Article POLITICS

മത – സാമൂഹ്യ സംഘടനകളും രാമചന്ദ്രന്‍പിള്ളയും

New Doc 10_1-1

സി പി എം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ളയുടെ മത – സാമൂഹ്യസംഘടനകളും സി പി ഐ എമ്മും എന്ന ലേഖനം ദേശാഭിമാനിയില്‍ വായിച്ചു. ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു കുറിപ്പാണത്. എന്താണ് പിള്ള ഉദ്ദേശിക്കുന്നത്? അദ്ദേഹത്തെ പൊള്ളിച്ചതെന്തെന്ന് ആരംഭവാക്യത്തില്‍തന്നെ അദ്ദേഹം പറയുന്നുണ്ട്. അതിങ്ങനെയാണ്:

ജാതി മത വിശ്വാസികളുടെ സാമൂഹ്യസംഘടനകളുമായി ഒരുതരത്തിലും ബന്ധപ്പെടരുതെന്ന് സി പി ഐ എമ്മിന്റെ കേന്ദ്ര കമ്മറ്റി തീരുമാനിച്ചതായി കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയുണ്ടായി. അത്തരം വാര്‍ത്തകള്‍ തികച്ചും അവാസ്തവമാണെന്ന് പാര്‍ട്ടി പൊളിറ്റ്ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്. നിറംപിടിപ്പിച്ച ഇത്തരം നുണക്കഥകള്‍ പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം മത ജാതി വിശ്വാസികളില്‍നിന്ന് പാര്‍ട്ടിയെ ഒറ്റപ്പെടുത്തി ദുര്‍ബ്ബലപ്പെടുത്തുക എന്നതാണ്.

രാമചന്ദ്രന്‍പിള്ള പിള്ളവാലിലേക്ക് തൂങ്ങുകയാണോ? മാധ്യമ വാര്‍ത്തകള്‍ തെറ്റാണെങ്കിലും അത് മതേതര പുരോഗമന ജീവിതങ്ങളെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. ജാതി മത സംഘടനകളുമായി രാഷ്ട്രീയ പ്രസ്ഥാനങ്ങളും അതുവഴി ജനാധിപത്യ ഭരണ സംവിധാനങ്ങളും നടത്തുന്ന നീക്കുപോക്കുകളും തുറന്ന കച്ചവടങ്ങളും എല്ലാ അതിരുകളും ലംഘിക്കുകയും ജനാധിപത്യ മതേതര മൂല്യങ്ങളെ ചവിട്ടിയരക്കുകയും ചെയ്തിരിക്കുന്നു. ഇതില്‍നിന്നൊരു മോചനം ആഗ്രഹിച്ചവരെയൊക്കെ സന്തോഷിപ്പിക്കുന്നതായിരുന്നു മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. എണ്‍പതുകള്‍ക്കൊടുവില്‍ കേരളം കണ്ട തത്വാധിഷ്ഠിത നിലപാടിലേക്ക് ഇടതുപക്ഷം വീണ്ടും നടന്നടുക്കുന്നതായി ചിലരെങ്കിലും സങ്കല്‍പ്പിച്ചിട്ടുമുണ്ടാവണം. അവരെ യാഥാര്‍ത്ഥ്യത്തിലേക്ക് തട്ടിയുണര്‍ത്തുകയാണ് എസ് ആര്‍ പി.

പല ജാതി മത സമുദായങ്ങളില്‍പെട്ടവരും അല്ലാത്തവരുമായ ജനങ്ങള്‍ക്കിടയിലാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു പ്രവര്‍ത്തിക്കേണ്ടി വരികയെന്ന് എല്ലാവര്‍ക്കുമറിയാം. ജാതി മത വിശ്വാസികളുള്‍പ്പെടുന്ന സാമൂഹിക സംഘടനകളും ജാതി മത അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെടുന്ന സംഘടനകളും രണ്ടാണ്. ആദ്യത്തേതുമായി ബന്ധപ്പെടുന്നതല്ല രണ്ടാമത്തെ വിഭാഗവുമായി ബന്ധപ്പെടുന്നതാണ് മതേതരത്വത്തിന് ക്ഷീണമുണ്ടാക്കുക. ഇതുരണ്ടും കൂട്ടിക്കുഴയ്ക്കുക എന്ന ഗൗരവതരമായ തെറ്റാണ് എസ് ആര്‍ പി ചെയ്തിരിക്കുന്നത്. മാത്രമല്ല ജാതി മത വിശ്വാസികളെന്ന് ഒന്നിച്ചു പറയുന്നതുപോലും അത്ര ശരിയല്ല. മതം ദൈവവിശ്വാസവുമായി ബന്ധപ്പെട്ടതാണെങ്കില്‍ ജാതിയെന്നത് വിശ്വാസവുമായി ബന്ധപ്പെട്ട ഒന്നല്ല. നടപ്പുരീതിയും കീഴ് വഴക്കങ്ങളുമായാണ് അതിനു ബന്ധം. പ്രാങ്മുതലാളിത്ത സാമൂഹികാവസ്ഥയിലാണ് അതിന്റെ വേരുകളുള്ളത്. കാലംതെറ്റിയുള്ള ജീര്‍ണവാലുകളാണ് അത് പേറുന്നത്. 2003 മാര്‍ച്ച് 27, 28 തീയതികളില്‍ ചേര്‍ന്ന സി പി ഐ എമ്മിന്റെ സംസ്ഥാനകമ്മറ്റി യോഗം ചര്‍ച്ച ചെയ്ത് അംഗീകരിച്ച ഒരു രേഖയുണ്ട്. ജാതിസംഘടനകളും പാര്‍ട്ടിയും (പാര്‍ട്ടി കത്ത് 1/2003) എന്നപേരിലുള്ളതാണത്. ജാതി മത സംഘടനകളുമായുള്ള ബന്ധം എപ്രകാരമായിരിക്കണമെന്ന് ആരേഖ വ്യക്തമാക്കുന്നുണ്ട്. അതില്‍ക്കൂടുതലൊന്നും മാധ്യമ വാര്‍ത്തകളില്‍ കണ്ടിട്ടില്ല.

കേരളത്തിലെ ജാതി പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയുടെ ഒരവലോകനമാണ് ആരേഖ. സ്വയം വിമര്‍ശനം ഉള്‍ക്കൊള്ളുന്ന ഒരു ഭാഗം നോക്കുക: ജാതിക്കും ജാതി സംഘടനകള്‍ക്കും എതിരായ പ്രചാരവേല കുറെ വര്‍ഷങ്ങളായി കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഭാഗത്തുനിന്നുപോലും ഫലപ്രദമായി ഇല്ലാതായി. മതനിരപേക്ഷ പ്രചാരവേല മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് എതിരെയുള്ളത് മാത്രമായി പരിമിതപ്പെട്ടു. ജാതി വികാരം ഊതി വീര്‍പ്പിച്ച് തങ്ങളുടെ സ്വാധീനം നിലനിര്‍ത്തുന്നതിന് ഇതുവഴി ജാതിനേതാക്കള്‍ക്ക് അവസരം ലഭിച്ചു. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള മത ജാതി രാഷ്ട്രീയ കക്ഷികളുടെ ഐക്യമുന്നണി മത ജാതി രാഷ്ട്രീയ പരിഗണന അടിസ്ഥാനമാക്കി ഭൂരിപക്ഷം സ്‌കൂളുകളും കോളേജുകളും വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യുന്ന സമ്പ്രദായമാണ് എടുത്തുപോരുന്നത്. നാടിന്റെ വിദ്യാഭ്യാസ ആവശ്യവും വിദ്യാഭ്യാസ പുരോഗതിയും ഫലത്തില്‍ വിസ്മരിക്കപ്പെട്ടു. കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുകൂടി പങ്കുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നാലും മത – ജാതി പ്രാതിനിധ്യത്തിന്റെ പേരില്‍ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് സമ്മര്‍ദ്ദം ചെലുത്താനും കാര്യങ്ങള്‍ നേടാനുമാകും എന്ന നില വളര്‍ന്നുവന്നു. ഇതിനെ ഉപയോഗപ്പെടുത്തി മത – ജാതി വികാരം വളര്‍ത്തി തങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ സമ്പന്ന വിഭാഗത്തിന് കഴിയുന്നു.

ഈ തിരിച്ചറിവിന്റെ ഊര്‍ജ്ജം രാമചന്ദ്രന്‍ പിള്ളയുടെ ലേഖനം കയ്യൊഴിഞ്ഞിരിക്കുന്നു. ചൂഷണത്തിനെതിരായ വിശാലമായ ഐക്യനിര കെട്ടിപ്പടുക്കുന്നതിന് ജാതി – മത സാമൂഹിക സംഘടനകളുമായും അവയുടെ നേതാക്കളുമായും പാര്‍ട്ടിക്കു ബന്ധപ്പെടേണ്ടിവരും എന്നാണ് അദ്ദേഹം പറയുന്നത്. ഇത് പാര്‍ട്ടിയുടെ ബഹുജനപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും ഈ സമീപനം വിട്ടുവീഴ്ച്ചയില്ലാതെ തുടരുമെന്നും എസ് ആര്‍ പി പറയുന്നു. ജാതീയമായ ചൂഷണവും മര്‍ദ്ദനവും അനുഭവിക്കുന്ന ദളിതുകളുടെ ഐക്യനിര ഉയര്‍ന്നു വരുമ്പോള്‍ അതിന്റെ ജനാധിപത്യപരമായ ഉള്ളടക്കം തിരിച്ചറിയാന്‍ ഇടതുപക്ഷത്തിന് സാധിക്കുന്നുണ്ട്. എന്നാല്‍ സവര്‍ണജാതീയതക്കെതിരായ ഈ ആശയസമരത്തെ പിന്തുണയ്ക്കാനല്ല, സവര്‍ണ ജാതീയതയുടെ ഏകോപനത്തിന് കരുത്തുപകരാനാണ് എസ് ആര്‍ പിയുടെ നിലപാട് സഹായകമാവുക. ഇത് സി പി എമ്മിന്റെ തന്നെ രേഖകളുടെ നിരാകരണമാണ്. ജനാധിപത്യ വിപ്ലവത്തിന്റെ സുപ്രധാന ഭാഗമാണ് ജാതിവ്യവസ്ഥ അറുതി വരുത്തുന്നതിനുള്ള പോരാട്ടം. വര്‍ഗപരമായ ചൂഷണത്തിന് എതിരായ സമരവുമായി ബന്ധപ്പെട്ടതാണ് ജാതീയ അടിച്ചമര്‍ത്തലിന് എതിരായ പോരാട്ടം (പരിപാടിയുടെ 5.7, 5.8, 5.12 എന്നീ ഖണ്ഡികകള്‍ ഒന്നെടുത്തു വായിക്കുന്നത് ഓര്‍മ പുതുക്കാനുതകും). മതനിരപേക്ഷ തത്വങ്ങളില്‍നിന്നുള്ള നേരിയ വ്യതിയാനംപോലും തുറന്നുകാട്ടി പോരാടണമെന്നാണ് പരിപാടി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

പാര്‍ട്ടിക്കും മത – ജാതി സംഘടനകള്‍ക്കും തങ്ങളുടെ കാഴ്ച്ചപ്പാടുകളിലും നിലപാടുകളിലും പലതരത്തിലുള്ള വ്യത്യസ്തതകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പല മേഖലകളിലും സഹകരിച്ചും യോജിച്ചും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അത്തരം സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നുമാണ് എസ് ആര്‍ പി വിശദീകരിക്കുന്നത്. ഏതൊക്കെമേഖലകളിലാണ് അത്തരം യോജിപ്പ് ഗുണകരമാവുക എന്നദ്ദേഹം വിശദമാക്കണമായിരുന്നു. ജനങ്ങളെ അണിനിരത്തുന്നതിന്റെ അനുപാതമാണ് ശരിതെറ്റുകള്‍ നിശ്ചയിക്കാനുള്ള ഉപാധിയെന്ന കണ്ടെത്തലും അത്ഭുതകരമായിരിക്കുന്നു.

എല്ലാ ജാതി മതങ്ങളിലുംപെട്ട മനുഷ്യരനുഭവിക്കുന്ന ജീവല്‍പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഐക്യവും സമരവുമാണ് കമ്യൂണിസ്റ്റു പ്രസ്ഥാനം പരമപ്രധാനമായി കാണുന്നത്. അത് അവര്‍ക്കിടയിലെ പ്രാങ്മുതലാളിത്ത അവശിഷ്ടങ്ങളെ മായ്ച്ചുകളയാന്‍ പര്യാപ്തമാണ്. ചൂഷിത ജനസാമാന്യത്തിന്റെ കൂട്ടായ്മകളില്‍നിന്നും സമരങ്ങളില്‍നിന്നും കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ അകലുമ്പോഴാണ് ജാതി മത സാമുദായിക സങ്കുചിതത്വങ്ങള്‍ തലപൊക്കുന്നത്. ചൂഷണത്തെ മറച്ചുവെക്കാനും സ്വാഭാവികമാക്കാനുമുള്ള ഔഷധമായി സാമുദായിക സ്വത്വബോധങ്ങള്‍ വലിയതോതില്‍ പരീക്ഷിക്കപ്പെടുന്നു. ഇതിനെതിരായ ജാഗ്രത സാമുദായിക സ്വത്വ രാഷ്ട്രീയ നേതാക്കളുമായുള്ള രഹസ്യാശ്ലേഷങ്ങളല്ല ആവശ്യപ്പെടുന്നത്. ആശയപരമായ തുറന്ന പോരാട്ടമാണ്. ഒരു സാഹചര്യത്തിലും ഇത്തരം പ്രസ്ഥാനങ്ങളുടെ നേതാക്കളെ പരിഗണിക്കുകയോ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുകയോ ചെയ്യുന്നത് ഗുണകരമാവില്ല.

ഏറ്റവും അപായകരമായ ഒരു രാഷ്ട്രീയ സാഹചര്യത്തെയാണ് രാജ്യം നേരിടുന്നത്. എല്ലാവിധ പ്രതിലോമശക്തികളും ഉണര്‍ന്നെഴുന്നേല്‍ക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതാക്കളില്‍നിന്ന് സംഭവിക്കരുതാത്ത വിധത്തിലുള്ള പ്രതികരണമാണ് രാമചന്ദ്രന്‍ പിള്ളയില്‍നിന്നുണ്ടായിരിക്കുന്നത്. ഇത് എത്രവേഗം തിരുത്തുമോ അത്രയും നല്ലതായിരിക്കും.

29 ആഗസ്ത് 2015

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )