എന്ന ഘട്ടമെത്തിയാല്‍ അന്യോന്യമുള്ള ഒഴുക്ക് സ്വാഭാവികമായിത്തീരും. അതു തടയാന്‍ സംഘര്‍ഷഭീതി വളര്ത്തിയതുകൊണ്ടാവില്ല.
യുക്തിചിന്തയെ ഇല്ലായ്മ ചെയ്യലാണ് എല്ലാ മതാധിപത്യ മോഹങ്ങളുടെയും പ്രാഥമിക ചുവടുവെപ്പ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ യുക്തിബോധം ജ്വലിച്ചു നില്ക്കുമ്പോഴേ മത വര്‍ഗീയ വേലിയേറ്റങ്ങള്‍ക്ക് അവര്‍ തടസ്സമാകുന്നുള്ളു. വന്ധ്യംകരിക്കപ്പെട്ട വിപ്ലവപ്രസ്ഥാനങ്ങള്‍ വെറും കോമാളിവേഷങ്ങളായിത്തീരും. യുക്തിചിന്തയെ തട്ടിയുണര്‍ത്തുന്ന പ്രസ്ഥാനങ്ങളെ മാത്രമല്ല വ്യക്തികളെയും ഭൂതബാധയുടെ കോമരങ്ങള്‍ വേട്ടയാടും. ഇന്നലെ കര്‍ണാടകയില്‍ എം എം കലബുര്‍ഗിയെയും അഞ്ചുമാസം മുമ്പ് ഗോവിന്ദ് പന്‍സാരെയെയും രണ്ടു വര്‍ഷം മുമ്പ് നരേന്ദ്ര അച്യുത് ദബോല്‍ക്കറെയും പോയിന്റ്ബ്ലാങ്കില്‍ വെടിവെച്ചു കൊന്നത് അവര്‍ പുലര്‍ത്തിയ യുക്ത്യധിഷ്ഠിത വിശകലനങ്ങളുടെ പേരിലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ ചേകന്നൂര്‍ മൗലവിക്കു സംഭവിച്ചതും അതാണ്.
പന്ത്രണ്ടാം ശതകത്തില്‍ വിഗ്രഹാരാധനയ്ക്കും ലിംഗ ജാതി വിവേചനങ്ങള്‍ക്കുമെതിരെ പൊരുതുകയും നാട്ടുഭാഷയില്‍ കാവ്യമെഴുതുകയുംചെയ്ത ബസവേശ്വരനെ തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് കലബുര്‍ഗി നടത്തിയത്. അന്ധ വിശ്വാസങ്ങളില്‍ രാഷ്ട്രീയ വേരുകളാഴ്ത്തുന്ന ഫാസിസത്തിന്റെ കടയ്ക്കല്‍ ആഞ്ഞുകൊത്തുകയായിരുന്നു അദ്ദേഹം. ബസവേശ്വരന്റെ വചനങ്ങള്‍ അദ്ദേഹം സ്ഥാപിച്ച ലിംഗായത്തു മതക്കാര്‍ക്കുപോലും വേണ്ടാതായി. ശ്രീനാരായണ ഗുരുവിനെ ജാതിദേവനാക്കിയതുപോലെ മറ്റൊരനുഭവം. ഗുരുവിന് പുതിയ വ്യാഖ്യാനം ചമയ്ക്കുന്നത് വെള്ളാപ്പള്ളിയും തൊഗാഡിയയുടെ ശിഷ്യരുമാണല്ലോ. ബസവേശ്വറിനെയും ഫാസിസ്റ്റുകള്‍ അദ്ദേഹം എതിര്‍ത്തുപോന്ന ദര്‍ശനങ്ങളുടെ അടിമയാക്കുകയാണ്. ബസവേശ്വറിനെയും ശ്രീനാരായണനെയും പോലെയുള്ള മഹാത്മാക്കളുടെ ജീവിതദര്‍ശനങ്ങള്‍ ഏറ്റുവാങ്ങാനേതു പ്രസ്ഥാനമുണ്ട്?
വെള്ളാപ്പള്ളി എസ് എന്‍ ഡി പിയെ ജാതി സംഘടനയാക്കി ചുരുക്കിയെന്നും ഫാസിസ്റ്റുകള്‍ക്ക് അടിയറ വെച്ചുവെന്നും ആരോപണമുയരുമ്പോള്‍ അദ്ദേഹം തിരിച്ചു പറയുന്നത് കമ്യൂണിസ്റ്റ് നേതാക്കള്‍ക്കെല്ലാം ജാതിയുണ്ടല്ലോ എന്നാണ്. എല്ലാവരും ജാത്യാചാരങ്ങള്‍ പാലിക്കുന്നു. സ്വന്തം വിവാഹവും മക്കളുടെ വിവാഹവും നടത്തുന്നതങ്ങനെയാണ്. മരണാനന്തര ചടങ്ങുകള്‍ക്കും മാറ്റമില്ല. മോക്ഷ പ്രാപ്തിയെപ്പറ്റി എല്ലാവര്‍ക്കുമുണ്ട് ഉത്ക്കണ്ഠകള്‍. മുമ്പൊക്കെ പാര്‍ട്ടി കോണ്‍ഗ്രസ്സുകളില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടുകളില്‍ ആവര്‍ത്തിക്കുന്ന ഒരു പരാമര്‍ശമുണ്ട്. അത് പ്രവര്‍ത്തകരിലും നേതാക്കളിലും വര്‍ധിച്ചുവരുന്ന ജാത്യാചാര നിഷ്ഠകള്‍ കയ്യൊഴിയണമെന്നാണ്. വന്നു വന്ന് ഇപ്പോഴതും കാണാതായി.
മൃദു വര്‍ഗീയ സമീപനങ്ങള്‍ വോട്ടാക്കി മാറ്റാനാവുമെന്ന കണ്ടെത്തല്‍ കനത്ത ആഘാതമാണ് വരുത്തിവെച്ചത്. തെറ്റായ രീതിയിലുള്ള വൈകാരികോത്തേജനം അരാജകത്വമാണ് സൃഷ്ടിച്ചത്. വിതച്ചത് കൊയ്യുകയാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. എണ്‍പതുകളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ മാതൃകാപരമായ നിലപാടുകളിലേക്ക് നീങ്ങാനുള്ള ശ്രമങ്ങളാരംഭിച്ചിരുന്നു. പാര്‍ലമെന്ററി താല്‍പ്പര്യങ്ങള്‍ പക്ഷെ മറ്റെല്ലാ വിമോചന സ്വപ്നങ്ങളെക്കാള് ശക്തമായിരുന്നിരിക്കണം. അകത്തു നടത്തിപ്പോന്ന വിട്ടുവീഴ്ച്ച പുറത്തെ അവിശുദ്ധ നീക്കങ്ങളെ എപ്പോഴും സാധൂകരിച്ചുപോന്നു. നമ്മുടെ യുക്തി താല്ക്കാലികമായ അതിജീവനത്തിനപ്പുറം കടന്നില്ല.
ഫാസിസം വളരുന്നുണ്ടെങ്കില്‍ അതിന്റെ വേരുകള്‍ നമ്മില്ക്കൂടിയാണുള്ളത്. അതു പറിച്ചെറിയാന്‍ നാം വിചാരിക്കണം. ജീര്‍ണതകള്‍ നമ്മുടെകൂടി അവകാശമാണ് എന്ന് തലതിരിഞ്ഞ് മനസ്സിലാക്കുകയല്ല വേണ്ടത്. അതു കുടഞ്ഞെറിയാനുള്ള ഒരു വഴി ദബോല്‍ക്കറും പന്‍സാരെയും കലബുര്‍ഗിയും കാണിച്ചുതന്ന യുക്തിചിന്തയുടെ ഉത്തേജനവും കീഴാള സമൂഹങ്ങളുടെ പക്ഷം ചേരലുമാണ്. മറ്റൊന്ന് അടിസ്ഥാനാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ജീവല്‍സമരങ്ങളില്‍ മാനവികതയുടെ ഐക്യം വളര്‍ത്തിയെടുക്കലാണ്. സാമൂഹിക ഇടതുപക്ഷ ചിന്തയുടെയും പ്രയോഗത്തിന്റെയും ജീവധാര ശക്തിപ്പെടുത്താതെ തരമില്ല.
ഫാസിസത്തിനെതിരായ സമരം അധികാരരാഷ്ട്രീയത്തിന്റെ താല്‍ക്കാലിക അജണ്ടയല്ല. ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചോ പരാജയപ്പെടുത്തിയോ അതു പൂര്‍ണമായും പരിഹരിക്കാനുമാവില്ല. മതസൗഹാര്‍ദ്ദ പ്രചാരണവും ഫലം കണ്ടെന്നു വരില്ല. മതേതര ബദല്‍ജീവിതം മുന്നോട്ടുവെക്കാനാവണം. ജനാധിപത്യ പ്രസ്ഥാനങ്ങള്‍ തത്വാധിഷ്ഠിത നിലപാടുകള്‍ കൈക്കൊള്ളണം. വര്ണവെറിയുടെയോ ജാതിചിന്തയുടെയോ സങ്കുചിത ലോകത്തേക്ക് ക്ഷണിക്കുന്ന എല്ലാ കൂട്ടായ്മകളെയും നിഷ്ക്കരുണം പുറന്തള്ളണം. സാമൂഹികമായ പുതിയ ഉണര്‍വ്വുകളിലേക്ക് നീങ്ങാന്‍ കൂടുതല്‍വലിയ തിരിച്ചടികള്‍ വേണമെന്ന ശാഠ്യമായിരിക്കുമോ നമ്മുടേത്!
31 ആഗസ്ത് 2015