ജനശക്തി ഓണപ്പതിപ്പില്‍ സി പി എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുമായി മുതിര്‍ന്ന പത്രപ്രവര്ത്തകന് കെ ജി പരമേശ്വരന് നായര്‍ നടത്തിയ അഭിമുഖം ഇടതുപക്ഷ രാഷ്ട്രീയത്തില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. കുറെക്കൂടി ജനാധിപത്യപരമായും വസ്തുനിഷ്ഠമായും പ്രശ്നങ്ങളെ നോക്കിക്കാണാനുള്ള ധീരതയാണ് സഖാവ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇടതുപക്ഷം അതിന്റെ കുറവുകള്‍ നികത്തുകയാണ് ആദ്യം വേണ്ടത് എന്ന് അദ്ദേഹം തുറന്നു പറയുന്നു. കുറവുകളുണ്ട് എന്നു പറയാന്‍ മടിക്കുക മാത്രമല്ല നിങ്ങളും കുറവുകളുള്ളവരാണല്ലോ എന്നു തിരിച്ചു വിരല്‍ചൂണ്ടി ന്യായീകരണം കണ്ടെത്തുകയും ചെയ്യുന്ന പതിവു വ്യവഹാര രീതികളില്‍നിന്നു വിട്ടു നില്‍ക്കാനും സന്നദ്ധനായി ബേബി എന്നത് അഭിനന്ദനീയമാണ്.
കഴിഞ്ഞ ദശകത്തിന്റെ ആരംഭത്തില്‍ എം എന്‍ വിജയന്മാഷ് മുന്നോട്ടുവെച്ച ആശങ്കകളും അഭിപ്രായങ്ങളും തള്ളിക്കളയേണ്ടവയല്ലെന്നും അക്കാലത്ത് അവയില്‍ പലതും പാര്‍ട്ടിയ്ക്കകത്തെ വിഭാഗീയ പ്രവണതകളെ സഹായിക്കുന്നതരത്തിലായി എന്നതുകൊണ്ടാണ് പാര്‍ട്ടിയ്ക്ക് അംഗീകരിക്കാനാവാതെ പോയത് എന്നും ഇപ്പോള്‍ ബേബി തുറന്നു പറയുന്നു. വിജയന്മാഷ് ചൂണ്ടിക്കാണിച്ച ശരിയായ കാര്യങ്ങള്‍ അംഗീകരിക്കുന്നതിന് വിഭാഗീയത തടസ്സമായി എന്നാണല്ലോ ഇതിനര്‍ത്ഥം. ഇപ്പോള്‍ വിഭാഗീയ പ്രവണതകള്‍ ദുര്‍ബ്ബലമായ സന്ദര്‍ഭത്തില്‍ വിജയന്മാഷിലേക്കു തിരിച്ചുപോകേണ്ടതുണ്ട്. മാഷ് ആശങ്കപ്പെട്ട വഴിയില്‍ ബഹുദൂരംപോയി കിതച്ചു നില്ക്കുകയാണല്ലോ ഇടതുപക്ഷം. കനത്ത തിരിച്ചടികളില്‍നിന്ന് പാഠം ഉല്‍ക്കൊള്ളാനും തിരുത്താനും സി പിഎം നിര്‍ബന്ധിതമാകുന്നുവെന്ന് വിശാഖം പട്ടണം കോണ്‍ഗ്രസ്സിന്റെ രേഖകള്‍ പറയുന്നുണ്ട്. അതിന്റെ തുടര്‍ച്ചയിലാണ് ഈ അഭിമുഖത്തെയും കാണേണ്ടത്. ഫാസിസ്റ്റ് ഭീഷണി വര്‍ദ്ധിച്ചു വരുന്ന ഘട്ടത്തില്‍ പ്രവര്‍ത്തനരീതിയിലും ജനസമ്പര്‍ക്ക ശൈലിയിലും സമരസമ്പ്രദായത്തിലും ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ എം എന്‍ വിജയന്മാഷിന്റെ ശരിയായ നിരീക്ഷണങ്ങളില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വൈമനസ്യം ആവശ്യമില്ല എന്ന് ബേബി ഊന്നിപ്പറയുന്നു. ഇത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനുതകുന്ന പുതിയ രാഷ്ട്രീയ സംവാദങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും തുടക്കംകുറിക്കുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.
വര്‍ഗീയതയെ ചെറുക്കുക എന്നത് വേറിട്ട ഒരു സമരഅജണ്ടയല്ലെന്നും രാജ്യത്തെ ഇരകളാക്കപ്പെടുന്ന ബഹുജനങ്ങളുടെ മഹാശക്തിയെ ഉണര്‍ത്തുകയും സമരശക്തിയായി വളര്‍ത്തുകയുമാണ് വേണ്ടതെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. ഇങ്ങനെ ഉണരുന്ന ശക്തിയെ പരാജയപ്പെടുത്താന്‍ ഒരു സാമ്പത്തിക സൈനിക ശക്തിക്കും സാധ്യമല്ല. അതിനനുയോജ്യമായ പ്രവര്‍ത്തനശൈലിയാണ് സി പിഎം രൂപപ്പെടുത്തുന്നതെന്ന് ബേബി അവകാശപ്പെടുന്നു. ബോംബെയില്‍ അംബാനിയുടെ സ്വതന്ത്ര സാമ്പത്തിക മേഖലക്കെതിരായ സമരത്തിലും ആലപ്പുഴ സീമാസിലെ സമരത്തിലുമുണ്ടായ അനുഭവം അദ്ദേഹം എടുത്തു പറയുന്നു. പ്രവര്‍ത്തനശൈലിയിലും സമരങ്ങളിലും ഇത്തരത്തിലുള്ള മാറ്റമുണ്ടാകും എന്ന സൂചനയാണ് അദ്ദേഹം നല്കുന്നതെങ്കിലും നിലവിലുള്ള ധാരാളം ബഹുജന സമരങ്ങളോടുള്ള നിലപാട് വ്യക്തമാക്കുന്നില്ല എന്ന ദൗര്‍ബല്യമുണ്ട്.
നന്ദിഗ്രാമിലും സിംഗൂരിലും തെറ്റു പറ്റിയതായി സി പിഎം സമ്മതിച്ചിട്ടുണ്ടെന്ന് ബേബി ഓര്‍മ്മപ്പെടുത്തുന്നു. ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനായില്ല എന്ന തെറ്റാണ് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടത്. അതേസമയം, കൃഷി ആവശ്യത്തിനുള്ള ഭൂമിതന്നെ വേണമായിരുന്നോ ഏറ്റെടുക്കാന്‍ എന്ന ചോദ്യത്തോട് അനുകൂലമായി അദ്ദേഹത്തിനു പ്രതികരിക്കേണ്ടി വരുന്നു. കൃഷി ഭൂമിയല്ലാതെ വേറെ ഭൂമി ലഭ്യമായിരുന്നോ എന്നു ഗവണ്മെന്റ് പരിശോധിച്ച് ഉറപ്പാക്കിയിട്ടാണോ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിച്ചത് എന്ന ചോദ്യം പ്രസക്തമാണ് എന്നു ബേബി സമ്മതിക്കുന്നു. അതേക്കുറിച്ച് തനിക്കറിയില്ല എന്ന് അദ്ദേഹം ഏറ്റു പറയുന്നു. അടഞ്ഞു കിടക്കുന്ന പതിനായിരക്കണക്കിന് ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഭൂമി ലഭ്യമാണെന്ന് അക്കാലത്തുതന്നെ അഭിപ്രായമുയര്‍ന്നിരുന്നു. അത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ വന്നില്ലായിരിക്കാം.
ഭൂവിനിയോഗം സംബന്ധിച്ച് വ്യക്തമായ ഒരു നയം രൂപപ്പെടുത്താനായില്ല എന്ന തെറ്റ് ഇപ്പോള്‍ ബോധ്യമാകുന്നു. എന്നാല്‍ അത് അക്കാലത്ത് ആരോപണമുയര്ന്നതുപോലെ പാര്‍ട്ടിയുടെ നയവ്യതിയാനത്തിന്റെ ഭാഗമായിരുന്നില്ലെന്ന് അദ്ദേഹം ഇപ്പോഴും കരുതുന്നു. ഇക്കാര്യവും വിമര്‍ശനപരമായി പരിശോധിക്കാന്‍ സഖാവിനു പരിമിതികളുണ്ടാവാം. അല്ലെങ്കില്‍ ഏതൊരു ഇടതുപക്ഷ പ്രവര്‍ത്തകനും തിരിച്ചറിയാന്‍ എളുപ്പമുള്ള കാര്യമാണ് പ്രവര്‍ത്തനങ്ങളിലെ പിശകും നയവ്യതിയാനവും തമ്മിലുള്ള ബന്ധം. ഏറെ തുറന്നു പറയുമ്പോഴും ചില ശാഠ്യങ്ങള്‍ സൂക്ഷിക്കാന്‍ നിര്‍ബന്ധിതമാകുന്ന വിധം രാഷ്ട്രീയ പ്രേരണകള്‍ അദ്ദേഹം വഹിക്കുന്ന പദവികള്ക്കുണ്ടാവണം. നയവ്യതിയാനം എന്ന തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ഓരോ ചുവടുവെപ്പിലും അതിന്റെ കെടുതികള്‍ പിന്തുടര്ന്നുകൊണ്ടിരിക്കും എന്ന് ഒരു മാര്‍ക്സിസ്റ്റിനെ ആരും ഓര്‍മപ്പെടുത്തേണ്ടതില്ലല്ലോ.
അഭിമുഖത്തില്‍ പുതിയൊരു രാഷ്ട്രീയ സംവാദത്തിന് തുടക്കമിടാന്‍ ബേബിക്കു സാധിച്ചിട്ടുണ്ട്. ഇടതുപക്ഷ രാഷ്ട്രീയം, വിശാലമായ യോജിപ്പുകളും ആരോഗ്യകരവും സൂക്ഷ്മവുമായ വേര്പെടലുകളും ഒന്നിച്ചുള്ക്കൊള്ളാാവുന്ന മുന്നേറ്റമാകണം. മുതലാളിത്ത ആഗോളവത്കക്കരണത്തിനെതിരായ ശക്തികളുടെ പൊതുമുന്നേറ്റമാകണം അത്. വാണിജ്യമൂലധനം ഫാസിസവത്ക്കരിക്കാന് ശ്രമിക്കുന്നത് തീവ്ര വര്‍ഗീയതയുമായി അവിശുദ്ധ സഖ്യത്തിലേര്‍പ്പെട്ടാണ് ഇന്ത്യയില്‍ എന്നു വരുമ്പോള്‍ ഇരകളാക്കപ്പെടുന്ന മുഴുവന്‍ മനുഷ്യരുടെയും ഐക്യം എന്നത് കൂടുതല്‍ പ്രസക്തമാവുന്നു. ഇരകളില്‍ പിളര്‍പ്പുകള്‍ സൃഷ്ടിക്കാനും അന്യോന്യം ഏറ്റുമുട്ടിക്കാനുമുള്ള ശ്രമങ്ങള്‍ വലതു പ്രതിലോമ ശക്തികള്‍ക്കു തുണയാകും. അതിനാല്‍ ഇടത് ആദ്യം കുറ്റമറ്റ ഇടതാവണമെന്ന ബേബിയുടെ അഭിപ്രായം പ്രസക്തമാണ്. വര്‍ഗ രാഷ്ട്രീയ നിലപാടുകള്‍ സംബന്ധിച്ച വാദമുഖങ്ങള്‍ ഉന്നയിക്കുന്നതും സംവാദങ്ങളില്‍ പങ്കുചേരുന്നതും ശരിതെറ്റുകള്‍ ബോധ്യപ്പെടുന്നതും സ്വാഭാവികതയോടെ സ്വീകരിക്കാനാവണം. ഭിന്നാഭിപ്രായങ്ങള്‍ പറയുന്നത് വലതുപക്ഷത്തെയാണ് സഹായിക്കുക എന്ന വിലയിരുത്തല്‍ തെറ്റാണ്. ഇക്കാര്യം ലെനിനെ ഉദ്ധരിച്ചുകൊണ്ട് ബേബിയും ചൂണ്ടിക്കാട്ടുന്നുണ്ട്. ലെനിന് പറയുന്നത് കമ്യൂണിസ്റ്റുകാര്‍ അവരുടെ തെറ്റുകുറ്റങ്ങള്‍ തിരിച്ചറിഞ്ഞു സ്വയംവിമര്‍ശനം നടത്തി തിരുത്തിയില്ലെങ്കില്‍ അതാണ് ശത്രുവര്ഗത്തിനു തുണയാവുക എന്നാണ്.
കുറ്റമറ്റ ഇടത് എന്നതിന് പുതിയ കാല വര്‍ഗസമരങ്ങളില്‍ കോര്‍പറേറ്റ് വിരുദ്ധ നിലപാടെടുക്കുക എന്ന അര്‍ത്ഥമുണ്ട്. വേട്ടക്കാരനൊപ്പം നായാട്ടിനുപോകുന്നവര് സംഘബലംകൊണ്ടോ ചൊങ്കൊടി പൊക്കിയതുകൊണ്ടോ ഇടതാവില്ല. അവിടെ ഇരകള്‍ക്കൊപ്പം തന്റെ നില തിരിച്ചറിയുന്നവനാണ് കൂടുതല്‍ ഇടതാവുക. സോഷ്യലിസ്റ്റ് ബദലിന്റെ ആദ്യ ചുവട് വെപ്പ് ജീവിക്കുന്ന ഘട്ടത്തിലെ വര്‍ഗസമരം തിരിച്ചറിയലാണ്. ഇങ്ങനെ ഇരകള്‍ക്കൊപ്പം തങ്ങളെ തിരിച്ചറിയുകയും നിര്‍വ്വചിക്കുകയും ചെയ്യുന്നവരെ ഐക്യപ്പെടുത്തല്‍ പ്രധാനമാണ്. സെപ്തംബര്‍ രണ്ടിന്റെ പൊതു പണിമുടക്ക് നല്കുന്ന സന്ദേശമതാണ്. എന്നാല്‍, ഏതെങ്കിലും ഒരിടതു കക്ഷിയോട് ചില കാര്യങ്ങളിലോ നയപരമായോ വിയോജിപ്പു പുലര്‍ത്തുന്നു എന്നതുകൊണ്ടുമാത്രം പൊതു സമരത്തില്‍ ഐക്യപ്പെടുക അസാദ്ധ്യമാണെന്നു കരുതുന്നത് അബദ്ധമാണ്. വിയോജിപ്പുകള്‍ നില നിര്‍ത്തിയും കോര്‍പറേറ്റിസത്തിനും ഫാസിസത്തിനുമെതിരായ സമരത്തില്‍ പങ്കാളികളാവാന്‍ കഴിയണം.
ഏതാണ് നല്ല ഇടതുപക്ഷ പ്രസ്ഥാനം എന്നത് മാധ്യമങ്ങളില്‍ വോട്ടിനിട്ട് തീരുമാനിക്കാനാവില്ല. സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും പ്രശ്നമാണത്. പരിപാടിയും പ്രയോഗവുമായുള്ള ബന്ധത്തിന്റെ സ്വഭാവമാണത് നിശ്ചയിക്കുക. അതൊന്നും പക്ഷേ ചരിത്രം ആവശ്യപ്പെടുന്ന, കോര്‍പറേറ്റ് – ഫാസിസ്റ്റ് അധിനിവേശത്തിന്റെ ഇരകള്‍ക്കൊപ്പം നില്ക്കുക എന്ന കടമയില്‍നിന്നു വേറിട്ടു നില്ക്കാന് കാരണമായിക്കൂടാ. കേന്ദ്ര പ്രശ്നം ചര്‍ച്ചചെയ്യാതെ പ്രാന്തവിവാദങ്ങളില് പുളയ്ക്കുന്ന അലസരാഷ്ട്രീയ ധാരണകളോട് നാം വിടപറയണം. പോരാളികള്‍ അന്യോന്യം ചെളി വാരിയെറിയുകയല്ല വേണ്ടത്. വലതു പ്രതിലോമ നയങ്ങളുടെ പുറംമോടികള്‍ വലിച്ചുചീന്തി ശത്രുവിനെ തുറന്നുകാട്ടലാണ് അനിവാര്യം.
അലക്സാന്ദ്രെ ബ്ലോക്കിന്റെ വരികള്‍ ഓര്‍മയില്‍ വരുന്നു:
നിങ്ങളും ഞാനും നയിക്കുമീ ജീവിതം / വിങ്ങിക്കരയിച്ചു നമ്മെ പലകുറി
എങ്കിലും ഹാ! വരും നാളുകള്തന്നിരുള് / നിങ്ങളെങ്ങാനുമറിഞ്ഞുവോ തോഴരേ..
26 ആഗസ്ത് 2015