Article POLITICS

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നെഞ്ചിലുണ്ടോ സ്വാതന്ത്ര്യത്തിന്റെ പതാകകള്‍?


in dia

സ്വതന്ത്ര ഇന്ത്യക്കു എഴുപതു വയസ്സാവാന്‍ ഇനി രണ്ടു വര്‍ഷമേ വേണ്ടൂ. ദീര്‍ഘമായ കാലഘട്ടം പിന്നിടുമ്പോള്‍ സ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ സംജ്ഞകളുടെ ആശയലോകവും അനുഭവലോകവും വല്ലാതെ അകന്നുപോയിരിക്കുന്നു. പൗരാവകാശങ്ങള്‍ പരിമിതപ്പെടുത്തുകയോ ലംഘിക്കുകയോ ചെയ്യുന്നത് മിക്കവാറും ഭരണകൂടം തന്നെയാണ് എന്നതാണ് നമ്മെ ഭയപ്പെടുത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം സൂക്ഷ്മാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്കുമേല്‍ ആധിപത്യമുള്ള നവമുതലാളിത്ത രാഷ്ട്രമായി രൂപപ്പെട്ടു കഴിഞ്ഞു. അനുഷ്ഠാനംപോലെ നടത്തിവരുന്ന തെരഞ്ഞെടുപ്പുകളും അതിന്റെ അനുബന്ധലീലകളും ധനാധികാരത്തിനു കീഴ്‌പ്പെട്ടിരിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ജനാധിപത്യ സംവിധാനങ്ങളാകെ ഉറക്കമില്ലാതെ പ്രവര്‍ത്തിക്കുന്നത് കോര്‍പറേറ്റ് വികസനത്തിന് അഥവാ ഇരമ്പിയെത്തുന്ന മൂലധനത്തിന് സ്വാഗതപ്പരവതാനി വിരിക്കാനാണ്.

ഇരകളുടെ ഇന്ത്യയാണ് പിടഞ്ഞമരുന്നത്. ഓരോ പഴുതിലും ചെറുത്തു നില്‍ക്കുന്നതവരാണ്. അവരുടെ ശബ്ദമാണ് ജനാധിപത്യത്തിന്റെ ശബ്ദം. അവരാണ് സ്വാതന്ത്യത്തിന്റെ പതാകകളുയര്‍ത്തേണ്ടത്. രണ്ടു വര്‍ഷം മുമ്പ് ഇന്ത്യാഗവണ്‍മെന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചത് രാജ്യത്ത് 21.9 ശതമാനം ദരിദ്രരുണ്ടെന്നാണ്. 2011ലെ ലോകബാങ്ക് കണക്കുപ്രകാരം അത് 23.6 ശതമാനമാണ്. ദാരിദ്ര്യരേഖ സംബന്ധിച്ച പഴയ മാനദ്ണ്ഡങ്ങളെല്ലാം പുതുക്കി നിശ്ചയിച്ച ശേഷവും രാജ്യത്തെ ജനങ്ങളില്‍ നാലിലൊന്നും പട്ടിണിക്കാരാണെന്ന് പറയേണ്ടി വന്നിരിക്കുന്നു.

ദിവസം ഇരുപത്തിയാറു രൂപ വരുമാനമില്ലാതെ ഗ്രാമങ്ങളില്‍ ജീവിക്കുന്നവരും മുപ്പത്തിരണ്ടു രൂപ വരുമാനമില്ലാതെ നഗരങ്ങളില്‍ ജീവിക്കുന്നവരും എന്ന മാനദണ്ഡമാണ് ഗവണ്‍മെന്റ് സ്വീകരിച്ചത്. അതില്‍തന്നെ വീടുള്ളവര്‍, കക്കൂസുള്ളവര്‍, ഓടുമേഞ്ഞ വീടുള്ളവര്‍ എന്നിങ്ങനെ പല ഉപാധികള്‍ നിശ്ചയിച്ച് ദാരിദ്ര്യരേഖ മാറ്റി വരക്കാന്‍ ഭരണകൂടം ഏറെ ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും ബാക്കി നില്‍ക്കുന്നവരുടെ കണക്കാണത്. അദ്ധ്വാനത്തിന് തുച്ഛമായ വേതനം പോലും ലഭിക്കാതെ നരകിച്ച് തൊഴില്‍തേടി കേരളത്തിലെത്തിയ ഇതരസംസ്ഥാനത്തെ തൊഴിലാളികളുടെ എണ്ണം ഇരുപത്തഞ്ച് ലക്ഷത്തിന് മുകളിലാണ്. ഇങ്ങനെ പരക്കംപായുന്ന ജനകോടികളുടെ നിയോഗം കോര്‍പറേറ്റ് വികസനത്തിന് ബലിമൃഗങ്ങളാവുക എന്നതാവണം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍പോലും പട്ടിണിയെ കീഴ്‌പ്പെടുത്തി പത്തു ശതമാനത്തിനു താഴേക്കു കൊണ്ടുവന്നിരിക്കുന്നു. അപ്പോഴും എഴുപതിനോടടുക്കുന്ന മഹത്തായ രാജ്യം ഘാനയോടും കെനിയയോടും അംഗോളയോടും ബംഗ്ലാദേശിനോടും മത്സരിക്കുകയാണ്.

കേരളത്തിലിരുന്ന് രാജ്യത്തെ നോക്കിക്കാണുക കൗതുകകരമായിരുന്നു മുമ്പ്. കേരളമോഡലിന്റെ സുഖകരമായ തണലുണ്ടായിരുന്നു അപ്പോള്‍. ഇന്നു സ്ഥിതിയാകെ മാറിയിരിക്കുന്നു. ഭക്ഷ്യധാന്യ ഉത്പാദനത്തില്‍ രാജ്യം രണ്ടാംസ്ഥാനത്തേക്ക് ഉയരുമ്പോള്‍ അതില്‍ ഒരു വലിയ പങ്ക് കേരളത്തിന്റെ സംഭാവനയായിരുന്നു. നമുക്കുണ്ണാനുള്ളത് ഇവിടെ വിളഞ്ഞിരുന്നു. കയറ്റുമതിയുമുണ്ടായിരുന്നു. ഇപ്പോഴോ നമുക്കുള്ള അരി ആന്ധ്രയില്‍നിന്നു വരണം. ഇത്തവണ ഓണമടുക്കുമ്പോള്‍ ആന്ധ്രയിലെ വ്യാപാരികള്‍ പിടിമുറുക്കിയത് നാം കണ്ടു. കരഞ്ഞു കാലുപിടിച്ച് അരി വാങ്ങേണ്ട ദുരവസ്ഥയിലേക്കാണ് നാം തലകുത്തി വീണിരിക്കുന്നത്.

കേരളസംസ്ഥാനം രൂപീകരിക്കപ്പെടുമ്പോള്‍ ഈ പ്രദേശത്ത് 7,60,000 ഹെക്ടര്‍ ഭൂമിയില്‍ നെല്‍കൃഷിയുണ്ടായിരുന്നു. 1970-71 ആയപ്പോഴേക്കും ഇത് 8,80,000 ഹെക്ടറായി ഉയര്‍ന്നു. 1980- 81 ആയപ്പോള്‍ 8,50,000 ഹെക്ടറായും 1990 – 91 ആയപ്പോള്‍ 5,60,000 ഹെക്ടറായും 2000 -01 ആയപ്പോള്‍ 3,20,000 ഹെക്ടറായും 2007 -08 കാലത്ത് 2,30,000 ഹെക്ടറായും കുത്തനെ ഇടിയുന്നതാണ് പിന്നീട് കണ്ടത്. അരി ഭക്ഷണത്തെ ആശ്രയിക്കുന്ന ജനങ്ങളുടെ എണ്ണം കുറഞ്ഞുവന്നില്ല. അമ്പതുകളുടെ തുടക്കത്തില്‍ ഒന്നരക്കോടിയായിരുന്നു ജനസംഖ്യയെങ്കില്‍ ഇന്നത് മൂന്നു കോടി നാല്‍പ്പത്തിയെട്ടു ലക്ഷമായി ഉയര്‍ന്നിരിക്കുന്നു. അരിഭക്ഷണത്തെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവിനനുസരിച്ച് ഭക്ഷ്യോത്പാദനത്തില്‍ വര്‍ദ്ധനയുണ്ടായില്ല. എന്നു മാത്രമല്ല കൃഷിഭൂമി നിലനിര്‍ത്തുന്നതിന് പ്രാഥമിക പരിഗണന നല്‍കിയുമില്ല.

കാര്‍ഷിക പരിഷ്‌ക്കരണത്തിന്റെ പേരില്‍ നാം ഏറെ അഭിമാനിച്ചിട്ടുണ്ട്. അതു തുറന്നുവിട്ട ആശ്വാസവും പ്രതീക്ഷയും പുതിയ ഊര്‍്ജ്ജമായി മാറിയില്ല. കൃഷിഭൂമി കര്‍ഷകരിലേക്ക് എത്തുന്നതിനുള്ള ശ്രമം ആദ്യ ചുവടുവെപ്പില്‍തന്നെ നാം അവസാനിപ്പിച്ചു. അടിസ്ഥാന കര്‍ഷകരുടെ ഭൂമിക്കുവേണ്ടിയുള്ള നിലവിളി ഇപ്പോഴും തുടരുകയാണ്. പക്ഷെ കേള്‍ക്കേണ്ടവരാരും അതു കേള്‍ക്കുന്നില്ല. ഭൂമി കൃഷിക്കല്ല നികത്തി മാളിക പണിയാനും കച്ചവടത്തിനുമാണ് എന്നു കരുതുന്നവരുടെ കൈവശമാണ് വയലുകളുള്ളത്. ലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമിയെ വന്ധ്യംകരിച്ചത് അവരാണ്. പരിഹാരമെന്നോണം നീര്‍ത്തട സംരക്ഷണ നിയമംപോലുള്ള നിയമങ്ങളുണ്ടാക്കിയ സര്‍ക്കാറുകള്‍തന്നെ അതു ലംഘിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും പ്രേരണ നല്‍കി. രാജ്യത്താകെ ധാന്യോത്പാദന വയലുകളല്ല പുതിയ കോര്‍പറേറ്റ് വികസന വസന്തമാണ് വിരിയിക്കേണ്ടത് എന്നു കണ്ടെത്തുകയാണ് ആസൂത്രണ വിദഗ്ദ്ധര്‍.

dalit

അമ്പതു കോടിയോളം വരും ഇന്ത്യയില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം. ദൗര്‍ഭാഗ്യവശാല്‍, അതില്‍ സംഘടിത തൊഴിലാളി വിഭാഗങ്ങള്‍ മൂന്നു കോടിയില്‍ താഴെ മാത്രമാണ്. അതില്‍തന്നെ പകുതിയിലേറെയും ഗവണ്‍മെന്റ് – പൊതു മേഖലാ തൊഴിലെടുക്കുന്നവരാണ്. രാജ്യത്തു തൊഴിലെടുക്കുന്നവരുടെ 94 ശതമാനവും അസംഘടിതരാണ്. അവരുടെ അദ്ധ്വാനമാണ് ഉത്പാദന മേഖലയിലെ മുഖ്യ പങ്കും. അടിസ്ഥാന ആവശ്യങ്ങള്‍പോലും നിര്‍വ്വഹിക്കാനുള്ള സൗകര്യങ്ങള്‍ ലഭിക്കാതെ മൃഗങ്ങളെപ്പോലെ ജോലിചെയ്യുകയാണവര്‍. ആറോ ഏഴോ ശതമാനത്തിന്റെ ശബ്ദമേ നാം കേള്‍ക്കാറുള്ളു. വലിയൊരു ശതമാനം തൊഴില്‍ശക്തി പിടഞ്ഞും മുരണ്ടും അടിമസമാനരായി കഴിയുന്നു. ഏഴു ശതമാനം വരുന്ന സംഘടിത തൊഴിലാളികളുടെ ഉന്നമനത്തിന് എഴുപതിനായിരത്തോളം തൊഴിലാളി സംഘടനകളാണ് രാജ്യത്തു രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലിത് പതിനായിരത്തോളം വരും. പല സംഘടനകളും അതത് സ്ഥാപനങ്ങളുടെ പരിധിയില്‍ മാത്രമുള്ളതാണ്. എന്നാല്‍ , അസംഘടിതമേഖലയെ അല്‍പ്പാല്‍പ്പമെങ്കിലും ഉള്‍ക്കൊള്ളാന്‍ അക്കൂട്ടരൊക്കെ വിമുഖത കാണിക്കുന്നു.

സംഘടിത തൊഴില്‍ശക്തിയുള്ള സ്ഥാപനങ്ങളും ആഗോളവത്ക്കരണത്തിന്റെ നിബന്ധനകള്‍ക്കു വഴിപ്പെടുകയാണ്. തൊഴില്‍ബന്ധങ്ങള്‍ അഴിച്ചു പണിയുന്നു. ഭരണകൂടം നിയമങ്ങളാകെ തൊഴിലാളി വിരുദ്ധമായി പുതുക്കി നിശ്ചയിക്കുന്നു. ജനകോടികളെ പ്രതിനിധീകരിക്കുന്നവര്‍ നിയമ നിര്‍മാണ സഭകളിലെത്തുമ്പോള്‍ കോര്‍പറേറ്റ് ധനാധിപത്യത്തിന്റെ വിനീത ദാസന്മാരായി മാറുന്നു. ഈ സാഹചര്യത്തില്‍ സ്വാതന്ത്ര്യദിനം ഒരു കുലുക്കിയുണര്‍ത്തലിന് പ്രേരിപ്പിക്കുന്ന ദൃഢ നിശ്ചയത്തിന്റെതാകണം. പതിനായിരക്കണക്കിന് തൊഴിലാളി സംഘടനകളെ ഏകോപിപ്പിക്കുന്ന പ്രധാന കേന്ദ്ര ട്രേഡ് യൂണിയനുകളെല്ലാം സെപ്തംബര്‍ രണ്ടിന് പൊതു പണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്നു. തൊഴിലാളികളുടെ ചുരുങ്ങിയ വേതനം പ്രതിമാസം പതിനയ്യായിരം രൂപയെങ്കിലുമാക്കി നിശ്ചയിക്കണമെന്നും അത് അസംഘടിതമേഖലയിലും ലഭ്യമാക്കണമെന്നും അവരാവശ്യപ്പെടുന്നു. ഇത് പ്രത്യാശാഭരിതമായ ഒരു സമരോത്സാഹംതന്നെയാണ്.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയില്‍ ഇരുപതോളം പൊതു പണിമുടക്കുകളാണ് ഇന്ത്യയില്‍ നടന്നത്. സംഘടിതരും അസംഘടിതരുമായ വ്യാവസായിക – കാര്‍ഷിക തൊഴിലാളികളെല്ലാം അതില്‍ പങ്കെടുത്തു. എന്നാല്‍ അതെല്ലാം അദ്ധ്വാനിക്കുന്നവരും കീഴാളരും പ്രാന്തീയരുമായ ജനകോടികളുടെ ജനാധിപത്യ രാഷ്ട്രീയ ശബ്ദമായി വളര്‍ന്നു വന്നില്ല. ഇവരെയെല്ലാം പരസ്പരം അകറ്റി നിര്‍ത്തി മൂലധനേച്ഛയുടെ രാഷ്ട്രീയം സങ്കുചിതവും ജനാധിപത്യരഹിതവുമായ ഒരു ഭരണവ്യവസ്ഥ അടിച്ചേല്‍പ്പിക്കുകയാണ്. വയറു വിശന്നു പൊരിയുമ്പോഴും തലച്ചോറില്‍ സാമുദായികമോ വംശീയമോ ആയ മിഥ്യാ ബോധങ്ങളുണര്‍ത്താനും വരേണ്യധിക്കാരത്തിന്റെ മാടമ്പി രാഷ്ട്രീയം തുടരാനും ഭരണകൂടം ശ്രമിക്കുന്നു. വിഭജിച്ചു ഭരിക്കുക എന്ന കൊളോണിയല്‍ യുക്തിതന്നെയാണ് ഇപ്പോഴും പരീക്ഷിക്കപ്പെടുന്നത്.

രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്നു വരും ദളിതരുടെയും ആദിവാസികളുടെയും സംഖ്യ. ഏതെങ്കിലും മേഖലയില്‍ നാലിലൊന്നോ നാലായിരത്തിലൊന്നോ അവകാശം അവര്‍ക്കു ലഭിക്കുന്നില്ല. സാമുദായിക താല്‍പ്പര്യം എണ്ണിപ്പറഞ്ഞ് എല്ലാ നേട്ടങ്ങളും പൊതുസമ്പത്തും വീതിച്ചെടുക്കാന്‍ മത്സരിക്കുന്ന മത സാമുദായിക നേതാക്കളാരും അവര്‍ക്കു വേണ്ടി വാദിച്ചിട്ടില്ല. തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമപ്രകാരം നല്‍കേണ്ട സംവരണംപോലും നല്‍കാന്‍ ഭരണവെട്ടത്തുള്ള സാമുദായിക നേതാക്കള്‍ തയ്യാറല്ല. അവരുടെ താല്‍പ്പര്യം പരിഗണിക്കാന്‍ വിമുഖത കാട്ടുന്ന ജനാധിപത്യമാണ് നമ്മുടെ ഭരണകൂടത്തിന്റെത്. മുത്തങ്ങ സമരം മുതല്‍ നില്‍പ്പുസമരം വരെയും ചെങ്ങറ സമരം മുതല്‍ അരിപ്ര സമരം വരെയും എത്തിനില്‍ക്കുമ്പോള്‍ കേരളത്തിലെ ദളിതരിലും ആദിവാസികളിലും ഒരു പുതിയ ഉണര്‍വ്വു ദൃശ്യമായിട്ടുണ്ട്. വരുംകാല രാഷ്ട്രീയം നിര്‍ണയിക്കാന്‍ അവകാശമുള്ള പുതിയ രാഷ്ട്രീയശക്തി എന്ന നിലയില്‍ ഇനി അവരെ പരിഗണിക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.

ഇന്ത്യയിലെ ജനസംഖ്യയുടെ നാലിലൊന്നു വരുന്ന ഈ വിഭാഗങ്ങളിലെ അമ്പതു ശതമാനവും ദാരിദ്ര്യരേഖക്കു താഴെയുള്ളവരാണ്. രാജ്യത്തിന്റെ സമ്പത്തു പങ്കുവെക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കുന്നതെന്തുകൊണ്ടാണ്? അവര്‍ക്കുകൂടി അവകാശപ്പെട്ടത് ആരാണ് കൊള്ളയടിക്കുന്നത്? അവരുടെ ഭാഷ, ഭക്ഷണം, അനുഷ്ഠാനം, കല എന്നിങ്ങനെ എല്ലാം നമ്മുടെ സാംസ്‌ക്കാരിക വൈവിദ്ധ്യത്തിന്റെ ഭാഗമാണ്. അത് വിട്ടുപോയാല്‍ നമ്മുടേത് ജനാധിപത്യമെന്നല്ല വരേണ്യാധിപത്യം എന്നു വിളിക്കാവുന്ന ഭരണക്രമം മാത്രമാവും.

സ്വാതന്ത്ര്യദിനം ഇതൊന്നും ഓര്‍ക്കാതെ കടന്നുപോയിക്കൂടാ. ആരാണ് സ്വതന്ത്രരായത്? 125 കോടിയോളം വരുന്ന ഇന്ത്യക്കാരുടെ അനുഭവജീവിതം അത് സാക്ഷ്യപ്പെടുത്തുമോ? അവരുടെ നെഞ്ചില്‍ സ്വാതന്ത്യത്തിന്റെ പതാകകള്‍ പൂത്തുണരുന്നുണ്ടോ? ഒരുപിടി ധനാധികാര വരേണ്യ ജീവിതങ്ങളുടെ ആനന്ദത്തെയാണോ സ്വാതന്ത്ര്യമെന്നു വിളിക്കേണ്ടത്? ജനാധിപത്യത്തിന്റെ വസന്തമാണ് സ്വാതന്ത്ര്യം കൊണ്ടുവരേണ്ടത്. അതിന് പ്രാപ്തമല്ലാത്ത എല്ലാം മാറ്റിയെടുക്കണം. അപ്പോഴേ സ്വാതന്ത്ര്യം സ്വപ്നം കണ്ടവരുടെയും അതിനു ജീവത്യാഗം ചെയ്തവരുടെയും ലക്ഷ്യം പൂര്‍ത്തീകരിക്കുകയുള്ളു.

14 ആഗസ്ത് 2015

1 അഭിപ്രായം

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )